മഴയത്തേക്ക് നോക്കിയിരിക്കുമ്പോൾ
അവളാ കോഫീമഗ് കാണും.
വേണ്ടിയിട്ടല്ലെങ്കിലും വെറുതെ കോഫി തിളപ്പിക്കും.
കറുപ്പിൽ നിറയെ സ്വർണ്ണ നക്ഷത്രങ്ങളുള്ള
ഒരു ഷാൾ പുതച്ച് ആജാരേ പരദേശീയെന്നു മൂളും.

അയാൾ ആളൊഴിഞ്ഞ പാർക്കിലിരുന്ന്
ചുവന്ന റീഫിൽ കൊണ്ട് കുത്തിക്കുറിക്കുകയായിരിക്കും.
“നഗരത്തിലെവിടെയോ മഴപെയ്യുന്നുണ്ട്”
മഴയുള്ളിടം തിരഞ്ഞയാൾ നടക്കും.
(സാവൻ കോ ആനേ ദോ )
മഴയിലേക്കിറങ്ങുമ്പോൾ മഴയയാളെ ചേർത്തുപിടിക്കും.
എവിടെയോയുള്ള അവളെക്കുറിച്ചോർക്കും
മഴയിലവൾ നനയുന്നൊരു കവിത
ഇടതുനെഞ്ചോടു പറ്റിക്കിടന്ന്, ചുവന്ന മഷി മഴയിൽ പടർന്ന്..
“ഹൃദയം ചോർന്നൊലിക്കുന്നല്ലോ സഖാവേ”
അയാൾ ചിരിയ്ക്കും
തുളവീണ ഹൃദയമല്ലേ, മഴയല്ലേ….

എഴുതപ്പെടാത്ത കവിതകളുടെ മ്യൂസിയമെന്നു പറഞ്ഞ്
മഴയിലൂടെ അവളയാളുടെ താടിയിലൂടെ വിരലോടിക്കും.
“മഴയത്തു വീണുചിതറുമരളികൾ
അല്ലയല്ലിറുന്നു വീഴും രാജമല്ലികൾ”
അവളിങ്ങനെ പാടും…

കനത്തമഴയെ വകഞ്ഞ് ബുള്ളറ്റിന്റെ ശബ്ദം കേൾക്കും
മഴയത്തൊരു വെള്ളിവട്ടം വീശും
ആറാം വാരിയെല്ലിനു താഴെ ചെറിയൊരു കൈത്തോട്
ഞരമ്പുകളിൽ നിന്ന് സ്വാതന്ത്രമാക്കപ്പെട്ട ചുവന്ന കവിത.
ആടിയുലയുമയാളുടെ കൈകൾ വിതറും
ചുവന്നയരളികൾ കാണേ കോഫിയുമായവൾ നിൽക്കും.
ഹൃദയം കൊത്തിയ മഗ്ഗ്…
വെള്ളയിൽ ചുവന്ന പൂക്കളുള്ള ഷാൾ പുതച്ച്
അവസാന കവ്വാലിയുടെയവസാന നൃത്തച്ചുവടിനവസാന –
ശ്വാസത്തിലേക്കവൾ വീഴുമ്പോൾ..
കോഫിയുടെ മണം നിറയുമ്പോൾ
പ്രണയത്തിന്റെ നോബുകളത്രയും തുറന്നിരിക്കുമ്പോൾ..
രാജമല്ലികളുടെ ചോട്ടിൽ,
ഭൂമിയിലെ ഏറ്റവും നിറഞ്ഞ കണ്ണുകൾ
അവസാന മിന്നലിൽ തിളങ്ങുമ്പോൾ.

അയാളവളോട് ചോദിച്ചു
“ഇത് നിങ്ങളുടെ പൂച്ചക്കുഞ്ഞാണോ”
അവൾ ആണെന്നോ അല്ലെന്നോ പറഞ്ഞില്ല.
അവളയാളോട് ചോദിച്ചു
“നിങ്ങളുടെ ഷർട്ടിനിടതു വശം ചുവന്നിരിക്കുന്നല്ലോ
ഇതവൾക്കായെഴുതിയ കവിത
പടർന്നതാണെന്നോ അല്ലെന്നോ അയാൾ പറഞ്ഞില്ല”.

ഒരുപാട്ടിലേക്കവരിരുവരും
പതിയെ നനഞ്ഞു തുടങ്ങി.

*”നാം ഗും ജായേഗാ
ചേഹരാ യെ ബദല്‍ ജായേഗാ
മേരീ ആവാസ് ഹീ പഹചാന്‍ ഹൈ
അഗർ യാദ് രഹേ”
————————————————
*(നാമങ്ങളെല്ലാം നഷ്ടമാവും
മുഖങ്ങളെല്ലാം മാഞ്ഞു പോവും
നീയോർക്കുമെങ്കിലെന്റെയീ
നാദം മാത്രമടയാളമാകും )

Comments

comments