1917-ൽ സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ ചെറായിയിൽ നടന്ന പന്തിഭോജനത്തിനു നൂറു വയസ് തികയുന്ന വേളയിൽ പന്തിഭോജനത്തിന്റെ രാഷ്ട്രീയം സഹോദരന് മുൻപും ശേഷവും എങ്ങനെ മലയാളി മനസിലാക്കുന്നു എന്ന് പരിശോധിക്കാനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്.

മലയാളത്തിൽ പന്തിഭോജനത്തിനെ കുറിച്ചുള്ള ആദ്യ സൂചനയുണ്ടാവുന്നത് 1830- കളില്‍ അയ്യാ വൈകുണ്ടൻ എന്ന വൈകുണ്ഠസ്വാമിയെ കുറിച്ചുള്ള ചില ആഖ്യാനങ്ങളിലാണ്. ശുചീന്ദ്രം തേരോട്ടത്തില്‍ പങ്കെടുത്ത ചിലരെ ഉൾപ്പെടുത്തി  അദ്ദേഹം മിശ്രഭോജനം നടത്തിയിരുന്നതായി പറയപ്പെടുന്നു. പക്ഷേ ഇതിൽ സവര്‍ണ്ണരാരും പങ്കെടുത്തില്ല. എന്നാൽ രാജഭക്തി മൂത്ത ടി.കെ.വേലുപിള്ള, പി.ശങ്കര മേനോൻ, എ ശ്രീധരമേനോൻ  തുടങ്ങിയ ചരിത്രകരന്മാർ സ്വാതി തിരുനാളിന്റെ കാലത്തു ജാതി ആചാരങ്ങൾ നിലനിർത്താൻ രാജാവ് നടത്തിയ ശ്രമങ്ങളെ മൂടിവെക്കാൻ  വൈകുണ്ഠസ്വാമിയെ തമസ്കരിച്ചു കളഞ്ഞത് കൊണ്ട് ചരിത്രത്തിൽ ഈ പന്തിഭോജനം രേഖപ്പെടുത്താതെ പോയി. പിന്നീട് എം എസ് എസ് പാണ്ട്യൻ തുടങ്ങിയvsb-2e ചരിത്രകാരന്മാരാണ്  വൈകുണ്ഠ സ്വാമിയെ വീണ്ടെടുത്തത്. ഡോ. ജോയി ബാലൻ വ്‌ളാത്താങ്കര എഴുതിയ ‘വൈകുണ്ഠസ്വാമിയും സാമൂഹിക നവോത്ഥാനവും’ എന്ന പുസ്തകം പറയുന്നത് സ്വാതി തിരുനാളിന്റെ സുവർണ കാലം നിർമിക്കാൻ അവർ വിട്ടുകളഞ്ഞത് ഇത് മാത്രമല്ല എന്നാണ്. 1846-ൽ ഉണ്ടായ കൊടുങ്കാറ്റ്, വെള്ളപൊക്കം, ക്ഷാമം പോലും അവർ ചരിത്രത്തിൽ നിന്നും മുക്കി കളഞ്ഞു എന്ന് ആർ നാരായണ പണിക്കരുടെ  ഹിസ്റ്ററി ഓഫ് ട്രാവൻകൂറിനെ ഉദ്ധരിച്ചു ജോയി ബാലൻ സമർഥിക്കുന്നു.

മീശകരം, വലപണം, ഏണികാണം തുടങ്ങിയ കരങ്ങൾ നിർത്തലാക്കുയും ചെയുന്നത്തിനും, പൊതുവഴി അവർണർക്ക് സഞ്ചാരയോഗ്യമാക്കി അനുവദിച്ചു കിട്ടുന്നതിനും വേണ്ടി സ്വാതി തിരുനാളിന്റെ ഭരണകാലത്ത്, ജനങ്ങളെ സംഘടിപ്പിച്ചു സമരം ചെയ്ത വൈകുണ്ഠസ്വാമിയെ ജയിലിൽ അടച്ചു. അന്ന് ജയിൽ ഉദ്യോഗസ്ഥനായിരുന്ന തൈക്കാട് അയ്യാ ഗുരുക്കൾ വൈകുണ്ഠസ്വാമിയുടെ ആശയങ്ങളിൽ ആകൃഷ്ടനായി അദ്ദേഹത്തെ ജയിൽമോചിതനാക്കാൻ അവശ്യപ്പെടുക്കയും അദേഹത്തിന്റെta-3-e ശിഷ്യത്വം സ്വീകരിക്കുക്കയും ചെയ്തു എന്ന് തൈക്കാട് അയ്യാ ഗുരുക്കൾ തന്റെ ഓർമ കുറിപ്പുക്കളിൽ എഴുതിയിട്ടുണ്ട്. രസിഡന്‍സി സൂപ്രണ്ടായിരുന്ന ഈ അയ്യാ ഗുരുക്കൾ  1875- മുതല്‍ തിരുവനന്തപുരം തൈക്കാട്ടുള്ള തന്റെ ഔദ്യോഗിക വസതിയായ “ഇടപ്പിറവിളാകം” എന്ന വീട്ടിൽ   തൈപ്പൂയ സദ്യയ്ക്ക് ബ്രാഹ്മണര്‍ മുതൽ പുലയര്‍ വരെയുള്ള വിവിധ ജാതി സമുദായങ്ങളില്‍ പെട്ടവരെ പങ്കെടുപ്പിച്ചുവെന്നും പറയപ്പെടുന്നുണ്ട്. ഇതിനെ തുടർന്ന് സവർണർ അദ്ദേഹത്തിന് “പാണ്ടിപ്പറയന്‍” എന്ന പേര് ചാർത്തി കൊടുത്തുവെന്നും അതിനോട് പ്രതികരിച്ചു അദ്ദേഹം “ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി; ഒരേ ഒരു മതം, ഒരേ ഒരു കടവുള്‍” എന്നു തിരിച്ചടിച്ചുവെന്നും പറയപ്പെടുന്നു.

ഇതിനൊക്കെ ശേഷമാണ് 1917-ല്‍ ചെറായിയിൽ സഹോദരൻ അയ്യപ്പൻ  പന്തിഭോജനംsa-e-4 സംഘടിപ്പിക്കുന്നത്. അയ്യാ ഗുരുക്കളെ പാണ്ടിപ്പറയന്‍ എന്ന് അടയാളപ്പെടുത്തിയ അതേ സവർണ ബോധം അദ്ദേഹത്തെ പുലയൻ അയ്യപ്പൻ എന്നും അടയാളപ്പെടുത്തി. ഇതിൽ പറയൻ, പുലയൻ എന്നീ സ്വത്വങ്ങളെ വളരെ നികൃഷ്‌ടമായി കരുതുന്ന അക്കാലത്തെ പൊതു ബോധം എങ്ങനെ പ്രവർത്തിച്ചുവെന്ന് മനസിലാക്കുമ്പോഴാണ് ഇവ അയ്യാ ഗുരുക്കളെയും സഹോദരൻ അയ്യപ്പനെയും പോലെ തന്നെ ദളിത് സ്വത്വങ്ങളെയും അവമതിക്കുന്ന ഒരു സംബോധനയായി മനസിലാക്കപ്പെടുന്നത്.

1092 ഇടവം 22 (1917) നടന്ന പന്തിഭോജനം പ്രതീകാത്‌മകമായിരുന്നു എന്നാണ് ടി ഭാസ്കരൻ പറയുന്നത്. “തികച്ചും പ്രതീകാത്മകമായിരുന്നു പരിപാടി. ചക്കക്കുരുവും കടലയും ചേര്‍ന്ന മെഴുക്കു പുരട്ടിയും ചോറും മാത്രമായിരുന്നു വിഭവം. പള്ളിപ്പുറത്ത് കോരശ്ശേരി വീട്ടില്‍ അയ്യരു എന്ന പുലയനാണ് വിളമ്പിയത്. അയാളെ കാലേകൂട്ടി ഏര്‍പ്പാട് ചെയ്തിരുന്നു. അയ്യപ്പന്‍റെ ബോഡി ഗാര്‍ഡുകള്‍ ആയ കേളനും കണ്ടച്ചനും പുലച്ചാളയിൽ ചെന്ന് ‘വിശിഷ്ടാതിഥി’യെ  ക്ഷണിച്ചു കൊണ്ട് വരുകയാണുണ്ടായത്. അയ്യരു പുലയന്‍ തന്‍റെ മകനുമോന്നിച്ചാണ് പുറപ്പെട്ടത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേർ ഭക്ഷണത്തിനു തയ്യാറായതിനാല്‍  അൽപ്പാല്‍പ്പമേ വിളമ്പാന്‍ ഒത്തുള്ളു. പന്തിയുടെ മധ്യഭാഗത്തുള്ള ഇലയുടെ മുമ്പിൽ അയ്യരുടെ മകനെ ഇരുത്തി. ആ കുട്ടി ചോറും കറിയും ചേര്‍ത്ത് കുഴച്ചപ്പോൾ മറ്റുള്ളവര്‍ അതില്‍ നിന്ന് കുറേശ്ശെ എടുത്തു സ്വാദ് നോക്കി. ഇതാണ് ചരിത്ര പ്രസിദ്ധമായ മിശ്രഭോജനം” എന്ന് ടി ഭാസ്കരൻ.

ഇതിനെ തുടർന്ന് 1933-ൽ വി ടി ഭട്ടതിരിപ്പാടിന്റ നേതൃത്വത്തിലും  പന്തിഭോജനം നടന്നു. എന്നാൽ ഇവയിൽ എല്ലാം സസ്യഭക്ഷണമായിരുന്നു വിളമ്പിയത്. ഇതിന്റെ ഒരു പരിമിതിvtb-e2 ദളിതരെ അസ്പർശ്യരായി മാറ്റി നിർത്താൻ കാരണമായി അടയാളപ്പെടുത്തിയ അവരുടെ മാംസാഹാര ശീലത്തെ ചരിത്രപരമായി പുനർനിർണയിക്കാൻ കഴിഞ്ഞില്ല എന്നതാണ്. 1911-ലെ സെന്‍സസ്സിൽ ദളിതരെ ഹിന്ദുക്കളിൽ നിന്നും വേർതിരിയ്ക്കാനുള്ള പത്തു മാനദണ്ഡങ്ങളിൽ ഒൻപതാമത് ഗോമാംസം ഭക്ഷിക്കുന്നവർ, പത്താമത്തത് ഗോവിനെ ദൈവമായി ആരാധിക്കാത്തവര്‍ എന്നിവയായിരുന്നു. മാംസ ഭക്ഷണ ശീലത്തെ മ്ലേച്ചമായി അടയാളപ്പെടുത്തിയ ദയാനന്ദ സരസ്വതിയെ പോലുള്ളവർ 1882-ൽ ‘ഗോരക്ഷിണി സഭ’ എന്ന സംഘടന സ്ഥാപിച്ച് പശു സംരക്ഷണ രാഷ്ട്രീയം ആരംഭിച്ച ശേഷമാണു ഈ മാനദന്ധം രൂപപ്പെട്ടത് എന്നതും ഓർക്കാം.

ഇത്തരം ഗോ സംരക്ഷണ രാഷ്ട്രീയത്തിന്റെ പിന്നിലെ വിവേചനം തുറന്നു കാട്ടിയത് അംബേദ്കര്‍ ആണ്. അദ്ദേഹം പറഞ്ഞു: “അസ്പൃശ്യരെ ഹിന്ദുക്കളില്‍ നിന്നും വേര്‍തിരിക്കുന്നതായി എന്തെങ്കിലുമുണ്ടെങ്കിൽambd-e-4 അത് ഗോമാംസം ഭക്ഷിക്കലാണ്. ഹിന്ദുക്കളുടെ ഭക്ഷണ സംബന്ധമായ വിലക്കുകളെ ഉപരിപ്ലവമായി മാത്രം നോക്കിയാല്‍ പോലും അത്തരം രണ്ടുവിലക്കുകള്‍ വിഭജനരേഖകളായി വര്‍ത്തിക്കുന്നുണ്ടെന്നു കാണാം. ഒന്ന് മാംസാഹാരത്തിനെതിരായ വിലക്കാണ്. അത് ഹിന്ദുക്കളെ സസ്യഭുക്കുകളെന്നും മാംസ ഭുക്കുകളെന്നും രണ്ടായി വേര്‍തിരിക്കുന്നു.ഗോമാംസത്തിനെതിരായ മറ്റൊരു വിലക്കുണ്ട്. അത് ഹിന്ദുക്കളെ ഗോമാംസം ഭക്ഷിക്കുന്നവരെന്നും അത് ഭക്ഷിക്കാത്തവരെന്നും വേര്‍തിരിക്കുന്നു. അസ്പൃശ്യതയുടെ കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ട് നോക്കുമ്പോള്‍ ആദ്യത്തെ വിഭജനരേഖയ്ക്ക് പ്രാധാന്യമില്ല. പക്ഷെ രണ്ടാമത്തേതിന് പ്രാധാന്യമുണ്ട്. കാരണം അത് സ്പൃശ്യരെ അസ്പൃശ്യരില്‍ നിന്ന് പൂര്‍ണമായി അകറ്റിനിര്‍ത്തുന്നു.”

ഭക്ഷണത്തെ അടിസ്ഥാനമാക്കിയ ഇത്തരം വിവേചനങ്ങൾ  ഇന്നും നിലനിൽക്കുന്നു എന്നതിന്റ സൂചനയാണല്ലോ യു പിയിലെ ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതും തുടർന്ന് നടന്ന ഗോ സംരക്ഷണ കൊലപാതകങ്ങളും സൂചിപ്പിക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള  ഭക്ഷണസംസ്‌കാരത്തിൽ നിന്നുമൊക്കെ പുറത്തുവരാനാവാതെ പോകുന്നവരെ കുറിച്ച്  സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ പന്തിഭോജനം എന്ന കഥ പറയുന്നുണ്ട്. നമ്പൂതിരിയും , നസ്രാണിയുമൊക്കെയായ അഭിഭാഷകർ തങ്ങളുടെ സഹപ്രവർത്തകയായ ദളിത് സ്ത്രീ കൊണ്ടുവരുന്ന  മീന്‍തലക്കറി കഴിച്ചു ഛർദ്ധിക്കുന്നതാണ് കഥ സൂചിപ്പിക്കുന്നത്. മാംസാഹാര ശീലത്തെ ഹീനമായി കരുതുന്ന പൊതു ബോധ നിർമിതികളെ പ്രശ്നവത്കരിച്ചു കൊണ്ട് വേണം പന്തിഭോജനത്തിനു തുടർച്ചയുണ്ടാവാൻ.

അവലംബം:
“പുലയന്‍” അയ്യപ്പന്‍റെ മിശ്രഭോജനവും “പാണ്ടിപ്പറയന്‍” അയ്യാവിന്‍റെ പന്തിഭോജനവും, ഡോ.കാനം ശങ്കരപ്പിള്ള.
വൈകുണ്ഠസ്വാമിയും സാമൂഹിക നവോത്ഥാനവും, ഡോ. ജോയി ബാലൻ വ്‌ളാത്താങ്കര.
“മഹര്‍ഷി ശ്രീനാരായണ ഗുരു”, ടി ഭാസ്കരൻ.
ഡോ.അംബേദ്ക്കറുടെ തെരഞ്ഞെടുത്തകൃതികൾ.

Comments

comments