പ്രിയപ്പെട്ട എഴുത്തുകാരുടെ അമ്മേ, അമ്മയുടെ വിയോഗം ഒട്ടും അപ്രതീക്ഷിതം അല്ലായിരുന്നു. ഞങ്ങളുടെ  കണ്ണും കാതും മനസ്സും ഒരു പക്ഷെ ആ വാർത്തയ്ക്ക് സജ്ജമായിരുന്നു.  തൊണ്ണൂറു വയസ്സ് ഇന്നത്തെ മനുഷ്യാവസ്ഥയിൽ ദീർഘായുസ്സിൽ കുറഞ്ഞൊന്നുമല്ല. ഒരു എഴുത്തുകാരി എന്ന നിലയിലും പതിവിൽക്കവിഞ്ഞ്  പുസ്തകങ്ങൾ എഴുതിയ ആളാണ് അമ്മ . എന്നിട്ടും ആ വാർത്ത കേട്ടപ്പോൾ എന്തോ ഒന്ന് ചോർന്നു പോകുന്ന പോലെ. വ്യക്തിപരമായ തളർച്ചയല്ല അത്. അതിലും കൂടുതൽ എന്തോ ഒന്ന്. നാം ജീവിക്കുന്ന സാമൂഹിക- സാംസ്ക്കാരിക കാലാവസ്ഥയിൽ ഒരു വ്യതിയാനം സംഭവിച്ച പോലെ ഒന്ന്. ഇന്ത്യൻ എഴുത്തിന്റെ ഓസോൺ പടലത്തിൽ വലിയ ഒരു തുള ഇന്നു വീണിരിക്കുന്നു എന്ന് പറയാൻ പറ്റുന്ന പോലെ . അതുണ്ടാക്കുന്ന അത്യാഹിതങ്ങൾ പരിഹരിക്കാൻ എല്ലാ ഇന്ത്യൻ ഭാഷകളിലേയും എഴുത്തുകാർ എത്രയോ കാലം ഒന്നിച്ചു പരിശ്രമിക്കേണ്ടിയിരിക്കുന്നു

ഇന്ത്യൻ എഴുത്തുകാർക്ക് അമ്മേ എന്ന് വിളിക്കാൻ സമകാലത്ത് ഒരേ ഒരെഴുത്തുകാരിയേ ഉണ്ടായിരുന്നുള്ളൂ.  ആ അമ്മ ഒരു ഫ്യൂഡൽ സങ്കല്പനം ആയിരുന്നില്ല.  ആധുനികയായ ഒരു അമ്മയായിരുന്നു. അക്കാര്യം വ്യതിരിക്തമാക്കാനായിരിക്കണം ഞങ്ങൾ പരസ്യമായി അമ്മേ എന്ന് വിളിച്ചില്ല. ദീദി എന്നേ വിളിച്ചുള്ളൂ.

ഒരിക്കൽ ഗായത്രീ ദേവി സ്പിവാക്ക് അമ്മയുടെ ഏതോ കഥയെക്കുറിച്ച് വിശദീകരിച്ചതിന്റെ സന്ദർഭം വായിച്ചതോർക്കുന്നു; ഇന്ത്യൻ ലിറ്ററേച്ചറിന്റെ  പഴയൊരു ലക്കത്തിൽ. ബാർത്തിന്റെ പ്രസിദ്ധമായ സിദ്ധാന്തം – ഗ്രന്ഥകാരിയുടെ / കാരന്റെ മരണം – ഇന്ത്യൻ സാഹചര്യത്തിൽ വിശദീകരിക്കുകയായിരുന്നു അവർ. അമ്മ സദസ്സിലുണ്ടായിരുന്നു – ഒരു ഘട്ടത്തിൽ എഴുന്നേറ്റ് നിന്ന് അമ്മ പറയുകയുണ്ടായി. ഗ്രന്ഥകാരിയായ ഞാൻ ഇതാ ഇവിടെ ജീവിച്ചിരിക്കുന്നു.

ഒരു ജൈവിക ശരീരത്തിന്റെ സാന്നിദ്ധ്യം കൊണ്ടല്ല ബാർത്തിന്റെ സിദ്ധാന്തത്തെ അളക്കേണ്ടതെന്ന് അമ്മക്ക് അറിയായ്കയല്ല. പക്ഷെ, തന്റെ എഴുത്തിൽ തന്റെ കായികത എങ്ങനെ അലിഞ്ഞു കിടക്കുന്നു എന്ന് ആ അമ്മയ്ക്ക് അറിയാമായിരുന്നു. ചേതൻ ഭഗത്തിനേയും അമീഷ് പട്ടേലിനേയും സാധ്യമാക്കിയ, പാൻ ഇന്ത്യൻ എഴുത്തുകാരന്മാർ എന്ന് അവരെ പോലുള്ളവർ  വിളിക്കപ്പെടുന്ന സാഹചര്യം, ഇന്ത്യയിൽ വന്നു കഴിഞ്ഞിരിക്കുന്നു. ഉപരിപ്ലവതയുടെ ഒരു ഓളം ഇന്ത്യൻ സാഹിത്യത്തിനു മേൽ പടർന്നു കഴിഞ്ഞിരുന്നു. സാഹിത്യത്തിന്റെ ഗുരുത്വത്തെ ന്യൂട്ടോണിയൻ ഭൗതികം പോലെ വലിച്ചെറിയണം എന്ന് പറയാതെ പറയാൻ തുടങ്ങിയിരുന്നു.  അവിടെ അമ്മ നിന്ന ഒരു നില്പുണ്ട്. എഴുത്തുകാരി എന്ന നിലയിൽ. എന്റെ ജനങ്ങൾക്ക് നീതി കിട്ടും വരെ എന്റെ വാക്കുകൾ ഉറങ്ങുകയില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച്. ഗതി കിട്ടാതെ അലയുന്ന പുരാവൃത്തങ്ങൾ അതോടെ അമ്മയെ തേടിയെത്തി. കണ്ണെത്താത്തിടത്ത് ചത്തടിയേണ്ട രോദനങ്ങൾ അതോടെ എണീറ്റു നിന്നു. മരിച്ചവർ അമ്മയുടെ വാക്കിൽ ഉയിർത്തെണീറ്റു. ആരും മരിക്കുന്നില്ല നീതി കിട്ടിടാത്തിടത്തോളം എന്ന് നിരന്തരം അമ്മ പറഞ്ഞു കൊണ്ടിരുന്നു.

1024 ന്റെ അമ്മയിൽ, സുജാത എന്ന ഒരമ്മയിലാണ് പോലീസ് തല്ലിക്കൊന്ന ബ്രതി എന്ന മകൻ ജീവിച്ചിരിക്കുന്നത്. മറവിയുടെ വെൺമ പുരണ്ട ജീവിതത്തിൽ ഓർമ്മയുടെ കറ പേറി സുജാത നടക്കുന്നു. കൽക്കത്തയിലെ സർവ്വകലാശാലകളിൽ നിന്ന് സിദ്ധാർത്ഥ ശങ്കർ റേ യുടെ പോലീസ് തപ്പിയെടുത്തു ചതച്ചരച്ച യുവത്വങ്ങളുടെ നക്സലൈറ്റ് കഥ മാത്രമായിരുന്നില്ല അത്. നമ്മുടെ കാലത്തെ നീതിയെ കുറിച്ചുള്ള മഹാഖ്യാനമായിരുന്നു.

നമ്മുടെ നഗരങ്ങളുടെ നൈതിക അടിത്തറ എങ്ങനെ ചോർന്നൊലിക്കുന്നു എന്ന അന്വേഷണം. മാർക്കേസിന്റെ പുസ്തകത്തിൽ സാന്റിയാഗോ നാസറിന്റെ രക്തം തെരുവുകൾ പിന്നിട്ട് അമ്മയെ വന്നു തൊടുന്നു. യോസയുടെ പുസ്തകത്തിൽ പലോമിനോ മൊലേറോയുടെ കെട്ടി ഞാന്ന ജഡം ഒരു കുറ്റാന്വേഷണ കഥയായി വികസിക്കുന്നു. ഇന്ത്യൻ സാഹചര്യത്തിൽ അത്തരം ആഖ്യാനത്തിന്റെ ഒഴുക്കുകളല്ല അഭികാമ്യം എന്ന് അമ്മ തിരിച്ചറിഞ്ഞു. ഇന്ത്യയിൽ അനീതി എന്നാൽ കെട്ടിക്കിടക്കുന്ന വെള്ളമാണ്. അതിലാണ് പുരോഗതി പ്രതിഫലിപ്പിക്കപ്പെടേണ്ടത് എന്ന് അമ്മയ്ക്കറിയാമായിരുന്നു. ഓരോ ഇന്ത്യൻ എഴുത്തുകാരനും എഴുത്തുകാരിയും ആ വെള്ളത്തിൽ തങ്ങളുടെ എഴുത്തിന്റെ മുഖച്ഛായ നോക്കാൻ ബാധ്യസ്ഥരാണ് എന്ന് അമ്മ അസംശയം നിലകൊണ്ടു. അതു കൊണ്ടാണ് നന്ദിഗ്രാമിൽ ബുദ്ധദേവ് ഭട്ടാചാര്യയുടെ പോലീസ് സിദ്ധാർത്ഥശങ്കർ റായിയുടെ പോലീസിന്റെ രണ്ടാം ജന്മമായപ്പോൾ അമ്മ സുജാതമാരെ സമൂഹത്തിലേയ്ക്ക് വിപുലീകരിച്ചത്. കോർപ്പറേറ്റിസത്തിനു മുന്നിൽ പകച്ചു നിന്ന ഒരു രാഷ്ട്രീയത്തെ എക്സ്റേയിൽ എന്ന പോലെ അത് തുറന്നു കാട്ടി. ബുഷായ് ടുഡു മാരുടെ ഒരു ഇന്ത്യ ഇക്കാണുന്ന പളപളപ്പിനു പിന്നിൽ ഉണ്ടെന്ന് നാം അമ്മയിലൂടെ കണ്ടു. അക്കാലത്ത് നമ്മുടെ പ്രിയപ്പെട്ട ഒരെഴുത്തുകാരൻ, എം. മുകുന്ദൻ, തത്സ്ഥിതിയുടെ മയക്കത്തിൽ നിന്ന് അമ്മയ്‌ക്കെതിരെ പറഞ്ഞു. ബൂമറാംഗ് പോലെ തിരിച്ചു വരുന്ന വാക്കുകൾ ആയിരുന്നു അതെന്ന് അദ്ദേഹത്തിലെ എഴുത്തുകാരൻ അന്നേ ദുഃഖിച്ചിരിക്കണം. പിൽക്കാലത്ത് അത് പാതി ഏറ്റു പറയാൻ അദ്ദേഹം സത്യസന്ധത കാണിച്ചു.

വിഭജനങ്ങളായിരുന്നു, അമ്മാവൻ ഋത്വിക്ക് ഘട്ടക്കിൽ എന്ന പോലെ, അമ്മയിലും ആഞ്ഞു പതിച്ചത്. ഘട്ടക്കിന് കിഴക്കൻ – പടിഞ്ഞാറൻ ബംഗാളുകളുടെ ഭൂമിശാസ്ത്രം മൂർത്തമായുണ്ടായിരുന്നെങ്കിൽ, സമൂഹത്തിന്റെ  വിഭജനങ്ങളായിരുന്നു അമ്മയ്ക്ക് മൂർത്തമാക്കേണ്ടിയിരുന്നത്.  കോമൾ ഗാന്ധാറിൽ, വിഭജനത്തെപ്പറ്റിയുള്ള ഘട്ടക്കിന്റെ വേദനാഖ്യാനത്തിൽ, ഭൃഗു എന്ന നായകനും കൂട്ടുകാരിയും നദിയ്ക്കക്കരെ അന്യമായിപ്പോയ ജന്മദേശത്തെക്കുറിച്ച് പറയുന്നുണ്ട്. അമ്മയുടെ ജന്മദേശം വെട്ടിമുറിക്കപ്പെട്ടത്  അനീതിയുടെ പുഴയ്ക്ക് അക്കരെയും ഇക്കരെയുമായായിരുന്നു. വിഭജിയ്ക്കപ്പെട്ട തങ്ങളുടെ നാടിന്റെ ഓരത്തു നിന്ന് ആദിവാസികൾ നിലവിളിച്ചു – വിഭജിയ്ക്കപ്പെട്ട കുടുംബങ്ങൾക്കുള്ളിൽ നിന്ന് സ്ത്രീകൾ നിലവിളിച്ചു – മരണത്തിലേക്ക് നാടുകടത്തിയ സ്വന്തം രാജ്യത്തിന്റെ നീതികേടിനെക്കുറിച്ച്  തരുണർ നിലവിളിച്ചു. എല്ലാം അമ്മ കേട്ടു. എല്ലാം ആദ്യം മുതലേ തിരുത്തിയെഴുതണം എന്ന് മനസ്സിലാക്കി. പുരാണങ്ങൾ മുതൽ സമകാലീന ചരിത്രം വരെ അവർ തിരുത്തിയെഴുതി.  അതെ, ഈ അമ്മ എഴുത്തുകാരി എന്നതിനേക്കാൾ തിരുത്തിയെഴുത്തുകാരി ആയിരുന്നു. എല്ലാവരും താഴെ നിന്ന് മുകളിലേയ്ക്കെഴുതിയപ്പോൾ അമ്മ മുകളിൽ നിന്നും താഴേയ്ക്കെഴുതി.

കരയരുത്. ഇതാണ് അമ്മ ഇന്ത്യൻ എഴുത്തുകാരെ പഠിപ്പിച്ച വലിയ പാഠങ്ങളിൽ ഒന്ന്. രോദനം കേൾക്കണം. പക്ഷെ അത് പുനഃസൃഷ്ടിക്കുന്നതല്ല എഴുത്ത്. മാലിന്യങ്ങളെ ഇന്ധനമാക്കുന്ന വലിയ ബയോഗ്യാസ് പ്ലാന്റായിരുന്നു അമ്മയുടെ എഴുത്തു ജീവിതം.  അത് നമ്മുടെ സാംസ്ക്കാരിക പരിസരങ്ങളെ ശുദ്ധീകരിച്ചു . അതോടൊപ്പം നമ്മുടെ ജീവിതങ്ങൾക്ക് ജ്വലിക്കാനുള്ള അഗ്നി തുടർച്ചയായ് തന്നുകൊണ്ടിരുന്നു. അതിനാൽ  ഒരു ചെറിയ എഴുത്തുകാരനായ ഞാൻ കരയാതെ അമ്മയോട് വിട പറയട്ടെ. എന്റെ അമ്മ മഹത്തും അർത്ഥപൂർണ്ണവുമാക്കി മാറ്റിയ ഇന്ത്യൻ എഴുത്തിന്റെ മണ്ണിൽ നിന്നും ഒരു പിടി വാരി മനസ്സിൽ വിതറട്ടെ.

—–
പി.എൻ. ഗോപീകൃഷ്ണൻ
ബ്രാഞ്ച് മാനേജർ
കെ.എസ്.എഫ്.ഇ. ലിമിറ്റഡ്ശ്രീ
കൃഷ്ണപുരം ബ്രാഞ്ച്പു
നത്തിൽ ത്രീ സ്റ്റാർ കോംപ്ലക്സ്
ചന്തപ്പുര, ശ്രീകൃഷ്ണപുരം – 679513
ഫോൺ : 9447375573

Comments

comments