[button color=”” size=”” type=”round” target=”” link=””][/button]ന്ത്യയിൽ പഠിക്കുന്ന കാലത്ത് ‘ഗദ്ദർ പാർട്ടി ’ എന്നൊന്ന് ചരിത്രം പഠിക്കുന്നതിന്റെ ഭാഗമായി പഠിച്ചതായി ഓർക്കുന്നില്ല. പഠിക്കാത്തതു കൊണ്ടാണോ അതോ പാഠപുസ്തകത്തിൽ അതൊന്നും വിശദമായിട്ടില്ലാത്തത് കൊണ്ടാണോ എന്നറിയില്ല. അത് പോലെ തന്നെ ലാലാ ഹർദയാൽ, കർത്താർ സിംഗ് സരാബ, സോഹൻസിംഗ് ഭക്‌നാ എന്നുള്ള പേരുകളും കേട്ടിരുന്നില്ല. അമേരിക്കയിൽ വന്ന് വർഷം പതിമൂന്ന് കഴിഞ്ഞപ്പോഴാണ് ബ്രിട്ടീഷ് അടിമത്തത്തിനെതിരെയും, ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കുമായി പ്രവർത്തിച്ച ഇവരുടെ പേരുകൾ കേൾക്കുന്നത്.

രണ്ടു വർഷം മുൻപാണ് ദന്പതികളും ബേർക്കലി പൂർവ്വ വിദ്യാർത്ഥികളുമായ അനിർവൻ ചാറ്റർജിയും ബെർണാലി ഘോഷും നടത്തുന്ന ‘ബേർക്കലി സൗത്ത് ഏഷ്യൻ റാഡിക്കൽ ഹിസ്റ്ററി വാക്കിങ് ടൂറിനെ കുറിച്ചറിയുന്നത്. അറിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ അതിനായി ടിക്കറ്റെടുത്തു.

വേനൽകാലത്ത് ജൂൺ മുതൽ ഒക്ടോബർ വരെ എല്ലാ ശനിയും ഞായറുമാണ് ടൂർ സംഘടിപ്പിക്കുന്നത്. ബേർക്കലിയിലെ സൗത്ത് ഏഷ്യക്കാരുടെ നൂറു വർഷത്തെ പുരോഗമന ചരിത്രത്തിന്റെ ഹൃദയമിടിപ്പിലൂടെ മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു കാൽനട.

അമേരിക്കയിൽ വർഷങ്ങളോളം ജീവിച്ചിട്ടും സൗത്ത് ഏഷ്യക്കാർ നടത്തിപ്പോന്ന പുരോഗമന പ്രസ്ഥാനങ്ങളെക്കുറിച്ചും അവരുടെ മനുഷ്യാവകാശ പോരാട്ടങ്ങളെ കുറിച്ചും കേട്ടിരുന്നില്ല എന്നത് ചെറിയൊരു ജാള്യതയോടെയാണ് മനസ്സിൽ കടന്നു വരുന്നത്; അന്നും ഇന്നും. തിരക്കിനിടയിൽ  ഇതൊക്കെ അറിയാൻ ആർക്കാണ് സമയം എന്നുള്ള പൊതു ന്യായം സ്വയം അണിയുന്നില്ല, പകരം ഇനി ആരും അറിയാതെ പോകണ്ട എന്ന് കരുതി ഈ കുറിപ്പെഴുതുന്നു.

ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കുട്ടികളുടെ സ്‌കൂൾ വിശേഷങ്ങളും, പിയാനോ ക്ലാസ്സുകളും, ഫേസ്‌ബുക്ക് പോസ്റ്റുകളും കൾച്ചർ വിളമ്പലുകളും, പതിനായിരക്കണക്കിന് ഡോളർ  ചെലവാക്കി ആർഭാടമായി നടത്തുന്ന അരങ്ങേറ്റങ്ങളും, സ്റ്റേജ് ഷോകളും, ആരാധനാലയ പരിപാടികളും ഭജനകളും എല്ലാം കഴിഞ്ഞ് ഇതിനൊക്കെ സമയം കണ്ടെത്തൽ ശരാശരി മലയാളിക്കും ഇന്ത്യക്കാർക്കും ബുദ്ധിമുട്ടാവണം. കംപ്യൂട്ടർ സ്‌ക്രീനിൽ കണ്ണും നട്ട്  കീബോർഡിൽ വിരലും വിളയിച്ച് ബാങ്ക് അകൗണ്ടിൽ ഡോളര്‍ കായ്ക്കുന്നതും നോക്കിയുള്ള ഇരുപ്പ് ഒരിക്കലും അവസാനിക്കില്ലല്ലോ. ഇതൊന്നും ഇല്ലാഞ്ഞിട്ടു പോലും ഈയുള്ളവനും വർഷം കുറെ കഴിഞ്ഞു കംപ്യൂട്ടർ കോഡിന് അപ്പുറത്തുള്ള സൗത്ത് ഏഷ്യൻ ആക്ടിവിസത്തെ കുറിച്ചറിയാൻ.

ഏതായാലും ഇനിയെങ്കിലും ആരെങ്കിലും ഈ വഴി വരുന്പോൾ ഫേസ്‌ബുക്കിന്റെ ഓഫീസിന്റെ മുൻപിൽ ഒരു സെൽഫി എടുക്കുന്നതിന്റെ കൂടെ ഈ ടൂര്‍ കൂടി ലിസ്റ്റിൽ ചേർക്കുക. ഈ കാൽനട നിങ്ങളുടെ പലരുടെയും ഉള്ളിലേക്കുള്ള ഒരു യാത്ര തന്നെയായിരിക്കും, എനിക്കുണ്ടായതു പോലെ.

രണ്ടു മൈൽ നീണ്ടു പോകുന്ന ഈ ടൂർ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകം തൊട്ട് സൗത്ത് ഏഷ്യക്കാർ നടത്തി വരുന്ന പേരാട്ടങ്ങളിലേക്ക് നിങ്ങളെ കൊണ്ടു പോകുന്നു, കംപ്യൂട്ടർ സ്‌ക്രീനുകളിൽ മില്യണുകളുണ്ടാക്കിയ സൗത്ത് ഏഷ്യൻ കഥകളിൽ നിന്നും വളരെ വ്യത്യസ്തമായ ചിലത് പറയുന്ന ഒരു യാത്ര.

ബേർക്കലി ആസ്പദമാക്കിയാണെങ്കിലും ഈ ടൂർ അമേരിക്കയിലെ ഒരു നൂറ്റാണ്ട് നീളുന്ന സൗത്ത് ഏഷ്യൻ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. കൂട്ടത്തിൽ ദേശി ആഫ്രിക്കൻ അമേരിക്കൻ കൂട്ടായ്മയെ കുറിച്ച് കൂടുതൽ പഠിക്കാനും ചർച്ച ചെയ്യാനും നിങ്ങളെ പ്രേരിപ്പിക്കും.

ബേ ഏരിയയിലെ ഏറ്റവും ആദ്യത്തെ LGBTQ സെന്ററുകളിൽ ഒന്നായ ബേർക്കലിയിലെ ‘പസിഫിക് സെന്റർ ഫോർ ഹ്യുമൺ ഗ്രോത്ത്’ ഓഫീസിന്റെ പടിക്കൽ നിന്നും ടൂർ ആരംഭിക്കുന്നു. അനിർവനും ബർണാലിയും ആദ്യം നമ്മളെ പരിചയപ്പെടുത്തുന്നത്  ടേക് വ്യവസായിയും  ആക്ടിവിസ്റ്റുമായ ബംഗ്ളാദേശ് സ്വദേശി അലി ‘ടിക്കു’ ഇശ്തിയാഖിന്റെ കഥയാണ്. ലോകത്തിലെ ആദ്യത്തെ സൗത്ത് ഏഷ്യൻ LGBTQ പ്രസ്ഥാനമായ ത്രികോണിന്റെ സ്ഥാപകനാണ് ടിക്കു.

berkley-tour-image4

അവിടെ നിന്നും കാൽനടയായി ബീറ്റ് ജെനെറേഷനിലെ ജാക്ക് കെറ്വക്കും ഗിൻസ്‌ബെർഗും തമ്പടിച്ചിരുന്ന കഫെ മെഡിറ്ററേനിയനിൽ നിന്ന് ചായയും കുടിച്ച് ബെർക്കലി കാമ്പസിലേക്ക് ടൂർ നീങ്ങുന്നു. ഇന്ത്യയിൽ അടിയന്തിരാവസ്ഥ നടക്കുന്ന കാലത്ത് അതിനെതിരെ ബേർക്കലിയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള ഒരു സ്ട്രീറ്റ് പ്ളേ റെപ്ലികേഷൻ. അന്നത്തെ പ്രക്ഷോഭങ്ങളുടെ രീതിയും പോസ്റ്ററുകളും മറ്റു പലതും നമ്മളുമായി ടൂർ വൊളന്ററിയർസ് പങ്കു വയ്ക്കുന്നു.

ഇന്നുള്ളതുപോലെ അമേരിക്കൻ സ്ഥാപനങ്ങൾ വഴിയോ സ്വന്തം പണം മുടക്കിയോ അല്ല മുന്‍കാലങ്ങളില്‍ ബഹുഭൂരിപക്ഷവും ഇവിടെ പഠനത്തിനായി എത്തിയിരുന്നത്; എല്ലാവരും ഇന്ത്യൻ ഗവൺമെന്റിന്റെ സ്കോളർഷിപ്പിലായിരിക്കും. ഗവൺമെന്റിനെതിരെ ശബ്ദമുയർത്തിയാൽ സ്കോളർഷിപ്പ് റദ്ദാക്കലിൽ തുടങ്ങി നാട്ടിലേക്ക് തിരിച്ചു വിളിച്ച് ജയിൽ വാസവും സംഭവിക്കാം. പ്രക്ഷോഭകാരികളുടെ പേരുകൾ തരണമെന്ന് പലപ്പോഴായി ഇന്ത്യൻ ഗവൺമെന്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും യൂണിവേഴ്സിറ്റി അധികൃതർ അത് കൊടുക്കാൻ തയ്യാറായിരുന്നില്ല. തങ്ങളുടെ പേരും ഐഡന്റിറ്റിയും മനസ്സിലാക്കിയാൽ ഇന്ത്യൻ ഗവണ്മെന്റ് നാട്ടിലുള്ള ബന്ധുക്കളെ ബുദ്ധിമുട്ടിക്കാൻ സാധ്യതയുണ്ടെന്ന് കരുതിയിട്ടാവണം പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ബ്രൗൺ ബാഗുകൾ കൊണ്ട് മുഖം മറച്ചിരുന്നത്.

ഈ ടൂറിന്റെ വോളന്റീയർസ് പലരും ആപ്പിളും ഫേസ്ബുക്കും പോലുള്ള കമ്പനികളിൽ നല്ല ജോലി ചെയ്യുന്നവരാണെന്ന് മനസ്സിലാക്കണം. ആക്ടിവിസവും പ്രഫഷനും ഒരുമിച്ചു കൊണ്ടു പോകാം അല്ലെങ്കിൽ കൊണ്ടു പോകണം എന്ന് കരുതുന്ന ഒരു കൂട്ടം യുവതീ യുവാക്കൾ.

ടൂറിലെ ഒരു പ്രധാനമായ ഭാഗം കർത്താർ സിംഗ് സാരാബയുടെ ജീവിതത്തിലേക്കുള്ള യാത്രയാണ്. 1910ൽ ബേർക്കലിയില്‍ വിദ്യാർത്ഥിയായിരുന്ന കർത്താർ ഒരു kartar-singh-sarabha1സ്വാതന്ത്ര്യ സമര സേനാനിയും ഗദ്ദർ പാർട്ടിയുടെ ആദ്യകാല പ്രവർത്തകനുമായതിന്റെ കഥ. ബ്രിട്ടീഷ് സാമ്രാജ്യവുമായി സായുധ വിപ്ലവം നടത്താൻ കച്ച കെട്ടി കർത്താർ  ഇന്ത്യയിലേക്ക് വരുന്നു.

ബ്രിട്ടീഷ് ഇന്ത്യൻ ആർമി മുഖേന ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിക്കാനാണ് ഗദ്ദർ മ്യൂട്ടിനി ശ്രമിച്ചത്. ബ്രിട്ടിഷുകാർ പിടികൂടി ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട്  1915 -ന്റെ കീഴിൽ സ്ഥാപിച്ച പ്രത്യേക ട്രൈബ്യൂണലിന്റെ ഭാഗമായി നടത്തിയ തെളിവെടുപ്പിൽ 42 പേരെ വധശിക്ഷക്ക് വിധേയരാക്കപ്പെടുന്നു. അതിൽ 19 വയസ്സുകാരനായ കർത്താർ സിംഗ് സാരാബയും ഉൾപ്പെടുന്നു. ലാഹോർ കോൺസ്പിറസി ട്രയലിന്റെ ഭാഗമായി 16 November 1915 -ൽ ബ്രിട്ടിഷുകാർ തൂക്കിലേറ്റിയ അമേരിക്കയിലെ ബേർക്കലി യൂണിവേഴ്സിറ്റി വിദ്യാർത്ഥി കർത്താർ സിംഗാണ് ഇന്ത്യക്കാർ എന്നും ഓർക്കുന്ന ഷഹീദ് ഭഗത്ത് സിംഗിനെ ഏറ്റവുമധികം സ്വാധീനിച്ച സ്വാതന്ത്ര്യ സമര സേനാനി. അമേരിക്കയിൽ പഠിക്കാൻ വരുന്നവരും, പഠിച്ചവരുമായ എത്ര പേർക്ക് ഇതറിയാം എന്നത് ഒരു രസമുള്ള ചോദ്യമായിരിക്കും.

ലോകത്തിലുടനീളമുള്ള ഇന്ത്യക്കാരും, ബേർക്കിലിയിലും അമേരിക്കയിലെ പല യൂണിവേഴ്സിറ്റികളിലും പഠിക്കാൻ വരുന്നവരും, ജോലിക്ക് വരുന്നവരും എല്ലാം ഈ കഥ അറിഞ്ഞിരിക്കണം.
berkley-tour-image1ലോകത്ത് ഇതുപോലെ പലയിടത്തും ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പോരാട്ടങ്ങൾ നടത്തിയ പലരും ചരിത്രപുസ്തകങ്ങളിൽ ചെറിയ കോളങ്ങളിൽ അടയാളപ്പെടുത്തപ്പെട്ട്  അല്ലെങ്കിൽ അതുപോലും സംഭവിക്കാതെ അറിയാതെ പോയിട്ടുണ്ടാവണം. അവരുടെ കഥകളും ലോകമറിയണം.

കർത്താർ താമസിച്ചിരുന്ന സ്ഥലത്തിനടുത്തെത്തുന്പോൾ കർത്താറിന്റെ കവിത അനിർവൻ ചൊല്ലുന്നു. അതിന്റെ മലയാളം പരിഭാഷയുടെ ഒരു ശ്രമം ഞാനിവിടെ ചേർക്കുന്നു

നമ്മളാരെന്ന് ആരെങ്കിലും ചോദിച്ചാൽ
വിപ്ലവകാരിയെന്നാണ് പേരെന്ന് പറയണം
സ്വേച്ഛാധിപത്യം അവസാനിപ്പിക്കുകയാണ് കർമ്മമെന്നും
ഒരു വിപ്ലവം തുടങ്ങുക എന്നതാണ് തൊഴിലിനും
അവരോടു പറയണം
അതാണ് നമ്മുടെ നാമാസെന്ന്
നമ്മുടെ സന്ധ്യയെന്ന്
നമ്മുടെ പൂജയും പ്രാർത്ഥനയുമെന്ന്
നമ്മുടെ മതവും നമ്മുടെ ജോലിയും അതാണെന്ന്

ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും അടിയന്തിരാവസ്ഥക്കാലവും കഴിഞ്ഞ് അടുത്ത കാലത്ത് ഇന്ത്യക്കാർ മുഖ്യ പങ്കു വഹിച്ച ആധുനിക അടിമത്ത്വത്തിന്റെ കഥയിലെക്ക് നമ്മൾ ചെന്നെത്തുന്നു. നാട്ടിൽനിന്ന് കബളിപ്പിച്ചും, പറഞ്ഞു പറ്റിച്ചും അമേരിക്കയിലേക്ക് കൊണ്ടു വന്ന സ്ത്രീകളെ ലൈംഗീക കച്ചവടത്തിലേക്കിറക്കി പണമുണ്ടാക്കിയ വൻ ദേശീയ ഹ്യൂമൺ ട്രാഫിക്കേർസിന്റെ കഥ. കൂടെ അവരെ നിയമത്തിനു മുൻപിൽ കൊണ്ടു വന്ന് ശിക്ഷ വാങ്ങിക്കൊടുത്ത, ടെക്ക് ജോലിയും പൊതു പ്രവർത്തനവും ഒരേ നാണയത്തിന്റെ രണ്ടു വശം പോലെ കൊണ്ടു നടക്കുന്ന സൗത്ത് ഏഷ്യൻ ആക്ടിവിസ്റ്റുകളുടെ കഥ.

berkley-tour-image3

സൗത്ത് ഏഷ്യൻ ഐടി എൻജിനീയർമാർ എഴുതിവിട്ട ലക്ഷോപലക്ഷം കമ്പ്യൂട്ടര്‍ കോഡുകളുടെയിടയിൽ നഷ്ട്ടപ്പെട്ടു പോകാതെ ഇങ്ങനെയുമുണ്ട് ചില കഥകൾ എന്ന് ഓർക്കണം.

ടൂർ അവസാനിക്കുന്നത് ബേർക്കലി ഹൈസ്‌കൂളിന്റെ മുറ്റത്താണ്. സെപ്റ്റംബർ പതിനൊന്നിനു,  9/11 -നു ശേഷം സ്‌കൂളുകളിൽ നിലവിലുണ്ടായിരുന്ന സംഘർഷാവസ്ഥ തരണം ചെയ്യാൻ ധൈര്യം കൈവിടാതെ, വയലൻസ് ഉപയോഗിക്കാതെ ചെറുത്തു നിന്ന ടീനേജ് സൗത്ത് ഏഷ്യക്കാരുടെ കഥ. സമത്വവും മതേതരത്വവും പുസ്തകങ്ങളിൽ മാത്രം വച്ചു പുലര്‍ത്തി, സ്വന്തം കാര്യം വരുമ്പോള്‍ ജാതിയും മതവും മുന്‍നിര്‍ത്തി പ്രതികരിക്കുന്ന മുതിര്‍ന്ന തലമുറ  ഈ ടീനേജേഴ്‌സിൽ നിന്നു വേണം പലതും പഠിക്കാൻ.

കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്കയിൽ സൗത്ത് ഏഷ്യക്കാർ വളരെ സ്റ്റീരിയോടൈപ്ഡ് ആണ്.മോശമായ രീതിയിലുള്ള സ്റ്റീരിയോടൈപ്പിംഗ് അല്ലെങ്കിലും എല്ലാ വിധ സ്റ്റീരിയോടൈപ്പിങ്ങും ഒരു സമൂഹത്തിനെ എന്നും പുതിയ വഴികൾ കണ്ടെത്തുന്നതില്‍ നിന്ന് വിലക്കിയിട്ടേ ഉള്ളു.

മെഡിക്കൽ, ഐ.ടി, റെസ്റ്ററന്റ്, റിയൽ എസ്റ്റേറ്റ്, റിസേർച്ച്  എന്നിങ്ങനെ ചില വിഭാഗങ്ങളിൽ മാത്രം ഒതുങ്ങി നിലക്കുകയോ പ്രാഗൽഭ്യം നേടുകയോ ചെയ്യുക എന്നത് ഒരു സൗത്ത് ഏഷ്യൻ ചിന്താഗതിയാണ്. അതു കൊണ്ടു തന്നെ സ്വന്തം കുട്ടികളെയും ആക്ടിവിസത്തിൽ നിന്നും മാറ്റി നിർത്താൻ പല മാതാപിതാക്കളും ശ്രമിക്കുന്നതിൽ അത്ഭുതമില്ല. ഇതിനെ തരണം ചെയ്യാനാവണം  ബേർക്കലി കേന്ദ്രീകരിച്ച് സൗത്ത് ഏഷ്യൻ ആക്ടിവിസം ഗ്രൂപ്പിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ഫെല്ലോഷിപ്പ് തുടങ്ങിയത്. ഇരുപതു വയസ്സ് തികഞ്ഞ സൗത്ത് ഏഷ്യക്കാരെ സോഷ്യൽ ആക്ടിവിസമായും മനുഷ്യാവകാശ സമരങ്ങളായും പരിചയപ്പെടുത്തലാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം. ഡോക്ടറോ എൻജിനീയറോ ആകുമ്പോഴും, മനസ്സിൽ ലോകത്തെ വളരെ വിശാലമായും ആഴത്തിലും കാണാൻ കഴിയുന്ന ഒരു ആക്ടിവിസ്റ് ഉണ്ടാവണം എന്നത് ഒരു വെറും വാക്കാവാതിരിക്കാൻ ഇത് പോലുള്ള പ്രോഗ്രാമുകൾ സഹായിക്കും.

ഇവിടെ ജനിച്ചു വളർന്ന, വരും ജനറേഷൻ സൗത്ത് ഏഷ്യക്കാർ സ്റ്റീരിയോടൈപ്പ് റോളുകൾ വിട്ട് രാഷ്ട്രീയം, സിനിമ, എന്റർടൈൻമെന്റ്  എന്നീ രംഗങ്ങളിലും ഇപ്പോൾ ധാരാളം കടന്നു വരുന്നുണ്ട്. ഇനി അമേരിക്കയിലും ധാരാളം സൗത്ത് ഏഷ്യൻ ആക്ടിവിസ്റ്റുകളെ കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല.

ചരിത്രം മുഴുവൻ പഠിച്ചോ എന്നത് പ്രസക്തമല്ല, നമ്മുടെ സമൂഹത്തിനെ ബാധിക്കുന്ന ഓരോന്നിന്റെയും ചരിത്രം എന്തെന്ന് ചികഞ്ഞു പരിശോധിക്കുന്നവർക്ക് മാത്രം തുറന്നു വരുന്നതാണ് പല കഥകളും. ലോകത്തിൽ പല ഭാഗങ്ങളിലും ഇങ്ങനെയുള്ള കഥകൾ ഉണ്ടായിരിക്കാം.നാലഞ്ചു ദശാബ്ദക്കാലം മുൻപ് ലോകത്ത് പലയിടത്തായി ചേക്കേറിയ സൗത്ത് ഏഷ്യക്കാരെക്കുറിച്ചോ അവരുടെ ജീവിത ത്യാഗങ്ങളെക്കുറിച്ചോ അവർ പങ്കെടുത്തിരുന്ന പോരാട്ടങ്ങളെക്കുറിച്ചോ പറഞ്ഞതും, എഴുതപ്പെട്ടതുമായ നാമറിയുന്ന കഥകൾ  മുഴുവൻ ചരിത്രം നമുക്ക് പകർന്നു തരില്ല എന്ന് തോന്നുന്നു.

berkley-tour-image2

അമേരിക്കയിൽ എത്തിയപ്പോൾ പലപ്പോഴും ഞാൻ ചോദിക്കാറുണ്ടായിരുന്നു “ആരാണ് ഇവിടെ വന്ന ആദ്യത്തെ ഇന്ത്യക്കാരൻ” “ഏത് വർഷമായിരുന്നു അത്” എന്നൊക്കെ. അന്നൊന്നും ആരും ഒന്നും പറഞ്ഞിരുന്നില്ല. വിവേകാനന്ദൻ ചിക്കാഗോവിൽ വന്നിരുന്നു എന്നു പറയും. ബേർക്കലിയിൽ പഠിക്കാൻ വന്നിട്ട് അത് വേണ്ടെന്നു വച്ച് ഇന്ത്യക്ക് സ്വാതന്ത്ര്യം വാങ്ങാനായി തിരിച്ച ഹർദയാലിനെക്കുറിച്ചോ കർത്താർ സിംഗിനെക്കുറിച്ചോ ആരും അറിഞ്ഞിരുന്നില്ല. ഇവിടെ വരുന്ന പുതിയ സൗത്ത് ഏഷ്യക്കാർ എന്നോട് ചോദിക്കുകയാണെങ്കിൽ ഏതായാലും കുറച്ചു കൂടി വിസ്തരിച്ചു പറയാനൊരു ചരിത്രമുണ്ട്.

എന്നെ ഈ യാത്രയിൽ പങ്കാളിയാക്കിയ അനിർവനും ബെർണാലിക്കും നന്ദി.

വായനക്കാരോട്

ഇനി സാൻ ഫ്രാൻസികോ ബേ ഏരിയയിൽ വരുന്പോൾ തീർച്ചയായും നിങ്ങൾ “ബേർക്കലി സൗത്ത് ഏഷ്യൻ റാഡിക്കൽ ഹിസ്റ്ററി വാക്കിങ് ടൂറിൽ” പങ്കെടുക്കുക

Comments

comments