അനശ്വരകവിതകൾ  – അനശ്വരരുടെ കവിതകൾ- 3

രണ്ടാം ലോകമഹായുദ്ധത്തിൽ നേരിട്ട് പങ്കെടുത്തു വീരമൃത്യു വരിച്ച 33 റഷ്യൻ കവികളുടെ യുദ്ധകാല കവിതകൾ ആണ് ‘ഇമ്മോർട്ടാലിറ്റി’ എന്ന കവിതാസമാഹാരത്തിൽ നിന്നും തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്നത്.

 

സിവോലോഡ് ബാഗ്രിറ്റ്സ്കി

14203588_1353012144727218_1596255538_oസിവോലോഡ് ബാഗ്രിറ്റ്സ്കി ഓഡെസ്സയില്‍ 1922 ല്‍ ജനിച്ചു. അച്ഛന്‍ എഡ്വാര്‍ഡ് ബാഗ്രിറ്റ്സ്കി അക്കാലത്തെ പ്രശസ്തനായ സോവിയറ്റ്‌ കവിയായിരുന്നു. 1926ല്‍ ബാഗ്രിറ്റ്സ്കി മോസ്കോയ്ക്കടുത്തുള്ള കുണ്‍ട്സേവോ എന്ന ചെറിയ പട്ടണത്തിലേക്ക് താമസം മാറ്റി.

കുട്ടിക്കാലം തൊട്ടേ സിവോലോഡ് കവിതയെഴുതാന്‍ തുടങ്ങി. തന്‍റെ ആദ്യകാലകവിതകള്‍ വിദ്യാലയത്തിലെ കയ്യെഴുത്തു മാസികകളില്‍ ധാരാളം പ്രസിദ്ധീകരിച്ചു. പഠനകാലത്താണ് സിവോലോഡ് പയനര്‍സ്കായ പ്രാവ്ദ എന്ന മാസികയുടെ സാഹിത്യോപ്ദേഷ്ടാവായി പ്രവര്‍ത്തിച്ചത്. അലക്സീ ആര്‍ബുസോവ്, വാലന്‍റിന്‍ പ്ലൂചെഖ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന ചെറുപ്പക്കാരുടെ ഒരു നാടകസംഘത്തില്‍ 1939-40 കാലത്ത് പ്രവര്‍ത്തിച്ചു. “സിറ്റി അറ്റ്‌ ഡോണ്‍”, “ദി ഡുവല്‍” എന്നീ നാടകങ്ങള്‍ സുഹൃത്തുക്കളുമൊരുമിച്ച് രചിച്ചു.

ഈ സമയത്താണ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. സിവോലോഡിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. തന്‍റെ രാജ്യത്തിന് വേണ്ടി പട്ടാളത്തില്‍ ചേര്‍ന്നു.

1941 അവസാനത്തില്‍ പ്രശസ്ത കവിയായിരുന്ന പാവേല്‍ ഷുബിനുമൊത്ത് പത്രമായ ‘സെക്കന്‍റ് ആര്‍മി’ യുടെ റിപ്പോര്‍ട്ടര്‍ ആയി പ്രവര്‍ത്തിച്ചു. പട്ടാളക്കാര്‍ വളഞ്ഞിട്ടുള്ള ലെനിന്‍ഗ്രാഡിനെ സംരക്ഷിക്കുന്നതിനുവേണ്ടി തെക്കന്‍ പ്രദേശങ്ങളില്‍നിന്നും അവിടേക്ക് നീങ്ങുകയായിരുന്ന ‘സെക്കന്‍റ് ആര്‍മി’ യെ സഹായിക്കാന്‍ ആയിരുന്നു ഇത്.

തന്‍റെ പട്ടാള സുഹൃത്തുക്കളിലൊരാള്‍ തന്നെ ഏല്‍പ്പിച്ച ദൌത്യവുമായി ലെനിന്‍ഗ്രാഡ് ലക്ഷ്യമാക്കി പോകുന്നതിനിടെ 1942 ഫെബ്രുവരി 26 ന് ലെനിന്‍ഗ്രാഡ് പ്രദേശത്തെ ദുബോവിക്ക് ഗ്രാമത്തില്‍ വെച്ച് ശത്രുവിന്‍റെ വെടിയേറ്റു മരിച്ചു.


റഷ്യൻ കവിത – സിവോലോഡ് ബാഗ്രിറ്റ്സ്കി
ഇംഗ്ലീഷ് മൊഴിമാറ്റം : ഐറിനാ ഴെലെസ്നോവ
മലയാളമൊഴി : അച്യുതന്‍ വടക്കേടത്ത് രവി

ഒഡീസ്സ* എന്‍റെ നഗരം

രാത്രി അവസാനിച്ചിരുന്നു
ഞങ്ങള്‍ അതിരാവിലെത്തന്നെ ഉണര്‍ന്നു
ഉപ്പുരസം ചെറുതായി കലര്‍ന്ന ചവര്‍പ്പുള്ള
ഇളങ്കാറ്റ്, ഉന്മേഷവും ആശ്വാസവും തന്നു.

തുറന്നുവച്ച കൈപ്പത്തിയിലെന്നപോലെ കടല്‍
ഞങ്ങളുടെ മുന്നില്‍.
മീന്‍വള്ളങ്ങള്‍ അവിടവിടെ ചിന്നിച്ചിതറി
പ്രഭാതത്തിനെ അടയാളപ്പെടുത്തി.

തിരകള്‍ മിനുസപ്പെടുത്തിയ ഉരുണ്ട
പാറക്കല്ലുകള്‍ക്കും
മൃദുലമായ, വഴുപ്പുള്ള, ഇരുണ്ട കടല്‍പ്പായലിനും
താഴെ,
കടുമത്സ്യങ്ങള്‍ തല കുലുക്കി, മെലിഞ്ഞ വാലിളക്കി
നീങ്ങുന്നു.
കപ്പല്‍, ചക്രവാളം ലക്ഷ്യമാക്കി
നീങ്ങിക്കൊണ്ടിരിക്കുന്നു
സൂര്യരശ്മികള്‍ കണ്ണില്‍ തറയ്ക്കുന്നു.
കടല്‍ത്തീരം മൂടല്‍മഞ്ഞില്‍ അവ്യക്തമായി
കിടക്കുന്നു.

ഒഡീസ്സ,
എന്‍റെ നഗരം, നിന്നെ കീഴടങ്ങാന്‍
അനുവദിക്കില്ല.
എവിടെയും ശ്വാസംമുട്ടുന്ന പരുക്കന്‍ ശബ്ദങ്ങള്‍
പട്ടണം മുഴുവനും മരണത്തിന്‍റെ പിടിയിലാണ്
വീടുകള്‍ മുഴുവനും കത്തിയെരിഞ്ഞ് വീഴട്ടെ
വിഷപ്പുക കണ്ണില്‍ നിറയട്ടെ
വെടിമരുന്നിന്‍റെ മണം നിറയട്ടെ
ഒഡീസ്സ, എന്‍റെ നഗരം,
എന്‍റെ സുഹൃത്ത്, യഥാര്‍ത്ഥ സഖാവ്
ഒഡീസ്സ,എന്‍റെ നഗരം,
ഞങ്ങള്‍ നിന്നെ കീഴടങ്ങാന്‍ അനുവദിക്കില്ല.

*കരിങ്കടലിന്‍റെ വടക്കുപടിഞ്ഞാറന്‍ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഒഡീസ്സ, ഉക്രയിനിലെ തുറമുഖവും പട്ടണവും ആണ്.

Comments

comments