പുതുകാലത്തിന്റെ ബഹുഭാഷണങ്ങളെ  അഭിസംബോധന ചെയ്യുന്നവയാണ് ആധുനികോത്തര കവിതകൾ. മാറുന്ന സംസ്‌ക്കാരത്തെയും മൂല്യങ്ങളെയും അവ വിമർശനാത്മകമായിbinduk-i2  രേഖപ്പെടുത്തുന്നു. മുഖ്യധാരയിലേക്ക് കടന്നു വരികയും പൊതു ധാരയുടെ ഭാഗമാവുകയും  ചെയ്യുന്നത് ആധുനികോത്തരതാ സാഹിത്യത്തിന്റെ  സവിശേഷതയാണ് കീഴാളാനുഭവങ്ങളും, സ്ത്രൈണാനുഭവങ്ങളുമെല്ലാം വ്യതിരിക്തമായി പുതുകവികളിൽ അടയാളപ്പെടുത്തുന്നു. ആധുനികോത്തര കവിതകളിൽ പെണ്ണ് അവളുടെ സ്വത്വം തിരിച്ചറിയുകയും അവളുടെ ലോകത്തെ വ്യത്യസ്തമായി ആവിഷ്‌കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ബിന്ദുകൃഷ്ണന്റെ കവിതകളിൽ സ്‌ത്രൈണജീവിതത്തിന്റെ വിഭിന്നഭാവങ്ങൾ  ആർദ്രതയും, നിരാലംബതയും, പ്രതിരോധവും -ദർശിക്കാം ആർദ്രവും എന്നാൽ സാന്ദ്രവുമാണ് ബിന്ദുവിന്റെ, കവിതകൾ. ഒട്ടുപൊട്ടിലും, മുട്ടത്തോടിലുമെല്ലാം  ജീവിതത്തിന്റെ അഗാധസത്യങ്ങൾ  കാണുന്ന ഈ കവിയത്രി ചെറുതുകളിലൂടെ  വലുതിലേക്ക് അനുവാചകരെ ആനയിക്കുന്നു. സൂക്ഷ്മരാഷ്ട്രീയത്തിന്റെ നീരൊഴുക്ക്  ഈ കവിതകളിലെല്ലാം കാണാം.

സ്‌ത്രൈണജീവിതം ആവിഷ്‌കരിക്കുന്ന ധാരാളം കവിതകൾ ബിന്ദുവിന്റെ കാവ്യലോകത്തു കാണാം. അവയെ  വിശകലന സൗകര്യത്തിനായി മൂന്നായി വർഗ്ഗികരിക്കാം, ഒന്ന് -അമ്മകവിതകൾ, രണ്ട് – സാധാരണജീവിതത്തിലെ സ്ത്രീകൾ, മൂന്ന് – ചരിത്രവുമായി  ബന്ധമുളള സ്ത്രീകൾ. ‘വളരാതെ’, ‘വസന്തം ശിശിരം ശൈത്യം’, ‘പാസ് വേഡ്,’ ‘മകളോട്’, ‘അമ്മപ്പട്ടം’, ‘പെറ്റുകിടക്കും പെണ്ണ്’, ‘അമ്മയും കുഞ്ഞും’ എന്നിവയാണ് ബിന്ദുവിന്റെ പ്രധാനപ്പെട്ട അമ്മകവിതകൾ. ഇതിൽ  ആദ്യനാലുകവിതകളെയാണ് ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്തിൽ വിലയിരുത്തുന്നത് ‘തൊട്ടാൽ വാടരുത്’, ‘ദൈവത്തിന്റെ  സൊന്തം’, ‘ചൊല്ലിചൊല്ലി’ എന്നീ കവിതകളിൽ സാധാരണ സ്ത്രീ ജീവിത പ്രശ്‌നങ്ങൾ എങ്ങനെ  ആവിഷ്‌കരിച്ചിരിക്കുന്നുവെന്ന് പരിശോധിക്കുന്നു. ചരിത്രത്തിൽ ഇടമുളള സ്ത്രീകളെയാണ് ‘സിൽവിയാ നിന്റെ  നിക്’, ‘പാതി ഒഴിഞ്ഞ കിടക്ക’ എന്നീ കവിതകളിലൂടെ അടയാളപ്പെടുത്തുന്നത്.

അമ്മക്കവിതകൾ
ഇന്ന് ഏറ്റവും കൂടുതൽ സ്ത്രീപീഡനങ്ങളും, ബാലപീഡനങ്ങളും നടക്കുന്ന സംസ്ഥാനമാണ് കേരളം. ശൈശവം കഴിയാത്ത പൈതൽ മുതൽ വാർദ്ധക്യത്തിലെത്തിയ മുത്തശ്ശിമാർ വരെ ലൈംഗികപീഡനത്തിന് ഇരയാകുന്ന വാർത്തകൾ പത്രങ്ങളിൽ  അനുദിനം കാണാം. ഈ ഭീതിദമായ പശ്ചാത്തലത്തിലാണ് ബിന്ദുകൃഷ്ണന്റെ  വളരാതെ എന്ന കവിതയുടെ പ്രസക്തി കുഞ്ഞമോൾ ഉറക്കത്തിൽ പൊട്ടി ചിരിക്കുന്നതു കേട്ട് അമ്മ പ്രാർത്ഥിക്കുന്നത് അവൾ ഒരിക്കലും വളരരുതേ എന്നാണ്. സാധാരണ അമ്മമാരിൽ നിന്ന് വ്യത്യസ്തമായി ഈ അമ്മ ഇങ്ങനെ ചിന്തിക്കുന്നത് മകൾ ഋതുമതി ആകാതിരിക്കാൻ, പ്രണയവഞ്ചനയിൽ കുടുങ്ങാതിരിക്കാൻ പുരുഷന്റെ  കാമം അവളെ  കശാക്കാതിരിക്കാൻ   മക്കൾ  അവളെ ഉപേക്ഷിക്കാതിരിക്കാൻ. അവൾ  വളരാതിരിക്കട്ടെ  എന്ന് അമ്മ വ്യർത്ഥമായി ആശിക്കുന്നു. പ്രണയത്തിന്റെ പേരിൽ നടക്കുന്ന വഞ്ചനകൾ, ലാളിച്ചു വളർത്തിയ മക്കൾ മാതാപിതാക്കളെ ഉപേക്ഷിക്കൽ തുടങ്ങിയ സമകാലികമലയാളി ജീവിതത്തെ ധ്വന്യത്മകമായി  ഈ വരികൾ സൂചിപ്പിക്കുന്നു. പിന്നീട് ഈ കവിത വ്യക്തിതലത്തിൽ നിന്ന് സാമൂഹികതലത്തിലേക്ക്  വികസിക്കുന്നതു കാണാം. യുദ്ധം എന്തെന്ന്  കാണാതിരിക്കാനും, മതമെന്താണ് അവൾ അറിയാതിരിക്കാനും മതയുദ്ധങ്ങൾക്ക് കാരണം പ്രണയമാണെന്നറിഞ്ഞ് ഞെട്ടാതിരിക്കാനും  അവൾ വളരാതിരിക്കട്ടെ എന്ന് അമ്മ പ്രാർത്ഥിക്കുന്നു. എല്ലാ മതങ്ങളുടെയും  ആന്തരികസത്ത സ്‌നേഹമാണ്, എന്നാൽ ഇത് മനസ്സിലാക്കാതെ, വ്യത്യസ്തമതക്കാർ പ്രണയിക്കുന്നതിനെതിരെ  വാളെടുക്കുന്നവരാണ്  സമൂഹത്തിലെ ഭൂരിപക്ഷവും സമൂഹത്തിൽ പ്രതിലോമശക്തികൾ വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ, മകളൊരിക്കലും വളരാതിരിക്കാൻ  ഒരു വരത്തിനായ്  നോറ്റിരിക്കുന്ന ഒരമ്മയുടെ  ഉട്ടോപ്യൻ സ്വപ്നത്തിലാണ് കവിത അവസാനിക്കുന്നത്. പൂക്കൾ മാത്രം നിറയുന്ന  ലോകത്തിൽ  എന്റെ  തുമ്പി ചിരിച്ചു കൊണ്ടിരിക്കാൻ മാത്രം  മോഹിക്കുന്ന  ഒരമ്മയുടെ സ്‌നേഹത്താൽ സ്വാർത്ഥഭരിതമായ ഒരു മനസ്സാണ് ഇവിടെ കാണാൻ കഴിയുന്നത്, പൂക്കൾ മാത്രം നിറയുന്ന  ലോകം സാങ്കൽപികം  മാത്രമാണ്. യഥാർത്ഥ ലോകത്തിൽ പൂക്കൾ മാത്രമല്ല, മുളളുകളുമുണ്ട് എന്ന  സത്യം ഇവിടെ വിസ്മരിക്കപ്പെടുന്നു.

എന്നാൽ ബിന്ദുവിന്റെ  ‘മകളോട്’ എന്ന കവിത ഈ മുളളുകളെ  കുറിച്ച് കൂടി ചില സൂചനകൾ നൽകുന്നു. തന്റെ ഒക്കത്തിരുന്ന് കടൽ കണ്ട കുട്ടി  കടലിരമ്പി വന്നപ്പോൾ  പേടിച്ച് അമ്മയുടെ  നെഞ്ചിലമർന്നു. ആദ്യമായി  കുട്ടി മഴ കണ്ട് തുള്ളിയത് അമ്മയുടെ മടിയിലായിരുന്നു. എന്നാൽ  മകൾ ആദ്യമായി  പ്രണയം കണ്ടെത്തുന്ന നിമിഷം താൻ  കൂടെയുണ്ടാവില്ല  എന്ന് അമ്മ തിരിച്ചറിയുന്നു. അപ്പോൾ പുഞ്ചിരി മായരുത്, തുളളിത്തുളുമ്പരുത്  എന്നാണ്  അമ്മ മകളെ ഉപദേശിക്കുന്നത്.  പ്രണയത്തിൽ സ്വയം മറക്കരുതെന്നും പ്രണയം ദുഃഖത്തിലേക്ക് വഴിമാറരുതെന്നുമുളള സൂചനയാണ് ഈ വരികളിൽ ഉളളത്.

‘കടലിലിറങ്ങാതെ
മഴനനയാതെ
ജീവിക്കാമെന്നും  വയ്ക്കരുത്.
തോണിയും കുടയും ‘
എപ്പോഴും കരുതണമെന്നുമാത്രം’

എന്ന ഉപദേശത്തിലാണ് കവിത  അവസാനിക്കുന്നത്. തോണിയും കുടയും സുരക്ഷയുടെ  ചിഹ്നങ്ങളാണ്. തോണി  കടലിലെ  തിരമാല കളിൽ നിന്നും കുട മഴയിൽ  നിന്നും മകളെ സംരക്ഷിയ്ക്കും  നിരവധി പ്രശ്‌നങ്ങൾ നിറഞ്ഞതാണ്  സമകാലിക സമൂഹം .സമൂഹത്തിൽ  അഥവാ   ബാഹ്യലോകത്തിലേക്ക്  ഇറങ്ങി ജീവിക്കാനുളള  ഉൾക്കരുത്ത്  മകൾ  നേടണമെന്നാതാണ്  അമ്മയുടെ ഉപദേശത്തിന്റെ പൊരുൾ  പ്രശ്‌നഭരിതമായ  സമകാലികസമൂഹത്തിൽ  ജീവിക്കാനായി സ്വയം രക്ഷയ്ക്കുളള ആയുധങ്ങൾ  അവൾ  തന്നെ കരുതണം . രക്ഷയ്ക്കായി ഒരു  നായകബിംബത്തെ കവിതയിൽ അവതരിപ്പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യാധാരയിലേക്ക്  ഇറങ്ങി വരണമെന്നും , അവളുടെ രക്ഷയ്ക്ക് അവൾ തന്നെ പ്രാപ്തയാവണമെന്നുമാണ് കവിത ധ്വനിപ്പിക്കുന്നത്. തോണി, കടൽ എന്നിവ കവികൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പഴയ ബിംബങ്ങൾതന്നെയാണ് കപ്പൽ ലോകം വെട്ടിപ്പിടിക്കാനുള്ള ആധിപത്യവാസനയുടെ ചിഹ്നമാകുമ്പോൾ  തോണി, എന്നത്  അതിജീവനത്തിന്റെ  ചിഹ്നമാകുന്നു. ലോകമാകുന്ന കടലിൽ  ഓരോ സ്ത്രീകളും അതിജീവിക്കാനുളള കരുത്ത് സ്വയം ആർജ്ജിക്കണം എന്നാണ് ഈ കവിത  സൂചിപ്പിക്കുന്നത്.

അമ്മയാവുക  എന്നത് സ്ത്രീയുടെ ജീവിതത്തിലെ  ഏറ്റവും  അമൂല്യമായ  നിമിഷങ്ങളിലൊന്നാണ്. എന്നാൽ ഉദരത്തിൽ  വച്ചേ കുഞ്ഞിനെ നഷ്ടമാകുക എന്നത് അമ്മയെ  സംബന്ധിച്ച് തീവ്രദു:ഖത്തിന് കാരണമാകുന്നു. പിറക്കാതെ  പോയകുഞ്ഞ് എന്നും അമ്മയുടെ ഉളളിലെ തീരാനൊമ്പരമായിരിക്കും. വസന്തം, ശിശിരം, ശൈത്യം എന്ന  കവിതയിൽ  ഗർഭപാത്രത്തിൽ  വച്ചേ  ഇല്ലാതായ  ഒരു കുഞ്ഞിനെ കുറിച്ചുളള  അമ്മയുടെ ദുഃഖം കാണാം ചലനങ്ങളുടെ ചാവുദിനമായ  ഒരു ഹർത്താൽ ദിനത്തിൽ  കുളിമുറിയുടെ  വെളുത്ത  തറയിൽ ‘കരിഞ്ചുവപ്പായി പൂക്കളും കനിയും  കൊഴിഞ്ഞു കിടന്നു’ എന്നാണ് നഷ്ടജീവനെ കുറിച്ച്  അമ്മ പറയുന്നത്. പൂക്കളും കനികളും  കൊഴിയുന്നത് അമ്മയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടാതെ പോകുന്നത് സൂചിപ്പിക്കുന്നു. കവിളിൽ  ഉരസിയ തറയുടെ തണുപ്പ്  മരണത്തിന്റേതു തന്നെയാണ്. വർഷങ്ങൾക്ക് ശേഷവും ആ  കുളിമുറിയിൽ കുളിക്കുമ്പോൾ  പൊക്കിളിൽ എന്തോ വലിയുന്ന പോലെയും താഴേക്ക്  എന്തോ  ഇറക്കുന്ന  പോലെയും   തോന്നുന്നതായും  അപ്പോൾ താനൊരു  താരാട്ട്  മൂളുന്നതായും അമ്മ പറയുന്നു. അപ്പോൾ  വീണ്ടും  മരണത്തിന്റെ  ഗന്ധവും  തണുപ്പും നിറയുന്നതായും  അവർക്ക്  തോന്നുന്നു. വൈകാരികത നിറഞ്ഞ സന്ദർഭത്തെ  മിതത്വത്തോടെ  ആവിഷ്‌കരിക്കാൻ  ബിന്ദു കൃഷ്ണന് കഴിഞ്ഞു. ജനിക്കാതെ പോയ കുഞ്ഞിനെ കുറിച്ചുളള  അമ്മയുടെ നിശബ്ദ ദുഃഖമാണ് ഈ കവിതയുടെ ജീവൻ.

കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും വൈകാരികതയാർന്ന  കാലഘട്ടമാണ്  കൗമാരം. വ്യവസ്ഥയ്‌ക്കെതിരെ കലഹിച്ചു കൊണ്ടിരിക്കുക എന്നത് കൗമാരക്കാരുടെ  പൊതുവായ  സവിശേഷതയാണ്. സ്വന്തം  മാതാപിതാക്കളെ പോലും പലപ്പോഴും അവർ ശത്രുക്കളായി കരുതും ബിന്ദു കൃഷ്ണന്റെ ‘പാസ് വേഡ്’ എന്ന കവിതയിൽ സ്വന്തം മകളുടെ  മനസ്സിലേക്ക്  കടക്കാൻ പാസ് വേഡ് തിരയുന്ന അമ്മയെ കാണാം. അമ്മയോട് പരുഷമായി പെരുമാറുന്ന, മുഖം കറുപ്പിച്ച് കൊടുങ്കാറ്റായി മുറിയിൽ കയറി  വാതിലടയ്ക്കുന്ന  മകളെ ഈ  കവിതയിൽ കാണാം  ഒരു കൗമാരക്കാരിയോട്  അമ്മയ്ക്ക്  പറയാനുളള കാര്യങ്ങൾ  പരസ്യമായി  കിട്ടാൻ ആരെ സമീപിക്കണമെന്നാണ് അമ്മ ചോദിക്കുന്നത്.

‘ഒരല്പ നേരം അവൾ അരികിലിരിക്കാൻ
ഏത് പോസ്  ബട്ടൻ അമർത്തണം ?
ഒരു മാത്ര അവൾ പഴയ കുഞ്ഞുമോളാകാൻ
ഒരു മുത്തം കൊടുക്കാൻ
ഏത്  ടൈം മെഷീൻ  തിരിക്കണം. ?’

കൗമാരക്കാരിയുടെ അമ്മയുടെ ആശങ്കകളാണിത്.  തലമുറകളുടെ  വിടവ് എല്ലാ കാലത്തും ഉണ്ട്. കൂടാതെ വിവരസാങ്കേതിക, യുഗത്തിൽ മനുഷ്യബന്ധങ്ങളിൽ ഉണ്ടാകുന്ന മാറ്റത്തെ  ഈ കവിത വ്യഞ്ജിപ്പിക്കുന്നു. പാസ് വേഡ് എന്നത് വിവരസാങ്കേതിക വിദ്യയുമായി  ബന്ധപ്പെട്ട  ഒരു പദമാണ്. പാസ് വേഡ്  അഥവാ രഹസ്യകോഡ് ഉണ്ടെങ്കിലേ  ഒരു പ്രത്യേക  ഇടത്തിൽ പ്രവേശനമുളളൂ, അതു പോലെ സ്വന്തം  മകളുടെ  മനസ്സിലേക്ക്  പ്രവേശിക്കാനുളള  പാസ്‌വേഡ് ആണ് ഈ കവിതയിലെ  അമ്മ അന്വേഷിക്കുന്നത്.  തലമുറകളുടെ  അഭിരുചിപ്പൊരുത്തങ്ങൾ  വ്യത്യസ്തമാണ്. അതിനാലാണ്  ഈ കവിതയിൽ  അമ്മയ്ക്കും കൗമാരക്കാരി  മകൾക്കും പരസ്പരം  മനസ്സിലാക്കാൻ സാധിക്കാത്തത്. മകൾ പുച്ഛിക്കാത്ത വിധത്തിൽ ഐ മിസ് യൂ എന്ന സന്ദേശം മെബൈൽ ഫോണിലൂടെ കൈമാറാനും അമ്മ ആഗ്രഹിക്കുന്നുണ്ട്. മക്കൾ എങ്ങനെ  പെരുമാറിയാലും ആർദ്രതയും സ്‌നേഹവും കൈവിടാത്ത  അമ്മമനസ്സിനെ  തന്നെയാണ് ഈ കവിതയിൽ ചിത്രീകരിക്കുന്നത്.

സാധാരണ സ്ത്രീ ജീവിതങ്ങൾ
സാധാരണസ്ത്രീകളുടെ  ജീവിതങ്ങൾ ബിന്ദുവിന്റെ  പലകവിതകളിലും പ്രമേയമാകുന്നുണ്ട് ‘തൊട്ടാൽ വാടരുത്’ എന്ന കവിത  തന്നെ ഏറ്റവും  മികച്ച ഉദാഹരണമാണ്. തൊട്ടാവാടിയും ഒരു പെൺകുട്ടിയും തമ്മിലുളള സംസാരത്തിന്റെ രൂപത്തിലാണ്  കവിത  രചിച്ചിരിക്കുന്നത്.   പ്രകൃതിയിൽ  നിന്നും  പ്രതികരണത്തിന്റെയും, പ്രതിരോധത്തിന്റെയും പാഠം  സ്ത്രീകൾ ആർജ്ജിക്കണം എന്നാണ് ഈ കവിത സൂചിപ്പിക്കുന്നത്. പെൺകുട്ടികൾക്കു നേരെ  നീണ്ടു വരുന്ന  കൈകൾ  സ്വാർത്ഥതയും ചതിയും  നിറഞ്ഞതാണെന്ന് അറിയണമെന്ന് തൊട്ടാവാടിയുടെ സംഭാഷണത്തിലൂടെ  വ്യംഗ്യമായി ആവിഷ്‌കരിച്ചിരിക്കുന്നു. മായാലോകത്തിൽ മുഴുകി ജീവിച്ചാൽ  പോരാ, മറിച്ച് ചെറുക്കാൻ ശീലീക്കുകയും  മനശ്ശക്തി ആർജ്ജിക്കുകയും  വേണമെന്നതാണ്  തൊട്ടാവാടി മുന്നോട്ടു വയ്ക്കുന്ന ജീവിത ദർശനം. എത്ര ചെറുത്താലും  ചില കൈകൾ  കയറിയിറങ്ങി  പോകാം എന്നാലും നിരാശയിലേക്ക്  വീഴാതെ  ജീവിക്കണം. ലോകത്തിൽ  അന്ധമായി ആരേയും  വിശ്വസിക്കരുതെന്നും നിസാര പ്രശ്‌നങ്ങളിൽ മനസ്സ് മടുത്ത് ജീവിതം  അവസാനിപ്പിക്കരുതെന്നും  ലോകത്തെ നോക്കി ചിരിക്കാൻ പരിശീലിക്കണമെന്നുമാണ് തൊട്ടാവാടി  പെൺകുട്ടിയോട്  പറഞ്ഞത്. ഇങ്ങനെ പ്രകൃതിയിൽ  നിന്നും സ്ത്രീകൾ  ചില പാഠങ്ങൾ പഠിക്കേണ്ടതുണ്ട് എന്ന ഓർമ്മപ്പെടുത്തൽ കുടിയാണ് ഈ കവിത. നിർദേശാത്മക സ്വഭാവമുളള പ്രതിരോധങ്ങൾ  സമകാലിക ലിംഗവ്യവഹാരങ്ങളിൽ ഒരു വ്യവസ്ഥ തീർക്കുന്നു. അത്  സ്ത്രീ ശരീരത്തെ ഒരു ഇരയായി  മാത്രം കാണാൻ നിർബന്ധിക്കുന്നു. സ്ത്രീയെയും  പുരുഷനെയും  അപരങ്ങളായി കാണുന്ന ദ്വന്ദ്വാത്മകസമീപനത്തിൽ സ്ത്രീ ശരീരം പുനർനിർവ്വചനസാദ്ധ്യതകളടഞ്ഞ്  ഇരയുടെ  വിധേയത്വനിലയിൽ  സ്ഥിരീകരിക്കപ്പെടുന്നു. വളരെ സ്വഭാവികമെന്നവണ്ണം സാധൂകരിക്കപ്പെട്ടു ലിംഗവ്യവഹാരങ്ങളുടെ  പൊതുസമീപനത്തിൽ  വളരെ സ്വഭാവികമെന്നവണ്ണം സാധൂകരിക്കപ്പെട്ട് കൊണ്ട് സ്ത്രീപുരുഷ ശരീരങ്ങൾ ഇര/ വേട്ടക്കാരൻ എന്ന ഘടനയിലേക്ക് ഉറപ്പിക്കപ്പെടുന്നു.”1 അതിനാൽ സ്ത്രീകൾ സ്വയം പ്രതിരോധനത്തിന്റെ പാഠങ്ങൾ   പഠിക്കേണ്ടതുണ്ടെന്ന് ഈ കവിത സാക്ഷ്യപ്പെടുത്തുന്നു.

അതീജീവനത്തിനു വേണ്ടി സ്ത്രീകൾ പല മാർഗങ്ങൾ  തെരഞ്ഞെടുക്കുന്നു. അതിലൊന്നാണ് മ്ലേച്ഛമെന്ന് വ്യവഹരിക്കുന്ന ലൈംഗികവ്യത്തി ഈ തൊഴിലിൽ ഏർപ്പെടുന്ന  ഒരു സ്ത്രീയുടെ  മനോവ്യാപാരമാണ്  ‘ദൈവത്തിന്റെ സൊന്തം’ എന്ന കവിതയിൽ ഉളളത്. ‘ദൈവത്തിന്റെ  സൊന്തം’ എന്ന  ശീർഷകത്തിൽ തന്നെ  ഒരു ഐറണി  കലർന്നിരിക്കുന്നു  ടൂറിസ്റ്റുകളെ ആകർഷിക്കാൻ കേരളസംസ്ഥാന  ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച  പരസ്യവാചകമാണ് ദൈവത്തിന്റെ  സ്വന്തം  നാട് എന്നത്. ദൈവത്തിന്റെ സൊന്തം എന്ന കവിത കായലോരത്തവിടെയോ ഉളള ഒരു പെൺപകലിന്റെ  ആവിഷ്‌കാരമാണ്. സ്ത്രീയവസ്ഥയുടെ  ദൈന്യത ഈ കവിതയിൽ  കാണാം. ഹൗസ്‌ബോട്ടിലെ സായിപ്പിന്  ശരീരം കാഴ്ചവയ്ക്കുന്ന  ഒരു യുവതിയുടെ  ആത്മഗതത്തിന്റെ  രൂപത്തിലാണ്  ഈ കവിതയുടെ   ആഖ്യാനം  കറുത്ത കണ്ണട വച്ച സായിപ്പിന് കാഴ്ചകൾ  വേണ്ട, ഇരുളിലെ കാമപൂർത്തിമതി. കണ്ണട  ഒരു  മറയാണല്ലോ .എണ്ണയിൽ  മുങ്ങിത്തോർത്തി മഞ്ഞളും സിന്ദൂരവുമിട്ട് നിസ്സംഗമായ കണ്ണുകളോടെ അയാൾക്കു മുന്നിൽ  മലർന്നു കിടന്ന ദൈവത്തിന്റെ സ്വന്തം  നാട്ടിലെ മീനുകളോടും തെങ്ങുകൾ  അയാൾക്കായി ചുരത്തിയ പാലിനോടുമൊക്കെ  നീതി പുലർത്തിയിട്ടാണ് സായിപ്പ്  അവളിലേക്കു പ്രവേശിച്ചത് .നാട്ടിലെ മീനുകൾ പോലെ ഒരു മീനായും നാട്ടിലെ കരിക്കുകൾ പോലൊരു കരിക്കായും ഉപഭോഗവസ്തുവായിട്ടാണ് സായിപ്പ് അവളെ കാണുന്നത്. അവളെ സംബന്ധിച്ച്.

ഇന്നു രാത്രി അച്ഛൻ
മരുന്നു കഴിച്ച് ചുമയ്ക്കാതെയുറങ്ങും
അനിയൻ
വയറു നിറഞ്ഞ് കരയാതുറങ്ങും
അതാ കാര്യം
അത്രയുളളു കാര്യം’

അവൾ സന്ധ്യയ്ക്ക് കരയ്ക്കിറങ്ങുമ്പോഴാണ്  അമരത്ത് അയലത്തെ വീട്ടിലെ ചേട്ടനാ ണെന്നറിയുന്നത്.  അയാളുടെ  മുഖമൊക്കെ  വല്ലാതെ ,കണ്ണാക്കെ കലങ്ങി കാണപ്പെടുന്നു.ആ വരികളിൽ നിന്ന് ഒരു ഗൂഢാനുരാഗത്തിന്റെ സൂചന കാണാം അതിഥിയാണ് നമ്മുടെ ദൈവം എന്ന വാക്യത്തിലാണ് കവിത അവസാനിക്കുന്നത്. അതിഥിയായ  സായിപ്പിന് ശരീരം വിൽക്കുന്ന ദരിദ്രയായ പെൺകുട്ടി  ലൈംഗികത്തൊഴിലാളിയായി ജീവിച്ച് കുടുംബം  പോറ്റേണ്ടി വരുന്ന  സ്ത്രീകളുടെ  ദൈന്യാവസ്ഥ കാണിക്കുന്നു.’ സത്യത്തിൽ സ്വമേധയാ ഉളള വേശ്യാവൃത്തി എന്നൊന്നില്ലെന്നും സ്ത്രീയുടെ ശരീരം കച്ചവടം ചെയ്യുന്ന ഒരു  ആധിപത്യവ്യവസ്ഥയ്ക്കു  വേണ്ടിയുളള നിർബന്ധിത വേശ്യാവൃത്തിയാണ്  ഇവിടെ ഉളളതെന്നും  മനസ്സിലാക്കേണ്ടതുണ്ട്.‘2 ഇത്തരത്തിൽ  പുരുഷാധിപത്യ വ്യവസ്ഥയുടെ ഇരയാണ് ഈ കവിതയിലെ ദരിദ്രപെൺകുട്ടി.

അഗ്രഹാരത്തിന്റെ ഇരുട്ടിൽ  ജീവിതം തളച്ചിട്ട  ഒരു പാട്ടിയുടെ അവസ്ഥയാണ് ചൊല്ലി ചൊല്ലി എന്ന  കവിതയിൽ  ഉളളത്. പാട്ടിയമ്മയ്ക്കും ആഖ്യാതാവായ പെൺകുട്ടിയ്ക്കും തമ്മിൽ തലമുറകളുടെ അന്തരമുണ്ട്. അവർ തമ്മിൽ ചരിത്രപരവും സാംസ്‌കാരികവുമായ  അകലവും  ഉണ്ട്. എന്നാൽ കവിതയുടെ  അന്ത്യത്തിൽ  പാട്ടിയമ്മയും  പെൺകുട്ടിയും  തമ്മിലുളള അകലം ഇല്ലാതാകുന്നതായി  കാണാം  ചൊല്ലി ചൊല്ലി അപ്പടിയാച്ച് എന്ന് പാട്ടിയമ്മ പറഞ്ഞതിന്റെ  പൊരുൾ  ആദ്യം പെൺകുട്ടിക്ക്  അറിയില്ലായിരുന്നു .എന്നാൽ എന്നും രാവിലെ ഇതാണു സ്വർഗ്ഗം എന്ന് മൂന്ന് തവണ പറഞ്ഞാൽ കാഞ്ചനക്കൂടിന്റെ അഴികൾ അദൃശ്യമാകും എന്ന് പാട്ടി പറയുന്നുണ്ട്. കാഞ്ചനക്കൂടിന്റെ  അഴികൾ എന്ന പ്രയോഗത്തിലൂടെ  അഗ്രഹാരത്തിന്റെ ഇരുട്ടിൽ ജീവിതം ഹോമിച്ച പാട്ടിയുടെ അവസ്ഥ വ്യക്തമാകുന്നു. കണ്ണാടി നോക്കി ഇതാണു ഞാൻ എന്ന് പലവുരു തറപ്പിച്ചു പറഞ്ഞാൽ ഏതോ ഒരാൾ ഞാനാകുന്നു എന്നും പെൺകുട്ടി പറയുന്നുണ്ട്. സ്വത്വത്തെ  കുറിച്ചുളള നിരവധി ചോദ്യങ്ങൾ ഉത്പാദിപ്പിക്കാൻ ഈ കണ്ണാടിബിംബത്തിന് കഴിയുന്നു. സ്വത്വം എന്നത്.  ഇവിടെ പ്രശ്‌നവൽകരിക്കപ്പെടുന്നു. ആത്മാവിനെ കട പുഴക്കുന്ന പ്രണയത്തെ വെറും ഇഷ്ടം എന്ന് ആവർത്തിച്ച് ചൊല്ലിയാൽ   അതും ഇല്ലാതാകുമെന്ന പെൺകുട്ടി തിരിച്ചറിയുന്നു. ചൊല്ലി ചൊല്ലി  എന്തിനെയും  എന്തുമാകുന്ന പാട്ടിയുടെ  വിദ്യ പഠിച്ച പെൺകുട്ടി  അഗ്രഹാരത്തിന്റെ ഇരുളിൽ  പാട്ടി എന്തിനെ  എന്താണാക്കായിരുന്നത്. എന്നും എങ്ങനെയാണ്  എപ്പോഴും ചിരിച്ചിരുന്നതെന്നും  ചോദിക്കുന്നുണ്ട് പാട്ടിയുടെ ജീവിതത്തിലെ  ഇരുട്ട്  ധ്വന്യാത്മകമായി   കവിതയിൽ  സൂചിപ്പിക്കുന്നുണ്ട്. പരതന്ത്രവും ഇച്ഛാനുസാരിയല്ലാത്തതുമായ ജീവിതം കൂട്ടിലടച്ച കിളിയുടേതിന് സമാനമാണ് . പാട്ടിയുടേതിൽ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ല പെൺകുട്ടിയുടെ  ജീവിതവും മറ്റാരോ ആയി ജീവിക്കാൻ അവൾ നിർബന്ധിതയാകുന്നു. ഇഷ്ട പ്രണയത്തിനു പോലും  അവൾ വിലക്കുകല്പിക്കുന്നു. ഇത്തരത്തിൽ സാധാരണ സ്ത്രീകളുടെ  ജീവിതത്തിന്റെ ദു:ഖങ്ങളെയും സ്വപ്നങ്ങളെയും ആവീഷ്‌കരിക്കുന്ന കവിതകൾ ബിന്ദു രചിച്ചിട്ടുണ്ട്.

ചരിത്രത്തിലെ സ്ത്രീകൾ
കലാ സാഹിത്യരംഗത്ത് വ്യക്തിമുദ്ര  പതിപ്പിച്ചിട്ടുളളവർ എന്നും ചരിത്രത്തിന്റെ ഭാഗമായിട്ടുളളവരാണ് അത്തരത്തിൽ ചരിത്രത്തിന്റെ നിറം sylvia2മങ്ങിയ താളുകളിൽ ഇടം പിടിച്ച  ചില സ്ത്രീകൾ ബിന്ദുവിന്റെ കാവ്യലോകത്ത് സ്ഥാനം പിടിച്ചിട്ടുണ്ട് .പ്രശ്‌ന ഇംഗ്ലീഷ് കവയത്രിയായ  സിൽവിയാപ്ലാത്ത് ആത്മഹത്യയിൽ ജീവിതം അവസാനിപ്പിച്ചു. അവർക്കുളള സ്മരണാഞ്ജലി കൂടിയാണ് സിൽവിയാ നിന്റെ നിക് എന്ന കവിത. ഉറങ്ങി കിടന്ന കുഞ്ഞുങ്ങൾക്ക് പാലും റൊട്ടിയും അടച്ചു വെച്ചിട്ടാണ് ഗ്യാസ് സ്റ്റൗവിൽ  തലവെച്ച് സിൽവിയാ ജീവനൊടുക്കിയത്. വിഷവാതകം കുഞ്ഞുങ്ങളിലേക്ക് എത്താതിരിക്കാൻ  വാതിൽവിടവുകളിൽ തുണി  തിരുകിയിരുന്നു .വർഷങ്ങൾക്കു ശേഷം  സിൽവിയുടെ മകൻ നിക്കൊളാസും  ആത്മഹത്യ ചെയ്തു ,വിഷാദത്തിന്റെ വിഷകണികകൾ  വർഷങ്ങളിലൂടെ  അരിച്ചരിച്ചാണ് നിക്കോളാസ് എന്ന നിക് മരിച്ചതെന്ന് കവിതയിൽ  പറയുന്നു.

‘നീ ഭംഗിയായി ചെയ്‌തെന്ന്
നീ കരുതിയ കലയിൽ
നീന്നെ ജയിച്ച്
നിന്നെത്തേടി അവനെത്തിയോ ?
ഓ സിൽവിയാ
നിന്റെ രത്‌നം
നിന്റെ മടിയിൽത്തന്നെ
വന്നു വീണോ ?’

അമ്മയുടെ മകന്റെയും ആത്മഹത്യകൾ  ധ്വന്യാത്മകമായി ഈ  വരികളിൽ  വ്യക്തമാകുന്നു. സിൽവിയയുടെ  മരണം അവരുടേത് മാത്രമല്ല  ഒരു  കവയത്രിയുടെയും  അമ്മയുടെയും, കാമുകിയുടെയും മരണം കൂടിയാണെന്ന് ബിന്ദുവിന്റെ  കവിതയിൽ പറയുന്നു. മകനു വേണ്ടി ജീവിക്കാതെ  ഭർത്താവിനെ  ചൊല്ലി മരിച്ചതിന് സിൽവിയയുടെ ആത്മാവ് കുറ്റംബോധത്താൽ നീറുകയായിരിക്കും എന്ന ഭ്രമകൽപനയിലാണ് കവിത അവസാനിക്കുന്നത്.

സ്‌നേഹിക്കപ്പെടുന്ന സ്ത്രീകളെ  പെട്ടെന്ന് തിരിച്ചറിയാം, ഉള്ളിൽ ഒരു വിളക്ക് കത്തിച്ചു വെച്ച പോലെ അവർ  തിളങ്ങിക്കൊണ്ടിരിക്കും എന്ന് ബിന്ദുവിന്റെ  തിളങ്ങുന്ന സ്ത്രീകൾ എന്ന കവിതയിലുണ്ട് അതുപോലെ ആ കവിതയിൽ, ആരാലും സ്‌നേഹിക്കപ്പെടാത്ത സ്ത്രീകൾ ഒരു ശവഘോഷയാത്രയിലെന്ന  പോലെ ചുമടേന്തി തല കുനിച്ച് നരകത്തിലൂടെ നടന്നു കൊണ്ടേയിരിക്കും  എന്നും പറയുന്നുണ്ട്.  അത്തരത്തിൽ  സംഘർഷഭരിതമായ ഒരു ജീവിതമായിരുന്നു.  സിൽവിയാപ്ലാത്ത് എന്ന  കവയത്രിയുടേത്. ഒരു കലാകാരി /എഴുത്തുകാരി എന്തിന്  ജീവിതം  അവസാനിപ്പിക്കുന്നു എന്ന ചോദ്യം  അന്നത്തെ പോലും ഇന്നും  സമൂഹത്തിൽ  പ്രസക്തമാണത് ‘പുരുഷൻന്മാരെ പോലെ  വികാരങ്ങളിലും അനുഭവങ്ങളിലും ആസകലം  ആമഗ്നരായി  അവ വിനിമയം ചെയ്യാൻ എഴുത്തുകാരികൾക്കാവുന്നില്ല, പകരം അൽപം അകന്നു നിന്ന് അവയെ ആവിഷ്‌കരിക്കുകയാണവർ.’3

ആദ്യകാല എഴുത്തുകാരികളെ കുറിച്ച് ഡോ: എൻ. കെ രവീന്ദ്രന്റെ  ഈ നിരീക്ഷണം  വളരെ ശ്രദ്ധേയമാണ്.സ്ത്രീയ്ക്കു, ആദ്യകാലഘട്ടങ്ങളിൽ സ്വശരീരത്തെയും  ലൈംഗികതയെയും ഭാഷയിലൂടെ  ആവിഷ്‌കരിക്കുക ദുഷ്‌കരമായിരുന്നു. അങ്ങനെ ആവിഷ്‌കരിച്ച ആദ്യകാല എഴുത്തുകാരികൾക്ക്  മരണത്തിലോ മൗനത്തിലോ അഭയം തേടേണ്ടി വന്നു. എന്നാൽ ബിന്ദുകൃഷ്ണന്റെ കവിതയിൽ എഴുത്തുകാരിയുടെ ആന്തര സംഘർഷങ്ങളെ അപ്രധാനീകരിച്ചു കൊണ്ട് മാതൃത്വം കടന്നു വരുന്നു മകനു വേണ്ടി ജീവിക്കാമായിരുന്നു എന്ന സങ്കൽപത്തിലേക്ക്  സിൽവിയയെ പോലുളള ഒരു എഴുത്തുകാരിയെ ഒതുക്കിയത് ഉചിതമായില്ല.

ശ്രീബുദ്ധന്റെ  പൂർവ്വാശ്രമത്തിലെ ഭാര്യയായിരുന്ന യശോധര പ്രധാന കഥാപത്രമാകുന്ന  കവിതയാണ് ‘പാതി ഒഴിഞ്ഞ കിടക്ക’. പാതി ഒഴിഞ്ഞ കിടക്ക എന്നത്  ശിഥില ദാമ്പത്യത്തിന്റെ പ്രതീകമാണ് .ഈ കവിതയിൽ  പാതി ഒഴിഞ്ഞ  കിടക്കയിൽ കിടക്കുന്ന ആഖ്യാതാവായ സ്ത്രീയുടെ  സ്വപ്നത്തിൽ യശോദര  പ്രത്യക്ഷപ്പെടുന്നു. ഒന്നായ  ശേഷം  രണ്ടാവുന്നതിന്റെ വേദന അറിയുന്ന  സ്ത്രീ, യശോധരയുടെ മുഖത്തെ ശൂന്യതയിൽ നിന്ന്  സർവസംഗപരിത്യാഗം എന്ന വാക്കിന്റെ ഭീകരാർത്ഥവും സ്വാതന്ത്ര്യം എന്ന വാക്കിന്റെ  നാനാർത്ഥവും , കരുണ എന്ന വാക്കിന്റെ ദ്വയാർത്ഥവും  മനസ്സിലാക്കുന്നു. യശോധരയുടെ  അഴിഞ്ഞ  മുടിയിൽ  മുണ്ഡനം  ചെയ്ത ഒരായിരം ശിരസ്സുകൾ പിടയുന്ന  വിഭ്രമാത്മകദൃശ്യമാണ്  അവൾ സ്വപ്നത്തിൽ  ദർശിക്കുന്നത്. ഇറങ്ങിപ്പോയവർ  തിരിച്ചുവരാതിരിക്കാൻ  കാവൽ നിൽക്കുന്ന, ഫണം  വിടർത്തിയാടുന്ന  സർപ്പങ്ങളായിട്ടാണ്. യശോധരയുടെ  മുടിയെ അവൾ  കാണുന്നത്. ഒരു രാത്രിയിൽ  ഉറങ്ങി കിടക്കുന്ന തന്നെയും മകനെയും  ഉപേക്ഷിച്ച്  സർവസംഗപരിത്യാഗിയായി  ഇറങ്ങിയ  സിദ്ധാർത്ഥ രാജകുമാരനോടുളള യശോധരയുടെ വികാരങ്ങളാണ് ഈ വരികളിൽ തുടിച്ചു നിൽക്കുന്നത്. സർവ്വസംഗ പരിത്യാഗം  എന്ന വാക്ക്  യശോധരയെ സംബന്ധിച്ച്  ഭീകരമായിരുന്നു. ബുദ്ധനായി  തീർന്ന സിദ്ധാർത്ഥന്റെ കരുണ എന്ന വാക്കും അവളെ സംബന്ധിച്ച് വിരുദ്ധാർത്ഥത്തിലായിരുന്നു. ബുദ്ധമതത്തിന്റെ ഏറ്റവും പ്രധാന തത്വമാണ് കരുണ. എന്നാൽ യശോധരക്ക് ആ കരുണ നിഷേധിക്കപ്പെട്ടു.

കവിതയിലെ  ആഖ്യാതാവായ  സ്ത്രീയുടെ ഭഗ്‌നദാമ്പത്യത്തിന്റെ സൂചകങ്ങളാണ് അവളുടെ പാതി ഒഴിഞ്ഞ കിടക്കയും, സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്ന യശോധരയും ഭർത്താവ് ഉപേക്ഷിച്ച പോകുന്ന ഓരോ സ്ത്രീയുടെയും പ്രതീകമായി  യശോധര മാറുന്നു. ലോകത്തിലേക്ക്  ഇറങ്ങിപ്പോയ ബുദ്ധനെ  പോലുള്ളവർ  ശാന്തി തേടിയലഞ്ഞപ്പോൾ  ലോകത്തെ  പുറത്താക്കുന്ന മനസ്സുകളിൽ  ശാന്തി നിറയുന്നു എന്ന് കവിതയിൽ പറയുന്നു. യുദ്ധങ്ങൾ , കലാപങ്ങൾ ,ദുരന്തങ്ങൾ അസമത്വങ്ങൾ  എന്നിവയെ  കുറിച്ചെല്ലാം  ചിന്തിക്കുകയും ,ഉത്കണ്ഠാകുലരാകുകയും  ചെയ്യുമ്പോൾ  ചിലർക്ക്  മനസ്സിന്  സ്വസ്ഥത നഷ്ടപ്പെടുന്നു .എന്നാൽ  ഇത്തരം ആലോചനകൾ  ഇല്ലാതെ തന്നിലേക്ക്  മാത്രം ഒതുങ്ങി കൂടുന്നവർക്ക്  ശാന്തി ലഭിക്കുന്നതായും  പറയുന്നു, ലോകത്തിൽ നിന്ന്  വ്യക്തിയിലേക്ക്  ആത്മരതിയിലേക്ക് കവിത  സങ്കോചിക്കുന്നതായിട്ടാണ് അവസാന ഭാഗത്ത് ദൃശ്യമാകുന്നത്.

ബിന്ദുകൃഷ്ണന്റെ കാവ്യലോകത്തിൽ  അമ്മക്കവിതകളും സാധാരണ സ്ത്രീജിവിതങ്ങൾ ആവിഷ്‌കരിക്കുന്ന കവിതകളും ചരിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളും ഉണ്ട്. അമ്മക്കവിതകളിൽ  ഒരമ്മയ്ക്ക് മകളോടുളള  സ്‌നേഹം ,കരുതൽ, ഭാവിയെ കുറിച്ചുളള   ഉത്കണ്ഠകൾ എന്നിവ ദൃശ്യമാകുന്നു. പെൺജീവിതങ്ങൾ  ഒട്ടും സുരക്ഷിതമല്ലാത്ത  ഈ ലോകത്ത് സ്വയരക്ഷയ്ക്കായുളള കരുത്ത് പെൺകുട്ടികൾ ആർജ്ജിക്കണം എന്നാണ് ഈ കവിതകളുടെ  പൊരുൾ.  സാധാരണ സ്ത്രീ ജീവിതങ്ങൾ ആവിഷ്‌കരിക്കുന്ന തൊട്ടാൽ വാടരുത്, ദൈവത്തിന്റെ സൊന്തം പോലുളള കവിതകളിൽ അതീജീവനത്തിനായി  സ്ത്രീകൾ നടത്തുന്ന ശ്രമങ്ങളാണ്  ആവിഷ്‌കരിക്കുന്നത്. അതിജീവനത്തിന്റെയും , പ്രതിരോധനത്തിന്റെയും  പാഠങ്ങൾ പ്രകൃതിയിൽ  നിന്ന് ആർജ്ജിക്കണമെന്നും, സർവംസഹ എന്ന ആദർശാത്മക ബിംബത്തിൽ നിന്ന് മോചിതരായി സ്‌ര്തരീകൾ തങ്ങളുടെ സ്വത്വം വീണ്ടെടുക്കണമെന്നുമാണ്  ഈ കവിത  നൽകുന്ന പാഠം  ചരിത്രകഥാപാത്രങ്ങൾ പ്രത്യക്ഷപ്പെട്ട കവിതകളിൽ  അവരുടെ ദു:ഖത്തിന്റെയും  ,ആത്മസംഘർഷങ്ങളുടേയും സഹനത്തിന്റെയും നിഴലുകളാണ് വെളിവാകുന്നത് ശരിതെറ്റുകൾ ഏതെന്ന് വിവേചിച്ചറിയാതെ സ്വയം ഉഴലുന്ന ഇത്തരം സ്ത്രീകഥാപാത്രങ്ങളെ വർത്തമാനകാലസ്ത്രീജീവിതങ്ങളുമായി  ബന്ധിപ്പിക്കുന്നതാണ് ബിന്ദുവിന്റെ കവിതകളുടെ കരുത്ത്. ഇത്തരത്തിൽ  സ്ത്രൈണയുടെ  വിവിധ അവസ്ഥാന്തരങ്ങളെ ആവാഹിക്കുന്നവയാണ് ബിന്ദുകൃഷ്ണന്റെ കവിതകൾ എന്ന് പറയാം.

ഗ്രന്ഥസൂചി
1. ഉഷാകുമാരി. ജി, 2013, ഉടൽ ഒരു നെയ്ത്ത് : സംസ്‌കാരത്തിന്റെ സ്ത്രീവായന, SPCS കോട്ടയം, പുറം 90.
2. ചന്ദ്രിക. സി.എസ്, 2008, ആർത്തവമുളള സ്ത്രീകൾ : സ്ത്രീവാദപഠനങ്ങൾ, ഫേബിയൻ ബുക്‌സ്, മാവേലിക്കര, പുറം103.
3. രവീന്ദ്രൻ. എൻ. കെ, 2010, പെണ്ണഴുതുന്ന ജിവിതം, മാതൃഭുമി ബുക്‌സ്, കോഴിക്കോട് പുറം 69.

Comments

comments