“ബംഗാളില്‍ സി പി ഐ (എം) കോൺഗ്രസ് സഖ്യം അനിവാര്യം – ബംഗാൾ ഘടകം”. ആദ്യമായി ഇന്ത്യയില്‍ സമൂർത്തരൂപം കൊണ്ട കോർപ്പറേറ്റ് – വർഗ്ഗീയ ഫാസിസത്തെ എങ്ങിനെ നേരിടണം എന്നത് സംബന്ധിച്ച് ഏതൊക്കെ രാഷ്ട്രീയ പാർട്ടികള്‍ ആധി കൊള്ളുന്നുണ്ട് ? കാര്യമായൊന്നുമില്ല എന്ന നിരശാജനകമായ ഉത്തരമാണ് നമ്മുടെ ജീവിത മണ്ഡലത്തെ ഇന്ന് ഭയാനകമായി തുറിച്ചു നോക്കുന്നത്. ഫാസിസ്റ്റ് വിരുദ്ധതയുടെ സൈദ്ധാന്തിക അച്ചുതണ്ടായി ലോകത്തെമ്പാടും ചരിത്രത്തില്‍ ഉടനീളം കമ്യൂണിസ്റ്റ് പാർട്ടികൾ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് കോട്ടയായിരുന്ന ബംഗാളിൽ നിന്ന് ഇന്ന് വരുന്ന വാർത്തകൾ അശുഭകരമാണ്. ഇന്ത്യന്‍ ഫാസിസ്റ്റുകൾക്ക് ശുഭകരവും. ബംഗാളിലെ പാർട്ടി നേതൃത്വവും കേന്ദ്ര നേതൃത്വത്തില്‍ ഒരു വിഭാഗവും തമ്മിൽ നടക്കുന്ന ശീതസമരത്തിൽ ഫാസിസ്റ്റ് വിരുദ്ധ വിശാല മുന്നണിയുടെ പ്രതീക്ഷകൾ മങ്ങുകയാണ്.

ഈ ചുറ്റുവട്ടത്തിൽ ബംഗാൾ ശ്രദ്ധാകേന്ദ്രമാകുന്നത് കഴിഞ്ഞ നിയമ സഭാതെരഞ്ഞെടുപ്പിൽ അവിടെ p-karat1കോൺഗ്രസ്സും സി പി ഐ എമ്മും തമ്മിൽ ഉണ്ടാക്കിയ ധാരണ ഉയർത്തിയ പ്രതീക്ഷകളുടെ പശ്ചാത്തലത്തില്‍ ആണ്. തെരഞ്ഞെടുപ്പുധാരണ ഫലം കണ്ടില്ലെങ്കിലും വിശാലമായ ഒരു ഫാസിസ്റ്റ് വിരുദ്ധമുന്നണിക്ക്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നയങ്ങള്‍ രൂപം നല്കി വരുകയാണെന്ന ഒരു പ്രതീക്ഷ അത് yechury-n-1വളർത്തി. മുന്‍ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഇതിനെതിരായിരുന്നു. എന്നാല്‍ എല്ലാ പാർട്ടി ഘടകങ്ങൾക്കും കൂടുതൽ ജനാധിപത്യ അധികാരം എന്ന യെച്ചൂരിയുടെ നയം പ്രകാശിന്റെ എതിർപ്പിനെ മറികടന്നു ധാരണ യാഥാർത്ഥ്യമാക്കി. പക്ഷെ പ്രകാശ് കാരാട്ട് ഇപ്പോഴും എതിർപ്പ് തുടരുന്നു. കേരള ഘടകം ഒപ്പം നില്ക്കുന്നു. കേരളത്തില്‍ കോൺഗ്രസ്സാണ് മുഖ്യശത്രു എന്ന കേരള ഘടകത്തിന്റെ പ്രഥമപരിഗണനക്കാണു മുൻതൂക്കം അവർക്കെന്നു കരുതണോ?

ബംഗാള്‍ ഘടകം സെക്രട്ടറിയേറ്റ് ഞായാറാഴ്ച ചേർന്ന് ധാരണയെ വീണ്ടും പിന്തുണച്ചു. പ്രകാശ് കാരാട്ടിനെ നിശിതമായി വിമർശിച്ചു. ബംഗാളില്‍ സി പി ഐ എമ്മിന് ഒറ്റയ്ക്ക് നിവർന്നു നില്ക്കാന്‍ പോലും ആവില്ലെന്നാണ് സെക്രട്ടറിയേറ്റ് പറഞ്ഞത്.

ബംഗാളിലെ കോൺഗ്രസ്സ് കൂട്ട് വെറും തെരഞ്ഞെടുപ്പു ധാരണ മാത്രം ആയിരുന്നു എന്നാണു പാർട്ടി കേന്ദ്ര നേതൃത്വം തോൽവിക്ക് ശേഷം വിലയിരുത്തിയത്. ജയിച്ചിരുന്നെങ്കിൽ മറ്റൊന്നായേനെ എന്നുറപ്പ്. ഇതിപ്പോള്‍ പാർട്ടി കോൺഗ്രസ്സിന്റെ തീരുമാനത്തെ ലംഘിക്കല്‍ ആയിയെന്നും തിരുത്തണമെന്നുമാണ് കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര കമ്മറ്റിയും പോളിറ്റ് ബ്യൂറോയും പറഞ്ഞത്. ആണോ?

ആവരുതായിരുന്നു. ഇന്ന് ഇന്ത്യയിലെ അടിയന്തര രാഷ്ട്രീയ കടമ ഫാസിസ്റ്റ് വിരുദ്ധ മുന്നണി കെട്ടിപ്പടുക്കലാണ്. വർഗ്ഗീയതയ്ക്കെതിരായ ജനകീയ മുന്നണി ഉയർത്തിക്കൊണ്ടു വരലാണ്. അതിനൊരു രാഷ്ട്രീയമേ ഉള്ളൂ. ഫാസിസ്റ്റ് വിരുദ്ധത. കോർപ്പറേറ്റ് വമ്പന്മാര്‍ വർഗ്ഗീയതയ്ക്ക് വളമിട്ടു മാർക്കറ്റും രാഷ്ട്രത്തിന്റെ സമ്പത്തും കയ്യടക്കുന്നു. ഇവരുടെ ശക്തിയില്‍ അധികാരം പിടിച്ച ഭൂരിപക്ഷവർഗ്ഗീയത കൊലവിളി മുഴക്കുന്നു. ആസന്നമായ ഒരു വിപത്തിന്റെ മുന്നില്‍ നിന്ന് ഈഗോ തർക്കങ്ങൾ തുടരുന്നത് ഒരു കമ്യൂണിസ്റ്റ് പാർട്ടിക്കും അലങ്കാരമല്ല. ഫാസിസത്തെ ചെറുക്കലാണ് ഇന്ന് ഇന്ത്യ ആദ്യം ആവശ്യപ്പെടുന്ന രാഷ്ട്രീയം.

പ്രശസ്ത ചരിത്രകാരനും ഇടതുപക്ഷ ചിന്തകനുമായ ഇർഫാന്‍ ഹബീബ് habeeb-patnaik-v-1ഇത് സംബന്ധിച്ച് പാർട്ടിക്ക് അയച്ച കത്താണ് ഇത്തരം ഭിന്നതകളെ വെളിച്ചത്തു കൊണ്ടുവന്നത്. പൂർണ്ണമായും ആശയസമരം തന്നെയാണ് നടക്കുന്നത് എന്ന് ഉറച്ചു വിശ്വസിക്കാൻ ഇർഫാൻ വിസമ്മതിക്കുന്നു. യാഥാർത്ഥ്യത്തിലേക്ക് ഇറങ്ങി വരാന്‍ പാർട്ടി നേതൃത്വത്തെ ക്ഷണിക്കുകയാണ് ഫലത്തിൽ ആ കത്ത്.

കോൺഗ്രസ്സിനെയും ബി ജെ പി യെയും ഒരേ സമയം എതിർക്കുക എന്ന നിലപാടാണ് സി പി ഐ എം പാർട്ടി കോൺഗ്രസ്സ് സ്വീകരിച്ചത്. ഇതിലൂടെ ഫാസിസ്റ്റ് വിരുദ്ധ മുന്നണി കെട്ടിപ്പടുക്കും എന്നാണു പ്രഖ്യാപനം. viz-cong-1അതിനുള്ള രാഷ്ട്രീയശക്തി പാർട്ടിക്കുണ്ടോ? സമാന മനസ്കര്‍ ആരെങ്കിലും കോൺഗ്രസ്സ് വിരുദ്ധരാണോ? അല്ല. ബംഗാളിൽ മമതാ ബാനർജി ജയിച്ചപ്പോൾ നിതീഷ് കുമാര്‍ അടക്കമുള്ള ദേശീയ നേതാക്കൾ അവരെ കാണാൻ പാഞ്ഞെത്തി. അവരെയാണ് കണ്ടത്. ഉരുത്തിരിയുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അവസ്ഥ ഇതാണ്. പിന്നെങ്ങിനെ കോൺഗ്രസ്സിന്റെ മുതലാളിത്ത സാമ്പത്തിക നയങ്ങളെയും ബി ജെ പി യുടെ വർഗ്ഗീയ നയങ്ങളെയും ഒരേ സമയം എതിർക്കും എന്ന പാർട്ടി കോൺഗ്രസ്സിന്റെ പ്രഖ്യാപനം നടപ്പാകും? ഇന്നത്തെ ഇന്ത്യന്‍ ഫാസിസം കോർപ്പറേറ്റ് മുതലാളിത്തത്തിന്റെയും വർഗ്ഗീതയുടെയും സമന്വയം ആണെന്ന സത്യം സി പി ഐ എമ്മിന് അറിയാത്തതല്ല. ലോകത്തെല്ലായിടത്തും ഫാസിസ്റ്റു ഭരണങ്ങളെ – തീവ്ര വലതുപക്ഷങ്ങളെ – ചെറുത്തത് ഇടതു – മദ്ധ്യ – ഉദാര പാർട്ടികളും പ്രസ്ഥാനങ്ങളും ചേർന്നാണ്. മുരത്ത മുതലാളിത്തവാദിക്കു പോലും ഫാസിസ്റ്റ് വിരുദ്ധനാകേണ്ടി വരും എന്നർത്ഥം. രാഷ്ട്രീയത്തിന്റെ നാനാർത്ഥങ്ങള്‍.

കോൺഗ്രസ്സുമായി ചേർന്നാല്‍ identity – തനിമ – നഷ്ടപ്പെടും എന്നാണു കാരാട്ടിന്റെ നയം. ബംഗാളില്‍ തോറ്റിരുന്നെങ്കിലും കോൺഗ്രസ്സുമായി ചേർന്നില്ലായിരുന്നുവെങ്കിൽ മാനം കാക്കാമായിരുന്നു എന്നാണു പറയുന്നത്. എന്താണീ മാനം കാക്കല്‍?

രണ്ടായിരാമാണ്ടിലെ കാര്യം നോക്കൂ. കോൺഗ്രസ്സ് സർക്കാർ ഇടതുപക്ഷ പിന്തുണയോടെ ഭരിക്കുന്നു. കോൺഗ്രസ്സുമായി ഏകോപന സമിതി ഉണ്ടാക്കി ഭരണത്തില്‍ പങ്കാളിയാകുന്നു. മൻമോഹന്‍ സിംഗിന്റെ എല്ലാ സാമ്പത്തിക നയങ്ങൾക്കും പിന്തുണ നല്കുന്നു. പാർലമെന്റിലും പുറത്തും. ഇതൊക്കെ കാരാട്ടിന്റെ നയങ്ങള്‍. ഇതേ കാരാട്ട് ആണോ കോൺഗ്രസ്സുമായി ധാരണയോടെ പ്രവർത്തിച്ചാല്‍ ഐഡന്റിറ്റി പോകും എന്ന് പറയുന്നത്? ഇതൊരു ഉദാഹരണം മാത്രം. കാരാട്ടിന്റെ പന്ത്രണ്ടു വർഷത്തെ സെക്രട്ടറി കാലത്ത് നഷ്ടപ്പെട്ട സ്വാധീനത്തെയും വിശ്വാസ്യതയെയും വീണ്ടെടുക്കാനുള്ള ശ്രമം ആണ് ഇപ്പോള്‍ നടക്കുന്നത് എന്ന് അംഗീകരിച്ചാലേ പാർട്ടി നേതൃത്വം നേർക്കാഴ്ചയില്‍ ഉണരൂ.

സി പി ഐ എം തനിമ നിലനിർത്തട്ടെ. ഫാസിസത്തിന്റെ മുന്നില്‍ ഫാസിസ്റ്റ് വിരുദ്ധതയാണ് തനിമ എന്നോര്‍ത്തുകൊണ്ട്.

Comments

comments