എന്താണ് നിങ്ങളുടെ ഹോബി എന്ന് ചോദിച്ചാല്‍ മിക്കവാറും എല്ലാവരും പറയുന്ന ഒരു ഉത്തരം യാത്ര എന്നായിരിക്കും. യാത്രകള്‍ ഇഷ്ടപ്പെടാത്തവർ ചുരുക്കം. യാത്രകള്‍ പോകുവാനുള്ള ആഗ്രഹം മനുഷ്യന്‍റെ രക്തത്തിൽ അലിഞ്ഞു ചേര്‍ന്ന ഒരു സ്വഭാവസവിശേഷത ആയിരിക്കണം. ആഫ്രിക്കയിലെ ഏതോ വനാന്തരങ്ങളിൽ രണ്ടു ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉത്ഭവിച്ച ഹോമോ സാപ്പിയൻസ് എന്ന നമ്മുടെ സ്പീഷീസ്, കടലുകളും മലകളും മരുഭൂമികളും താണ്ടി ഭൂമിയുടെ ഓരോ മുക്കിലും മൂലയിലും കുടിയേറിയതിന്‍റെ കാരണങ്ങളിൽ ഒന്ന് ഈ സഞ്ചാരതൃഷ്ണ തന്നെയാകും.
ദൂരയാത്രകള്‍ പോകുവാൻ പലര്‍ക്കും പല കാരണങ്ങളുണ്ടാകും. ചിലര്‍ക്കത് വിനോദയാത്രയായിരിക്കും, തിരക്കേറിയ ജീവിതത്തിരക്കുകളില്‍ നിന്നൊരു മാറ്റം, ചിലര്‍ക്കത് സാഹസികത യാത്രകളായിരിക്കും, ചിലര്‍ക്ക് പുതിയ സംസ്കാരങ്ങളും ജീവിതരീതികളും ഭക്ഷണരീതികളും അറിയുവാനുള്ള ആഗ്രഹമാകും, മറ്റു ചിലര്‍ക്ക് പ്രകൃതിയെ അറിയാനുള്ള വാഞ്ഛയായിരിക്കും, ചിലര്‍ക്ക് തീര്‍ഥാടനവും ആത്മീയതയും ആയിരിക്കും.
ഒരു വിനോദ സഞ്ചാരിയും യഥാര്‍ത്ഥ യാത്രികനും തമ്മിലുള്ള പ്രധാന വ്യത്യാസം യാത്രികൻ കേവലം വിനോദത്തിനു വേണ്ടിയല്ല യാത്ര ചെയ്യുന്നത് എന്നതാണ്. ഒരു പുതിയ സ്ഥലത്ത് പോയി സെല്‍ഫി എടുത്തും സൂവനീറുകൾ വാങ്ങി തിരിച്ചു വരുന്നതിലും മാത്രം അയാൾ ആനന്ദം കണ്ടെത്തുന്നില്ല. മറിച്ച് സംസ്കാരങ്ങളെ അറിയുന്നതിനും, ജീവിതരീതികളെ പഠിക്കുന്നതിനും, പുതിയ അനുഭവങ്ങള്‍ തേടുന്നതിനും അയാൾ താല്പര്യപ്പെടുന്നു. പൊതുവേ മറ്റാരും കാണാത്ത അല്ലെങ്കില്‍ ശ്രദ്ധിക്കാത്ത കാഴ്ചകൾ അയാളിൽ കൗതുകം ജനിപ്പിക്കുന്നു. റോബര്‍ട്ട് ഫ്രോസ്റ്റിന്റെ കവിതയില്‍ പറയുന്നത് പോലെ “He takes the road less travelled”. അയാളുടെ വഴി വിനോദസഞ്ചാരിയുടെ വഴി അല്ല. അയാളെ സംബന്ധിച്ചടത്തോളം ഓരോ യാത്രയും ആത്മാന്വേഷണമാണ്, ഓരോ ദേശവും അയാള്‍ക്കന്യമല്ല സ്വദേശമാണ്, അവിടെ അയാള്‍ ആത്മാംശം കണ്ടെത്തുന്നു.
യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന മനോജിന്റെ ചിത്രങ്ങളില്‍ ഒരു യഥാര്‍ത്ഥ സഞ്ചാരിയുടെ കയ്യൊപ്പ് കാണാം. കാഞ്ഞങ്ങാട് സ്വദേശിയായ മനോജ് ഇപ്പോൾ മംഗലാപുരത്തു സ്ഥിരതാമസമാക്കിയിരിക്കുന്നു. 2007 മുതൽ ഫോട്ടോഗ്രഫി എന്ന ഹോബി ഗൗരവമായി കണ്ടു തുടങ്ങി, തുടക്കം സോണിയുടെ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയില്‍ നിന്നും; 2012 മുതൽ Canon 40D, SLR ക്യാമറയിലേക്ക് പരിഷ്കരിച്ചു. ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയ്ക്ക് മനോജ് കൂടുതൽ വിശ്വസിക്കുന്നത് തന്‍റെ കണ്ണുകളെയും ഫ്രെയിമുകളെയുമാണ്. മികച്ച ഫോട്ടോ പകര്‍ത്തുവാൻ ക്യാമറ രണ്ടാമത്തെ ഘടകം മാത്രമാണ്, അതുകൊണ്ട് ഇന്നും പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറ, മൊബൈല്‍ ക്യാമറ എന്നിവ ഉപയോഗിച്ചും ചിത്രങ്ങളെടുക്കുന്നു.
മനോജ്കുമാർ എടുത്ത ചില ചിത്രങ്ങളിലൂടെ…
Be the first to write a comment.