എം.മുകുന്ദന്റെ “ഡൽഹി 1981” തുറന്നിട്ട ജനാലയിലൂടെ ഈസ്റ്റ്മാൻ സിനിമാസ്കോപ്പ് ചിത്രം കാണുന്നതുപോലെ കൂട്ട ബലാൽസംഗശ്രമം കണ്ടാസ്വദിക്കുന്ന രണ്ടു യുവാക്കളുടെ  കഥയാണ്. 80 കളിലെ നഗര യൗവ്വനത്തെ പൊതുവേ ബാധിച്ചിരുന്ന നിഷ്ക്രിയത്വത്തിന്റെ പ്രതിനിധികൾ. 2012 ൽ അതേ ഡൽഹിയിൽ യുവജനങ്ങളുടെ  സമരവീര്യവും പ്രതിരോധവും പ്രതിഷേധവും നമ്മൾ കാണുന്നുണ്ട്. അദൃശ്യമായ സൈബർ  കൂട്ടായ്മകളിൽ നിന്ന്, ചർച്ചകളിൽ നിന്ന് ഉരുത്തിരിഞ്ഞ ചെറുത്തു നില്പ് രാഷ്ട്രീയ പാർട്ടികളുടെയോ ഏതെങ്കിലും ഗ്രൂപ്പുകളുടെയോ പ്രതിനിധികളല്ലാത്തവർ. നീതി, സ്ത്രീ സുരക്ഷ എന്നീ ആവശ്യങ്ങൾക്കു വേണ്ടി സ്വയം പ്രേരിതരായി എത്തിച്ചേർന്ന നാഗരിക യുവത്വത്തിന്റെ  സ്വാഭാവികമായ ആ പ്രതിഷേധങ്ങൾക്ക് സംഘാടകരോ നേതാക്കളോ ഉണ്ടായിരുന്നില്ല. ലൈംഗികാതിക്രമങ്ങളെക്കുറിച്ചു പുനർവിചിന്തനത്തിനു ഭരണകൂടത്തെ നിർബന്ധിതരാക്കുകയായിരുന്നു ജ്യോതി സിങ്ങിന്റെ മരണശേഷമുണ്ടായ ജനരോഷം. ജസ്റ്റിസ് വർമ്മ കമ്മീഷനും കമ്മീഷൻ ശുപാർശകളിൽ ചിലതുപേക്ഷിച്ചും പരിഷ്കരിച്ചുമുളള സ്ത്രീ സുരക്ഷാ ഓർഡിനൻസുമൊക്കെ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്.  ഇര കൊല്ലപ്പെട്ടാൽ / ജീവച്ഛവമായാൽ പ്രതിക്ക് വധശിക്ഷ വരെ (ഇവിടെ അരുണ ഷാൻ ബാഗിനെ ഓർക്കേണ്ടതാണ്. 1973 ൽ ബലാൽക്കാര ശ്രമത്തിന് ഇരയായ അവർ ജീവച്ഛവമായിക്കിടന്നത് 2015 വരെയാണ്. സ്വാഭാവിക ലൈംഗിക ബന്ധം നടക്കാത്തതു കൊണ്ടും പ്രകൃതി വിരുദ്ധ പീഡനം മാത്രമാണ് നടത്തിയെന്നതുകൊണ്ടും പ്രതിക്ക് 7 വർഷത്തെ തടവുശിക്ഷ മാത്രമാണു ലഭിച്ചത്)  ദുരുദ്ദേശത്തോടെയുള്ള സ്പർശം, വാക്ക്, ആംഗ്യം, പ്രവൃത്തി, പൊതുസ്ഥലത്ത് വസ്ത്രാക്ഷേപം, ഒളിഞ്ഞുനോട്ടം, തുറിച്ചു നോട്ടം ഇവയെല്ലാം ലൈംഗികാതിക്രമത്തിന്റെ പരിധിയിലുൾപ്പെടുത്തൽ (14 സെക്കൻഡ് ദുരുദ്ദേശത്തോടെയുള്ള തുറിച്ചുനോട്ടത്തെ ലഘൂകരിച്ചു കേരളത്തിലുണ്ടായ പ്രതികരണങ്ങൾ ഓർക്കുന്നതു നന്നായിരിക്കും. ആൺ പെൺ പരസ്പര നോട്ടങ്ങളുടെ കാല്പനിക സൗന്ദര്യത്തിൽ മാത്രം ഭ്രമിച്ച് സ്ത്രീകളിൽ നിന്നു തന്നെ ഏകപക്ഷീയമായുണ്ടായ ചില വിലയിരുത്തലുകളും) ഇരയുടെ വാക്ക് അന്തിമം, പൂർവ്വകാല ചരിത്രം പ്രസക്തമല്ല, സാക്ഷിമൊഴി വീട്ടിലെത്തി ശേഖരിക്കണം(സൂര്യനെല്ലി പെൺകുട്ടിയെ കേരളം മുഴുവൻ തെളിവെടുപ്പിനായി കൊണ്ടു നടന്നത് ജസ്റ്റിസ് വർമ്മ കമ്മീഷനും ഓർഡിനൻസിനും മുമ്പായിരുന്നു.) തുടങ്ങി നിർണ്ണായകവും പ്രസക്തവുമായ നിരവധി നിയമങ്ങൾ സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി നടപ്പിലാക്കപ്പെട്ടു. സൈനികർക്കെതിരായുള്ള മാനഭംഗ കേസുകളുടെ വിചാരണ സാധാരണ കോടതികളിൽ സർക്കാർ അനുമതിയില്ലാതെ തന്നെ നടത്താമെന്നതു പോലെയുള്ള, വർമ്മ കമ്മീഷന്റെ  ചില സുപ്രധാന നിർദ്ദേശങ്ങൾ അവഗണിക്കപ്പെട്ടതും ശ്രദ്ധിക്കേണ്ടതാണ്. പട്ടാളക്കാരുടെ ഹിംസാത്മകമായ രതിക്ക് നാഗാലാൻഡുപോലെയുള്ള ഉദാഹരണങ്ങളേറെയുണ്ട്.

ലൈംഗികാതിക്രമങ്ങളെ ലാഘവത്തോടെയല്ല കാണേണ്ടതെന്നും ഗുരുതരമായ അവകാശ ലംഘനവും ഹിംസയുമാണതെന്നുമുള്ള അവബോധം മുമ്പില്ലാത്ത വിധം സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നതായിരുന്നു ഡൽഹി സംഭവത്തിന്റെ ഏറ്റവും അടിയന്തിരമായ പാർശ്വഫലം. പക്ഷേ നിയമങ്ങൾക്കോ ജനരോഷത്തിനോ ലൈംഗികാതിക്രമങ്ങൾക്കറുതി വരുത്താൻ കഴിയുന്നില്ലെന്നതിന് തുടർന്നുള്ള 4 വർഷങ്ങൾക്കിടയിൽ നടന്ന ജനശ്രദ്ധ പിടിച്ചുപറ്റിയതും അല്ലാത്തതുമായ എല്ലാ പീഡന കേസുകളും തെളിവാണ്. 534719952 മിനുട്ടിൽ ഒന്നെന്ന തോതിൽ ഇന്ത്യയിൽ സ്ത്രീ പീഡനങ്ങൾ നടക്കുന്നു. 90 ശതമാനവും കുടുംബത്തിനുള്ളിൽ നടക്കുന്നവ, കേരളത്തിൽ മാത്രം ദിവസവും നാലിലധികം പീഡന കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നു. പുറത്തറിയാത്തവ ഇരട്ടിയിലധികമായിരിക്കും. ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണവും വളരെക്കുറവാണ്. വീട്ടിനുള്ളിൽ നടക്കുന്ന പീഡനശ്രമങ്ങൾ, പീഡനങ്ങൾ പുറത്തെത്താതിരിക്കുക, എത്തിയവ തന്നെ ഇടയ്ക്കു വെച്ചു പിൻവലിക്കപ്പെടുക, ഉപേക്ഷിച്ചു പോവുക, ഒത്തുതീർപ്പുകൾ, (ബലാൽസംഗം ചെയ്തയാളെ പ്രണയിക്കുന്ന ഇര കവിതയിൽ മാത്രമല്ല, സ്വേച്ഛയോടെയല്ലാതെ അതിനു വഴങ്ങേണ്ടി വരുന്നവരുണ്ട്.)നഷ്ടപരിഹാരം തുടങ്ങി നിയമത്തിന്റെ മുമ്പിലെത്താത്തവയാണ് മിക്കതും. 100 റേപ്പിസ്റ്റുകളിൽ ശരാശരി 26 പേർ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. ലക്ഷത്തിനടുത്ത്  റേപ്പ് കേസുകൾ  തീർപ്പാക്കാൻ ബാക്കിയുള്ളതായും പറയുന്നു. 2013 ൽ അത് 93,000 ആയിരുന്നെങ്കിൽ ഇപ്പോഴും ആ സംഖ്യയിൽ വലിയ മാറ്റങ്ങളുണ്ടാവാനിടയില്ല. നിയമ പരിരക്ഷയുടെ അർത്ഥവ്യാപ്തി, എത്ര പേർക്കത് പ്രയോജനപ്പെടുന്നു എന്നതിനെക്കുറിച്ചെല്ലാം കടുത്ത ആശങ്കകളുണർത്തുന്നു ഇത്തരം കണക്കുകൾ. നിയമവും ഭരണകൂടവും കൂടുതൽ ജാഗ്രത്താവുന്നതുകൊണ്ട് മാത്രം, പുതിയ കഠിന നിയമങ്ങൾ സൃഷ്ടിക്കുന്നതു കൊണ്ടു മാത്രം ലൈംഗികാതിക്രമങ്ങൾ ഇല്ലാതാവുന്നില്ല.

ജ്യോതി സിങ്ങ്, സൗമ്യ, ജിഷ തുടങ്ങിയ പെൺകുട്ടികൾക്കു വേണ്ടി ഉയരപ്പെട്ട ശബ്ദങ്ങൾ ആൾക്കൂട്ടത്തിന്റെ പെട്ടന്നുള്ള വൈകാരിക പ്രതികരണങ്ങൾ മാത്രമാണ്. ശിക്ഷകളുടെ അപര്യാപ്തതകളെക്കുറിച്ചുള്ള 07-07-soumya-black200ചർച്ചകൾക്കുശേഷം ആൾക്കൂട്ടം പിരിഞ്ഞു കഴിഞ്ഞാൽ ഇതേ സംഭവങ്ങൾ വീണ്ടുമാവർത്തിക്കപ്പെടുന്നു. കീഴ്ക്കോടതി വിധികളിൽ ജനവികാരം നിഴലിക്കുന്നത് സൂര്യനെല്ലി, സൗമ്യ കേസുകളിൽ സുവ്യക്തമാണ്. ജന രോഷമമർച്ച ചെയ്യുന്നതിന് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകുന്നത്, മേൽക്കോടതികളിലെത്തുമ്പോൾ സംശയത്തിന്റെ ആനുകൂല്യമായും തെളിവുകളുടെ അഭാവമായും ഒക്കെ ലഘൂകരിക്കപ്പെടുന്നു. കോടതി വിചാരണകളിലെ ഏകപക്ഷീയത പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുള്ളതാണ്. സ്ത്രീയുടെ സ്വഭാവശുദ്ധിയിലൂന്നിയ ചർച്ചകൾ ലൈംഗികാതിക്രമത്തിന് അവൾ സർവ്വഥാ യോഗ്യയാണെന്നു സ്ഥാപിക്കാനുള്ള വ്യഗ്രതയിൽ നിന്നുണ്ടാവുന്നതാണ്. സൗമ്യയുടെ അപഥയാത്രകളെക്കുറിച്ചു  കോടതിയിൽ പരാമർശിച്ച ഗോവിന്ദച്ചാമിയുടെ  വക്കീൽ, സൂര്യനെല്ലി പെൺകുട്ടിയുടെ സ്വഭാവഹത്യ നടത്തിയ ഹൈക്കോടതി ജഡ്ജി ഒക്കെ ഒരേ അധികാര രാഷ്ട്രീയത്തിന്റെ പ്രതിനിധികളാണ്. നീതിന്യായ കോടതിയിൽ നടക്കുന്ന അതേ ശുദ്ധിവിചാരമാണ് പൊതുജനങ്ങളുടെ കോടതിയിലും നടക്കുക.  ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന ഇര മരിച്ചാൽ മാത്രമുണ്ടാവുന്ന ശക്തമായ പ്രതിഷേധങ്ങൾ, ( ജ്യോതി, സൗമ്യ, ജിഷ ഇവരൊക്കെ ലൈംഗികാതിക്രമത്തിനു മാത്രമല്ല വിധേയരായത്, പൈശാചികമായ മുറിപ്പെടുത്തലുകൾക്കു കൂടിയാണ്. മരിക്കാതെ അവശേഷിച്ച, ഇത്രയും ശാരീരിക ക്ഷതങ്ങളനുഭവിക്കേണ്ടി വരാത്ത സൂര്യനെല്ലി, വിതുര, പറവൂർ, ഐസ് ക്രീം തുടങ്ങി എത്രയോ സ്ത്രീ പീഡന കേസുകളിലെ ഇരകൾക്കു കിട്ടുന്ന പിന്തുണയും സഹായവും എത്ര പരിമിതമാണെന്ന് ഈ സാഹചര്യത്തിലോർക്കേണ്ടതാണ്.) അതിൽത്തന്നെ ഇരയുടെ പ്രായം, കന്യകാത്വം, അവിവാഹിത പദവി തുടങ്ങിയ ഘടകങ്ങൾക്ക്, അവളുടെ സെക്ഷ്വൽ സ്റ്റാറ്റസിന് ജനപിന്തുണ നിർണയിക്കുന്നതിൽ വലിയ പങ്കുണ്ട്. സൗമ്യയുടെ സ്വഭാവ മഹിമയും വിവാഹ സങ്കല്പവുമൊക്കെ നിരത്തി ആൺ സദാചാര ബോധത്തെ തൃപ്തിപ്പെടുത്തുന്ന പെൺകുട്ടിയായി ചിത്രീകരിക്കാൻ മാധ്യമങ്ങൾ കാട്ടിയ വ്യഗ്രത ഓർമ്മിക്കുക. സൗമ്യ കൊല്ലപ്പെട്ടതിനു ശേഷം മാസങ്ങൾക്കുള്ളിൽ നടന്ന സമാന സംഭവമായിരുന്നു സ്മിത വധക്കേസ്. ജോലി കഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന ഭർത്താവുപേക്ഷിച്ച, സ്മിതയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന ദുരന്തം പക്ഷേ കേരളം ചർച്ച ചെയ്തില്ല.  സൗമ്യയെപ്പോലെ അവൾക്കു മുറിവേറ്റിരുന്നില്ല, അവൾ കന്യകയായിരുന്നില്ല, ഒരു കുഞ്ഞിന്റെ അമ്മയും ഭർത്താവില്ലാത്തവളുമായിരുന്നു. കീഴ്ക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചെങ്കിലും ജനങ്ങളുടെ കോടതിയിൽ പ്രാദേശികമായല്ലാതെ സ്മിതയ്ക്കു വേണ്ടി ശബ്ദമുയർന്നില്ലെന്നതു ശ്രദ്ധിക്കേണ്ടതാണ്. പൂവരണിയിൽ ലൈംഗിക വാണിഭത്തിനിരയായി എയിഡ്സ് ബാധിച്ചു മരിച്ച പെൺകുട്ടി, പന്തളം കേസിലെ പെൺകുട്ടി, കവിയൂർ കേസിലെ അനഘ, കിളിരൂരിലെ ശാരി തുടങ്ങി വേറെയുമെത്രയോ ഉദാഹരണങ്ങളുണ്ട്.

വർത്തമാനകാലത്ത് നീതി കിട്ടാതെ പോവുന്ന ലൈംഗികാതിക്രമ കേസുകളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ചരിത്ര പ്രസിദ്ധമായ സ്മാർത്തവിചാരത്തെക്കുറിച്ചു ചിന്തിക്കുന്നത് പ്രസക്തമാണ്. ജനാധിപത്യ ഭരണഘടനയോ നീതിന്യായ വ്യവസ്ഥയോ ഇല്ലാതിരുന്ന രാജവാഴ്ചയുടെ കാലത്ത് സങ്കീർണ്ണവും സൂക്ഷമവുമായ നിയമ നടപടികളിലൂടെയാണ് സ്മാർത്തവിചാരം പൂർത്തീകരിച്ചിരുന്നത്. സ്മാർത്തവിചാരത്തിന്റെ പിന്നിലുള്ള രാഷ്ട്രീയവും സദാചാര സങ്കല്പവും തീർത്തും സ്ത്രീവിരുദ്ധമായിരുന്നുവെങ്കിലും നിയമനടപടികൾ സുതാര്യമായിരുന്നു. അടുക്കള ദോഷം സംഭവിച്ചതായി സ്ത്രീ കുറ്റം സമ്മതിച്ചാൽ  ആരോപിതരായ പുരുഷന്മാർക്ക് തങ്ങളുടെ കുറ്റം നിഷേധിക്കാൻ പോലുമുള്ള അവസരമുണ്ടായിരുന്നില്ല. സ്ത്രീയുടെ വാക്കായിരുന്നു അന്തിമം. സ്മാർത്തന്റെ ക്രോസ് വിസ്താരങ്ങൾക്കു ശേഷം  അവളുമായി ബന്ധപ്പെട്ട പുരുഷന്മാർക്ക്  സമുദായ ഭ്രഷ്ട് കല്പിക്കുന്നു. മറക്കുട വലിച്ചു മാറ്റി സ്ത്രീയെയും സമുദായത്തിൽ നിന്നു പുറത്തു കടത്തുന്നു. 1905 ലെ അവസാനത്തെ സ്മാർത്തവിചാരം കുറിയേടത്തു താത്രിയുടെ സ്ഥലമായ ചെമ്മന്തിട്ടയിലാണു ആദ്യം നടന്നത്. അവളുടെ ജീവനു 89898ഭീഷണിയുണ്ടാവാനിടയുള്ളതുകൊണ്ട് അതീവ സുരക്ഷിതമായി ഇരിങ്ങാലക്കുടയിലും തൃപ്പൂണിത്തുറ കൊട്ടാരത്തിലും വെച്ച് തുടർവിചാരണകൾ നടത്തി. പുരുഷന്മാർക്ക് തങ്ങളുടെ ഭാഗം സമർത്ഥിക്കാനുള്ള അവസരം ആദ്യമായി ലഭിച്ചതും ഈ സ്മാർത്തവിചാരത്തിലായിരുന്നു. പക്ഷേ ഒരാൾക്കും രക്ഷപെടാനായില്ല. താത്രി പറഞ്ഞ 64 പുരുഷന്മാരും ശിക്ഷിക്കപ്പെട്ടു. ഭ്രഷ്ടയായ താത്രിക്ക് പുനരധിവാസത്തിനുള്ള സൗകര്യങ്ങളും രാജഭരണം ഒരുക്കിക്കൊടുത്തിരുന്നു. അവിടെ നിന്ന്1996 ലെത്തുമ്പോൾ പുറത്തു വന്ന ആദ്യത്തെ കൂട്ടബലാൽസംഗ കേസായ സൂര്യനെല്ലി കേസിന്റെ വിചാരണയിൽ കീഴ്ക്കോടതി ശിക്ഷിച്ച 35 പേരിൽ 34 പേരെയും ഹൈക്കോടതി വെറുതെ വിടുകയായിരുന്നു;പെൺകുട്ടിയുടെ വാക്കുകൾ വിശ്വാസത്തിലെടുക്കാതെയും, അവളിൽ സ്വഭാവദൂഷ്യമാരോപിച്ചും. 20 വർഷങ്ങൾക്കു ശേഷവും പൂർണമായി നീതി കിട്ടാതെ ആ പെൺകുട്ടിയും കുടുംബവും നിരന്തരം വേട്ടയാടപ്പെടുന്നു. ലൈംഗികാതിക്രമ കേസുകളിൽ  വിക്ടിം ഫ്രണ്ട്‌ലി എൻവയോൺമെന്റിന്റെ അഭാവം പഴയ കാലത്തെ അപേക്ഷിച്ച് ഇന്ന് ഏറ്റവും പ്രധാന പ്രശ്നമാണ്. ജനങ്ങളും  മാധ്യമങ്ങളും എല്ലായ്പ്പോഴും ഇരകളെയാണ് പിന്തുടരുക; റേപ്പിസ്റ്റിനെയല്ല. കോടതിയിൽ കുറ്റം തെളിയിക്കേണ്ടത് അവളുടെ മാത്രം ഉത്തരവാദിത്വമാവുന്നു. വാദി എപ്പോഴും പ്രതിസ്ഥാനത്തു നിൽക്കുന്ന വൈരുധ്യം കൂടി ഇവിടെയുണ്ട്. ഇരയ്ക്കും കുടുംബത്തിനും പുനരധിവാസത്തിനുള്ള ശ്രമങ്ങളോ മാനസികവും സാമ്പത്തികവും സാമൂഹികവുമായ പിന്തുണ നൽകലോ ഉണ്ടാവുന്നില്ല. അവർ എല്ലായിടത്തും ഒറ്റപ്പെടുന്നു. ലൈംഗികാതിക്രമങ്ങൾ പെരുകി വരുന്ന നാട്ടിൽ Rape Crisis Centre– കൾ അനിവാര്യതയാണ്.

കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ നിർണ്ണായകമായി സ്വാധീനിച്ചവയാണ് ജിഷ വധക്കേസുൾപ്പെടെയുള്ള പ്രധാന ലൈംഗികാതിക്രമ കേസുകൾ. രാഷ്ട്രീയ വ്യവഹാരം കൂടിയായി മാറുന്ന ലൈംഗികാതിക്രമങ്ങൾ അധികാരത്തിലേക്കുള്ള പാമ്പും കോണിയും കളിയായി മാറുന്നത് പണ്ടു മുതലേ കാണുന്നുമുണ്ട്. ശരീരം മാത്രമല്ല ആക്രമിക്കപ്പെടുക. അതിക്രമ വിധേയമായ ശരീരം വീണ്ടും വീണ്ടും ഉപയോഗിക്കപ്പെടുന്നു. രാഷ്ട്രീയവും അരാഷ്ട്രീയവുമായ ഉപഭോഗങ്ങൾക്കുള്ള ചരക്കു മാത്രമായി അവഹേളിക്കപ്പെടുന്നു. ആൺബോധം സൃഷ്ടിച്ച വികലമായ സംസ്കാര പരിസരത്തിൽ, ലൈംഗിക പീഡനങ്ങൾ ഉപരിപ്ലവമായ, പലപ്പോഴും ഇക്കിളിപ്പെടുത്തുന്ന ചർച്ചകളും മാധ്യമ വിസ്താരങ്ങളുമായി ചുരുങ്ങു
ന്നത് നമ്മൾ നിത്യവും കാണുന്നു.

ലിംഗകേന്ദ്രിതമായ അധികാരഘടനകളെ തകർക്കുന്നതിനു പകരം അതിനെ  കൂടുതൽ സുഭദ്രമാക്കുന്ന ഒന്നായി ലൈംഗികാതിക്രമങ്ങൾ മാറുന്ന ആശങ്കാജനകമായ വൈപരീത്യമാണ് പലപ്പോഴും സംഭവിക്കുന്നത്. ബലാൽക്കാരങ്ങളുടെ അടിസ്ഥാന പ്രേരണ ഒരിക്കലും ലൈംഗികാസ്വാദനമല്ല. അധികാര വ്യഗ്രതയാണ്. കലാപങ്ങളിലും യുദ്ധങ്ങളിലും ഒരു നയമായി ബലാൽസംഗം മാറുന്നതും ഇതുകൊണ്ടാണ്. ഒരുദേശത്തെ, ആശയത്തെ, വംശത്തെ കീഴടക്കാൻ സ്ത്രീ ശരീരത്തെ ബലമായി മലിനപ്പെടുത്തുന്നു. അതിക്രമവും ക്രൗര്യവും ഹിംസയും ചേർന്ന കുറ്റകൃത്യമാണ് ഓരോ ബലാൽക്കാരവും. അതിൽ രത്യുന്മുഖമായ ആനന്ദമോ ആഹ്ലാദമോ ഇല്ല.

1975-  ൽ “Against our will – Men ,Women and Rape” എന്ന പുസ്തകത്തിലൂടെ ബലാൽസംഗം ലൈംഗികവൃത്തിയല്ല, കുറ്റകൃത്യമാണ്, പുരുഷാധികാര പ്രകടനമാണ് എന്നു സ്ഥാപിച്ചത് സൂസൻ ബ്രൗൺ മില്ലറായിരുന്നു. പുരുഷന്റെ ഏകപക്ഷീയമായ കാമപൂരണമല്ല അവിടെ നടക്കുന്നത്. ആൺകോയ്മയുടെ ഹിംസാത്മകമായ അധികാരപ്രകടനമാണ്. പുരുഷൻ സ്ത്രീയെ തനിക്കു ചവിട്ടിത്തേയ്ക്കാനും അവമതിക്കാനുമുള്ള ലൈംഗികോപഭോഗവസ്തു

Susan Brownmiller, poses with her book in New York, Oct. 18, 1975. The book, “Against Our Will - Men, Women and Rape” is a prodigious analysis of the history and meaning of rape and has been hailed as the most important feminist treatise since “Sexual Politics” and "The Female Eunuch". (AP Photo/Suzanne Vlamis)
Susan Brownmiller, poses with her book in New York, Oct. 18, 1975. The book, “Against Our Will – Men, Women and Rape” is a prodigious analysis of the history and meaning of rape and has been hailed as the most important feminist treatise since “Sexual Politics” and “The Female Eunuch”. (AP Photo/Suzanne Vlamis)

മാത്രമായിക്കാണുന്നു. ക്രൂരമായ ലൈംഗികാതിക്രമങ്ങളിലൂടെ സ്ത്രീ സമൂഹത്തെ മുഴുവൻ ഭയപ്പെടുത്താൻ അവനു കഴിയും. ലൈംഗികതയെ സ്നേഹം, കരുതൽ എന്നിവയിൽ നിന്നു വേർപെടുത്തിക്കൊണ്ടാണ് പുരുഷന്റെ സാമൂഹികവൽക്കരണമെന്നും, സ്ത്രീ ലൈംഗികതയെ പ്രണയത്തോടും സ്നേഹത്തോടും ബന്ധപ്പെടുത്തി മാത്രം കാണുന്നുവെന്നും ജീവ ശാസ്ത്രവും മനശാസ്ത്രവും മുമ്പേ തെളിയിച്ചിട്ടുണ്ട്. ശാരീരികശേഷിക്കുറവു കൊണ്ടല്ല സ്ത്രീകൾ ബലാൽസംഗം നടത്താത്തതെന്നു സാരം.

ലൈംഗികാതിക്രമം പുരുഷന് ഒരു പവർ ഗെയിമോ, പൗരുഷത്തെക്കുറിച്ചുള്ള വ്യാജമായ(Pseudo)മനസ്സിലാക്കലോ മാത്രമാണ്. സ്ത്രീ ലൈംഗികതയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സ്ത്രീ തന്നെ കുറ്റവാളി ആവുന്ന ബോധപൂർവ്വമായ ഒരു തകിടം മറിയലുമുണ്ട്. ബലാൽസംഗത്തെ ക്ഷണിച്ചു വരുത്തുന്ന ചില സാഹചര്യങ്ങൾ. അസമയത്തെ സഞ്ചാരം / പ്രകോപിപ്പിക്കുന്നതെന്ന് പുരുഷൻ നിശ്ചയിച്ച രീതിയിലുള്ള വസ്ത്രധാരണം / പുരുഷന്മാരുമായുള്ള സൗഹൃദം / അടക്കമില്ലായ്മ തുടങ്ങി പുരുഷ നിർണ്ണീതമായ ധാരാളം മൂല്യങ്ങളും സാമൂഹിക മര്യാദകളുമുണ്ട്.  ഇവയെ ലംഘിക്കുന്നവർ സ്ത്രൈണ മാന്യതയുടെ പുറത്താണ്. അവർ ബലാൽസംഗ യോഗ്യകളുമാണ്. ഇരകളാവുന്നതിൽ അസ്വാഭാവികതയില്ല. പ്രധാന ലൈംഗികാതിക്രമ കേസുകളുമായി ബന്ധപ്പെട്ടുണ്ടായ അനുബന്ധ ചർച്ചകളിൽ പുരുഷന്റെ ഹിംസാത്മക ലൈംഗികതയെ ന്യായീകരിക്കുന്ന ധാരാളം പഴുതുകളുണ്ട്. ഡൽഹി കേസിലെ പ്രതികളിലൊരാൾ, പെൺകുട്ടി അപമാനിച്ചതും ജീൻസ് ധരിച്ചതുമൊക്കെ പ്രകോപനത്തിനു കാരണമായതായി പറയുന്ന അഭിമുഖം വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ, പെൺകുട്ടികൾ മാന്യമായി വസ്ത്രം ധരിക്കാത്ത പക്ഷം ആക്രമിക്കപ്പെടുമെന്നും രാത്രി സഞ്ചാരം ഒഴിവാക്കണമെന്നും നിർദ്ദേശിക്കുന്ന ഉന്നതപോലീസ് ഉദ്യോഗസ്ഥർ, തുടങ്ങിയവരെല്ലാം ഹിംസാപരമായ കാമത്തെ ഉത്തേജിപ്പിക്കുന്ന സാഹചര്യങ്ങളിൽ നിന്നു സ്ത്രീ സ്വയം അകലണം എന്നു പരോക്ഷമായി  ആഹ്വാനം ചെയ്തു കൊണ്ടേയിരിക്കുന്നു. ആൺകോയ്മയുടെ തന്ത്രപൂർവ്വമായ ഭാഷയാണിത്. സ്ത്രീ ശരീരം കാണുമ്പോൾ ആക്രമാസക്തമാവുന്നത് നൂറ്റാണ്ടുകളായി പുരുഷൻ ഉള്ളിൽപ്പേറുന്ന ആധിപത്യവാസനയുടെ ബഹിർസ്ഫുരണമാണ്. അതു തിരിച്ചറിയാനോ സംസ്കരിക്കാനോ യാതൊരു ശ്രമവുമുണ്ടാവാതെ സ്ത്രീകളെ പൊതു വിടങ്ങളിൽ നിന്ന് വീടുകളിലേക്ക്  അടിച്ചോടിക്കുന്നു. അവിടെയും അവർ സുരക്ഷിതരല്ല താനും.

ലിംഗാധികാത്തിന്റെ സവിശേഷ രാഷ്ട്രീയത്തെ നിഷേധിക്കാനും ലൈംഗികാതിക്രമങ്ങളും അധികാരരൂപങ്ങളുമായുള്ള ബന്ധത്തെ വിമർശന വിധേയമാക്കാനുമുള്ള ഊർജം, ഒരു ലൈംഗികാതിക്രമ കേസും സൃഷ്ടിക്കുന്നില്ല, താല്ക്കാലികമായ വികാരപ്രകടനങ്ങളല്ലാതെ. അടിസ്ഥാനപരമായ പരിവർത്തനങ്ങൾക്കു വേണ്ടിയുള്ള ഒരു തുടർചലനവും സമൂഹം ആഗ്രഹിക്കുന്നുമില്ല. കേരളത്തിൽ മാത്രം സൗമ്യ കേസ് വിധിക്കു ശേഷം രജിസ്റ്റർ ചെയ്യപ്പെട്ട  പീഡന കേസുകളുടെ വൈവിധ്യം ഭയപ്പെടുത്തുന്നതാണ്. 90 വയസുള്ള വൃദ്ധ, 55 വയസുള്ള വൃദ്ധ, 15 വയസുള്ള പെൺകുട്ടി, അച്ഛൻ ഗർഭിണിയാക്കിയ പ്രായപൂർത്തിയെത്താത്ത പെൺകുട്ടി… ഇങ്ങനെ നീളുന്നു ആ നീണ്ട പട്ടിക.
ബലാൽസംഗത്തിനു പിന്നിലുള്ള അധികാര ഭ്രാന്തിനെയാണ് യഥാർത്ഥത്തിൽ സംസ്കരിക്കേണ്ടതും പരിഷ്കരിക്കേണ്ടതും. നിയമങ്ങളും ഭരണകൂടത്തിന്റെ ഇടപെടലുകളും ജനക്കൂട്ടത്തിന്റെ ആക്രോശങ്ങളും ലൈംഗികാതിക്രമങ്ങൾക്കു തടയിടുന്നതിൽ എത്രയോ ദുർബലമാവുന്നുവെന്നാണ് സമാനസംഭവങ്ങള്‍ ആവർത്തിക്കുമ്പോൾ മനസ്സിലാക്കേണ്ടത്. സ്ത്രീകളോടുള്ള ലൈംഗികമായ ക്രൂരത ഇല്ലാതാക്കാൻ കർക്കശമായ നിയമങ്ങൾ ധാരാളമായുണ്ടാക്കുകയല്ല ഒരിക്കലും പോംവഴി. സ്ത്രീ ശരീരം കാണുമ്പോൾ, അവൾ പുരുഷന്റെ അതിരുകൾ ലംഘിക്കുമ്പോൾ ആക്രമാസക്തമാവുന്ന പുരുഷ കാമനകളെ  നിയന്ത്രിക്കാനും ശിക്ഷിക്കാനും നിരോധനങ്ങളിലൂടെ സാധ്യവുമല്ല. സ്ത്രീകൾക്കു നേരെ ഉപയോഗിക്കുന്ന ലൈംഗിക ക്രിയയുമായി ബന്ധപ്പെട്ട ഭൽസനങ്ങൾ, ജീവിതത്തിലും സിനിമയിലും കൈയ്യടികളോടെ natinal-award-controversyസ്വീകരിക്കപ്പെടുന്നതിന്റെ മനശാസ്ത്രവും പുരുഷലിംഗത്തിന്റെ അപ്രമാദിത്വത്തെത്തന്നെ കുറിക്കുന്നു. താല്ക്കാലികമായ പ്രകോപനങ്ങൾ, ഉത്തേജനങ്ങൾ ഇവയുടെ പാർശ്വഫലമാണ് പലപ്പോഴും ലൈംഗികാതിക്രമങ്ങൾ. തനിക്കു കീഴടക്കാനവകാശവും അധികാരമുള്ള ഒന്നായി മാത്രം സ്ത്രീ ശരീരത്തെ കാണുന്ന അതിക്രമിയെ മറ്റു കേസുകളോ ശിക്ഷകളോ പിന്തിരിപ്പിക്കുകയില്ല.  പിടിക്കപ്പെടാനല്ല ഒരു കുറ്റവാളിയും കുറ്റം ചെയ്യുന്നത്. അതിൽ നിന്നു രക്ഷപെടാനാണ്. അതൊക്കെ കൊണ്ട് നിയമങ്ങളിലെ കാർക്കശ്യമോ വധശിക്ഷയോ ഒരു പ്രതിവിധിയാവുന്നില്ല. പ്രതിയെ കൈകാര്യം ചെയ്യാൻ നിയമ വ്യവസ്ഥ കൈയ്യിലെടുക്കാനുള്ള പ്രചോദനമാവട്ടെ അതിവൈകാരികവും അരാഷ്ട്രീയവുമാണ്. സമൂഹ സുരക്ഷയ്ക്ക് അങ്ങേയറ്റം അപകടകരവും.

ആരോഗ്യകരമായ ലിംഗ പരിസ്ഥിതി -സ്ത്രീ ശരീരത്തെ രതിവിപണനവുമായി ബന്ധപ്പെടുത്തുന്ന ചിന്തകൾ ഒഴിവാക്കൽ, ആൺ പെൺ ബന്ധങ്ങളിലെ സ്ഥാപനവൽക്കരണമില്ലാതാക്കുക, നൂറ്റാണ്ടുകളായി ഉറഞ്ഞുകൂടിയ ആധിപത്യബോധം ഉന്മൂലനം ചെയ്യുക – ഇതിലൂടെയൊക്കെയുണ്ടാവുന്ന സന്തുലിതമായ ലൈംഗിക സംസ്കാരത്തിനു മാത്രമേ ലൈംഗികാതിക്രമങ്ങളില്ലാതാക്കാനുമാവൂ. അതുണ്ടാവാത്തിടത്തോളം, സൗമ്യയ്ക്കും മറ്റനേകം സ്ത്രീകൾക്കും വേണ്ടി നിരുദ്ധ കണ്ഠരാവുന്ന നമ്മളോരോരുത്തരും സ്വയമറിയാതെ ലൈംഗികാതിക്രമങ്ങളെ പ്രോൽസാഹിപ്പിക്കുകയാണ്, അലിഖിതവും സ്ത്രീവിരുദ്ധവുമായ മൂല്യവ്യവസ്ഥകളെ സംരക്ഷിക്കുകയാണ്.

Comments

comments