ചിത്രവും ചിത്രകാരനും 5

[button color=”” size=”” type=”square_outlined” target=”” link=””]ഫ്രാന്‍സിസ്കോ ഗോയയുടെ രണ്ട് വ്യത്യസ്തചിത്രങ്ങള്‍: -മറക്കുടയും, 1808 മേയ് മൂന്നും[/button]

പതിനെട്ടാം നൂറ്റാണ്ടിന്‍റെ  അവസാനത്തിലും 19-ന്‍റെ ആരംഭത്തിലും നിറഞ്ഞു നിന്ന മഹാപ്രതിഭയായിരുന്നു ഫ്രാന്‍സിസ്കോ ഗോയ. പഴയ ശ്രേണിയിലെ മഹാരഥന്മാരിൽ അവസാനത്തെയാൾ. ആധുനികതയുടെ തമ്പുരാക്കന്മാരിൽ ആദ്യത്തെയാൾ. വർണ്ണനാ നിർഭരമായ ‘റൊകോക്കോ‘ ശൈലിയിൽ നിന്നും നിയോക്ലാസിസിസത്തിലേക്കുള്ള ചുവടുമാറ്റത്തിന്‍റെ കാവലാൾ. അങ്ങനെ കാലവും ശൈലിയും കൊണ്ടുതന്നെ ദ്വന്ദം സൃഷ്ടിച്ചിരിക്കുന്നു ഗോയ. ചിലരങ്ങനെയാണ്. ചിലതിന്‍റെ ഒടുക്കം മറ്റു ചിലതിന്‍റെ തുടക്കമാക്കി മാറ്റിക്കളയും. ഗോയയെന്ന വ്യക്തിയിലും അദ്ദേഹത്തിന്‍റെ കലാവിഷ്കാരത്തിലും നിറഞ്ഞുനില്‍ക്കുന്ന എണ്ണമറ്റ ദ്വന്ദങ്ങള്‍ ഇവിടെനിന്നും തുടങ്ങുന്നുവെന്നു പറയാം.

അക്കാലത്തെ ചരിത്രസംഭവങ്ങളൊക്കെ ഗോയയുടെ ചിത്രങ്ങള്‍ക്ക് വിഷയമായിരുന്നു. ചെറുപ്പത്തിലെ തന്നെ ഇറ്റലിയിലേക്ക് സഞ്ചരിച്ച ഗോയ അക്കാലത്തെ ആലങ്കാരികശൈലിയായിരുന്ന റൊകോക്കോയില്‍ പരിശീലനം നേടി. ഇതദ്ദേഹത്തിന്‍റെ പില്‍ക്കാല ചിത്രണരീതികളെ സ്വാധീനിച്ചിരുന്നു. സ്പെയിനില്‍ തിരിച്ചുവന്ന ഗോയ ചുമര്‍ത്തുണികളില്‍ വരയ്ക്കുന്നതില്‍ പ്രത്യേക താല്പര്യവും പ്രാവീണ്യവും കാണിച്ചു; കൊട്ടാരം ചിത്രകാരനായി അവരോധിക്കപ്പെടാന്‍ അധികം താമസമൊന്നും വേണ്ടിവന്നുമില്ല. നിയോക്ലാസിസത്തിന്‍റെ രീതികളും അദ്ദേഹത്തില്‍ കാണാം. പോര്‍ട്രെയ്റ്റ് വരക്കുന്നതിലെ മിടുക്ക് ഗോയയെ 1786-ല്‍ രാജാവിന്‍റെ സ്വന്തം ചിത്രകാരനാക്കി മാറ്റി. ഫ്രഞ്ച്‌ വിപ്ലവം, നെപ്പോളിയന്‍റെ കാലം, ഫ്രാന്‍സിന്‍റെ സ്പാനിഷ് അധിനിവേശം എന്നീ സംഭവങ്ങള്‍ ഗോയയിലെ ചിത്രകാരനെ മാറ്റിമറിച്ചു എന്നുപറയാം.

നാല്പത്താറാം വയസ്സിലെ ഗുരുതരമായ ഒരസുഖം അദ്ദേഹത്തിന്‍റെ കേള്‍വിശേഷി പാടെ ഇല്ലാതാക്കിയത്രെ. പക്ഷെ, അതൊന്നും ഗോയയുടെ സര്‍ഗസപര്യയെ തെല്ലും തളര്‍ത്തിയില്ല. അദ്ദേഹത്തിന്‍റെ ഭാവനകള്‍ പറന്നുയര്‍ന്ന നാളുകളായിരുന്നു അത്. മനുഷ്യരാശിയെ വിമര്‍ശനാത്മകവും നിശിതനര്‍മ്മത്തിലൂന്നിയതുമായ കണ്ണുകളിലൂടെ അദ്ദേഹം നോക്കിക്കണ്ടു. ആ കാഴ്ചകള്‍ വര്‍ണ്ണചിത്രങ്ങളായി കാന്‍വാസുകളിലും അലങ്കാരത്തുണികളിലും പറന്നിറങ്ങി. മാത്രമോ, വളരെ ശക്തമായ ഒരു കാരിക്കേച്ചര്‍ ശൈലിയും അദ്ദേഹത്തിന്‍റെതായി രൂപമെടുത്തു. മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ചിത്രങ്ങള്‍ ഗോയയുടെ പ്രത്യേകതയായി. കാലത്തിനുമുമ്പേ നടന്ന അസാധാരണചിത്രകാരനായിരുന്നു ഗോയ. അതുതന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നതും.

നെപ്പോളിയന്‍ യുദ്ധകാലത്ത് ഫ്രഞ്ച്  കൊട്ടാരത്തിലും ഗോയയ്ക്ക് കഴിയേണ്ടി വരികയുണ്ടായി. അതൊരു വിരോധാഭാസമായി അദ്ദേഹത്തിനു തോന്നിയതുമില്ല. മാത്രവുമല്ല, സ്പെയിന്‍കാരനായിട്ടുപോലും, ലോകമെങ്ങും അലയടിച്ചിരുന്ന ഫ്രഞ്ചുവിപ്ലവാവേശത്തില്‍ ഫ്രഞ്ചധിനിവേശത്തെ ന്യായീകരിക്കാനും അദ്ദേഹം മടിച്ചില്ല. ഗോയയുടെ രാഷ്ട്രീയജീവിതത്തിലെ വലിയൊരു വൈരുദ്ധ്യാത്മകതയായി പലരും ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുതയായിരുന്നു അത്. ദ്വന്ദങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന ഗോയയ്ക്ക് അതൊന്നും ഒരുപക്ഷെ, പുത്തരിയായിരുന്നില്ല.

ആയിടെയ്ക്കായിരുന്നു നഗ്നയായ മഹ(La Maja Desnuda)യെ വരച്ച്, ആ മഹാചിത്രകാരന്‍ വലിയ വിവാദങ്ങളില്‍ ചെന്നുചാടിയത്. അക്കാലത്ത് അതുപോലൊരു നഗ്നചിത്രം വരയ്ക്കാന്‍ ഗോയയ്ക്കല്ലാതെ മറ്റാര്‍ക്കും ആവുകയുമില്ലായിരുന്നു. ഈ ചിത്രം കൈയ്യില്‍ വെച്ചതിനു അക്കാലത്തെ സ്പാനിഷ് പ്രധാനമന്ത്രി മാനുവൽ ദെ ഗൊദോയ്ക്ക്  ജനകീയവിചാരണയും നേരിടേണ്ടിവന്നു എന്നതാണ് ഏറ്റവും രസകരം. വിവാദങ്ങള്‍ക്കൊടുവില്‍ മഹയെ വസ്ത്രമുടുപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ ചിത്രം കൂടി ഗോയ വരച്ചു. വസ്ത്രം ഇല്ലാതെയും, ധരിച്ചുമുള്ള മഹമാര്‍, അങ്ങനെ ഗോയയുടെ ദ്വന്ദാവിഷ്കാരത്തിന്‍റെ ഉത്തമനിദര്‍ശനമായി.

ഗോയയുടെ രണ്ടു വ്യത്യസ്തചിത്രങ്ങള്‍ പരിശോധിക്കാം. രണ്ടും എനിക്ക് പ്രിയപ്പെട്ട ചിത്രങ്ങള്‍. 1777-ല്‍ വരച്ച ‘മറക്കുട‘(El Quitasol) തന്നെയാവട്ടെ ആദ്യം.

മഡ്രീഡിലെ പ്രാദോ കൊട്ടാരത്തിലെ തീൻമുറിയിലേക്ക് തയ്യാറാക്കിയ ചിത്രകംബളത്തിന് മുന്നോടിയായി ലിനനിൽ എണ്ണച്ചായം കൊണ്ട് തീർത്തതാണ് ഈ ചിത്രം. വർണ്ണത്തിളക്കത്താലും അതു പകർന്നുതരുന്ന സംഭ്രമത്താലും വേറിട്ടു നിൽക്കുമെങ്കിലും, തികഞ്ഞ നിഷ്കളങ്കത തന്നെ ഇതിന്‍റെ മുഖമുദ്ര.

1

നിലത്തിരിക്കുന്ന യുവതിയെ നോക്കൂ. വിടർന്ന കണ്ണുകൾ, മന്ദസ്മിതം, കുലീനഭാവം. ഒരു ലാവണ്യാംഗി തന്നെ! ആ ഇരുപ്പിലും അവര്‍ തന്‍റെ പട്ടിക്കുട്ടിയെ ശ്രദ്ധയോടെ മടിയിൽ വെച്ചിരിക്കുന്നു. നിലത്തു വിരിഞ്ഞുകിടക്കുന്ന സ്വർണ്ണവസ്ത്രത്തിലുമുണ്ട്  ആഭിജാത്യം. മുകളിലാകട്ടെ, മാനം ഇരുണ്ടു വരുന്നു. അവിടെ മാഞ്ഞുകൊണ്ടിരിക്കുന്ന ആകാശനീലിമ സുന്ദരിയുടെ ഉടുപ്പിലേക്ക് ചേക്കേറിയിരിക്കുന്നതിലെ അർത്ഥതലം ഒരുപടി മുകളിൽത്തന്നെ. അതിന്‍റെ തെളിച്ചവും സാന്ത്വനവും ആ സുന്ദരമുഖത്തും പ്രതിഫലിക്കുന്നുണ്ട്. അടുത്തു പോയി നോക്കിയാൽ അവൾ നമ്മളെത്തന്നെയാണ് നോക്കുന്നതെന്ന് മനസ്സിലാവും. മനസ്സില്‍ ഒരു കുളിർകോരിയിടുന്നുണ്ടാ നോട്ടം.

ഇനി, പിന്നിലെ ജിജ്ഞാസുവായ ചെറുപ്പക്കാരനെ ശ്രദ്ധിക്കാം. വസ്ത്രംകൊണ്ട് ഒരു സാധാരണക്കാരൻ. യുവതിയുടെ സുഖസൗകര്യത്തിലാണ് മുഴുവൻ ശ്രദ്ധയും . അവന്‍ സേവകനോ, അതോ കാമുകനോ? ആ സംശയത്തിൽ നിന്ന് തുടങ്ങുന്നു ചിത്രത്തിലെ അനവധി ദ്വന്ദങ്ങൾ. അയാളുടെ മുഖത്തുമുണ്ട് സംശയാസ്പദമായ ഒരു ആൺ – പെൺ ദ്വന്ദം.  പശ്ചാത്തലത്തിലാകട്ടെ, ഇരുണ്ടുകൂടുന്ന മഴക്കാറ്, വീശിയടിക്കുന്ന കാറ്റ്, ചായുന്ന കൊമ്പുകൾ ഇവയെല്ലാം  സൃഷ്ടിക്കുന്നത് ഒരു ഉൾക്കിടുക്കം. പക്ഷെ, യുവതി, യുവാവ്, നായ്ക്കുട്ടി ഇവർ മൂവരിലും കാണുന്നത് തികഞ്ഞ ശാന്തത. അത് അടുത്ത ദ്വന്ദമായി.  ഇനി ശക്തിപ്രാപിക്കുന്ന ആ കാറ്റിലും യുവതി കൈയ്യിൽ പിടിച്ചിരിക്കുന്നതോ, ചുരുട്ടിവെച്ച ഒരു വിശറി. വീശിത്തുടങ്ങുന്ന കാറ്റും, കാറ്റിനെ പേറുന്ന വിശറിയും. ഒരൊന്നാന്തരം ദ്വന്ദപ്രതീകം തന്നെയത്. പിന്നെ, വെളിച്ചം തടയുന്ന മറക്കുട, പക്ഷെ, തിളങ്ങുന്ന മുഖം ദൃശ്യത്തിലും. ചുരുക്കിപ്പറഞ്ഞാൽ ധൃതിപ്പെട്ടു നിൽക്കുന്ന പ്രകൃതിയുടെ മുന്നിൽ തികഞ്ഞ സംയമനത്തോടെ ഒരു മനുഷ്യജോഡി. ഒടുവിൽ ദ്വന്ദം സാന്ദ്രമാവുന്നത് നായക്കുട്ടിയിലും. വെള്ളവിരിയിലൊരു  വലിയ കരിമ്പൊട്ടു പോലെ  അവൻ. ഇനി ശ്വാനമുഖത്തോ, കറുംപരപ്പിൽ ശുഭസൂചനയായി ഒരു വെള്ളവരയും.  ഈ തീവ്രദ്വന്ദവൽക്കരണത്തിലൂടെ ഗോയ നമുക്ക് പകർന്നു തരുന്നത് ഇനിയും മനസ്സിലാക്കാനാവാത്ത സംഭ്രമാത്മകതയെന്ന്‍ പറയേണ്ടിവരും. തികച്ചും ലളിതമായ ഒരു ചിത്രത്തിൽ നിന്നാണ് ഗോയ ഇത് സൃഷ്ടിച്ചെടുക്കുന്നതെന്നോർക്കണം.

ഇനി അടുത്ത ചിത്രം നോക്കാം. അതിന്‍റെ പേര് ‘1808 മേയ് മൂന്ന്‍’.

2

സ്പെയിനിന്‍റെ ഫ്രഞ്ച് അധിനിവേശക്കാലത്തെ ഇരുളേറിയതും നിർണ്ണായകവുമായ മുഹൂർത്തമാണ് ഗോയ ഇവിടെ വരച്ചുകാട്ടുന്നത്. പേരു സൂചിപ്പിക്കുന്ന പോലെ കൃത്യമായ ചരിത്ര സംഭവം തന്നെയിത്. നെപ്പോളിയൻ തന്‍റെ കൗശലങ്ങളിലൂടെ സ്പെയിനിനെ വരുതിയിലാക്കി ഭരിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നേ ആയിട്ടുള്ളൂ. ആയിടക്കാണ്, കൃത്യമായി പറഞ്ഞാൽ 1808 മെയ് 2ന്, നൂറുകണക്കിന് സ്പെയിൻകാർ ഫ്രഞ്ചുഭരണത്തിനെതിരെ സംഘടിച്ചത്. ഒരു കൊച്ചു സ്പാനിഷ് വിപ്ലവം. വരാൻ പോകുന്ന വലിയ മാറ്റങ്ങളുടെ ആദ്യ തീപ്പൊരി. പക്ഷെ, പിറ്റേ ദിവസം മെയ് 3 പുലരുന്നതിനു മുമ്പെ അത് തകർന്നടിഞ്ഞു. വിപ്ലവകാരികളെല്ലാം നിഷ്കരുണം വധിക്കപ്പെട്ടു. മഡ്രീഡിലെ തെരുവുകൾക്കന്ന് ചോരയിൽ മുങ്ങിയ പ്രഭാതമായിരുന്നു. സത്യത്തിൽ ഫ്രാൻസിസ്കോ ഗോയയുടെ സ്വത്വബോധം ഏറ്റവും പ്രതിസന്ധിയിലായ നിമിഷം കൂടിയായിരുന്നു അത്. കാരണം, ഫ്രഞ്ചുവിപ്ലവവും നെപ്പോളിയന്‍റെ ആദ്യവർഷങ്ങളും പലരേയുമെന്നപോലെ ഗോയയേയും ആവേശം കൊള്ളിച്ചിരുന്നു. മാത്രമോ, അദ്ദേഹം ഫ്രഞ്ച് അധിനിവേശത്തെ സ്വാഗതംചെയ്യുക പോലും ചെയ്തു. പക്ഷെ, എല്ലാ കാലങ്ങളിലും ദേശങ്ങളിലുമെന്നപോലെ അധിനിവേശം അതിന്‍റെ കരാളതയോടെ പത്തിവിടർത്തിയാടിയപ്പോൾ ഗോയ ധർമ്മസങ്കടത്തിലായി. ആ ചിന്താവൈരുദ്ധ്യങ്ങൾക്കും, തിരുത്തലുകൾക്കും, ഒടുവിൽ പശ്ചാത്താപത്തിനും തുടർച്ചയായ പ്രായശ്ചിത്തമായിട്ടായിരിക്കണം ഗോയ ഈ ചിത്രം വരച്ചത്. അദ്ദേഹത്തിന്‍റെ തുടർന്നുള്ള യുദ്ധചിത്രങ്ങൾക്കും ഇരുൾചിത്രങ്ങൾക്കും ഇത് മുന്നോടിയായി. ലോകത്തിലെ ആദ്യത്തെ ആധുനികചിത്രമെന്ന് വിശേഷിക്കപ്പെടുന്ന ഈ വമ്പൻ കാൻവാസിന് ഒരുപാട് കഥകൾ പറയാനുണ്ട്.

നേരം പുലർന്നിട്ടില്ല. അകലെ നഗരത്തിന്‍റെയും ബാരക്കുകളുടേയും മങ്ങിയ വെളിച്ചം മാത്രം. തെരുവിൽ നിലത്തുവെച്ചിരിക്കുന്ന വലിയൊരു സമചതുരക്കട്ടയാണ് ചിത്രത്തിലെ പ്രകാശസ്രോതസ്സ്. അതിന്‍റെ വെളിച്ചത്തിലാണ് നാം ഈ ദുരന്തം കാണുന്നത്.  ഒരു വശത്ത്, ഫ്രഞ്ചു സൈനികരുടെ നീണ്ട നിര വിപ്ലവകാരികൾക്കു നേരെ തോക്കു ചൂണ്ടി നിൽക്കുന്നു. ആ നിരയിലെ ഭീതിദമായ അച്ചടക്കം, നിർദ്ദയമായ യാന്ത്രികത, വിഹ്വലതയുണർത്തുന്ന ആവർത്തനം എന്നിവ ഒരു രാക്ഷസത്തീവണ്ടിയെ ഓർമ്മിപ്പിക്കുന്നു. ചിത്രത്തിന്‍റെ അറ്റത്തോളം നീണ്ടുകിടക്കുന്ന ആ ഭീകരത, ഇത്തരം അടിച്ചമർത്തലുകൾ ഇനിയും ആവർത്തിക്കപ്പെടാമെന്ന സൂചനകൾ തരുന്നു.

ഇനി മറുവശത്താവട്ടെ, മരണം അതിന്‍റെ മുഴുവൻ ഭയാനകതയിലും പടർന്നുനിൽക്കുന്നു. വധിക്കപ്പെട്ടവരും, മരിച്ചുകൊണ്ടിരിക്കുന്നവരും മരണത്തെ നേർമുന്നിൽ കാണുന്നവരും അതിനുവേണ്ടി കാത്തിരിക്കാൻ വിധിക്കപ്പെട്ടവരുമായ ഒരു പോരാളിസംഘത്തിന്‍റെ ഭയത്താലും നിരർത്ഥകതയാലും ചിതറിപ്പോയൊരു നിര. പട്ടാളക്കാരുടെ മുഖം കാണുന്നേയില്ല. അല്ലെങ്കിലും, യുദ്ധത്തിൽ ആരുകൊല്ലുന്നു എന്ന ചോദ്യത്തിന് പ്രസക്തിയില്ലല്ലോ.

കൈയ്യുയർത്തി ക്രിസ്തുവിന് സമാനനായി നിൽക്കുന്നയാളുടെ ദേഹത്താണ് ഏറ്റവും പ്രകാശം. മരണത്തിലേക്കുള്ള ആത്മവെളിച്ചമോ, അതോ മരണത്തിൽനിന്നും പറന്നുയരാൻ തയ്യാറാകുന്ന വിപ്ലവവെളിച്ചമോ? അയാളുടെ മഞ്ഞയും വെള്ളയും ചേർന്ന വസ്ത്രം മരണം വിതറുന്ന ചതുരവെളിച്ചത്തിന്‍റെ നേർപ്പതിപ്പാണ്. സൂക്ഷിച്ചു നോക്കിയാൽ അയാളുടെ വലതു കൈയ്യിലെ പാട് തിരുമുറിവിനെ ഓർമ്മിപ്പിക്കുന്നുവെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. “പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല” എന്നാണോ അയാൾ പറയുന്നത്.

സ്പാനിഷ് വിപ്ലവത്തിന് വന്നുചേര്‍ന്ന ദുരന്തം മുഴുവനായും ഗോയ നമുക്കീ ചിത്രത്തിലൂടെ പകര്‍ന്നുതരുന്നുണ്ടെങ്കിലും, ചില വൈരുദ്ധ്യങ്ങള്‍ നമുക്കിവിടെ കാണാതെ വയ്യ. ഗോയ ഒരിക്കലും ഈ രംഗമൊന്നും കണ്ടിരിക്കാനിടയില്ല. മനസ്സില്‍ ഒരുക്കൂട്ടിയ ചിത്രം തന്നെയിത്. സാധാരണ പട്ടാളക്കാരാരും ഇത്രയ്ക്കും അടുത്തുനിന്ന്‍ വധശിക്ഷ നടപ്പാക്കാറില്ലല്ലോ. ചുരുങ്ങിയപക്ഷം ഇരകളുടെ കണ്ണുകള്‍ കെട്ടിവെയ്ക്കുകയെങ്കിലും ചെയ്യാറുണ്ടവര്‍. ഇനി ബുള്ളറ്റിനെ അഭിമുഖീകരിക്കുന്നയാളെ ഒന്നുകൂടി ശ്രദ്ധിക്കൂ. അയാള്‍ മുട്ടുകുത്തിയാണ് നില്‍ക്കുന്നത്. എന്നിട്ടുതന്നെ അയാള്‍ക്ക് പട്ടാളക്കാരുടെ അത്രയും പൊക്കമുണ്ട്. അയാളെങ്ങാനും എഴുന്നേറ്റുനിന്നാല്‍ ഒരു അതിമാനുഷരൂപമായി മാറിയേനെ. കണക്കുകളില്‍ ഗോയയ്ക്ക് പിശകിയതാണോ, അതോ മന:പൂര്‍വ്വമായി ചെയ്തതോ? എന്നും ചോദ്യങ്ങള്‍ ബാക്കിവെയ്ക്കുന്ന ഗോയ ഇവിടെയും അതുതന്നെ ആവര്‍ത്തിക്കുന്നു.

ഈ ചിത്രത്തിന്‍റെ ഇരട്ടയായി ഗോയയുടെ മറ്റൊരു ചിത്രം കുടിയുണ്ട്. 1808 മെയ് 2. ഇതിൽ ദുരന്തത്തിന്‍റെ കാരണമായ സ്പാനിഷ് വിപ്ലവം വരച്ചു ചേർത്തിരിക്കുന്നു. അതുകൂടെ ഇവിടെ പൂർണ്ണതയ്ക്കുവേണ്ടി ഇവിടെചേർക്കാം.4-el_dos_de_mayo_de_1808_en_madrid

 

ചിത്രങ്ങളുടെ സാങ്കേതികവശങ്ങള്‍:

പേര് മറക്കുട 1808 മേയ് 3
ചിത്രകാരന്‍ ഫ്രാന്‍സിസ്കോ ഗോയ ഫ്രാന്‍സിസ്കോ ഗോയ
വര്‍ഷം 1777 1814
മാധ്യമം കാന്‍വാസിലെ

എണ്ണച്ചായം

കാന്‍വാസിലെ

എണ്ണച്ചായം

വലിപ്പം 104 x 152 സെ.മീ. 266 x 347 സെ.മീ.
ശൈലി റൊമാന്‍റിസിസം ചരിത്രപരം
സൂക്ഷിച്ചിരിക്കുന്ന

സ്ഥലം

പ്രാദോ മ്യൂസിയം,

മഡ്രീഡ്, സ്പെയിന്‍

പ്രാദോ മ്യൂസിയം,

മഡ്രീഡ്, സ്പെയിന്‍

Comments

comments