ആശയപ്രകാശനത്തിന്റെ വിസ്ഫോടനാത്മകമായ സ്വാതന്ത്ര്യം സോഷ്യൽ മീഡിയ തുറന്നിട്ട ഒരുകാലത്ത് മലയാളം ഓൺലൈൻ രംഗത്ത് മെച്ചപ്പെട്ട ഒരു ഇടപെടൽ എന്ന നിലയ്ക്ക് നവമലയാളി ഒരു ആശയമായി ഉയർന്നുവന്നത് രണ്ടായിരത്തിപ്പന്ത്രണ്ടിലാണു. ഇന്റർനെറ്റ് മൂന്നാംലോക ഭാഷകളെയും സംസ്കാരങ്ങളെയും ഇല്ലായ്മ ചെയ്യുന്നുണ്ടെന്ന തിരിച്ചറിവിൽ നിന്നും അതിനെ അതിജീവിക്കുന്ന തരത്തിൽ ഭാഷയെയും അതിന്റെ വ്യവഹാരങ്ങളെയും മനുഷ്യരെയും സജ്ജമാക്കേണ്ടത് ഏവരുടേയും കടമയാണെന്ന തീർച്ചയിൽ നിന്ന് നവമലയാളി എന്ന ആശയം ഒരു ആവിഷ്കാരമായി മാറി. നമ്മുടെ ഏറ്റവും നല്ല എഴുത്തുകാരെയും പുതിയ എഴുത്തുകാരെയും കലാസാംസ്കാരികരംഗത്തെ പുതിയതും പഴയതുമായ നാമ്പുകളെയുമൊക്കെ ഒരുമിച്ചുകൊണ്ടുവരുന്ന, കമ്പോളം നിയന്ത്രിക്കാത്ത വിധത്തിൽ ഗൗരവസ്വഭാവമുള്ള, ആശയപ്രകാശനത്തിന്റെയും വിനിമയത്തിന്റെയും സംവാദത്തിന്റെയും വിശാലമായ ഒരു വേദി എന്ന ലക്ഷ്യത്തോടെ നവമലയാളി ആരംഭിക്കുന്നത് അതിന്റെ അടുത്ത വർഷമാണു. തുടർന്ന് മലയാളം മാധ്യമലോകത്തെ ഏറ്റവും പരിചയസമ്പന്നനും ആദരണീയനുമായ ശ്രീ എസ് ജയചന്ദ്രൻ നായർ പത്രാധിപരായ ഒരു പ്രഫഷണൽ എഡിറ്റോറിയൽ സമിതി രൂപീകരിച്ച് നവമലയാളി പ്രവർത്തനം ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ചില കുറിപ്പുകൾ മുന്നേ വന്നിരുന്നുവെങ്കിലും ഒരു ദ്വൈവാരികയായി നവമലയാളി ആദ്യമായി പ്രസിദ്ധീകരിച്ചു തുടങ്ങിയത് 2013 ജൂലൈ 15-നാണു. കുത്തക-മുഖ്യധാരാ മാധ്യമലോകം സ്വയം തീരുമാനിച്ച് വിളമ്പുന്ന ഉപരിപ്ലവതയ്ക്കുമപ്പുറം വിപുലവും ആഴത്തിലുമുള്ളതാണു എണ്ണത്തിൽ കുറവെങ്കിലും ഗൗരവതരമായ വായനയുടെയും ചർച്ചയുടെയും ലോകത്തുള്ള മനുഷ്യരുടെ താല്പര്യങ്ങളെന്ന് വളരെ വേഗത്തിൽ തന്നെ ലഭിച്ച വായനക്കാരുടെ ഹൃദയം നിറഞ്ഞ പ്രതികരണങ്ങളിൽ നിന്ന് നവമലയാളിക്ക് തീർച്ചയായിരുന്നു.

അല്പം ഇടർച്ചകളുമായും അവയിൽ നിന്നും ആർജ്ജിച്ച അനുഭവപാഠങ്ങളുടെ കരുത്തോടെ നടത്തിയ തുടർച്ചകളുമായും മുന്നോട്ട് നടത്തിയ യാത്രയിൽ ഗുണത്തിലും നിലവാരത്തിലും  വിട്ടുവീഴ്ചകൾ നടത്താതിരിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലിരുന്ന് കൊണ്ട് സൗഹൃദത്താലും കർത്തവ്യബോധത്താലും നയിക്കപ്പെടുന്ന പലർ ഒരുമിച്ചിരിക്കുന്ന ഒരു വിർച്വൽ എഡിറ്റോറിയൽ എന്ന നിലയ്ക്ക് നവമലയാളിയുടെ എഡിറ്റോറിയൽ സമിതി പിന്നീട് പുനഃക്രമീകരിക്കപ്പെട്ടു. മാസികയായി, ഇപ്പോൾ ഇന്റർനെറ്റിന്റെ വേഗത്തിനൊപ്പം നിൽക്കുന്ന വിധത്തിൽ അനുദിനം സൃഷ്ടികൾ വരുന്ന ഒരു പ്രസിദ്ധീകരണമായും നവമലയാളി മാറി. ശ്രീ ഒ കെ ജോണി റീഡേഴ്സ് എഡിറ്ററായി ചുമതലേറ്റപ്പോൾ ഇന്ത്യയിലാദ്യമായി അത്തരത്തിലൊരു പദവി കൊണ്ടുവരുന്ന പ്രസിദ്ധീകരണങ്ങളിലൊന്നായി നവമലയാളി. ‘നവമലയാളിയിൽ എഴുതാം’ എന്ന പേരിൽ വെബ്സൈറ്റിൽ പ്രത്യേകസൗകര്യം ഏർപ്പെടുത്തിയത് വായനക്കാരെ എഴുത്തിന്റെ രംഗത്തേക്ക് ക്ഷണിക്കുവാനും സിറ്റിസൺ ജേർണലിസത്തെയും സോഷ്യൽമീഡിയ എഴുത്തുരീതികൾക്കപ്പുറം നിൽക്കുന്ന രീതിയിൽ എഴുത്തുരീതികളെ മെച്ചെപ്പെടുത്താനും ലക്ഷ്യം വച്ചുകൊണ്ടായിരുന്നു.

മലയാളത്തിലെ ഏറ്റവും നല്ല എഴുത്തുകാരെയും പുതിയ നാമ്പുകളെയും ഉൾപ്പെടുത്തിക്കൊണ്ട് മുഖ്യധാരാ മാസികകൾക്കും മുൻപെ LGBT, ലഹരി, ജനകീയസമരങ്ങൾ, പലസ്തീൻപ്രശ്നം, ഫാസിസത്തിനെതിരെയുള്ള പോരാട്ടങ്ങൾ മുതലായ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രത്യേകപതിപ്പുകളിറക്കി. പ്രത്യേക കഥാ, കവിത പതിപ്പുകളിൽ നവമലയാളി അവതരിപ്പിച്ചത് മലയാളത്തിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന പുതിയ എഴുത്തുകാരെയും കുരുന്ന് പ്രതിഭകളെയും കൂടിയാണു. അതിൽ മലയാളത്തിലിന്നു വരെ ഉണ്ടാകാത്ത തരത്തിൽ മുൻ നിര ചിന്തകരും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമുൾപ്പടെയുള്ളവരെ ഒന്നിച്ച് കൊണ്ടുവന്ന് ഇറക്കിയ ഫാസിസത്തിനെതിരെയുള്ള പോരാട്ടങ്ങൾ എന്ന പ്രത്യേക സിമ്പോസിയ പതിപ്പ് രാജ്യത്താകമാനം സാഹിത്യസാംസ്കാരികപ്രവർത്തകരുൾപ്പടെയുള്ള ജനാധിപത്യവിശ്വാസികൾ തീവ്രവലതുപക്ഷവർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ വ്യാപകമായി പ്രതികരിച്ചു തുടങ്ങുന്നതിനു മുൻപേ തന്നെ പുറത്തിറക്കിക്കൊണ്ട് മുൻപേ നടക്കാനായപ്പോൾ നവമലയാളി പുലർത്തുന്ന ജാഗ്രതയ്ക്ക് വായനക്കാരുടെ ഭാഗത്ത് നിന്നും വലിയ രീതിയിൽ അഭിനന്ദനങ്ങളും ഐക്യദാർഢ്യവും ലഭിച്ചിരുന്നു.

ഇന്നു വരെയുള്ള യാത്രയിൽ ഈ ചെറിയ സംരംഭത്തെ ഗൗരവപൂർണ്ണവും ഗുണപരമായും നിലനിർത്തുന്നത് അതിന്റെ കൂടെ നിന്ന എഴുത്തുകാരും വായനക്കാരും ഇതിനായി സ്വന്തം സൗകര്യങ്ങളൊക്കെ മാറ്റി ഒപ്പം നിൽക്കാൻ സന്നദ്ധരായ സുഹൃത്തുക്കളുമാണു. അവരോടുള്ള പ്രതിബദ്ധതയിലൂന്നി മുന്നോട്ടുള്ള യാത്രയിൽ കമ്പോളമനശാസ്ത്രം തീരുമാനിക്കുന്ന ചിട്ടവട്ടങ്ങൾക്ക് ബദലായി നവമലയാളി നിൽക്കും എന്നതിൽ ഞങ്ങൾക്ക് സംശയമേതുമില്ല. മലയാളം ഓൺലൈൻ വായനാരംഗം തീർച്ചയായും ഗുണപരമായി വികസിക്കുന്നുണ്ട്. വിനോദത്തിനും അനാവശ്യവിവാദങ്ങൾക്കും സെൻസേഷണലിസത്തിനും സ്കോപ്പോഫീലിയയ്ക്കുമപ്പുറമാണു വായനയുടെ ലോകം എന്ന് ധരിക്കുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചുവരുന്നുണ്ട്. ആശയപരമായ മേധാവിത്തം ഗതി നിർണ്ണയിക്കുന്ന ഒരു സമൂഹത്തിൽ വ്യവസ്ഥയെ മാറ്റിത്തീർക്കുന്നതിൽ നിർണ്ണായകമായത് അതിന്റെ ചിന്തകളുടെ മേലുള്ള നിയന്ത്രണമാണു. ആ നിയന്ത്രണങ്ങളെത്തന്നെ നിയന്ത്രിക്കുവാനും മാറ്റിമറിക്കാനുമുള്ള കഴിവ് ആ ചിന്തകളെ ഗൗരവതരമായി സമീപിക്കുന്നവരുടേതും. പുരോഗമനത്തിന്റെ യാത്ര നിതാന്തമാണു. കൂടുതലാളുകൾ ആ യാത്രയിലേക്ക് എത്തിച്ചേരുകയും ഈ ലോകം കൂടുതൽ മെച്ചപ്പെടുകയും ചെയ്യും.

ഇന്ന് നവമലയാളിയുടെ മൂന്നാം പിറന്നാളാണു. നാലാം വർഷത്തിലേക്ക് കടക്കുന്ന ഈ സന്ദർഭത്തിൽ പിന്തുണച്ചവർക്കും സഹായിച്ചവർക്കും ക്രിയാത്മകമായ വിമർശനങ്ങളുന്നയിച്ചവർക്കും നന്ദി. എഴുത്തും വായനയും ഉപരിപ്ലവവും ലഘ്വാർത്ഥപരവുമായ ഒന്നല്ല എന്നുള്ള ബോധ്യത്തോടെ മികവുറ്റ എഴുത്തുകൾ നൽകിയ എഴുത്തുകാരോട് നവമലയാളി അളവറ്റ തലത്തിൽ കടപ്പെട്ടിരിക്കുന്നു; ഇവിടെയില്ലാ എന്ന് കരുതിയിരുന്ന ഒരിടം ഉണ്ടെന്ന് തെളിയിക്കുകയും അങ്ങനെ പ്രഖ്യാപിക്കുകയും പിന്തുണയ്ക്കുകയും നിരന്തരം ഒപ്പം നിൽക്കുകയും ചെയ്ത വായനക്കാർക്കും സുഹൃത്തുക്കളോടും. തുടർന്നും ഏവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

നന്ദി

Comments

comments