-എൻറെ പ്രിയപ്പെട്ട കോകിലേ

സ്‌കൂൾ പൂട്ടിയതിൽ പിന്നെ ഇത്രയും കാലം നിന്നെക്കാണാതെ കഴിച്ചു കൂട്ടിയത് എത്ര വിഷമത്തോടെയാണെന്നോ! ഏതു സമയത്തും നിന്നെപ്പറ്റിയായിരിക്കും ആലോചനകൾ. ഒരു കഥാപുസ്തകം വായിക്കാൻ കൂടി മനസ്സ് നിൽക്കുന്നില്ല. ഉണ്ണാനിരിക്കുമ്പോൾ നിന്നെപ്പറ്റി ഓർക്കും. ഉറങ്ങാനിരിക്കുമ്പോൾ എന്റെ കോകിലയുടെ സുന്ദരമുഖവും മേനിയും മനസ്സിലേക്ക് വരും.നിൻറെ ചുരുണ്ട മുടിയിൽ തലോടാനും കവിളിൽ നുള്ളാനും കഴുത്തിൽ ഉമ്മ വെക്കാനും അങ്ങിനെ എന്തെല്ലാമൊക്കെയൊ ചെയ്യാനും തോന്നും.പിന്നെ ഉറക്കം വരില്ല.അപ്പൊൾ എഴുന്നേറ്റ് ഫോട്ടോ എടുത്തു  നോക്കും.പിന്നെ തലയിണ അരികിൽ ചേർത്ത് കെട്ടിപ്പിടിക്കും. ഏതു നേരവും നിന്നെപ്പറ്റിയുള്ള ആലോചനകളിൽ മുഴുകിയിരിക്കുന്നത് കാണുമ്പോൾ അമ്മയ്ക്കു സംശയം. ഞാൻ പോസ്റ്റിൽ അയച്ച കത്തിന് പോലും നീ മറുപടി അയച്ചില്ലല്ലോ? നീ എന്നെ മറന്നോ? നീ എന്നെ സ്നേഹിക്കുന്നില്ലെ? എന്റെ കോകിലേ, എന്നെ അല്ലാതെ മറ്റാരെയെങ്കിലും നീ സ്നേഹിക്കാൻ തുടങ്ങിയോ? എങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും. എന്നെന്നും നീ എന്‍റെതായിരിക്കണം. ഇതിനെങ്കിലും നീ എനിക്കൊരു മറുപടി തരാതിരുന്നാൽ ഞാൻ നീറി നീറി ചാവും.

എന്ന്, നിന്റേതു മാത്രമായ

ഗിരിജ .

രണ്ടു പെൺകുട്ടികൾ. നോവൽ

[വി .ടി .നന്ദകുമാർ]

1974 -ൽ എഴുതപ്പെട്ട ഈ നോവൽ അടിസ്ഥാനമാക്കി മോഹൻ ഇതേ പേരിൽ ഒരു സിനിമ 1978 ൽ സംവിധാനം ചെയ്ത് പുറത്തിറക്കി. ശോഭ [ഇവർ ചെറുപ്പത്തിൽ തന്നെ ആത്മഹത്യ ചെയ്തു ], അനുപമ മോഹൻ, വിധുബാല , സുകുമാരൻ, സുരാസു തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. സുരാസു തിരക്കഥ എഴുതിയ ഈ ചിത്രം വി.ടി. നന്ദകുമാറിന്റെ നോവൽ പൂർണമായും അനുകല്പനം ചെയ്തല്ല സിനിമയാക്കിയത് എന്ന് സംവിധായകൻ തന്നെ പറയുകയുണ്ടായി.തികച്ചും 2-penkuttikalജനപ്രിയ ആഖ്യാന പരിസരത്ത് നിന്നാണ് ഈ നോവൽ രചിച്ചത് എങ്കിലും പ്രമേയം കൊണ്ട് അത് പുതുമയുള്ളതായിരുന്നു. 1940 കളിൽ തന്നെ മാധവിക്കുട്ടി സ്ത്രീ പോലുള്ള കഥയിൽ പ്രമേയമാക്കിയ സ്വവർഗാനുരാഗം മുഖ്യമായി സ്വീകരിച്ചു ഒരു മുഴുനീള ജനപ്രിയ ചേരുവാ നോവൽ എഴുതുകയാണ് നന്ദകുമാർ ചെയ്തത്. കോകില, ഗിരിജ എന്ന് പേരുള്ള സഹപാഠികളായ രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികൾക്കിടയിൽ മുളപൊട്ടുന്ന പ്രേമബന്ധവും അത് വഴി അവർ നടത്തുന്ന ശാരീരിക വേഴ്ചയും നന്ദകുമാർ തന്റെ നോവലിൽ വിവരിക്കുന്നുണ്ട്. സിനിമ പക്ഷെ അവർക്കിടയിലെ ബന്ധത്തെ നിഗൂഡമാക്കാന്‍ ശ്രമിക്കുന്നു. വിജയൻ എന്ന അധ്യാപകൻ കോകിലയുടെയും ബാബു എന്ന ഡോക്ടർ ഗിരിജയുടെയും ജീവിതത്തിലേക്ക് അവരുടെ ഭർത്താക്കന്മാരായി കടന്നു വരുന്നതോടെ ഇവരുടെ ബന്ധം അവസാനിക്കുന്നതായി നോവലിൽ ഉണ്ട്. സിനിമയിലും അങ്ങിനെ തന്നെ സംഭവിക്കുന്നു. കോകില, ഗിരിജ എന്നീ പേരുകൾ അല്ല സിനിമയിൽ ഉപയോഗിച്ചത്. ബാബു ഗിരിജയോട് ഇങ്ങിനെ പറയുന്നു :

“സാരമില്ല ഗിരിജേ ,അതങ്ങിനെയെ സംഭവിക്കു. അതാണ് പ്രകൃതി സഹജം. പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചിരിക്കുന്നത് അവർ തമ്മിൽ ഇണ ചേരാനും പരമ്പര ഉണ്ടാക്കാനുമാണ്. അതല്ലാതൊന്നും നിലനിൽക്കില്ല. അതെല്ലാം സങ്കൽപ്പങ്ങളാണ്. ഒരു തരം വ്യാമോഹങ്ങൾ.’

രണ്ടായിരത്തിപതിനാറിൽ പുറത്തിറങ്ങിയ സമാന പ്രമേയം കൈകാര്യം ചെയ്യുന്ന സഞ്ചാരം എന്ന സിനിമയിലും ഇതിനെ ക്വോയറ്റ് അൺ നേച്വറൽ എന്നാണ് വിശേഷിപ്പിക്കുന്നത്. സഞ്ചാരത്തിലെ കിരൺ എന്ന പെൺകുട്ടിയുടെ അമ്മയും അച്ഛനും ദെലേലയുമായി സഹയാത്രികരായി ജീവിക്കാനുള്ള അവളുടെ ആഗ്രഹത്തെ എതിർത്തുകൊണ്ടാണ് അവളോട് ഇങ്ങിനെ പറയുന്നത്.
ലെസ്ബിയിനിസവും പെണ്ണടുപ്പങ്ങളും മുഖ്യ പ്രമേയമായി വന്ന രണ്ട് പെൺകുട്ടികൾ (മോഹൻ/1978) ദേശാടനക്കിളി കരയാറില്ല (പി. പത്മരാജൻ/1986) സഞ്ചാരം (2004/ലിജി. ജെ. പുല്ലാപ്പിളളി )വെളുത്ത രാത്രികൾ ( റാസി / 2015) എന്നീ മലയാളചലച്ചിത്രങ്ങൾ മുഖ്യമായെടുത്ത് പെണ്ണുങ്ങൾക്കിടയിൽ രൂപപ്പെടുന്ന സ്വവർഗ്ഗാനുരാഗവും സവിശേഷ സൗഹൃദബന്ധങ്ങളും കാമനകളും സാമൂഹ്യ ശാസ്ത്രത്തിന്റെയും മനോ നിർദ്ദാരണത്തിന്റെയും വെളിച്ചത്തിൽ അന്വേഷിക്കാനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്.

പെണ്ണുടലിനെപ്പറ്റിയുള്ള പൊതുബോധം അഥവാ പാരമ്പര്യ കാഴ്ചപ്പാടാണ് രണ്ടു പെൺകുട്ടികൾ എന്ന സിനിമയിലെ ബാബു ഗിരിജയോട് പങ്കുവെക്കുന്നത്. അതിനെയാണ് ‘അതാണ് പ്രകൃതി സഹജം’  എന്ന് അയാൾ വിശേഷിപ്പിക്കുന്നത്. ആണും പെണ്ണും തമ്മിൽ ചേർന്ന് കുട്ടികൾ ഉണ്ടാവുമ്പോഴാണ് തലമുറകൾ നിലനിൽക്കുന്നത്. ആ അർത്ഥത്തിൽ പെണ്ണുടൽ ഉൽപ്പാദനസജ്ജമായ (Re-production) ഒരു ഉപഭോഗവസ്തു കൂടിയാണ്. പ്രകൃതി അങ്ങിനെയാണ് പെണ്ണുടൽ വിഭാവന ചെയ്തത് എന്നത് കൊണ്ട് തന്നെ പുരുഷനുമായുള്ള അനുരാഗവും വേഴ്ചയും പ്രകൃതി സഹജമായി പൊതുബോധത്തിൽ കൺവൻഷനൽ സെൻസിബിലിറ്റിയായി കടന്നിരിക്കുന്നു. ഈ രീതിയിൽ നിന്നുള്ള ഏത് കുതറിച്ചകളെയും സമൂഹം അതിന്റെ സ്ഥാപനങ്ങളെയും കൺവൻഷനൽ ബോധത്തെയും ഫിലോസഫിയെയും അതിനുള്ളിൽ അടങ്ങിയ മറ്റ് അധികാര ബന്ധങ്ങളെയും ഉപയോഗിച്ച് മെരുക്കിയെടുക്കാനോ തടഞ്ഞ് നേർരേഖയിലാക്കാനോ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും.

കുടുംബം, മതം, പ്രസ്ഥാനങ്ങൾ  തുടങ്ങിയ സാമൂഹ്യസ്ഥാപനങ്ങൾക്ക് ഉതകുന്ന വിധമോ അത് കെട്ടിപ്പെടുക്കാനും നിലനിർത്താനും തുടരാനും ആവശ്യമായ ഉൽപ്പാദന അധികാര ശ്രേണിയിൽ അധിഷ്ഠിതമായോ ഒക്കെയാണ് ബന്ധങ്ങളെ സമൂഹം നിർമ്മിക്കുകയും നിർവ്വചിക്കുകയും ചെയ്യുന്നത്. ബന്ധങ്ങളിലെ ലിംഗനിർണ്ണയനം ഉഭയ ലൈംഗികത (Hetro Sexual) യിൽ അധിഷ്ഠിതമാണ് എന്ന് മാത്രമല്ല ഭിന്ന ലൈംഗികതയെ സാമൂഹ്യസ്ഥാപനങ്ങളും പൊതുബോധവും പുറന്തള്ളുകയും ബലാൽകൃതമായ ഏകത്വത്തിനു വേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. പ്രജനനം = പുതു തലമുറ (ആൺx പെൺ) തുടങ്ങിയ ബയോളജിക്കൽ ഇക്വേഷൻസ് പ്രകാരം കണക്കുകൂട്ടിയെടുത്തത് എന്ന അർത്ഥത്തിൽ കൂടിയാണ്‌ അത് പ്രകൃതി സഹജം ആവുന്നത്. സന്താനോൽപ്പാദനത്തിനു വേണ്ടിയുള്ള
ലൈംഗികത ഒഴികെയുള്ള മാനസികാഹ്ളാദത്തിനു വേണ്ടിയുള്ള ഉടൽ വ്യവഹാരങ്ങളെ പാപമായിക്കണ്ട് തടയാനുള്ള വേദസൂക്തങ്ങൾ സാമൂഹ്യ സ്ഥാപനങ്ങളായ മതങ്ങളിൽ ധാരാളമുണ്ട്. സിമോൺ ബുവ്വ ‘ പെണ്ണാവുകയല്ല, പെണ്ണായിത്തീരുകയാണ് ചെയ്യുന്നത് ‘ എന്ന് പറഞ്ഞത് പെണ്ണുടലിനെ സാമൂഹ്യസ്ഥാപനങ്ങൾ ഉൽപ്പാദനക്ഷമമായ കൃഷിയിടം പോലെ രൂപപ്പെടുത്തുന്നതിനെ കൂടി സൂചിപ്പിച്ചാണ്. രണ്ട് പെണ്ണുങ്ങൾ എന്ന സിനിമയിലെ കോകിലയും ഗിരിജയും  പുരുഷൻമാർ തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതിന് മുമ്പ് അനുരാഗത്തിൽ അകപ്പെടുന്നവരാണ്. കോകിലയുടെ അഴകളവുകളും സ്തന സൗന്ദര്യവും ഗിരിജയെ ആകൃഷ്ടയാക്കുന്നു. ഭാര്യ / ഭർത്താവ് എന്ന സാമ്പ്രദായിക -സ്ഥാപന സ്ത്രീ പുരുഷ ബന്ധത്തിലെ പരോക്ഷ അധീശ ബോധം ഇവർക്കിടയിൽ സൂക്ഷ്മമായി പ്രവർത്തിക്കുന്നത് കാണാം. എല്ലാത്തിനും മുൻകൈയെടുക്കുന്നത് ഗിരിജയാണ്. കോകില പലതിനും വഴങ്ങിക്കൊടുക്കുന്നു. അവൾ മറ്റ് സുഹൃത്തുക്കളും പുരുഷൻമാരുമായി ഇടപഴകുന്നത് ഗിരിജക്ക് ഇഷ്ടമേ അല്ല. സാമ്പത്തികപരമായ പിന്തുണയും ഗിരിജ കോകിലക്ക് നൽകുന്നു. ഇങ്ങിനെ തന്റെ അധീശം സ്ഥാപിച്ചെടുക്കുന്ന ഗിരിജ ഒരു ഭർതൃസ്ഥാനത്താണ് പലപ്പൊഴും anupama-mohan-randu-penkuttikalതന്നെ സങ്കല്പിക്കുന്നത് എന്ന് കാണാം. ചലച്ചിത്രത്തിൽ നോവലിലെ ഗിരിജയുടെയും കോകി (ഗിരിജ അവളെ പ്രണയാധിക്യത്താൽ അങ്ങിനെ വിളിക്കാറുണ്ട് )യുടെയും പാരസ്പര്യം ശാരീരിക കാമനകളിൽ അധിഷ്ഠിതമായിരുന്നു എന്ന സൂചനകൾ  സിനിമയിൽ ഇല്ല എന്ന് തന്നെ പറയാം. നോവലിൽ ലെസ്ബിയൻ ലൈംഗിക വർണ്ണനകൾ ഉൾച്ചേർത്ത് ജനപ്രിയമാക്കുകയാണ് എഴുത്തുകാരൻ ചെയ്യുന്നത്. ആണിലേക്കുള്ള ഉടൽ സഞ്ചാരത്തിനിടക്കുള്ള വഴിയമ്പലത്തിലെ സാധ്യമായ പെണ്ണുടലുകളുടെ മേളനം മാത്രമായിരുന്നു രണ്ട് പെൺകുട്ടികളിലെ കോകിലക്കും ഗിരിജക്കും എന്ന് ചിത്രീകരിച്ചു കൊണ്ടാണ്  നോവൽ  അവസാനിക്കുന്നത്. വ്യക്തിയുടെ ശരീരം സാമൂഹിക ശരീരമായിത്തീർന്നതെങ്ങിനെയാണെന്ന പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. സാമൂഹികമായ വിവിധ തരം പ്രകിയകളാവുന്ന ജാലകത്തിലൂടെ കടന്ന് വന്ന് പരിഷ്ക്കരിക്കപ്പെട്ട ഈ ശരീരം അനേകം വൈയക്തികവും ആത്മനിഷ്ഠവുമായ വികാരങ്ങളുടെ ശവപ്പറമ്പ് കൂടിയാണ്. പ്രകൃത്യാ ഉള്ള പല ചോദനകളെയും അപരിഷ്കൃതമായി കണക്കാക്കി ജൈവചോദനകളിൽ നിന്നും മുക്തമാക്കിയ നിർമ്മിത ശരീരമാണ് വ്യക്തി പുറന്തോൽ പോലെ അണിഞ്ഞ് നടക്കുന്ന ഈ സാമൂഹിക ശരീരം. സമൂഹം അതിന്റെ നിലനിൽപ്പിനുതകുന്ന തരം സദാചാരവൈകാരിക മൂല്യസംഹിതയും ആത്മനിയന്ത്രണ ശേഷിയും പ്രക്ഷേപിച്ച് പരിഷ്കൃതമാക്കിയ വ്യക്തിയുടെ മേൽ സൂചിപ്പിച്ച സാമൂഹിക ശരീരങ്ങൾ തമ്മിലുള്ള വ്യവഹാരങ്ങളുടെ പുറത്താണ് ലൈംഗിക ക്രിയ പോലും നടക്കുന്നത്. ആണത്തം പെണ്ണത്തം തുടങ്ങിയവ കുടുംബം മതം തുടങ്ങിയ സ്ഥാപനങ്ങളാൽ നിർമ്മിതമാണ് എന്നത് കൊണ്ടു തന്നെ അവ ജൈവിക ചോദനകളുടെയും ലിംഗ ചോദനകളുടെയും അടിച്ചമർത്തലിനെ (Suppression) കൂടി സൂചിപ്പിക്കുന്നുണ്ട്.

രണ്ടു പെൺകുട്ടികൾ എന്ന സിനിമ ലെസ്ബിയൻ ചലച്ചിത്രം എന്ന് വിശേഷിപ്പിക്കാൻ സാധിക്കാത്ത വിധം കോകിലയുടെയും ഗിരിജയുടെയും ബന്ധങ്ങൾ ചിത്രീകരിക്കാനാണ് ശ്രമിച്ചത്. അവർക്കിടയിൽ ഉള്ള ബന്ധം കേവല സൗഹൃദം മാത്രമായിരുന്നു എന്ന ധ്വനി പോലും സിനിമയിലുണ്ട്. അതിനു വേണ്ടി സിനിമ പണിയെടുത്തു എന്ന അർത്ഥത്തിൽ സിനിമ സാഹിത്യത്തോട് അനീതി ചെയ്തു എന്നും പറയാം. കാലികമായും ഗതാനുഗതികമല്ലാതെയും വിപ്ലവാത്മകമായ ഒരു പ്രേമേയത്തോടു നീതി പുലർത്താൻ മലയാള സിനിമ ധൈര്യം കാണിച്ചില്ല എന്നും ആരോപിക്കാവുന്ന രീതിയിലാണ് പെൺബന്ധം സിനിമയിൽ സ്ഥാനപ്പെട്ടത്.

ലെസ്ബിയൻ സിനിമ എന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ലെങ്കിലും രണ്ട് പെൺകുട്ടികളുടെ നിർവ്വചനത്തിന് അതീതമായ ബന്ധത്തിന്റെ കഥ പറയുന്ന ചലച്ചിത്രമാണ് പി.പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല.

നിമ്മി (കാർത്തിക ) സാലി ( ശാരി) എന്നീ രണ്ട് പെൺകുട്ടികൾ സ്കൂളിൽ നിന്നും നടത്തുന്ന പിക്നിക്കിനിടെ ഒളിച്ചോടുന്നതും ഒരു നഗരത്തിൽ കുറെ ദിവസം ഒരുമിച്ച് ജീവിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. സഹയാത്രികരെ പോലെയാണ് ഇവരുടെ ആത്മബന്ധമെങ്കിലും സാലിക്ക് ചെറിയ അപ്രമാദിത്തങ്ങൾ നിമ്മിയുടെ മേലുണ്ട്. നിമ്മിയുടെ പ്രകൃതം കുറെ കൂടി സ്ത്രൈണവും സാലിയുടെത് പൗരുഷവുമാണ്. കാഴ്ചയക്കും സാലി നിമ്മിയെ അപേക്ഷിച്ച് പുരുഷപ്രകൃതമാണ്.deshadanakkili അവളുടെ വേഷവും ബോയ്ക്കട്ട് മുടിയും പ്രകൃതവും ഒറ്റയ്ക്കുള്ള യാത്രയിൽ അവർക്ക് ചിലപ്പോഴെക്കെ ഉപകരിക്കുന്നുണ്ട്. കുട്ടി എന്നാണ് സാലി നിമ്മിയെ വിളിക്കുന്നത്. അസമയത്ത് (അസമയം പെണ്ണിന് പ്രത്യേകം ബാധകമാണ്. അസമയത്ത് തനിച്ചുള്ള പെണ്ണിനെ ലൈംഗിക സൂചകമായാണ് മലയാള സിനിമയും പൊതുബോധവും ചിഹ്നമാക്കിയത് ) സഞ്ചരിക്കുമ്പോൾ  ‘ഉടയോൻ’ ഉള്ള പെണ്ണിന്റെ സഞ്ചാരം പോലെ അവരുടെ നടത്തം തോന്നിപ്പിക്കാൻ അതുപകരിക്കുന്നുണ്ട്. സിനിമയുടെ രണ്ടാം പകുതിയിൽ രക്ഷകന്റെയും ഉപദേശകന്റെയും (Paranting and Patranising) വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ഹരിശങ്കർ (മോഹൻലാൽ ) ആണ് അവരെ മരണത്തിലേക്ക് തള്ളിവിടുന്നത്. ഒരു പാട് മലയാള സിനിമയിൽ തകർത്താടിയ അതേ പിതൃബിംബമായാണ് മോഹൻലാൽ ഇതിലും വേഷമിടുന്നത്. രണ്ട് പെൺകുട്ടികളെ തനിച്ചിങ്ങനെ കണ്ടപ്പോൾ, അവർ വഴി തെറ്റി പോവുമോ എന്ന അകാരണമായ ആദി (un wanted anxiety) എന്ന കേരളീയ പൊതുസമൂഹ മന:ശ്ശാസ്ത്രത്തിന്റെ പ്രതിപുരുഷനോ, ഇമേജോ ആണ് ജയശങ്കർ. അവർ വലിയ കുഴപ്പത്തിലാണ് ചെന്ന് പെട്ടിരിക്കുന്നത് എന്ന് അവരെ ബോധ്യപ്പെടുത്തുകയും എല്ലാ പ്രശ്നങ്ങൾക്കും രക്ഷകനായാണ് ഞാനെന്ന പുരുഷൻ നിങ്ങൾക്ക് മുമ്പിൽ അവതരിച്ചിരിക്കുന്നത് എന്ന് വിശ്വസിപ്പിച്ച് ജയശങ്കർ എന്ന പിതൃ- കാമുക ബിംബം അവരെ ആത്മഹത്യയിലേക്ക് കൈപിടിച്ച് നയിച്ചു. ശരാശരി മലയാളി പെൺകുട്ടിയുടെ തനിപ്പകർപ്പായ നിമ്മി ‘ അച്ചടക്ക ജീവിതം’ നയിക്കുന്ന ,സർവ്വ ഗുണസമ്പന്നനായ’  ആ നായകനോട് പ്രണയപരവശയായി. സാലി ഓരോ ഘട്ടത്തിലും അയാളെ നിഷേധിക്കുകയും തങ്ങളുടെ വ്യക്തി പരമായ കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് അയാളെ വിലക്കുകയും ചെയ്തിരുന്നു. സവിശേഷമായ വ്യക്തിപ്രഭാവമുള്ള ഒരു പെൺകുട്ടിയുടെ ചലച്ചിത്ര ഭാവനയാണ് സാലിയുടെത്. ഒരു പക്ഷെ പത്മരാജന് മാത്രം സാധ്യമാവുന്ന കഥാപാത്രസൃഷ്ടിയാണത്. സ്ത്രീ-പുരുഷ കൂട്ടു ജീവിതമെ പൊതുബോധ നിർമ്മിതി നിലനിർത്തുകയുള്ളു എന്ന സൂചകത്തിലേക്കുള്ള താക്കോൽ പഴുതാണ് ദേശാടനക്കിളി കരയാറില്ല എന്ന സിനിമ അവസാനിക്കുമ്പോൾ തിരശ്ശീലയിൽ എഴുതിക്കാണിക്കുന്ന വാക്യം.;’ ദൂരേക്ക് ….. സേഫ് ആയ ദൂരേക്ക്: ..      dheshadanakkil-karayarillaഒരു രക്ഷക ബിംബത്തിനും പിടികൊടുക്കാതെ  ആ പെൺകൂട്ടുകാരികൾ മറ്റൊരു ലോകത്തേക്ക് യാത്രയാവുന്നു. സമൂഹം ബന്ധങ്ങളെ നിർവ്വചനക്കല്ലറയിൽ ഒതുക്കാനും അത്തരം ബന്ധങ്ങളെ മാത്രം നിലനിർത്താനും ശ്രമിക്കുന്നു. ശരീര മാത്ര വ്യവഹാരമായി രണ്ട് പേർക്കിടയിലെ ആത്മബന്ധത്തെ പലപ്പൊഴും അത് ഒളിയമ്പെയ്യുന്നു! എന്താണ് അവർക്കിടയിലെ ബന്ധം എന്ന അകാരണ – അന്വേഷണത്തിന് ഉത്തരം കിട്ടുന്നതു വരെ അശാന്തമാവുന്ന ഒരു മനസ്സ് സമൂഹത്തിന്റെ അബോധത്തിലുണ്ട്. ഭാര്യ ഭർത്താവ്, കാമുകി – കാമുകൻ, സഹ ജീവനം തുടങ്ങിയ നിർവ്വചനങ്ങൾക്കെല്ലാം അതീതമായ പാരസ്പര്യത്തിലധിഷ്ഠിതമായ ആത്മ ബന്ധുത്വം കൈവന്നു എന്ന് തോന്നിയതുകൊണ്ട് സഹയാത്രികരായി കഴിഞ്ഞുകൂടാൻ ഇറങ്ങിപ്പുറപ്പെട്ട രണ്ട് പെൺകുട്ടികൾക്ക് തീരെ സുരക്ഷിതമല്ല ഇവിടം എന്ന് തന്നെയാണ് ദേശാടനക്കിളി കരയാറില്ല പറഞ്ഞ് വെച്ചത്.

പൊതുവെ പാരമ്പര്യത്തിന്റെയും സംസ്കാര മഹത്വത്തിന്റെയും പാതിവ്രത്യത്തിന്റെയും ലൈംഗിക ശരീരത്തിന്റെയും പ്രതിനിധിയായാണ് മലയാള സിനിമ പെണ്ണിനെ ദൃശ്യവൽക്കരിക്കാറുള്ളത് എന്ന് രണ്ടാമത്തെ ആലോചനയിൽ കാണാം. എല്ലാ കാര്യത്തിലും ആണിന് മേൽക്കൈയുള്ള സാമൂഹ്യ വ്യവഹാരങ്ങൾ നിലനിൽക്കുന്ന പൊതുബോധത്തിൽ ഇത് സാധാരണമാണെല്ലോ. സമൂഹം ഏകരൂപ ചലനത്തിലേക്ക് കൊണ്ട് വരിക എന്ന ധാർമിക -സദാചാര സംഹിതകൾ എഴുതിയ സിനിമാഭാവനകളിൽ നിരന്തരം പ്രത്യക്ഷ പ്പെടുന്ന വീര പരിവേഷവും അച്ചടക്കവും ഉള്ള പ്രതീക്ഷിത നായകനാണ് ജയശങ്കർ. ഇതിൽ നിന്നും ഉണ്ടാവുന്ന വ്യതിചലനങ്ങളെ ഇല്ലാതാക്കി അവരെ നേരെയാക്കാൻ രക്ഷകനായെത്തുന്ന സദാചാര -കുടുംബപുരുഷന്റെ താരപുരുഷ പ്രതിരൂപമാണയാൾ. തികച്ചും ഭിന്നമായ മാനസികാടുപ്പത്തിന്റെ  ലിബിഡോ ആണ് സാലിയുടെയും നിമ്മിയുടെയും ഇടയിൽ ഉണ്ടായിരുന്ന പാരസ്പര്യത്തിൽ രാസത്വരകമായി വർത്തിച്ച ഇഴയടുപ്പം. അവർക്കിടയിൽ രൂപപ്പെട്ട സഹയാത്രക്ക്  പാതയൊരുങ്ങുന്നത് ഭാവന ചെയ്തു എന്ന അർത്ഥത്തിൽ ദേശാടനക്കിളി കരയാറില്ല എന്ന സിനിമാ ഖണ്ഡം മലയാളത്തിലെ ആദ്യത്തെ ലെസ്ബിയൻ പ്രമേയ ചലച്ചിത്രമെന്ന ചരിത്ര സന്ധിയായി രേഖപ്പെടുത്തേണ്ടതുണ്ട്.

പെണ്ണടുപ്പങ്ങൾ മുഖ്യ പ്രമേയമായി 2004 ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് സഞ്ചാരം. ഇത് അധികം ചർച്ച ചെയ്യപ്പെടാതെ പോയ ലെസ്ബിയൻ ചലച്ചിത്രമാണ്. കിരൺ, ദലേല എന്നീ രണ്ട് പെൺകുട്ടികൾക്കിടയിൽ ബാല്യം മുതൽ രൂപപ്പെടുന്ന അടുപ്പവും സൗഹൃദവും കൗമാരത്തിൽ ആത്മബന്ധുത്വത്തിലേക്ക് വഴിമാറുന്നതാണ് ചിത്രത്തിലെ പ്രമേയം. ദലേലയുടെ മേൽ  കിരണിന് തോന്നിയ ആധിപത്യപരമായത് എന്ന് വെളിപെടാത്ത വൈകാരിക ബന്ധമാണ് ഇവർക്കിടയിലെ അവിഹിത ബന്ധുത്വത്തിലേക്ക് നയിക്കുന്നത്. അൽപ്പം ഹിസ്റ്റീരിക് ആയ ഭാവsancharam-image-2ങ്ങളും നോട്ടങ്ങളും കവിതയും ഒക്കെ ഉള്ള പെൺകുട്ടിയാണ് കിരൺ. അവൾ കൈമാറുന്ന പ്രണയലേഖനം സ്കൂളിൽ ടീച്ചർ പിടിക്കുന്നതോടെ ഇത് സാമൂഹ്യ ചർച്ചക്ക് ഇടവരുത്തുത്തു.  കെ.പി.എ.സി ലളിത അവതരിപ്പിക്കുന്ന ദലേലയുടെ അമ്മ പെട്ടെന്നു തന്നെ അവളുടെ വിവാഹം നടത്തി പ്രശ്നം പരിഹരിക്കാൻ തീരുമാനിക്കുന്നു. വീട്ടുകാർക്ക് അനിഷ്ടകരമായ വിവാഹപൂർവ്വ ബന്ധത്തിൽ ഏർപ്പെടുന്ന ആൺ-പെൺ കൗമാര പ്രണയം പോലെയാണ് സിനിമയിൽ കിരൺ – ദലേല ബന്ധം ചിത്രീകരിക്കപ്പെടുന്നത്. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് തോന്നുന്ന ആകർഷണത്തെ ശാരീരിക ലൈംഗികാകർഷണ ബന്ധവുമായി സൂചനയാവുന്നത് എതിർലിംഗത്തിൽ പ്പെട്ട ആളുകൾ തമ്മിലുള്ള അടുപ്പങ്ങൾ രൂപപ്പെടുമ്പോഴാണ്. സ്വവർഗ്ഗ പ്രണയത്തിന് സ്വകാര്യതയുടെ ലഭ്യത പൊതു സമൂഹത്തിൽ ഉഭയ ലൈംഗികതയെക്കാൾ എളുപ്പമാണ്. എന്നാൽ ഒരേ ലിംഗത്തിൽ പ്പെട്ടവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചാൽ സാമ്പ്രദായിക സാമൂഹിക സ്ഥാപനങ്ങളും പൊതുബോധവും അത് നിരന്തരം എതിർത്ത് തോല്പിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെടുക തന്നെ ചെയ്യും.

അതിന്റെ പ്രധാന കാരണം ലൈംഗികതയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന ഉൽപ്പാദന വ്യവഹാര സങ്കല്പവും, വിക്ടോറിയൻ പാപ- സദാചാര സങ്കല്പങ്ങളുമെല്ലാമാണ്. ലൈംഗികത മനസ്സുകളുടെ ലിബിഡോ എന്ന ആഹ്ളാദോൽസവത്തിൽ നിന്നും വസ്തുതാവൽക്കരിച്ച ഭൗതിക ക്രിയയിലേക്ക് മാറ്റിയെടുക്കുക എന്ന നിർമ്മിതി കൂടി ഇവിടെ സംഭവിക്കുന്നുണ്ട്.

ദലേലയുടെ വിവാഹ ദിവസം കിരൺ അവളെ തന്റെതാക്കാനുള്ള ഉറച്ച തീരുമാനവുമായി അവളുടെ അരികിൽ എത്തുന്നുണ്ട്. എന്നാൽ ഈ രംഗത്തിൽ  ഫാന്റസി ആഖ്യാനത്തിലൂടെ സംവിധായകൻ തന്റെ തന്നെ കർതൃത്വപരമായ അവ്യക്തതയെയും പ്രതിസന്ധിയെയും പുറത്തെടുത്ത് സിനിമ അവസാനിപ്പിക്കുകയാണ്. ഈ സിനിമയും ആത്യന്തികമായി പറയാൻ ശ്രമിച്ചത് ഒരേ ലിംഗത്തിൽപ്പെട്ടവർക്ക് സഹയാത്രികരായി ജീവിക്കാനുള്ള സാമൂഹിക ജീവനസ്ഥലം ഇവിടെ രൂപപ്പെട്ടിട്ടില്ല എന്നു തന്നെയാണ്. കുടുംബത്താലും ചുറ്റുപാടുകളാലും ഭിന്ന ലൈംഗികതയെന്ന ക്വീർ രാഷ്ട്രീയം (എൽ.ജി.ബി.ടി./ ലെസ്ബിയൻ, ഗേ, ബൈ സെക്ഷ്വൽ ,ട്രാൻസ്ജെന്റർ) അംഗീകരിക്കപ്പെടുക എന്നത് പൗരസ്ത്യ സാംസ്കാരികാവസ്ഥയ്ക്ക് എളുപ്പമല്ല.

ലൈംഗികതയുടെ ചരിത്രം എഴുതിയ മിഷായേൽ ഫൂക്കോയുടെ ചില നിരീക്ഷണങ്ങൾ ഇങ്ങിനെയാണ്. ജ്ഞാന –  അധികാര ഘട്ടത്തിൽ ഫൂക്കോ വികസിപ്പിച്ച ജൈവ രാഷ്ട്രീയ സിദ്ധാന്തമനുസരിച്ച് വ്യക്തനുഭവത്തിനുമേൽ അധികാരത്തിന്റെ മുദ്ര ഏറ്റവും ശക്തമായി പതിഞ്ഞിട്ടുള്ള ഒരു മേഖലയാണ് ലൈംഗികതയുടെത്. വ്യക്തിയുടെയും സമൂഹത്തിന്റെയും ശരീരത്തിലേക്കുള്ള കവാടമാണ് ലൈംഗികത. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ച ഹെർക്യുലിൻ ബാർബിൻ എന്ന ഉഭയലിംഗവ്യക്തിയുടെ കഥയാണ് വ്യക്തി ജീവിതത്തിൻമേൽ ലൈംഗികത ചെലുത്തുന്ന സ്വാധീനത്തിന് ഉപോൽബലകമായി ഫൂക്കോവിനു പറയാനുള്ളത്. ഫ്രാൻസിലെ ഒരു ക്രൈസ്തവ കുടുംബത്തിൽ 1838-ൽ ജനിച്ച ബാർബിൻ ഇരുപത് വർഷത്തോളം പെൺകുട്ടിയായി ജീവിച്ചു. അപ്പോഴാണ് ‘അവളുടെ ‘ ലൈംഗിക സ്വത്വത്തെ കുറിച്ച് സമൂഹത്തിന് സംശയം ജനിക്കുന്നത്. ഉഭയ ലൈംഗികത അംഗീകരിക്കാൻ തയ്യാറല്ലാതിരുന്ന സമൂഹം ഒരു സിവിൽ കോടതിയുടെ ഉത്തരവിന്റെ രൂപത്തിൽ ഹെർക്യുലിൻ ബാർബിന്റെ വ്യക്തിജീവിതത്തിൽ ഇടപെടുകയും ‘ അവളെ ‘ ഒരു പുരുഷനായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിൽ മനംനൊന്ത ബാർബിൻ അല്പകാലത്തിനു ശേഷം ആത്മഹത്യ ചെയ്തു. ലൈംഗികതയും ഒരാളുടെ വ്യക്തിസ്വത്വവും തമ്മിലുള്ള സംഘർഷങ്ങളും വിവിധതരം അധികാരപ്രയോഗങ്ങൾ വ്യക്തിയുടെ ലൈംഗിക സ്വത്വത്തിനുമേൽ ഇടപെടുന്നതും സ്വതന്ത്രലൈംഗിക കർതൃസ്വത്വ രൂപീകരണം എങ്ങിനെ സാധ്യമാക്കണം എന്നതും ഈ കഥയിൽ അന്തർഭവിച്ചിട്ടുണ്ട്. സദാചാര രാഷ്ട്രീയം ഇതിനോട് കൂടി ചേർത്ത് വായിക്കേണ്ടത് കാലികമായ ഒരു രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. വിലക്കുകളുടെയും അധികാരപ്രയാഗത്തിന്റെയും സദാചാരത്തിന്റെയും മേഖലയിൽ ന്നടക്കുന്ന ശരീരക്രിയ എന്ന സങ്കല്പത്തിൽ നിന്നും ആനന്ദത്തിന്റെയും സൗഹൃദത്തിന്റെയും സഹയാത്രയുടെയും മേഖലകളിലേക്ക് സ്വാതന്ത്രം പ്രഖ്യാപിക്കുമ്പോൾ മാത്രമെ ഒരേ ലിംഗ പദവിയിലേക്കും ഒരുമിക്കലിലേക്കും രണ്ട് വ്യക്തികൾക്ക് പ്രവേശനം സാധ്യമാവുകയുള്ളു.
(തുടരും….)

Comments

comments