അനശ്വരകവിതകൾ  – അനശ്വരരുടെ കവിതകൾ- 4

രണ്ടാം ലോകമഹായുദ്ധത്തിൽ നേരിട്ട് പങ്കെടുത്തു വീരമൃത്യു വരിച്ച 33 റഷ്യൻ കവികളുടെ യുദ്ധകാല കവിതകൾ ആണ് ‘ഇമ്മോർട്ടാലിറ്റി’ എന്ന കവിതാസമാഹാരത്തിൽ നിന്നും തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്നത്.

 

ബോറിസ് ആന്ദ്രേയേവിച്ച് ബൊഗാട്കോവ്സി

15292898_1460519847309780_304969164_oബോറിസ് ആന്ദ്രേയേവിച്ച് ബൊഗാട്കോവ് 1922 സെപ്റ്റംബറില്‍ ഏഷ്യന്‍ റഷ്യയുടെ ഭാഗമായ ക്രാസ്നോയോര്‍ഴ്സ്കയിലെ പ്രവീശ്യയിലെ ആക്കിന്‍സ്കില്‍ ജനിച്ചു. അച്ഛനും അമ്മയും അദ്ധ്യാപകരായിരുന്നു. ബോറിസിനു 10 വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. പിന്നെ അമ്മായി ആണ് ബോറിസിനെ വളര്‍ത്തിയത്. ആക്കിന്‍സ്ക്, ക്രാസ്നോയോര്‍ഴ്സ്ക്, നോവോസിബിഴ്സ്ക് എന്നിവിടങ്ങളില്‍ ആയിരുന്നു പഠനകാലം ചിലവഴിച്ചത്. കുട്ടിക്കാലം മുതല്‍ക്കേ കവിതയിലും ചിത്രരചനയിലും കഴിവ് കാട്ടിയിരുന്നു. പുഷ്കിന്‍, ലെര്‍മോണ്ടോവ്, മയകോവ്സ്കി, ബാഗ്രിട്സ്കി, അസീയെവ് തുടങ്ങിയവരുടെ കവിതകളെല്ലാം നല്ല പരിചയമായിരുന്നു ബോറിസിന്. 1938 ല്‍ അദ്ദേഹത്തിന്‍റെ Thoughts On The Red Flag എന്ന കവിതയ്ക്ക് All-Union Review of Children’s Literary Works പുരസ്‌കാരം കിട്ടി. 1940 ല്‍ ബൊഗാട്കോവ് മോസ്കോവില്‍ എത്തി ഒരേ സമയം മത്സ്യബന്ധനബോട്ടില്‍ ജോലിയെടുക്കുകയും ഗോര്‍ക്കി സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സായാഹ്നപഠനം നടത്തുകയും ചെയ്തു.

മഹത്തായ ദേശാഭിമാനയുദ്ധം ( The Great Patriotic War എന്നാണ് റഷ്യക്കാര്‍ രണ്ടാം ലോകയുദ്ധത്തിനെ വിശേഷിപ്പിച്ചിരുന്നത്. ) തുടങ്ങിയ ഉടനെ ബൊഗാട്കോവ് പട്ടാളത്തില്‍ ചേര്‍ന്നു. നാസി പട്ടാളത്തിന്‍റെ ഷെല്‍ ആക്രമണത്തില്‍ കഠിനമായി പരിക്കേറ്റ അദ്ദേഹത്തിനെ സൈന്യത്തില്‍ നിന്നും പിരിച്ചുവിട്ടു. 1942 ല്‍ അദ്ദേഹം നോവോസിബിഴ്സ്കി യിലേയ്ക്ക് തിരിച്ചു പോവുകയും റഷ്യന്‍ വാര്‍ത്താ ഏജന്‍സി ആയ ‘ടാസ്സി’ന്‍റെ പൊതു പ്രദര്‍ശനത്തിനായി – display window – അദ്ദേഹം ആക്ഷേപഹാസ്യകവിതകള്‍ എഴുതുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ധാരാളം കവിതകള്‍ പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതും ഇക്കാലത്താണ്. വീണ്ടും യുദ്ധരംഗത്തേയ്ക്ക് പോകണമെന്ന് അദ്ദേഹം വാശി പിടിച്ചു. അവസാനം സൈബീരിയന്‍ സന്നദ്ധസൈന്യ വിഭാഗത്തില്‍ ജോലിയ്ക്ക് ചേര്‍ന്നു.യുദ്ധമുന്നണിയില്‍ പട്ടാളക്കാര്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ത്തന്നെ അദ്ദേഹം കവിതയും ദേശഭക്തിഗാനങ്ങളും എഴുതി.

1943 ഓഗസ്റ്റ്‌ 11 ന് സ്മോലെന്‍സ്ക് യെല്‍നിയ പ്രദേശങ്ങളിലായി പരന്നു കിടക്കുന്ന നെസ്ദിലോവ്സ്കായാ കുന്നിന്‍പ്രദേശത്തിനായുള്ള ഏറ്റുമുട്ടലില്‍ ബൊഗാട്കോവും സംഘവും ശത്രുപാളയത്തിലെ എല്ലാ ട്രെഞ്ചുകളും തകര്‍ത്തു. ഈ ഏറ്റുമുട്ടലില്‍ ബൊഗാട്കോ മരിച്ചു. അദ്ദേഹത്തിന്‍റെ അര്‍ദ്ധയന്ത്രത്തോക്കുകള്‍ ആ ഡിവിഷനിലെ ഏറ്റവും നല്ല പട്ടാളക്കാരന് കൊടുത്തു.

ബൊഗാട്കോവിന്‍റെ പേര്‍ വരും തലമുറകള്‍ക്കായി ചരിത്രത്തില്‍ രേഖപ്പെടുത്തിവച്ചിട്ടുണ്ട്.


റഷ്യൻ കവിത – ബോറിസ് ആന്ദ്രേയേവിച്ച് ബൊഗാട്കോവ്
ഇംഗ്ലീഷ് മൊഴിമാറ്റം : റൊണാള്‍ഡ് വ്റൂണ്‍
മലയാളമൊഴി : അച്യുതന്‍ വടക്കേടത്ത് രവി

ആക്രമണത്തിനു മുന്നെ  

കാട്ടിലെ തുറസ്സായ സ്ഥലത്തുകൂടി എളുപ്പവഴിയുണ്ട്
ഇരുനൂറുവാര യാത്ര ചെയ്‌താല്‍ ശത്രു സങ്കേതമായി
ഒരു കുതിപ്പേ വേണ്ടൂ അവിടെയെത്താന്‍
അത് അത്ര വലിയ ദൂരമൊന്നുമല്ല.
അതത്ര എളുപ്പമല്ലെന്ന്, ചാരന്മാര്‍ക്കും പാറാവിനുമറിയാം
കാട്ടിലെ വെളിമ്പ്രദേശം ആരുടേയുമല്ല,
മരങ്ങള്‍ക്കപ്പുറം ശത്രുക്കള്‍ ഒളിച്ചിരിപ്പുമുണ്ട്
ഫാസിസ്റ്റുകളുടെ കുഴിബോംബുകള്‍ മണ്ണില്‍,
ദൂരെ മഞ്ഞിലും, പുതഞ്ഞ് കിടക്കുന്നു.
യന്ത്രത്തോക്കുകളുടെ തിളങ്ങുന്ന നീലക്കുഴലുകള്‍
ഞങ്ങളുടെ നീക്കങ്ങളെ ദുഷ്ടതയോടെ ശ്രദ്ധിയ്ക്കുന്നു.
അവരുടെ കയ്യില്‍ നിറതോക്കുകളാണ്
കാവല്‍ക്കാരന്‍ ജാഗ്രതയോടെ ഉണര്‍ന്നിരിപ്പാണ്.
ഭയം മറച്ചുവച്ച്, ആ കാട്ടുകള്ളന്മാര്‍, ഞങ്ങളുടെ
കയ്യേറിയ വിശാലമായ പുല്‍മേടുകള്‍ക്ക് കാവലാണ്.
ഞാന്‍ ശത്രുവിനെ നോക്കി. ങേ! റഷ്യക്കാരനൊ?
എനിക്ക് എന്‍റെ ദേഷ്യം അടക്കാന്‍ കഴിയുന്നില്ല.
ടോമ്മി ഗണ്ണിന്‍റെ* കുഴലു തലോടി
വിരലുകള്‍ കാഞ്ചിയില്‍ പിടി മുറുക്കി.
മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നഗരങ്ങള്‍.
വിതയ്ക്കാത്ത വയലുകള്‍.
ഈ വെളിമ്പ്രദേശത്തിനപ്പുറത്തുള്ള എന്‍റെ റഷ്യ
എന്‍റെയല്ലെന്നത് എന്നെ വേദനിപ്പിയ്ക്കുന്നു.
ഞാന്‍ എന്‍റെയൊപ്പം പൊരുതുന്നവരെ നോക്കുന്നു-
ഗാഢമായ ചുളിവുകള്‍ വീണ അവരുടെ നെറ്റിത്തടങ്ങള്‍,
എന്‍റെ ഹൃദയത്തെ മഥിക്കുന്ന അതേ വികാരം,
നീതിയുക്തമായ, വിശുദ്ധമായ ഒരു ക്രോധം.
ഞങ്ങള്‍ ഉറപ്പിച്ചു, ഈ ജന്മസ്ഥലം വീണ്ടെടുക്കും,
-ഞങ്ങളുടെ പട്ടാളക്കാര്‍ക്കറിയാം, ഒന്നും തടസ്സമല്ലെന്ന്
ശക്തമായ എറ്റുമുട്ടലുകള്‍,
തൊട്ടുരുമ്മി പറന്നുപോകുന്ന വെടിയുണ്ടകള്‍,
കുഴിബോംബുകള്‍ തുപ്പുന്ന തീപ്പൊരികള്‍ – :
ഞങ്ങള്‍ വളരെ നാളായി കാത്തിരിയ്ക്കുന്ന,
ഒരേയൊരു കല്‍പ്പന കിട്ടുകയാണെങ്കില്‍ : “ മുന്നേറുക ”

*അമേരിക്കന്‍ അര്‍ദ്ധയന്ത്രത്തോക്ക് ജോണ്‍ ടി തോംപ്സണ്‍ കണ്ടു പിടിച്ചു.ഇത് നിരോധിയ്ക്കപ്പെട്ട കാലത്ത് ധാരാളം ഉപയോഗിയ്ക്കുകവഴി കുപ്രസിദ്ധമായിരുന്നു.ടോമ്മി ഗണ്‍ എന്ന വാക്കുതന്നെ വിവര്‍ത്തനത്തില്‍ ഉപയോഗിച്ചത് ഈ വിവരം നല്‍കുവാന്‍തന്നെ. ഇതിന്‍റെ ഉപയോഗത്തില്‍ ഉള്ള ഒരു തമാശ ഇത് നിയമപാലകരും ക്രിമിനലുകളും ഉപയോഗിയ്ക്കുന്നുവെന്നാണ്.


 

Comments

comments