ഉള്ളടക്കത്തേക്കാൾ മുന്തിയ തലക്കെട്ടുകളുമായി വിജയിക്കുകയും വിരാജിക്കുകയും ചെയ്തുപോന്ന ചെറുകഥകളുടെ പളപളപ്പിനിടയിലേക്കാണ് ‘അപ്പൻ’, ‘ആദം’, ‘കാവ്യമേള’, ‘നിര്യാതരായി’, ‘മാവോയിസ്റ്റ്’ മുതലായ, ഒറ്റനോട്ടത്തിൽ ആരുടേയും കണ്ണിലുടക്കുക പോലും ചെയ്യാത്ത, തലക്കെട്ടുകളുമായി എസ്. ഹരീഷ് കടന്നു വരുന്നത്. ഓരോ തവണയും, ഏറ്റവും സാധാരണമെന്നു തോന്നിപ്പിച്ച്,  അസാധാരണമായ തന്റെ കഥ പറഞ്ഞുതീർത്ത്, അദ്ദേഹം വിശ്രമിക്കാൻ പോകുന്നു. ഉള്ളടക്കത്തിന്റെ മാന്ത്രികവലയങ്ങളിൽ ഹിപ്‌‌നോട്ടൈസ് ചെയ്യപ്പെടുന്ന വായനക്കാരിക്ക്/വായനക്കാരന്, വീട്ടിൽ സ്വന്തം അപ്പനെക്കാണുമ്പോഴോ കെ.പി.അപ്പനെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകേൾക്കുമ്പോഴോ ബൈബിളു കാണുമ്പോഴോ ചരമകോളം കാണുമ്പോഴോ എഫ്.എം.റേഡിയോവിൽ “സ്വപ്നങ്ങളേ നിങ്ങൾ..” എന്ന പാട്ടു കേൾക്കുമ്പോഴോ എന്നുവേണ്ട ജീവിതത്തിന്റെ അതിസാധാരണ സംഭവങ്ങളോരോന്നിലും ഈ കഥകളോരോന്നായി ഓർമ്മവരുന്നു; പുറത്തേക്കൊരു വാതിലില്ലാത്ത കെണിയിൽ അവർ കുടുങ്ങിപ്പോവുന്നു. കഥയുടെ വലിപ്പത്തിലും ഉള്ളടക്കത്തിലും യാതൊരു പിശുക്കും കാണിക്കാത്ത ഈ എഴുത്തുകാരൻ സ്വന്തം കൃതികളുടെ പേരു തിരഞ്ഞെടുക്കുന്നതിൽ മാത്രം ഇത്രയും കണിശമായ മിതത്വം പാലിക്കുന്നതും ഇതുകൊണ്ടൊക്കെയാവാം എന്നായിരുന്നു ഇത്രയും കാലം ഉണ്ടായിരുന്ന ധാരണ.

മുൻധാരണകളെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെh-c-1z “മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ” എന്ന ഏറ്റവും പുതിയ കഥ രംഗപ്രവേശം ചെയ്യുന്നത്. മുൻകഥകളിൽ മിക്കതിലും തിരിച്ചറിയപ്പെടാൻ വേണ്ടിയുള്ള ഒരുപകരണമായി മാത്രം ഒതുക്കി നിർത്തപ്പെട്ടിരുന്ന ‘തലക്കെട്ട്’ എന്ന സങ്കേതം ഈ കഥയിലേക്കെത്തുമ്പോഴേയ്ക്ക് ഒഴിച്ചുനിർത്തിച്ചിന്തിക്കാനാവാത്ത ഒരവയവമായി മാറുന്നു. കുമാരനാശാന്റെ ഗുരുസ്തവത്തിൽ നിന്നടർത്തിയ ഒറ്റവരിയാണ് ഇവിടെ കഥയുടെ തലക്കെട്ട്. പൊതുവേ കഥകളിൽ കണ്ടുവരുന്ന പേരുകൾ പോലെ കഥയിലേക്കുള്ള വഴി തുറക്കുകയല്ല, അത് കഥയെ പൂർത്തിയാക്കുകയാണ് ഇവിടെ ചെയ്യുന്നത്.

കഥകളും കഥാകൃത്തുക്കളും പൊടുന്നനെ ലൈംലൈറ്റിലേക്ക് കയറിയ ഒരു കാലമാണ് ഇത്. അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലാത്തവണ്ണം ഗൗരവതരമായി കഥകൾ വായിക്കപ്പെടുന്നു, ചർച്ചകൾ നടക്കുന്നു. ഏതാനും ആഴ്ചകൾക്കുമുമ്പ് കവർസ്റ്റോറിയായിത്തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പ് അവതരിപ്പിച്ച ‘ബിരിയാണി’ ഉയർത്തിയ ചർച്ചകളും അതിന്റെ വ്യാഖ്യാനങ്ങളും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ സൂക്ഷ്മരാഷ്ട്രീയം നിരന്തരം വിശകലനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വായനാമുറിയിലേക്കാണ്, നാരായണഗുരു ഒരു ഹിന്ദുസംന്യാസിയായിരുന്നുവെന്ന് ആരൊക്കെയോ സ്ഥാപിക്കാൻ ശ്രമിക്കുന്ന വാർത്തയോടിക്കൊണ്ടിരിക്കുന്ന ഒരു ഒരു വിശ്രമമുറിയിലേക്കാണ്, പുതിയ കവർസ്റ്റോറിയുമായി മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇടിച്ചുകയറുന്നത്.

“ഞാനൊരു പാതകിയാണെങ്കിൽ എന്റെ അവസാനത്തെ ഒളിസങ്കേതമാണ് എഴുത്ത്. വേറെ പലയിടത്തും സുരക്ഷയുണ്ടെന്നു കരുതി വഴി തെറ്റി അലഞ്ഞു. അവസാനം തിരികെ ഭൂമിക്കടിയിലെ ഈ ഗുഹയിലെത്തി. ഇവിടെ വെച്ച് പിടിക്കപ്പെട്ടാൽ പണി തീർന്നു.”- ‘ആദം’ എന്ന ചെറുകഥാ സമാഹാരത്തിന്റെ മുൻകുറിപ്പിൽ എസ്. ഹരീഷ് പറയുന്ന വാചകങ്ങളാണിവ. പിടിക്കപ്പെടാതെ കൃത്യം നിർവ്വഹിക്കുക എന്നതിലാണ് ഹരീഷിന്റെ കൈമിടുക്ക്. പറയാതെ പറയുക എന്നതിലാണ് ഒരു ഫിക്ഷനെഴുത്തുകാരന്റെ ചാതുര്യം കുടിയിരിക്കുന്നത്. അതിനൊരുത്തമ ഉദാഹരണമാണ് ഈ കഥ.

രണ്ടു സമുദായങ്ങളിൽപ്പെട്ട പവിത്രയും അനൂപും വിവാഹം കഴിക്കാനൊരുങ്ങുന്നു. അവരും, അവരുടെ കുടുംബാംഗങ്ങളും, പല തവണ റെഫറൻസു പൊയ്ക്കൊണ്ടിരിക്കുന്ന പഴയയൊരു കഥയിലെ ഒരു സ്വാമിയും, പവിത്രയുടെ (ജാതിക്കാരുടെയൊക്കെ) വീടിന്റെ പൂമുഖത്തു തൂക്കാറുള്ള ഒരു ഫോട്ടോയുമാണ് പ്രധാന കഥാപാത്രങ്ങൾ. ഹരീഷ് കഥയെഴുതുമ്പോൾ കഥാപാത്രങ്ങളെല്ലാം ഒരുനിമിഷം പോലും ഇടതടവില്ലാതെ കഥപറഞ്ഞുകൊണ്ടിരിക്കുന്നു. എത്ര ജാതിയില്ലെന്നു പറഞ്ഞാലും നമ്മുടെ ഉള്ളിലൊക്കെ എപ്പോഴും തികട്ടി വരുന്ന സവർണ്ണ/ അവർണ്ണ മനോഭാവങ്ങളും നമ്മൾ നേരത്തേപറഞ്ഞ ടിവി ചർച്ചാചോദ്യങ്ങൾക്കുള്ള ഉത്തരവും ഒക്കെ കഥാപാത്രങ്ങൾ പറഞ്ഞുതരുന്നു.

ഈഴവനാവാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന പുലയനും, നായരാവാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന ഈഴവനും, നമ്പൂതിരിയാവാൻ  ശ്രമിച്ചുകൊണ്ടേയിരിക്കുന്ന നായരും ഒക്കെച്ചേർന്ന ഒരു പൊതുബോധത്തിലാണ് കഥ കെട്ടിപ്പടുക്കപ്പെടുന്നത്. യാഥാർത്ഥ്യം അതുതന്നെയെന്നിരിക്കിലും, വന്നുപെട്ടേക്കാവുന്ന രാഷ്ട്രീയവിമർശനങ്ങൾക്ക് ഒരു പ്രതിരോധം തീർക്കാൻ കഥാകാരൻ മറന്നു പോയി എന്നു പറയേണ്ടിയിരിക്കുന്നു. ‘ആനേനെ’ എന്ന പ്രയോഗം മോശവും ‘ആനയെ’ എന്ന പ്രയോഗം (മാത്രം) നല്ലതുമാവുന്ന ഒരു ധാരയെ, അറിഞ്ഞോ അറിയാതെയോ കഥ മുന്നോട്ടുവെക്കുന്നുണ്ട്. എല്ലാവരും ഒരുപോലെ പുകഴ്ത്തുകയോ എല്ലാവരും ഒരുപോലെ വിമർശിക്കുകയോ ചെയ്താൽ ആ കൃതിക്ക് എന്തോ കുഴപ്പമുണ്ടെന്നാണ് കരുതേണ്ടതെന്ന് കഥാകാരൻ തന്നെ മുമ്പൊരിക്കൽ പറഞ്ഞിട്ടുമുണ്ടല്ലോ. കഥാകാരന്റെ ജാതി ചികഞ്ഞെടുത്ത് കഥയെ വിലയിരുത്തുവർ ഇതുവരേയ്ക്കും പണി തുടങ്ങിയിട്ടില്ല എന്നത് അത്ഭുതകരമാണ്.

ആദിമധ്യാന്തം ശ്രീനാരായണഗുരുദേവൻ നിറഞ്ഞു നിൽക്കുന്ന കഥയിൽ ഒരിക്കൽപ്പോലും ഗുരു നേരിട്ടു വിളിക്കപ്പെടുന്നില്ല എന്നതിലാണ് കഥയുടെ മർമ്മം. കഥയുടെ അവസാനം, “ഫോട്ടോയുടെ ഏറ്റവും താഴെ കവിതയുടെ രണ്ടു വരിയും വ്യക്തമാണ്” എന്ന് കഥാകാരൻ പറഞ്ഞു നിർത്തുമ്പോൾ വായനക്കാരി/ വായനക്കാരൻ തലക്കെട്ട് ഒന്നു കൂടി വായിച്ചു നോക്കാൻ വേണ്ടി പേജുമറിക്കുന്നു. അവിടെ, ഹരീഷിന്റെ കഥകളിലിന്നോളം തലക്കെട്ടുകൾ പേറിപ്പോന്ന നിസ്സഹായത, ഒരു കാവ്യനീതി തേടുന്നു.

കഥ പേറുന്ന രാഷ്ട്രീയത്തേക്കാളുപരി മറ്റൊരു സംഗതിയാണ് ഈ കഥയെ പ്രത്യേകതയുള്ളതാക്കുന്നതെന്നുകൂടി തുറന്നു പറഞ്ഞുകൊള്ളട്ടെ. ആ രാഷ്ട്രീയത്തെ അതിസൂക്ഷ്മമായി, അങ്ങേയറ്റം അവധാനതയോടെ, എങ്ങനെയാണ് കഥാകാരൻ ഇഴനെയ്തുവെച്ചിരിക്കുന്നതെന്ന് വായനക്കാരിൽ ബാക്കിയാവുന്ന അത്ഭുതവും അമ്പരപ്പുമാണത്. അതാണ്, ഈ വർഷത്തെ ഏറ്റവും മികച്ച കഥകളുടെ കൂട്ടത്തിലേക്ക് ഈ കഥയെ എടുത്തുവെക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്.

Comments

comments