ഞാൻ തെറ്റ് ചെയ്തു അല്ലേ, എന്ന പഴയ കള്ളന്റെ വിലാപം (ഇന്ദുലേഖയിലെ ഷിയർ ആലി ഖാൻ / മാധവന്റെ പെട്ടിയെല്ലാം അപഹരിച്ച് അയാളെ കുത്തിക്കൊന്നു എന്ന് 19 ആം അധ്യായത്തിൽ ഇന്ദുലേഖ സ്വപ്നം കണ്ട് ഞെട്ടി ഉണർന്ന മുസൽമാൻ ) പുതുകാല ഫിക്ഷനിലും പുതുരൂപത്തിൽ പ്രതിയോഗികളായി ഇടം പിടിക്കുന്നുണ്ടോ? മാതൃഭൂമിയിലെ ബിരിയാണി എന്ന കഥയിൽ ഭക്ഷണം വേസ്റ്റ് ചെയ്യുന്ന ,പരോക്ഷമായെങ്കിലും ഗോപാൽയാദവിന്റെ മകളുടെ മരണത്തിന് /സാമൂഹിക അനീതിക്ക് പങ്കുകാരാവുന്നവർ ആരൊക്കെയാണ്? കലന്തൻ ഹാജി (നാല് ഭാര്യമാർ ഉണ്ട് ഹാജിക്ക്) ആമിന, റുഖിയ, ഹാജിയുടെ വിശ്വസ്തൻ അസൈനാർച്ച, സിനാൻ (ഇയാളും മൾട്ടി ലൈംഗികതയെ ആഗ്രഹിക്കുന്ന കഥാപാത്രമാണ്. കഥയിൽ ഇങ്ങിനെയാണ് സൂചന: ‘ ഭായീ രെ, ആയം മതി,
സിനാൻ അവന്റെ അസംഖ്യം കാമുകിമാരിൽ ഒരാളായ റിയാറാഫിക്ക് ഒരു വാട്സ് ആപ്പ് നൽകുന്നതിനിടയിൽ പറഞ്ഞു.) പ്രതിയോഗികളെ സൂചനാ കൃത്യമായ മത കമ്യൂണിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ? കഥയുടെ പ്ളോട്ടിൽ? ഓരോരുത്തരുടെയും പേര് രേഖപ്പെടുത്തി വിളയുന്ന ഗോതമ്പ് മണി കിട്ടാതെ മരിച്ചു പോയ ഗോപാൽ യാദവിന്റെ മകൾക്ക് അത് കിട്ടാത്തതിന് കാരണക്കാരായവർ തന്നെയോ ഇവർ . കാലിക രാഷ്ട്രീയ സാഹചര്യത്തിൽ ഇക്കഥയെ അപനിർമ്മിച്ച് നിരസിക്കുകയല്ല. ബിരിയാണി വസുമതി കൊണ്ട് മാത്രം വിളയുന്ന ആഹാരമല്ല. അതിലെ ചേരുവയിൽ ‘കാലി’ കൂടി ഉൾപ്പെടും. കാലിക്കടത്തുകാരെയും സൂക്ഷിപ്പുകാരെയും കൊന്ന്  തള്ളുന്ന ഇക്കാലത്ത് ( ഒരു സംഘ് പ്രവർത്തകനെ മുസ്ലിം ആണെന്ന് തെറ്റിദ്ധരിച്ച് കാലിക്കടത്തിന് ശിക്ഷയായി കൊല ചെയ്ത വാർത്ത ഡൂൾ ന്യൂസ് ഇന്നലെയും എഴുതി യിട്ടുണ്ട് ) ഈ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ പോലും ഇതൊരു ന്യൂനപക്ഷ വിരുദ്ധ കഥയല്ല;മറിച്ച് മുസ്ലിം എതിനിസിറ്റിക്ക് ചെവിയിലോതപ്പെട്ട മൊറാലിന്റെ ഇമേജ് കൂടിയാണ് എന്ന് തോന്നിക്കും;ബിരിയാണി. ഈ എത്നിസിറ്റിയെ ഇങ്ങനെ മാത്രമെ കഥാ ഭാവനയിലും ചലച്ചിത്രഭാവനയിലും സ്ഥാനപ്പെടുത്താൻ സാധിക്കൂ എന്ന കർതൃത്വപരമായ  ധാരണകളെ കൂടി അത് ഉൾവഹിക്കുന്നുണ്ട്. നിർമാല്യത്തിൽ എം.ടി ഒരു കച്ചവടക്കാരനായ മാപ്പിളയെ അവതരിപ്പിക്കുന്നുണ്ട്. വെളിച്ചപ്പാടിന്റെ ഭാര്യയുമായി അവരുടെ സമ്മതത്തോടെ സഹശയനം നടത്തുകയും അത് കണ്ട് തന്റെ തകർച്ച പൂർത്തിയാവുകയും ചെയ്യുന്ന വെളിച്ചപ്പാടിന്റെ രംഗം ( റഫറൻസ് ) അക്കഥയിലും തുടർന്ന് മലയാളത്തിൽ വന്നിറങ്ങിയ അനേകം ഫിക്ഷനുകളിലും /സിനിമകളിലും വന്ന മുസ്ലിം പ്രതിയോഗി പ്രതിനിധാനം രാഷ്ട്രീയ തെറ്റിന്റെ കടന്നിരിപ്പായിരുന്നു എന്ന നിരീക്ഷണങ്ങൾ വന്ന് കഴിഞ്ഞതാണ്. അക്കാരണം കൊണ്ട് തന്നെ ഇക്കഥ മുസ്ലിം സാമൂഹിക / സാംസ്കാരിക ജീവിതവുമായി ബന്ധപ്പെട്ട മറ്റ് ചില ആലോചനകളിലേക്കാണ് എന്നെ നയിക്കുന്നത്. ഭക്ഷണം, ലൈംഗികത തുടങ്ങിയവയുടെ ആർഭാട വിനിയോഗത്തിന്റെ ഇമേജുകൾ തന്നെയായി 2016 ൽ എഴുതപ്പെടുന്ന കഥാഭാവനയിലെ മുസ്ലിം / മാപ്പിള വ്യക്തി വൽക്കരിക്കപ്പെട്ടുന്നതിലെ പൊളിറ്റിക്സ്  സൂചിപ്പിക്കുന്നത് അക്കാര്യങ്ങളിലെ മാപ്പിള സോഷ്യൽ ഓഡിറ്റിങ്ങിലേക്ക് കൂടിയാണ്. അല്ലെങ്കിൽ മുൻധാരണകളെ അടിസ്ഥാനമാക്കി ഭാവനാ ചരിത്രത്തിൽ സ്ഥാനപ്പെട്ട എതിനിക് വ്യക്തികളെ തന്നെ കഥയുടെ പ്ളോട്ടിലേക്ക് ആനയിച്ച് അത് ജനപ്രിയതയെ അഭിമുഖീകരിക്കുന്നു എന്ന ദുരാരോപണത്തിലേക്ക്.

 

14060020_1051404644907942_361975218_o

ആ എത്നിക് വ്യക്തി ഇപ്പോഴും ഇതൊക്കെ തന്നെയായി തുടരുന്നു എന്നും വരുന്നു. പഴയ ആ പ്ലൂരൽ ലൈംഗിക ദാഹിയുടെ, ആർഭാട ഭക്ഷ്യകന്റെ, ഭാവനയിലെ പ്രതിയോഗികളുടെ വിലാപം ഞാൻ തെറ്റുകാരൻ തന്നെയാണല്ലേ എന്ന് വീണ്ടും കേൾപ്പിക്കുന്നു എന്നല്ല ഇത് വായിച്ചെടുക്കേണ്ടത് എന്ന് തോന്നുന്നു. കച്ചവടത്തിൽ 600 രൂപ മലയാളിക്ക് കൂലിയും അതേ ജോലിക്ക് ബീഹാറിക്ക് 250 ഉം കൊടുത്ത് അനീതി കാണിക്കുന്ന ഹസൈനാർച്ച തന്റെ വേദഗ്രന്ഥത്തിൽ തൊഴിലാളിക്ക് അവന്റെ വിയർപ്പു വറ്റുന്നതിന് മുമ്പ് അർഹതപ്പെട്ട കൂലി കൊടുക്കണം എന്നെഴുതിയത് ലംഘിക്കുന്ന തെറ്റുകാരനാകുന്നു. ( ഹസൈനാർച്ചാക്ക് നരകം ഉറപ്പ്. കാരുണ്യത്തെപ്പറ്റിയും സമത്വത്തെപ്പറ്റിയും പാഠങ്ങൾ നിർമ്മിക്കാൻ ഉണ്ടാക്കിയ മതത്തിലെ ഇക്കഥാ പാത്രങ്ങൾക്കെല്ലാം നരകം ഉറപ്പ് )

കഥയിലെ പ്രതിയോഗികളെ നിങ്ങളുടെ ഗതി ഇക്കാലത്തും ഇതു തന്നെയാണല്ലോ.

കഥയിലെ സ്ഥലാഖ്യാനം/ പ്രാദേശികത്വം പരിശോധനയിലേക്ക് കൊണ്ടു വരികയും സമകാലിക മാപ്പിള മുസ്ലിം സാംസ്കാരിക സ്വത്വത്തെ പ്രശ്നവൽക്കരിക്കുകയും ചെയ്യുന്നതിലൂടെ അതിലെ സൂക്ഷ്മ രാഷ്ടീയം വിശകലനത്തിനെടുക്കാൻ സാധിച്ചേക്കും. ചെർക്കളം, പൊയിനാച്ചി തുടങ്ങി കഥയിൽ വിവൃതമാവുന്ന ഉത്തര മലബാർ മുസ്ലിം ജീവിതം / നോട്ടം പലപ്പൊഴും കേരളീയ പരിസരത്തിൽ നിന്നും അകലെയാണ്. ഒറ്റ ഉദാഹരണം; അവിടെ യാണ് മുഖം മൂടുന്ന /കണ്ണ് മൂടുന്ന കറുപ്പ് വസ്ത്രപ്പെണ്ണുങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത്. പെണ്ണിന്റെ ലോകം പുതിയാപ്ള തക്കാരം ബിരിയാണി, പൊന്ന്, പർദ്ദ തുടങ്ങിയവയായി സ്ഥാനപ്പെടുന്ന സംസ്കാരം സമകാലിക കേരള മുസ്ലിമിന് അന്യവുമല്ല. ( തീർച്ചയായും കേരള മുസ്ലിം സ്ത്രീ പർദ്ദ വ്യാപകമായി ഉപയോഗിക്കുന്നത് കഴിഞ്ഞ 20 വർഷത്തിനിങ്ങോട്ടാണ് ) ഭാര്യാ ബഹുത്വത്തിനും പെൺ ഉടൽ നോട്ട രാഷ്ട്രീയത്തിനും വേണ്ടി പണിയെടുത്ത് നാട്ടിൽ പ്രസംഗിക്കുന്ന പുരോഹിതരും ഇക്കാലത്തും മുസ്ലിം സമൂഹത്തിന് അന്യമല്ല. ഇങ്ങിനെ ആലോചിക്കുമ്പോൾ സന്തോഷ് ഏച്ചിക്കാനം എഴുതിയ ബിരിയാണി മുസ്ലിം സമുദായ വിമർശം കൂടിയാണ്. ലോകം എത്ര മാറിയാലും തങ്ങൾ മാറില്ല എന്ന് പ്രതിരോധം തീർക്കുന്ന ഒരു സമുദായത്തിലെ സ്പീഷിസ് കൂടിയാണ് കലന്തൻ ഹാജി. ധീരമായ ഒരു കഥാപശ്ചാത്തല നിർമ്മിതിയാണത്. താരതമ്യേന യാഥാസ്ഥികത്വം കുറഞ്ഞ മലബാറിലെ മുസ്ലിം സാംസ്കാരിക ജീവിതത്തെ വിചാരണ ചെയ്യാൻ കൂടി ഇക്കഥ പ്രേരിപ്പിക്കുന്നുണ്ട്. മുസ്ലിം കല്യാണങ്ങളിൽ ഭൂരിഭാഗവും (കോഴിക്കോട്, മലപ്പുറം ഉൾപ്പെടുന്ന മലബാർ പ്രദേശങ്ങളിൽ) ക്ഷണിക്കപ്പെട്ട് കുടുംബസമേതം വിവാഹത്തിന് ചെല്ലുന്ന വ്യക്തികൾക്ക് ഒരുമിച്ചിരുന്ന് ( ഭാര്യ, ഭർത്താവ്, കുട്ടികൾ ) ഭക്ഷണം കഴിക്കാനോ ഇരിക്കാനോ ഉള്ള ഇരിപ്പിടങ്ങളും സ്ഥലവും മിക്ക വിവാഹപ്പന്തലിലും കാണില്ല. ഭാര്യ പെണ്ണായതു കൊണ്ട് അവൾക്കിരിക്കാൻ പ്രത്യേക പന്തലൊരുക്കി സുരക്ഷിതയാക്കിക്കളയും മാപ്പിള രക്ഷിതാക്കൾ. ഈ നോട്ടം തന്നെയാണ് മിക്ക മുസ്ലിം ആൺനോട്ടവും. അത് സ്ത്രീക്കു നേരെയുള്ള രക്ഷാകർതൃ / സഹോദര നോട്ടമാണ് എന്നങ്ങ് ചുരുക്കിക്കളയരുത്. പെണ്ണിനെ ആണിനെപ്പോലെ ഒരു സവിശേഷ വ്യക്തിയായി അംഗീകരിക്കാനുള്ള മടി തന്നെയാണത്. മറിച്ച് സ്ത്രീ ഒരു വിശേഷ / വിഭവ ശരീരമാണെന്നും അത് മാത്രമാണെന്നും അത് കൊണ്ടു തന്നെ അവളെ / ശരീരത്തെ സംരക്ഷിക്കുകയും അവൾക്ക് ചുറ്റും പന്തൽ കൊണ്ടും പർദ്ദ കൊണ്ടും പുരുഷനോട്ടത്തിൽ നിന്ന് സംരക്ഷണമൊരുക്കുകയും രക്ഷിക്കുകയും  ചെയ്യേണ്ടത് തങ്ങളുടെ കടമയോ ഉത്തരവാദിത്തമോ ഒക്കെയാണ് എന്ന ഉറച്ചു പോയ വിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണത്. മലപ്പുറത്തും കോഴിക്കോട്ട് പോലും നിരനിരയായി 20 ഉം 25 ഉം പെണ്ണുങ്ങൾ / ഇതിൽ 6 വയസ്സും 10 വയസ്സും ഒക്കെയുള്ള കുട്ടികളും പെടും/ കണ്ണും മുഖവും മൂടിക്കെട്ടി ട്രെയിനിൽ നിന്നും പരസ്പരം കൈപിടിച്ച് ഗാന്ധാരിമാരെ പോലെ പുറത്തിറങ്ങുന്ന കാഴ്ച ഇപ്പോൾ അത്ഭുതമല്ല. ആരും ഒരു അസാധാരണ കാഴ്ചയായി അത് ശ്രദ്ധിക്കാറുമില്ല. ഇത് മുസ്ലിം പുരോഹിതൻമാരും ബുദ്ധിജീവികളും കാന്തപുരം മുസ്ല്യാരെ പോലുള്ള മുസ്ലിം ആൾദൈവങ്ങളും വർഷങ്ങളായി പണിയെടുത്ത് ഉണ്ടാക്കിയ പുരോഗമനമാണ്. ഏച്ചിക്കാനത്തിന്റെ കഥയിലെ കലന്തൻ ഹാജി സമുദായത്തിൽ ചില കമ്യൂണിലെങ്കിലും (ഇവിടെ കമ്യുൺ എന്ന പദത്തെ സമുദായ പ്രസ്ഥാനങ്ങൾ എന്ന് മനസ്സിലാക്കുക. ഉദാ: വഹാബി ,ജമാത്തത്ത് ,സുന്നി തുടങ്ങി )അത്ര അപഹാസ്യനായ കഥാപാത്രവുമല്ല. പറഞ്ഞു വന്ന വിഷയത്തിലേക്ക് തിരിച്ചുവരാം. ലിംഗവിവേചനം എന്നത് പുതിയ ഭാവുകത്വ പരിസരത്ത് നിന്ന് ആലോചിക്കുമ്പോൾ പെണ്ണായതു കൊണ്ട് ഒരു വ്യക്തിക്ക് പ്രത്യേക സ്ഥലവും വേഷവും ആചാരവും സമയവും വിധിച്ചു നൽകൽ കൂടിയാണ്. ഇത് പെണ്ണിന്റെ തെരഞ്ഞെടുപ്പല്ലേ നിങ്ങൾ എന്തിന് ഇതിൽ ഇപെടണം എന്നാണ് ചോദ്യമെങ്കിൽ അത് ചോയ്സ് റദ്ദു ചെയ്ത വിധി മാത്രമാണന്നാണ് മറുപടി. ഒരു സർവൈവ് ക്യാമറ പോലെ മത / പുരുഷ / സമൂഹ ബോധത്തിന്റെ നിരീക്ഷണത്തിനുള്ളിൽ ചലിക്കേണ്ട അവളിൽ രൂപപ്പെടുന്ന മൊറാൽ ജൈവബോധം അവളുടെ സ്വന്തം തെരഞ്ഞെടുപ്പല്ല. നിർമ്മിതമായ സംസ്കാര വ്യക്തിയുടെ / ഇരയുടെ വെളിപാടുകൾ മാത്രമാണത്. ഫൂക്കൊ ഇതിനെ വ്യവഹാര പ്രയോഗം എന്നാണ് വിശദീകരിക്കാൻ ശ്രമിച്ചത്. വ്യക്തിയുടെ ചിന്തയെയും നിരീക്ഷണങ്ങളെയും വിശ്വാസങ്ങളെയും പ്രവർത്തനങ്ങളെയും ആചാരങ്ങളെയും എല്ലാം നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ലോക ബോധമാണത്. ഈ ലോകബോധ നിർമ്മിതിയിൽ സമൂഹ സ്ഥാപനങ്ങളായ കുടുംബം മതം തുടങ്ങിയവയുടെ പങ്ക് വളരെ വലുതാണ് താനും. വ്യക്തിയുടെ അബോധത്തിൽ മതം പ്രക്ഷേപിച്ച സദാചാര സംഹിതയാണ് ജയിൽ പുള്ളികൾ ജയിലിനകത്ത് തങ്ങൾ സ്വതന്ത്രരാണ് എന്ന് പറയുന്ന പോലെ മൂടുപടത്തിനുള്ളിൽ തങ്ങൾ സ്വതന്ത്രരാണ്, പിന്നെ നിങ്ങൾക്കെന്താ ഇവിടെ കാര്യം എന്ന് അവരെക്കൊണ്ട് പറയിപ്പിക്കുന്നത്.  ഇനി മതം എന്താണ് പറഞ്ഞത് എന്ന് പരിശോധിച്ചാൽ അതും അവൾക്ക് സ്വാതന്ത്രം നിഷേധിക്കുന്നില്ല എന്നു കാണാം. പ്രവാചകൻ മുഹമ്മദിന്റെ സഹയാത്രികനായിരുന്ന അബ്ദുൽ വലീദ് അൽ ബാബി ഇങ്ങിനെ പറയുന്നു.

‘ പ്രസിദ്ധിയുടെ വസ്ത്രം ധരിക്കുന്നതും പൊതു സമ്പ്രദായത്തിൽ നിന്നും വ്യത്യസ്തമായി വസ്ത്രം ധരിക്കുന്നതും നബി വെറുത്തിരുന്നു.
മറ്റൊരു സഹയാത്രികൻ പറയുന്നു:
നിനക്ക് രുചികരമെന്ന് തോന്നുന്ന ഭക്ഷണം കഴിക്കുക. ജനം നല്ലതായി കാണുന്ന വസ്ത്രം ധരിക്കുക.

14081029_1051404504907956_1717880827_n

ഇങ്ങിനെയൊക്കെയാണ് വസ്തുതകൾ എങ്കിലും പുരുഷ ചിന്തകളാലും നോട്ടങ്ങളാലും രൂപപ്പെട്ട് പ്രചരിച്ച ഇസ്ലാമിലെ രാഷ്ട്രീയ ശരികേടുകൾ വർദ്ധിച്ചു വരുന്നതും ഏതെങ്കിലും പരിഷ്കരണങ്ങൾക്കൊ മറ്റൊ വേണ്ടി ഉണ്ടാവുന്ന ശബ്ദങ്ങൾ സ്വത്വവാദികൾ അടക്കമുള്ളവരുടെ സംരക്ഷിത ഒച്ചകളിൽ മുങ്ങിപ്പോവുകയോ ആണ് പതിവ്. ഇതൊരു കഥാ നിരൂപണമല്ല. സാമുദായിക പരിഷ്കരണത്തിന്നു വേണ്ടിയുള്ള ഒച്ചപ്പാടുമല്ല. ദിനേന ഇല്ലാതായിക്കൊണ്ടിരിക്കുന്ന മതേതര ജനാധിപത്യ സെക്കുലർ പ്ളാറ്റ് ഫോമിനെ കുറിച്ചുള്ള ഉത്കണ്ഠകളായി കരുതിയാൽ മതി.

സംസ്കാരങ്ങൾ തമ്മിലുള്ള ബലാൽകൃതമായ ഏകത്വത്തിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഭക്ഷണം, വസ്ത്രം ,തുടങ്ങിയ കാര്യങ്ങളിൽ ഇസ് ലാമിനകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമത്തിന് ഹേതു എന്ന് കാണാം. തികഞ്ഞ അപരിഷ്കൃതവും സ്ത്രീ വിരുദ്ധവുമായ സംസ്കാരം നില നിൽക്കുന്ന രാഷ്ട്രങ്ങളിൽ (സൗദി അറേബ്യ, ഫലസ്തീൻ തുടങ്ങിയ) നിന്നാണ് ഇവയുടെ വരവ്. അവിടുങ്ങളിൽ പൊട്ടി മുളച്ച വഹാബിസം പോലുള്ള ഇസ്ലാമിക പ്രത്യയശാസ്ത്രങ്ങൾ ഇവയ്ക്ക് കുട പിടിക്കുകയും ചെയ്യുന്നു. മനുഷ്യന് ഭക്ഷണത്തിനു വേണ്ടിയല്ലാതെ പുണ്യം കിട്ടാൻ പാവം ജന്തുക്കളെ ബലി കൊടുക്കുന്നത് പ്രോൽസാഹിപ്പിക്കുന്നു. ( മാധ്യമം പത്രം പ്രസിദ്ധീകരിച്ച ഒരു പരസ്യം ഇതോടൊന്നിച്ചുള്ളത് കാണുക.)

14081459_1051502061564867_42156282_n

ഇതൊന്നും പ്രാദേശികമായ ആചാരങ്ങളോ രീതികളോ അല്ല. കേരള ഇസ്ലാം എന്ന സാംസ്കാരിക സ്വത്വത്തെ പാടെ ഇല്ലാതാക്കുകയോ കലർപ്പ് നടത്തുകയോ ചെയ്തതിന്റെ കൂടി അനന്തര ഫലമെന്നോണമുള്ള ചിഹ്നങ്ങൾ ഇന്നിവിടെ ധാരാളം. തികച്ചും ലളിത ജീവിതം നയിച്ചിരുന്ന പ്രവാചകൻ മുഹമ്മദിന്റെ അനുയായികൾ തികഞ്ഞ ആർഭാടം ഭക്ഷണത്തിലും സ്വർണ്ണത്തിലും വസ്ത്രത്തിലുമൊക്കെ (ഒരു പക്ഷെ ഇക്കാര്യങ്ങളിലെ വലിയ ഉപഭോക്താക്കൾ ഇവർ തന്നെയാവും) നടത്തുകയും യഥാർത്ഥ നവോത്ഥാന സാമൂഹിക മാറ്റത്തിന് പുറം തിരിഞ്ഞ് നിൽക്കുകയും ചെയ്യുന്നു. പർദ്ദ മൂടി പിന്നിലേക്ക്, ഇസ്ലാമിന്റെ മധ്യകാല യുക്തികളിലേക്ക് നടന്നടുക്കുന്നു. സംഗീതത്തിനും കലയ്ക്കും സാഹിത്യത്തിനും എതിര് നിൽക്കുന്നു.
കശ്മീർ പ്രശ്നത്തിൽ ഹിത പരിശോധന നടത്തണം എന്ന് ആവശ്യപ്പെടുന്ന അരുന്ധതി റോയിയുടെ വാക്കുകൾ കടമെടുത്ത് ഈ പ്രബന്ധം അവസാനിപ്പിക്കാമെന്ന് തോന്നുന്നു..

‘അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ ഓർമ്മിക്കുന്നുണ്ടോ? നമ്മൾ കുഞ്ഞായിരിക്കുമ്പോൾ അവർ ഡോക്ടർമാരും സർജൻമാരും ആയിരുന്നു. അവർ പാർട്ടികൾക്കു പോയി. ഇഷ്ടമുള്ള വസ്ത്രം ധരിച്ചു. എന്നാൽ ഇപ്പോഴോ? അപകടങ്ങളെ കുറിച്ചു നാം കരുതിയിരിക്കണം. ക്ഷണമാത്ര കൊണ്ടു നാം നൂറ്റാണ്ടുകൾ പിന്നാക്കം പോയേക്കാം.’ :

14102102_1051404561574617_19531062_n

Comments

comments