[button color=”” size=”” type=”3d” target=”” link=””]സുനില്‍ പി ഇളയിടവുമായി നവമലയാളി മിഡിൽ ഈസ്റ്റ് എഡിറ്റർ ഷൈന ഷാജൻ നടത്തിയ അഭിമുഖം.[/button]

1.സാഹിത്യം, കല, ശാസ്ത്രം, ചരിത്രം, സംസ്കാരം, രാഷ്ട്രീയം, ആത്മീയം, തുടങ്ങി ഒട്ടുമിക്ക മേഖലകളിലും അഗാധമായ അറിവു കാണിക്കുന്ന  ധാരാളം ലേഖനങ്ങളും പ്രഭാഷണങ്ങളും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ വ്യത്യസ്തവും വിവിധങ്ങളുമായ മേഖലകളിൽ ആഴവും പരപ്പുമേറിയ അറിവു സമ്പാദനത്തിനു സ്വീകരിച്ച മാർഗ്ഗങ്ങളെയും പ്രയത്നങ്ങളേയും കുറിച്ചൊന്നു പറയാമോ ?

@ ബോധപൂര്‍വ്വമായ ശ്രമം എന്നതിലുപരിയായി, പലപ്പോഴായി വന്നു ചേര്‍ന്നതാണ് ആ വിഷയങ്ങളെല്ലാം. യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ വിശാലമായി നോക്കാനുള്ള ശ്രമം എന്നു  പറയാം. എന്റെ രാഷ്ട്രീയത്തെ കുറേക്കൂടി സര്‍ഗ്ഗാത്മകമാക്കാനുള്ള ഒരു ശ്രമം കൂടിയാണത്. രാഷ്ട്രീയം എന്നത് വെറും കക്ഷിതലത്തിലുള്ള ആശയങ്ങളും അതിനു വേണ്ടിയുള്ള പണികളും മാത്രം ആവാതിരിക്കണം എന്നൊരു തോന്നലുണ്ടായിരുന്നു. സര്‍ഗാത്മക താല്പ്പര്യങ്ങള്‍ ഉള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ ധാരാളമുണ്ട്. പക്ഷെ അവര്‍ പലപ്പോഴും അതിനെ രാഷ്ട്രീയമായി കാണാന്‍ ശ്രമിക്കാറില്ല. ചിത്രകലയെ പൊളിറ്റിക്കല്‍ ആയി മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനു പകരം ചിത്രകലയുടെ മുന്പിന്‍ വരുമ്പോള്‍ അവര്‍ ചിത്രം കാണുകയും രാഷ്ട്രീയം പുറത്തു നിര്‍ത്തുകയും ചെയ്യും. ഞാന്‍ ചെയ്യാന്‍ ശ്രമിച്ചത് സംഗീതം, ചിത്രകല തുടങ്ങിയ സര്‍ഗ്ഗാത്മക കാര്യങ്ങളെക്കൂടി രാഷ്ട്രീയമാക്കാന്‍ പറ്റുമോ എന്നായിരുന്നു. അപ്പോള്‍ നമ്മളതിന്റെ    ഫോമിനെക്കുറിച്ച് ആലോചിക്കും, ആ ഫോം എങ്ങനെ രൂപം കൊണ്ടു   എന്നാലോചിക്കും, അതില്‍ പ്രവര്‍ത്തിച്ചത് എന്തൊക്കെയാണെന്നാലോചിക്കും.   സംഗീതത്തെപ്പറ്റിയും അതില്‍ കാലാകാലങ്ങളായി വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ചും  കൂടുതൽ  അറിയുമ്പോള്‍ സംഗീതം എന്നതും ഒരു പൊളിറ്റിക്കല്‍ എക്സ്പ്രഷന്‍ ആണെന്നു  മനസ്സിലാവും. ഞാന്‍  രാഷ്ട്രീയമായി സംഗീതത്തെ കേള്‍ക്കാന്‍ ശ്രമിക്കുകയും അതെനിക്ക് കുറെ തെളിച്ചം തരികയും ചെയ്തിട്ടുണ്ട്. ഞാന്‍ ഇടപെട്ട എല്ലാ മേഖലകളിലും ഈ രീതി പ്രയോഗിച്ചു. നാരായണ ഗുരുവിന്റെ ഒരു വരി വായിച്ചാല്‍ ഞാനതിനെ പൊളിറ്റിക്കല്‍ ആയിട്ട് മനസ്സിലാക്കാന്‍ ശ്രമിക്കും. പുറത്തൊരാള്‍ക്ക് ആത്മീയ വാക്യമായിട്ടു തോന്നിയ ഒരു കാര്യം ഞാന്‍  ഒരു രാഷ്ട്രീയ പ്രസ്താവനയായി കൂടി വിശദീകരിക്കാന്‍ ശ്രമിക്കാറുണ്ട്. കുറെക്കാലത്തെ പരിശീലനം കൊണ്ട് ഇങ്ങനെയൊരു ചിന്താരീതി വളര്‍ന്നു  വന്നതാണ്. അതില്‍ എം.എന്‍.വിജയന്‍ മാഷിന്റെയൊക്കെ സ്വാധീനമുണ്ട്. In the  larger sense everything is political. നമ്മുടെ ഏറ്റവും പെഴ്സണല്‍ എക്സ്പീരിയന്‍സ് വരെ പൊളിറ്റിക്കല്‍ ആണ്. ആ രീതിയിലാണ് ഞാന്‍ കാര്യങ്ങളെ  മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ളത്‌. മന:പ്പൂര്‍വ്വമായ അറിവു സമ്പാദനവും  കുറെ നടത്തിയിട്ടുണ്ട്. എന്നാല്‍ താല്പ്പര്യമില്ലാത്തൊരു വിഷയത്തില്‍ നമുക്ക് മന:പ്പൂര്‍വ്വം അറിവുണ്ടാക്കാന്‍  പറ്റില്ല. ഒരു പ്രേരണയായിട്ട് ആ വിഷയം ഉള്ളില്‍ ഉണ്ടെങ്കിലേ അതില്‍ ജോലി  ചെയ്യാന്‍ സാധിക്കൂ.

2. ഇടതുപക്ഷജനാധിപത്യമുന്നണി അധികാരത്തിൽ വന്നിരിക്കുന്ന ഈ സമയത്ത് ഇടതുപക്ഷം ഒരുസ്വയം വിമർശനത്തിനു തയ്യാറായിക്കൊണ്ട്, തെറ്റുകൾ തിരുത്തിക്കൊണ്ട്, എങ്ങനെ മുന്നോട്ടുപോകാമെന്നാണ് വിചാരിക്കുന്നത്?

@ രണ്ടു കാര്യങ്ങളാണ്. ഹോബ്സ് ബാം  മരിക്കുന്നതിനേക്കാൾ മുൻപ് എഴുതിയൊരു  ലേഖനത്തിൽ  പറഞ്ഞൊരു വാക്യമുണ്ട്. “Marxism is plural today and there is nothing wrong in it “. ഇത് നമ്മൾ അംഗീകരിച്ചേ പറ്റൂ. ഏകശിലാത്മകമായ ഒരു പ്രവണതയായിട്ടോ ഒരു പ്രസ്ഥാനരൂപമായിട്ടോ ഇടതുപക്ഷത്തെ  ഇനി സങ്കൽപ്പിക്കാൻ പറ്റില്ല. ലളിതമായിട്ടു പറഞ്ഞാൽ  ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ചുള്ള പുതിയ ധാരണകളും നിയോലിബറൽ മൂലധനത്തിനെതിരായ സമരങ്ങളും ഇതു രണ്ടും ഇടതുപക്ഷ ധാരണയുടെ ഭാഗമായേ പറ്റൂ. ഹിറ്ററോസെക്ഷ്വൽ നോർമേറ്റീവ് റിലേഷനാണ് ശരി എന്നു കരുതുന്നതിനെതിരെ നിൽക്കാതെ നിങ്ങൾക്ക് ഇനിയങ്ങോട്ട്  ഇടതുപക്ഷപരമായ  ഒരു ധാരണയിലേക്ക് എത്താൻ പറ്റില്ല. എന്നതു കൊണ്ട് എൽ ജി ബിടി റൈറ്റ്സിനു  വേണ്ടിയുള്ള സമരങ്ങൾ മാത്രമാണ് ഇടതുപക്ഷം  എന്നു കരുതാനും പറ്റില്ല. കാരണം അത്തരം വിഷയങ്ങളേക്കാള്‍  മനുഷ്യവംശത്തെ ആയിരം മടങ്ങ് സ്വാധീനിക്കുന്നുണ്ട് നിയോലിബറൽ മൂലധന പ്രവർത്തനങ്ങൾ. അതു കൊണ്ട് നിയോലിബറൽ കാപിറ്റലിനെക്കുറിച്ചുള്ള ധാരണകളും അതിനെ മുൻ നിർത്തുന്ന ശ്രമങ്ങളും വേണം, എൽ ജി ബിടി റൈറ്റ്സിനു വേണ്ട ശ്രമങ്ങളും വേണം. അങ്ങനെ ബഹുമുഖമായുള്ള  പ്രക്രിയകളും പ്രവണതകളും ഒത്തുചേർന്നുനിൽക്കുന്ന വിശാലമായ ഒരു കോമൺ പ്ലാറ്റ്ഫോം ആയിട്ടേ നിങ്ങൾക്കു  ലെഫ്റ്റിനെ സങ്കൽപ്പിക്കാൻ പറ്റൂ. അങ്ങനെ സങ്കൽപ്പിക്കുമ്പോള്‍  നമ്മള്‍  ദീർഘകാലമായി ശീലിച്ച ഇടതുരാഷ്ടീയത്തിന്റെ സംഘടനാപരമോ സൈദ്ധാന്തികമോ ആയ അതിർത്തികളെ നമ്മൾ കുറേക്കൂടി തുറക്കേണ്ടി വരും. അങ്ങനെ തുറക്കുക എന്നത്  പ്രധാനപ്പെട്ട ഒരു കാര്യമാണ്. അങ്ങനെ വരുമ്പോൾ അവിടെ ലൈംഗികാവകാശങ്ങൾക്കു വേണ്ടിയുള്ള അല്ലെങ്കിൽ  കുടുംബ ഘടനയുടെ പരിഷ്കരണങ്ങള്‍ക്കു വേണ്ടിയുള്ള ശ്രമങ്ങൾ മുതൽ മറുവശത്ത്  നിയോലിബറൽ കാപ്പിറ്റലിനെതിരായിട്ടുള്ള സംഘടിത സമരങ്ങൾ  വരെ ഉൾപ്പെട്ടു നിൽക്കുന്ന ഒരു വലിയ മണ്ഡലം രൂപപ്പെടും. അതിൽ ആന്തര വൈരുദ്ധ്യങ്ങള്‍  ഉണ്ടാവും. പക്ഷേ അപ്പോഴും ഈ പ്ലാറ്റ്ഫോമിനെ നിലനിര്‍ത്താനുള്ള ഒരു ഫ്ലക്സിബിൾ മെക്കാനിസം ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്. ഇന്നുള്ള പ്രശ്നം എന്താണെന്നു വെച്ചാൽ ഓരോരുത്തരും തങ്ങളുടെ പൊസിഷനാണ് ഇടതുപക്ഷത്തിന്റെ ശരിയും അന്തിമവുമായ സ്ഥാനം എന്നു കരുതുന്നു. സാധാരണനിലയിൽ ആളുകൾ കുറ്റം പറയുക വ്യവസ്ഥാപിത പാർട്ടികളെ മാത്രമാണ്. പക്ഷേ ഞാന്‍, അവയ്ക്കുള്ള പോരായ്മകളെ വിമർശിക്കുമ്പോൾത്തന്നെ മറുഭാഗത്ത് ഉള്ള ചെറുചെറു ഗ്രൂപ്പുകൾ  വെച്ചു പുലർത്തുന്ന ശത്രുതാഭാവവും വളരെ കൂടുതലാണെന്നു കരുതുന്ന ആളാണ്. കാരണം എന്തെല്ലാം പരിമിതികളുണ്ടെങ്കിലും ഈ  രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്നു പറയുന്നത് പ്രധാനമാണ്. പൊളിറ്റിക്കൽ പ്രാക്റ്റീസില്ലാത്ത ഒരു ലെഫ്റ്റ് എന്നു പറയുന്നതിൽ അർത്ഥമൊന്നുമില്ല. നിങ്ങൾ വീട്ടിലിരുന്ന് ആലോചിക്കുന്ന ചില കാര്യങ്ങളളോ, സെമിനാറിൽ അവതരിപ്പിക്കുന്ന ചില പ്രബന്ധങ്ങളോ അല്ല  ഇടതുപക്ഷം. അത് മനുഷ്യർ നടത്തുന്ന സമരങ്ങളാണ്, അവരുടെ ചെറുത്തു നിൽപ്പുകൾ, സംഘടനകൾ ഒക്കെയാണ്. സർഗ്ഗാത്മകമായി അതിനോട് ബന്ധപ്പെടുന്നതിനു പകരം വളരെ ശത്രുതാപരമായി അതിനെ മുഴുവൻ നിഷേധിക്കുന്ന ഗ്രൂപ്പുകൾ ധാരാളമുണ്ട്. അവിടെയും അന്തിമമായ ശരിവാദമുണ്ട്. തങ്ങൾ ശരിയാണ്, ബാക്കിയുള്ളവരെല്ലാം തെറ്റാണ് –  അതല്ല വേണ്ടത്.  സംവാദത്തിന്റെ ഒരു സ്പെയ്സ് രൂപപ്പെടുത്താനായി ശ്രമിക്കണം.  അങ്ങനെ വരുമ്പോൾ എന്തു ചെയ്യണം? എന്റെ ഒരു തോന്നൽ മൂന്നു കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്ന വിശാലമായ ഒരു പ്ലാറ്റ്ഫോം രൂപപ്പെടുത്തണം. ഒന്ന്-   ഫാസിസ്റ്റ് വിരുദ്ധമായ, വർഗ്ഗീയതക്കെതിരായിട്ടുള്ള ഒരു പൊസിഷൻ. അതൊരു പ്രധാനപ്പെട്ട ഘടകമാണ്. രണ്ട് – നിയോലിബറലിസത്തിനെതിരായ വിമർശനം. മൂന്ന്- ജനാധിപത്യപരമായ  ഒരു ഡയലോഗിന്റെ സ്പെയ്സ്. ജനാധിപത്യപരം എന്നു ഞാൻ പറയുന്നത് ഭൂരിപക്ഷം എന്ന അർത്ഥത്തിലല്ല, മറിച്ച്, വിയോജിക്കാനും ഭിന്നമായിരിക്കാനുമുള്ള ഒരു സ്പെയ്സ് നിലനിർത്തുക എന്നതാണ്. ഈ മൂന്നു കാര്യങ്ങളിൽ യോജിക്കുന്നവരുടെ ഒരു ലാർജർ പ്ലാറ്റ്ഫോം ആയിട്ടാണ് ഇനി ഇടതുപക്ഷത്തിന് മുന്നോട്ടു പോകുവാൻ സാധിക്കുക. സ്വാഭാവികമായിട്ട് അതിൽ പാർട്ടികൾക്കു സ്പെയ്സ് ഉണ്ടാകും. പാർട്ടികളല്ലാത്തതിനും സ്പെയ്സ് ഉണ്ടാകും. ഇങ്ങനെയാണ് ഞാൻ കരുതുന്നത്. ഇതെത്രത്തോളം നടക്കും എന്നൊന്നും അറിഞ്ഞുകൂടാ.

 1. മാർക്സിസത്തെ ദുരുപയോഗപ്പെടുത്തുന്നവർക്കുള്ള മറുപടിയായിട്ടാണല്ലൊ‘വീണ്ടെടുപ്പുകൾ-മാർക്സിസവും ആധുനികതാ വിമർശനവും’ രചിച്ചിട്ടുള്ളത്. എന്തായിരുന്നു ഈ പുസ്തകരചനയ്ക്കുള്ള പ്രേരണയും സാഹചര്യവും?

@ ഞാൻ  കഴിഞ്ഞ പത്തുപതിനഞ്ചുകൊല്ലമായി യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്ന ഒരാളാണ്. അപ്പോള്‍ നേരിട്ട  പ്രശ്നം ഒരു മാർക്സിസ്റ്റായി നിൽക്കുക എന്നുള്ളത് ഇന്ന് അക്കാദമിക് ലോകത്തൊക്കെ വളരെ ഔട്ട് ഓഫ് ഫാഷനാണ്. നിങ്ങളൊരു മാർക്സിസ്റ്റാണ് എന്നു പറഞ്ഞാൽ നിങ്ങളൊരു യാഥാസ്ഥിതികനാണ് എന്നു മുദ്രകുത്തപ്പെടുന്നൊരു സ്ഥിതിവിശേഷം ഉണ്ട്. നിങ്ങൾ പരിസ്ഥിതിക്കെതിരാണ്, ഫെമിനിസത്തിനെതിരാണ്, ദളിത് വാദത്തിനെതിരാണ്, നിങ്ങൾ വളരെ പരമ്പരാഗതമായ  ഒരു ഓർത്തഡോക്സ് ആയ ലോകത്തു നിൽക്കുന്നൊരാളാണ്  എന്നൊക്കെ വിലയിരുത്തി, ഇതാണ്  മാർക്സിസം എന്നു മുദ്രയടിക്കപ്പെടുന്നൊരു  സ്ഥിതി. എന്നിട്ട് അതിനെതിരെ പോസ്റ്റ് മോഡേണിസത്തിന്റെ വമ്പിച്ച ആഘോഷങ്ങളൂം. ഈയൊരു സന്ദർഭത്തോട് പ്രതികരിക്കാൻ ഞാന്‍  നടത്തിയ  ശ്രമങ്ങളാണ് ആ പുസ്തകത്തില്‍. ഞാനതിൽ അവതരിപ്പിക്കുന്ന അടിസ്ഥാന വാദം  എന്താണെന്നു വെച്ചാൽ മാർക്സിസം എന്നു പറയുന്നത് മോഡേണിറ്റിയുടെ  ഒരു ക്രിറ്റീക് ആണ്; മോഡേണിറ്റിയുടെ ഒരു എക്സ്പ്ലനേഷനല്ല. മോഡേണിറ്റിയുടെ ചട്ടക്കൂടിനുള്ളിലല്ല ; അതിനോടുള്ള വിമർശനത്തിനകത്താണ് മാർക്സിസം നിൽക്കുന്നത്. പക്ഷെ മോഡേണിറ്റിയുണ്ടാക്കിയ ചില വിശാല താല്‍പ്പര്യങ്ങള്‍ – സാർവ്വദേശീയത, സമത്വം, ജനാധിപത്യം, സ്വാതന്ത്ര്യം മുതലായ സങ്കൽപ്പങ്ങൾ – മാര്‍ക്സിസം  ഷെയർ ചെയ്യുന്നുണ്ട്. അപ്പോള്‍ തന്നെ കാപിറ്റലിസ്റ്റ് ഫ്രെയിം വർക്കിനകത്തു വികസിച്ചു വന്ന, കൊളോണിയൽ ആയ, മോഡേണിറ്റിയുടെ ഒരു  ക്രിറ്റീക് ആണ് മാർക്സിസം. ഈ വാദത്തെ ഉറപ്പിച്ചെടുക്കാൻ പറ്റുന്ന മട്ടിൽ പല പ്രമേയങ്ങളിലേക്കും -സ്ത്രീപ്രശ്നം, പരിസ്ഥിതി, എത്തിക്സ് – അങ്ങനെയുള്ള പല  പ്രശ്നങ്ങളിലേക്കും  നോക്കുക, അതിനെ വിശദീകരിക്കുക. അങ്ങനെ എഴുതിയ കുറെ പ്രബന്ധങ്ങളാണ് അതിലെ ആദ്യ ഭാഗത്ത്  ഉള്ളത്. രണ്ടാം ഭാഗത്ത്  കേരളത്തിന്റെ  സോഷ്യൽ ലൈഫിനകത്ത്  ഉണ്ടാകുന്ന പല വിഷയങ്ങളുമായി  ഈയൊരു വീക്ഷണത്തില്‍  നിന്നു കൊണ്ട് നടത്തിയ സംവാദങ്ങളാണ്. പോസ്റ്റുമോഡേണിസ്റ്റുകൾ മാർക്സിസത്തിനെതിരെ ഉയർത്തിയ  അധിക്ഷേപങ്ങളെ മറികടക്കാൻ വേണ്ടി എന്ന നിലയിലും  എന്റെ തന്നെ ബോധ്യത്തെ ഉറപ്പിക്കാന്‍  വേണ്ടിയുമാണ്‌  അതിലെ പ്രബന്ധങ്ങളൊക്കെ എഴുതിയിട്ടുള്ളത്. അതിന് രണ്ടു തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. പോസ്റ്റ് മോഡേൺ നിലപാടില്‍  ഉറച്ചു നിന്നവർ ആ പുസ്തകം മാർക്സിസ്റ്റ് ഓർത്തഡോക്സി  തന്നെയാണെന്നു പറഞ്ഞ് തള്ളിക്കളഞ്ഞിട്ടുണ്ട്. സംഘടനാ സംവിധാനത്തിലൊക്കെ നില്‍ക്കുന്നവര്‍, ഇത് പോസ്റ്റ് മോഡേണിസമാണെന്നു പറഞ്ഞ് അവരും തള്ളിക്കളഞ്ഞിട്ടുണ്ട്. അങ്ങനെ രണ്ടു ഭാഗത്തു നിന്നും ധാരാളം ചീത്ത കേട്ട പുസ്തകമാണത്. എങ്കിലും ഇങ്ങനെയല്ലാതെ  മനസ്സിലാക്കിയ കുറെ ആളുകളുമുണ്ട്. അത് ഇനിയും വികസിപ്പിക്കേണ്ടതാണ്. ഞാനതില്‍  സമഗ്രമായ ഒരു സൈദ്ധാന്തികതലമോ, സമീക്ഷയോ വികസിപ്പിച്ചു എന്നൊന്നും   കരുതുന്നില്ല. ഞാനൊരൊറ്റ പോയിന്റാണ് അതില്‍ മുഴുവനും തുടരുന്നത്. . മാർക്സിസം  മോഡേണിറ്റിയുടെ ഒരു ആവിഷ്കാരമല്ല; അടിസ്ഥാനപരമായി മോഡേണിറ്റിയുടെ ഒരു വിമർശനസ്ഥാനമാണ് .  മോഡേണിറ്റി എന്നതിനെ ഞാൻ കാണുന്നത്   മുതലാളിത്തം കേന്ദ്രമായി വന്ന ഒരു വിപുലവ്യവസ്ഥയായാണ്. . അതുകൊണ്ട് മുതലാളിത്ത വിമർശനത്തെ മുതലാളിത്ത വിമർശനം മാത്രമായി ചുരുക്കാൻ സാധ്യമല്ല. ഉദാഹരണത്തിന് മുതലാളിത്തം എന്നു പറയുന്ന ഒരു ഉൽപ്പാദന വ്യവസ്ഥ നിലനിൽക്കണമെങ്കിൽ നമ്മുടെ കുടുംബ ഘടനയും പൗരത്വ സങ്കൽപ്പവും എന്തായിരിക്കണം? അതുകൊണ്ട് പൗരത്വത്തേയും കുടുംബ ഘടനയേയും സുരക്ഷിതമായി  പഴയതുപോലെ നിലനിർത്തി, മുതലാളിത്തത്തെ മാത്രം തിരഞ്ഞെടുത്തു  വിമർശിക്കുക എന്നത് സാധ്യമല്ല. ആധുനിക വ്യക്തി എന്നു പറയുന്നത് മുതലാളിത്ത പൗരത്വമാണ്. ആധുനിക കുടുംബം എന്നു പറയുന്നത് മുതലാളിത്തവുമായി ചേർന്നുണ്ടായ കുടുംബമാണ്. മുതലാളിത്തത്തെ നിങ്ങൾ വിമർശിക്കുന്നു, അതുണ്ടാക്കിയ സ്ഥാപനങ്ങളെ മുഴുവൻ ചുമന്നുകൊണ്ടു നടക്കുകയും ചെയ്യുന്നു. ഇത് സാധ്യമല്ല. അതുകൊണ്ട് ആധുനികതക്കെതിരെ പോസ്റ്റ് മോഡേണിസ്റ്റുകൾ ഉയർത്തിയ ഈ വിമർശനമുണ്ടല്ലൊ, അത് മാർക്സിസത്തിൽ ഇൻഹെറന്റ് ആണെന്നാണ് എന്റെ വാദം. കാരണം  മാര്‍ക്സിസം  മുതലാളിത്തത്തിന്റെ വിമർശനമാകുമ്പോൾ അത്  ആധുനിക പൗരസങ്കൽപ്പത്തിന്റെയും, ആധുനിക കുടുംബ സങ്കൽപ്പത്തിന്റെയും, ലൈംഗികതാ സങ്കൽപ്പങ്ങളുടേയുമൊക്കെ വിമർശനമാണ്. അല്ലാതെ സാധ്യമല്ല. ഇത് മാർക്സിസത്തിനകത്തുണ്ട് എന്നും സോവിയറ്റ് മാർക്സിസം തൊള്ളായിരത്തി ഇരുപതുകളുടെ  അവസാനത്തോടെ  സ്റ്റാലിന്റെ കയ്യിലേക്ക് തിരിയുന്നതോടെ മാർക്സിസത്തിന് ഈയൊരു ക്രിറ്റീക്കിന്റെ സ്പെയ്സ് നഷ്ടപ്പെട്ടു എന്നും അത് തിരിച്ചു പിടിക്കുന്നതു വഴിയാണ് മാർക്സിസത്തിനു തുടർജീവിതം സാധ്യമാവുകയുള്ളൂ എന്നുമാണെന്റെ വാദം. അതാണ് വീണ്ടെടുപ്പ് എന്ന് പറയുന്നത്. ആ തലക്കെട്ടിനും ആളുകളുടെ കയ്യിൽ നിന്ന് നന്നായി ചീത്ത കേട്ടിട്ടുണ്ട്.

 1. കേരളീയ സമൂഹത്തിന് വിമർശനശേഷി – സ്വയം വിമർശനവും ബാഹ്യ വിമർശനവും കുറഞ്ഞു വരുന്നതായി പറയപ്പെടുന്നുണ്ട്. വിമർശനങ്ങളോട് അസഹിഷ്ണുതയും അതു വളർന്ന് പകയോളം എത്തുന്ന അവസ്ഥയുമുണ്ട്. രാഷ്ട്രീയ സാമൂഹ്യ പ്രബുദ്ധർ എന്നവകാശപ്പെടുന്ന നമുക്ക് എന്തുപറ്റുന്നു?

@ വിമർശനാവബോധം എന്നതില്‍ നമ്മൾ ലോകത്തെ എങ്ങനെയാണ്  അറിയുന്നത് എന്ന  ഒരു പ്രശ്നം കൂടിയുണ്ട്. രണ്ടു കാര്യങ്ങളാണ് ഇവിടെയുള്ളത്. ഒന്ന് അറിവ്. അറിവ് എന്നത് ഒരു കാര്യത്തെ കുറിച്ചുള്ള വസ്തുതാസമാഹാരമായി മാറിക്കഴിഞ്ഞു.അതുകൊണ്ട് അറിവ് എന്നത്  സമൂഹത്തെ വിശദീകരിക്കാനോ പുതിയ നിലയിൽ നോക്കിക്കാണാനോ ഉള്ളൊരു ശേഷിയേക്കാൾ  ശേഖരിക്കപ്പെടുന്ന വിവരങ്ങളായി മാറി.  ഇൻഫോർമേഷൻ പാക്കേജായി. അല്ലാതെ ഒരു വിമര്‍ശനാവബോധത്തിന്റെ ലെവലിലേക്ക് എത്തുന്നില്ല.. അതുകൊണ്ട് ഏതറിവു നേടിയാലും നിങ്ങളത് സ്വന്തമായി മറ്റൊരു വ്യാഖ്യാനത്തിലേക്ക്   വികസിപ്പിക്കില്ല. അങ്ങനെ  വരുമ്പോള്‍ നിങ്ങളാർജ്ജിച്ച വിവരത്തെ  മറ്റൊരു വ്യാഖ്യാനത്തിലുൾക്കൊള്ളാൻ നിങ്ങൾ തയ്യാറുമല്ല. ഇൻഫൊർമേഷന്റെ ഒരു പ്രശ്നമെന്താണെന്നു വെച്ചാല്‍ ഇൻഫൊർമേഷനിൽ ജീവിക്കുന്ന മനുഷ്യന് ഏജൻസിയൊന്നുമില്ല. അയാൾ വിവരങ്ങള്‍ ശേഖരിച്ചുവെക്കുന്നു, ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നു. അത് അയാളെ സ്പർശിക്കുന്നില്ല, വിവരങ്ങളെ അയാളും അയാളെ വിവരങ്ങളും സ്പർശ്ശിക്കുന്നില്ല. ഇൻഫൊർമേഷനെ അറിവായി കൊണ്ടു നടക്കുന്ന  ഒരാൾ ഒരു സ്തംഭനാവസ്ഥയിലാണ്. അവിടെ  ഒരു സംവാദതലമില്ല. ഈ സ്തംഭനം പൊതുവെ സ്വന്തം അഭിപ്രായങ്ങളുടെ   അന്തിമപദവിയിൽ വിശ്വസിക്കാൻ ഒരാളെ  പ്രേരിപ്പിക്കുന്നു. ഇത് കേരളത്തിൽ വളരെ  കൂടുതൽ ഇപ്പോൾ സംഭവിക്കുന്നുണ്ട്. പൊതുജീവിതത്തില്‍ ,വിദ്യാഭ്യാസത്തിൽ അങ്ങനെ സർവ്വതലങ്ങളിലും സംഭവിക്കുന്നു. നമ്മുടെ പത്രങ്ങള്‍ നോക്കിയാല്‍ അറിയാം. എല്ലാം  ഇൻഫൊർമേഷൻ ലെവലിലാണ്. ഇന്റെർപ്രറ്റീവ് അല്ല. വ്യാഖ്യാനാത്മകമായ ലേഖനങ്ങളൊന്നും  വേണ്ട. വ്യാഖ്യാനാത്മക ജഞാനം ഇല്ലാത്തൊരു സമൂഹത്തിന് വിമർശനശേഷിയും വിമർശനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയും ഉണ്ടാവില്ല. കേരളത്തിലെ മാധ്യമ പത്ര ജീവിതവും വൈജ്ഞാനിക ജീവിതവുമൊക്കെ  വളരെകൂടുതൽ ഇങ്ങനെയൊരു സ്തംഭനാവസ്ഥയിലേക്ക് പോകുന്നുണ്ട്. മതജീവിതം, അല്ലെങ്കില്‍ മറ്റു തരത്തിലുള്ള ആലോചനകള്‍ ഇതൊന്നും  വിമർശനപരമല്ല. സാമൂഹികതയുടെ തകർച്ചയാണ്  കേരളത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന്‍ ഒറ്റവാക്യത്തിൽ  പറയാം.. സാമൂഹികത എന്നു ഞാന്‍  പറയുന്നത് ഒരു കൂട്ടായ്മ എന്ന അർത്ഥത്തിലല്ല. താനൊരു  സോഷ്യൽ റിലേഷനാണെന്ന് ആളുകള്‍ക്കു  തോന്നുന്നില്ല. ഞാനീ ലോകവുമായി പുലര്‍ത്തുന്ന  ബന്ധങ്ങളുടെ ആകെത്തുകയാണ് ഞാൻ. ഇങ്ങനെ മനസ്സിലായാൽ ഞാനൊരു വ്യക്തി ആയിരിക്കുമ്പോൾ തന്നെ ഒരു സോഷ്യൽ റിലേഷൻ ആണെന്നെനിക്കു മനസ്സിലാവും. ആളുകളുടെ  ഈ മനസ്സിലാവൽ കുറഞ്ഞു കുറഞ്ഞു വരുകയാണ്. എന്നിട്ട്  ഞാൻ സ്വയം കരുതുന്നത് ‘ ഞാൻ’ സത്താപരമായി ‘ഞാൻ’ ആണെന്നാണ്. നിങ്ങൾ സത്താപരമായിത്തന്നെ   നിങ്ങളാണെന്നു  കരുതുന്നു. ഇങ്ങനെ  കരുതുന്നതോടെ നമുക്കിടയിൽ ഡയലോഗ് സാദ്ധ്യമല്ലാതെ വരും. തുരുത്തുകളായി മാറും. നമ്മുടെ നവോത്ഥാനം  സോഷ്യൽ എന്നു പറയുന്ന ഒന്നിലേക്കുള്ള  പരിവര്‍ത്തനമായിരുന്നു. ദൈവത്തെപ്പോലും ഒരു അപരബോധമായിട്ട് കാണുന്നു; ആത്മബോധമായിട്ടല്ല. ഇന്ന് അമ്പലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ശത്രുസംഹാര പുഷ്പാഞ്ജലിയാണ്. അപ്പോള്‍ സമൂഹത്തില്‍ ഈ ക്രിറ്റീക്കിന്റെ തലം നശിക്കുകയാണ്.    പരീക്ഷയ്ക്ക്‌  ചെയ്യുന്നതുപോലെ  ഇൻഫോർമേഷനെല്ലാം  നന്നായി ശേഖരിച്ചുവെച്ച് റിപ്രൊഡ്യൂസ് ചെയ്യുകയാണ്. നിങ്ങളുടേതായ ഒരു ആശയലോകം രൂപപ്പെടുത്തുക എന്നത് അവിടെ  അപ്രസക്തമായ കാ ര്യമാണ്. ഇനി ഒരാള്‍ അതുണ്ടാക്കാൻ  ശ്രമിച്ചാല്‍  അതിനുള്ള സ്പെയ്സും ഇല്ല. ഇത് വലിയൊരു രാഷ്ട്രീയ പ്രശ്നമാണ്. വിമർശനത്തിന്റെ ആന്തരികതലത്തിന്റെ  തകർച്ച. ആന്തരികമായ ഒരു  വിമർശനശേഷി  ഉണ്ടെങ്കിലാണ്  നിങ്ങള്‍ക്ക്  ജനാധിപത്യപരമായി നിൽക്കാൻ കഴിയൂ. കാരണം നിങ്ങൾ, വരുന്ന ഒന്നിനെ അതേപടി സ്വീകരിക്കുന്നില്ല. നിങ്ങൾ സമ്പൂർണ്ണ വിധേയത്വത്തിലാണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്നതും മറ്റുള്ളവരുടെ വിധേയത്വമായിരിക്കും.. വിധേയനാകാത്തൊരു മനുഷ്യനു മാത്രമാണ് വിധേയരെ  വേണ്ടാതാകുകയുള്ളൂ. ഞാൻ വിധേയനല്ലാതായിരിക്കുമ്പോഴാണ്  മറ്റുള്ളവരുടെ വിധേയത്വം ആഗ്രഹിക്കാതിരിക്കുകയുള്ളൂ. ഇത് നമ്മുടെ നവോത്ഥാനത്തിനകത്തുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞൊരു പത്തിരുപതു വർഷം കൊണ്ട് നമ്മള്‍  അതിന്റെ എതിർ ദിശയിലേക്ക് പല രീതികളിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍   മതം വെറും ഉപചാരങ്ങളും ആചാരങ്ങളുമായി മാറി. അതിനകത്ത് സാമൂഹികമായ ഉത്കണ്ഠകള്‍ കുറവാണ്. വാഗ്ഭടാനന്ദൻ പറഞ്ഞൊരു വാക്യമുണ്ട്. ദരിദ്രന്മാർ ജീവിക്കുന്നിടത്തോളം കാലം ഓരോ ധനികനും കുറ്റവാളിയാണ് എന്ന്‍. ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടാകുന്നതിനും  മുൻപ് അദ്ദേഹം പറഞ്ഞതാണ്. ഇന്ന് ഏതെങ്കിലും മതത്തിൽനിന്ന് ഇങ്ങനെയൊരു വാക്യം  കേൾക്കില്ല. കമ്യൂണിസ്റ്റ്പാർട്ടിയിൽ നിന്നും കേൾക്കില്ല. ഇതൊരു വലിയ പ്രശ്നമാണ്. കൺസേൺ ഫോർ ദ അദർ എന്നു പറയുന്നതാണ് പ്രധാനം. ആ അദർ ഇല്ലെങ്കിൽ പിന്നെ സെൽഫ് ഫാസിസ്റ്റാണ്. എന്താണ് ഫാസിസമെന്നു ഒറ്റ വാക്യത്തിൽ പറഞ്ഞാൽ എക്സ്ക്ലൂഷന്‍ ഓഫ് ദ അദർ എന്നാണ്. അതിന്ന് കേരളത്തിൽ എല്ലാതലത്തിലും കൂടുതലാണ് – വിദ്യാഭ്യാസത്തിലും മതത്തിലും രാഷ്ട്രീയ പ്രക്രിയകളിലും നമ്മുടെ വ്യക്തിബന്ധങ്ങളിലും എല്ലാം. ഇത് നമ്മുടെ വ്യക്തിജീവിതത്തിലും നടപ്പിലാക്കേണ്ട ഒന്നാണ്. സാധനം വാങ്ങാന്‍  ഒരു ക്യൂവിൽ നിൽക്കുമ്പോൾ ആ ക്യൂ തെറ്റിച്ചെങ്ങനെ ആദ്യം വാങ്ങാം എന്ന  തോന്നലാണ് എല്ലാവർക്കും. നിയമത്തെ പേടിച്ച്  പലരും അത് ചെയുന്നില്ലെന്നേയുള്ളൂ. എന്റെ മുന്നിൽ നിൽക്കുന്ന മനുഷ്യൻ എന്നെപ്ലോലെ തന്നെ അർഹതയുള്ള  ഒരാളാണെന്ന് കരുതാൻ പറ്റാത്തിടത്തോളം നമ്മൾക്കീ ആന്തരിക വിമർശനം കുറയും.

5.”ഫാസിസത്തിനെതിരായ സമരം എന്നത് മനുഷ്യൻ എന്ന സങ്കൽപ്പത്തിന്റെ നിരന്തരമായ വിപുലീകരണം ആവശ്യപ്പെടുന്ന ഒരു പരിശ്രമം കൂടിയാണ്”. എപ്രകാരം ഈ വിപുലീകരണം സാദ്ധ്യമാക്കാം ? വിശദമാക്കാമോ?

@ എന്താണ് മനുഷ്യന്‍ എന്ന് ചോദിച്ചാല്‍ ഓരോ കാലവും ഓരോ ഉത്തരമാണ് പറയുക. പത്തൊപതാം നൂറ്റാണ്ടിന്റെ അവസാനം മനുഷ്യന്‍ എന്ന് പറഞ്ഞിരുന്നപ്പോള്‍   അതില്‍ കറുത്തവര്‍ പെട്ടിരുന്നില്ല.സ്ത്രീകള്‍ പലപ്പോഴും പെട്ടിരുന്നില്ല. ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങള്‍ ജനങ്ങളെ ഭരിക്കുന്നതാണ് ജനാധിപത്യം എന്ന്‍ ലിങ്കണ്‍ ജനാധിപത്യത്തെ നിര്‍വ്വചിച്ചു.  അന്നത് പറയുന്ന സമയത്ത് സ്ത്രീകള്‍ അതില്‍ ഉള്‍പ്പെടെണ്ടതാണെന്ന്‍ അദ്ദേഹത്തിനു  തോന്നിയിട്ടേയില്ല. സ്ത്രീകള്‍ക്ക്  വോട്ടവകാശമില്ല, പൊതുജീവിതമില്ല, പൌരാവകാശമില്ല, സ്വാതന്ത്ര്യമില്ല, യാതൊന്നുമില്ല. അദ്ദേഹം  അടിമകളെക്കുറിച്ച് സംസാരിച്ചു. പക്ഷെ സ്ത്രീകളെ കുറിച്ച് സംസാരിച്ചില്ല. ഞാന്‍ കുറ്റം പറയുകയല്ല. ആ കാലത്തിന്റെ പരിമിതികള്‍ക്കകത്തു നിന്നു കൊണ്ട് ലിങ്കണ്‍  ജനാധിപത്യത്തെ നിര്‍വ്വചിച്ചു. പക്ഷെ നമുക്കതു പോരാ. അതിനെ നമ്മള്‍ അടുത്ത ഘട്ടത്തില്‍  വീണ്ടും പൊളിച്ചുപണിയണം. അങ്ങനെ ഇതിനെ വലുതാക്കികൊണ്ടിരിക്കണം. ചന്തുമേനോന്‍ മാധവനെയും  ബഷീര്‍, ഒറ്റക്കണ്ണന്‍ പോക്കറെയുമാണ് മനുഷ്യനായി കണ്ടത്. മാധവനില്‍ നിന്ന് ഒറ്റക്കണ്ണന്‍ പോക്കറിലേക്കുള്ള ഒരു വലിയ സഞ്ചാരമുണ്ട്. അത് ഈ മനുഷ്യബോധത്തിന്റെ വിപുലീകരണമാണ്. ഇവിടെ നിന്നും നമ്മളിനിയും മുപോട്ടു  പോകണം. ഒറ്റക്കണ്ണന്‍ പോക്കറും  പോരാ. മുന്‍പ്‌  മനുഷ്യരല്ല എന്ന് കരുതിയിരുന്ന ഹെര്‍മോ ഫ്രോഡയ്റ്റുകള്‍ / ഉഭയലിംഗ  ജീവിതമുള്ള മനുഷ്യര്‍  മനുഷ്യരാണെന്ന് നമ്മള്‍ മനസ്സിലാക്കുന്നു. അതനുസരിച്ച് നമ്മുടെ മനുഷ്യസങ്കല്‍പ്പത്തെയും പൊളിച്ചു പണിയണം. ഒരു ഉദാഹരണം പറഞ്ഞാല്‍, ആണും പെണ്ണും  തമ്മിലുള്ള സ്നേഹമാണല്ലോ സാഹിത്യത്തില്‍ മുക്കാല്‍പ്പങ്കും.  മനുഷ്യന്‍ ഹെറ്ററോസെക്ഷ്വല്‍ ആണെന്നുള്ള ധാരണയിലാണ്  ആ സാഹിത്യം മുഴുവന്‍ നില്‍ക്കുന്നത്.മറിച്ച്  മനുഷ്യന്‍ ബൈസെക്ഷ്വല്‍ ആണെന്നു  കൂടി  മനസ്സിലാക്കിക്കഴിഞ്ഞാല്‍ സാഹിത്യത്തിന്റെ ഈ  ലോകം എത്ര പെട്ടെന്ന്‍ അവസാനിക്കും? നമ്മുടെ സാഹിത്യത്തിന്റെ മഹാഭൂരിപക്ഷം  ലോകവും ഹ്യുമന്‍ സെക്ഷ്വാലിറ്റിയെക്കുറിച്ചുള്ള നമ്മുടെ ഒരു പ്രത്യേക തരത്തിലുള്ള ധാരണയോട് ബന്ധപ്പെട്ടിരിക്കുന്നു. ആ ധാരണയെ നമ്മള്‍ തിരുത്തണം. അങ്ങനെ വരുമ്പോള്‍ സാഹിത്യം മാറും. ചിലര്‍ പറയാറുണ്ടല്ലോ.. എന്ത് ദളിത്‌ സാഹിത്യം? എന്ത് സ്ത്രീ സാഹിത്യം?  മനുഷ്യര്‍ക്കെല്ലാം കൂടി  ഒരു സാഹിത്യമല്ലേ  ഉള്ളൂ.. എന്നൊക്കെ. അങ്ങനെ അവര്‍  പറയുന്നതെന്താണെന്നു  വെച്ചാല്‍ മനുഷ്യന്‍ ‘ഞാന്‍’ ആണെന്നു  കരുതുന്നത് കൊണ്ടാണ്.അതുകൊണ്ട് ഈ മനുഷ്യ സങ്കല്‍പ്പത്തെ നിരന്തരം  വിപുലീകരിച്ചു  കൊണ്ടിരിക്കണം. അതിലേക്ക് കൂടുതല്‍ പ്രവിശ്യകള്‍  ചേരണം. കൂടുതല്‍ അനുഭവലോകങ്ങള്‍ വരണം. അങ്ങനെ കൂടുതല്‍ വിപുലമായ ഒന്നായി മനുഷ്യ സങ്കല്‍പ്പത്തെ മാറ്റണം. അതല്ലാതെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ നിര്‍വചിക്കപ്പെട്ട മനുഷ്യാവസ്ഥയെ മനുഷ്യാവസ്ഥയുടെ ശാശ്വതരൂപമായി സങ്കല്‍പ്പിച്ചാല്‍ അത് ഫാസിസത്തിന്റെ ആദ്യരൂപമാണ്. ആ അര്‍ത്ഥത്തിലാണ് ഞാന്‍ അതിനെ നിരന്തരം വിപുലീകരിക്കണമെന്നു പറഞ്ഞത്.

 1. മാർക്സിസവും, മാർക്സിസ്റ്റ് സംവാദങ്ങളും നിരന്തരം അരങ്ങേറുന്നുണ്ടെങ്കിലും മാർക്സിസ്റ്റ് ധൈഷണികതക്ക് വളരെയേറെ പരാധീനതകളുള്ള ഒരു സമൂഹമാണു കേരളം.അതിനൊരു പരിഹാരമായി കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ മാർക്സിയൻ പഠനം ആരംഭിക്കുന്നതിനെക്കുറിച്ച് എന്തുപറയുന്നു?

@ മാർക്സിയൻ പഠനം ആരംഭിക്കേണ്ടതാണ്. പക്ഷെ ഒരു പ്രശ്നം,  മാർക്സിസ്റ്റുകൾ മാർക്സിസം എന്താണെന്നുള്ളതിനെക്കുറിച്ച്  ഏകമുഖമായൊരു ധാരണയല്ല വെച്ചുപുലർത്തുന്നത്. ഇപ്പോള്‍  കേരളത്തിലെ മാർക്സിസ്റ്റ് പ്രസ്ഥാനങ്ങൾ നേരിടുന്ന വലിയൊരു പ്രതിസന്ധിയായിട്ട് എനിക്കു തോന്നിയിട്ടുള്ളത്, മാർക്സിസത്തിനകത്തുണ്ടായ ഈ തുറസ്സുകളെ  ഒട്ടും അഭിസംബോധന ചെയ്യാതെയാണ് മാർക്സിസത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ്. അത് വ്യവസ്ഥാപിത പാർട്ടികൾ മുതൽ  എംഎല്‍ ഗ്രൂപ്പുകളിലെ ഇപ്പോഴത്തെ അവശേഷിപ്പുകൾ വരെ ഈ രൂപത്തില്‍ തന്നെയാണ്. എംഎൽ ഗ്രൂപ്പുകളുടെ ഒരു ചർച്ചയിൽ വെച്ച് എന്റെ ‘വീണ്ടെടുപ്പുകൾ- മാർക്സിസവും ആധുനികതാ വിമർശനവും’ എന്ന  പുസ്തകത്തിനെതിരെ ഉയർന്ന വിമർശനം നിങ്ങള്‍ മാവോയെ പരിഗണിച്ചിട്ടില്ല എന്നുള്ളതാണ്. എല്ലാവരും തങ്ങളുടെ  പൊസിഷൻ അവസാനത്തെ ശരിയാണെന്ന് കരുതുന്നുണ്ട്. അങ്ങനെയൊരു സിങ്കുലർ സ്പെയ്സിൽ നിൽക്കാൻ പറ്റില്ല. മറിച്ച്  മാർക്സിസത്തെ ഒരു സംവാദ സ്ഥലമായിട്ടേ ഇന്നു കാണാൻ സാധിക്കുകയുള്ളൂ. അതുപോലെ  മാർക്സിസം തിയറിയായിട്ടു പഠിപ്പിച്ചതു കൊണ്ടു കാര്യമില്ല. മറിച്ച് മാർക്സിസത്തിന്റെ   പ്രയോഗതലങ്ങൾ വികസിപ്പിക്കുകയാണ്  ചെയ്യേണ്ടത്. മാർക്സിസം ഒരു തിയറിയല്ല. അതൊരു സോഷ്യൽ പ്രാക്റ്റീസാണ്. അതുകൊണ്ടു സർവ്വകലാശാലയിൽ മാർക്സിസം പഠിപ്പിച്ചതു കൊണ്ടു മാത്രം കാര്യമില്ല. മാർക്സിന്റെ തന്നെ പ്രസിദ്ധമായ ഒബ്സെർവേഷനുണ്ടല്ലൊ. ‘philosophers have only interpreted the world in various ways. The point, however, is to change it’. If you want to change you have to intervene. അതിനെയൊരു സോഷ്യൽ പ്രാക്റ്റീസാക്കണം. സർവ്വകലാശാലകളിലൊക്കെ ഇപ്പോൾ സംഭവിക്കുന്നതെന്താണെന്നു വെച്ചാൽ, ഏതൊരു തരത്തിലുള്ള  റാഡിക്കൽ നോളെജിനേയും ന്യൂട്രലൈസ്  ചെയ്യുന്ന സ്ഥലമാണ് സർവ്വകലാശാല. പണ്ട് കേസരി, സർവ്വകലാശാലയെ കുറിച്ച് പറഞ്ഞൊരു വാക്യമുണ്ട്. അതിപ്പോൾ കൂടുതൽ ശരിയായിക്കൊണ്ടിരിക്കുന്നു. ‘മൃതപ്രായങ്ങളായ ആശയങ്ങൾക്ക് കിടന്നു ചാകാനുള്ള ആശുപത്രികളാണ് സർവ്വകലാശാലകള്‍’ എന്നാണദ്ദേഹം പറഞ്ഞത്. ഒരു സാധനം മരിക്കാറായിട്ടുണ്ടെങ്കിൽ അത് യൂണിവേഴ്സിറ്റി ടെക്സ്റ്റ് ആയിട്ടുണ്ടാവും എന്നാണതിനർത്ഥം. ഒരു ഉദാഹരണം പറഞ്ഞാല്‍  കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയുടെ  സമയത്ത്  അധ്യാപികമാർക്ക് ചുരീദാറിടാം എന്ന് സഖാവ് എം.എ.ബേബി ഒരു ഓർഡർ കൊണ്ടുവന്നപ്പോള്‍ അധ്യാപനത്തിന്റെ പരിശുദ്ധിപോകും എന്നൊക്കെ പറഞ്ഞിട്ട് അന്നത് വലിയ ചർച്ചയായി.. ഒരു ചാനൽ ചർച്ചയിൽ ഒരു വൈസ് ചാൻസലർ അധ്യാപികമാർ സാരി തന്നെയാണ് ധരിക്കേണ്ടതെന്ന് ശക്തമായി വാദിച്ചു. അത്  അവരുടെ വാദം. ആ വാദത്തില്‍ നമുക്ക് തർക്കമില്ല. പക്ഷെ പ്രശ്നമെന്താണെന്നു വെച്ചാൽ ഫെമിനിസത്തെക്കുറിച്ച്  രണ്ടു വോളിയം എഡിറ്റുചെയ്ത ആളായിരുന്നു അത്. അങ്ങനെയൊരാളാണ്  ടീച്ചര്‍മാര്‍   ചുരീദാർ ധരിച്ചുകൂടാ സാരിയേ ധരിച്ചുകൂടൂ എന്നു വാദിച്ചത്. ഫെമിനിസത്തിന്റെ  ഒരു അംശം തന്നെ സ്പർശിച്ചിട്ടുണ്ടെങ്കിൽ അത്തരമൊരു വാദം പറയാൻ പറ്റുമായിരുന്നില്ല. ആ അറിവിനെ മുഴുവന്‍, അതിന്റെ  എല്ലാ റാഡിക്കൽ പോളിറ്റിക്സിനേയും നശിപ്പിച്ച് ന്യൂട്രലൈസ് ചെയ്ത് ഒരു ഇൻഫൊർമേഷൻ പാക്കേജാക്കി. ഇങ്ങനെ വെറും വിവരങ്ങളായി ന്യൂട്രലൈസ് ചെയ്യപ്പെട്ട, സ്റ്റെറിലൈസ് ചെയ്യപ്പെട്ട അറിവാണ് സർവ്വകലാശാലകളിൽ ഇപ്പോഴുള്ളത്.

സെമിനാർ പ്രബന്ധങ്ങൾക്കൊന്നും ഒരു കുറവുമില്ല. എന്നാല്‍  മനുഷ്യർ റോഡിലിറങ്ങി ഒരു സമരം നടത്തുന്നതിനോട് സർവ്വത്ര  പുച്ഛവും. മാർക്സിസം എന്നത് സെമിനാർ പേപ്പറല്ല. ഈ തെരുവുകളിൽ നടക്കുന്ന സമരങ്ങളും അതിനെക്കുറിച്ചുള്ള നിങ്ങളുടെ കൺസേണുമാണ്. അതുവിട്ടിട്ട് പിന്നെ   മാർക്സിസം എന്നു പറഞ്ഞിട്ട്  കാര്യവുമില്ല. ഞാനതുകൊണ്ടാണ്  എല്ലാ പരിമിതികൾക്കു ശേഷവും പ്രസ്ഥാനത്തെ  കുറിച്ച് കൺസേൺ വേണമെന്നു പറയുന്നത്. ടെറി ഈഗിള്‍ട്ടൺ ദറിദയെക്കുറിച്ചു പറയുന്ന ഒരു കാര്യമുണ്ട്. നിങ്ങൾക്കീ വ്യവസ്ഥയെ അപനിർമ്മിക്കാൻ പറ്റില്ലെന്നുറപ്പാണ്. അതുകൊണ്ടു നിങ്ങൾ ടെക്സ്റ്റിനെ അപനിർമ്മിച്ച് സന്തോഷമായി ജീവിക്കുന്നു. ടെക്സ്റ്റിനെ ഡീകൺസ്റ്റ്രക്റ്റു ചെയ്താല്‍ പ്രശ്നമൊന്നുമില്ല, മറിച്ച് വ്യവസ്ഥയെ ഡീകൺസ്ട്രക്റ്റു ചെയ്യാൻ പോയാൽ ജയിലിൽ കിടക്കും. ഇതുപോലെയൊരു പ്രശ്നം ഈ സർവ്വകലാശാലാതലത്തിലുണ്ട്. സർവ്വകലാശാലയിൽ ഇതൊരു പഠനവിഷയമാകുന്നതൊക്കെ നല്ലതുതന്നെയാണ്. പക്ഷെ അതൊരു കേവലജ്ഞാനമായാൽ മാർക്സിസം എന്തിനെ എതിരിടാൻ ശ്രമിച്ചോ  അതായിട്ടതു മാറും.

 1. പത്തൊമ്പതാം നൂറ്റാണ്ടുമുതൽ ശ്രീനാരായണ പ്രസ്ഥാനത്തിന്റേയും അയ്യങ്കാളി പ്രസ്ഥാനത്തിന്റേയുമൊക്കെ ഫലമായിട്ട്  വളർന്നുവന്ന സാംസ്കാരികാവബോധം ഇപ്പോൾ പല മേഖലകളിലും ഒരു തിരിച്ചുപോക്കിന്റെ പാതയിലാണ്. എന്താണ് വിലയിരുത്തൽ?

@ കേരളീയ  നവോത്ഥാനത്തിന്റെ  ഒരു വലിയ സാധ്യതയായിരുന്നത്  അടിസ്ഥാനപരമായി അത് ഹിന്ദുമത നവീകരണം എന്നതിനേക്കാള്‍ ആധുനിക ജനാധിപത്യ സമൂഹത്തിന്റെ രൂപപ്പെടല്‍ ആയിരുന്നു എന്നതാണ്. ഇന്ത്യയിലെ മറ്റു പല പ്രദേശങ്ങളിലും നവോത്ഥാനം  എന്ന പ്രക്രിയ അരങ്ങേറിയത് മത നവീകരണപരമായിട്ടാണ്. പ്രത്യേകിച്ച് ബംഗാളില്‍. രാജാറാം മോഹന്‍ റായിയോ, ഈശ്വരചന്ദ്ര  വിദ്യാസാഗറോ, ദയാനന്ദ സരസ്വതിയോ ഒക്കെ വഴി രൂപപ്പെട്ടത് ഹിന്ദു മതത്തിനകത്തുള്ള ഒരു നവീകരണ ശ്രമമാണ്. മറിച്ച് കേരളത്തിലെ നവോത്ഥാനത്തിന്  ഹിന്ദുമത നവീകരണത്തെക്കാള്‍ വലിയ കണ്‍സേണ്‍സ്  ഉണ്ടായിരുന്നു.. ജാതി നശീകരണം, ആധുനികതയുടെ രൂപപ്പെടല്‍, പുതിയ വിദ്യാഭ്യാസം, വ്യവസായം, പത്രം, അച്ചടി, ബാങ്ക് ഇതെല്ലാം കൂടി ചേര്‍ന്ന്‍ രൂപപ്പെടുത്തിയ പുതിയൊരു സ്പെയ്സിനെയാണ്  നമ്മള്‍ നവോത്ഥാനം എന്നു  പറയുന്നത്. പക്ഷെ പിന്നെപ്പിന്നെ ഈ ആധുനിക സമൂഹ രൂപീകരണത്തില്‍ നിന്ന്‍ ഒരര്‍ത്ഥത്തില്‍ മതനവീകരണപരമായ  യുക്തിയിലേക്കുള്ള വഴിത്തിരിവ് സംഭവിച്ചു. അവിടെത്തന്നെ നമ്മുടെ നവോത്ഥാനത്തിന്റെ റാഡിക്കല്‍  പൊട്ടന്‍ഷ്യല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. തൊള്ളായിരത്തി ഇരുപത്-മുപ്പതുകളില്‍ തന്നെ ഇത്തരമൊരു വഴിത്തിരിവ്  സംഭവിക്കുന്നുണ്ട്. ഇതിന്റെയൊരു റാഡിക്കല്‍  സ്വഭാവത്തില്‍  നിന്ന്‍  നിന്ന്‍ ഹൈന്ദവമായ യുക്തികളിലെക്കുള്ള ഒരു വഴി തിരിയല്‍ അവിടെത്തന്നെ സംഭവിച്ചു. ഒപ്പം തന്നെ ജാതി വിമര്‍ശനപരമായ ഉള്ളടക്കം നമ്മുടെ നവോത്ഥാനത്തിനു നഷ്ടപ്പെടുകയും ചെയ്തു. വാസ്തവത്തില്‍  കേരളത്തിലെ ഇടതു പക്ഷത്തിനടക്കം സംഭവിച്ച ഒരു വലിയ പരിമിതിയാണിത്‌. നവോത്ഥാനം  രൂപപ്പെടുത്തിയ ജാതി വിമര്‍ശനത്തെ  ജന്മിത്വത്തിനെതിരായ സമരമാക്കി മാറ്റുന്നതില്‍ ഇടതുപക്ഷം വിജയിച്ചെങ്കിലും  ജന്മിവിരുദ്ധ സമരത്തിനു ശേഷം ജാതിവിരുദ്ധതയുടെ, ആധുനിക  സമൂഹരൂപീകരണത്തിന്റെ പുതിയൊരു പ്ലാറ്റ്ഫോം തുറക്കുന്നതില്‍ ഇടതുപക്ഷം വിജയിച്ചില്ല എന്നതാണ്. ആ സ്പെയ്സ് ആണിപ്പോള്‍ ജാതി രാഷ്ട്രീയം ഏറ്റെടുത്തു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ആ സ്പെയ്സിനെ തിരിച്ചിടാന്‍ വേണ്ട ശ്രമങ്ങള്‍ ഇന്ന് ആവശ്യമുണ്ട്. ഇടതുപക്ഷ സംഭാവനകളെ ഇപ്പോള്‍  ദളിത്‌ ആക്റ്റിവിസ്റ്റുകളൊക്കെ തള്ളിക്കളയുന്നതു  പോലെ അപ്പാടെ തള്ളിക്കളഞ്ഞു കൂടാ എന്നു  തന്നെയാണ് എന്റെ തോന്നല്‍. കാരണം ജന്മിത്വം അവസാനിക്കാതെ നിങ്ങള്‍ക്ക് ജാതിബന്ധങ്ങളെ  പൊളിക്കാന്‍ പറ്റില്ല.അതൊരു അടിസ്ഥാന വസ്തുതയാണ് . ജന്മിത്വം കേരളത്തില്‍ തകര്‍ന്നു എന്നുള്ളത്  കേരളത്തിലെ ഇന്നത്തെ സമൂഹത്തിന്റെ സ്വഭാവത്തില്‍ വളരെ  പ്രധാനപ്പെട്ട പങ്കു വഹിച്ചിട്ടുണ്ട്‌. അതിന്റെ കേന്ദ്രം കമ്മ്യൂണിസ്റ്റുകളും ഇടതുപക്ഷ  പാര്‍ട്ടികളും തന്നെയാണ്. പക്ഷെ ജന്മിത്വം അവസാനിച്ചതു  കൊണ്ട് ജാതിപ്രശ്നമൊന്നും അവസാനിക്കില്ല.ആ  തിരിച്ചറിവ് കമ്മ്യൂണിസ്റ്റ് മൂവ്മെന്റിന് ഉണ്ടായിട്ടില്ല, കമ്മ്യൂണിസ്റ്റ് മൂവ്മെന്റ് അത്  ഏറ്റെടുത്തിട്ടില്ല. ഇന്ന്‍ കേരളത്തില്‍ നവോത്ഥാനത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ച ജാതിവിഭാഗങ്ങള്‍ ആണ് ലെഫ്റ്റിന്റെയൊക്കെ ഒരു അടിത്തറ. കേരളീയ മദ്ധ്യവര്‍ഗ്ഗത്തിന്റെ സാമൂഹ്യ അഭിലാഷങ്ങള്‍  നിറവേറ്റി കൊടുക്കുക എന്നതിലേക്ക് ലെഫ്റ്റ് പോളിറ്റിക്സിന്റെ അജണ്ട ചിലപ്പോഴൊക്കെ ചുരുങ്ങിപ്പോകുന്നുണ്ട്. റാഡിക്കലായ  ഒരു ട്രാന്‍സ്ഫര്‍മേഷനല്ല സ്റ്റാറ്റസ്കോയിക് ആയ  ഒരു ഉറപ്പുണ്ടാക്കലിലേക്ക്  തിരിയുന്നുണ്ട്‌. അതേസമയം   കേരളത്തില്‍ അഡ്രസ്സ് ചെയ്യപ്പെടേണ്ട വമ്പിച്ച പ്രശ്നങ്ങള്‍ ഇപ്പോഴുമുണ്ട്.ലോകത്തിലെ തന്നെ ഏറ്റവും വലിയ  സാമൂഹ്യ  സാമ്പത്തിക അസമത്വമുള്ള സംസ്ഥാനമാണ് കേരളം. പരിഷത്തിന്റെ 2007  ലെ  കേരള  പഠനത്തില്‍ പറയുന്നൊരു കാര്യം  മേല്‍ത്തട്ടിലെ  പത്ത് ശതമാനം പേര്‍  കേരളത്തിലെ സമ്പത്തിന്റെ  നാല്‍പ്പത്തിരണ്ട് ശതമാനം കൈവശം വെക്കുന്നു.  കീഴ്ത്തട്ടിലെ പത്തു  ശതമാനം പേരില്‍ 1.3  ശതമാനം സമ്പത്തെ  ഉള്ളൂ.മേല്‍ത്തട്ടും കീഴ്ത്തട്ടും തമ്മില്‍ ഏതാണ്ട് മുപ്പത്തിയഞ്ച് മടങ്ങ് വ്യത്യാസമുണ്ട്.. ഇത് ലോകത്തിലെ തന്നെ  ഉയര്‍ന്ന സാമ്പത്തിക അസമത്വമാണ്. ഐക്യരാഷ്ട്ര സഭ പറയുന്നത് മേല്‍ത്തട്ടും കീഴ്ത്ത്തട്ടും തമ്മില്‍ പരമാവധി ഇരുപതു മടങ്ങ് വ്യത്യാസമേ വരാവൂ എന്നാണ്. കേരളത്തില്‍ ഇത്  മുപ്പത്തിയഞ്ച് മടങ്ങാണ്. ഇത്  പത്തുവര്‍ഷം മുന്പത്തെ കണക്കാണ്.. ഇപ്പോഴത് കുറേക്കൂടി മൂര്‍ച്ചിച്ചിട്ടുണ്ടാകും. ഇപ്പോള്‍ നാല്‍പ്പതോ  നാല്‍പ്പത്തിയഞ്ചോ  ആയിട്ടുണ്ടാകും. കഴിഞ്ഞ പത്തു വര്‍ഷത്തെ ഉദാരവല്‍ക്കരണം കൂടുതല്‍ ദരിദ്രരെ ഉണ്ടാക്കി . ദരിദ്രരെ കൂടുതല്‍ നിസ്വരാക്കി.ഈയൊരു പ്രശ്നം നമ്മുടെ സാമൂഹ്യ ചര്‍ച്ചയില്‍ എവിടെയെങ്കിലും വരുന്നുണ്ടോ? എഞ്ചിനീയറിംഗ്  സീറ്റിനെക്കുറിച്ച് നമ്മള്‍ ഉൽക്കണ്ഠപ്പെട്ടതിന്റെ  നൂറിലൊരംശം ആദിവാസി ഭൂമിയെക്കുറിച്ച് നമ്മള്‍ ഉൽക്കണ്ഠപ്പെട്ടിട്ടില്ല. കാരണം എഞ്ചിനീയറിംഗ്  മധ്യവര്‍ഗ്ഗത്തിന്റെ പ്രശ്നമാണ്. കറന്റ് ചാര്‍ജ് കൂടിയാല്‍  അതും മധ്യവര്‍ഗ്ഗത്തിന്റെ പ്രശ്നമാണ്. ആദിവാസി പ്രശ്നം ആരുടേയുമല്ല. ഇതാണ് കേരളം നേരിടുന്ന ഒരു ക്രൈസിസ്.  ദാരിദ്ര്യം ഇല്ലാതെയായിട്ടല്ല;  ദാരിദ്ര്യത്തെ അഡ്രസ്‌ ചെയ്യുന്ന ഒരു റാഡിക്കല്‍  പൊസിഷന് പകരം മധ്യവര്‍ഗ്ഗത്തിന്റെ ജീവിതാഭിലാഷങ്ങളിലെക്ക്  കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന ഒരു സമീപനം  വികസിച്ചു വന്നു. അത് കേരളത്തിലെ ഇടതു പക്ഷ രാഷ്ട്രീയത്തെ അതിന്റെ റാഡിക്കല്‍ പൊസിഷനില്‍  നിന്ന്‍  പിന്നോട്ട് കൊണ്ട് പോകുകയാണെന്നാണ് ഞാന്‍ കരുതുന്നത്. ഒറ്റ തിരിഞ്ഞ  തിരുത്തല്‍ ശ്രമങ്ങളൊക്കെ അവിടവിടെ നടക്കുന്നുണ്ട്. പക്ഷെ ഇപ്പോഴും  ഇവ മുഖ്യമായ ഊന്നലിലേക്ക് വന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല.

 1. പ്രശ്നങ്ങളെ വൈയക്തികമായി മാത്രം കാണുന്ന, സാമൂഹ്യപ്രശ്നങ്ങളോട് നിസ്സംഗതയോടെ പ്രതികരിക്കുന്ന ഒരു തലമുറയാണിപ്പോൾ വളർന്നു വരുന്നത്. ഇപ്പോൾ ഇവിടെ നിലനിൽക്കുന്ന വിദ്യഭ്യാസക്രമമാണോ അതിനു കാരണം?

@  അതിലെനിക്ക്  വിയോജിപ്പുണ്ട്.  അങ്ങനെ യുവതലമുറ നിസ്സംഗമാണ് എന്ന്‍ കരുതിക്കൂടാ. ഒരു  ഭാഗത്ത്  നിസ്സംഗത  ഉണ്ട്. പക്ഷെ മറുഭാഗം അങ്ങനെയല്ല.എല്ലാക്കാലത്തും ഏറിയും കുറഞ്ഞും ഇതുണ്ടായിരുന്നു താനും.  യുവതലമുറയുടെ സാമൂഹ്യ ജാഗ്രതകളെ അഭിസംബോധന ചെയ്യാന്‍ ശേഷിയുള്ള വിദ്യാഭ്യാസ സംവിധാനവും സംഘടനാ സംവിധാനങ്ങളും നമുക്കില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ  സോഷ്യല്‍ കണ്സേന്‍സ് ഷെയര്‍ ചെയ്യുന്ന ആയിരക്കണക്കിന് കുട്ടികളുണ്ട്. പക്ഷെ ആ കുട്ടികളുടെ ഉൽക്കണ്ഠകളെ  നമ്മള്‍ എന്ത് ചെയ്യുന്നു ? അവര്‍ അതൊരു പോസ്റ്റ്‌ ആക്കിമാറ്റുന്നു , അവരുടെ സ്വകാര്യ ആലോചനകളില്‍ കൊണ്ടു നടക്കുന്നു. ജീവിതതിലാകട്ടെ അവര്‍ സ്റ്റാറ്റസ്കോയിക് ആയ അവസ്ഥയിലേക്ക്  തള്ളി നീക്കപ്പെടുന്നു . പ്രശ്നം എന്താണെന്നു  വെച്ചാല്‍ .അവരെ ഉള്‍ക്കൊള്ളാന്‍ കൂടി പറ്റുന്ന തരത്തില്‍ നമ്മള്‍ മാറേണ്ടതുണ്ട്.എന്റെ തലമുറ പുതിയ തലമുറയോട് പറയുന്നത് ഞങ്ങളെപ്പോലെ ആവൂ എന്നാണ് . ഞങ്ങൾ പക്ഷെ ഞങ്ങളുടെ മുന്‍തലമുറയെ  പോലെ ആയിരുന്നില്ല.അവര്‍ പറഞ്ഞിടത്തല്ല ഞങ്ങള്‍ നിന്നിരുന്നത്.  ഞങ്ങള്‍ വേറൊരു തലമുറയായി മാറുകയാണ് ചെയ്തത്.ഇതു  തന്നെ ഇനിയും  ആവര്‍ത്തിക്കും. പക്ഷെ നമ്മളിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്താണെന്നു  വെച്ചാല്‍ നമ്മുടെ ഫ്രെയിം വര്‍ക്കില്‍ വരാത്തവര്‍ തെറ്റിപ്പോയി എന്ന് കരുതുകയാണ്.അവരെക്കൂടി അഡ്രസ്സ് ചെയ്യാനുള്ള ഒരു  ശേഷി നമ്മള്‍ ആര്‍ജ്ജിക്കണം. അത് നമ്മുടെ വിദ്യഭ്യാസത്തിനില്ല, സംഘടനാ ജീവിതത്തിനില്ല ,സാമൂഹ്യ സ്ഥാപനങ്ങള്‍ക്കും ഇന്നില്ല എന്നാണു എനിക്ക് തോന്നുന്നത്. അതിന് അവരെ മാത്രം പഴിച്ചിട്ട്‌  കാര്യമില്ല.

 1. കേരളീയ സമൂഹം ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളികളും പ്രതിസന്ധികളും എന്താണ്?

@   പലതരം പ്രതിസന്ധികളാണ്. ഒരു കാര്യമായിട്ട് പറയാന്‍ പറ്റില്ല.   കാതലിലേക്ക് വന്നാല്‍  തന്നിലേക്കുള്ള ചുരുങ്ങല്‍  ആണെന്ന് പറയാം.   അപരത്വത്തെക്കുറിച്ചുള്ള കരുതല്‍ ഇല്ലായ്മയാണ് എന്നും പറയാം. ഈ കരുതല്‍ വികസിച്ചു വന്നതാണ് ആധുനിക കേരളത്തിന്റെ  ഒരു വിജയമായിരുന്നത്. നമ്മള്‍ ആധുനികമായി വന്ന സമയത്ത് മതത്തില്‍, വിദ്യാഭ്യാസത്തില്‍, രാഷ്ട്രീയത്തില്‍  തുടങ്ങി എല്ലായിടത്തും  ഈ കരുതല്‍   ഉണ്ടായിരുന്നു. ഇന്ന്‍ ഈ കരുതല്‍ ഇല്ല. വ്യക്തിജീവിതത്തിലില്ല, മതത്തില്‍, രാഷ്ട്രീയത്തില്‍, വിദ്യാഭ്യാസത്തില്‍ എവിടെയും ഇല്ല. ഇതാണ്‌ എല്ലാ ക്രൈസിസുകളുടെയും കേന്ദ്രമാകുന്ന ഒരു അബ്സ്ട്രാക്റ്റ് പ്രിന്‍സിപ്പിള്‍. പ്രകൃതി എന്നു പറയുന്നത് നിങ്ങള്‍ക്ക് വെ ട്ടിപ്പിടിക്കാനുള്ളതാണെന്നു  കരുതുന്നു, മറ്റു മനുഷ്യര്‍ നിങ്ങള്‍ക്ക്  കീഴടക്കാനുള്ളതാണെന്നു കരുതുന്നു, വിദ്യാഭ്യാസം നിങ്ങള്‍ക്ക്  വിജയിക്കാനുള്ളതാണ് എന്ന് കരുതുന്നു. അങ്ങനെ വരുന്നതോടു കൂടി ഈ അദര്‍  ഇല്ലാതാവുകയാണ്. Annihilation of the other. എന്നത് ഒരു ആദര്‍ശം  ആയിട്ട് മാറുകയാണ്. മറിച്ച്  മുന്‍പ്‌ അപരവുമായിട്ട് ഒരു വിനിമയം ഉണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ വിപരീതം  ആണ്. ഈ ഒരു തത്വത്തില്‍ നിന്ന്‍ നമ്മുടെ എല്ലാ പ്രശ്നങ്ങളിലേക്കും  ഒരു വഴി ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

 1. കേരളത്തിലെ ഭാവി സമൂഹത്തെക്കുറിച്ചുള്ള താങ്കളുടെ വീക്ഷണം എന്താണ്?

@ ഇപ്പോഴത്തെ നിലയ്ക്ക് രണ്ടു സാധ്യതകളാണ് ഉള്ളത്. ഇപ്പോള്‍  കേരളത്തില്‍ ജനാധിപത്യവല്‍ക്കരണത്തിന്റെ വഴിയില്‍ അതിന്റെ  ശക്തിയാല്‍ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ധാരയുണ്ട്. കീഴാള രാഷ്ട്രീയത്തിന്റെ, സ്ത്രീ പ്രശ്നങ്ങളുടെ,  പാരിസ്ഥിതിക ജാഗ്രതകളുടെ ഒക്കെ  സമ്മര്‍ദ്ദം കേരളത്തില്‍ ഇന്നുണ്ട്.അതിനെ ഉള്‍ക്കൊള്ളുകയും അതുകൂടി ഉള്‍പ്പെട്ടു നില്‍ക്കുന്ന ജനാധിപത്യപരമായ ഒരു രാഷ്ട്രീയ പ്രയോഗം ശക്തമാവുകയും ചെയ്യുക എന്നതാണ് ഒരു സാധ്യത. അങ്ങനെ  ഒരു സ്പെയ്സ് നില്‍ക്കുന്നുണ്ട്. ആ സാധ്യതയിലേക്ക് വികസിക്കാന്‍ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളൊക്കെ സന്നദ്ധമാവുക. വിപുലമായ ഒരു  ഡെമോക്രാറ്റിക് ലെഫ്റ്റ് സ്പെയ്സ് അങ്ങനെ രൂപപ്പെടാം. ഇതൊരു സാധ്യതയാണ്.അത് വികസിച്ചു വന്നിട്ടൊന്നുമില്ല. .മറുഭാഗത്ത്  കേരളത്തില്‍  വര്‍ഗീയതയുടെ, കണ്‍സ്യൂമറിസത്തിന്റെ ,വ്യക്തിവാദത്തിന്റെ ഉപഭോഗാസാക്തിയുടെ  ലോകം  വളരെ ശക്തമാണ്. ഇതിലേക്ക് ചിതറാനുള്ള സാധ്യതയാണ് മറ്റൊന്ന്‍ . ലെഫ്റ്റിന്റെ  പൊളിറ്റിക്കല്‍  ഫ്രെയിം വളരെ ശക്തമാണെങ്കിലും ആ പൊളിറ്റിക്കല്‍ ഫ്രെയിമിനകത്ത് ഇടതുപക്ഷ ജീവിതബോധം   ദുര്‍ബലമാണ്. അതുകൊണ്ട് രാഷ്ട്രീയമായി ഇടതുപക്ഷത്തായിരിക്കുന്നവരുടെ ജീവിതബോധം  വലതുപക്ഷമായി വളരെ കൂടുതല്‍ മാറിയിട്ടുണ്ട്. അതേ സമയം ലെഫ്റ്റിന്റെ  ചട്ടക്കൂടിനു പുറത്ത്  ലെഫ്റ്റ് സ്പെയ്സില്‍ ഒറ്റയൊറ്റയായി തുരുത്തുകളായിട്ട് നില്‍ക്കുന്ന  മനുഷ്യരും  ഉണ്ട്.അതായത്, ഇടതുപക്ഷത്തിനകത്ത്‌ ഇടതുപക്ഷ ധാരണ  ദുര്‍ബലമാവുകയും  പുറത്ത് ഇടതുപക്ഷ ധാരണയുടെ  തുരുത്തുകള്‍ രൂപപ്പെടുകയും ചെയ്യുന്നുണ്ട്. ഇടതുപക്ഷം  ഒന്നുകില്‍  ഈ പുറത്തുള്ള സ്പെയ്സിനെ കൂടി ഉള്‍ക്കൊള്ളുകയും  അതുവഴി ആന്തരികമായി സ്വയം ശക്തിപ്പെടുകയും ചെയ്യുകയോ  അല്ലെങ്കില്‍  അകമേയുള്ള ദുര്‍ബലപ്പെടല്‍ വഴി  ശിഥിലീകരണം കൂടുതല്‍ ശക്തിപെട്ട് കൂടുതല്‍ ഒറ്റയൊറ്റയായ തുരുത്തുകളിലേക്ക് പോകുകയോ ചെയ്യും. ഇതില്‍ രണ്ടാമത്തേതാണ് സംഭവിക്കുന്നതെങ്കില്‍ കേരളം വലതുപക്ഷത്തിന്റെ  ഹിംസാത്മകമായ ഒരു വഴിയിലേക്ക് തിരിയും. മറ്റൊരു സാധ്യത  കേരളത്തില്‍ ഇപ്പോഴും ഉണ്ട്. അതായത്  ഇവിടെ ലെഫ്റ്റ്  പോളിറ്റിക്സും  ശക്തമാണ്, ലെഫ്റ്റ് അണ്ടര്‍സ്റ്റാണ്ടിംഗും  ശക്തമാണ്,ഇതിനെ കൂട്ടിയിണക്കുന്ന ഒരു organic process  വികസിപ്പിക്കാന്‍  കഴിഞ്ഞാല്‍ നിശ്ചയമായും കേരളത്തിന്റെ ഭാവിയില്‍ ഇടതുപക്ഷതിനൊരു പുതിയ ഇടം  ഉണ്ടാവും. കേരളത്തിലെ കുടുംബങ്ങളിലേക്ക് വെറുതെ ഒന്നു  നോക്കിയാല്‍ മതി, അതിയാഥാസ്ഥിതികമായ വലതുപക്ഷവല്‍ക്കരണം നടന്നു കഴിഞ്ഞിരിക്കുന്നതു കാണാം.ജാതി,മതം ആചാരം തുടങ്ങി   നമ്മള്‍ നവോത്ഥാന കാലത്ത് പുറത്താക്കിയതൊക്കെ ഇപ്പോള്‍ വീടിനകത്തുണ്ട്. എന്നാല്‍ ഇന്ന്‍ നമ്മള്‍ അതിനെക്കുറിച്ചൊരു പൊതു വിമര്‍ശനവും ഉയര്‍ത്തുന്നില്ല. അങ്ങനെ വളരെ ഭദ്രമായിട്ട്  യാഥാസ്ഥിതികത്വം സുരക്ഷിതമായി കഴിയുന്ന ഒരു സ്ഥലമാണ് ആ  കുടുംബങ്ങള്‍. ആ ഒരു പ്രശ്നത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ട്.

 1. പുരോഗമന രാഷ്ട്രീയത്തിന്റെ സാംസ്കാരിക ഉള്ളടക്കം ജനാധിപത്യ വിരുദ്ധമായി മാറുന്നുണ്ടോ? എന്തുതോന്നുന്നു?

@ പുരോഗമന രാഷ്ട്രീയത്തിന്റെ സാംസ്കാരിക ഉള്ളടക്കം ജനാധിപത്യവിരുദ്ധമായിക്കൂടല്ലോ. അങ്ങനെ വരുമ്പോള്‍  ഒന്നുകില്‍ അവിടെ പുരോഗതി പോയിട്ടുണ്ട്, അല്ലെങ്കില്‍ ജനാധിപത്യം പോയിട്ടുണ്ട്. പുരോഗമനപരമെന്നു വിളിക്കുന്ന നിലപാടുകള്‍ ഉള്ളവര്‍ പലപ്പോഴും ജനാധിപത്യത്തിന്റെ വിശാല അര്‍ത്ഥങ്ങളിലേക്ക് എത്തുന്നില്ല. ഞാനതില്‍ വിചാരിക്കുന്നത് – ജനാധിപത്യം എന്നു പറയുന്നത്  ഭൂരിപക്ഷഹിതമല്ല. ജനാധിപത്യത്തെക്കുറിച്ച്  റസ്സല്‍ പറയുന്നുണ്ട് ‘ It is the concern for the other.’ നിങ്ങളല്ലാത്തതിനെക്കുറിച്ചുള്ള നിങ്ങളുടെ കരുതലാണ് ജനാധിപത്യം. അത്  നിങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ കരുതലല്ല. പക്ഷെ നമ്മള്‍  ജനാധിപത്യത്തെ റെഡ്യൂസ് ചെയ്തു ചെയ്ത് ഭൂരിപക്ഷഹിതമാണ് ജനാധിപത്യം എന്നിടത്തേക്ക് കൊണ്ടുവന്നു. ഭൂരിപക്ഷഹിതം  ചിലപ്പോള്‍  ജനാധിപത്യമായിരിക്കും  ചിലപ്പോളത്  ഫാസിസമായിരിക്കും. രണ്ടും ഭൂരിപക്ഷത്തില്‍ സാധ്യമാണ്. അതുകൊണ്ട് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥമായ  സ്പിരിറ്റ്‌ എന്നു  പറയുന്നത് അപരത്വത്തെക്കുറിച്ചുള്ള നിങ്ങളുടെ കരുതലാണ്. കേരളത്തിലെ കുടുംബ ഘടനയില്‍ കുഞ്ഞുങ്ങള്‍ക്ക്‌ മനുഷ്യാവകാശമുണ്ടെന്ന്‍  ആരെങ്കിലും കരുതുന്നുണ്ടോ?കുഞ്ഞുങ്ങള്‍ എന്തു  ചെയ്യണം  എന്തു  പഠിക്കണം എന്നൊക്കെ  തീരുമാനിക്കുന്നത് അച്ഛനുമമ്മയും ആണല്ലോ. അങ്ങനെ മനുഷ്യാവകാശധ്വംസനത്തിന്റെ കേന്ദ്രമാണ് കേരളത്തിലെ കുടുംബം. ഞാന്‍ വ്യക്തിപരമായി കരുതുന്നത് കേരളത്തിലെ സാമൂഹ്യമായ പിന്‍മടക്കതിന്റെയും യാഥാസ്ഥികത്വതിന്റെയും  കേന്ദ്രം കേരളത്തിലെ കുടുംബമാണ് എന്നാണ്. ആ കുടുംബ ഘടനെയെ പൊളിക്കാതെ കേരളത്തിനിനി ഒരു റാഡിക്കല്‍ ചെയ്ഞ്ച് സാധ്യമല്ല എന്ന് ഞാന്‍ കരുതുന്നു. ഈ സിസ്റ്റം  വളരെ ജനാധിപത്യ വിരുദ്ധമായിട്ടുണ്ട്. കേരളത്തിലെ പ്രോഗ്രസീവ് മൂവ്മെന്റ്  ഇന്ന്‍ അഡ്രസ്സ് ചെയ്യേണ്ട ഏറ്റവും വലിയ പ്രശ്നം ഈ കുടുംബഘടനയെ ജനാധിപത്യവല്‍ക്കരിക്കുക എന്നതാണ്. പക്ഷെ നമ്മുടെ പൊളിറ്റിക്കല്‍ പാര്‍ട്ടികളുടെ അജണ്ടയിലൊന്നും ഈ വിഷയമേ ഇല്ല. നമ്മുടെ  നവോത്ഥാനത്തിലൊക്കെ  ഇതായിരുന്നു ആദ്യത്തെ പ്രശ്നം. അതുകൊണ്ട് നവോത്ഥാനത്തിന്  ഇന്നൊരു തുടര്‍ച്ച വേണമെങ്കില്‍ കുടുംബം പോലുള്ള പ്രശ്നങ്ങളെ അത് അഡ്രസ്  ചെയ്യണം. അതിനുള്ള ശേഷി പക്ഷെ ഇപ്പോഴത്തെ നിലയില്‍ പ്രതീക്ഷിച്ചു കൂടാ.

– ജനാധിപത്യവൽക്കരണശ്രമങ്ങളുടെ സ്വാധീനം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം,രീതി , ഉള്ളടക്കം എന്നിവയിലേക്ക് കടന്നു വരേണ്ട സമയവും  അതിക്രമിച്ചില്ലേ?

@  നിശ്ചയമായിട്ടും. അതിന്റെ വിപരീത ദിശയിലാണ് വിദ്യാഭ്യാസം ഇപ്പോള്‍ പോകുന്നത്. ഉള്ളടക്കത്തിന്റെ തലത്തിലും മെത്തഡോളജിയുടെ തലത്തിലും  വിദ്യാഭ്യാസം   ഡെമോക്രാറ്റിക്ക്  അല്ലാത്ത ഒരു തലത്തിലേക്കാണ്   പോകുന്നത്. ഇന്‍ഫോര്‍മേഷന്‍ പാക്കേജുകളും തൊഴില്‍ പരിശീലനവുമാണ് വിദ്യാഭ്യാസം എന്നയിടത്തേക്ക് വിദ്യാഭ്യാസം എത്തി. ഈ രണ്ടു ധാരണകളും ജനാധിപത്യ വിരുദ്ധമാണ്.

 1. ഫാസിസം ഇന്ത്യയിൽ അതിന്റെ പിടി മുറുക്കിക്കഴിഞ്ഞു എന്നതിനെക്കുറിച്ചും ബിജെപി ഫാസിസ്റ്റ് പാർട്ടിയല്ല; അതിന്റെ ലക്ഷണങ്ങളെ ഉള്ളൂ എന്ന് സിപിഎം മുൻ ജനറൽ സെക്രട്ടറി പറഞ്ഞതിനെക്കുറിച്ചുമുള്ള വിലയിരുത്തൽ എന്താണ്?

@ അത് നമ്മളതിനെ സാങ്കേതികമായിട്ടാണോ നോക്കിക്കാണുന്നത്  എന്നതിനെ ആശ്രയിച്ചിരിക്കും . സാങ്കേതികമായി, കൃത്യമായി നോക്കുകയാണെങ്കില്‍ ഒരു ഫാസിസ്റ്റ് രാഷ്ട്രമായി ഇന്ത്യ മാറിക്കഴിഞ്ഞു എന്നു  പറയാന്‍ പറ്റില്ല. കാരണം,ഫാസിസം ചെയ്യുന്ന  ഡെമോക്രാറ്റിക് പ്രോസസ്സിനേയും  അട്ടിമറിക്കുക, സൈനികവല്‍ക്കരണം നടപ്പിലാക്കുക, കോടതികള്‍ കൈയ്യടക്കുക  തുടങ്ങിയ  പല കാര്യങ്ങളും  ഇന്ത്യയില്‍ നടന്നിട്ടില്ല. ബിജെപിയെ ഇപ്പോഴും നമുക്ക് തെരഞ്ഞെടുപ്പില്‍  തോല്‍പ്പിക്കാന്‍ പറ്റുന്നുണ്ട്. ഫാസിസത്തില്‍ സൈന്യം എന്നത് ഒരു നിര്‍ണ്ണായക ശക്തിയായി മാറുകയും അത് രാഷ്ട്രീയത്തില്‍ ഇടപെടുകയും ചെയ്യും.  സൈനികവല്‍ക്കരണത്തിന്റെ  അംശങ്ങളുണ്ട്‌ എങ്കിലും ഇപ്പോഴും  സൈന്യം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട  സംവിധാനത്തിനു  കീഴ്പ്പെട്ടു നില്‍ക്കുകയാണ്. തിരഞ്ഞെടുപ്പുകള്‍   ഇല്ലാതായിട്ടില്ല. അങ്ങനെ വരുമ്പോള്‍ ജനാധിപത്യപരമായ ഒരു സ്പെയ്സ് സാങ്കേതികമായി ഇപ്പോഴും അവസാനിച്ചിട്ടില്ല. അതുകൊണ്ട് സാങ്കേതികമായി  ഫാസിസ്റ്റ് സിസ്റ്റത്തിലേക്ക് ഇന്ത്യ അപ്പാടെ തിരിഞ്ഞുകഴിഞ്ഞു എന്നു  പറഞ്ഞുകൂടാ. പക്ഷെ  ഫാസിസ്റ്റ് പൊട്ടന്‍ഷ്യല്‍ വളരെ ശക്തമാ യിക്കഴിഞ്ഞു. അത് യൂറോപ്യന്‍ ഫാസിസത്തിന്റെ ഫ്രെയിം വര്‍ക്കിനകത്തല്ല, മറിച്ച് മതത്തെ കേന്ദ്രീകരിച്ചുള്ള ഒരു യുക്തിയിലാണ്. അതുകൊണ്ട് തന്നെ യൂറോപ്യന്‍ ഫാസിസത്തിന്റെ അളവുകോല്‍ വെച്ച് ഫാസിസ്റ്റ് ആയോ ഇല്ലയോ എന്ന് സാങ്കേതികമായി പരിശോധിക്കുന്നതിനേക്കാള്‍ നമ്മുടെ മുന്നിലുള്ള ഫാസിസ്റ്റ് ഭീഷണിയെ കഴിയുന്ന എല്ലാ ശക്തിയോടെയും ചെറുക്കുക എന്നതാണ് ഇപ്പോള്‍  പ്രധാനം എന്നാണ് ഞാന്‍ കരുതുന്നത്. അല്ലാതെ ഫാസിസം എത്തിയിട്ടില്ലല്ലോ എന്നൊരു ആശ്വാസത്തിനു വലിയ അര്‍ത്ഥമുണ്ടെന്നെനിക്ക് തോന്നുന്നില്ല. എത്തിയിട്ടില്ല എന്നത് ഒരു ഒഴിവുകഴിവല്ല. കാരണം അതേ  അളവില്‍ അതേ  അനുപാതത്തില്‍ ഫാസിസം  ഇവിടെ എത്തണം എന്ന് പ്രതീക്ഷിക്കരുത്. യൂറോപ്യന്‍ ഫാസിസത്തില്‍ ഇല്ലാത്ത വളരെ മതപരവും സാംസ്കാരികവുമായ ആയ മാനങ്ങള്‍  ഇന്ത്യയില്‍ ഫാസിസത്തിനുണ്ട്. അതുകൊണ്ട് യൂറോപ്യന്‍ ഫാസിസത്തെ നിര്‍വ്വചിച്ച യുക്തിയുടെ സാങ്കേതികത വെച്ച് നമ്മള്‍ ഇവിടത്തെ ഫാസിസ്റ്റ് അനുഭവങ്ങളെ നോക്കേണ്ടതില്ല എന്നാണു ഞാന്‍ കരുതുന്നത്. വിശാലാര്‍ത്ഥത്തില്‍ എന്താണ് ഫാസിസം? മുസ്സോളിനി പറയുന്ന ഒരു കാര്യമുണ്ട്.Total identification of the  capital with the state. സ്റ്റേറ്റും കോര്‍പ്പറേറ്റ് കാപ്പിറ്റലും തമ്മിലുള്ള തന്മയീഭാവമാണ് ഫാസിസം. മുസോളിനി പറഞ്ഞത് ശരിയാണെങ്കില്‍ ഇപ്പോള്‍ ഇവിടെ അത്  ഏതാണ്ട്  പൂര്‍ണ്ണമാണ്. ഇത്രയും ഐഡന്റിഫിക്കേഷന്‍ മുന്‍പൊരിക്കലും  നടന്നിട്ടില്ല.  ഉദാഹരണത്തിന്  2015-2016 ലെ ബജറ്റില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ടാക്സ് എക്സംപ്ഷന്‍ പ്രതീക്ഷിക്കുന്നത് ആറേകാല്‍  ലക്ഷം കോടി രൂപയാണ്. നൂറ്റിമുപ്പതു കോടി  മനുഷ്യര്‍ക്കുള്ള കാര്‍ഷിക സബ്സിഡി, ഓയില്‍ സബ്സിഡി, ഫുഡ് സബ്സിഡി എല്ലാം കൂടി വെച്ചിട്ടുള്ളത്‌ 1.6 ലക്ഷം കോടിയാണ്. നൂറ്റിമുപ്പതു കോടി മനുഷ്യര്‍ക്ക്  1.6 ലക്ഷം കോടി രൂപയും  ആയിരത്തില്‍ താഴെ കോര്‍പ്പറേറ്റുകള്‍ക്ക് ആറേക്കാല്‍  ലക്ഷം കോടി രൂപയും. ഇത് ഫാസിസത്തെക്കുറിച്ച് മുസ്സോളിനിയുടെ ക്ലാസിക്കല്‍ ഡെഫനിഷന് ഒന്നാന്തരം ഉദാഹരണമാണ്. അതുകൊണ്ട്  ഫാസിസം അകലെയാണെന്നു കരുതേണ്ട കാര്യമില്ല. പിന്നെ ഇന്ത്യന്‍ സമൂഹത്തില്‍ ജാതിയുണ്ട്, അതുപോലെയുള്ള  അനന്ത വൈവിദ്ധ്യങ്ങളുണ്ട്‌.. അതുകൊണ്ട് എളുപ്പമൊന്നും ഇന്ത്യയെ മെരുക്കാന്‍ പറ്റില്ല. അത് ഫാസിസ്റ്റുകളുടെ ഒരു ശേഷിക്കുറവായിട്ടു കാണരുത്. ഇന്ത്യയുടെ  ആന്തരിക ബലമാണത്. ഫാസിസത്തിനെതിരായ ചെറുത്തു നില്പ്പിനെ ഇപ്പോള്‍  ഒരു ന്യായം കൊണ്ടും  കുറച്ചു കണ്ടുകൂടാ.

ബിജെപി ജനാധിപത്യ പ്രക്രിയകകത്ത് പങ്കു ചേരുകയും ഈ പ്രക്രിയയില്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്തു കൊണ്ടിരിക്കുന്നുണ്ടല്ലോ. .അതുകൊണ്ട് സാങ്കേതികമായി ബിജെപി ഒരു ഫാസിസ്റ്റ് പാര്‍ട്ടിയായിട്ടില്ല എന്നുള്ളത്  വാദിക്കാവുന്ന കാര്യമാണ്. പക്ഷെ അത്തരം വിശദീകരണ ങ്ങള്‍ക്ക് വലിയ സാംഗത്യം ഇല്ല. ബിജെപി  ഫാസിസ്റ്റ് ആയിക്കഴിഞ്ഞോ? ഇന്ത്യന്‍ സ്റ്റേറ്റ് ഫാസിസ്റ്റ് ആയിക്കഴിഞ്ഞോ ആയിക്കഴിഞ്ഞിട്ടാണോ നമ്മള്‍  എതിര്‍ക്കേണ്ടത്?  അല്ല. ആകാനുള്ള സാധ്യത നിങ്ങളുടെ മുന്‍പില്‍ നില്‍ക്കെ, ആയിട്ടില്ല എന്നത് വിശദീകരിക്കുന്നതില്‍ വലിയ കാര്യമൊന്നും ഇല്ല. സാങ്കേതികമായി അത് ശരിയായിരിക്കും. സാങ്കേതികമായ ശരികളിലൂടെയല്ല ചരിത്രം സഞ്ചരിക്കുക. തത്വത്തില്‍ ഒരു കാര്യം പറയുമ്പോള്‍. താത്വികമായും  സാങ്കേതികമായി അത് ശരിയായിരിക്കും. പക്ഷെ അത് സമൂഹത്തില്‍  ഫലിക്കണമെന്നില്ല. താത്വികമായി തെറ്റായ ഒരു ആശയമാണ് പലപ്പോഴും  പ്രവര്‍ത്തിയില്‍ ഫലിച്ച ശരി. ചരിത്രത്തില്‍ ഫലിച്ചതെല്ലാം താത്വികമായ ശരികളല്ല.കാരണം താത്വികമായ ശരികള്‍ അമൂര്‍ത്തമാണ്. സാങ്കേതികവും താത്വികവുമായി നിര്‍വചിക്കുന്നിടത്ത് നില്‍ക്കില്ല ചരിത്രം. അത്  നിങ്ങളുടെ മുന്‍പില്‍ വേറൊരു രൂപത്തില്‍ വരും. നമ്മുടെ മുന്‍പില്‍ ഒരു ഫാസിസ്റ്റ് ത്രെട്ട് ഉണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ആ ത്രെട്ടിന്റെ അനുപാതം ഏതളവില്‍ എത്തി എന്നുള്ളത് അത്ര പ്രധാനമല്ല എന്നാണു ഞാന്‍ കരുതുന്നത്.

 1. ബിജെപിയുടെയും ആർ എസ് എസ്സിന്റേയും ഹിന്ദു വർഗ്ഗീയ നയങ്ങൾക്കെതിരായുള്ള പോരാട്ടത്തിൽ പങ്കാളികളാവുന്നവരോട് പറയാനുള്ളതെന്താണ്?

@ രണ്ടു തരത്തില്‍ ഇതിനെ വികസിപ്പിക്കേണ്ടതുണ്ട്. ഒന്ന്-   ആന്റി ഫാസിസ്റ്റ് നിലപാടുകള്‍  ഉള്ള ആളുകളെ മുഴുവന്‍ കൂട്ടിയിണക്കുന്ന ഒരു പൊതു പ്രസ്ഥാനം   ഉണ്ടാവണം. രണ്ട്-  മതത്തിനകത്തു നിന്നു  കൊണ്ട്  മതങ്ങളോട്  സംസാരിക്കണം- മതത്തിന്റെ നൈതികമൂല്യങ്ങളെപ്പറ്റി. അതായത് ബുദ്ധമതം എന്ന് പറഞ്ഞാല്‍ ശ്രീലങ്കയിലേയും ബര്‍മ്മയിലെയും മറ്റും  സന്യാസിമാരുടെ അക്രമമൊന്നുമല്ല.അത് കരുണയാണ്. അതുപോലെ ക്രിസ്തുമതം സ്നേഹമാണ്, സഭയല്ല. സഭ ഈ സ്നേഹത്തിന്റെ ചരിത്രത്തിലെ ഒരു ആവിഷ്കാരം മാത്രം. സ്നേഹമില്ലെങ്കില്‍ സഭയില്ല. ഹിന്ദു മതം എന്നു  പറയുന്നത് അദ്വൈതമാകണം. അദ്വൈതം എന്ന് പറഞ്ഞാല്‍ ഗുരു പറഞ്ഞത് പോലെ രണ്ടില്ല എന്നതാണ്. അപ്പോള്‍പ്പിന്നെ ജാതിയില്ല. അതുകൊണ്ട് മതത്തി നകത്ത് നിന്നുകൊണ്ടുള്ള മതസംവാദം ഒരു വശത്ത് നടത്തണം, മതാതീതമായ ഒരു പൊതു സംവാദവേദിയെ പുറത്ത് വികസിപ്പിക്കുകയും വേണം. ഇത് രണ്ടും സമാന്തരമായിട്ടു ചെയ്‌താല്‍ മാത്രമാണ് ഹിന്ദുത്വത്തിനെതിരായ മുന്നേറ്റത്തെ വികസിപ്പിക്കാന്‍ പറ്റുകയുള്ളൂ. നമ്മുടെ സെക്യുലര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു പ്രശ്നം എന്താണെന്നു  വെച്ചാല്‍  സെക്യുലര്‍ എന്ന് പറയുന്നത് ഒരു കോമണ്‍ പ്ലാറ്റ്ഫോം ആണെന്നു  മാത്രം കരുതുകയും, മതവിശ്വാസികളായ മഹാഭൂരിപക്ഷം മനുഷ്യരോട് സംവദിക്കുന്നതില്‍ അത് പരാജയപ്പെടുകയും ചെയ്യുന്നു. പണിക്കര്‍ മാഷ്‌ പണ്ട് പറഞ്ഞിരുന്നു, നമ്മുടെ സെക്യുലര്‍ പ്രസംഗങ്ങള്‍ തുടങ്ങുന്നത് തന്നെ മറ്റുള്ളവരോട് നിങ്ങള്‍ക്ക്  കാര്യങ്ങള്‍ വേണ്ടത്ര അറിഞ്ഞുകൂടാ, ഞങ്ങള്‍ ശരിയായ കാര്യങ്ങള്‍ പറഞ്ഞു തരാം എന്നു പറഞ്ഞിട്ടാണ് എന്ന്. ഇങ്ങനെ തുടങ്ങിയാല്‍ അതു  കേള്‍ക്കുന്ന മനുഷ്യന്‍ അപ്പോള്‍ തന്നെ  നിങ്ങളെ ഉപേക്ഷിക്കും. പിന്നെ നിങ്ങള്‍ക്ക് അയാളുമായി ഒരു ഡയലോഗ്  സാധ്യമല്ല. നിങ്ങള്‍ സംസാരിക്കേണ്ടത് അയാളുടെ മൂല്യബോധത്തോടാണ്. അല്ലാതെ  അയാള്‍ക്ക് വിവരമില്ല എന്നല്ല. നമ്മുടെ ശാസ്ത്ര പ്രവര്‍ത്തനം, ശാസ്ത്ര പ്രചരണം ഇതിന്റെയൊക്കെ അടിസ്ഥാന തകരാരാറായിട്ട്  എനിക്കു തോന്നിയിട്ടുള്ളതും ഇതുതന്നെയാണ്. കേള്‍ക്കുന്ന മനുഷ്യരെ അവിശ്വസിച്ചു കൊണ്ടാണ് തുടങ്ങുന്നത്. ആദ്യം വേണ്ടത് വിശ്വാസമാണ്. എനിക്ക് നിങ്ങളിലും  നിങ്ങള്‍ക്ക് എന്നിലും  വിശ്വാസമുണ്ടാവണം. അപ്പോഴേ സംഭാഷണം സാധ്യമാവുകയുള്ളൂ. ഈ സ്പെയ്സ് രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയിലെ സെക്യുലര്‍ പ്രവര്‍ത്തനങ്ങള്‍ വിജയിച്ചിട്ടില്ല. ഗാന്ധിജിക്കൊക്കെ ഉണ്ടായിരുന്ന വിജയം അതാണ്‌. അദ്ദേഹം ജനങ്ങളുടെ ജീവിതത്തെ വില  വെച്ചിരുന്നു.  നമ്മുടെ യുക്തിവാദ ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍  തുടങ്ങി പല കാര്യങ്ങളും  തുടങ്ങുന്നത് ആളുകള്‍ക്ക് വിവരമില്ലെന്നു  പറഞ്ഞിട്ടാണ്. എത്ര ക്ലാസ്സെടുത്തിട്ടും  ലോകം ശരിയാവാത്തതും  അതുകൊണ്ടാണ്. അതുകൊണ്ട് ഈ രണ്ടു വഴികളുണ്ടാവണം. ഇവ  രണ്ടും  തമ്മില്‍ സര്‍ഗ്ഗാത്മകമായ ഡയലോഗ് ഉണ്ടാവുകയും വേണം.

 1. ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന ദളിത് കീഴാള ന്യൂനപക്ഷങ്ങൾക്കെതിരായുള്ള ആക്രമണത്തെക്കുറിച്ച്?

@ അതില്‍ ഇടതുപക്ഷം പോസറ്റീവ് ആയി ഇടപെടുന്നുണ്ട്  എന്നാണെനിക്കു തോന്നുന്നത്. ദളിത്‌ പ്രശ്നങ്ങളെ വിശാലമായ ലെഫ്റ്റ് പൊളിറ്റിക്സുമായി ചേര്‍ത്തു വെക്കാനുള്ള ശ്രമം ഇപ്പോള്‍ നന്നായി നടത്തുന്നുണ്ട്. താത്വികമായി  അതിന്  കുറേക്കൂടി ക്ലാരിറ്റി വരണം. കേരളത്തിലെ പൊളിറ്റിക്സില്‍   മധ്യവര്‍ഗ്ഗതാല്‍പ്പര്യങ്ങള്‍ക്ക്   കിട്ടിയ  മേല്‍ക്കൈ  കൊണ്ട് ഇവിടെ  അത് അങ്ങനെ തിരിച്ചറിയപ്പെടുന്നില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി   ഇന്ത്യയിലെ ദളിത്‌ കീഴാള മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് സംശയരഹിതമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയും, ഇന്ത്യയുടെ ആധുനിക സമൂഹത്തിലേക്കുള്ള യാത്രയുമൊക്കെ ഈ കീഴാളതയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. അത് ഏതളവില്‍ നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നു അത്രത്തോളം ഇന്ത്യ ജനാധിപത്യമാവും. അത് ലെഫ്റ്റിന്റെ  അടിയന്തിര ഉത്തരവാദിത്വമാണ് അതിന്  അര്‍ഹിക്കുന്ന പ്രാധാന്യം ഇപ്പോഴും കൊടുത്തിട്ടില്ല. പക്ഷെ  മുന്‍പത്തേക്കാള്‍  വളരെ മുന്നോട്ടു പോയിട്ടുമുണ്ട്. ഉദാഹരണത്തിന്  ദളിത്‌ ശോഷന്‍ മുക്തി മഞ്ച് എന്ന പേരില്‍ രൂപപ്പെടുത്തിയ  ദളിത്‌ സംഘടന,  അത്തരം ഗ്രൂപ്പുകളില്‍  കാഞ്ച ഐലയ്യ , ഗോപാല്‍ഗുരു  അവരൊക്കെ ഇതിനോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ആ വഴി കൂടുതല്‍ ശക്തിപ്പെടുത്തണം.

 1. ദളിതർക്കും ആദിവാസി സമൂഹത്തിനും അർഹതപ്പെട്ട ഭൂമി,വെള്ളം എന്നിവ വികസനത്തിനു വേണ്ടിയെന്ന പേരിൽ ബഹുരാഷ്ട്രകമ്പനികൾ കൈവശപ്പെടുത്തുകയും അതിന് ഒത്താശ ചെയ്തുകൊടുക്കുന്ന അതാതു സമയത്തുള്ള  ഭരണകൂടത്തിനോട് ഏതെങ്കിലും വിധത്തിലുള്ള ചെറുത്തുനിൽപ്പുമായി വരുമ്പോൾ ഭരണകൂടം  അവരെ മാവോയിസ്റ്റുകളും തീവ്രവാദികളുമായി ചിത്രീകരിച്ച് കൊല്ലുകയും, ജയിലിടുകയുമൊക്കെയാണ്.മുഖ്യധാരാകക്ഷികൾ അതിനെതിരെ മൗനം പാലിക്കുന്നു. എന്തുപറയാനുണ്ട്?

@ അത് ചെയ്തുകൂടാ. മാവോയിസ്റ്റ് ഐഡിയോളജിയെ നിങ്ങള്‍ക്ക് വിമര്‍ശിക്കാം, അതിനോട് വിയോജിക്കാം. പക്ഷെ അവരുന്നയിച്ച പ്രശ്നങ്ങളെ കയ്യൊഴിഞ്ഞുകൂടാ. അവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ അപ്രസക്തമല്ല. അവരുടെ ഉത്തരത്തില്‍ നമുക്ക് അഭിപ്രായ വ്യത്യാസമുണ്ട്. പക്ഷെ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും  ഇതൊക്കെ  എന്‍.ജി.ഒ ഫണ്ടിംഗിന്റെ  പ്രശ്നമാണ്, ഗൂഡാലോചനയാണ് എന്നൊക്കെ പറഞ്ഞ് തള്ളി നീക്കുകയാണ് ചെയ്യുന്നത്. അങ്ങനെയല്ല വേണ്ടത്. അത് റിയല്‍ ഇഷ്യൂസ് തന്നെയാണ്.   ആദിവാസികളുടെ ചൂഷണം,  പ്രകൃതി വിഭവങ്ങളുടെ കൊള്ള.. ഇതിനെതിരെയൊക്കെയുള്ള  സമരമാണല്ലോ മാവോയിസ്റ്റുകള്‍  നടത്തുന്നത്. അതുകൊണ്ട് അവരുന്നയിച്ച പ്രശ്നങ്ങള്‍  ശരി തന്നെയാണ്. അതിനു പരിഹാരമായിട്ട് അവര്‍  കണ്ടെത്തിയ  വഴിയില്‍ ധാരാളം പ്രശ്നങ്ങളുണ്ട്‌. മാവോയിസ്റ്റുകളടക്കം ഉന്നയിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളോട് ഐക്യപ്പെട്ടുകൊണ്ടും അതേസമയം അവരുടെ  രീതികളോട് വിയോജിച്ചു കൊണ്ടുമേ നമുക്ക് നില്‍ക്കാന്‍ പറ്റുകയുള്ളൂ. അല്ലാതെ മാവോയിസ്റ്റ് ആണ് എന്നത് എന്തോ ഒരു സാമൂഹ്യ വിരുദ്ധതലമാണ് എന്നുള്ള സമീകരണം ഒരു  ഭരണകൂടയുക്തിയാണ്. അതിനെ ജനാധിപത്യവാദികള്‍ സ്വീകരിച്ചു കൂടാ. മാവോയിസത്തോടുള്ള  വിയോജിപ്പ്‌ ഭരണകൂടത്തിന്റെ മാവോയിസ്റ്റ് വിരുദ്ധതയോട് ഐക്യപ്പെടുന്നിടത്ത് എത്തിക്കൂടാ. മുന്‍പ്‌ നക്സലൈറ്റുകള്‍ ഉന്നയിച്ചതു  പോലെ  മാവോയിസ്റ്റുകളുടേയും  ഒരു ലാര്‍ജര്‍ കണ്‍സേണ്‍ സാമൂഹ്യനീതി തന്നെയാണ്. അതിനോട് സംവാദാത്മകമായിട്ട് പ്രതികരിക്കുകയാണ്  വേണ്ടത്. ശത്രുതാപരമായിട്ടല്ല. ശത്രുത ഭരണകൂടത്തിന്റെയാണ്. അവര്‍ ഉന്നയിച്ച ഇഷ്യൂസ് യഥാര്‍ത്ഥമാണ്.അതല്ല എന്ന് കരുതുന്നത് കോര്‍പ്പറേറ്റുകളാണ്. നമ്മുടെ പൊസിഷനും   അതായികൂടാ. മാവോയിസ്റ്റുകളോട് വിയോജിക്കുമ്പോഴും ഭരണകൂടം വിയോജിക്കുന്ന അതേ തലത്തിലല്ല നമ്മള്‍ വിയോജിക്കേണ്ടത്. ആ വിയോജിപ്പില്‍ പോലും വ്യത്യസ്തത പാലിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഭരണകൂടവും നമ്മളും  ഒന്നായിപ്പോകും.

 

Comments

comments