മാറ്റങ്ങൾക്കു വിധേയമാവാത്ത മതമോ സംസ്കാരമോ സമൂഹമോ എവിടെയുമില്ല. ഇന്ത്യയെപ്പോലുള്ള ബഹുസ്വര സമൂഹത്തിൽ ത്വരിതമായ പരിവർത്തനങ്ങളുണ്ടാവുക അസാധ്യമാണെങ്കിലും മാറ്റങ്ങൾ അനിവാര്യമായും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ജാതീയവും മതപരവുമായ  മേൽക്കോയ്മാ ഘടന, അതു സ്വാഭാവികമായും പുരുഷകേന്ദ്രിതമാണുതാനും, വ്യക്തിസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെത്തന്നെയും ഹനിക്കുന്ന രീതിയിൽ സൂക്ഷ്മരൂപമാർജിച്ച് സമൂഹഘടനയിലുടനീളം ആഴത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്നത് ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനമനുവദിച്ചു കൊണ്ടുവന്ന കോടതി വിധിയുടെ  പശ്ചാത്തലത്തിൽ സുവ്യക്തമായിരിക്കുകയാണ്. പകുതിയോളം വരുന്ന ജനവിഭാഗത്തിന് നിഷേധിക്കപ്പെട്ട അവസരത്തെയോ  മനുഷ്യാവകാശത്തെയോ പറ്റിയല്ല ചർച്ചകൾ നടക്കുന്നതെന്നത് ആസൂത്രിതവും സ്ത്രീവിരുദ്ധവുമായ സാമൂഹ്യനിർമ്മിതിയുടെ ഇരകളാണ് സ്ത്രീകളെന്നു ഒരിക്കൽ കൂടി വെളിപ്പെടുത്തുന്നു.

ഓരോ വ്യക്തിയുടെയും മനുഷ്യനെന്ന നിലയിലുള്ള അന്തസ് ഉറപ്പു വരുത്തുകയും സുരക്ഷിതമാക്കുകയുമാണ് മനുഷ്യാവകാശങ്ങളുടെ ഉദ്ദേശ്യം. അനുകമ്പ, സഹതാപം, രാഷ്ട്രീയ പരിഗണന എന്നിവയ്ക്കുപരിയായി നിയമമാർഗ്ഗത്തിലൂടെ മനുഷ്യന്റെ അന്തസ് പരിരക്ഷിക്കാനുള്ള ധാർമ്മിക ശക്തി പ്രദാനം ചെയ്യുന്നു മനുഷ്യാവകാശങ്ങൾ. സ്വാതന്ത്ര്യം, സമത്വം, സുരക്ഷിതത്വം ഇവ മനുഷ്യർക്കെല്ലാവർക്കും ഒരു പോലെ അവകാശപ്പെട്ടതുമാണ്.
മനുഷ്യാവകാശങ്ങൾ സാർവ്വദേശീയവും അവിഭാജ്യവുമെന്നു സങ്കല്പിക്കുമ്പോൾത്തന്നെ പ്രായോഗികതലത്തിൽ പുരുഷ കേന്ദ്രിതമായ മൂല്യവ്യവസ്ഥകളിലൂന്നിയതാണ് അതിന്റെ അടിത്തറയെന്നും ആധിപത്യ പ്രവണതകളെ സംരക്ഷിക്കുകയും പുനരുദ്പാദിപ്പിക്കുകയുമാണ് അത് ചെയ്യുന്നതെന്നും ഒട്ടും വൈകാതെ തിരിച്ചറിയപ്പെട്ടതോടെയാണ് സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനായി പ്രത്യേക നിയമനിർമ്മാണം നടത്തേണ്ടതിന്റെ ആവശ്യകത ഉയർന്നു വന്നത്. സ്ത്രീക്കും പുരുഷനും തുല്യ അവകാശമെന്നു രേഖപ്പെടുത്തിയ സാർവ്വ ദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിനു ശേഷം 30 വർഷങ്ങളോളം നടത്തിയ തിരന്തരമായ ഇടപെടലുകളിലൂടെ, ഓരോരോ കാലത്തും അനുഭാവ പൂർണമായ വ്യവസ്ഥകളുണ്ടാവുകയും അവയെല്ലാം കൂടിച്ചേർന്ന് 1979ൽ സ്ത്രീകൾക്കെതിരായ എല്ലാ വിധത്തിലുമുള്ള വിവേചനങ്ങൾ അവസാനിപ്പിക്കൽ ഉടമ്പടി (CEDAW) ഐക്യരാഷ്ട്രസഭ അംഗീകരിക്കുകയും ചെയ്തു. സമത്വം, വിവേചന രാഹിത്യം ഇവ ഉറപ്പു വരുത്തുന്നതിൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്വം എന്നിവ സ്ത്രീകളുടെ മനുഷ്യാവകാശത്തിന്റെ അടിസ്ഥാനമാണ്. ലിംഗവിവേചനത്തെ ചെറുക്കുക, തുല്യത എന്ന ആശയം എല്ലാ രംഗങ്ങളിലും പ്രായോഗികതലത്തിലേക്കു കൊണ്ടുവരിക എന്നിവ സ്ത്രീ മനുഷ്യാവകാശങ്ങളുടെ പ്രധാന ലക്ഷ്യമായി പരിഗണിക്കുന്നു.

ലിംഗവിവേചനം, അസമത്വം, വ്യത്യസ്ത പരിഗണന, നിയന്ത്രണം ഏർപ്പെടുത്തൽ, ഒഴിവാക്കൽ എന്നിവ നിയമവിരുദ്ധമായിരിക്കുന്ന സാഹചര്യത്തിൽ ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനാനുമതി തേടിക്കൊണ്ടുള്ള ഹർജിയിൽ അനുകൂല തീരുമാനമുണ്ടാവുന്നത് സ്വാഭാവികമാണ്. പക്ഷേ ഇന്ത്യയടക്കമുള്ള  ലോക രാഷ്ട്രങ്ങൾ അംഗീകരിച്ചിട്ടുള്ള സ്ത്രീ സൗഹൃദ പരമായ നിയമ വ്യവസ്ഥകൾ ഉണ്ടായിരിക്കുമ്പോൾത്തന്നെ സാംസ്കാരികവും മതപരവും രാഷ്ട്രീയവുമായ ആധിപത്യ നിർമ്മിതികളിൽ സ്ത്രീയുടെ അന്യവൽക്കരണവും അപ്രത്യക്ഷമാക്കലും അനായാസമാണെന്ന് കോടതി വിധികൾക്കു ശേഷമുണ്ടായ വാദങ്ങളും ചർച്ചകളും അടിവരയിട്ടുറപ്പിക്കുന്നു. സ്ത്രീകളുടെ മനുഷ്യാവകാശ ലംഘനമോ ലിംഗനീതി നിഷേധമോ ആയി ശബരിമല സ്ത്രീ പ്രവേശന പ്രശ്നം മുഖ്യധാരയുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. സ്ത്രീ കർത്തൃത്വത്തെയും അവളുടെ ഇടത്തെയും സ്വത്വബോധത്തെയും തമസ്കരിക്കാൻ പുരുഷാധിപത്യ ഘടനയ്ക്ക് കഴിഞ്ഞുവെന്നതിന്റെ അടയാളപ്പെടുത്തലാണ് റെഡി റ്റു വെയ്റ്റ് എന്ന പ്രചാരത്തിന് സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നിലുള്ളത്.

sabrimala-woman-entry

ബാലിശവും സാധാരണവും യുക്തിരഹിതവുമായ എതിർവാദങ്ങളിലൂടെയാണ് സ്ത്രീ പ്രവേശനത്തെ നിഷേധിക്കുന്നതെന്നതു ശ്രദ്ധേയമാണ്. സ്ഥിതവ്യവസ്ഥയുടെ കടുംപിടുത്തങ്ങളും സങ്കുചിത ന്യായങ്ങളും ആചാരനിഷ്ഠമായ ചട്ടക്കൂടുകൾക്കുള്ളിലേക്കു സ്ത്രീകളെ  കൂടുതൽ കൂടുതൽ അകപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാലുണ്ടാകുന്ന തിരക്ക്, സുരക്ഷാ പ്രശ്നങ്ങൾ എന്നിവയ്ക്ക് കൂടിയാലോചനകളിലൂടെ പ്രായോഗികമായ പരിഹാരമാർഗ്ഗങ്ങൾ  തീർച്ചയായും സാധ്യമാണ്. പക്ഷേ ഭൗതികവും പരിഹരിക്കാവുന്നതുമായ പ്രശ്നങ്ങളെയല്ല, അയുക്തികവും അമൂർത്തവുമായ വാദങ്ങളാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ നിഷേധിച്ചു കൊണ്ട് ഉന്നയിക്കപ്പെടുന്നത്. സ്ത്രീകൾക്കു നേരെ ബ്രഹ്മചര്യവ്രതമെടുത്ത് മല ചവിട്ടുന്ന പുരുഷന്മാർക്ക് ലൈംഗികമായ ഉണർച്ചകളുണ്ടാകാമെന്നാണ് ഒരു ഭയം. പുരുഷ കേന്ദ്രിതമായ വ്യവഹാര ഘടന സ്ത്രീയെ ശരീരം മാത്രമായാണ് കാണുന്നതെന്ന ആദിമ യാഥാർത്ഥ്യം ഇന്നും അങ്ങനെ തന്നെ നിലനിൽക്കുന്നുവെന്നതിനപ്പുറം ഈ വാദത്തിൽ മറ്റൊന്നുമില്ല. ശബരിമലയിലായാലും മറ്റേതിടത്തായാലും പൊതു ഇടങ്ങളുടെ ആക്രമണോത്സുകമായ മൂല്യവ്യവസ്ഥ അവളുടെ ആത്മവിശ്വാസത്തെയും അവകാശബോധത്തെയും ഇല്ലാതാക്കിക്കൊണ്ട് അവളെ കൂടുതൽ അപരയും അന്യയുമാക്കുന്നു. ആൺലോകത്തിന്റെ അതിരുകളിലാണവളുടെ സ്ഥാനം. സദാ കാത്തിരിക്കാൻ സന്നദ്ധയാക്കുന്ന രീതിയിൽ അവളുടെ ചിന്തകളും സ്വത്വബോധവും ആൺകോയ്മയാൽ ഗ്രസിക്കപ്പെട്ടിരിക്കുന്നു. തന്റേതല്ലാത്ത, തനിക്കവകാശപ്പെടാത്ത ഇടം എന്ന രീതിയിൽ നിഷേധിക്കപ്പെട്ട അവസരങ്ങളെ സ്വാഭാവികമായി അവരുൾക്കൊളളുന്നതും അതുകൊണ്ടാണ്. ആർത്തവവും അശുദ്ധിയുമായി ബന്ധിപ്പിച്ചിട്ടുള്ള സങ്കല്പങ്ങളാവട്ടെ, ശീലം കൊണ്ടു രൂഢമായ മിഥ്യാ വിശ്വാസങ്ങൾ മാത്രമാണ്. ആർത്തവകാലത്ത് വിശ്രമം അനിവാര്യമായതുകൊണ്ട് അവൾക്ക് അനുവദിക്കപ്പെട്ടതോ അവൾ സ്വയം സ്വീകരിച്ചതോ ആയ ഇളവുകൾ പില്ക്കാലത്ത് ഗുരുതരമായ അശുദ്ധിയായി പരിഗണിക്കപ്പെട്ടതിനപ്പുറം സ്വാഭാവികമായ ആ ശാരീരിക പ്രക്രിയയ്ക്ക്, ശുദ്ധാശുദ്ധങ്ങളുമായി ബന്ധമില്ല. ആ ദിവസങ്ങളിൽ സ്ത്രീകൾക്കു കല്പിച്ചിട്ടുള്ള തീണ്ടലും തൊടീലുമടക്കമുള്ള അയിത്താചരണത്തിന് യാതൊരു ശാസ്ത്രീയ യുക്തിയുമില്ല. സ്ത്രീകളുടെ ശാരീരിക ക്ഷമതയുടെയും ആരോഗ്യത്തിന്റെയും സൂചകമാണ് അവളുടെ ആർത്തവം .

ആചാരലംഘനമെന്ന മഹാവിപത്താണ് ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകളും പ്രവേശിച്ചാലുണ്ടാകുന്ന മറ്റൊരു വൻപ്രതിസന്ധി. ആചാരങ്ങൾ അധികാരഘടനയുമായി അഭേദ്യമായി ബന്ധപ്പെട്ടവയാണ്. ഓരോരോ കാലത്തും അധീശവർഗ്ഗത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങൾക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടവ .അധീശത്വത്തിന്റെയും വിധേയത്വത്തിന്റെയും ചിഹ്നങ്ങൾ മതാചാരങ്ങളിൽ സവിശേഷം തെളിഞ്ഞു കാണാം. നീചവും പൈശാചികവുമെന്ന്  സ്വാമി വിവേകാനന്ദനെപ്പോലുള്ളവർ പരാമർശിച്ച എത്രയോ കേരളീയ മതാചാരങ്ങൾ ഇന്ന് ഇല്ലാതായിക്കഴിഞ്ഞു. അചാരാനുഷ്ഠാനങ്ങൾ ഒരിക്കലും അലംഘനീയങ്ങളല്ല.  അവ കാലാനുസൃതമായി പരിഷ്കരിക്കപ്പെടേണ്ടതും ചലനാത്മകവുമാകണം. അല്ലാത്ത പക്ഷം അവയെ വിളിക്കുക ജീർണ്ണാചാരങ്ങളെന്നു തന്നെയാണ്.

കേരളീയ നവോത്ഥാനം, ഇന്ത്യയുടെ മറ്റെല്ലാ പ്രദേശങ്ങളെക്കാളുമധികമായി ആചാരലംഘനങ്ങളിലൂടെ മാത്രമാണ് സഫലമായതെന്ന ചരിത്ര സത്യവും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. ജാതീയമായി കീഴാളരായവരുടെയും സ്ത്രീകളുടെയും അതിജീവന ശ്രമങ്ങളായിരുന്നു നവോത്ഥാനത്തെ രൂപപ്പെടുത്തിയത്. അവയെല്ലാം തന്നെ ജാതി-മതാധിഷ്ഠിതവുമായിരുന്നു. സവർണ്ണവും  ആൺകോയ്മാ നിഷ്ഠവുമായ മത ഘടന നിർണ്ണയിച്ച സാമൂഹികാവസ്ഥകളോടുള്ള പ്രതിരോധങ്ങൾ. വസ്ത്രസ്വാതന്ത്ര്യം, ക്ഷേത്ര പ്രവേശനം, പന്തിഭോജനം കീഴാളരുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസം, പുലയ സ്ത്രീകളുടെ കല്ലും മാലയും അറുക്കൽ  തുടങ്ങിയവയെല്ലാം ജാതീയമർദ്ദനത്തിന്റെയും വിവേചനത്തിന്റെയും സുദീർഘ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവുകളാണ്.നമ്പൂതിരി സ്ത്രീകളുടെ സ്മാർത്തവിചാരവും, പുലപ്പേടി, മണ്ണാപ്പേടി പോലുള്ള ക്രൂരമായ ആചാരങ്ങളും സൂചിപ്പിക്കുന്നത് സവർണ്ണ സ്ത്രീകളും മതാചാരങ്ങളുടെ ഇരകളായിരുന്നുവെന്നു തന്നെയാണ്.

1822 മുതൽ 1859 വരെ നടന്ന ചാന്നാർ ലഹള സമകാലസാഹചര്യങ്ങളിൽ ഏറ്റവുമധികം ഉദ്ധരിക്കപ്പെടുന്നതാണ്. മാറുമറയ്ക്കുകയും മേൽമുണ്ടു പുതയ്ക്കുകയും ചെയ്ത കൃസ്ത്യൻ ചാന്നാർ സ്ത്രീകൾ പൊതു വീഥികളിൽ അപമാനിതരായതോടെയാണ് ചരിത്രപ്രസിദ്ധമായ സമരം ആരംഭിച്ചത്. ആചാരം തെറ്റിച്ച സ്ത്രീകളെ അപമാനിക്കാൻ അന്നത്തെ  ഭരണകൂടവും  സവർണ ആൺകോയ്മക്കു കൂട്ടുനിന്നു. മുല മറച്ചു നടക്കാൻ ചാന്നാർ pulayars-001സ്ത്രീകൾക്കവകാശമില്ലെന്ന് ദിവാൻ ഉത്തരവിറക്കി. പ്രാകൃതമായ ശിക്ഷകളെയും അപമാനങ്ങളെയും അതിജീവിച്ച് 1859 ൽ വസ്ത്രധാരണത്തിനുള്ള എല്ലാ വിലക്കുകളും നീക്കിക്കൊണ്ട് അനുകൂല ഉത്തരവുണ്ടാകുന്നതു വരെ ആകീഴാള സ്ത്രീകൾ സമരം ചെയ്യുകയും ദുരാചാരങ്ങൾ തകർക്കപ്പെടേണ്ടതാണെന്ന പൊതുബോധം സമൂഹ മനസിൽ സൃഷ്ടിക്കുകയും ചെയ്തു. സവർണ പുരുഷാധിപത്യ നിയമങ്ങളെ ധിക്കരിക്കാനുള്ള ആദ്യ ശ്രമമായിട്ടാണ് ചാന്നാർ ലഹളയെ സ്ത്രീ ചരിത്രം അടയാളപ്പെടുത്തുന്നത്‌. അതിനു മുമ്പും പിന്നീട് പതിറ്റാണ്ടുകളോളവും മാറു മറയ്ക്കേണ്ടതാണെന്ന ബോധം കേരളീയ സംസ്കാരത്തിലുണ്ടായിരുന്നില്ല. മാറു മറയ്ക്കാൻ ഞങ്ങൾ വേശ്യാസ്ത്രീകളല്ല , എന്നു പ്രഖ്യാപിച്ചവരും, മാറുമറയ്ക്കാൻ ചേല പുതയ്ക്കണമെന്ന ടിപ്പു സുൽത്താന്റെ കല്പനയെ മുല പോയാലും മാറുമറയ്ക്കില്ല എന്നു ധിക്കരിച്ചവരും 18, 19 നൂറ്റാണ്ടുകളിലെ ചരിത്ര പുസ്തകങ്ങളിൽ ധീരവനിതകളായി ഇടം പിടിച്ചിട്ടുണ്ട്. ആചാര ലംഘനം അവരെ സംബന്ധിച്ചും മഹാപാതകമായിരുന്നു. കാത്തിരിക്കാനാണ് അവരും തയ്യാറായത്. അവിടെ നിന്ന്nair_samaj 1930 കളിലെത്തുമ്പോഴേക്കും സ്ത്രീയുടെ വസ്ത്രധാരണ സ്വാതന്ത്ര്യവും ശരീര സങ്കല്പവും കൃത്യമായി രൂപപ്പെടുകയും മേൽവസ്ത്രം മാറ്റി, മാറിടം തുറന്ന് ദൈവത്തിന്റെയും  മേൽജാതി പുരുഷന്മാരുടെയും മുമ്പിൽ ആദരവു പ്രദർശിപ്പിക്കുന്ന ആചാരം അവർ തള്ളിക്കളയുകയും ചെയ്യുന്നതു കാണാം. ക്ഷേത്രത്തിനുള്ളിൽ പരിഷ്കാരമൊന്നും വേണ്ട എന്ന കൊച്ചി രാജാവിന്റെ പ്രഖ്യാപനം കേട്ട്, നായർ സ്ത്രീകളെ മാറു മറയ്ക്കാതെ കാണാനാഗ്രഹിക്കുന്ന ദേവൻ അമ്പലത്തിലിരിപ്പുണ്ടെങ്കിൽ, അതിനെ ഉടൻ ധ്വംസിക്കുകയോ അതിനു കഴിയുന്നില്ലെങ്കിൽ ക്ഷേത്രത്തോട് നിസഹകരിക്കുകയോ വേണമെന്ന് മന്നത്തു
പത്മനാഭൻ സ്ത്രീകളോടു ആഹ്വാനം ചെയ്യുന്നത് 1931 ലാണ്. അതേ കാലത്ത് ഋതുമതി എന്ന നാടകത്തിൽ ദേവകിയെക്കൊണ്ട് ‘എന്റെ മേലത്തെ തൊലിയൂരാം, എന്നാലും ബ്ലൗസൂരില്ല” എന്നു പ്രേംജി പറയിപ്പിക്കുന്നുണ്ട്. തീവ്രമായ ഇടപെടലുകളിലൂടെ കലാപങ്ങളിലൂടെ മാത്രമാണ് പരമ്പരാഗത മത സമീപനങ്ങളിലും നിലനിന്നിരുന്ന ആചാരങ്ങളിലും മാറ്റം വന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമില്ലാതാക്കാൻ അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്നു പറഞ്ഞ വി.ടിയെപ്പോലുള്ള തീവ്ര വിപ്ലവകാരികൾ സാമൂഹ്യ പരിഷ്ക്കരണത്തിന്റെ രാസത്വരകങ്ങളായിരുന്നു.

 

india-pilgrimage-without-plastic_718a2574-6f7c-11e6-afc2-14e084056c80

നവോത്ഥാന കാലത്തെ സാമൂഹ്യബോധവും കലാപോന്മുഖമായ വ്യക്തിസ്വത്വവും നഷ്ടപ്പെടുന്നതുംആധുനികത കൂടുതൽ കൂടുതൽ പരസ്പരവൈരുധ്യവും യാഥാസ്ഥിതികത്വവും  പ്രദർശിപ്പിക്കുന്നതും ആശങ്കാജനകമാണ്. ഇന്ത്യൻ സമൂഹത്തിന്റെ ആധുനികത പാശ്ചാത്യ വൽക്കരണത്തിന്റെയും ആധുനികതയുടെയും മതാധിഷ്ഠിതമായ പാരമ്പര്യത്തിന്റെയും യുക്തിരഹിതമായ സമ്മിശ്രണമാണെന്നു എം.എൻ ശ്രീനിവാസിനെപ്പോലുള്ളവർ പറയുന്നതും ഇത്തരം സാഹചര്യത്തിലാണ്. സ്പേസ് ഷട്ടിൽ വിക്ഷേപിക്കുന്നതിനു മുമ്പ് ശാസ്ത്രജ്ഞർ തേങ്ങയുടയ്ക്കുന്നതും മുഹൂർത്തം നോക്കുന്നതും ആൾദൈവങ്ങൾ മാജിക്കുകളുമായി തഴച്ചുവളരുന്നതും ഇത്തരം മതാധിഷ്ടിത പാരമ്പര്യവൽക്കരണത്തിന്റെ ഭാഗമാണ്. അതു തന്നെയാണ് ശബരിമല സ്ത്രീ പ്രവേശന വിഷയമായ ചർച്ചകൾക്കും സംഭവിക്കുന്നത്. ആചാരലംഘനം അസാധ്യമാണെന്ന രീതിയിൽ പ്രകോപിതരാവുന്നു പൊതു സമൂഹം. ആചാരങ്ങൾ മനുഷ്യർക്കു വേണ്ടിയാണെന്നും ആചാരങ്ങൾക്കു വേണ്ടിയല്ല മനുഷ്യരെന്നുമുള്ള യാഥാർത്ഥ്യം അപ്രസക്തമാവുന്നു. അയവുകളില്ലാതെ കടുകിടെ തെറ്റാതെ പാലിക്കാൻ വേണ്ടിയുള്ളതാണ് ആധുനിക സമൂഹത്തിന് ആചാരങ്ങൾ. അവ പാലിക്കാത്തവർ സമൂഹത്തിൽ നിന്നു പുറന്തള്ളപ്പെടുമെന്ന ഭീതിയാണവരെ നിയന്ത്രിക്കുന്നതും. കാനനപാതയിലൂടെയുള്ള യാത്ര ദുർഗ്ഗമമായതുകൊണ്ട് സ്ത്രീകൾ ശബരിമല യാത്രയിൽ നിന്ന് ആദ്യകാലത്ത് ഒഴിഞ്ഞു നിന്നതോ ഒഴിവാക്കിയതോ ആവാം. അയ്യപ്പന്റെ നൈഷ്ഠികബ്രഹ്മചര്യവുമായി ബന്ധിപ്പിച്ച് പിന്നീടതു ആചാരമായി മാറുന്നു. കാലപ്പഴക്കം എല്ലാ ആചാരങ്ങളെയും നിർജീവവും ജീർണ്ണവുമാകുന്നുണ്ട്, അല്ലെങ്കിൽ അവ സ്വയം പരിഷ്കരിച്ചു കൊണ്ടിരിക്കണം.

ഇത് അനുകൂലമായ സമയമാണ്. മത രാഷ്ട്രീയം ഇന്ത്യൻ സമൂഹത്തെ നിശ്ചലമാക്കാനും നവോത്ഥാനത്തിന്റെ സംവാദാത്മകതയെയും വൈചാരിക വൈജ്ഞാനികംശങ്ങളെയും ശിഥിലമാക്കാനും ശ്രമിച്ചു കൊണ്ടിരിക്കുന്ന വർത്തമാന സാഹചര്യങ്ങളിൽ ഒത്തുതീർപ്പുകൾക്ക് വഴങ്ങി കാത്തിരിക്കാൻ സന്നദ്ധരാവുകയല്ല വേണ്ടത്. രാഷ്ട്രീയ ജാഗ്രതയോടെ യാഥാസ്ഥിതികതയെ മറികടക്കാൻ, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ സ്വത്വബോധത്തോടെയുള്ള ഇടപെടലുകളാണവശ്യം. പുരുഷാധികാരത്തിനു കീഴ്പ്പെടുന്ന വിധേയത്വത്തിന്റെ ചിഹ്നം മാത്രമാണ് റെഡിറ്റുവെയിറ്റ്.  കാത്തിരുന്നവരല്ല ഒരിടത്തും ചരിത്രം മാറ്റിയെഴുതിയതും.

സഹായക ഗ്രന്ഥം.
CEDAW
കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ – പി.ഭാസ്കരനുണ്ണി.

Comments

comments