വഞ്ചിയും തിങ്കളും വന്നു. ഇനിയൊരു പെൺകുട്ടി കൂടി വന്നാൽ വിഷയമായ് പ്രണയം തിരഞ്ഞെടുക്കാം. അവൾ വന്നില്ലെങ്കിൽ പിന്നെ ഏകാന്തതയായിക്കോട്ടെ.
ഒരല്പകാലം, കാലമാതൊന്ന് മാത്രം ചലിച്ചു കൊണ്ടേയിരുന്നു.
അപ്പോൾ.
“ശൂ. ശൂ”
പിറകിലാരൊ ഞോണ്ടിവിളിക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ ശൂന്യതായായിരിക്കുമെന്നാണ് നിനച്ചത്, പക്ഷേ ഒരപരിചിതൻ. ദീനൻ ധൃതിയുള്ളവൻ. വീട്ടിൽ വയ്യാഴിക പിടിച്ചൊരു മകളുള്ളവൻ. അവൾക്കേകാനൊരു കുപ്പി മരുന്ന് കയ്യിലും കക്ഷത്തിലുമായ് മാറ്റിമാറ്റിപ്പിടിച്ച് ഉള്ളിലെ പിടപ്പും പിടിപ്പുകെട്ടവനെന്ന തോന്നലും ചുമ്മിനിൽക്കുന്ന ഒരു ദൃഢഗാത്രൻ.
അവൻ ചോദിച്ചു “എന്നെയൊന്ന് വീട്ടിലെത്തിക്കാമൊ?”
നോക്കുമ്പോൾ വഞ്ചിയും തിങ്കളും ഞാനും പിന്നെയവനും മാത്രമുണ്ട്. പുഴയില്ല. പുഴയിതുവരെ വന്നിട്ടില്ല. പുഴയില്ലെങ്കിൽ പിന്നെ എന്ത് ചെയ്യും. പുഴയില്ലാതിരിക്കുന്ന ഈ വേളയിൽ ആ പെൺകുട്ടിയെങ്ങാനുമാണ് ആദ്യം കടന്ന് വന്നിരുന്നതെങ്കിൽ ആകെ നാണം കെട്ട്പോയേനെ.
“ഒരു പുഴയുണ്ടായിരുന്നെങ്കിൽ ഞാൻ നിന്നെ അക്കര കടത്തിയേനെ. നിങ്ങളുടെ വീട് പൊതുവെ അക്കരെയായിരിക്കുമല്ലൊ. അവിടെയാണല്ലൊ നിങ്ങളുടെ മകൾ….”, അയാൾക്ക് വിഷമം വരുന്നത് കണ്ട വിഷമത്തിലെന്റെ തൊണ്ടയിടറി. ഒരു വഴിയെങ്കിലുമുണ്ടായിരുന്നെങ്കിൽ അത് വഴി അയാൾക്കൊപ്പം തുണപോവുകയെങ്കിലും ചെയ്യാമായിരുന്നു.
“ഒരല്പം കാത്തിരിക്കാമൊ?”
അവൻ വല്ലാതെ വിമ്മിഷ്ടപ്പെട്ടു കൊണ്ടു പറഞ്ഞു, “എനിക്ക് വീട്ടിലെത്തണം. എന്തെങ്കിലുമൊന്ന്…”
എനിക്ക് വിഷമം വരുന്നത് കണ്ട വിഷമത്തിലയാളുടെ തൊണ്ടയുമിടറി.
അപ്പോൾ പെൺകുട്ടി പ്രത്യക്ഷയായി. ഒന്നരചുറ്റി, അതിനു മേലെ പുളിയിലക്കരമുണ്ട് ചുറ്റി, കറുത്ത നൂലിൽ തകിട് കോർത്ത അരഞ്ഞാണിട്ട്, നേര്യതുടുത്ത്, പിച്ചകപ്പൂ മാലയിട്ട്, ചന്ദനം ചാലിച്ച കുങ്കുമപ്പൊട്ട് വട്ടത്തിൽ തൊട്ട്, കാതിൽ മന്ദാരപ്പൂ തിരുകി…
പ്രണയമെന്ന വിഷയത്തിലേക്ക് തന്നെ കാര്യങ്ങൾ ചെന്നെത്തുമെന്ന് കരുതിയ ആ നിമിഷത്തിലാണ് ദൃഢഗാത്രൻ വീണ്ടും പറഞ്ഞത്, “എനിക്ക് വീട്ടിലെത്തണം അതും എത്രയും പെട്ടന്ന്.”
അവൾ ചോദിച്ചു, “നിനക്കെന്താ ഇത്ര ധൃതി?”
ദീനൻ ധൃതിയുള്ളവൻ പറഞ്ഞു, “എന്റെ കുഞ്ഞിനു ദെണ്ണമാണ്. വയറിളക്കം. ശർദ്ദി. ഈ മരുന്ന് എത്തിച്ചു കൊടുത്താൽ ഒരു പക്ഷേ അവൾ രക്ഷപെട്ടേക്കാം. ഇതൊരു പഴങ്കഥാസന്ദർഭം. പലപ്പോഴും ആവർത്തിക്കപ്പെട്ടിട്ടുള്ളതാണ്. ചിലപ്പോഴൊക്കെ ചലച്ചിത്രം കൂടി ആയിട്ടുണ്ട്.”
അവൾ പറഞ്ഞു, “ഉം. ഞാൻ കേട്ടിട്ടുണ്ട്. കണ്ടിട്ടുമുണ്ട്. ചിലപ്പോഴൊക്കെ നിങ്ങളവിടെ എത്തിച്ചേരാറുണ്ട്. എന്നാൽ മിക്കപ്പോഴുമങ്ങനെ സംഭവിക്കാതെ പോകുമ്പോഴൊക്കെയും ആളുകൾക്ക് സങ്കടമാകും. പക്ഷേ ആ സങ്കടം അവർക്ക് മറക്കാനാവുന്നതാണ്, താങ്ങാനാവുന്നതാണ്. കാരണം അത് അവരുടെയാരുടെയും മകളല്ലല്ലൊ.”
പെൺകുട്ടി ചിന്താധീനയായ്. അവളുടെ കണ്ണുകൾ പാതി കൂമ്പി. ഞാനൊരാൾ അവിടെയുണ്ടെന്ന ഭാവമില്ല. ഗൌരവക്കാരിയാണ്. കാരുണ്യവതിയാണ്. സുന്ദരിയായത് കൊണ്ട് മാത്രം പ്രണയത്തിലെത്തിക്കാമെന്ന് കരുതുകയൊ മറ്റൊ ചെയ്താൽ മണ്ടത്തരം തന്നെ. കാമത്തെ പറ്റി ചിന്തിക്കുക കൂടി അസാധ്യം.
എന്നാലും ഞാനൊന്ന് മിണ്ടിയാലൊ എന്ന് തോന്നി. എന്തൊ. വല്ലാത്ത ഇളിഭ്യതയെന്നെ വരിഞ്ഞ് കെട്ടി. ബന്ധനസ്ഥനായ് ഞാൻ ചുറ്റും നോക്കി. വഞ്ചിയും തിങ്കളുമുണ്ട്. അവനുണ്ടവളുണ്ട്. എല്ലാത്തിനുമപ്പുറം കാണാമറയത്തെവിടെയൊ ഒരു പെൺകുട്ടി മരുന്ന് കൊണ്ട് വരുന്ന അച്ഛനു വേണ്ടി കാത്തിരിക്കുന്നു. ഒരുപക്ഷേ അവൻ മരുന്നുമായ് ചെല്ലുന്നതൊന്നുമറിയാതെ പാതിബോധത്തിൽ ജലനഷ്ടത്തിൽ വിളർത്തുറങ്ങുകയാവും, ആ പെൺകുട്ടി.
അവനെന്നെ തന്നെ നോക്കി നിൽക്കുകയാണ്, സകലപ്രതീക്ഷകളും എന്നിലാണെന്ന മട്ടിൽ. പക്ഷേ എനിക്കെന്ത് ചെയ്യാനാകും. എന്റെ സകലപ്രതീക്ഷകളും പുഴയിലാണ്. ആ നശിച്ച പുഴയൊന്ന് വന്നിരുന്നെങ്കിൽ….
മറ്റൊരു സംഭാഷണം ലക്ഷ്യമാക്കി അവന്റെ ചുണ്ടുകൾ കോടുന്നത് കണ്ടു. പക്ഷേ അതിവേഗം ഞാനിടപെട്ടുകളഞ്ഞു, “നിനക്ക് എത്രയും പെട്ടന്ന് വീട്ടിലെത്തണമല്ലേ?”
“അല്ല. അല്ല അതുണ്ട്. പക്ഷേ അതല്ല. ദൂരത്തിരമ്പുന്നു. നിങ്ങളുടെ ആ നശിച്ച പുഴയൊ മറ്റൊ വരുന്നതാണോ?”
അപ്പറഞ്ഞതപ്പോൾ മുതൽ ശ്രവ്യമായ് തുടങ്ങി.
അതിനിടയിൽ, മുക്കാൽമുഹൂർത്തത്തിൽ കേറി അവൾക്കും ചിലത് പറയാനുണ്ടായിരുന്നു, ഒരല്പം നീണ്ട സംഭാഷണശകലം. “ഏയ്. അങ്ങനെ ഒരു നിർബന്ധവുമില്ല. പുഴയാകണമെന്നൊന്നുമില്ല തന്നെ. ഒരാൾക്കൂട്ടമാകാം. കാറ്റാകാം. കുറുനരികളുടെയൊ വെട്ട്പോത്തുകളുടെയൊ വെട്ടിക്കിളകളുടെയൊ ഒരു സംഘമാകാം. അല്ലെങ്കിൽ ചിലപ്പോൾ നിനക്ക് തോന്നുന്നതാകാം. കാരണം നിനക്ക് നിന്റെ മകളുടെ അടുത്ത് എത്തിച്ചേരണം. ഒരു പുഴയൊഴുകി വന്നാൽ ഈ വഞ്ചിയിൽ നിനക്കക്കര പിടിക്കാമെന്ന തോന്നലിങ്ങനെ തോന്നിത്തോന്നി അതൊരു പുഴയാണെന്ന് നിനക്ക് വെറും വെറുതെ തോന്നുന്നതാകാം.”
അവനൊരു മുഖപ്രസാദമുണ്ടായി. അവൾ അവനെ മനസിലാക്കിയതിലുള്ള ആനന്ദം.
ഇനിയധികമില്ല. ഇരമ്പൽ അടുത്തടുത്ത് വന്നു. ആദ്യത്തെ തുള്ളി മഴ എന്റെ മൂക്കിൽ വീണു. രണ്ടാമത്തെ തുള്ളി അവളുടെ ചുണ്ടിൽ വീണു. അടുത്തതായ് നാലഞ്ച് തുള്ളികൾ ചറപറാ അവിടെയും ഇവിടെയുമായ് വീണു. പിന്നെയൊരു പേമാരിയായിരിക്കുമെന്നാണ് നിങ്ങൾ ഊഹിക്കുന്നതെങ്കിൽ പേമാരി. അല്ലെങ്കിലല്ല.
Be the first to write a comment.