എം.പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ജലാംശം എന്ന ചലച്ചിത്രം ഇറങ്ങിയിട്ട് രണ്ടു വര്‍ഷമായി. എങ്കിലും ആ ചിത്രം കണ്ടവരോ വിലയിരുത്തിയവരോ അപൂര്‍വമാണ്. നിരൂപകര്‍ ഈ ചിത്രത്തെ ഏതാണ്ട് 21644_634198ഒഴിവാക്കിയെന്ന് തന്നെ പറയാം. മാസികകളിലും വാരികകളിലും ഈ ചിത്രമോ അതിന്റെ സംവിധായകനോ പരാമര്‍ശിക്കപ്പെട്ടില്ല. ചലച്ചിത്രോല്‍സവങ്ങളിലും അവാര്‍ഡ് പങ്കിട്ട് നല്കലുകളിലും ഇത് ഇടം പറ്റിയതേ ഇല്ല. ചുരുക്കത്തില്‍, മലയാളികള്‍  നിഷ്ക്കരുണം മൂലയ്ക്ക് തള്ളിയ ഒരു ചിത്രമാണിത്. ജലാംശം എന്ന  പേര് തന്നെ കേട്ടിട്ടുള്ളവര്‍ കുറവായിരിക്കും.

ഈ ചിത്രം ഇറങ്ങിയതിനു ശേഷം ഇറങ്ങിയ ചെറുപ്പക്കാരുടേതായ പല ചിത്രങ്ങളും അവാര്‍ഡുകള്‍ വാങ്ങുകയും കേരള സര്‍ക്കാരിന്റെ പ്രദര്‍ശനശാലകള്‍ വഴി പ്രദര്‍ശിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. അവയ്ക്കൊക്കെ നല്ല പ്രസിദ്ധി downloadകിട്ടിയിട്ടുമുണ്ട്. പ്രേക്ഷകരുടെ, അല്ലെങ്കില്‍, സിനിമ സസ്സൂക്ഷ്മം വീക്ഷിക്കുന്നവരുടെ, അഭിരുചിയ്ക്കനുസരിച്ച് ഈ ചിത്രം ഉയരുന്നില്ലെന്നതായിരിക്കാം ഒരു കാരണം. ചിത്രത്തിന്‍റെ ചലച്ചിത്ര ഭാഷ പഴയതാണ് എന്നതായിരിക്കാം ഇതിന്റെ അടിസ്ഥാനം. പക്ഷെ, എനിക്ക് തോന്നിയിട്ടുള്ളത് പുതിയതെന്നു അഭിമാനിക്കുന്ന പല ചിത്രങ്ങളുടെയും ഭാഷ പഴയത് തന്നെയാണ് എന്നാണ്. ഒരു കഥ പറയാനുള്ള മാധ്യമം എന്ന രീതിയിലല്ലാതെ അവയും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

പക്ഷെ, പറയുന്ന കഥയില്‍ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. ഈ ചിത്രങ്ങള്‍ കൂടുതലും ഇപ്പൊഴത്തെ ജനപ്രിയപ്രശ്നങ്ങളായ ദളിത്‌ പ്രശ്നം, സ്ത്രീവിമോചനപ്രശ്നം, പരിസ്ഥിതിപ്രശ്നം, എന്നും വിജയിക്കുന്ന അസ്തിത്വപ്രശ്നം, വര്‍ഗപ്രശ്നം, വര്‍ഗീയതാ പ്രശ്നം തുടങ്ങിയവയ്ക്കൊപ്പം സഞ്ചരിക്കുന്ന ഫോര്‍മുലപ്പടങ്ങള്‍ ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈ പ്രശ്നങ്ങളിലൂടെ എന്നും കടന്നു പോവുകയും പക്ഷം പിടിക്കുകയും എന്നിട്ടും എല്ലാം പഴയ പടി നില കൊള്ളുകയും ചെയ്യുന്ന ഒരു വിചിത്ര സമൂഹമാണ് നമ്മുടേത്‌. അതിനനുസരിച്ചാണ് ചലച്ചിത്രകല സൃഷ്ട്ടിക്കപ്പെടുന്നത്. കാണികള്‍ പ്രതീക്ഷിക്കുന്നത് തന്നെയാണ് അവര്‍ക്ക് കൊടുക്കുന്നത്. കലാചിത്രങ്ങളുടെ ഫോര്‍മുലയെ കുറിച്ചാണ് ഞാന്‍ പറയുന്നത്.

എന്നാല്‍, ജലാംശം ഈ സങ്കല്പ്പങ്ങളെയൊക്കെ ഉടച്ചു കളയുന്നു. കാണികളും, രാഷ്ട്രീയവീക്ഷകരും, നിരൂപകരും, അവാര്‍ഡ് കമ്മിറ്റികളും, പുതുതലമുറയും പ്രതീക്ഷിക്കുന്ന പ്രശ്നാധിഷ്ടിതവികാരവിരേചനം ഈ ചിത്രം നല്‍കുന്നില്ല. തികച്ചും ഏകാന്തമായ ഒരു ജലപാതയിലൂടെയാണ് ഈ ചിത്രം ഒഴുകിക്കൊണ്ടിരിക്കുന്നത്. നിലവിലുള്ള രാഷ്ട്രീയപഠനങ്ങളില്‍ നിന്ന്നൊഴിഞ്ഞുമാറി കേരളീയസമൂഹത്തില്‍ വന്നു കഴിഞ്ഞിട്ടുള്ള ചില മാറ്റങ്ങളെ യാതൊരു വിധി പറച്ചിലും കൂടാതെ അവതരിപ്പിക്കുകയാണ് ഈ ചിത്രം. അതിനാല്‍, ഇതിന്മേല്‍ കടിച്ചുതൂങ്ങാനുള്ള മാംസം കുറവായതായിരിക്കും എല്ലാ കാര്യത്തിലും `കൃത്യമായി’ വിധി പറയുന്ന കേരള സമൂഹത്തിനു ഈ ചിത്രത്തോട് ഉണ്ടായ അനിഷ്ട്ടത്തിനു കാരണം. ദൃശ്യമാധ്യമക്കാര്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന വാക്കാണല്ലോ `തീര്‍ച്ചയായും’. എല്ലാം തീര്‍ച്ചയായ സമൂഹത്തിനു ഒട്ടും തീര്‍ച്ചയില്ലാത്ത ഈ ചിത്രത്തോട് വൈരമുണ്ടാവുന്നത് സ്വാഭാവികം.

ചിത്രത്തിന്‍റെ `പ്രശ്ന പരിസരം’ ഒന്ന് നോക്കിയാല്‍ ഇത് വ്യക്തമാവും. എട്ടിനൊന്നു പതമ്പ് എന്ന്  പറഞ്ഞു കാര്ഷികസമരങ്ങള്‍ നടന്നുകൊണ്ടിരുന്ന കാലമാണ് ആദ്യത്തേത്. പൊതുവേ, 70 കളുടെ തുടക്കം എന്നൊക്കെ പറയാം. കുഞ്ഞൂഞ്ഞ് എന്ന് വിളിപ്പേരുള്ള പച്ചക്കറി കൃഷി മാത്രം ചെയ്തു പരിചയമുള്ള നായകന്‍ ( ജനപ്രിയ നടനായ ജഗദീഷ് ആണ് ഈ വേഷം മനോഹരമായി ചെയ്തിരിക്കുന്നത്) കൊറേ നിലം തരിശിട്ടിട്ടുള്ള നശിച്ചു പോയ ജന്മി കുടുംബവുമായി അടുക്കുന്നു. അവരുടെ കുറച്ചു നിലം പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്യലാണ് ഉദ്ദേശ്യം. ഭാര്യയും മൂന്ന് 03096_572805പെണ്‍കുഞ്ഞുങ്ങളുമുള്ള അയാള്‍ അവിടത്തെ സ്ത്രീയുമായി അടുക്കുന്നു. അയാളുടെ കുഞ്ഞിനെയാണ് അവര്‍ പ്രസവിക്കുന്നത്. ഇതിനിടയില്‍ പതമ്പ് അളക്കുന്നതിനെ ചൊല്ലി അയാളും തൊഴിലാളികളും തമ്മില്‍ തര്‍ക്കം മുറുകുന്നു. അയാള്‍ സ്വന്തം മകളെപ്പോലെ സ്കൂളില്‍ ചേര്‍ക്കുകയും മറ്റും ചെയ്ത കറമ്പിയും അവളുടെ ഭര്‍ത്താവുമാണ് അയാള്‍ക്കെതിരെ നില്‍ക്കുന്നത്. ആവേശത്തില്‍ അയാള്‍ കറമ്പിയുടെ ഭര്‍ത്താവിനേയും അച്ഛനെയും വെട്ടി വീഴ്ത്തുന്നു. ഇത്രയും ഭാഗങ്ങള്‍ ഫ്ലാഷ് ബാക്ക് ആണ്.

കുഞ്ഞൂഞ്ഞ് ജയില്‍ മോചിതനായി തിരിച്ചെത്തുന്ന ഇടത്ത് നിന്നാണ് ചിത്രം ആരംഭിക്കുന്നത്. ജയിലില്‍ നെല്‍കൃഷി ചെയ്തതിനു അയാള്‍ക്ക്‌ പാരിതോഷികമായി കിട്ടിയ ‘ഒറ്റ വയ്ക്കോല്‍ വിപ്ലവം’ എന്ന പുസ്തകത്തില്‍ നിന്നാണ് അയാള്‍ കുഞ്ഞൂഞ്ഞ് ആണെന്ന് നാട്ടുകാര്‍ അറിയുന്നത്. അയാള്‍ക്ക്‌ പോകാന്‍ വീടില്ല. ഭാര്യ തൂങ്ങിമരിച്ചു. മക്കള്‍ മഠത്തില്‍ ആണ്. മൂത്ത  മകള്‍ വിദേശത്തു പോയി ഒരു വെള്ളക്കാരനെ കല്യാണം കഴിച്ചിരിക്കുന്നു. മനയില്‍ അയാള്‍ക്ക്‌ ജനിച്ച കുഞ്ഞു ഇപ്പോള്‍ യുവാവാണ്.

ഏകദേശം 80 കളുടെ അവസാനമാണ് ഈ കാലഘട്ടം എന്ന് പറയാം. മനയ്ക്കലെ ചെക്കന്‍ ട്രാക്ടറില്‍ മണ്ണടിക്കാന്‍ പോകുന്നുണ്ട്. കറമ്പിയ്ക്ക് ഇപ്പോള്‍ എവിടുന്നോ വന്ന ഒരാണ്‍തുണയുണ്ട്. പട്ടണത്തില്‍ അവര്‍ക്ക് ഒരു ഫാസ്റ്റ് ഫുഡ്‌ കടയുണ്ട്. jalaamsham-malayalam-movie-jagadish-photos-00192-600x415മറ്റാരുമില്ലാത്ത അയാളെ സ്വന്തം ഭര്‍ത്താവിനെയും അച്ഛനെയും കൊന്ന ആളായിട്ട് പോലും കറമ്പിയാണ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുന്നത്. അവരൊന്നും ഇപ്പോള്‍ കൃഷിപ്പണിക്ക് പോകുന്നില്ല. കൃഷിയൊക്കെ തരിശിട്ടു വീടുകള്‍ കെട്ടാന്‍ തുടങ്ങുന്ന കാലമാണ്. പട്ടണത്തിലെ ബാറില്‍ നല്ല തിരക്കാണ്. പിടിച്ചുപറിയും മോഷണവും നാട്ടിലെങ്ങും പരന്നിരിക്കുന്നു. ജയിലില്‍ വെച്ച് കിട്ടിയ പരിശീലനത്തിന്റെ ഭാഗമായി കുഞ്ഞൂഞ്ഞ് ഒരു പോക്കറ്റടിക്കാരനായി മാറുന്നു. വെള്ളമടിക്കാന്‍ വേണ്ടി മാത്രം. കറമ്പി തന്റെ അച്ഛന്റെ പ്രായമുള്ള അയാളുമായി ശാരീരികമായി അടുക്കുന്നു.

പിന്നീടു നമ്മള്‍ കുഞ്ഞൂഞ്ഞിനെ കാണുന്നത് ഒരു കൊള്ളസംഘത്തിന്റെ കൂടെ പോലീസുകാരാല്‍ ആമം വെക്കപ്പെട്ട നിലയിലാണ്. ടെലിവിഷന്‍ വാര്‍ത്തയിലൂടെയാണ് ഇതറിയുന്നത്. ജയിലിലായ കുഞ്ഞൂഞ്ഞിന് കറമ്പി എഴുതുന്ന കത്തിലൂടെ നമ്മളറിയുന്നു, അവള്‍ ഗര്‍ഭിണി ആണെന്നും അത് പെണ്‍ കുഞ്ഞാണെന്ന് അവള്‍ക്ക് ഉറപ്പാണെന്നും. ആ കുഞ്ഞിനു എട്ടു വയസ്സുള്ളപ്പോള്‍ ആണ് കുഞ്ഞൂഞ്ഞ് ജയിലില്‍ നിന്നിറങ്ങുന്നത്. അവര്‍ മൂന്നു പേരും വള്ളത്തില്‍ സഞ്ചരിക്കുമ്പോള്‍ കറമ്പി അയാളോട് പറയുന്നു – വിതയും കൊയ്ത്തുമുള്ള ഒരു ദേശത്തേക്ക് നമുക്ക് പോകാമെന്ന്. മോളെ കള പറിക്കാനും പുഞ്ച നടാനും പഠിപ്പിക്കാമെന്ന്. അങ്ങനെയൊരു (സാങ്കല്‍പ്പിക) ദേശത്തേക്ക് അവരുടെ ബോട്ട് സഞ്ചരിക്കുന്നു.

ഇത്രയും വിശദമായി ഇതിവൃത്തത്തെ ഇവിടെ എഴുതേണ്ടി വന്നത് ഈ ചിത്രം അത്രയധികം അടരുകളെ പ്രകാശിപ്പിക്കുന്നു എന്നുള്ളത് കൊണ്ടാണ്. മുന്‍പ് പറഞ്ഞ പ്രശ്നാധിഷ്ടിതവികാരവിരേചനം നടത്തുന്ന ചിത്രങ്ങളിലെ ഇതിവൃത്തം ഒരു പാരയില്‍ ഒതുക്കാം. ഇവിടെ പ്രശ്നങ്ങള്‍ അത്ര ലളിതമല്ല. പലപ്പോഴും, പ്രതിലോമകരം എന്ന് തന്നെ പറയാവുന്ന രീതിയിലാണ് ഇത് സൃഷ്ട്ടിചിട്ടുള്ളത്. അതായത്, പെട്ടെന്ന് കിട്ടാവുന്ന കൈയ്യടികളില്‍ സംവിധായകന്/എഴുത്തുകാരന് താല്‍പ്പര്യമില്ലെന്ന് അര്‍ത്ഥം.

ഇരുപതു-മുപ്പതു വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ സംഭവിച്ചു കഴിഞ്ഞ പല മാറ്റങ്ങള്‍ ഈ ചിത്രം ഉള്‍ക്കൊള്ളുന്നുണ്ട്. കൃഷിപ്പണിയുടെ കാര്യം തന്നെ എടുക്കാം. കര്‍ഷകത്തൊഴിലാളികളുടെ സമരങ്ങള്‍ അവയുടെ ഉച്ചത്തില്‍ നിന്ന കാലത്താണ് നായകന്‍ പ്രതിനായകനായി രണ്ടു തൊഴിലാളികളെ വരമ്പത്ത് വെട്ടിക്കൊല്ലുന്നത്. പക്ഷെ, പിന്നീടു വരുന്ന മാറ്റങ്ങളില്‍ കേരളം കാര്‍ഷികവൃത്തിയെത്തന്നെ കൈയ്യൊഴിയുന്ന ഒരു ചിത്രമാണ് വ്യക്തമാകുന്നത്. വാസ്തവത്തില്‍, നായകന്‍ jalaamsham-malayalam-movie-stills-00989-600x434പെട്ടെന്ന് ചെയ്ത ഒരു ഘോരകൃത്യം സമൂഹം മൊത്തം മെല്ലെ മെല്ലെ ചെയ്യുന്ന ഒരു ചരിത്രമാണ് ഇവിടെ നമ്മള്‍ കാണുന്നത്. കൃഷിപ്പണിയുടെ ഏറ്റവും വലിയ ശത്രു തൊഴിലാളിയെ കൊന്ന കുഞ്ഞൂഞ്ഞല്ല, പാടത്ത് വീട് പണിതവര്‍ ആണ്/ നിലം തരിശിട്ടവര്‍ ആണ്/ കൃഷിപ്പണിക്കാരന്‍ വെള്ളക്കോളര്‍ കാരനേക്കാള്‍ താഴ്ന്നവന്‍ ആണ് എന്ന ബോധം നാട്ടില്‍ വളര്‍ത്തിയവര്‍ ആണ് എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. സാമര്‍ത്ഥ്യം ഉള്ളവര്‍ ഉയരങ്ങളില്‍ എത്തുന്ന മുതലാളിത്ത വര്‍ഗ സമീപനമാണ് രാഷ്ട്രീയപാര്‍ട്ടികളും പിന്തുടര്‍ന്നത്‌. ആ സമീപനം തന്നെ നാട്ടുകാരും പിന്തുടര്‍ന്ന ചിത്രമാണ് ഇവിടെ കാണുന്നത്. കുഞ്ഞൂഞ്ഞു ഒരു ഏകനായ കൊലയാളിയല്ല, കാര്‍ഷികവൃത്തിയെ കൊല ചെയ്യുന്നതില്‍ ആഘോഷത്തോടെ പങ്കു ചേര്‍ന്ന ഒരു സമൂഹത്തിന്റെ പ്രതീകമാണ് അയാള്‍.

അത് കൂടാതെ, വളരെ വേഗം ക്രിമിനല്‍ വല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിഫലനമാണ് കുഞ്ഞൂഞ്ഞില്‍ നമ്മള്‍ കാണുന്നത്. പോക്കറ്റടിക്കുന്നവനും അടിക്കപ്പെടുന്നവനും ഒന്നാണ് ഇവിടെ. ഒരു കൊള്ളയെ ആസ്വാദ്യകരമായ ഒരു വിഭവമായാണ് നാട്ടുകാര്‍ ടെലിവിഷനിലൂടെ കാണുന്നത്. (ഇക്കാലത്ത് ക്രൈം എന്നത് പ്രൈം ടൈം വിഭവം തന്നെയാണല്ലോ.) ഗുണ്ടകള്‍ക്കും കൊലയാളികള്‍ക്കും വലിയ സ്വീകാര്യതയുണ്ട് ഇപ്പോള്‍. പുറമേ സദാചാരനിരതര്‍ ആണെങ്കിലും എല്ലാ ബലാത്സംഗങ്ങളും പുരുഷന്മാര്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ഈയൊരു മാറ്റത്തെയും കൂടിയാണ് കുഞ്ഞൂഞ്ഞു പ്രതിനിധാനം ചെയ്യുന്നത്.

കുഞ്ഞൂഞ്ഞിന്റെ വ്യക്തിജീവിതം നോക്കിയാല്‍ ആകെ അരാജകമായ അവസ്ഥയാണ് ഉള്ളതെന്ന് കാണാം. ഒരു നായകനില്‍/നായക സ്വരൂപത്തില്‍/പ്രതീകത്തില്‍ പ്രശ്നാധിഷ്ടിതവികാരവിരേചനക്കാര്‍ ചെലുത്തുന്ന ധര്മാധര്‍മ ബോധമൊന്നും അയാളെ അലട്ടുന്നതായി തോന്നുന്നില്ല. മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ ഉള്ള അയാള്‍ മനയ്ക്കലെ സ്ത്രീയെ ഭോഗിക്കുകയും അതില്‍ കുഞ്ഞുണ്ടാവുകയും സ്വന്തം കുഞ്ഞിനെപ്പോലെ അതിനെ എടുത്തു ഭാര്യയുടെ മുന്നില്‍ തന്നെ അയാള്‍ ലാളിക്കുകയും ചെയ്യുന്നുണ്ട്. അഴകന്റെ ഭാര്യ മരിക്കുമ്പോള്‍ ആവശ്യപ്പെട്ട പ്രകാരമാണ് കുഞ്ഞൂഞ്ഞ് കറമ്പിയെ ( അവളെ ദളിത എന്ന് ഇന്നത്തെ ഭാഷയില്‍ വിളിക്കാം) പള്ളിസ്കൂളില്‍ ചേര്‍ത്തുന്നത്. അതേ കറമ്പിയാണ് അയാള്‍ക്കെതിരെ സമരം ചെയ്യുന്നത്. അതേ കറമ്പിയാണ് അയാളെ കൂടെ പാര്‍പ്പിക്കുന്നതും അയാളില്‍ നിന്നും ഗര്‍ഭം ധരിക്കുന്നതും. ഒടുവില്‍ തങ്ങളുടെ കുഞ്ഞുമായി അയാള്‍ ജയിലില്‍ നിന്ന് ഇറങ്ങുന്നതും കാത്തു നില്‍ക്കുന്നതും  ഒരു (ഇല്ലാത്ത) ഭാവിലോകം സ്വപ്നം കാണുന്നതും അതേ കറമ്പിയാണ്. ഇവരെല്ലാം സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുകയും അതേ സമയം അമ്പരിപ്പിക്കുന്ന വിധം സ്വന്തം വ്യക്തിത്വങ്ങളുടെ അടരുകളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നവരാണ്. ഇത്തരം കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ ഇല്ലെന്നു തന്നെ പറയാം. ഇവരെല്ലാവരും എന്താണ് നമുക്ക് കാണിച്ചുതരുന്നത്? അത് സിദ്ധാന്തങ്ങള്‍ക്ക് അപ്പുറം നില്‍ക്കുകയും സിദ്ധാന്തങ്ങളെ പിന്നീടു ആവേശിക്കുകയും ചെയ്യുന്നവരാണ് അവര്‍ എന്നാണു. കറമ്പി ഒരു ദളിത്‌ സ്ത്രീയാണ് എന്നത് സിദ്ധാന്തങ്ങള്‍ അവള്‍ക്കു മേലെ ചാര്തിക്കൊടുക്കാനുള്ള ഒരുപായമായല്ല ഇതില്‍ കാണുന്നത്.

വാസ്തവത്തില്‍, ഈ സിനിമയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത് കറമ്പിയാണ്. അവള്‍ക്കാണ് ക്രിമിനലായ കുഞ്ഞൂഞ്ഞിനോടും, വെറും പൊട്ടനായ സുന്ദരനോടും ഒരേ പോലെ സ്നേഹത്തോടെ പെരുമാറാന്‍ കഴിയുന്നത്‌. കുഞ്ഞൂഞ്ഞിനുണ്ടാകാന്‍ പോകുന്ന കുഞ്ഞിനെപ്പറ്റിയും നല്ലവനായ സുന്ദരനെപ്പറ്റിയും ഒരേ പോലെ സംസാരിക്കാന്‍ കഴിയുന്നത്‌. ക്രിമിനലായ കുഞ്ഞൂഞ്ഞിനോടൊപ്പം (സമൂഹത്തോടൊപ്പം) അവസാനം തോണിയാത്ര ചെയ്യുമ്പോളും മകളെ കളപറിക്കുന്നത്‌ പഠിപ്പിക്കണമെന്ന് പറയാന്‍ കഴിയുന്നത്‌. ( ഭൂമിശാസ്ത്രപരമായി മാത്രമല്ല, സാമൂഹ്യപരമായി തന്നെ) ഒരു മരുപ്രദേശമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍  അവശേഷിക്കുന്ന ജലാംശമാണ് വിത്ത്‌ വിതയ്ക്കാന്‍ ഇടം തേടുന്ന കറമ്പിയെന്ന ഈ ദളിതസ്ത്രീ.

ഇത്രയും സങ്കീര്‍ണമായ ഒരു ഇതിവൃത്തത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ അവലംബിച്ചിരിക്കുന്ന സംവിധാനരീതി വളരെ ലളിതമാണ്. ഒരിടത്തുപോലും കഥാപാത്രങ്ങള്‍ ആവേശിതരാവുന്നത് കാണാന്‍ കഴിയില്ല. തങ്ങളില്‍ തന്നെ വന്നു ചേര്‍ന്നിരിക്കുന്ന മാറ്റങ്ങളെ അവര്‍ ഉള്‍ക്കൊള്ളുന്നത് വളരെ ലാഘവത്തോടെയാണ്. എന്ത് ചെയ്താലും, അവര്‍ നല്ല മനുഷ്യരായിത്തന്നെ തുടരുന്നു എന്നതാണ് ഇതിന്റെ കാതല്‍. കെ.ജി.ജയന്റെ ക്യാമറ ഒരു തരത്തിലും ഗിമ്മിക്കുകള്‍ക്ക്‌ പുറകെ പോകുന്നില്ല. അതെ സമയം വീണു കിടക്കുന്ന ഒരു മരത്തിന്റെ വേരുകളില്‍ തുടങ്ങി പരന്നുകിടക്കുന്ന ജലാശയത്തിന്റെ അവസാന ദൃശ്യം വരെ ക്യാമറ അതിന്റെ പണിചെയ്യുന്നുണ്ട്. പ്രത്യേകിച്ചു സിനിമ അവസാനിക്കുന്ന നീണ്ട ഷോട്ട് പ്രത്യെകം പറയേണ്ടതാണ്. കാരണം അന്‍വര്‍ അലിയുടെ വരികള്‍ക്കും ജെമിനി ഉണ്ണികൃഷ്ണന്റെ സംഗീതത്തോടും ഒപ്പം കറമ്പിയില്‍ നിന്ന് തുടങ്ങി പരന്നു കിടക്കുന്ന ജലാശയത്തിനു മേലെ പാറി നില്‍ക്കുന്ന സൂര്യനെ കാണിച്ചുതരുന്ന ദൃശ്യമാണ് അത്. ആ വരികളോടെ ഇതവസാനിപ്പിക്കാം.

ഉലകം വയലാക്കി
വെട്ടം വിതച്ചോനെ
സകലസ്ഥലം ജലവും
കൃഷിഭൂമി ആക്ക്യോനെ
പകലോനെ പുലയോനെ
ആയിരം കതിരോനെ.
കാലത്തിന്‍ കണ്ടത്തില്‍
ഓര്മ വിതച്ചോനെ
മഴയും മാമാരിയും
മറവിയും കൊയ്തോനെ
പകലോനെ പുലയോനെ
ആയിരം കതിരോനെ.

Comments

comments