വടക്കുകിഴക്കുനിന്നും വീശിക്കൊണ്ടേയിരുന്ന തണുത്തകാറ്റിലും, അകമ്പടി ആയിവന്ന വെള്ളിടികളിലും മറിയ വിറച്ചില്ല. ധൈര്യം കൊണ്ടൊന്നുമല്ല. പക്ഷേ എന്തോ, ചാക്കോച്ചനെ മണ്ണിട്ട് മൂടിയ ആ കുഴിക്കരികിൽ നിൽക്കുമ്പോൾ മറിയക്ക് ഒരുതരം ഒന്നുമില്ലായ്മ തോന്നുമായിരുന്നു. ഒരുപക്ഷേ ചാക്കോയുടെ അവസാനശ്വാസത്തിനോളം മുഴക്കവും, കുളിർമയും, അന്ത്യചുംബനം കൊടുക്കുമ്പോൾ അയാളുടെ ഒരൽപ്പം തുറന്ന കണ്ണുകളിൽ കണ്ട തിളക്കത്തിനോളം അപാരതയും, ഒന്നുംതന്നെ, തന്റെ ചുറ്റും വിധിയായി നിപതിക്കുന്ന ഒന്നിനും ഇല്ലെന്ന് മറിയക്ക് ബോധ്യം ആയിരുന്നതിനാലായിരിക്കണം.

തെമ്മാടിക്കുഴികളുടെ സ്വീകരണമുറിയിൽ പേരറിയാത്ത ചെടികൾ പച്ചയിൽ മുങ്ങിനിന്നു. ചാക്കോ തന്റെ മുൻപിൽ മരിച്ചുവീണിട്ട് മാസം ഒന്നുകഴിഞ്ഞിരുന്നു. സെമിത്തേരിയിൽ കുടുംബകല്ലറയിൽ സ്ഥലം ഏറെ ഉണ്ടായിട്ടും ചാക്കോ തെമ്മാടിക്കുഴിയിൽ ഒടുങ്ങിയത് അയാളുടെ ആഗ്രഹം ഒന്നുകൊണ്ട് മാത്രമായിരുന്നു. അല്ലാതെ അയാൾ ഒരിക്കലും തെമ്മാടിയോ, അവിശ്വാസിയോ, വിപ്ലവകാരിയോ, കൊലപാതകിയോ ഒന്നുമല്ലായിരുന്നു.

“ഭ്രാന്ത് കലർന്ന ആഗ്രഹം. അത് സാധിച്ച് കൊടുക്കണം.” ബന്ധുമിത്രാദികളുടെ ചോദ്യങ്ങളെ മുറുമുറുപ്പിലേക്ക് തള്ളിവിട്ട്, പാതിരിയുടെ അസ്വസ്ഥതയുടെ മുനയൊടിച്ച് അടക്കിന്റെ അന്ന് മറിയ ഉറക്കെ പ്രഖ്യാപിച്ചിരുന്നു.

പള്ളിപ്പറമ്പിലെ പൊടിമണ്ണിൽ മഴത്തുള്ളികൾ ചെറിയ സുഷിരങ്ങൾ തീർത്തു. ശീമക്കൊന്നയുടെ ഇനിയും ഉണങ്ങിത്തീർന്നിട്ടില്ലാത്ത വെളുത്തകമ്പുകളിൽ മെനഞ്ഞ കുരിശിനു കീഴെ, ഉയർന്നു നിന്ന കുഴിമാടത്തിനോട് ചേർന്ന് മറിയ ചെരിഞ്ഞുകിടന്നു. ചാക്കോയുടെ നെഞ്ചിൽ ചെവിചേർത്ത് പണ്ട് എന്നും കിടക്കാറുള്ളതുപോലെ. പ്രിയപ്പെട്ടവന്റെ ആകസ്മികമരണം ആലോചിച്ചുതീർക്കാൻ ഇതുവരെ സമയം കിട്ടിയിരുന്നില്ല. മറിയക്ക് അങ്ങനെയാണ്. കരഞ്ഞുതീർക്കില്ല. ആലോചിച്ചുതന്നെ തീർക്കണം. അതിനു നാട്ടുകാരും ബന്ധുക്കളും പള്ളിയും എന്തിന്, കർത്താവ് പോലും സമയം കൊടുത്തിരുന്നില്ല. ചാറൽ മഴക്കൊപ്പം മറിയയുടെ ആലോചനകൾ കിനിഞ്ഞിറങ്ങി.

“ചേടത്തിയേ.. ഈ ചാക്കോച്ചനിതെന്നാപറ്റി?” റബ്ബറ്വെട്ടുകാരൻ അന്തോണിയാണ് ആദ്യം ചോദിച്ചത്. കെട്ട് കഴിഞ്ഞ അന്നുമുതൽ അന്തോണിയുടെ ചോദ്യം വരെയുള്ള ഇരുപത്കൊല്ലം മറിയ ഇതേ ചോദ്യം പലതവണ ചാക്കോയോട് ചോദിച്ചിരുന്നു. സ്നേഹത്തോടെ തവിക്കണ കൊണ്ട് പള്ളക്ക് കുത്തിയും അരിശം പൂണ്ട് നെഞ്ചിലെ രോമം പിടിച്ചുപറിച്ചും സങ്കടത്തോടെ താടിമുളകളിൽ ഉമ്മവെച്ചും ഒക്കെ “ചാക്കോച്ചന് ഇതെന്നാപറ്റിയേ” എന്ന് പലതവണ മറിയ ചോദിച്ചിരുന്നു. അതുകൊണ്ട് തന്നെ അന്തോണിയുടെ ചോദ്യത്തിനുത്തരം ഒരു കുസൃതിചിരിയിൽ മറിയ ഒതുക്കി. ചാക്കോക്ക് ശകലം പ്രശ്നമുണ്ടെന്ന് അന്തോണിക്ക് നേരത്തേ തോന്നിയിരുന്നു. അല്ലാതെ റബർഷീറ്റ് വിറ്റാൽ കിട്ടുന്നതിലും കാശ് വെട്ടുകാരനു കൊടുക്കാൻ മറ്റെന്തെങ്കിലും കാരണം ഉണ്ടായിരുന്നില്ല.

“ഇന്നത്തെ പത്രം കണ്ടാരുന്നോ? ആ കൊലപാതകകേസിലെ പ്രതീടെ പടം പോലീസ് വരപ്പിച്ചത്?”

ഉണങ്ങിയ റബർഷീറ്റുകൾ തോളിലിട്ട് കൈലിത്തുമ്പ് ഉയർത്തി പിടിച്ച് അന്തോണി ചോദിച്ചു.

“ആ…ഞാനെങ്ങും വായിച്ചില്ല. പത്രം തൂക്കിവിയ്ക്കാനേ കൊള്ളത്തൊള്ളൂ..” സംഭാഷണം തുടരാൻ താല്പര്യം ഇല്ലെന്ന് തന്നെക്കൊണ്ടാവുന്ന വിധത്തിൽ മറിയ പറഞ്ഞത് പക്ഷേ അന്തോണിക്ക് മനസിലായില്ല.

“ആ പടം കാണിച്ചിട്ട് ചാക്കോച്ചൻ ചോദിക്കുവാ… എടാ എന്നെ കാണാൻ ഈ പടത്തിലുള്ള ആളെ പോലെ ഇല്ലേന്ന്. ഞാനാണെങ്കി രാവിലെ പെണ്ണുമ്പിള്ളയോട് ഒടക്കി ഒരുമാതിരി ഇതേലിരിക്കുവാരുന്നു. ഞാൻ പറഞ്ഞു ‘ആ ഒള്ളതാ ..ചാക്കോച്ചനെ പോലെതന്നെ ഒണ്ട് രേഖാചിത്രംന്ന്…’ അത് പറഞ്ഞതും ഒന്ന് മൂളി പുള്ളി അങ്ങ് നടന്നു.”

ഞാനിതെത്ര കണ്ടേക്കുന്നു എന്ന് ഉള്ളിൽ വിചാരിച്ചെങ്കിലും, അരമണിക്കൂർ കഴിഞ്ഞ് തീൻമേശയിൽ പ്രാതലിനു മുന്നിൽ വിഷണ്ണനായി ഇരിക്കുന്ന ചാക്കോയെ കണ്ടപ്പോൾ മറിയ ഒന്ന് ശങ്കിച്ചു. ആദ്യം അവർ വിചാരിച്ചത് സ്വതവേ പല കാര്യത്തിലും എന്ന പോലെ ചാക്കോച്ചന് എന്തോ ആശയക്കുഴപ്പം ഉണ്ടെന്നാണ്. മറിയ വളരെ വേഗം തന്നെ അത് എന്തായിരിക്കാമെന്ന് അനുമാനിക്കുകയും ചെയ്തു, പാലപ്പത്തിലേക്ക് മട്ടൺ സ്റ്റൂ ഒഴിക്കണോ  അതോ അപ്പക്കഷ്ണം ചാറിൽ മുക്കി അതിന്റെ കൂടെ കുറച്ച് ഇറച്ചി  നുള്ളിയെടുത്ത് തിന്നണോ എന്നായിരിക്കണം അതെന്ന്. പക്ഷേ, ചാക്കോ  അപ്പക്കഷ്ണത്തിൽ നെൽക്കതിരിന്റെ ജീവനും, മട്ടനിൽ മുട്ടനാടിന്റെ ചോരയുടെ ഒഴുക്കും, ഉരുളക്കിഴങ്ങിൽ വേരിൻറെ വേർപാടും തിരയുകയായിരുന്നു എന്ന് അവരറിഞ്ഞില്ല. മറിയക്ക് മനസിലായത് എന്തോ പന്തി കേടുണ്ടെന്ന് മാത്രമാണ്.

ഏകദേശം ഒരാഴ്ച്ച കഴിഞ്ഞു കാണണം. ചീന്തിയ തൊലിപ്പുറത്ത് നിന്ന് വെളുത്തനിറമുള്ള ചോര കറുത്ത ചായമടിച്ച ചിരട്ടകളിലേക്ക് വാർന്നുവീഴുന്നത് കാണാൻ വയ്യാതെ അടുത്തുള്ളവന്റെ ചുമലിലേക്ക് ചാരിനിന്നു തേങ്ങുന്ന റബ്ബർമരങ്ങൾക്കിടയിലൂടെ പൊലീസിന്റെ വാഹനം ചെമ്മണ്ണിന്റെ കുഴികളിലൂടെ കുഴഞ്ഞുമറിഞ്ഞ് ചാക്കോയുടെ വീടിനു നേരെ നീങ്ങി.

ആസിഡിന്റെ എരിച്ചിലിൽ, കൈകൊണ്ട് കറക്കുന്ന മെഷീനിന്റെ ചെരിഞ്ഞ സമ്മർദ്ദത്തിൽ, അടുപ്പിന്റെ അടഞ്ഞ പുകച്ചിലിൽ എല്ലാം നാണയങ്ങളുടെ മലക്കംമറിച്ചിലുകളുടെ കണക്കുകൾ താങ്ങാനാവാതെ, പാതകളുടെ പരുപരുപ്പിനെ മൃദുലമാക്കാനും, നിമിഷ സുഖത്തിനും ജനിക്കുമിടയിൽ  കാവലാളായി വർത്തിക്കാനും പാൽച്ചോരയെ പറഞ്ഞുവിട്ട് ആ റബ്ബർമരങ്ങൾ പോലീസ് ജീപ്പിലേക്ക് ശ്രദ്ധ തിരിച്ചു.

പരിചിതമായ ചിരിയുമായി കോൺസ്റ്റബിൾ മത്തായിയും ഗൗരവത്തോടെ പുതിയ ഇൻസ്പെക്ടറും ജീപ്പിൽനിന്ന് ചാടിയിറങ്ങി.

“ചാക്കോവക്കീലിനിതെന്നാ പറ്റിയേ പെങ്ങളേ?” അധികാരത്തിന്റെ അകൽച്ച ആവാഹിച്ചിരുത്തിയ തൊപ്പി അഴിച്ച് മത്തായി തുടക്കമിട്ടു. ഉമ്മറത്ത് ചായയും കപ്പവറുത്തതും കഴിക്കുന്നത് വരെ ഇൻസ്‌പെക്ടർ ഒന്നും മിണ്ടിയില്ല. മീശയില്ലാത്ത ഒരു ഇൻസ്‌പെക്ടറെ ആദ്യമായി കാണുന്ന മറിയ ചോദ്യഭാവം തല്‍ക്കാലം ഉള്ളിലടക്കി.

“എന്ന് മുതലാണു മി.ചാക്കോക്ക് ഈ അസുഖം തുടങ്ങിയത്?” അയാൾ ചുമരിൽ തൂക്കിയ ചാക്കോച്ചന്റെ അപ്പാപ്പന്റെ ഫോട്ടോയിൽ സാകൂതം നോക്കി ചോദിച്ചു.

“എന്തസുഖം?” മറിയ ഫോട്ടോയിലേക്കും ചോദ്യകർത്താവിലേക്കും മാറിമാറി നോക്കി.

“ഈ ദീനാനുകമ്പയുടെ അസുഖം…”

ഇതെന്താപ്പൊ പുതിയത് എന്ന ഭാവത്തിൽ മറിയ മിണ്ടാതെ നിന്നു.

“ഞാമ്പറയാം സാറെ.”നീണ്ടു മെലിഞ്ഞ കപ്പക്കഷ്ണങ്ങൾ പലകപ്പല്ലുകൾ കൊണ്ട് ചതച്ചരച്ച് മത്തായി മീശ തുടച്ചു.

“അതായത് പെങ്ങളേ, ചാക്കോസാറ് ഇപ്പൊ എല്ലാ ദെവസവും സ്റ്റേഷനീ വരും. എന്നിട്ട് കണ്ട അണ്ടനും അടകോടനും പിടിച്ചുപറിക്കാരനും ഒക്കെ…എല്ലാം മറ്റേ ബെങ്കാളികളാന്നേ.. എല്ലാത്തിനേം സ്റ്റേഷൻ ജാമ്യത്തിലിറക്കും…കോടതീലു കേസ് വാദിക്കുമെന്നും പറയും… നല്ല പുത്തൻ കിട്ടുന്ന ഒന്നാന്തരം ഫൂമിഎടപാട് കേസുകളു ഓഫീസിലുള്ളപ്പോ ഈ വക്കീലിനിതെന്നാത്തിന്റെ കേടാ? അഞ്ചിന്റെ പൈസ ഇവമ്മാരുടേന്ന് കിട്ടത്തില്ല..” ഒരുപിടി കപ്പ വീണ്ടും പ്ലെയിറ്റിൽനിന്ന് അപ്രത്യക്ഷമായി.

“അതൊക്കെ മിസ്റ്റർ ചാക്കോയുടെ ഇഷ്ടം.” ഇൻസ്‌പെക്ടർ കുഷ്യനിൽ അമർന്നിരുന്നു. “പക്ഷേ അദ്ദേഹം ഞങ്ങളുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തുന്ന രീതിയിൽ പെരുമാറിതുടങ്ങിയിട്ടുണ്ട്. പ്രതിയെ തല്ലരുത് എന്ന് പോലീസിനെ ഉപദേശിക്കുക, ലോക്കപ്പ് അടിച്ചുവാരുക തുടങ്ങിയ വിചിത്രമായ പണികൾ..”

വൈചിത്ര്യത്തിന് ആക്കംകൂട്ടി മത്തായി കപ്പക്കഷ്ണങ്ങൾ ധൃതിയിൽ വിഴുങ്ങി. അവ അയാളുടെ അണ്ണാക്കിലും അന്നനാളത്തിലും തട്ടി പൊടിയുന്ന ശബ്ദം മറിയ കേട്ടു. മത്തായി കൈവീശി പറഞ്ഞു.

“അത് മാത്രം അല്ലെന്നേ.. ഇന്നാളൊണ്ട് ഒരു ബെങ്കാളിയെ ഉപദേശിക്കുന്നു… ഒരു മോഷണം തെളിയിക്കാൻ  ഒരു വഴീമില്ലാതെ  കഷ്ടപ്പെട്ട് ഞങ്ങൾ ഒരുവിധത്തിൽ ഒരുത്തനെ പിടിച്ച് അവനെ കൊണ്ട് എല്ലാം സമ്മതിപ്പിക്കാമെന്ന് വിചാരിച്ചിരിക്കുമ്പോ.. ദേണ്ടെ ചാക്കോച്ചൻ അവനെ കേറി ഉപദേശിക്കാൻ തുടങ്ങിയേക്കുന്നു….. ഏക് കരൺ മേം മാരാ തോ ദൂസരാ കരൺ കോ ദിഖാദോ എന്നൊക്കെ… എന്നാപ്പിന്നെ അത് അവനു മനസിലായോ എന്ന് ടെസ്റ്റ് ചെയ്തേക്കാമെന്ന് ഞാനും വിചാരിച്ചു… ചെവികൂട്ടി ഒരെണ്ണം പെടച്ചപ്പൊ അവൻ ദോണ്ടേ മറ്റേ കരണം കാണിച്ച് തരുന്നു… ഒരു ആറു പ്രാവശ്യം കഴിഞ്ഞ് പല്ലീന്നും മൂക്കീന്നും ഒക്കെ ചോരവന്നപ്പൊ അവൻ നിർത്തി.. കരഞ്ഞ് വക്കീലിനെ തെറിവിളിക്കാൻ തൊടങ്ങി.” മത്തായി വീണ്ടും അഭിമാനത്തിൽ ചാലിച്ച് കോൺസ്റ്റബിൾചിരി തുടങ്ങി.

“അപ്പോ ഞങ്ങൾ വന്നത് നിങ്ങളെ അറിയിക്കാനാണ്‌.. എനിക്ക് ആക്ഷനെടുക്കേണ്ടി വരും…”

കാക്കിയിൽ  കപ്പപ്പൊടി തുടച്ച് അവർ ജീപ്പിൽ കയറി മറഞ്ഞു. മറിയയുടെ മനസ്സിൽ ശൂന്യതനിറഞ്ഞു. രണ്ട് ചായഗ്ലാസ്സുകളും കാലിയായ കപ്പക്കോപ്പയും കയ്യിലെടുത്ത് അവർ പുറത്തേക്ക് നടന്നു. റബ്ബർമരങ്ങൾക്കരികിലെത്തി മറിയ കോപ്പ മുകളിലേക്കെറിഞ്ഞു. പറക്കുംതളിക പോലെ മലക്കംമറിഞ്ഞ് താഴേക്ക് വീഴുന്നകോപ്പക്ക് നേരെ ഇരുകൈകൾകൊണ്ടും ഗ്ലാസ്സുകൾ പറത്തി. ഉച്ചരിക്കാനാവാത്ത ശബ്ദത്തോടെ കുപ്പിച്ചില്ലുകൾ ചുറ്റും ചിതറിയപ്പോൾ മറിയക്ക് പറഞ്ഞറിയിക്കാനാവാത്ത ആശ്വാസം തോന്നി. വൈകീട്ട് ചാക്കോ വന്നപ്പോൾ ഒന്നും അറിയാത്തതു പോലെ അവർ കഞ്ഞി വിളമ്പി.

ഒന്നുരണ്ട് ആഴ്ച്ചക്കകം മറിയക്കു മുന്നിൽ പരാതികളുടെയും ആശങ്കകളുടെയും ചോദ്യങ്ങളുടെയും രൂപത്തിൽ പലരും വന്നു. ജൂനിയർ വക്കീലന്മാർ മുതൽ ബന്ധുക്കളും മിത്രങ്ങളും വരെ. പീലാത്തോസിനെ ഓർമ്മിഛ്ൿ കൈകഴുകണമെന്നാണു മറിയക്ക്ആദ്യം തോന്നിയത്. പിന്നെ ഭർത്താവിൻറെ വ്യതിചലനങ്ങൾ ഭാര്യയുടെ ഉത്തരവാദിത്തമാണെന്ന് കരുതുന്നവർക്ക് മുന്നിൽ ‍അങ്ങനെ ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് അവർക്ക് തോന്നിയതുകൊണ്ട് കാഞ്ഞിരപ്പള്ളിയിലെ അമ്മാമ്മയുടെ സ്റ്റൈലിൽ നീട്ടിപ്പിടിച്ച് “ആ…”എന്ന കൈമലർത്തലിൽ ഉത്തരങ്ങൾ ഒതുക്കി. ദൂരെ പീരുമേട്ടിലെവിടെയോ ഏതോ മലമുകളിലെ എസ്റ്റേറ്റിൽ മഴയും മഞ്ഞും വെയിലും കാഞ്ഞ് വീഞ്ഞായിമാറിയ വെള്ളക്കുപ്പികൾ ഒക്കത്തു വെച്ച് മാനം നോക്കിയിരിക്കുന്ന ചാക്കോയുടെ അപ്പച്ചനിൽ ഉത്തരങ്ങൾ ഉണ്ടാവാം എന്ന് മറിയക്ക് തോന്നി. അയാളെ കൊണ്ടുവരണേ എന്ന് കന്യാമറിയത്തിനു മുന്നിൽ മറിയ മുട്ടുകുത്തി പ്രാർത്ഥിച്ചു.

അപ്പച്ചൻ വന്നു, അധികം താമസിയാതെ, ഒരു തിങ്കളാഴ്ച്ച രാവിലെ. പൊട്ടിപൊളിഞ്ഞ വില്ലീസിൽ ‍ബീഡികത്തിച്ച്, ചുമച്ച്, കുരങ്ങൻ മരത്തിൽ ‍വാലുഞാത്തിയിടുന്നത് പോലെ അലസമായി സ്റ്റിയറിങ്ങിൽ ഇടതുകൈ തൊട്ട്, ഒരിക്കലും മായാത്ത പുഞ്ചിരിയോടെ.

അപ്പച്ചൻ അകത്ത് മധുരം കൂട്ടിയ ചായ കള്ളപ്പത്തിനൊപ്പം അകത്താക്കാൻ തുടങ്ങിയപ്പോളേക്കും  അന്ധാളിപ്പിന്റെ മുഖവുമായി പള്ളീലച്ചൻ ഉമ്മറത്തെ സെറ്റിയിൽ ഇരുന്നു വിയർപ്പ് തുടയ്ക്കാൻ ‍തുടങ്ങിയിരുന്നു.

“മറിയേ…” പൗരോഹിത്യത്തിൽ മറിയ പേടി ദർശിക്കുന്നത് ആദ്യമായിട്ടായിരുന്നു.

“ചാക്കോ ഇന്നലെ പള്ളീൽ വന്നാരുന്നു… ഉച്ചകഴിഞ്ഞ്..”

‘ദാ വന്നല്ലോ അടുത്തത്’ എന്ന് ചിന്തിച്ച് മറിയ സാരിത്തുമ്പ് വിരലിൽ ചുറ്റി.

“ഞാനൊന്നു മയങ്ങാൻ തുടങ്ങുവാരുന്നു… അപ്പഴാ.. അച്ചോ അത്യാവശ്യമായി ഒന്ന് കുമ്പസാരിക്കണമെന്നും പറഞ്ഞോണ്ട് കേറിവന്നത്..”

“ഈ അത്യാവശ്യമായി ഒന്നു കക്കൂസീപോണം എന്നൊക്കെ പറയുന്നപോലെ അല്ലേ അച്ചോ?” തീൻമുറിയിലെ ഷെൽഫിൽ ഗ്ലാസ്സുകളുടെ കലമ്പലുകൾക്കപ്പുറം ചിറിതുടച്ച് അപ്പച്ചൻ പ്രത്യക്ഷപ്പെട്ടു. മുഖത്തു വന്ന നീരസം അച്ചൻ തലചെരിച്ചുള്ള ഒരു നോട്ടത്തിൽ മായ്ച്ചുകളഞ്ഞു.

“നെടുമുടിവേണു!” മറിയക്ക് പെട്ടെന്ന് അച്ചനെ കണ്ടപ്പോൾ അങ്ങനെ പറയാൻ തോന്നി. അവരുടെ മുഖത്തെ അടക്കിപ്പിടിച്ച ചിരികണ്ട് പറയാൻവന്നത് വിഴുങ്ങണോ എന്നു വരെ അച്ചനു തോന്നി. എന്നിട്ടും പറഞ്ഞു.

“കുമ്പസാര രഹസ്യം പുറത്തു പറയരുതെന്നാണ്.. എന്നാലും ഇത് പറയാതെ വയ്യ.. ചാക്കോ പറയുവാ.. അവൻ കൊലപാതകങ്ങളും ബലാത്സംഘങ്ങളും മോഷണവും പിടിച്ചു പറിയും ഒക്കെ ചെയ്തെന്ന്..”

പ്രതീക്ഷിച്ച ഞെട്ടൽ ശ്രോതാക്കളിൽ കാണാത്തതുകൊണ്ടാകണം, അച്ചൻ വാക്കുകളിലും ഭാവത്തിലും ഒരൽപ്പം കൂടി അങ്കലാപ്പ് കലർത്തിക്കൊണ്ട് തുടർന്നു.

“എന്നാ ചാക്കോ നീ ഈ പറയുന്നേ എന്നു ഞാൻ ചോദിച്ചപ്പോ അവൻ പറയുവാ…ഇത് മാത്രം അല്ലച്ചോ..ഞാൻ ഹിരോഷിമയിൽ ആറ്റംബോംബിട്ടു, ലോകമെമ്പാടും കലാപങ്ങളുണ്ടാക്കി. മനുഷ്യരെ ചുട്ടും, വെട്ടിയും, വെടി വെച്ചും, തല്ലിയും ഒക്കെ കൊന്നു.. മനുഷ്യരെ ഫിന്നിപ്പിച്ചു, മൃഗങ്ങളെയും പക്ഷികളെയും പ്രാണികളെയും ഇഴജന്തുക്കളെയും ഒക്കെ നാമാവശേഷരാക്കി എന്നൊക്കെ..”

അപ്പച്ചൻ മുറ്റത്തേക്കിറങ്ങി സിഗററ്റ് കത്തിച്ചു. മറിയയുടെ കണ്ണുകൾ വായുവിൽ പരക്കുന്ന വെളുത്തപുകയുടെ അർത്ഥമില്ലായ്മയിലേക്ക് നീങ്ങി.

“ഞാൻ പിന്നേം ചോദിച്ചു.. നീ ഇതെന്നാ ഒക്കെയാ പുലമ്പുന്നേന്ന് .. അപ്പൊ അവൻ പറഞ്ഞു…” അച്ചോ…ആരും പാപികളായല്ലല്ലോ ജനിക്കുന്നത്… പാപം ഉണ്ടാക്കുന്നതും ചെയ്യിക്കുന്നതും ഒക്കെ സമൂഹവും വ്യവസ്ഥിതികളുമല്ലേ… അതിനു സമൂഹത്തിനെ ശിക്ഷിക്കാനും ഒക്കത്തില്ല, സമൂഹം ഒട്ട് കുറ്റം ഏറ്റെടുക്കാനും പോണില്ല… ആരെങ്കിലും കുറ്റം ഏറ്റെടുക്കണ്ടെ? കർത്താവ് അത് ചെയ്തല്ലേ കുരിശേൽ കേറിയത്??”

“ആ… അതേ… കർത്താവ് എല്ലാം ഏറ്റെടുത്തില്ലേ.. പിന്നെ നീ ഇതെന്നാത്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ?”

“കർത്താവ് തന്നെ പറഞ്ഞച്ചോ… ഇന്നലെ ഞാൻ പുള്ളിയെ നോക്കി ഇരുന്നു കൊറേ നേരം.. കുരിശിനു മുകളിൽനിന്ന് ഒരു ഞരക്കം ഞാൻ കേട്ടു.. ചോരപൊടിയുന്നത്  ഞാൻ കണ്ടു… കുരിശിലെ മുള്ളാണികളിൽ നിന്നല്ല, കർത്താവിന്റെ നെറ്റിയിൽ നിന്ന് … പാപത്തിന്റെ ഭാരം അദ്ദേഹത്തിനു താങ്ങാവുന്നതിലും ഏറെ ആയിരിക്കുന്നു അച്ചോ… ഞരക്കത്തോടെ ‘ചാക്കോ’ എന്നദ്ദേഹം എന്നെ വിളിച്ചു…”

“അവനിതെന്നാപറ്റിയേ മറിയേ?” മറിയയുടെ മുഖത്തെ നിസ്സംഗത അച്ചനെ ആശ്ചര്യപ്പെടുത്തി.

“പ്രാന്താന്നേ… ഉപദ്രവമില്ലാത്ത പ്രാന്ത്…” ഉത്തരം വന്നത് ബീഡിക്കുറ്റി വലിച്ചറിഞ്ഞ അപ്പച്ചനിൽ നിന്നായിരുന്നു. ആഞ്ഞ് ചുമച്ച്, പുകയിലക്കറ പിടിച്ച കഫം നീട്ടിത്തുപ്പി അപ്പച്ചൻ ചിരിച്ചു. “എൻറെ അപ്പനുമുണ്ടാർന്ന്, ഇത് പോലെ ശകലം പ്രാന്ത്… ഞാൻ പിന്നെ ഈ സിനിമേലു പറേണപോലെ തന്തക്ക് പിറക്കാൻ നിക്കാഞ്ഞതുകൊണ്ട് അദ്ധ്വാനിച്ച് ദാ ഇതെല്ലാം ഒണ്ടാക്കി..”

“വളർത്തുദോഷമാ..” അച്ചൻ പിറുപിറുത്തു.

“അച്ചോ… അവനു ആദ്യം ഈ പ്രശ്നം തൊടങ്ങിയത്.. ഈ… എന്നാ അതിനുപറയുന്നേ… ഈ താദാദ്മ്യം പ്രാപിക്കുന്ന പരിപാടി ആയിട്ടാ… അവന്റെ പേരൊള്ള ആൾക്കാരുമായിട്ട്… പണ്ട് സുകുമാരക്കുറുപ്പ് ചാക്കോയെ കത്തിച്ചത് പത്രത്തീ വായിച്ചിട്ട് “അയ്യോ എന്നെ ചുട്ടുകൊല്ലുന്നേ എന്നുംപറഞ്ഞ് ഒരു രാത്രി ആരേം ഒറക്കിയില്ല.. പിന്നെ ഒരാറു മാസത്തോളം കാറിൽ കേറത്തില്ലായിരുന്നു…”

“ഓഹോ… അങ്ങനെ ആരുന്നോ?” മറിയ മൗനത്തിന്‌ തടയിട്ടു. “വെറുതെയല്ല.. ഞങ്ങളു രണ്ടാളും കെട്ടുകഴിഞ്ഞ് ആദ്യം കണ്ട സിനിമയാ സ്ഫടികം.. അത് കണ്ടേച്ച് വന്ന് രാത്രി മുഴുവൻ ഇരുട്ടിലോട്ടും നോക്കി ഒറ്റഇരിപ്പാരുന്നു ചാക്കോച്ചൻ.. തോമായോട് ചാക്കോ മാഷ് അങ്ങനെ ചെയ്യാൻ പാടില്ലാരുന്നു.. എന്നൊക്കെ പറഞ്ഞ് നേരം വെളുപ്പിച്ചാരുന്നു. അന്ന് ഞാൻ വിചാരിച്ചെ പടത്തിലു മുഴുകിപ്പോയേന്റെയാന്നാ… പിന്നെ ഞാനാണെങ്കി ആടിന്റെ ചോര കുടിക്കണ തോമായെ ഓർത്ത് അങ്ങേരുടെ മുണ്ട് ഊരിയൊള്ള അടീം ഒക്കെ ആലോചിച്ച് സുഖിച്ചങ്ങ് ഒറങ്ങി.”

“ഹഹഹ…” അപ്പച്ചൻ ഊറിചിരിച്ചു. “അപ്പൊ ലോ കോളേജീവെച്ച് അവനെ പ്രേമിക്കുമ്പോ നിനക്ക് ഇതൊന്നും അറിയാൻപാടില്ലാരുന്നല്ലെ..”

“ഓ ഇല്ലെന്നേ.. അപ്പൊ അപ്പനും കൂടിചേർന്നാ എനിക്കിട്ട് പണിതന്നത് അല്ലേ.. പുള്ളിക്ക് കൊച്ചൊണ്ടാവുവേലാ എന്നല്ലാതെ ഇതൊന്നും എനിക്കറിയത്തില്ലാരുന്നു..”

“അത് നന്നായില്ലിയോടീ. കൊച്ചുണ്ടായിരുന്നേ അതിനും ഈ പ്രാന്ത് കിട്ടിയാരുന്നേ നിൻറെ കാര്യം എന്തായേനെ..” അപ്പച്ചൻ വീണ്ടും ചിരിച്ചു

അമ്മായിഅപ്പൻറെയും മരുമകളുടെയും ലാഘവസംഭാഷണത്തിൽ അച്ചനു ദേഷ്യം വന്നു. എഴുന്നേറ്റ് കുരിശ് വരച്ച് അച്ചൻ നടന്നു.

“അച്ചോ..” അപ്പച്ചൻ പിറകേ ചെന്ന് അച്ചന്റെ ളോഹയിൽ പിടിച്ചുവലിച്ചു. “അടുത്തതവണ അവൻ അച്ചന്റടുത്ത് വരുമ്പോ അവനെ ഒന്ന് ഉപദേശിക്കണം. വെള്ളമടി തൊടങ്ങാൻ.. അവൻ വെള്ളമടിച്ച് പടിക്കണ്ടകാലത്ത് പള്ളിയിൽ കേറിനടന്നതിന്റെ കൊഴപ്പമാ ഇത്…”

അച്ചൻ വീണ്ടും ആഞ്ഞ് കുരിശ് വരച്ച് വേഗം നടന്നു.

വൈകീട്ട് പോലീസ് സ്റ്റേഷനിൽനിന്ന് വിളിവന്നു. അപ്പച്ചനും മറിയയും ഇൻസ്പെക്ടർക്ക് മുൻപിൽ ഹാജരായി. ഒരു മുറിക്കപ്പുറം തുരുമ്പ് പിടിച്ച അഴികൾക്കുള്ളിലൂടെ, പോക്കറ്റടിച്ചതിന് അകത്തായ രണ്ടു പേർക്ക് നടുവിൽ തല സ്വല്പം ചെരിച്ച് ചാക്കോ നില്‍ക്കുന്നത് മറിയ കണ്ടു. ഷർട്ടിടാത്ത അയാളുടെ നെഞ്ചിലെ രോമങ്ങളിലൊന്നിൽ ഇരച്ചുകയറിയ നരപ്പാട് ദൂരെനിന്ന് മറിയ ശ്രദ്ധിച്ചു.

“എന്റെ സാറെ.. ഇതെന്നാ ഒരു തലവേദനയാന്നറിയാവോ.. നിങ്ങടെ മോൻ ഒരു രേഖാചിത്രവുമായി രാവിലെ വന്നുകയറിയതാ.. ഈ കുറ്റവാളി ഞാനാണ്, എന്നെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യൂ എന്നും പറഞ്ഞ്…”

അപ്പച്ചൻ വടിപോലെ നിന്ന വെള്ളമുണ്ട് തുടകൾക്കിടയിൽ തിരുകി ഞെളിഞ്ഞിരുന്നു. മറിയ പുഞ്ചിരിച്ചു.

സ്‌കൂൾ യുവജനോത്സവത്തിലെ ഏകാഭിനയമികവിൻറെ സർട്ടിഫിക്കറ്റുകൾ പ്രദർശിപ്പിക്കാൻ മെനക്കെടാതെ ഇൻസ്‌പെക്ടർ ആഖ്യാനം തുടങ്ങി.

“മിസ്റ്റർ ചാക്കോ.. ഈ രേഖാചിത്രവുമായി താങ്കൾക്ക് ഒരു സാമ്യവും ഇല്ല.”

“സാർ..അത്വരച്ചയാളിൻറെകുഴപ്പമാണ്..ഞാനാണിയാൾ..ഇയാളാണ്ഞാൻ..”

“ആണെങ്കിൽ തന്നെ അത് വെറും സാദൃശ്യമാവാം. നിങ്ങളല്ല ഞങ്ങളന്വേഷിക്കുന്ന കൊലപാതകി.”

“അതേ സാർ.. നിങ്ങളന്വേഷിക്കുന്നതും അന്വേഷിക്കാത്തതും അറിഞ്ഞതും അറിയാത്തതുമായ എല്ലാ കുറ്റങ്ങളും ഞാനാണ്‌ ചെയ്തത്..”

ഏകാഭിനയത്തിൽ മിമിക്രിയുടെ സമർത്ഥമായ കലർപ്പ് കണ്ട് കാക്കിക്കുള്ളിലെ കലാകാരനെ അപ്പച്ചൻ അഭിനന്ദിച്ചു. അയാൾ തുടർന്നു.

“മിസ്റ്റർ ചാക്കോ.. താങ്കളാണ് ഇതൊക്കെ ചെയ്തതെന്ന് ഞാൻ സമ്മതിക്കാം. പക്ഷേ എനിക്ക് തെളിവുകൾ വേണം. കുറ്റവാളിയുടെ ചെരിപ്പ് ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. അത് താങ്കളുടെ കാലിൻറെ അളവിന്റേതല്ല.”

“സാർ..എല്ലാ ചെരിപ്പുകളും പാകമാകുന്ന കാലുകളാണെന്റേത്. എല്ലാ ആയുധങ്ങളും ഒതുങ്ങുന്ന കൈകളും എനിക്കുണ്ട്. എന്റെ ഉച്ഛ്വാസം കുറ്റകൃത്യങ്ങളും നിശ്വാസം തെളിവുകളുമാണ്.”

ഇൻസ്‌പെക്ടർ അഭിനയം നിർത്തി നീലനിറത്തിലുള്ള സ്ഫടികത്തിൻറെ പേപ്പർവെയ്റ്റ് കറക്കി. നിമിഷങ്ങളുടെ ആയുസ്സ് മാത്രമുള്ള ഒരു കൊച്ചുഭൂമിപോലെ അത് മേശമുകളിൽ കിടന്നുകറങ്ങി. പിന്നെ സാവധാനം സമീപത്തെ ഫയലിലിടിച്ചു നിന്നു.

“ഞാൻ ഒരു ന്യൂജെൻ പോലീസായതുകൊണ്ട് അയാളെ കുനിച്ചുനിർത്തി കൂമ്പിനിടിച്ചില്ല. പിടിച്ചകത്തിട്ടു. രണ്ട് പതിതർക്ക് നടുവിൽ. അവരെ പോക്കറ്റടിക്കാൻ പ്രേരിപ്പിച്ചത് അയാളാണെന്നും അവരെ ഇറക്കിവിടണമെന്നും കുറേനേരം വിളിച്ചു കൂവുന്നുണ്ടായിരുന്നു. ഈ ഇയർഫോൺ ചെവിയിൽ തിരുകിയാണു ഞാൻ ഇത്രയും നേരം സഹിച്ചത്.”

“ന്യൂജെൻ ആയിട്ടും സാർ വയലാറിനെ വിട്ടില്ല അല്ലെ..” ഇയർഫോൺ‍ അൽപനേരം ചെവിയിൽ വെച്ച് അതൂരി അപ്പച്ചൻ ചിരിച്ചു. ഇൻസ്പെക്ടറും. അയാൾ കൈകൂപ്പി.

“സാർ, പ്ലീസ്.. നിങ്ങളുടെ മകനെ ഒന്നിറക്കിക്കൊണ്ട് പോണം.”

അപ്പച്ചൻ എഴുന്നേറ്റു. ന്യൂജെൻ കോളിങ്ങ് ബെല്ലിനൊപ്പം ഹാജരായ കോൺസ്റ്റബിൾ ലോക്കപ്പ് തുറന്നു. അപ്പച്ചൻ ചാക്കോയെ അനുകമ്പയോടെ നോക്കി.

“ജാമ്യം കിട്ടാത്ത കുറ്റമാ.. ഞാൻ ഒരു വിധത്തിൽ ഒപ്പിച്ചിട്ടുണ്ട്.. നീ തന്നെ വാദിക്കണം. തൂക്കുകയർ ചോദിക്കണം….”

മരണത്തിൻറെ സൂചന ചാക്കോയുടെ മുഖത്ത് എന്തെങ്കിലും വിരിയിക്കുമെന്ന അയാളുടെ പ്രതീക്ഷ അസ്ഥാനത്തായി. പോക്കറ്റടിക്കാരെ കരുണയോടെ നോക്കി ചാക്കോ അപ്പച്ചൻറെയും മറിയയുടെയും പിറകെ നടന്നു.

അന്നു രാത്രി പെട്ടെന്നു മഴ പെയ്തു. ഉമ്മറത്ത് മഴ നോക്കിയിരുന്ന് നിറഞ്ഞൊഴിയലിൻറെ ഹരംപിടിച്ച ഗ്ലാസ്സിനരികിൽ അപ്പച്ചൻ ഹാർമോണിയത്തിൽ കൈകൾ പരത്തി പഴയ വിപ്ലവഗാനങ്ങൾ പാടി. അടുക്കളയിൽ പോത്തിറച്ചി മൊരിയുന്ന ചട്ടിയിൽ തേങ്ങാക്കൊത്തുകൾക്കിടയിൽ മറിയ ചട്ടുകം കൊണ്ട് താളമിട്ടു. സ്വീകരണമുറിയിൽ, കർത്താവിൻറെ കുരിശുരൂപത്തിനു മുൻപിൽ അരുളപ്പാടുകൾ മഴയായി പൊഴിയുന്നതും കാത്ത്, തലകുനിച്ച്, ചാക്കോ ഇരുന്നു. ഒരുചാറ്റലായി തീർന്ന മഴക്കൊടുവിൽ, കുതിർന്ന റബ്ബർമരങ്ങളുടെ ഒട്ടുന്ന മണം പരന്നു. തവളകളും ചീവീടുകളും കാലൻകോഴിയും അവരുടെ സന്തോഷം വിളിച്ചറിയിച്ചപ്പോൾ അപ്പച്ചൻ അട്ടഹസിച്ചു. വിരലുകൾ ഹാർമോണിയത്തിൽ വിഷാദം മുറ്റിയ മൈനർ സ്കെയിലുകൾ പരതി. അയാൾ പാടി..

“പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്കാകാശമുണ്ട്… മനുഷ്യപുത്രനു തലചായ്ക്കാൻ മണ്ണിലിടമില്ലാ…” അപ്പച്ചൻറെ അന്നനാളം ഗദ്ഗദം കൊണ്ട് നിറയുന്നതിനു മുൻപ് മറിയ പോത്തിറച്ചിയുമായെത്തി, ഗ്ലാസ് വീണ്ടും നിറഞ്ഞു.

പിറ്റേന്ന് രാവിലെ മഴമെനഞ്ഞുണ്ടാക്കിയ ഓറഞ്ചിൽ കറുപ്പ് കലർന്ന നിറമുള്ള ചെളിയുടെ ശിൽപങ്ങളെ ഞെരിച്ചമർത്തി അപ്പച്ചൻറെ ജീപ്പ് വീണ്ടും മലമുകളിലേക്ക് ചേക്കേറാൻ പോയി.

ഉച്ചമയക്കത്തിൽ നിന്ന് ചിറകടികൾ കേട്ട് മറിയ ഞെട്ടിയുണർന്നു. പഴയ തൊഴുത്തിനരികിൽ ലൗബേഡ്സിന്റെ കൂടുകൾ തുറന്നിട്ട് ചാക്കോ അവയെ കയ്യിലെടുത്ത് പറത്തിവിട്ടു. കഴുകനെപോലെ ഉയർന്ന് പറന്ന്  അവ താഴെ ഭൂമിയെ പുച്ഛത്തോടെ നോക്കി.

ചങ്ങലകളിൽ നിന്ന് സ്വതന്ത്രരാക്കപ്പെട്ട ആൽസേഷ്യനും ഡോബർമാനും അസൂയയോടെ ആകാശത്തെ നോക്കി. ചിതൽപൊടിയും  കീടനാശിനികളും  ചാക്കോ കുഴിയിൽ മൂടി.

“എന്നതാ ചാക്കോച്ചാ ഈ കാണിക്കുന്നെ?” മറിയ ഉറക്കച്ചടവിൽ ഉറക്കെ ചോദിച്ചു.

“പാമ്പുകളുടെ മാളവും പറവകളുടെ ആകാശവും നമ്മൾ മനുഷ്യർ തട്ടിയെടുത്തു.. തല ചായ്ക്കാനല്ല, കാൽ കുത്താൻ‍പോലും അർഹതയില്ലാത്ത മനുഷ്യർ… നമ്മളു വിതക്കുന്ന, കൊയ്യുന്ന വയലൊന്നും നമ്മുടേതല്ലായിരുന്നു. ഒരിക്കലും…”

“അത് ശരിയാ…” മറിയ അകത്തേക്കോടി. ചാക്കോയുടെ ഓഫീസ് മുറിയിൽ ചില്ലലമാരകൾ ഓരോന്നായി അവർതുറന്നു. തടിച്ചതും മെലിഞ്ഞതുമായ നിയമപുസ്തകങ്ങൾ നെഞ്ചോടടുക്കി മറിയ പുറത്തിറങ്ങി. മണ്ണെണ്ണയിൽ നനഞ്ഞ്, ഒരു തീക്കൊള്ളിയുടെ ഏരിയലിൽ പുസ്തകങ്ങളിലെ നിയമങ്ങൾ; പഴയതും, പുതിയതും, കാലഹരണപ്പെട്ടതും, മനുഷ്യനുണ്ടാക്കിയതും ദൈവമുണ്ടാക്കിയതും എല്ലാം; കരിവണ്ടുകൾ പോലെ കാറ്റിൽ പറന്നു.

“നല്ലകാറ്റ്!” മറിയ ആത്മഗതം ചെയ്തു. ചാക്കോ തല കുലുക്കുന്നത് ഇടങ്കണ്ണിൽ അവർ കണ്ടു.

ഉച്ചയിലെ ഉന്മാദത്തിൽ നിന്ന് രാത്രിയിലെ ശാന്തതയിലേക്ക് ഒരു നനഞ്ഞ വൈകുന്നേരത്തിൻറെ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു.

“മറിയേ..നമുക്കൊന്ന് നടക്കാൻ പോവാം…” ചാക്കോ പറഞ്ഞതും മറിയ പുറത്തിറങ്ങി. വൈകുന്നേരത്തെ ചാറ്റൽമഴയിൽ നനഞ്ഞ പുല്ലിൻപുറത്ത് നിറഞ്ഞൊഴുകുന്ന തോടിനരികിൽ അവർ മലർന്ന് കിടന്നു.

“മറിയേ നീ ഓർക്കുന്നുണ്ടോ നമ്മളു കെട്ട് കഴിഞ്ഞ് സ്ഫടികം സിനിമ കണ്ടത്..”

“ഉവ്വ…”

“അന്ന് ഞാൻ കരഞ്ഞതും…”

“പിന്നില്ലെ…”

“ദൈവം ഒരു ചാക്കോ മാഷാണ് മറിയെ…… തൻറെ പിടിവാശി കാരണം, ഭൂഗോളത്തിന്റെ സ്പന്ദനം ഒരു വെറും പഴത്തിലാണെന്ന വിശ്വാസം കാരണം… തെമ്മാടികളായി മാറിയ മക്കളുടെ പിതാവായ ഒരു ചാക്കോമാഷാണു ദൈവം… ദൈവത്തിൻറെ കുപ്പായക്കൈകൾ മുറിക്കുന്ന തോമസ് ചാക്കോമാരാണു മനുഷ്യർ.. ചെകുത്താൻ ജീവനില്ലാത്ത വെറും ഒരു ലോറി മാത്രമാണ്..”

“ഹ്മ്മ്…” മറിയ വെറുതേ മൂളിക്കൊടുത്തു.

“നീ ആ മാനത്തോട്ട് നോക്കിക്കേ.. ഈ പരന്ന ഭൂമിയിലുള്ളതെല്ലാം അവിടെ കാണാം….”

മറിയ നോക്കിയത് ചാക്കോയുടെ മുഖത്തേക്കാണ്.

“പരന്ന ഭൂമിയൊ? അപ്പൊ മുഴുവട്ടായോ എൻറെ കർത്താവേ…”

“ഭൂമി പരന്നതാണു മറിയേ.. ആകൃതിയിലല്ല.. സ്വഭാവത്തിൽ.. തിരിഞ്ഞു നടന്നാലല്ലാതെ തുടങ്ങിയിടത്തെത്താൻ പറ്റാത്തത്രയും പരന്നതാണു ഭൂമി. നീ മാനത്തോട്ട് നോക്കൂ…. അവിടെ ഭൂമിയെ കാണാം.. അതിൻറെ ഭൂതവും വർത്തമാനവും ഭാവിയുമെല്ലാം…”

“എനിക്കൊന്നും കാണുന്നില്ല..” മറിയക്ക് ബോറടിച്ചു തുടങ്ങിയിരുന്നു. ചക്രവാളത്തിലെവിടെയോ ഏതോ ഉത്സവപ്പറമ്പിലെ ഗാനമേള മുഴങ്ങുന്നുണ്ടായിരുന്നു.

ചാക്കോ പതിയെ മറിയയുടെ കൈത്തണ്ടയിൽ തൊട്ടു. “ആ മേഘങ്ങള്‍ നോക്കൂ.. അവയുണ്ടാക്കുന്ന രൂപങ്ങള്‍ മറ്റൊന്നുമല്ല.. മനുഷ്യന്‍ ഭൂമിയില്‍ അതിരുകള്‍ കൊണ്ട് വരച്ചിട്ട ഭൂപടങ്ങളാണ്. അല്പായുസ്സായ, അർത്ഥമില്ലാത്ത ഭൂപടങ്ങള്‍…”

മറിയയുടെ മേധയില്‍ ഭൂപടങ്ങള്‍ വിരിഞ്ഞു. മനുഷ്യന്‍ വരച്ചതും, മേഘങ്ങള്‍ വരച്ചതും. ചാക്കോയുടെ ഒരു നീണ്ട നെടുവീർപ്പിൽ അവയിലെ നീരാവികള്‍ ബാഷ്പീകരിച്ച് മറയുന്നതും അവര്‍ കണ്ടു. ആകാശത്ത് നക്ഷത്രങ്ങള്‍ തെളിഞ്ഞു. ചാക്കോ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.

“അതാ ആട്ടിന്‍ പറ്റങ്ങള്‍…അവയ്ക്കരികില്‍ ഇടയനും…”

“ശരിയാണ്…” മറിയയുടെ കണ്ണില്‍ ആശ്ചര്യം നിറഞ്ഞു..” ആട്ടിന്‍ കൂട്ടം കിഴക്കോട്ടും ഇടയന്‍ പടിഞ്ഞാറോട്ടും നീങ്ങുകയാണ്… അല്ലേ ചാക്കോച്ചാ…”

“ഊം…” ചാക്കോ മൂളി.. “ആട്ടിന്‍ കൂട്ടം ചിതറുകയാണ്… ഇടയനെ തീര്‍ത്ത വെളിച്ചം മങ്ങുകയാണ്…”

“അതെ….” മറിയ ചാക്കോയുടെ കൈകള്‍ മുറുക്കെ പിടിച്ചു.

തണുത്ത ഒരു കാറ്റില്‍, രംഗങ്ങൾക്കിടയില്‍ വീഴുന്ന തിരശീല പോലെ വെളുത്ത മേഘങ്ങള്‍ ആകാശം നിറച്ചു. അവയില്‍ പണ്ടെങ്ങോ പെയ്യാന്‍ മറന്ന ഒരൽപം മഴയുടെ നേർത്ത തുള്ളികള്‍ അവരുടെ മുഖങ്ങളില്‍ അടർന്നു  വീണു.

ചാക്കോ കൈകള്‍ മേലോട്ടുയർത്തി. “മനുഷ്യന്‍ തീർത്ത വെളുപ്പിൻറെ ശൂന്യത ഭൂമിയില്‍ പടരും.. അനന്തരം പ്രളയം വരും..”

ചാക്കോയുടെ കൈ വീശലില്‍ വെളുത്ത മേഘങ്ങൾ പറന്നകന്നു. നീലച്ച കറുപ്പിൻറെ അപാരതയില്‍ ആകാശം ഓളങ്ങളുണ്ടാക്കി പതിയെ നീങ്ങുന്നത് മറിയ കണ്ടു.

“മഹാ പ്രളയത്തിനൊടുവില്‍ പെട്ടകം വരും.. മനുഷ്യനിടമില്ലാത്ത പെട്ടകം…”

എവിടെ നിന്നോ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ചന്ദ്രക്കല മറിയയുടെ കണ്ണുകളില്‍ പ്രതിഫലിച്ചു, ഓളങ്ങളില്‍ പ്രത്യാശയുടെ പ്രകാശവുമായി അത് പെട്ടകം പോലെ ഇളകിയാടി…

“അതെ ചാക്കോച്ചാ…പെട്ടകത്തിൽ മുയല്‍ മാത്രമല്ല, പാറ്റകളും, പഴുതാരകളും, ദിനോസറുകളും, അമീബയും, വൈറസുമുണ്ട്… ഇല്ല.. മനുഷ്യന്‍ മാത്രമില്ല….” ചാന്ദ്ര കളങ്കങ്ങളില്‍ രൂപങ്ങളെ വ്യക്തമായി തന്നെ മറിയ കണ്ടു. “ഈ പെട്ടകം എന്നിട്ട് എങ്ങോട്ട് പോകും.”

“പുതിയൊരു ലോകത്തിലേക്ക്… ഉരുണ്ട മറ്റൊരു ഭൂമിയിലേക്ക്… ഒരു പക്ഷേ ഗ്രഹം തേടിയുള്ള ഒരു ഉപഗ്രഹത്തിന്റെ ആദ്യത്തെ യാത്രയാകുമത്…”

മറിയ ചാക്കോയെ കെട്ടിപ്പിടിച്ചു. അയാളുടെ താടിരോമങ്ങളില്‍ ചുംബിച്ചു. നെഞ്ചില്‍ തല വെച്ച് മറിയ അയാളുടെ ഹൃദയമിടിപ്പിനു കാതോർത്തു. പതിഞ്ഞതാളത്തില്‍ വയലിന്‍ കമ്പികളുടെ കമ്പനം പോലെ അതില്‍ സൃഷ്ടിയുടെ മധുരമായ സംഗീതമുണ്ടായിരുന്നു. സ്ഥിതിയുടെ വേദനയും സംഹാരത്തിൻറെ അനിവാര്യതയുടെ ചടുലതയും മറിയ തുടർന്നു കേട്ടു.

“ഈ ഭ്രാന്ത് പകരുമോ ചാക്കോച്ചാ…? “അയാളുടെ നെഞ്ചിലെ ഒറ്റപ്പെട്ട നരച്ച രോമത്തെ തിരഞ്ഞു പിടിച്ച് താലോലിച്ച് മറിയ ചോദിച്ചു.

“ചിലപ്പോൾ ..” അയാള്‍ മറിയയെ ചേർത്തു പിടിച്ചു.

“ചിലപ്പോളെന്നല്ല… ചിലരിലേക്ക് എന്ന് പറയണം..” മറിയയുടെ ചിരി ആകാശം നിറഞ്ഞു നിന്ന പെട്ടകത്തിൻറെ വെളിച്ചത്തിനേക്കാള്‍ പ്രകാശപൂരിതമായിരുന്നു.

പിറ്റേന്ന് മുതല്‍  “ചാക്കോച്ചനിതെന്നാ പറ്റിയേ” എന്ന് മറിയ ചോദിച്ചില്ല. മറിയക്ക് മനസിലായിക്കഴിഞ്ഞിരുന്നു, പറ്റിയതും, പറ്റാനിരിക്കുന്നതും.ആശങ്കകൾക്കും, പരിവേദനങ്ങൾക്കും, കണ്ണീരൊഴുക്കലുകൾക്കും  മുൻപില്‍ കൈ മലർത്താതെ, കൈ കഴുകാതെ മറിയ പുഞ്ചിരിച്ചു. അതിലടങ്ങിയ പരിഹാസം മറ്റുള്ളവർക്ക് മനസിലാകണോ വേണ്ടയോ എന്ന സ്വാതന്ത്ര്യം മറിയ അവർക്ക്  വിട്ടു കൊടുത്തു.

കവലയില്‍ സിഗററ്റ് പുകകളിലും, ചീട്ടു കളിക്കിടയില്‍ രാജാവിൻറെയും റാണിയുടെയും ഗുലാൻറെയും ഇടയിലും, അന്തിക്കള്ളിന്റെ കൂടെ അകത്തേക്കൊഴുകുന്ന പോർക്കിറച്ചിയുടെ വറുത്ത മസാലക്കിടയിലും ഒക്കെ ചാക്കോ ചർച്ചാവിഷയമായി. സൈക്കോ ചാക്കോ എന്ന് പരിഹാസത്തിലും പുച്ഛത്തിലും കലര്‍ത്തിയ ഒരു ഓമനപ്പേരും വൈകാതെ വന്നു.

മത്തായിയുടെയും മാര്‍ക്കോസിന്റെയും ലൂക്കിന്റെയും യോഹന്നാൻറെയും സുവിശേഷങ്ങൾ അന്തരീക്ഷം നിറച്ച ഒരു സായാഹ്നത്തില്‍ കവലയിൽ കൂടിയിരുന്നവർ ആദ്യം കണ്ണു തള്ളി ആ കാഴ്ച്ച കണ്ടു. രാവിലെ കോടതിയിലേക്ക് പോയ ചാക്കോ അതേ വക്കീൽക്കോട്ടുമിട്ട് ഒരു മരക്കുരിശ് ചുമന്ന് ആരെയും ശ്രദ്ധിക്കാതെ വീട്ടിലേക്ക് നടക്കുന്നത് അവര്‍ ശ്രദ്ധിച്ചു. അവര്‍ പുറകെ പരിഹാസവും, ചോദ്യങ്ങളും, കൂക്കുവിളികളുമായി കൂടി.

“കേസു തോറ്റാല്‍ വക്കീലു കുരിശേല്‍ കേറണോ ചാക്കോച്ചാ…”

“കേസുകള്‍ ജയിക്കാറും തോൽക്കാറുമില്ല… ചിലപ്പോള്‍ നിയമം ജയിക്കുകയും നീതി തോൽക്കുകയും ചെയ്യും.” വേദനിച്ച് ചുവന്ന ഇടത് തോളില്‍ നിന്ന് കുരിശ് മാറ്റാതെ വേച്ചു നടക്കുന്നതിനിടയില്‍ ചാക്കോ പിറുപിറുത്തു.

കുട്ടികളുടെ ആർപ്പുവിളികളുടെയും മുതിർന്നരുടെ അടക്കിപ്പിടിച്ച ചിരികളുടെയും ഇടയിലൂടെ ചാക്കോ വീട്ടിലേക്ക് നടന്നു. പിന്തുടർന്നവരില്‍ ചിലര്‍ അയാളുടെ കോട്ട് പിടിച്ചു വലിച്ചു, കുരിശിന്റെ മുകളറ്റത്ത് ചാടിത്തൂങ്ങി. റബ്ബര്‍ തോട്ടത്തില്‍ ചരൽക്കല്ലുകളുമായി മറിയ ആ ജനത്തെ വരവേറ്റു. ചാക്കോയുടെ ദേഹത്ത് തൊടാതെ അവ കൃത്യമായി ജനക്കൂട്ടത്തെ ചിതറിച്ചോടിച്ചു.

‘അരുത് മറിയേ’.

‘മിണ്ടാതിരി ചാക്കോച്ചാ… പാപം ചെയ്യാത്തവരോട് കല്ലെറിഞ്ഞേക്കാനാ പറഞ്ഞേക്കുന്നെ..”

രാത്രി ഉറക്കത്തില്‍ ചാക്കോയുടെ പിറുപിറുപ്പ് മറിയ വ്യക്തമായി കേട്ടു.

“കുരിശേന്തി നടക്കുന്നത് കർത്താവിനെ കളിയാക്കലാണ്‌.. കുരിശില്‍ കോർത്തപോലെ കിടക്കണം.. കർത്താവിനെ പോലെ…മരക്കുരിശിലല്ല.. മരക്കൊമ്പില്‍… മരം വെട്ടിയ പാപം മരത്തിലമർന്ന് പശ്ചാത്തപിച്ച് തീർക്കണം…”

മറിയ തിരിഞ്ഞു കിടന്നു… സ്വപ്നത്തില്‍ ആനയും ആടും കേറാത്ത ആയിരം കാന്താരികള്‍ പൂത്തിറങ്ങുന്ന മാമലയിലേക്ക് കല്ലുരുട്ടി പോകുന്ന ചാക്കോയെ അവര്‍ കണ്ടു. മാമലയില്‍ കറുപ്പ് നിറഞ്ഞപ്പോള്‍ മറിയ പണ്ട് കോളേജിൽ ചാക്കോ പാടിയ കവിതയുടെ വരികൾ കേട്ടു.

“എൻറെ ചുടലപ്പറമ്പിനെ, തുടതുള്ളുമീ സ്വാർത്ഥ സിംഹാസനങ്ങളെ, കടലെടുക്കും…” ആകാശത്ത് നിന്നും തിരമാലകൾ അടർന്ന് വീണ് റബ്ബർ തോട്ടവും, വീടും, കവലയും അടങ്ങുന്ന, ഖുതുബ് മീനാറും, പാർലമെന്റും, ഈഫൽ ടവറും , പിസാ ഗോപുരവും, വന്മതിലും സ്റ്റാച്യൂ ഓഫ് ലിബേർട്ടിയും ഒക്കെ ഉൾകൊള്ളുന്ന ഭൂമിയെ വിഴുങ്ങുന്നത് മറിയ സ്വപ്നം കണ്ടു… മറിയ ഉറക്കെ ചിരിച്ചു.

കുരിശിൻറെ  രൂപമുള്ള മരമന്വേഷിച്ച് ചാക്കോ പിറ്റേന്ന് രാവിലെ മുതൽ നടപ്പ് തുടങ്ങി.. നിവർന്നും ചെരിഞ്ഞും തിരശ്ചീനമായും ഒക്കെ നിൽക്കുന്ന, പൂക്കളുള്ളതും ഇല്ലാത്തതുമായ, വലിയതും ചെറുതുമായ ഇലകളുള്ള എല്ലാ മരങ്ങളിലേക്കും ചാക്കോയുടെ കണ്ണുകൾ പാഞ്ഞു..

“തൂങ്ങി ചാവാനായിരിക്കും”…കണ്ട് നിന്നവർ അടക്കം പറഞ്ഞു.

നീണ്ട നാളുകൾക്കപ്പുറം, ഭൂമിയെ നിലാവ് മറന്ന ഒരു രാത്രിയിൽ ചാക്കോ ആ മരം കണ്ടെത്തി. എവിടെ നിന്നോ വീശിയ അരണ്ട വെളിച്ചത്തിൽ,  കുരിശ് പോലെ നിൽക്കുന്ന മരക്കൊമ്പുകളിൽ മനുഷ്യനെ വലിക്കുന്ന കാന്തം ഉള്ളത് പോലെ ചാക്കോക്ക് തോന്നി. പുരയിടങ്ങളുടെ ഉടമസ്ഥതയും പറമ്പുകളുടെ അതിർ വരമ്പുകളും മനസിലോർക്കാതെ ചാക്കോ മരത്തിനടുത്തേക്ക് നടന്നു. മുറുമുറുപ്പുകളായും, വെളിച്ചമായും, കോലാഹലങ്ങളായും തന്റെ ചുറ്റും വളരുന്ന ഒന്നിനെക്കുറിച്ചും ഒരു ബോധ്യവും ഇല്ലാതെ ചാക്കോ മരത്തിൽ കയറാൻ ശ്രമിച്ചു.

“അയ്യോ…ഇതെന്നാ പറ്റി?” ചോര വാർന്ന്, മേലാസകലം തടിച്ചു വീങ്ങി തൻറെ മുന്നിൽ നിൽക്കുന്ന ചാക്കോയുടെ മുഖം തൊട്ട് മറിയ ചോദിച്ചു.

“മനുഷ്യൻറെ മുഖമുള്ള കടന്നലുകൾ….” ചാക്കോയുടെ നാവ് കുഴഞ്ഞു..

“അതോ, കടന്നലുകലെ പോലെ ഉള്ള മനുഷ്യരോ ?”മറിയയുടെ ചോദ്യത്തിനുത്തരം കൊടുക്കുന്നതിനു മുൻപ് ചാക്കോ കുഴഞ്ഞു വീണു. വീണ്ടുമൊരു പ്രഭാതം പുലരാൻ കൂട്ടാക്കാതെ മടിച്ചു നിന്നു .

******br-c-2

മഴക്ക് ശക്തി കൂടി വരുന്നുണ്ടായിരുന്നു. മറിയയുടെ വെളുത്ത സാരിയിൽ ചെളിമണ്ണ് കുഴഞ്ഞു. മണ്ണിൽ കുതിർന്ന കുഴിമാടത്തിൻറെ തലഭാഗത്ത് മറിയ അഗാധമായി ചുംബിച്ചു. വായിൽ കലർന്ന പൊടിമണ്ണ് നക്കി അവർപറഞ്ഞു.

“ചാക്കോച്ചാ… എനിക്കൊരു കുഞ്ഞുണ്ടാകും… നിങ്ങളുടേതല്ലെങ്കിലും സ്വഭാവം കൊണ്ട് അത് നിങ്ങളുടേതാകും. ഞാൻ അവൾക്ക്  അല്ലെങ്കിൽ അവന് “സൈക്കോ” എന്ന് പേരിടും..

അകലെ നിന്ന് കടന്നലുകളുടേതെന്ന പോലെ ചിറകടികളും മൂളലുകളും മുറുമുറുപ്പുകളും കാറ്റ് കടന്നു വരുന്നത് മറിയ കേട്ടു .

അവർ എഴുന്നേറ്റു. തെമ്മാടിക്കുഴിയുടെ പൊടിമണ്ണിന്റെ മധുരം ചേർത്ത്, അന്നനാളത്തിലെയും ശ്വാസകോശത്തിലെയും ചാലുകളിൽ ശ്വാസം കൊണ്ട് പരതികിട്ടിയ കഫം ഉമിനീരിൽ ചാലിച്ച് മറിയ ആഞ്ഞു തുപ്പി. കുത്തനെ വീഴുന്ന മഴനാരുകളെ ഭേദിച്ച്, കാറ്റിൻറെ പുറത്തേറി, പള്ളിപ്പറമ്പും കടന്ന് ആ തുപ്പൽ കവലയിൽ ഇതിനകം ചാക്കോയെ മറന്നു കഴിഞ്ഞിരുന്ന ആൾക്കൂട്ടത്തിനു നടുവിൽ വലിയ ശബ്ദത്തോടെ ചെന്ന് വീണു. എവിടെയോ അൽപ്പം താമസിച്ച് പോയ ഒരു പ്രാർത്ഥനക്കൊടുവിൽ ആരോ നീട്ടി ചൊല്ലി..

ആമേൻ….

Comments

comments