കാശ്മീരിൽ നിലവിലെ സാഹചര്യത്തിൽ ഒരു ഭരണകൂടത്തിന് തത്പ്രദേശത്തെ പ്രത്യേക നിയമത്തിന്റെ (AFPSA)പേരിൽ മാത്രമേ ന്യായവാദങ്ങൾ നിരത്താൻ സാധിക്കൂ. മാനുഷികമായി നോക്കിയാൽ ഒരു ന്യായവാദം ഉന്നയിക്കാനും “ജനാധിപത്യ “ഭരണകൂടത്തിന് അവകാശമില്ല. നീതി നിയമത്തിന് വഴി മാറുന്നു. മാറ്റുന്നു.

ഇന്ത്യൻ മിലിട്ടറി പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ആറ് ലക്ഷം സൈനികരാണ് കശ്മീരിലുള്ളത്. ഇതിൽ മുപ്പതിനായിരം പേർ പ്രത്യേകപരിശീലനം ലഭിച്ച counter insurgency എന്ന വിഭാഗമാണ്. ഇതു കൂടാതെ അറുപത്തി അയ്യായിരം അർദ്ധസൈനികരെ (CRPF) കൂടി കശ്മീർ ജനതയുടെ “രക്ഷയും,സമാധാനവും” നിലനിർത്താൻ വേണ്ടി ഇന്ത്യ വിന്യസിച്ചിരിക്കുന്നു. “റോ” അടങ്ങുന്ന രഹസ്യ പോലീസുകാർ വേറെയും. ‘ശരാശരി പത്ത് പേർക്ക് ഒരു സൈനികൻ എന്നതാണ് നിരക്ക്. തീവ്രവാദികൾ അഴിഞ്ഞാടുന്ന ഭൂമികയിലല്ല ഈ സൈനിക ബാഹുല്യം. ജനവാസമുള്ളതും ജനാധിപത്യ സർക്കാർ ഭരിക്കുന്നതുമായ പ്രദേശത്താണ് ഈ അസംബന്ധം.

“ജനത് ഇ ബേനസീർ”!!! ഒരു സ്ഥലം രാജ്യത്തോട് കൂട്ടിചേർക്കുമ്പോൾ ഭൂവിന്യാസത്തിനപ്പുറം പ്രദേശിക ലാഭങ്ങൾ കൂടി ഒരു ഭരണകൂടം കാണും. “ഭൂമിയിലെ സമാനതകളില്ലാത്ത സ്വർഗം” ഭൂപടത്തോട് ചേർക്കുമ്പോൾ മൂന്ന് ലാഭങ്ങളായിരുന്നു പ്രതീക്ഷിച്ചത് – 1. ഭൂമിശാസ്തപരമായ സവിശേഷതകൾ മൂലം വലിയ വിനോദസഞ്ചാര മേഖലയിലേക്കുള്ള പരിണാമ സാധ്യതകൾ. 2. പഴവർഗ്ഗങ്ങളും പൂക്കളും സമൃദ്ധമായ് വിളയിക്കാവുന്ന കാലാവസ്ഥ, കയറ്റുമതി സാധ്യത. 3. പാക്കിസ്ഥാനുമായുള്ള അതിർത്തി സുരക്ഷ ശക്തമാക്കാൻ ഉതകുന്ന, നിരീക്ഷണങ്ങൾക്കും മറ്റും അനുയോജ്യമായ താഴ്വരകൾ. പ്രകൃതി വിഭവങ്ങളുടെയും വിനോദ സഞ്ചാരികളുടെയും സമൃദ്ധി കശ്മീരിനിന്ന് അന്യമാണ്.kashmir-c-2

സൈന്യത്തിന്റെ “താറാവുനടകൾ” നിറയുന്ന ഉദയാസ്തമയങ്ങളിൽ കശ്മീർ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു. കശ്മീരിനെ ഇപ്പോഴുള്ളതിനേക്കാൾ ശക്തമായ ഒരു സൈനിക താവളമാക്കുക എന്ന ലക്ഷ്യം കൂടി പ്രതിരോധ വിഭാഗത്തിനുണ്ട്. ജനതയില്ലാതെ കഴിയുമെങ്കിൽ അങ്ങനെ. അത് അസാധ്യമാണ്. വിഘടനവാദികൾ ഉയർത്തുന്ന പ്രശ്നങ്ങളും, സൈന്യത്തിന്റെ പ്രത്യാക്രമണങ്ങളും മൂലം പ്രതിവർഷം ഇരുനൂറ്റിയമ്പതിലേറെ കുടുംബങ്ങൾ പലായനം ചെയ്യുന്നു (“തീവ്രവാദി കുടുംബങ്ങൾ” എന്ന് വായിച്ചാൽ ദേശസ്നേഹികൾക്ക് ഒരു ഇക്കിളി സുഖം കിട്ടും). ഇത് കൃത്യമായ കണക്കല്ല. എന്തായാലും ഇന്ത്യയിൽ ജനസംഖ്യാ ആരോഹണത്തിലാകുമ്പോൾ കശ്മീരിൽ അവരോഹണത്തിലാണ്. ഇതിനുത്തരവാദിത്വം വിഘടനവാദികൾക്കു മാത്രമല്ല. ബുർഹാൻ വാനി എന്ന തീവ്രവാദി കൊല്ലപ്പെട്ടതും അതിന്റെ പ്രതികരണ ശൃംഖലകളും ആണ് കശ്മീരിലെ പുതിയ പ്രശനം.kashmir-v-2

കലാപകാരികൾക്കെതിരെ, പ്രതിഷേധക്കാർക്കെതിരെ counter insurgency യിൽപെട്ട “രാഷ്ട്രീയ റൈഫിൾസ് ” ആണ് രംഗത്ത്. രാജ്യത്തിനകത്തും പുറത്തും മിന്നൽ ആക്രമണങ്ങൾക്കും പ്രതിരോധങ്ങൾക്കും വേണ്ടി പ്രത്യേക പരിശീലനം ലഭിച്ച സൈനിക വിഭാഗമാണിത്. NSG-യിൽ 3 വർഷം തികഞ്ഞ സമർഥരായ സൈനികരെ തിരഞ്ഞെടുത്ത് ആറ് മാസത്തെ കഠിന പരിശീലനം കഴിഞ്ഞാൽ മാത്രമാണ് രാഷ്ട്രീയ റൈഫിൾസ് സേനാംഗമാക്കൂ. രണ്ടായിരത്തി എട്ടിലെ മുംബൈ തീവ്രവാദി ആക്രമണത്തിന് നിയോഗിച്ചത് NSG-യെ ആണ്. കാശ്മീരിൽ നിന്ന് തന്നെ . ജനബാഹുല്യം കൊണ്ട് നിറയുന്ന കൊളാബയിലേക്ക്, നൂറ് മണിക്കൂർ നിർത്താതെ പൊട്ടിക്കാനുള്ള തിരകളും, സ്ഫോടക വസ്തുക്കളുമായ് വന്ന തീവ്രവാദി സംഘത്തിനെ നേരിടാൻ NSG-യും, കല്ലും കമ്പിയും ആയുധങ്ങളായ് ഉപയോഗിക്കുന്ന പ്രതിഷേധക്കാരെ നേരിടാൻ രാഷ്ട്രീയ റൈഫിൾസും. കർഫ്യൂ പ്രഖ്യാപിച്ച് വഴികൾ ബ്ലോക്ക് ചെയ്ത് റൂട്ട് മാർച്ചുകൾ നടത്തി ജനത്തെ ഭീതിയാലാഴ്ത്തുക എന്നത് മാനസികമായി തകർക്കാനുള്ള സൈനിക മുറയാണ്. കലാപസമയത്തെ ഒരു ദിനചര്യയാണിത്. കശ്മീരിലെ മരണനിരക്കുകൾ പരിശോധിച്ചാൽ ശക്തവും, അശക്തവുമായ രാഷ്ടങ്ങൾ തമ്മിലുള്ള പോരാട്ടമായ് തോന്നും. മൃത്യു ഗണിതം!!! അവിടെ ഇന്നലെ പിറന്നവർക്കും നാളെ പിറക്കാനിരിക്കുന്നവർക്കും  ഇന്ത്യൻ ഭരണകൂടമെന്നാൽ അടിച്ചമർത്തുന്ന സൈന്യമാണ്. അതിനെ അവർ എതിർക്കുന്നതിലും സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നതിലും എന്താണ് തെറ്റ്???

Comments

comments