കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പദ്ധതിയായിരുന്നു ഭൂരഹിതരായ ആദിവാസി വിഭാഗത്തിലെ ഓരോ കുടുംബത്തിനും അവർക്കിഷ്ടപ്പെട്ട സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരേക്കർ ഭൂമി സർക്കാർ വാങ്ങി നൽകുന്ന ആശിക്കും ഭൂമി പദ്ധതി. സർക്കാരിന്റെ സ്വപ്ന പദ്ധതി എന്ന് വിശേഷിപ്പിച്ച ഇത് പക്ഷേ ഗുണഭോക്താക്കളായ ആദിവാസികൾക്ക് വെറും പകൽ സ്വപ്നം മാത്രമായി മാറി. ചില തല്പരകക്ഷികളും ആദിവാസി വിഭാഗങ്ങളിലെ ചില നേതാക്കളും കൂട്ടുചേർന്ന് കോടിക്കണക്കിന് രൂപയുടെ പകൽകൊള്ള നടത്തിയ കൊടും അഴിമതി മാത്രമായിരുന്നു ആശിക്കും ഭൂമി പദ്ധതി.
ആദിവാസികൾ വിവിധ മേഖലകളിൽ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റീസ്. ഡോ. സിറിയക്ക് ജോൺ ഈ അടുത്തകാലത്ത് വയനാട് സന്ദർശിച്ചിരുന്നു. തുടർന്ന് വിവിധ ആദിവാസി ഊരുകളിൽ കമ്മീഷൻ നടത്തിയ തെളിവെടുപ്പിൽ ആദിവാസികൾ അത് വാസ്തവമാണെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി ഇപ്പോൾ ഭൂമി വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് അന്വോഷണത്തിനും ഉത്തരവായിരിക്കുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആദിവാസി വിഭാഗത്തിൽ നിന്നുമുള്ള ഒരു പട്ടികവർഗ്ഗ മന്ത്രിയും, ഒരു എം.എൽ.എ യും കൂടി വയനാടിനെ പ്രതിനിധീകരിച്ചിരുന്ന സമയത്താണ് ഇത്രയും കൊടിയ അഴിമതി നടന്നതെന്ന് പറയുമ്പോഴാണ് ഈ അഴിമതിയുടെ ഭീകരത മനസ്സിലാക്കേണ്ടത്. ഇത് വിവാദമായതിനു ശേഷവും ഉത്തരവാദികളായ നേതാക്കൾ മൗനം പാലിക്കുകമാത്രമാണ് ചെയ്യുന്നത്. മാദ്ധ്യമ ചർച്ചകൾക്കൊന്നും അധികം ദിവസം ആയുസ്സുണ്ടാകില്ല എന്നതാണ് വാസ്തവം. പൊതു സമൂഹത്തിന്റെ പുറംപോക്കിലെ കുടിയാൻമാരായ പട്ടിണിപ്പാവങ്ങളുടെ പ്രശ്‌നം ഇടതുപക്ഷത്തിനും, വലതുപക്ഷത്തിനും, ബി.ജെ.പി ക്കും വലിയ താൽപ്പര്യമുള്ള വിഷയമായിരുന്നില്ല എന്നതിനാലാകും എല്ലാവരും മൗനം വരിക്കുന്നത്. അല്ലെങ്കിൽ പാർട്ടികൊടികൾക്ക് കീഴിൽ അണികൾ കുറയുമെന്ന ഭയത്താലാകും.
ജില്ലാ കലക്ടർ ചെയർമാനായും അതിനുതാഴെ തഹസിൽദാർ, ഡപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നീ റവന്യൂ ഉദ്യോഗസ്ഥരും പ്രൊജക്ട് ഓഫീസർ ഡവലപ്‌മെന്റ് ഓഫീസർ, എക്‌സറ്റൻഷൻ ഓഫീസർ എന്നീ ട്രൈബൽ വകുപ്പിലെ ഉദ്യോഗസ്ഥരും അതാത് മേഖലകളിലെ ‘ട്രൈബൽ വിഭാഗത്തിൽ നിന്നുള്ള പ്രാദേശിക നേതാക്കളെയും ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിച്ച് ആ സമിതി മുഖാന്തിരം യതാർത്ഥ ഗുണഭോക്താക്കളായ ആദിവാസികളെ കണ്ടെത്തണം. അങ്ങനെ കണ്ടെത്തിയ ഭൂമിയിൽ റോഡ്, വൈദ്യുതി, വെള്ളം എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട് എന്ന് ഉറപ്പ് വരുത്തിയ ശേഷം ഗുണഭോക്താക്കളായ ആദിവാസികളെ കാണിച്ച് അവർക്ക്കൂടി ഭൂമി ഇഷ്ടപ്പെടുന്നുണ്ടോ എന്ന് ആരായണം. അതിനുശേഷംമാത്രമേ ആ ഭൂമി പരമാവധി 10 ലക്ഷം രൂപയുടെ ബഡ്ജറ്റിൽ ആദിവാസികൾക്ക് നൽകാൻ പാടുള്ളൂ എന്നായിരുന്നു ഭൂമി എടുക്കലിന് സർക്കാർ ഉത്തരവിൽ പറഞ്ഞ മാനദണ്ഡം. എന്നാൽ മേൽപറഞ്ഞ യാതൊരു നടപടിക്രമവും പാലിച്ചില്ലെന്ന് മാത്രമല്ല റോഡ്, വൈദ്യുതി, വെള്ളം പോലും ഇല്ലാത്ത, കൃഷിയോഗ്യം അല്ലാത്ത ഭൂമിയാണ് കണ്ടെത്തി നൽകിയത്. പലസ്ഥലത്തും കൊടുത്ത ഭൂമിയിലെ മരങ്ങൾ മുഴുവൻ ഈ മാഫിയ മുറിച്ച്‌വിൽക്കുകയുമുണ്ടായിട്ടുണ്ട്. സർക്കാർ ജോലികളിലുള്ള ആദിവാസികളായ ഭൂഉടമകൾപോലും പലസ്ഥലത്തും യഥാർത്ഥ ഗുണഭോക്താക്കളെ മാറ്റി നിർത്തി പട്ടികയിൽ ഇടം പിടിച്ചു. പൊതുജനത്തെ വെറും കഴുതകളാക്കി പൊതു നികുതി കൊള്ളയടിച്ചാണു ആശിക്കും ഭൂമി പദ്ധതി നടപ്പിലാക്കപ്പെട്ടത്.
ഭൂമാഫിയകളും ചില മാദ്ധ്യമപ്രവർത്തകരും രാഷ്ട്രീയ ഭേദമന്യേ ചില നേതാക്കളും ഉദ്യോഗസ്ഥലോബിയും ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള ചില ക്ഷേമപ്രവർത്തകരും കൂടി കൈകോർത്ത് തികച്ചും ആസൂത്രിതമായി നടപ്പിലാക്കിയതാണു ഈ തട്ടിപ്പ്. ഈ പദ്ധതി പ്രഖ്യാപിച്ചപ്പോൾതന്നെ ട്രൈബൽ വകുപ്പിലെ പല വൻകിട കരാറുകാരും ഭൂമാഫിയയും ഇടനിലക്കാരായിനിന്ന് കുറഞ്ഞ വിലക്ക് ഒരുപാട് ഭൂമി വാങ്ങിക്കൂട്ടിയിരുന്നു. ആദിവാസികൾക്ക് നൽകിയ ഭൂമിയുടെ രജിസ്‌ട്രേഷൻ പരിശോധിച്ചാൽത്തന്നെ ഇത് ബോധ്യമാകും. ഒരു മാസത്തിനിടയിൽ പല കൈകൾ മറിഞ്ഞാണ് ഈ ഭൂമി ആദിവാസികൾക്ക് ലഭിക്കുന്നത്. ലേഖകനായ ഞാൻ ആ സമയത്ത് ട്രൈബൽ വകുപ്പിലെ പ്രമോട്ടറായി ആ വകുപ്പിൽ ജോലി ചെയ്തിരുന്നു. ആദിവാസി ക്ഷേമത്തിനായി നിയോഗിച്ച ഉദ്യോഗസ്ഥർ ഏറിയ പ്രവൃത്തി ദിവസങ്ങളിലും ഓഫീസിൽ ഉണ്ടാകാറില്ല. നിർദ്ധന രോഗികളും മറ്റ് പല വിഷമതകൾ നേരിടുന്ന ആദിവാസികളും എത്രയോ തവണകൾ ഓഫീസറെ കാണാൻ വീണ്ടും വീണ്ടും വരേണ്ടി വന്നിട്ടുണ്ട്. ഓഫീസർമാരെല്ലാം തന്നെ ഈ സമയം ഭൂമി നോക്കുന്ന വെറും ബ്രോക്കർമാരായി മാറി എന്നതാണ് സത്യം. ഇതിന് വേണ്ടി ഈ കാലയളവിൽ അവരുടെയോ ബന്ധുക്കളുടെയോ പേരിൽ ബാങ്ക് അക്കൗണ്ടിൽ എത്ര ലക്ഷങ്ങൾ വന്നു എന്ന് പരിശോധിച്ചാൽതന്നെ ഇതിനുവേണ്ട തെളിവ് ലഭിക്കും. പ്രസ്തുത ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുകയും അന്വേഷണത്തിൽ ഇവർ കുറ്റക്കാരെന്ന് തെളിഞ്ഞാൽ അവരെ സർവ്വീസിൽ നിന്ന് പിരിച്ചു വിടുകയും വേണം. ഈ തട്ടിപ്പിന്റെ മറ്റൊരു ഇടനിലക്കാരായ ആദിവാസി നേതാക്കളെ മാതൃകാപരമായി ശിക്ഷിക്കാൻ നടപടി ഉണ്ടാകണം. എങ്കിൽ മാത്രമേ സ്വന്തം സമുദായത്തിന്റെ പിച്ചചട്ടിയിൽ കൈ ഇട്ട് വാരാൻ ഇനി വരുന്നവരെങ്കിലും അറക്കുകയുള്ളൂ. ഇതിന് കൂട്ട് നിന്ന പൊതു പ്രവർത്തകരെ പൊതു പ്രവർത്തനത്തിൽ നിന്നും അയോഗ്യരാക്കാൻ ഈ അന്വേഷണംകൊണ്ട് കഴിയില്ലെന്നറിയാം. എന്നാലും ഇത്തരം പുഴുക്കുത്തുകൾ സമൂഹമദ്ധ്യത്തിൽ ഉള്ളടത്തോളംകാലം ഇതിലും വലിയ അഴിമതികൾ സമീപഭാവിയിൽ ഉണ്ടാകും എന്നതിൽ യാതൊരു സംശയവുമില്ല.
ആദിവാസികളെ വെറും വോട്ടുബാങ്കായി മാത്രം കാണാതെ അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വതവും ക്രിയാത്മകവുമായ നടപടികൾ എത്രയും വേഗം സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. അല്ലാത്തപക്ഷം ജീവിക്കാൻ ഒരുപിടി മണ്ണിനും തൊഴിലിനുമായി അവർ അക്രമമാർഗ്ഗങ്ങളിലേക്ക് തിരിഞ്ഞേക്കുന്ന കാലം ആസന്നമാണു. എന്നാലത് മുത്തങ്ങ സമരം പോലുള്ള വെറും സമരമായിരിക്കുകയില്ല. ഓരോ പീഡിതനും നാളെയുടെ സൂര്യനായി മാറുമെന്ന ചരിത്ര സത്യം ഇനിയും അവഗണിക്കുകയരുത്.
Be the first to write a comment.