(ബീഥോവന്റെ ഒന്നാം സിംഫണി പോലെ വായിക്കേണ്ടൊരു കവിത)
മൂർച്ചയുള്ളൊരു കത്തിയാൽ
ദേഹമാകെ വരയുന്നത് പോലെയായിരുന്നു
അവളാ വയലിൻ വായിച്ചിരുന്നത്.
ഇടക്കിടെ
ബോ കൊണ്ടവൾ നെഞ്ചിൽ ആഴത്തിൽ ഇളക്കും
അപ്പോൾ പുറപ്പെടുന്ന രാഗങ്ങൾ
ഏറെ നല്ലതെന്ന് പറഞ്ഞു
കേൾവിക്കാർ കയ്യടിക്കും
കരയാനുള്ളതിനേക്കാൾ വേദന കൂടിയത് കൊണ്ട്,
പലപ്പോഴും എന്റെ വേദനയുടെ രാഗം
തൊണ്ടയിൽ നിന്ന് പുറത്ത് വരാറില്ല.
ചില നേരത്തു
കേൾവിക്കാരെ സൂചി നിലത്തിടാൻ വഴിപ്പെട്ട് കൊണ്ട്
ഏറ്റവും പതിയെ ബോ കൊണ്ടവൾ കീറി മുറിച്ചു,
അപ്പോഴെങ്കിലും നിശബ്ദമായൊരു രോദനം
എന്നെ സമീപിക്കുന്നെന്നു ഞാൻ ചിരിച്ചറിയാറുണ്ട്
ഓരോ കീറലുകൾക്കിടയിലും
അവൾ കരയുന്നത് പോലെ നടിക്കും,
നാദങ്ങൾക്കു തീവ്രത അപ്പോഴെന്നു ആളുകൾ അടക്കം പറയും
ചിലരതു കണ്ണുകളാൽ ഉറക്കെ പറയും.
കഴുത്ത് മുഴുവൻ ഒരു വശത്തേക്കു തിരിച്ചു
ഏറ്റവും മിടുക്കാർന്ന രാഗമവൾ കോറുമ്പോൾ തന്നെയാണു
തുടിച്ചു നില്ക്കുന്നയാ കണ്ഠധമനികളെ എനിക്ക് കടിച്ചു മുറിക്കാൻ തോന്നുന്നത്.
അങ്ങിനെയെങ്കിൽ
അവളുടെ നീളൻ കറുത്ത ഉടുപ്പിലേക്ക് നിണമൊഴുകുകയും
അവളാഗ്രഹിച്ച
ഞാനൊരിക്കലും വാങ്ങിക്കൊടുക്കില്ലെന്നു പറഞ്ഞ
കറുപ്പിൽ ചുവന്ന ചിത്രത്തുന്നലുള്ള ഉടുപ്പു പോലെയായേനെ.
അവൾക്കു സന്തോഷമായേനെ.
എനിക്കും.
എത്ര നേരമാണു ഞാനീ കളിത്തട്ടിലേക്കിങ്ങനെ നോക്കി ഇരിക്കുന്നത്?
എത്ര നേരമാണവൾ നിർത്താതെയങ്ങനെ മീട്ടിക്കൊണ്ടിരിക്കുന്നതു?
എന്തുകൊണ്ടാണീ ആളുകളിൽ മുഷിപ്പ് പടരാത്തതു?
ഞാനങ്ങനെ ചോദിച്ചു കൊണ്ടേയിരുന്നു.
വയലിൻ പിടിച്ചു വാങ്ങണമെന്നും
അത് തല്ലിയൊടിക്കണമെന്നും
പറ്റുമെങ്കിൽ
കറുപ്പിൽ ചുവന്ന ചിത്രത്തുന്നലുള്ള ഉടുപ്പ് അവളെ ഉടുപ്പിക്കണമെന്നും
എനിക്കാഗ്രഹമുണ്ട്.
ഷോ തീരുമ്പോൾ
അവളെന്റെ ഭാര്യ ആണെന്നതു കൊണ്ടു തന്നെ
സഹിക്കാൻ പറ്റാത്തയീ നാട്യം
കാണാൻ ഞാൻ വിധിക്കപ്പെടുക്കയാണല്ലോ.
എന്റ ആണ്രാഗങ്ങൾ എന്നെ ഉന്മത്തനാക്കുന്നുവല്ലോ!
Be the first to write a comment.