സമീപകാലത്ത് സംഭവിച്ച സാങ്കേതിക സാമൂഹിക വിപ്ലവം (Techno Social revolution) സൈബർ ഇടത്തിൽ അനേകം പ്രാദേശികതകളെ ( ഭാഷാ ദേശങ്ങൾ ) സൃഷ്ടിച്ചിട്ടുണ്ട്. ഓഫ് ലൈൻ ദേശമെന്ന അനുഭവത്തേക്കൾ കുറെക്കൂടി ഉദാരവും അതിർത്തി രഹിതവുമാണ് ഈ പുതുമലയാളദേശം. ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലകൾ വയർലസ് സംവിധാനങ്ങൾ, കമ്പ്യൂട്ടർ ഉപകരണങ്ങൾ തുടങ്ങിയ ഭൗതികാസ്പദങ്ങളിൽ നിന്ന് പ്രതീതമാവുന്ന ഈ പുതു ദേശത്തിലെ പൗരൻമാർക്ക് ഭൗതികമായ രാജ്യാതിർത്തികൾ വിഷയമാവുന്നില്ല. വ്യത്യസ്ത രാജ്യങ്ങളിലും സ്ഥലത്തും ജീവിച്ചു കൊണ്ടു തന്നെ മലയാളദേശാനുഭവത്തിലും സാംസ്കാരികതയിലും പങ്കുകാരാവാൻ പറ്റുന്നുവെന്നതാണ് ഓൺലൈൻ ലോകത്തിന്റെ സവിശേഷത. മലയാളത്തിലെ സൈബർ പൊതുമണ്ഡലം ഇത്തരത്തിൽ ഒരു രാജ്യമാവുന്നു. ഫേസ് ബുക്കും മറ്റു സാമൂഹ്യ മാധ്യമങ്ങളും ഈ പുതു ദേശത്തിന്റെ മെട്രോ നഗരങ്ങളായിത്തീർന്നിട്ടുണ്ട്. പരമ്പരാഗത മാധ്യമ ലോകത്തിന്റെ മേൽകയ്യിൽ സ്ഥാപിതമായ പഴയ ഭാവനാ ദേശത്തിന്റെ പുതു വളർച്ചയായി വേണം ഈ പുതു ദേശത്തെ sh-jcb1മനസ്സിലാക്കാൻ. ഈ പുതു ദേശ മണ്ഡലം സമ്പൂർണമായും സ്വതന്ത്രവും സ്വയം നിർണീതവുമാണെന്ന് തെറ്റിദ്ധരിക്കുന്നത് വിഡ്ഡിത്തമാവും. എന്നാൽ അവയുടെ ആപേക്ഷികമായ സ്വയം നിർണയ സ്വഭാവത്തെ അവഗണിക്കാനും തരമില്ല. സൈബറിടത്തിലെ ഈ പുതു മലയാള ദേശത്തിന്റെ സാമൂഹികാഭിമുഖ്യങ്ങളെ മനസ്സിലാക്കാൻ സൈബറിടത്തിലെ ആവിഷ്കാരങ്ങളെത്തന്നെ പിന്തുടരുന്നതാവും ഉചിതം. മലയാളിയുടെ നരവംശപരവും സാംസ്കാരികവുമായ വികാസത്തെ ആഴത്തിൽ പിന്തുടരുന്ന ഗവേഷകരെ സംബന്ധിച്ചിടത്തോളം സൈബർദത്തങ്ങൾ ഭാവിയിൽ സുപ്രധാനമായിരിക്കും. ഈ വഴിക്കുള്ള ഒരു പരിശ്രമമായി ഷാജി ജേക്കബ് എഡിറ്റു ചെയ്ത് കണ്ണൂർ കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ‘ഫേസ്ബുക്ക് നവ മലയാളത്തിന്റെ സൈബർ മാനിഫെസ്റ്റോ’ എന്ന പുസ്തകത്തെ അടയാളപ്പെടുത്താനാവും.

നവ മാധ്യമങ്ങളിലെ മലയാളദേശം സുസ്ഥാപിതമായത് കഴിഞ്ഞ കുറച്ചു വർഷങ്ങളിലൂടെയാണ്. ഫേസ്ബുക്ക് എന്ന നവീന വിനിമയ ശൃംഖല ഏറ്റവും ജനപ്രിയമായതും ഈ കാലയളവിൽത്തന്നെ. ഫേസ് ബുക്ക് ചുവരുകളിൽ പതിഞ്ഞിട്ടുള്ള വ്യത്യസ്ത വിഷയങ്ങളെ കേന്ദ്രീകരിക്കുന്ന ചെറുകുറിപ്പുകളാണ് ഈ ഗ്രന്ഥത്തിൽ സമാഹരിച്ചിരിക്കുന്നത്. ആനന്ദിനെപ്പോലുള്ള മുതിർന്ന എഴുത്തുകാർ മുതൽ പുതുക്കക്കാർ വരെയുള്ള ഒരു നീണ്ട നിരയുടെ പല മട്ടിലുള്ള രാഷ്ട്രീയാകാംക്ഷകളെയാണ് fb-v-b1ഈ പുസ്തകം പ്രകാശിപ്പിക്കുന്നത്. കുറിപ്പുകളുടെ ഉള്ളടക്കത്തിന്റെ പ്രത്യേകതകളല്ല ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. മറിച്ച് ഈ കുറിപ്പുകളുടെ മാധ്യമപരമായ സ്വഭാവമാണ് പ്രധാനം. മാധ്യമ പ്രതലമാണ് ഈ കുറിപ്പുകളുടെ ഉള്ളടക്കത്തെയും നിശ്ചയിക്കുന്നത്. ഈ കുറിപ്പുകളുടെ വലുപ്പം, ആശയപരമായ ലക്ഷ്യങ്ങൾ, സമീപനം എന്നിവയെ നിശ്ചയിക്കുന്നതിൽ മാധ്യമ സ്ഥലം – ഈ ഗ്രന്ഥത്തെ സംബന്ധിച്ചിടത്തോളം അതു മിക്കവാറും ഫേസ് ബുക്ക് സ്റ്റാറ്റസാണ് – വലിയ പങ്കുവഹിച്ചിട്ടുണ്ട്. വൈകാരികതയുടെ അടിയൊഴുക്കുള്ള ഒരു വിശേഷപ്പെട്ട വൈയക്തികത ഈ കുറിപ്പുകൾക്കെല്ലാമുണ്ട്. ഈ വൈയക്തികത ഒരു വ്യക്തിപരതയല്ല. നവ മാധ്യമ സ്ഥലത്ത് പ്രവർത്തനക്ഷമമാവുന്ന അടുപ്പത്തിന്റെ ( intimacy രൂപാന്തരമാണത്. ലിബറൽ വ്യക്തി സമൂഹത്തിലെ ‘കേവല വ്യക്തി’യല്ല ഈ കുറിപ്പുകൾക്ക് പിന്നിലുള്ളത്. ഊഷ്മളതയുള്ള ജീവിതം അനുഭവിക്കുന്ന പരസ്പരം ഇടപെടുന്ന സാമൂഹികതയ്ക്ക് വില കൽപ്പിക്കുന്ന വികാര വ്യക്തിത്വമാണ്. ഫേസ്ബുക്കിലെ കുറിപ്പുകളെ ആളുകൾക്ക് ഇന്റിമേറ്റായി വായിക്കാനാവുന്നത് അതു കൊണ്ടാണ്‌. സാമൂഹിക രാഷ്ട്രീയനിലപാടുകൾ, പ്രതികരണങ്ങൾ, വൈയക്തികാനുഭവങ്ങൾ അങ്ങനെ എന്തുമാകട്ടെ, സ്പർശിച്ചു കൊണ്ടു പറയാനാണ് ഓരോ സ്റ്റാറ്റസും ശ്രമിക്കുന്നത്. പ്രതികരണരഹിതരായ ആളുകൾക്കു മുമ്പിൽ നടത്തുന്ന  പ്രസംഗത്തോടോ അജ്ഞാതരായ വായനക്കാർക്കു വേണ്ടിയുള്ള എഴുത്തിനോടോ അല്ല സമീപസ്ഥരായ മനഷ്യരോടുള്ള ഭാഷണത്തോടാണ് അവയ്ക്കു സാമ്യം. ഇത്തരത്തിൽ രാഷ്ട്രീയമായി മാത്രം വിശദമാക്കാവുന്ന ഒരു വൈയക്തികത ഈ കുറിപ്പുകൾക്കുണ്ട്. നേരത്തേ സൂചിപ്പിച്ച മലയാള രാജ്യത്തിന്റെ ഭാവനാ സ്വരൂപത്തെ പ്രതിനിധീകരിക്കാൻ ഈ കുറിപ്പുകൾക്കാവുന്നത് അതിനാലാണ്.

മതം, മാധ്യമം, മാനവികത, രാഷ്ട്രീയം, അധികാരം, സമൂഹ ഘടന, സ്ത്രീ, ലൈംഗികത, പ്രതിരോധം, വ്യക്തി, അനുഭവം, ഓർമ്മ, കീഴാളത, പരിസ്ഥിതി, വികസനം, ഭാഷ, സാഹിത്യം, കല എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള കുറിപ്പുകളെ അറു ഭാഗങ്ങളിലായി തിരിച്ചാണ് ഈ ഗ്രന്ഥത്തിൽ സംവിധാനം ചെയ്തിരിക്കുന്നത്. സൈബറിടത്തിൽ എഴുതപ്പെടുന്നതിൽ ഏറിയ പങ്കും സർഗാത്മക സ്വഭാവമുള്ളവയാണ്. എന്നാൽ സാമൂഹിക വിഷയങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ പുസ്തകത്തിൽ കുറിപ്പുകൾ നൽകിയിരിക്കുന്നത്. തീർച്ചയായും ഇത്തരമൊരു ഗ്രന്ഥം മലയാളത്തിലെ സൈബർ പൊതുമണ്ഡലത്തിന്റെ രാഷ്ട്രീയ സമീപനങ്ങളുടെ മാനിഫെസ്‌റ്റോ തന്നെയാണ്. എന്നാൽ അതിലുപരി സൈബർ ലോകത്ത് പെരുമാറുന്ന മലയാളി മനുഷ്യക്കൂട്ടങ്ങളുടെ രാഷ്ട്രീയ പെരുമാറ്റങ്ങളുടെ ഒരു ഡോക്യുമെന്റ് ആയി വായിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. സൈബർ ഇടത്തിലെ മലയാള രാജ്യത്തിന്റെ രാഷ്ട്രീയാകാംക്ഷകളാണ് ഗ്രന്ഥരൂപത്തിൽ കണ്ണൂർ കൈരളി പബ്ലിഷേർസ് പുറത്തു കൊണ്ടു വന്നിരിക്കുന്നത്. ഈ ഇടത്തിലെ ജാഗ്രത്തായ പുതു ജീവിതത്തെ ഈ പുസ്തകം പഠിതാക്കൾക്കായി തുറന്നു വെക്കുന്നു.

Comments

comments