കാന്തത എന്ന വാക്കിനു എന്‍റെ മനസ്സില്‍ ഒരു അര്‍ഥമുണ്ട്, ഒരു രൂപമുണ്ട്അത് നാഗമ്മാമിയുടേതാണ്എനിക്ക് ഒരു മൂന്നു വയസ്സുള്ളപ്പോള്‍ മുതല്‍ കാണുന്നതാണത്പതിനെട്ട് മുഴം പുടവയുടുത്ത്ബ്ലൌസിടാതെനരച്ചു തുടങ്ങിയ മുടി കെട്ടിവെച്ച് കൈയില്‍ ജപമാലയുമായി വരുന്ന നാഗമ്മാമിയെഅവരെക്കുറിച്ച് ഞാന്‍ എഴുതിയില്ലെങ്കില്‍ പിന്നെ മറ്റാരെഴുതുമെന്ന് എന്‍റെ അനിയത്തി കഴിഞ്ഞ ദിവസവും എന്നോട് ചോദിച്ചു.

നാഗമ്മാമിയെ പതിമൂന്ന് വയസ്സില്‍ കല്യാണം കഴിപ്പിച്ചു. അന്ന് എല്‍ എം പി പാസ്സായ ഒരു ബ്രാഹ്മണ യുവാവിനെ.പതിനാലു വയസ്സില്‍ മാമി പ്രസവിച്ചുപതിനഞ്ചു വയസ്സില്‍ വിധവയായിമാമിയുടെ സഹോദരന്‍ അക്കാലത്തേ എം എസ് സിയും മറ്റും പാസ്സായിവലിയ ഉദ്യോഗവും പദവിയും മറ്റും വഹിച്ചിരുന്നുഅതുകൊണ്ട് വളയും മറ്റും ഇടീച്ചില്ലെങ്കിലും കുങ്കുമം ഇല്ലാതാക്കിയെങ്കിലും മാമിയെ തല മൊട്ടയടിക്കുകയോ ഗോതമ്പ് നിറമുള്ള പുടവ ധരിപ്പിക്കുകയോ ചെയ്തില്ലഅദ്ദേഹത്തിനു ആ രണ്ടു കാര്യങ്ങളിലും വലിയ എതിര്‍പ്പുണ്ടായിരുന്നു.

നാഗമ്മാമി മകളെ പഠിപ്പിച്ചു. ഗ്രാമത്തില്‍ ആദ്യമായി പത്താംക്ലാസ്സ് പാസ്സായത് നാഗമ്മാമിയുടെ മകള്‍ തങ്കമാണ്മകളെ പതിനാറു വയസ്സില്‍ കല്യാണം കഴിപ്പിച്ച് ബോംബെയ്ക്ക് അയച്ചുമകള്‍ അങ്ങനെ വളരെ നേരത്തെ ബോംബെക്കാരിയായി മാറി.

അന്നൊക്കെ നാഗമ്മാമിയ്ക്ക് അവരുടെ അമ്മ കൂട്ടുണ്ടായിരുന്നു.

അമ്മ മരിച്ച രാത്രിയെപ്പറ്റി നാഗമ്മാമി ഇങ്ങനെ ഓര്‍മ്മിക്കുന്നത് പലപ്പോഴും ഞാന്‍ കേട്ടിട്ടുണ്ട്.

‘ കൊഞ്ചം നേരത്തിലെ നാന്‍ ചെത്ത് പോയ് ടുവേന്‍.. പൊണം പാക്കുമ്പോത് തനിയാ ഇരുക്കറ ഒനക്ക് ഭയമാകുംഅശലാത്ത് ലേന്ത് ആരെയാവത് ഇപ്പോതേ കൂപ്പിട്ടുക്കോ 

അമ്മതാന്‍ മരിക്കാറായിയെന്നും ശവം കാണുമ്പോള്‍ അമ്മയുടെതാണെങ്കിലും ഏകാകിനിയായി ജീവിക്കുന്ന മകള്‍ക്ക് ഭയമാകുമെന്നും അതുകൊണ്ട് അയല്‍പ്പക്കത്തു നിന്ന് ആരേയെങ്കിലും ഉടനെ വിളിച്ച് വരുത്തണമെന്നും നിര്‍ബന്ധിച്ചുഅയല്‍പ്പക്കത്തെ വീട്ടില്‍ നിന്ന് ആള്‍ക്കാര്‍ വന്നെത്തിയിട്ടേ അമ്മ മരിച്ചുള്ളൂഅത്രയ്ക്കായിരുന്നു ആ അമ്മയുടെ കരുതല്‍അറുപത്തഞ്ചാം വയസ്സിലും ആ ഓര്‍മ്മയില്‍ നാഗമ്മാമി വിതുമ്പലോടെ കണ്ണീരൊഴുക്കിയിരുന്നു.

ബ്രാഹ്മണ വിധവകള്‍ പാലിക്കുന്ന എല്ലാ വ്രതങ്ങളും ആചാരങ്ങളും അവര്‍ കൃത്യമായി ചെയ്തുഅത്താഴം കഴിക്കില്ലഏകാദശിയും ഷഷ്ഠിയും പ്രദോഷവും പൌര്‍ണമിയും അമാവാസിയും ശുദ്ധോപവാസമാണ്കടുത്ത അയിത്തവും ശുദ്ധവും തെറ്റാതെ പാലിച്ച് നാട്ടുകാരെയെല്ലാം വെറുപ്പിച്ചുപ്രത്യേകിച്ച് പുതു തലമുറയെഎപ്പോഴും ജപമാലയുരുട്ടി കോടിക്കണക്കില്‍ നാമം ചൊല്ലി..

കുട്ടികളായ ഞങ്ങളോട് അവര്‍ ആദ്യമൊക്കെ കടുത്ത അകല്‍ച്ച കാണിച്ചിരുന്നുഎങ്കിലും അമ്മീമ്മ അവരുമായി സൌഹൃദം പുലര്‍ത്തിപ്പോന്നുഅക്കാര്യം ചര്‍ച്ച ചെയ്യുമ്പോഴെല്ലാം എനിക്കവരോട് നന്ദിയുണ്ട്… എന്നും ഉണ്ടാവുകയും ചെയ്യും‘ എന്നൊരു മറുപടിയാണ് അമ്മീമ്മയില്‍ നിന്ന് കിട്ടിയിരുന്നത്അതിന്‍റെ കാരണം ഞങ്ങള്‍ കുറച്ച് മുതിര്‍ന്നപ്പോഴാണ് അറിഞ്ഞത്ആ അറിവ് കിട്ടും മുമ്പേ ജാതീയതയുടേ ശുദ്ധാശുദ്ധങ്ങളില്‍ പെടുത്തി ഞങ്ങളെ അവര്‍ നിശിതമായി മുറിവേല്‍പ്പിച്ചു കഴിഞ്ഞിരുന്നു.

ഒരു നവരാത്രിക്കാലത്തായിരുന്നു അത്ബൊമ്മക്കൊലു കാണാന്‍ പോയതായിരുന്നുഞാനും അനിയത്തിയും മറ്റു കുട്ടികള്‍ക്കൊപ്പമാണ് പോയത്അവരൊക്കെ ശുദ്ധബ്രാഹ്മണക്കുട്ടികളായിരുന്നു. ഞങ്ങളെപ്പോലെ കലര്‍പ്പുള്ളവരായിരുന്നില്ലഅതുകൊണ്ട് മാമി അവര്‍ക്കെല്ലാം പ്രസാദമായി ചുണ്ടല്‍ (പയറോ കടലയോ വേവിച്ച് ആവശ്യത്തിനു എരിവും ഉപ്പും ചേര്‍ത്ത് വെള്ളം വറ്റിച്ച് അല്‍പം നാളികേരം ചിരവിയിട്ടാല്‍ ചുണ്ടല്‍ ആയിആദരപൂര്‍വം കൈയില്‍ കൊടുക്കുമ്പോള്‍ ഞങ്ങള്‍ക്കുള്ളത് നിലത്ത് വെച്ചു തരികയാണ് ചെയ്തത്അപ്പോള്‍ അവര്‍ പ്രകടിപ്പിച്ച അറപ്പ് ഞങ്ങളെ വ്യഥിതരാക്കിപിന്നീട് ഞങ്ങള്‍ മാമിയുടെ ബൊമ്മക്കൊലു കാണാന്‍ പോയതേയില്ല.

നാണയങ്ങളില്‍ വെള്ളം തളിക്കുകനോട്ടാണെങ്കില്‍ വെള്ളം തളിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ അവര്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ചിരി പൊട്ടുമായിരുന്നുമാമി മലയാളത്തില്‍ സ്വന്തം മകള്‍ക്ക് കത്ത് എഴുതും.എങ്കിലും ഇംഗ്ലീഷില്‍ അഡ്രസ്സ് എഴുതാന്‍ ഞങ്ങള്‍ വേണമായിരുന്നുജാതിക്കുറവിലും ഞങ്ങളുടെ പാണ്ഡിത്യം അവര്‍ അംഗീകരിച്ചിരുന്നുഎങ്കിലും ഞങ്ങള്‍ ഉപയോഗിച്ച അവരുടെ പേനയെ വെള്ളം തളിച്ചു മാത്രമേ അവര്‍ തിരികെ എടുത്തിരുന്നുള്ളൂ.

അവരുടെ എം എസ് സിക്കാരനായ ജ്യേഷ്ഠന്‍ ബോംബെയില്‍ നിന്ന് അവധിക്ക് വന്ന് കുറച്ച് നാള്‍ കൂടെ പാര്‍ക്കുമായിരുന്നുഅദ്ദേഹം ബോംബെ നഗരത്തില്‍ ശുദ്ധാശുദ്ധങ്ങള്‍ എങ്ങനെ പാലിച്ചിരുന്നുവെന്നറിയില്ല.എങ്കിലും നാട്ടില്‍ വരുമ്പോള്‍ അദ്ദേഹം അതൊക്കെ വളരെ കര്‍ശനമായി ചെയ്തു.

പത്രം വായിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നുവീട്ടില്‍ വരുത്തുന്ന മാതൃഭൂമിപത്രം ഞങ്ങള്‍ കൊണ്ടുകൊടുക്കണമായിരുന്നുഎന്നാല്‍ പത്രം അദ്ദേഹം കൈയില്‍ വാങ്ങുകയില്ലതാഴെ വരാന്തയില്‍ വെയ്ക്കാന്‍ ആംഗ്യം കാണിക്കുംഅനിയത്തി അടുത്ത ദിവസം സാധാരണ പത്രക്കാരെപ്പോലെ ഒരു റബര്‍ ബാന്‍ഡില്‍ പത്രത്തെ ഒതുക്കി ഗേറ്റിങ്കല്‍ നിന്ന് മുറ്റത്തേക്ക് ഒരു ഏറു വെച്ചു കൊടുത്തുഅദ്ദേഹത്തിന് കാര്യം മനസ്സിലായിഅതിനുശേഷം അത്ര ശുദ്ധം അദ്ദേഹം അനിയത്തിയോട് പുലര്‍ത്തിയില്ലതന്നെയുമല്ല, ‘കോന്തേ‘ ‘ചിന്ന പൊണ്ണേ‘ എന്നൊക്കെ വിളിച്ച് ഓമനിക്കാനും തയാറായി.

നാഗമ്മാമിയുടെ ജീവിതത്തിലെ ഭയാനകമായ ഏകാന്തതയെക്കുറിച്ച് ആദ്യമായി ഞങ്ങള്‍ കുട്ടികള്‍ ആലോചിക്കുവാന്‍ തുടങ്ങിയത് അവരുടെ ജ്യേഷ്ഠന്‍ അവിടെ താമസിക്കുമ്പോഴുണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ട് തന്നെയാണ്.

നാഗമ്മാമിക്ക് മറപ്പുര ആ ഒരേക്കര്‍ പറമ്പിന്‍റെ ഒരു മൂലയിലായിരുന്നുതികച്ചും നാടന്‍ മട്ടിലുള്ളത്എന്നും പുഴയിലെ പട്ടരുകടവില്‍ കുളിച്ചിരുന്ന അവരുടെ വീട്ടില്‍ കുളിമുറി ഉണ്ടായിരുന്നുമില്ലബോംബെവാസിയായ ജ്യേഷ്ഠന്‍ മറപ്പുരയില്‍ പോയപ്പോള്‍ അവിടെ ഒരു പാമ്പിനെ കണ്ടു ഭയന്ന് വിറച്ചു നിലവിളിച്ചുകൊണ്ട് അദ്ദേഹം പുറത്തേക്ക് ഓടിപിന്നീട് മറപ്പുരയില്‍ പോവാന്‍ കൂട്ടാക്കാതെ പിറ്റേന്ന് തന്നെ അദ്ദേഹം ബോംബെയ്ക്ക് മടങ്ങുകയും ചെയ്തു.

അമ്മീമ്മയോട് നാഗമ്മാമി ഇക്കാര്യം പറയുന്നത് ഞങ്ങള്‍ കുട്ടികള്‍ ശ്രദ്ധിച്ചു കേട്ടുഎന്‍റെ അനിയത്തി എന്നോട് പറഞ്ഞു. ‘അത് അദ്ദേഹത്തിനു പോവാന്‍ ബോംബെ ഉള്ളതുകൊണ്ടാണ്ഈ മാമി എവിടെ പോകുംപാമ്പിനെ പേടിച്ച് … 

ഞാന്‍ തലയാട്ടി ശരി വെച്ചു.

സഹോദരന് മാമിയോട് വലിയ സ്നേഹമൊന്നുമില്ലെന്ന് അനിയത്തി പറഞ്ഞപ്പോള്‍ അതും ഞാന്‍ സമ്മതിച്ചുകാരണം ബോംബെക്ക് പോകും മുമ്പ് ഏകാകിനിയായ നാഗമ്മാമിക്ക് സുരക്ഷിതവും വീടിനോട് ചേര്‍ന്നതുമായ ഒരു ടോയ് ലറ്റും ബാത് റൂമും നിര്‍മ്മിക്കാനുള്ള സന്മനസ്സ് അദ്ദേഹം കാണിക്കണമായിരുന്നു എന്നായിരുന്നു ഞങ്ങളുടെ ന്യായംഞങ്ങളുടെ ന്യായം ശരിയായിരുന്നുവെന്ന് രാത്രി മൂത്രമൊഴിക്കാന്‍ വരുമ്പോള്‍ ഒരു പാത്രത്തില്‍ മൂത്രമൊഴിച്ചു വെക്കുമെന്നും പിറ്റേന്ന് എടുത്തുകളയുമെന്നും അമ്മീമ്മയൊട് പിറുപിറുത്ത നാഗമ്മാമി തന്നെ വെളിപ്പെടുത്തിതന്നു.

അന്നു മുതല്‍ നാഗമ്മാമിയെ ഞങ്ങള്‍ വേറെ ഒരു നിറത്തില്‍ കാണാന്‍ തുടങ്ങി.

അതുകൊണ്ടാണ് അവരുടെ നാക്കിന്മേല്‍ ഒരു മുഴ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഡോക്ടറായ അച്ഛന് വലിയ ഉല്‍ക്കണ്ഠയോടെ ഞങ്ങള്‍ എഴുതിയത്ഇനി അച്ഛന്‍ വരുമ്പോള്‍ മാമിയെ നോക്കണമെന്ന്… എന്തായാലും അച്ഛന്‍ അമ്മീമ്മയുടെ വീട്ടില്‍ വന്നതറിഞ്ഞ് മാമി പെട്ടെന്നു തന്നെ കാണാനെത്തിനാക്കിലെ മുഴ ക്യാന്‍സറിന്‍റെ ലക്ഷണമാണെന്ന് പറഞ്ഞ് മാമിയെ പലരും വല്ലാതെ ഭയപ്പെടുത്തീരുന്നു.

അച്ഛന്‍ വിവരണം ഒക്കെ കേട്ടശേഷം ചോദിച്ചു.. ‘തൊട്ടു പാര്ക്കലാമാ ?’

നാഗമ്മാമി സമ്മതിച്ചുഡോക്ടറായ അച്ഛന്‍റെ ജാതിക്കുറവ് അന്നേരം അവര്‍ക്ക് പ്രശ്നമായില്ലഅച്ഛന്‍ തൊട്ടു നോക്കി.. എന്നിട്ട് കൈകള്‍ സോപ്പിട്ട് കഴുകി.

ഡോക്ടര്‍ രോഗിയെ പരിശോധിച്ചാല്‍ കൈകള്‍ കഴുകുമെങ്കിലും അന്ന് അച്ഛന്‍ അങ്ങനെ ചെയ്തത് ഞങ്ങള്‍ കുട്ടികളെ വല്ലാതെ സന്തോഷിപ്പിച്ചുവലിയ ശുദ്ധക്കാരിയായ മാമിയെ തൊട്ടിട്ട് അച്ഛന്‍ സോപ്പിട്ട് കൈ കഴുകിയല്ലോ.

പിറ്റേന്ന് മാമിയോട് ഡിസ്ട്രിക്ട് ഹോസ്പിറ്റലില്‍ വരണമെന്നും കൂടുതല്‍ പരിശോധനകള്‍ ചെയ്യണമെന്നും അച്ഛന്‍ നിര്‍ദ്ദേശിച്ചുഅവിടെ ചെന്ന മാമിയെ പ്രശസ്ത സര്‍ജനെ കാണിക്കുകയും പരിശോധനകള്‍ ചെയ്യിക്കുകയും ഗ്രാമത്തിലേക്കുള്ള ബസ്സ് കയറ്റി വിടുകയും ചെയ്തുഅതിനുശേഷം മാമിയുടെ ശുദ്ധാശുദ്ധവിചാരങ്ങളില്‍ കുറെ മാറ്റം വന്നുകുറഞ്ഞപക്ഷം ഞങ്ങളോടെങ്കിലും..

അപ്പോഴെക്കും പുസ്തകങ്ങള്‍ ഏറ്റവും വലിയ ബന്ധുക്കളായിത്തീര്‍ന്ന കൌമാരകാലമായിക്കഴിഞ്ഞിരുന്നു ഞങ്ങള്‍ക്ക് പതിനെട്ട് വയസ്സ് തികയുന്നതിനു മുന്‍പുള്ള കാലംമുട്ടൊപ്പം നീണ്ട കരിനീലത്തലമുടിയുമായിഞാനും അനിയത്തിയും സുന്ദരീപ്പട്ടങ്ങളില്‍ തിളങ്ങിയിരുന്ന കാലം.

ആ വീട്ടിലെ തുളസിത്തറയായിരുന്നു എന്‍റെ ഏറ്റവും വലിയ ആകര്‍ഷണംഅതൊരു തറയായിരുന്നില്ലഉയരമുള്ള ഒരു കൂവളവും സദാ പൂക്കള്‍ വര്‍ഷിക്കുന്ന ഒരു പവിഴമല്ലിയും അവിടെ ഉണ്ടായിരുന്നുഅവയുടെ ചുറ്റിലുമായിരുന്നു കൃഷ്ണത്തുളസിയും രാമത്തുളസിയും കര്‍പ്പൂരത്തുളസിയും നിന്നിരുന്നത്തറയ്ക്കിപ്പുറത്തായി ഇരുവശങ്ങളിലും പിച്ചകവും ഇരുകാക്ഷി എന്ന ഇരട്ടമുല്ലയും കോളാമ്പിയുടെ മധുരമഞ്ഞപ്പൂക്കളും ഗന്ധരാജനും ആര്‍ത്തു നിന്നിരുന്നു.

തറനിരപ്പില്‍ നിന്ന് കഷ്ടിച്ച് അരയടി പൊക്കത്തില്‍ വെട്ടുകല്ലു പാവി മൃദുലമായ ചെമ്മണ്ണു പൂശി കരിയും ചാണകവും മെഴുകിയതായിരുന്നു ആ തുളസിത്തറനാഗമ്മാമി നിത്യവും ആ തറയില്‍ അരിപ്പൊടി കൊണ്ട് അതിമനോഹരമായ കോലങ്ങള്‍ വരച്ചിടുംപ്രഭാതസൂര്യന്‍ തന്‍റെ തങ്കരശ്മികളാല്‍ അവയില്‍ പവന്‍ നിറങ്ങളെഴുതി മിനുക്കുമായിരുന്നു.

മാര്‍ഗഴി മാസം പിറന്നാല്‍ തുളസിത്തറ മാത്രമല്ലമാമിയുടെ കരിയും ചാണകവും മെഴുകിയ വീട്ടുമുറ്റം മുഴുവന്‍ കോലങ്ങളാല്‍ നിറയുംസൂര്യന്‍റെ പൊന്‍ നിറങ്ങളില്‍ മുങ്ങിപൊട്ടിച്ചിരിക്കുന്ന ആ മുറ്റം കാണാന്‍ അഭൌമമായ,അലൌകികമായ സൌന്ദര്യമായിരുന്നുമുറ്റം അങ്ങനെ അലങ്കരിക്കാനായി എത്ര വേണമെങ്കിലും സമയം ചെലവാക്കാന്‍ മാമി തയാറായിരുന്നുതാനും.

തുളസിത്തറയുടെ ചുറ്റും വിരിച്ചിരുന്ന മണലില്‍ എപ്പോഴും പൂക്കളുടെ മെത്തയുണ്ടാകുമായിരുന്നു.ലോകക്ലാസ്സിക്കുകള്‍ വായിച്ച് ആഹ്ലാദിക്കുവാന്‍ ഞാന്‍ എപ്പോഴും അവിടെ പോയിചിലപ്പോള്‍ ആ മണലില്‍,വായിക്കുന്ന പുസ്തകം നെഞ്ചില്‍ കമഴ്ത്തിവെച്ച് ഭയലേശമെന്യേ ഉറങ്ങിഅന്നേരം എന്‍റെ കണ്ണുകളില്‍ സുഗന്ധികളായ പൂക്കള്‍ അരുമയോടെ ഉമ്മവെച്ചു…. കരിനീലത്തലമുടിയെ അവര്‍ ഞാന്‍ ഞാനെന്ന് ഉന്മാദസുഗന്ധിയാക്കി..

എന്നെങ്കിലും ഒരു വീടുണ്ടാക്കിയാല്‍ … ഈ മധുര സ്വപ്നത്തെ തിരിച്ചു വിളിക്കുമെന്ന് ഞാനിന്നും കരുതും..

ആ വീട്ടില്‍ അവര്‍ അനവധി വര്‍ഷങ്ങള്‍ തനിയെ ജീവിച്ചുആദ്യമെല്ലാം ഒരു പശുവും കിടാവും കൂട്ടിനുണ്ടായിരുന്നുപിന്നെ അവരും ഇല്ലാതായി.

ചിലപ്പോഴെല്ലാം അവര്‍ ബോംബെയ്ക്ക് പോയി.. മകള്‍ക്കൊപ്പം കുറച്ചു നാള്‍ താമസിച്ചു.. പിന്നെ ഗ്രാമത്തിലേക്ക് മടങ്ങിഅങ്ങനെ ഏറിയ കൂറും ജീവിതത്തില്‍ അവര്‍ തനിച്ചായിരുന്നു.

അവര്‍ ആരോടും ഒരു പരാതിയും പറഞ്ഞില്ലഅമ്മീമ്മയ്ക്കായി അവര്‍ എടുത്ത റിസ്കിനെപ്പറ്റി പോലും അവര്‍ ഒരിക്കലും ആരോടും പറഞ്ഞില്ല.

നാഗമ്മാമി അമ്മീമ്മയുടെ അനുജത്തീഭര്‍ത്താവിന്‍റെ ശ്വശ്രുവിന്‍റെ സഹോദരിയായിരുന്നുഅവരുടെ പക്കലാണ് അമ്മീമ്മയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇരിപ്പുണ്ടായിരുന്നത്തികഞ്ഞ യാഥാസ്ഥിതികയായിരുന്നു അവര്‍ എന്‍റെ അമ്മയുടെ ജാതി മാറിയുള്ള കല്യാണത്തിനു കൂട്ടു നിന്നു എന്നാരോപിക്കപ്പെട്ട അമ്മീമ്മയെ സഹായിക്കുമെന്ന് ഗ്രാമത്തിലെ ആരും തന്നെ സ്വപ്നത്തില്‍ കൂടി വിചാരിച്ചിരുന്നില്ലഅമ്മീമ്മ തന്നെയും വിചാരിച്ചിരുന്നില്ല.സഹോദരന്മാര്‍ കത്തിക്കാനെടുത്തിട്ട അമ്മീമ്മയുടെ സര്‍ട്ടിഫിക്കറ്റുകള്‍ മൂത്ത സഹോദരിയായ ജായ്ക്കാള്‍ മോഷ്ടിച്ചു കടത്തിയ കുറ്റത്തിനാണ് തറവാട്ടു ഭവനത്തില്‍ നിന്നും പുറത്താക്കപ്പെട്ടതെന്നു പോലും അമ്മീമ്മ സത്യത്തില്‍ അറിഞ്ഞിരുന്നില്ലപരസ്പരം എഴുത്തെഴുതുവാന്‍ ആ നാലു സഹോദരിമാരും ഭയന്നുപോസ്റ്റ്മാനെ ഭയപ്പെടുത്തി അമ്മീമ്മയ്ക്ക് വരുന്ന കത്തുകള്‍ പിടിച്ചെടുക്കാന്‍ അവരുടെ സഹോദരന്മാര്‍ക്ക് സാധിച്ചിരുന്നു.അമ്മീമ്മയുമായി ബന്ധമുണ്ടെന്നറിഞ്ഞാല്‍ കുഴപ്പമാകുമോ എന്ന് ഭയന്ന് ആ സഹോദരിമാര്‍ വളരെക്കാലം തമ്മില്‍ത്തമ്മില്‍ നിശ്ശബ്ദരായിരുന്നു.

ആ നാഗമ്മാമി ഒരു സന്ധ്യയ്ക്ക് വീട്ടിലേയ്ക്ക് വന്നു കയറിയപ്പോള്‍ അമ്മീമ്മ ഞെട്ടിപ്പോയിആ ദിവസങ്ങളിലൊന്നും തന്നെ അവര്‍ അമ്മീമ്മയെ കണ്ടഭാവം പോലും നടിച്ചിരുന്നില്ലഇരുട്ട് പരന്നു തുടങ്ങിയപ്പോഴാണ് കല്ലും മുള്ളും കുഴികളും നിറഞ്ഞ നാടന്‍ കുണ്ടനിടവഴിയിലൂടെ പതുങ്ങിപ്പതുങ്ങി നാഗമ്മാമി കയറി വന്നത്പഴയ പുടവക്കഷണത്തില്‍ കര്‍പ്പൂരമിട്ട് അവര്‍ പൊതിഞ്ഞുവെച്ചിരുന്നത് അമ്മീമ്മയുടെ സര്‍ട്ടിഫിക്കറ്റുകളായിരുന്നു.

തഞ്ചാവൂരില്‍ താമസമാക്കിയിരുന്ന ജായ്ക്കാളും ദില്ലിയില്‍ താമസമാക്കിയിരുന്ന അനുജത്തിയും ഇങ്ങേയറ്റത്ത് തികഞ്ഞ യാഥാസ്ഥിതികയായ നാഗമ്മാമിയും അടങ്ങുന്ന ബ്രാഹ്മണ സ്ത്രീകളുടെ അടഞ്ഞ ലോകം എന്‍റെ അമ്മയുടേ ജാതി മാറിയുള്ള കല്യാണത്തേയും അമ്മീമ്മയുടേ ഒറ്റപ്പെട്ട ജീവിതസമരത്തേയും എങ്ങനെയാണ് അവരവരുടേതായ രീതിയില്‍ നിശ്ശബ്ദമായി പിന്തുണച്ചതെന്ന് അന്നാണ് അമ്മീമ്മ അറിഞ്ഞത്രക്തസാക്ഷികളും വിപ്ലവകാരികളും മാത്രമല്ലഅവരെ ഒളിച്ചു താമസിപ്പിയ്ക്കാനും പട്ടിണിയില്ലാതെ പോറ്റാനും അദ്ധ്വാനിച്ചവരും വിപ്ലവത്തിന്‍റെ പങ്കുകാരാണ്എല്ലാ വിപ്ലവപ്രസ്ഥാനങ്ങളും അവരെ എളുപ്പത്തില്‍ മറന്നു കളയാറുണ്ടെങ്കിലും..

നാഗമ്മാമിയുടെ മകളുടെ ഒരു മകന്‍ മുതിര്‍ന്ന് ഐ എ എസ്സുകാരനായിമറ്റൊരാള്‍ വിദേശ ബാങ്കില്‍ ഓഫീസറായി.അപ്പോഴാണ് ആ ദുരന്തമുണ്ടായത്മകളുടെ ഭര്‍ത്താവ് ഒരു അപകടത്തില്‍പ്പെട്ട് തലച്ചോറു ചിതറി മരണമടഞ്ഞു.

പിന്നീട് നാഗമ്മാമി വിളക്കു കൊളുത്തിയില്ലഒരു നാമവും ജപിച്ചില്ല.ഗ്രാമത്തിലെ ശിവന്‍ കോവിലില്‍ പോയി യാത്ര പറഞ്ഞിട്ട് പോന്നു.. ‘എന്നെ ജീവിതം മുഴുവന്‍ ഇരുട്ടിലാക്കി… ഇപ്പോള്‍ എന്‍റെ മോളേയും ഇരുട്ടിലാക്കി… ഇനി ഞാന്‍ ഒരിക്കലും കാണാന്‍ വരില്ല.’

പിന്നീട് മരിക്കുവോളം മാമി അമ്പലത്തിലേക്ക് പോയതേയില്ല… ദൈവത്തെ അവര്‍ എന്നേയ്ക്കുമായി ഉപേക്ഷിച്ചു.

ഏകാന്തത എന്ന വാക്കിന്‍റെ അര്‍ഥംആ വാക്കിന്‍റെ രൂപം നാഗമ്മാമിയാണ്.. എനിക്കെങ്കിലും..

Comments

comments