എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും ആയ മഹാശ്വേതാദേവിയുടെ നിര്യാണം മൂലം ഇന്ത്യക്കും വിശേഷിച്ച് കേരളത്തിനും നഷ്ടപ്പെടുന്നത് നീതിക്കുവേണ്ടി ഉയർന്ന ഒരു ശബ്ദമാണ്.

അനേക പതിറ്റാണ്ടുകൾ ആദിവാസികൾക്കും വനത്തിന്നും പ്രകൃതിക്കും വേണ്ടി വിട്ടു വീഴ്ചയില്ലാതെ പോരാടിയ എഴുത്തുകാരിയായിരുന്നു അവർ.

കേരളത്തിൽ അവർ നടത്തിയ ശക്ത്മായ ഇടപെടലുകൾ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. വല്ലാർപാടം പദ്ധതിക്കു വേണ്ടി മൂലംമ്പള്ളിയിൽ നിന്നടക്കം 316 കുടുംബങ്ങളെ നിഷ്ഠൂരമായി കുടിയിറക്കിയതിനെതിരെ കേരളത്തിലെ മിക്ക സാംസ്കാരിക പ്രവർത്തകരും നിശബ്ദത പാലിക്കുന്നതിനെ അവർ അതിശക്തമായി വിമർശിച്ചു. മൂലംമ്പള്ളിയിലെ കുടിയിറക്കപ്പെട്ടവരെ നേരിൽ കണ്ട് അവരുടെ ദുരിതങ്ങളും വിവരിച്ച് കൊണ്ട് മുഖ്യമന്ത്രി വി.സ്.അച്യുതാനന്ദന് അവർ ഒരു തുറന്ന കത്തെഴുതി. അതിന് മറുപടിയായി കേവലം ഔദ്യോഗിക ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് അവർ എഴുതിയ കത്തിൽ അച്ചുതാനന്ദനെ പോലൊരാൾ ഇത്ര മനുഷ്യത്വരഹിതമായി പെരുമാറുമെന്ന് താൻ ഒരിക്കലും പ്രതീക്ഷച്ചില്ലന്ന് പറഞ്ഞു.

പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ സർക്കാർ കുടിയിറക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ സംസ്ഥാനത്തെ എഴുത്തുകാരെയും സാംസ്കാരിക പ്രർത്തകരെയും ഒറ്റക്കെട്ടായി നിർത്തി കൊണ്ട് പ്രതികരിക്കാൻ തനിക്ക് കഴിഞ്ഞു എന്നും കേരളത്തിൽ മൂലംമ്പള്ളി സംഭവിച്ചട്ടും ബഹു പൂരിപക്ഷം സാംസ്കാരിക പ്രവർത്തകരും നിശബ്ദത പാലിച്ചതെന്തു കൊണ്ട് എന്നവർ ചോദിച്ചു. ഈ ചോദ്യത്തിന് ഇന്നും ഉത്തരമില്ല.

ചാലക്കുടി പുഴയെ നശിപ്പിക്കുന്ന അതിരപ്പള്ളി പദ്ധതിക്കെതിരെയും, കാതിക്കുടം നിറ്റ ജെലാറ്റിൻ കമ്പനിയുടെ മലിനീകരണത്തിനെതിരെയും അവർ ശക്തമായി പ്രതികരിച്ചു. കേരളത്തിലെ പൊക്കാളി പാടങ്ങളുടെ വിനാശം തടയണമെന്നാവശ്യപ്പെട്ടു കൊണ്ട് എറണാകുളം ജില്ലയിലെ കടമക്കുടിയിൽ നടന്ന യോഗത്തിൽ അവർ പങ്കെടുത്തു.

രണ്ടായിരത്തി പന്ത്രണ്ടിൽ ടി.പി.ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊല ചെയ്തതിനെ അവർ ശക്തമായി അപലപിച്ചു. ഏറെ ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും ഒഞ്ചിയത്ത് ടി.പിയുടെ വീട്ടിലെത്തി രമയെ ആശ്വസിപ്പിക്കാൻ അവർ സന്നദ്ധയായി. പിന്നീട് കോഴിക്കോട് ചേർന്ന പ്രതിഷേധ സമ്മേളനം അവർ ഉദ്ഘാടനം ചെയ്തു. ഹിംസക്കെതിരെ സാംസ്കാരിക പ്രവർത്തകർ പ്രതികരിക്കാതിരിക്കുന്നത് കുറ്റകരമാണെന്ന് മഹാശ്വേതാദേവി ഓർമ്മിപ്പിച്ചു.

എന്നും പ്രകൃതിക്കും മണ്ണിനും വനത്തിനും മനുഷ്യനും അവരിൽ തന്നെ ഏറ്റവും ദുർബലരായവർക്കും വേണ്ടി ഇനിയാശബ്ദം ഉയരില്ല.

(ആം ആദ്മി പാർട്ടിയുടെ  സംസ്ഥാന കൺവീനറാണു ലേഖകൻ)

Comments

comments