(ഡോ. സതീഷ് കുമാറിന്റെ കോളം – വഴിവെട്ടം ആരംഭിക്കുന്നു.)

ആദിവാസികൾക്കിടയിൽ നിന്നുള്ള പ്രഥമ സിറ്റിസൺ റിപ്പോർട്ടറായ ശ്രീ രാമചന്ദ്രൻ കണ്ടാമലയുടെ വീട്ടിലേക്കും അദ്ദേഹം റിപ്പോർട്ട് ചെയ്ത പുൽപ്പള്ളി ചുള്ളിക്കാട് കോളനിയിലേക്കും ശ്രീ മുരളി വെട്ടത്തിനും ഓകെ ജോണിക്കുമൊപ്പം കൂട്ട് പോയ ഒരു യാത്രയിലാണ് നവമലയാളിയിൽ ഒരു കോളമെഴുതുക എന്ന കാര്യം പൊടുന്നനെ ചർച്ചയാവുന്നത്. മഴ ചിണുങ്ങനെ പെയ്തുകൊണ്ടിരുന്നു ആ സന്ധ്യയിലെ തണുപ്പിൽ, വഴുക്കുന്ന മണ്ണിൽ വീഴാതെ ശ്രദ്ധിച്ച് നടക്കുന്നതിനിടയിൽ ജോണിച്ചേട്ടൻ പറയുകയായിരുന്നു ‘നീ നവമലയാളിയിൽ എഴുതുന്നു’. നിഷേധിക്കുവാൻ പറ്റുന്ന ഒന്നല്ല ശ്രീ ഓക്കേ ജോണിക്ക് എന്നിലുള്ള സ്നേഹാധികാരം എന്നതിനാൽ തന്നെ ആയതിൽ പിന്നെ അധികം ചർച്ചകളൊന്നുമുണ്ടായില്ല എന്നതാണ് സത്യം. എന്തെഴുതണം എന്നതിനെക്കുറിച്ചും, എന്റെ ചെറിയ വർത്തമാനങ്ങൾ  വായനക്കാർക്ക് രുചിക്കുമോ എന്നുമൊക്കെ ചില ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും ആ യാത്രയുടെ അവസാനമാകുമ്പോഴേക്കും നവമലയാളിയിൽ എഴുതുന്നു എന്ന കാര്യത്തിന് ഏതാണ്ട് തീരുമാനമായിരുന്നു.

vv1
മുരളി വെട്ടത്ത്, ഡോ. സതീഷ്കുമാർ, ഒ കെ ജോണി, രാമചന്ദ്രൻ കണ്ടാമല

ഈ കുറിപ്പുകൾക്ക് ‘വഴിവെട്ടം ‘ എന്നൊരു പേര് ശ്രീ ഓ ക്കേ ജോണിയുടെ വകയാണ്. ഓരോ വാക്കുകളുടെയും സൂക്ഷ്മാർത്ഥങ്ങൾ ഇത്രമേൽ ശ്രദ്ധിക്കുന്ന ഒരാൾ അദ്ദേഹത്തേക്കാൾ വേറെയില്ല. മലയാളം വാരികയിൽ പണ്ട് എൽദോ എന്ന കർഷക സുഹൃത്തിനെക്കുറിച്ച് ഞാനെഴുതിയ ഒരു കുറിപ്പിൽ എന്റെ അല്പബുദ്ധി കൊണ്ട് ഞാൻ എഴുതിപ്പോയ ഒരു വാചകത്തെ മറ്റൊരു വാക്കിനാൽ തിരുത്തി ലേഖനത്തിന്റെ കനം വെപ്പിച്ചത് ഞാൻ എന്റെ എഴുത്ത് ജീവിതത്തിൽ മറക്കാതെ കുറിച്ചിട്ടുണ്ട്. ‘മണ്ണിൽ പൊന്നു വിളയിക്കുക’ എന്നൊരു ക്ലീഷെയിലെ ‘പൊന്നിനെ’ നിഷ്കരുണം വെട്ടിക്കളഞ്ഞു ‘അന്നം’ എന്ന വാക്ക് പകരം വെക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ആ ഒരൊറ്റ തിരുത്തിൽ എന്റെ അഹംഭാവങ്ങൾ ഒഴിഞ്ഞു പോയി, എത്ര ദുർബലവും വികൃതവുമായിരുന്നു ഞാൻ എഴുതി വെച്ചിരുന്ന ആ ഒരു വാക്ക് എന്നത് ഒരു വെള്ളിടി വെളിച്ചത്തിലെന്നപോലെ എനിക്ക് വെളിപ്പെട്ടു. അന്നത്തിന്റെ മുന്നിൽ എന്ത് പൊന്ന്, അല്ലെങ്കിൽ ഭൂമിയിൽ അന്നം വിളയിക്കുന്നവനെക്കാൾ വിലയുള്ളവനായി ആരുണ്ട്! ഓരോ വാക്കിനും അതിന്റെ തനിമയും ശക്തിയുമുണ്ടെന്നും, എഴുതുമ്പോൾ നാം ശ്രദ്ധാലുവായിരിക്കേണ്ടതുണ്ടെന്നും പറയാതെ പഠിപ്പിച്ച ഒരു പാഠമായിരുന്നു എനിക്ക് ആ തിരുത്തൽ.

വെട്ടം എന്നാൽ വെളിച്ചത്തിന്റെ പര്യായ പദമാണെന്നും, രണ്ടിനും ഒരേ അർത്ഥമാണ് പ്രത്യക്ഷത്തിൽ എന്നുമാണ് എന്റെ ഒരു സുഹൃത്ത് ശബ്ദതാരാവലി നോക്കി പറഞ്ഞു തന്നത്. പക്ഷേ എന്റെ ബോധത്തിൽ വെട്ടവും വെളിച്ചവും വെവ്വേറെയാണ്. അവനവനെയും അതിന്റെ ചുറ്റുവട്ടങ്ങളെയും തെളിച്ചുകാണിക്കാൻ പരിശ്രമിക്കുന്ന ഒരു കുഞ്ഞു പ്രകാശമാണ് എന്നെ സംബന്ധിച്ചിടത്തോളം വെട്ടം എന്ന വാക്ക് മനസ്സിലുണർത്തുന്ന ചിത്രം. നിലവിളക്കിന്റെ, മിന്നാമിനുങ്ങിന്റെ, മെഴുകുതിരിയുടെ, ചൂട്ടുകറ്റയുടെ, മണ്ണെണ്ണവിളക്കിന്റെ, സൈക്കിൾ ഡൈനാമോയുടെ ഒക്കെ കുഞ്ഞൻ വെളിച്ചം.

പകുതി ചന്ദ്രന്റെ, നക്ഷത്രാങ്കിത രാത്രികളുടെ, അതി പുലർച്ചകളുടെ നേരിയ തെളിച്ചം.. അത് ഒന്നിനേയും അമിതമായി പ്രകാശിപ്പിക്കുകയില്ല, ഞാനിവിടെയുണ്ട് എന്നൊന്നും അതിനാൽ പരസ്യപ്പെടുകയുമില്ല. എന്നാലോ നിങ്ങൾ ശ്രദ്ധാലുവാണെങ്കിൽ നിങ്ങൾക്കതിനെ കാണാം, നിങ്ങൾ അതിനെ മതിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് അതിനെ കണ്ടെത്തുവാനുള്ള ആഗ്രഹവും ക്ഷമയുമുണ്ടെങ്കിൽ, എന്തിനേയും സൂക്ഷ്മമായും തെളിമയോടെയും കാട്ടിത്തരുവാൻ മാത്രമുള്ള തെളിച്ചവും ഓരോ നുറുങ്ങുവെട്ടത്തിനുമുണ്ട്. എന്നാൽ വെളിച്ചമോ, വലിയ തെളിച്ചമുള്ള എന്തോ ഒന്നാണത്. പ്രകാശത്തിന്റെ ഒരു തരം അതിധാരാളിത്തം. എന്നെ നോക്കൂ എന്നെ നോക്കൂ എന്ന് ഓരോന്നും പരസ്യപ്പെടുവാൻ പരസ്പരം മത്സരിക്കുന്ന ഒരിടം. അതിൽ ചെറിയവ അത്ര ദൃശ്യമല്ല, അതി വെളിച്ചത്തിൽ മഞ്ഞളിച്ചു പോയ കണ്ണുകൾക്ക് നിസ്സാരങ്ങളെ കാണുക പ്രയാസം. ഇന്നിപ്പോൾ ഓരോ മനുഷ്യനും തിളങ്ങുന്ന പരസ്യബോർഡുകൾ പോലെ അവനവനെ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതാ നോക്കൂ, ഞാൻ ഗായകൻ, ഞാൻ കവി, മനുഷ്യാവകാശപ്രവർത്തകൻ, ഇതാ എന്റെ സാധുജനസേവനങ്ങൾ, നോക്കൂ ആദിവാസികോളനികളിൽ പഴയ വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന ഞാൻ, കാണൂ ഞാൻ വൃത്തിയാക്കിയ ആശുപത്രിപരിസരങ്ങൾ, ഇതാ എന്റെ കയ്യിൽ നിന്നും വസ്ത്രങ്ങൾ ഏറ്റുവാങ്ങുന്ന നിർദ്ധനർ… എന്നിങ്ങനെ അവനവനിലേക്ക് മാത്രം തിരിച്ചു വെക്കപ്പെട്ട ആർക്ക് ലൈറ്റുകളുടെ കാലത്ത്, വർണ വെളിച്ചം തിളച്ചു തൂവുന്ന ആ പ്രദർശന വേദികളുടെ പിന്നാമ്പുറങ്ങളുടെ ഇരുട്ടിൽ അനവധി ചെറുജീവിതങ്ങളുണ്ട് എന്ന തിരിച്ചറിവാണ് എന്റെ ബോധം.

അത്തരം ചെറിയ (വലിയ) ജീവിതങ്ങളെ തേടിയുള്ളതായിരുന്നു എന്റെ യാത്രകൾ, അവരിലേക്കുള്ളതായിരുന്നു എപ്പോഴും എന്റെ വഴികൾ. ആ വെട്ടു വഴികളിൽ വീണ് കിടന്നിരുന്ന, ദുർബലമെങ്കിലും ദീനമല്ലാതിരുന്ന നുറുങ്ങു വെട്ടങ്ങളിൽ ഞാൻ കണ്ട ചില കാഴ്ചകൾ, മനുഷ്യർ, മരങ്ങൾ, മണ്ണ്, ചരിത്രം, ഐതിഹ്യങ്ങൾ, ആചാരങ്ങൾ എന്നിങ്ങനെ നിസ്സാരമെന്ന് തോന്നിക്കുന്ന എന്നാൽ ഒന്ന് തൊട്ടു നോക്കുമ്പോൾ മാത്രം കറുത്തറിയുന്ന നിരവധിയായ കാഴ്ചകൾ.. അവയിൽ ചിലതെങ്കിലും പങ്ക് വയ്ക്കുക എന്നതാണ് ഈ കുറിപ്പുകളുടെ വിനീത ലക്ഷ്യം.

നാം കണ്ടെത്തുന്ന ഓരോ ജീവിതങ്ങളും ഓരോ പാഠശാലകളാണ്, പുസ്തകങ്ങളിലെ അറിവുകൾ എത്ര നിസ്സാരവും ചിലപ്പോഴൊക്കെ നിസ്സഹായവും ആണ് എന്ന് നാം തിരിച്ചറിയുക ചില ജീവിതങ്ങൾ നമ്മെ ചിലത് പഠിപ്പിക്കുമ്പോഴാണ്.

തിരുനെല്ലിയിലെ വനാന്തർഭാഗത്ത് പോസ്റ്റ് മോർട്ടത്തിന് ശേഷം ഊരിവെച്ച ആനക്കൊമ്പുകൾക്കു മുന്നിൽ വലത്ത് ഏത് ഇടത്ത് ഏത് എന്ന് തിരിച്ചറിയാനാവാതെ കുഴങ്ങി നിന്ന എനിക്ക് അതിന്റെ ഉരച്ചിൽ അടയാളങ്ങൾ നോക്കി നിഷ്പ്രയാസം വേർതിരിച്ചു തന്ന കൂളൻ എന്ന ആദിവാസി യുവാവ്.

കാട്ടിൽ ഒറ്റപ്പെട്ട് പോയാൽ അരുവികളുടെ ഒഴുക്കിന് ചേർന്ന് നടക്കാനും ഏതാണ്ട് എല്ലാ ഉറവകളും കാടിന് പുറത്തേക്കാണ് ഒഴുകുക എന്നുമുള്ള ശാസ്ത്രം പറഞ്ഞു തന്ന മോഹനൻ എന്ന ആദിവാസി വാച്ചർ.

മരത്തിന്റെ മുഴകളിൽ വെട്ടിയാൽ വെള്ളം കിട്ടുമെന്നും, തലയും കടയും ഒരുമിച്ചു വെട്ടിയാൽ മുളകൾ ബക്കറ്റ് കണക്കിന് വെള്ളം തരുമെന്നും, കാട്ടു ചേമ്പുകൾ കൂട്ടമായി വളരുന്ന ഇടം ജലസാമീപ്യമുള്ളവയെന്നും വനത്തിന്റെ ജല ശാസ്ത്രങ്ങൾ പഠിപ്പിച്ചു തന്നവർ.

തോൽപ്പെട്ടി വനത്തിൽ നിന്ന് വിശപ്പുകൊല്ലി എന്നൊരു തരം ചെടിയുടെ ഇല പറിച്ചു തിന്നുകൊണ്ട് സ്വന്തം വിശപ്പിനെ കൊന്ന് കൈവശമുള്ള ആഹാരം ഞങ്ങൾക്ക് മാത്രമായി പകുത്തു തന്നവർ..

അങ്ങനെ വഴിയോരക്കാഴ്ചകളിൽ കണ്ടുമുട്ടിയ എത്രയോ ആളുകൾ, അവർ പകർന്നു തന്ന എത്രയോ അറിവുകൾ..

തന്റെ കെണിയിൽ കുടുങ്ങിയ ഗർഭിണിയായ മത്സ്യത്തെ പുഴയിൽ തിരിച്ചു വിട്ടുകൊണ്ട്, മാന്തിയെടുക്കുന്ന നൂറാംകിഴങ്ങിനെ മുഴുവനുമെടുക്കാതെ കടയോടെ കുഴിയിൽ കുറച്ച് തിരിച്ചു വെച്ച് കൊണ്ട്  ‘സസ്‌റ്റൈനബിലിറ്റി’ എന്ന മഹാതത്വതത്തെ ആ വിഷയത്തിലെ ആയിരക്കണക്കിന് സെമിനാറുകൾക്ക് കഴിയാത്തതിലും വേഗത്തിലും ആഴത്തിലും എന്നെ പഠിപ്പിച്ച നിരക്ഷരരായ ആദിവാസി സ്ത്രീകൾ…

വാർദ്ധക്യം എന്നത് വിലപിക്കാനും വിശ്രമിക്കാനുള്ളതല്ല എന്ന് എന്നെ പഠിപ്പിച്ച നൂറാം വയസിനപ്പുറവും ഈർക്കിലി ചൂലുകളുണ്ടാക്കി നടന്നു വിറ്റ് കുടുംബം പോറ്റുന്ന ചീങ്ങേരി കോളനിയിലെ മാറിയെന്ന ആദിവാസിവൃദ്ധ…

പുൽപ്പള്ളി കലാപത്തിൽ കൊള്ളയടിക്കപ്പെടുകയും, ആക്രമിക്കപ്പെടുകയും ചെയ്ത വയനാടൻ ജന്മിയായ ദാസപ്പ ചെട്ടിയുടെ മൂത്തമകൻ, അന്നത്തെ കാലത്ത് അപ്രാപ്യമാം വിധത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരൻ, കിടക്കാൻ ഒരു വീടോ ഒരു തുണ്ട് ഭൂമിയോ ഇല്ലാതെ തോൽപ്പെട്ടിയിലെ ബന്ധുഗൃഹങ്ങളിൽ ആശ്രിതനായി അലയുന്ന കാഴ്ച ജ്ഞാനപ്പാനയെക്കാൾ ശക്തമായി എന്നെ സ്വാധീനിച്ച ഒന്നാണു.

തിരുനെല്ലിയുടെ ഘോരവനാന്തരത്തിൽ ഒറ്റക്ക് താമസിച്ചിരുന്ന ‘അവ്വ’യെന്ന ഒരു സ്ത്രീ, ഒറ്റക്കിങ്ങനെ താമസിക്കാൻ പേടിയാവില്ലേ എന്ന എന്റെ വിഡ്ഢി ചോദ്യത്തെ ഭൂമിയിൽ എല്ലാവരും ഒറ്റക്ക് തന്നെയാണ് എന്ന കനമുള്ള ഉത്തരത്താൽ കരിച്ചുകളഞ്ഞിട്ടുണ്ട് ഒരിക്കൽ. കിടപ്പറയിൽ ഭാര്യയോടൊപ്പം കിടന്നുറങ്ങുംപോൾ പോലും സൂക്ഷമാർത്ഥത്തിൽ നിങ്ങൾ ഒറ്റക്ക് തന്നെയാണെന്നും മറ്റെല്ലാം വെറും തോന്നലുകളാണെന്നും, ആയിരം അധ്യാത്മിക പുസ്തകങ്ങൾക്ക് കഴിയുന്നതിലും കരുത്തിൽ അവരെന്നെ ഒരു നിമിഷം കൊണ്ട് പഠിപ്പിച്ചു.

മനുഷ്യർക്ക് മാത്രമല്ല, ജീവനുള്ളതും അല്ലാത്തതുമായ സകലതിനും നമ്മോട് ചിലത് പറയുവാനുണ്ടാകും, നിങ്ങൾക്ക് നിൽക്കുവാനും കേൾക്കുവാനുമുള്ള സമയവും ക്ഷമയുമുണ്ടെങ്കിൽ.

എന്റെ യാത്രകൾ ഒരിക്കലും ഒരു പ്രത്യേക ലക്ഷ്യത്തിലേക്കായിരുന്നിട്ടില്ല, ലക്ഷ്യം നിശ്ചയിച്ച് പുറപ്പെട്ട ചില അപൂർവം യാത്രകൾ പോലും പലപ്പോഴും ഇടക്ക് വെച്ച് വേറെയെങ്ങോട്ടൊക്കെയോ വഴി തെറ്റി. അത്തരം അനവധി അസംസ്കൃത യാത്രകളിലെ ചില അനുഭവങ്ങളും കാഴ്ചകളുമാണ് ‘വഴിവെട്ടം’ എന്ന ഈ ഇത്തിരിക്കോളത്തിൽ ഞാൻ പകർത്തിവെക്കാൻ ഉദ്ദേശിക്കുന്നത്. സമയബന്ധിതമായി എഴുതുക എന്നത് ശീലമില്ലാത്ത ഒരു കോതപ്പാട്ടുകാരനാണ് ഞാൻ. വായിൽ തോന്നിയത് അപ്പപ്പോൾ പാടുന്ന പ്രാകൃതൻ. നവമലയാളിയുടെ പ്രബുദ്ധരായ വായനക്കാർക്ക് എന്റെ നല്ല നമസ്കാരം.

വീണ്ടും വരുംവരെ വണക്കം.

Comments

comments