[button color=”green” size=”125″ type=”square” target=”” link=””]അധ്യായം 1: കേൾക്കപ്പെടാത്തവർ – വടക്കേക്കാട് ഗവമെന്റ് കോളേജ് മാഗസിൻ 2014-15[/button]

ചിലപ്പോൾ ഇങ്ങനെയാണ്, കാണമെന്നും മിണ്ടണമെന്നും തോന്നും. വെറുതെയാണ്….., കിളികളോട് ആരാണ് വഴികൾ ചോദിക്കുന്നത്. എപ്പോഴാണ് ആ സ്‌റ്റേഷനിൽ നിന്നും അവസാനത്തെ വണ്ടി പുറപ്പെടുന്നത്. സായാഹ്നത്തിൽ ജീവബിന്ദുക്കൾ നടക്കാനിറങ്ങുമ്പോൾ ഈ നഗരത്തിൽ നിന്നും കൂട്ടംതെറ്റി പറന്ന പ്രാവിനെ ആരാണ് വെടിവെച്ചിടുന്നത്. തീവണ്ടി മുഴക്കം പോലെ തലയിലെന്തോ പെരുത്ത് കേറുന്നു. ഞാൻ ഉറപ്പിച്ചു, എനിക്ക് ഭ്രാന്താണ്. ഇപ്പോഴാണ് എനിക്ക് നിന്നെ കാണാൻ തോന്നുന്നത്, വെറുതെ നിന്റെ കാപ്പിനിറമുള്ള ഗോലിക്കണ്ണുകളെ ഓർമ്മ വരുന്നത്. ഷോക്കടിപ്പിച്ച് വായിലൂടെ നുരയും പതയും വന്ന് കിടക്കുന്ന ജഗതിക്കഥാപാത്രം പോലൊരു ഭ്രാന്തനാണിപ്പോൾ, ഇവിടെ നിങ്ങൾ ഇങ്ങനെയായിരിക്കാം എന്നെ കാണുന്നത്. ഞാൻ പറയുന്ന എന്റെയീ ജീവിതം നിങ്ങൾക്കീ സിനിമാരംഗം പോലെ വെറും തമാശയായിരിക്കാം? പക്ഷേ, സ്വപ്നങ്ങളിലെ നിന്റെ കണ്ണാഴങ്ങൾക്കറിയാം, ഇതെല്ലാം ഒട്ടും കള്ളംചേർക്കാത്ത എന്റെ ജീവിതമാണെന്ന്. എന്റെ മാത്രം ജീവിതം………

മനസ്സിൽ ഉള്ളടക്കത്തിലെ അമലയെ പോലുള്ള നായികയെ സ്വപ്നം കണ്ട് കഴിയുന്നതിനാൽ സിനിമാറ്റിക് ഫ്രെയിമിൽ ഞാനിപ്പോളുള്ളത് ഉള്ളടക്കം സിനിമയിലെ ഭ്രാന്താശുപത്രിയിലാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു താളവട്ടം സിനിമ പോലെയാണ് മനസ്സെങ്കിലും. എവിടെയോ പ്രത്യാശയുടെ കുരുവിക്കൂടിന് മുകളിൽ ചുമ്മാ കൂകിയിരിക്കുന്ന കുയിലിന്റെ സ്വരം കേൾക്കുന്നുണ്ട്. ഏതോ ഒരു പാതിരയ്ക്ക് ഒരു ചെറുപ്പക്കാരൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി വെടിയേറ്റ് മരിച്ചിട്ടുണ്ട്. അവന്റെ മരണത്തെ അറിഞ്ഞ് കാലങ്ങിൾക്കിപ്പുറം എന്റെ ചങ്ങാതി ഞരമ്പറുത്ത് മരിച്ചിട്ടുണ്ട്. എനിക്ക് ഭ്രാന്തായിട്ടുണ്ട്! ഈ കഥയാണ് ഞാനിപ്പോൾ നിന്നോട് പറയാൻ പോകുന്നത്, അർദ്ധമയക്കത്തിൽ മഷിയെഴുതിയ നിന്റെ കണ്ണിൽ നോക്കുമ്പോഴും ഞാൻ ഭയന്ന് പോകുന്നു.

കണ്ണുകളിൽ ഞാനിപ്പോൾ മരണവും നിലവിളിയുമാണ് കാണുന്നത്, ഇതിൽ നിന്നും രക്ഷപ്പെടാനാണ് കഴിഞ്ഞ ഏതാനം നാളുകളായി നിന്നെ മാത്രം സ്വപ്നം കാണാൻ ശ്രമിക്കുന്നത്. ജൂണിലെ മഴ പോലെ ഇണക്കമില്ലാത്ത നിന്റെ മുടികളെ സ്വപ്നം കാണാൻ ശ്രമിക്കുക എന്നത് വെറുമൊരു പാഴ്‌വേലയാകുന്നു. നിലവിളിയുടെ ഒടുക്കം ശരീരത്തിലൂടെ മിന്നൽ പിണരുകൾ കടന്നുപോയത് മാത്രം ഓർമ്മയുണ്ട്.

ഗർഭപാത്രത്തിന്റെ ചൂരാണ് ചുറ്റും. ചോരയുടെ ആൽബുമിൻ കളറ് കാണാം, ശരിക്കും ചോരയ്ക്ക് മഞ്ഞനിറമാണ്. മഞ്ഞപ്പിത്തത്തിന്റെ മഞ്ഞനിറം, പണ്ടെനിക്ക് അസുഖം വരുമ്പൊ ആൽബമിൻ മൂത്രത്തിലൂടെ പോണ കളറ് പോലെ എന്തോ ഒന്ന് കണ്ണിന് ചുറ്റും വട്ടം ചുറ്റുന്നു. മഞ്ഞപ്പിത്തംപോലെ എല്ലായിടത്തും മഞ്ഞ, ചോരയുടെ മഞ്ഞ. ഗർഭപാത്രത്തിലെ ചോരയിൽ നിന്നും ഒരു മഞ്ഞനിറം ഞരമ്പുകളിലൂടെ ഓടുന്നുണ്ട്. ശരീരത്തിൽ നിന്നും മൂത്രത്തിന്റേയും തീട്ടത്തിന്റേയും മുലപ്പാലിന്റേയും ചോരകിനിയുന്നു. യേശുവിനെ കുരിശിൽ തറക്കുന്നൊരു സിനിമാഷോട്ടിനെ ഓർത്തെടുക്കാൻ ശ്രമിച്ച് ആദിയിലേക്ക് ആഴ്ന്നു പോകുന്നു. അവിടെ ഞാനിപ്പോൾ ഭ്രൂണഹത്യ ചെയ്യപ്പെടും! അല്ലെങ്കിൽ അതുപോലെ ചിതറിത്തെറിക്കുന്നൊരു തലച്ചോർ, എനിക്കുനേരേക്ക് നീളുന്നൊരു തോക്കിൻ കുഴൽ. വെടിയുണ്ടയേറ്റ് ചിതറിത്തെറിച്ച തലച്ചോറിൽ നിന്നും എനിക്കൊരു ഉത്തരം കണ്ടെത്തേണ്ടതുണ്ട്. എനിക്കെങ്ങനെയാണ് ഭ്രാന്തായതെന്ന്?

കേൾക്കപ്പെടാത്തവർ
കേൾക്കപ്പെടാത്തവർ

ഈ ഉത്തരം കണ്ടെത്തിയാൽ എന്റെ ഭ്രാന്തുമാറിയെന്ന് ഉറപ്പിക്കാം. സ്വപ്നങ്ങളിലെ അവ്യക്തതകളിൽ നിന്ന്, നീയാരെന്നും ഞാനാരെന്നും എനിക്ക് വ്യക്തമാകും. അതറിഞ്ഞാൽ ഉറപ്പിക്കാം ഞാൻ നോർമ്മലായെന്ന്. എവിടെയോ വായിച്ചു മറന്നൊരീ ആത്മഹത്യാക്കുറിപ്പൊരിക്കലുമെന്നെ ബുദ്ധിമുട്ടിക്കില്ലെന്ന്. അന്ന്, അന്ന്……. മാത്രമേ എനിക്കിനി എഴുതാൻ കഴിയൂ. കളഞ്ഞുപോയ തിരക്കഥയും എന്റെ ജീവിതവും അന്നെനിക്ക് തിരിച്ചു കിട്ടും. പ്രിയപ്പെട്ടതെന്തോ കളഞ്ഞു പോയത് അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു കപ്പൽ തലച്ചോറിൽ അലയുന്നുണ്ട്. രക്തംകൊണ്ട് ചുവന്ന കടലാഴങ്ങളിൽ സ്രാവുകളുടെ കൊമ്പല്ലുകളാഴുന്നു. എന്റെ കഴുത്തിൽ നിന്നും ചോര ചീറ്റുന്നുണ്ടോ? വേദനയുടെ ആണിയെഴുത്തുകളിൽ വീണ്ടുംവീണ്ടുമൊരു ആത്മഹത്യാക്കുറിപ്പ് എഴുതപ്പെടുന്നു. തലച്ചോറിൽ ആഴത്തിൽ പതിയുവന്നൊരു ആത്മഹത്യാക്കുറിപ്പ്!…………

”പ്രിയപ്പെട്ടതെന്തോ കളഞ്ഞുപോയ ദുഃഖിതനായ കുട്ടി തന്നെയാണ് ഓരോ മനുഷ്യജീവിതവുമെന്ന് അടിവരയിട്ട് തന്നെയാണ് ഇദ്രീസ് ഈ ലോകത്ത് നിന്നും വിടപറഞ്ഞത്. നിന്റെ കാൽപ്പാദം പതിഞ്ഞ മണ്ണ്. ഉമ്മയുടെ അമ്മിഞ്ഞ നുണഞ്ഞ നിന്റെചുണ്ടിൽ, തിന്നും കുടിച്ചും ശ്വസിച്ചും ചുംബിച്ചും കടന്നുപോയ കാലത്തിന്റെ ശ്വാസബാക്കികൾ പറ്റിപ്പിടിച്ചിരിപ്പുണ്ട്. നീയവശേഷിപ്പിച്ചുപോയ ഇടങ്ങളെ കുറിച്ചുള്ള ഓർമ്മകൾ പേറിക്കൊണ്ടാണ് കാറ്റ് കടന്നുപോകുന്നത്. നിന്റെ മൂത്രം കുടിച്ചുവളർന്ന തെങ്ങ് ഇപ്പോഴാകാശം തൊടുന്നുണ്ട്. കൈതത്തലപ്പുകളിൽ നിന്നും നടവഴികളിൽ നിന്നും എന്റെ മൂക്ക് പിടിച്ചെടുക്കുന്ന ഗന്ധങ്ങളിൽ നിന്റെ ശുക്ലമണവും കലർന്നിട്ടുണ്ട്. പുലരിയിലെ നിന്റെ പതിവ് നടത്തമടക്കം എല്ലാമെല്ലാം ഇവിടെ ബാക്കികിടപ്പുണ്ട്, അതിൽ നീ വിളിച്ച ഇങ്ക്വിലാബിന്റെ നൈർമല്യമുണ്ട്. നിന്റെ സത്യസന്ധതയോ തണ്ടെല്ലുറപ്പോ എനിക്കൊരിക്കലും ഉണ്ടാവില്ല. എന്നാലും…. സഖാവേ, നിന്നെ ഞാനും സഖാവെന്ന് വിളിക്കും. കാരണം, നമ്മൾ ഭൂമിയിൽ നക്ഷത്രം വിരിയിക്കണമെന്നു സ്വപ്നംകണ്ട കൂട്ടുകാരാണല്ലോ?

നമുക്ക് വേണ്ടി ഞാനും പറഞ്ഞുനോക്കാം. എനിക്കുവേണ്ടി, നിനക്കുവേണ്ടി, നമുക്കുവേണ്ടി. പിന്നേം…പിന്നേം… നമുക്കുവേണ്ടി എഴുതിവെക്കാം. ജീവിച്ചിരുന്നവർക്ക് വേണ്ടി മരിച്ചവർ കൂടി ജീവിക്കേണ്ട കാലത്ത്, നീ മരിച്ചിട്ടില്ല സഖാവേ, നിന്നെ ആരും കൊന്നിട്ടില്ല. 1993 മാർച്ച് 2-ന് നിന്നെ ആരും വെട്ടി ക്കൊന്നിട്ടില്ല.

[button color=”green” size=”” type=”square” target=”” link=””]കേൾക്കപ്പെടാത്തവർ[/button]

വടക്കേക്കാട് ഗവമെന്റ് കോളേജ് മാഗസിൻ 2014-15. Feeling- മ്മടെ ചങ്ങായീന്റെ മാഗസിൻ With-നദി, അനന്തുലീഫ്, നോയൽ, അഷറഫ്, എന്ന ടാഗ് ലൈനോടെ ശാഹിദ് പോസ്റ്റ് ചെയ്ത എഡിറ്റോറിയൽ കുറിപ്പ് കമന്റുകളുടെ പൊങ്കാലകളാൽ സമൃദ്ധായിരുന്നു. വധഭീഷണികളും തെറിവിളികളും ഒട്ടും കുറവില്ലായിരുന്നു. ഈ സീൻ തിരക്കഥയിൽ എവിടെയാണ്? ശ്വാസകോശത്തിന് പറ്റിയതിനെ കുറിച്ച് വേവലാതിപ്പെടുന്ന പരസ്യം കഴിഞ്ഞ് ടൈറ്റിലിൽ തെളിയേണ്ട ബാനറുകളും ഒപ്പുവെക്കലും കഴിഞ്ഞ് സിനിമയെന്ന ഗവൺമെന്റ് ഓഫീസിലെ ജോലി തുടങ്ങണം. ടൈറ്റിലുകൾ മാറി മറിയുമ്പോൾ ആദ്യത്തെ ഫ്രെയിമിലേക്ക് സംവിധായകനായി എന്റെ പേര് എഴുതിക്കാണിക്കുന്നതിന് മുമ്പ്. സിനിമ തുടങ്ങുന്നത് ഇങ്ങനെയാണ്!……., എങ്ങനെ?

കേൾക്കപ്പെടാത്തവർ
കേൾക്കപ്പെടാത്തവർ

ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്….. ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സാദ്യശ്യം തോന്നുന്നെങ്കിൽ തീർച്ചയായും അവരുടെ കയ്യിലിരിപ്പു കൊണ്ട് മാത്രമാണ് എന്ന് എഴുതിക്കാണിക്കും. പിന്നെ, രഘുവരന്റെ ശബ്ദത്തിൽ, ശ്ശോ മൈര്! അയാള് മരിച്ചു പോയല്ലോ. ഇനി ഈ ശബ്ദം എങ്ങനെ ഈ ഡയലോഗ് പറയും! എന്തായാലും ഭ്രാന്തും ലഹരിയും കൊണ്ട് വരണ്ട തൊണ്ടയാൽ സിഗരറ്റിന്റെ വർത്താനത്തിനൊപ്പം എരിഞ്ഞു തീർന്ന്, ഭയപ്പെട്ട്. ഈ പറഞ്ഞ എല്ലാ ഭ്രാന്തുകളോടും കൂടി, ഇതെല്ലാം മാറി നായകൻ ഇന്ന് ആശുപത്രി വിടുകയാണ്. ഈയൊരു സിനിമാറ്റിക് തുടക്കം എങ്ങനെയാണ് അവതരിപ്പിക്കേണ്ടത്. ?

ഭ്രാന്തുമാറി വീട്ടിലെത്തിയ ശേഷം അഷറഫ്, ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് മാറ്റുന്നതാകണം ഫസ്റ്റ് ഷോട്ട്. ഇവിടെയായിരിക്കണം സിനിമ തുടങ്ങേണ്ടത്. അതുവേണ്ട, അവനിടുന്ന ആ സ്റ്റാറ്റസ് മാത്രം മതി. ടൈറ്റിലുകൾ തെളിയുന്നതിന് മുമ്പ്. ഒരു സിഗരറ്റിന്റെ എരിച്ചിലിൽ, ഏതോ മഹാനഗരത്തിന്റെ നടുക്ക് വെച്ച് പോലീസ് ആരുടെ നേർക്കോ വെടിയുതിർക്കുന്നു. അടഞ്ഞ് ചിമ്മുന്ന ഒരു മിഴി. ദുൽഖറിന്റെ വോയ്‌സ് ഓവർ, നിറയൊഴിക്കുന്നത് എന്റെ നേർക്കാണ്……. അയാൾ ഞാനെന്നല്ല! അയാൾ ഞാനാണ്, അവൾ ഞാനാണ്…… വെടിയേറ്റു ചിതറിത്തെറിച്ച ഓരോ ശിരസ്സും എന്റേത് കൂടിയാണ്. അവസാനത്തെ മിടിപ്പിൽ ആ ജീവിതം പറഞ്ഞത് ആരെങ്കിലും കേട്ടുവോ? കേൾക്കപ്പെടാത്തവർ പെരുകുന്നു…. ഒരു പക്ഷേ, കേൾക്കപ്പെടാത്തവരുടെ ചങ്ങലകളിലേക്ക് കണ്ണി ചേർക്കപ്പെടുന്നത് ഞാനോ നിങ്ങളോ ആയേക്കാം!……… ഇദ്രീസ് എന്ന കഥാപാത്രത്തെ ദുൽഖറിനെ വെച്ച് ചെയ്യാനാണ് പ്ലാൻ. അപ്പൊ ഇദ്രീസിന്റെ ശബ്ദത്തിലുള്ള ഈ നരേഷൻ തീരുന്നതോടെ ടെറ്റിലുകൾ അവസാനിക്കും. സ്‌ക്രീൻ ആൽത്തരിക്കുഴി ജനകീയ വായനശാലയുടെ അകം തെളിയുന്നു. ഷെൽഫിലെ പുസ്തകക്കൂട്ടത്തിനിടയിൽ പരതി നടക്കുന്ന വളയിട്ട കൈകൾ, ഷെർലക്ക് ഹോംസിന്റെ ബാസ്‌ക്കർവിൽസിലെ വേട്ടനായ എന്ന നോവലും മറ്റൊരു പുസ്തകവും തെരഞ്ഞെടുക്കുന്ന പെൺകുട്ടിയെ വ്യക്തമാക്കുന്നു. ചുവരിൽ തൂങ്ങിയ സർക്കാർ കലണ്ടറിൽ വർഷം 1993 എന്ന് പതിയുന്നു.

വായനശാലയുടെ വരാന്തയിൽ ക്യാരംസ് കളിക്കുന്ന കുറച്ച് യുവാക്കൾ, പെൺകുട്ടിയെ അവളറിയാതെ ശ്രദ്ധിക്കുന്നു. പുസ്തകം എടുത്ത് കഴിഞ്ഞ് ലൈബ്രേറിയൻ സുന്ദരേശന്റെ അടുത്ത് അവൾ പുസ്തകങ്ങൾ കൊടുക്കുന്നു. അയാളത് രജിസ്റ്ററിൽ അടയാളപ്പെടുത്തിക്കൊണ്ടിരിക്കേ ലൈബ്രറിയിലേക്ക് കടന്നു വരുന്ന സഖാവ് ഇദ്രീസ്. ദുൽക്കറിന്റെ എൻട്രി സീൻ ഇങ്ങനെയാണ്. ഇദ്രീസിൽ നിന്ന് വേണ്ട. നദിയിൽ നിന്നും അവന്റെ ചങ്ങായിമാരിൽ നിന്നും കഥ തുടങ്ങാം!…..

പതിവുപോലെ ആകാശം നോക്കി, ചങ്കുകാറുന്ന നാല് പുക എടുത്തോണ്ടിരിക്കുമ്പോഴാണ് ലീഫിനെ കുഴക്കുന്ന ചോദ്യം നോയൽ എടുത്തിട്ടത്, ദൈവം ഉണ്ടോ?

കുറേ ആലോചിച്ച് നോക്കിയ ശേഷം ലീഫ് നോയലിനെ  ഉത്തരം മുട്ടിച്ചു. ദൈവമില്ലെങ്കിൽ ഈ തേങ്ങയിലാര് വെള്ളം നിറക്കും. പിന്നെ, തെങ്ങുകളും മാവുകളും, അങ്ങ് ദൂരെ… മലകളും, മലകൾക്കപ്പുറം കായലുകളും പാടങ്ങളും, എന്തിനേറെ! എന്തൊക്കെയോ കണ്ടു…. എവിടെയൊക്കെയോ പോയി, അവർ തിരിച്ചുവന്നു. സ്ഥലകാലബോധത്തിലേക്ക് തിരിച്ചെത്തുമ്പഴേക്കും അടിക്കാനായി മാറ്റിവെച്ചിരുന്ന ജോയിന്റിന് നദി തിരികൊളുത്തിയിരുന്നു. ലാസ്റ്റ് ജോയന്റ് ഒറ്റയ്ക്ക് എടുത്ത് അടിച്ചതിന് ലീഫ് നദിയുമായി ഇത്തിരി കലിപ്പുണ്ടാക്കി. എന്നാൽ, നോയൽ കൃത്യസമയത്ത് ഇടപെട്ട് കാര്യമായ അലമ്പുകളൊന്നുമില്ലാതെ സീൻ ഓക്കെയാക്കി. പിന്നീട്, ഒട്ടും ബുദ്ധിമുട്ടില്ലാതെ അവർ ആ  ജോയിന്റിൽനിന്നും ആശ്വാസത്തിന്റെ പുകകൾ ശിരസ്സിലേക്ക് വലിച്ചുകേറ്റി. ഫുൾട്രിപ്പായതോടെ അതുവരെ കൂട്ടുകാരിൽ നിന്നും മറച്ചുവെച്ച രഹസ്യം നദി വെളിപ്പെടുത്തി. എന്തായിരുന്നൂ, ആ രഹസ്യമെന്ന് നദിയ്ക്കിപ്പോൾ ഓർമ്മ കാണില്ല. ചോദിക്കാനും പറ്റില്ല! നദിയിപ്പോൾ?….

ബുദ്ധനെ പോലെ ബോധോദയം സിദ്ധിച്ചവനായി നദി ആകാശത്തേക്ക് നോക്കിയിരുന്നു. അവന്, ചുറ്റും ആയിരക്കണക്കിന് ശിഷ്യഗണങ്ങൾ നിരന്നിരിക്കുന്ന ഭാവത്തിൽ ലീഫും നോയലും ചമ്രം പടിഞ്ഞിരുന്നൂ. അവനിൽ നിന്നും വാക്കുകൾ വാരിക്കുന്തങ്ങളായി തെറിച്ചുവീണു. അപ്പോഴവർക്ക് ഇടവഴികളിലും പാടങ്ങളിലും മലമുകളിലും വെടിയേറ്റു വീണ പോരാളികളെ ഓർമ്മ വന്നു. സഖാവ് വർഗ്ഗീസ്, അങ്ങാടിപ്പുറം ബാലകൃഷ്ണൻ, സഖാവ് സെയ്താലി, രാജൻ……. അങ്ങനെ നിരവധി സഖാക്കൾ ആ വേശത്തോടെ വിളിച്ച മുദ്രാവാക്യങ്ങളും ചുറ്റുപാടുകളുടെ ചോരയോട്ടം കൂട്ടിയ ഇങ്ക്വിലാബുകളും തങ്ങളുടെ പെരുവിരൽ വഴി ഉച്ചിയിയിലേക്ക് കയറിപ്പോകുന്നതായി അനുഭവപ്പെട്ടു. പൂർവ്വികരുടെ പോരാട്ടങ്ങളോട് ഐക്യപ്പെടുകയും ശൂന്യമായ ആകാശത്തേക്ക് നോക്കി സ്വപ്നം കാണുകയും ചെയ്തു. തുടർന്ന്, അവർ ഇരുട്ടിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അങ്ങേയറ്റത്തെ ആവേശത്തിൽ അതിലേറെ നിശബ്ദമായി ഇങ്ക്വിലാബ് വിളിച്ചു. അവരുടെ, മനസ്സ് കണ്ട് ആകാശം ഒന്നുചിരിച്ചു. ആകാശം ചിരിച്ചതറിഞ്ഞ് വാകയൊന്ന് തലയാട്ടി. വിപ്ലവത്തിന്റെ ഗുൽമോഹറിതളുകൾ ഇരുട്ടിനെ തോൽപ്പിക്കുമെന്നും പ്രണയത്തിന്റേയും പോരാട്ടത്തിന്റേയും ലക്ഷോപലക്ഷം കഥകൾ വിവരിക്കുമെന്നുമുള്ള നിശ്ചയദാർഢ്യം ഉള്ളിൽ പേറിക്കൊണ്ടാണ് വാക ചില്ലകളിളക്കിയത്. എന്നാൽ, അതൊരു മാർച്ച് മാസത്തിലെ രാത്രിയായിരുന്നെന്ന് പാവം വാകയോർത്തില്ല. വിപ്ലവശീലം കൊണ്ട് തലയാട്ടിയതാണ്  പാവം. ഒരൊറ്റ ഇല പോലും ശിഖരത്തിൽ ഇല്ലെങ്കിലും വരാനിരിക്കുന്ന പ്രഭാതങ്ങളിൽ താനൊരു ഗുൽമോഹറാണ്. ഓരോ വാകയും ഉള്ളിൽ ഒരു പൂക്കാലം സൂക്ഷിക്കുന്നുണ്ട്. തായ്ത്തടിയിലെ ശീലമാണത്…… മക്കളേ, എനിക്കുറപ്പുണ്ട് വസന്തം വരിക തന്നെ ചെയ്യും. മൂവർസംഘത്തിലേക്ക് ശ്രദ്ധയൂന്നിക്കൊണ്ട് ഗുൽമോഹർ ഇലകൾ താഴ്ത്തി. സ്ട്രീറ്റ് ലൈറ്റിന്റെ ഇത്തിരി വെട്ടത്തിൽ ഒന്നും വ്യക്തമായി കാണുന്നില്ല. മെൻസ് ഹോസ്റ്റലിന്റെ മണ്ടയിലിരിക്കുന്ന വാട്ടർടാങ്ക് മാത്രമേ ദൃഷ്ടിയിൽ പെടുന്നുള്ളൂ. ‘എന്തോന്നെടേയിത്, മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടമോ? ഇവിടെ വെട്ടോം വെളിച്ചോം ഒന്നും ഇല്ലേടേയ്?.’മൊബൈലിലെ ടോർച്ചും തെളിച്ചുകൊണ്ട് ജഗതി സ്‌റ്റെയിലിലാണ് ശാഹിദങ്ങോട്ട് കയറി വന്നത്. സെയിം ഡെയലോഗ് ഗ്രാമർ മിസ്‌റ്റേക്ക് കൂടാതെ വാകമരം ആകാശത്തിനിട്ടടിച്ചു.

‘മൈരന്മാരെ, ഞാൻ വരുമ്പഴേക്കും തീർത്തല്ലേ?’

‘നീ ഇരിക്ക്, നമുക്ക് സെറ്റ് ചെയ്യാം’

നദിയുടെ മറുപടിയിൽ നിന്നും പ്രതീക്ഷയ്ക്ക് വകയുണ്ടെന്നു ശാഹിദിന് മനസ്സിലാകുന്നു. കയറി  വരുമ്പോഴുണ്ടായിരുന്ന കണ്ണുകളിലെ നിരാശ അവൻപോലുമറിയാതെ എങ്ങോട്ടോ ഇറങ്ങിപ്പോയി. മുണ്ട് മാടിക്കുത്തിയ ശേഷം, അവർക്കിടയിൽ ഇരുന്നു. ലീഫ് എഴുന്നേറ്റ് കോണിയുടെ നേരെ നടന്നു. നിലാവത്ത് കോഴിയെ അഴിച്ചുവിട്ട പോലെയുള്ള അവന്റെ പോക്കുകണ്ട് അന്തംവിട്ടിരിക്കുന്ന കൂട്ടുകാരെ നോക്കി നോയൽ ഒരു തത്വം പറയുന്ന മട്ടിൽ പറഞ്ഞു തുടങ്ങി. ആദ്യം വേറെ എന്തൊക്കെയോ പറഞ്ഞെങ്കിലും ‘ലീഫ്, ലുട്ടാപ്പിയുടെ മുറിയിലേക്കാ, അവടെ സ്റ്റോക്കുണ്ടെങ്കില് അഷറഫ് എത്ത്‌ണേന്റെ മുന്നെ നമുക്കൊര് ചെറുത് പിടിപ്പിക്കാം.’ എന്നാണവൻ അവസാനമായി പറഞ്ഞതെന്ന് എല്ലാവർക്കും മനസ്സിലായി. പക്ഷേ…എനിക്കിപ്പഴും ഈ കഥയിൽ ഇവരുടെ ജീവിതത്തിനു എന്താണ് കാര്യമെന്നോ, കഥയെന്നോ മനസ്സിലായിട്ടില്ല! അതുതന്നെയാണ് എന്റെ പ്രശ്‌നവും.

വലിച്ചുകൊണ്ടിരുന്ന സിഗരറ്റ്  തീർന്നതോടെ  നദി  പഴയസ്ഥാനത്ത്  വന്നിരുന്നു. ഏതാനും നിമിഷങ്ങൾ നിശബ്ദമായി അവർക്കിടയിലൂടെ കടന്നുപോയി. മൗനവും ലഹരിയില്ലായ്മയും  ശാഹിദിനെ അസ്വസ്ഥനാക്കി.

‘കുയില്, വാണംവിടാൻ തുടങ്ങി. ഈ നേരത്ത് ജോയിന്റ്, നിന്റെ അച്ഛൻ കൊണ്ടുവരോടാ? നിങ്ങളിവി ടെ കിളിഞ്ഞിരിക്കുമ്പൊ പച്ചയ്ക്കിരിക്കാൻ ഒരു ചടപ്പ്. ഞാൻ പോവാ.’

‘പോകല്ലേ, അഷറഫ് ജോയിന്റും കൊണ്ട് സെന്ററിൽ ലാന്റ് ചെയ്തിട്ടുണ്ട്! ഒരു പത്തിരുപത് മിനിറ്റിനു ള്ളിൽ ഇങ്ങ് എത്തും.’

ശാഹിദൊരു സിഗരറ്റെടുത്ത് കത്തിച്ചു, ചുണ്ടോട് ചേർക്കുന്നതിന് മുമ്പ് നദിയത് വാങ്ങി  വലിക്കാൻ തുടങ്ങി. ഇനിയത് കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് ശാഹിദ് മറ്റൊരു സിഗരറ്റ് കത്തിച്ചു. തീ ഊതിക്കെടുത്തി കൊള്ളിനിലത്തേക്കിട്ടുകൊണ്ട് പതിയെ എഴുന്നേറ്റു. ശാഹിദ്, എന്തോ പറയാനുള്ള ഒരുക്കമാണെന്ന് കണ്ട് നദീയും ലീഫും നോയലും ചെവികൂർപ്പിച്ചു.

”മാഗസിന്റെ എഡിറ്റോറിയൽ ഞാൻ സ്റ്റാറ്റസായി ഇട്ടിരുന്നു. അതെന്തോ ഇഷ്യു  ആയിട്ടുണ്ടെന്ന് തോന്നുന്നു. അഷറഫ് വിളിച്ചപ്പൊ അങ്ങനെ എന്തോ പറഞ്ഞു. മൈര്, എന്റെ മൊബൈലിലാണെങ്കിൽ നെറ്റ് കണക്ടാവുന്നില്ല. ഓഫർ തീർന്നെന്നാ തോന്നുന്നത്.’

‘ദാ, ഫോൺ… ആദ്യം നീയാ സ്റ്റാറ്റസൊന്ന് വായിക്ക്.’

ശാഹിദ് നദീയുടെ ഫോൺ വാങ്ങി ഡാറ്റാകണക്ഷൻ ഓൺ ചെയ്തു. ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഓപ്പൺ ചെയ്ത ശേഷം തന്റെ ടൈംലൈനിൽ നിന്നും സ്റ്റാറ്റസ് കണ്ടെടുത്ത് വായിക്കാൻ തുടങ്ങി…..

”പ്രിയപ്പെട്ടതെന്തോ കളഞ്ഞുപോയ ദു:ഖിതനായ കുട്ടി തന്നെയാണ് ഓരോ മനുഷ്യജീവിതവുമെന്ന് അടിവരയിട്ട് തന്നെയാണ് ഇദ്രീസ് ഈ ലോകത്ത് നിന്നും വിടപറഞ്ഞത്. നിന്റെ കാൽപ്പാദം പതിഞ്ഞ മണ്ണ്. ഉമ്മയുടെ അമ്മിഞ്ഞ നുണഞ്ഞ നിന്റെചുണ്ടിൽ, തിന്നും കുടിച്ചും ശ്വസിച്ചും ചുംബിച്ചും കടന്നുപോയ കാലത്തിന്റെ ശ്വാസബാക്കികൾ പറ്റിപ്പിടിച്ചിരിപ്പുണ്ട്. നീയവശേഷിപ്പിച്ചുപോയ ഇടങ്ങളെ കുറിച്ചുള്ള ഓർമ്മകൾ പേറിക്കൊണ്ടാണ് കാറ്റ് കടുപോകുന്നത്. നിന്റെ മൂത്രം കുടിച്ചുവളർന്ന തെങ്ങ് ഇപ്പോഴാകാശം തൊടുന്നുണ്ട്. കൈതത്തലപ്പുകളിൽ നിന്നും നടവഴികളിൽ നിന്നും എന്റെ മൂക്ക് പിടിച്ചെടുക്കുന്ന ഗന്ധങ്ങളിൽ നിന്റെ ശുക്ലമണവും കലർന്നിട്ടുണ്ട്. പുലരിയിലെ നിന്റെ പതിവ് നടത്തമടക്കം എല്ലാമെല്ലാം ഇവിടെ ബാക്കികിടപ്പുണ്ട്, അതിൽ നീ വിളിച്ച ഇങ്ക്വിലാബിന്റെ നൈർമല്യമുണ്ട്. നിന്റെ സത്യസന്ധതയോ തണ്ടെല്ലുറപ്പോ എനിക്കൊരിക്കലും ഉണ്ടാവില്ല. എന്നാലും…. സഖാവേ, നിന്നെ ഞാനും സഖാവെന്ന് വിളിക്കും. കാരണം, നമ്മൾ ഭൂമിയിൽ നക്ഷത്രം വിരിയിക്കണമെന്ന് സ്വപ്നംകണ്ട കൂട്ടുകാരാണല്ലോ?

കേൾക്കപ്പെടാത്തവർ
കേൾക്കപ്പെടാത്തവർ

നമുക്ക് വേണ്ടി ഞാനും പറഞ്ഞുനോക്കാം. എനിക്കുവേണ്ടി, നിനക്കുവേണ്ടി,  നമുക്കുവേണ്ടി. പിന്നേം…പിന്നേം… നമുക്കുവേണ്ടി എഴുതിവെക്കാം. ജീവിച്ചിരുന്നവർക്ക് വേണ്ടി മരിച്ചവർ കൂടി ജീവിക്കേണ്ട കാലത്ത്, നീ മരിച്ചിട്ടില്ല സഖാവേ, നിന്നെ ആരും കൊന്നിട്ടില്ല. 1993 മാർച്ച് 2-ന് നിന്നെ ആരും വെട്ടിക്കൊന്നിട്ടില്ല.

കേൾക്കപ്പെടാത്തവർ

വടക്കേക്കാട് ഗവമെന്റ് കോളേജ് മാഗസിൻ 2014-15 Feeling-മ്മടെ ചങ്ങായീന്റെ മാഗസിൻ With- നദി, അനന്തുലീഫ്, നോയൽ, അഷറഫ്, എന്ന ടാഗ് ലൈനോടെ ശാഹിദ് പോസ്റ്റ് ചെയ്ത എഡിറ്റോറിയൽ കുറിപ്പ് കമന്റുകളുടെ പൊങ്കാലകളാൽ സമൃദ്ധായിരുന്നു. വധഭീഷണികളും തെറിവിളികളും ഒട്ടും കുറവില്ലായിരുന്നു.

ഈ സീൻ കഴിഞ്ഞാണല്ലോ അഷറഫിനെ പോലീസ് പിടിക്കുന്നത്. അവിടുന്ന് പിന്നെ നദിയുടെ ആത്മഹത്യയിലേക്കും ഭ്രാന്തിലേക്കും അധികം ദൂരമില്ല. അതുകൊണ്ട് ഈ സീൻ തുടക്കത്തിൽ വെക്കാൻ പറ്റില്ല. ആകെയൊരു എത്തുംപിടിയും കിട്ടുന്നില്ല. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഷോക്കടിപ്പിച്ച തലച്ചോറ് നിശബ്ദമായി നിശ്ചലമാകുന്നു.

********

കാലുകൾ മണ്ണിൽ പൂഴ്ന്നു പോയ പോലെ അഷറഫിന് അനുഭവപ്പെട്ടു. എത്ര വലിച്ചൂരിയെടുത്തിട്ടും മണ്ണിൽ നിന്നും കാലുകൾ അടർന്ന് മാറുകയോ മുന്നോട്ടൊരടി പോലും ചലിക്കാൻ കഴിയുകയോ ചെയ്യുന്നില്ല. ശരിക്കും പട്ടിലോക്ക് തന്നെ.
”മൈര്, കിളിഞ്ഞത് ഇത്തിരി കൂടിപ്പോയി,  അവന്മാരുടെ അടുത്തെത്തിയിട്ട് വേണമൊന്ന് കിടക്കാൻ.’ കാലടിയിൽ നിന്നും വടക്കേക്കാട് വരെയുള്ള ഈ യാത്ര വേണ്ടിയിരുന്നില്ലെന്ന് തോന്നുന്നു. കിളിഞ്ഞു പോയ തലമണ്ട വല്ലാതെ നെഗറ്റീവ് അടിക്കുന്നല്ലോ! വാലും തുമ്പുമില്ലാത്ത  ആലോചനയെ ഒന്ന് കൺട്രോൾ ചെയ്യാൻ തൊട്ടടുത്ത കടത്തിണ്ണയിലേക്ക് അവൻ കയറിയിരുന്നു. പതുങ്ങിയ ഒരു കാൽവെപ്പിനെ പോലും ചെവി സൂക്ഷ്മമായി എത്തിപ്പിടിക്കുന്നു. എതിർവശത്തെ തിണ്ണയിൽ കിടുറങ്ങുന്ന ഇതര സംസ്ഥാനക്കാരായ ഒരു കുടുംബത്തിന്റെ കൂർക്കംവലിയും അങ്ങ് ദൂരെ നിന്നും മൂളുന്ന പാതിരാപ്പുള്ളിന്റെ ഒച്ചയും ചെവിയിലേക്ക് തുളച്ചു കയറുന്നു. കാറ്റിന്  പോലും വല്ല്യ ഒച്ചയുള്ള പോലെ തോന്നുന്നു. കാറ്റിന്റെ ഫോട്ടോ എടുത്ത കഥ നീലിമ ഇപ്പോഴും വായിച്ചു കൊണ്ടിരിക്കുകയാണ്. കാറ്റിന്റെ ഫോട്ടോ എടുക്കുന്നതിനെ കുറിച്ചുള്ള ഒരു പെൺകുട്ടിയുടെ ചിന്തകൾ നീലിമ കഥയായി പറയുകയാണ്. എച്ച്.സി.യു.വിന്റെ ക്യാമ്പസിൽ ഇരുന്ന് ഒരു നട്ടപ്പാതിരയ്ക്ക് അവൾ പറഞ്ഞ വാക്കുകൾ ഇപ്പോഴും തന്നെ  പിൻതുടരുന്നുണ്ടോ? അഷറഫ്  ഓർമ്മകളെ  ഒന്ന്  ചിക്കിപ്പരത്തി  നോക്കി.  അവളുടെ കാൽപ്പെരുമാറ്റമാണോ താനിപ്പോൾ കേട്ടത്? അഷറഫ് ചുറ്റും നോക്കി. എതിർവശത്തെ കടത്തിണ്ണയിൽ ഉറങ്ങിക്കിടക്കുന്ന ആരോ മൂത്രമൊഴിക്കാനോ തൂറാനോ ആയി, തൊട്ടപ്പുറത്തെ പൊന്തയിലേക്ക് നൂഴ്ന്നു കടതാണ്. അതുമല്ലെങ്കിലയാൾ ഒരു ജാരനായിരിക്കും! ഉളളിലൊരു ജാരന്റെ ഒളിവ് ആവശ്യമുള്ളത് കൊണ്ടാണോ ഞാനീ വിഡ്ഢി വേഷം കെട്ടിയാടുന്നത്? സ്വന്തം ഓർമ്മകളെ പോലും ഞാൻ കഥാപാത്രങ്ങൾക്ക് വിട്ടുകൊടുക്കുന്നുവോ? ഏതാനം ദിവസങ്ങൾക്ക് മുമ്പ്   ഞാനെവിടെയായിരുന്നു!…ഏതാനും ദിവസം മുമ്പ് താനൊരു ജാരനായിരുന്നോ? ഇപ്പോഴും  തന്നിലൊരു ജാരനുണ്ടോ! എന്നിലെന്നല്ല ലോകത്തിലെ എല്ലാപുരുഷനിലും ഒരു ജാരനുണ്ട്. പാണ്ഡവപുരം എന്ന നോവലിലെ ദേവിയെ പോലെ ലോകത്തിലെ എല്ലാപെണ്ണും ജാരന്മാരെ ആവാഹിച്ചു വരുത്താറുണ്ടാകും! വെറുതെ എന്തിനാണ് ഓരോന്ന് ചിന്തിച്ച് കൂട്ടുന്നത്. കാര്യായിട്ട് നാല് പൊകയെടുത്ത് ആഞ്ഞൊന്ന് നടന്നാൽ ഒരു അരമുക്കാ മണിക്കൂറോണ്ട് ഹോസ്റ്റലിൽ എത്താം.

അവനല്ല, ഞാൻ ബാഗ് തുറന്ന് റെസ്ലേ പേപ്പറും സ്റ്റഫും കയ്യിലെടുത്ത് ബീഢി തെറുപ്പുകാരന്റെ ജാഗ്രതയോടെ കുനിഞ്ഞിരുന്നു. പെട്ടെന്ന്, മൊബൈൽ ഷഹബാസ് അമന്റെ വരികളെ ഏറ്റുചൊല്ലി. ”പാലസ്തീനിലെ മേഘത്തോടൊരു സ്ത്രീ പറഞ്ഞത് കേൾക്കൂ…..’

ഫോണിൽ നദി കോളിങ്ങ് എന്ന് തെളിഞ്ഞു. വിഷാദം സ്ഫുരിക്കുന്ന ഷഹബാസിന്റെ അധരങ്ങളിലേക്ക് വിശേഷമറിയാൻ തനിക്ക് ചുറ്റും മേഘങ്ങൾ ഒത്തുകൂടിയ പോലെ ഒരു ഫീൽ. അതുകൊണ്ടു തന്നെ ഫോണെടുക്കാതെ ചുക്കയും കഞ്ചാവും റെസ്ലേ പേപ്പറിൽ ഇട്ട് ശ്രദ്ധയോടെ ചുരുട്ടിയെടുക്കാൻ തുടങ്ങി. കോൾ കട്ടായതും ചുരുട്ടിയൊരുക്കൽ തീർന്നതും  ഒരുമിച്ചായിരുന്നു.   വൃത്ത  നൃത്തത്തിന് സൂഫികളണിയുന്ന തലപ്പാവ് പോലെ മനോഹരമായിരിക്കുന്ന റൗച്ചിൽ ഒന്ന് തോട്ട ശേഷം   തീപ്പെട്ടിക്കായി പോക്കറ്റിൽ തപ്പിനോക്കി. കുറച്ച് നേരത്തെ തപ്പലിന് ശേഷം ബാഗിൽ നിന്നും ലൈറ്ററെടുത്ത് സ്റ്റഫിന് തീപിടിപ്പിച്ചു.

താളവട്ടം സിനിമയിലെ കാർത്തികയെ പോലെ മുമ്പിലിരിക്കുന്ന ഡോക്ടർ രേഖയോട് ഞാനെന്ത് കഥയാണ് പറയേണ്ടത്? ഭ്രാന്തന്മാർ കേന്ദ്രകഥാപാത്രങ്ങളായ സിനിമകളിലൊക്കെയും  എന്തിനേറെ ‘വെറോണിക്ക ഡിസൈഡ് റ്റു ഡൈ’ എന്ന നോവലിൽ വരെ ഞാനെന്റെ ജീവിതം തിരഞ്ഞൂ നോക്കി, എവിടേയും കണ്ടില്ല! അവളോട് പറയാൻ ഞാനിപ്പോൾ ഒരു കഥ മെനഞ്ഞുണ്ടാക്കുകയാണ്…. കഴിഞ്ഞ ഒരു വർഷത്തെ ജീവിതത്തിൽ നിന്നും കഥയാരംഭിക്കാം  എന്ന് തീരുമാനിച്ചുറച്ച് അവരോടൊരു സിഗരറ്റ് ആവശ്യപ്പെട്ടു. കോട്ടിനുള്ളിൽ ആകെയൊന്ന് പരതിയ ശേഷം ഒരു പാക്കറ്റ് സിഗരറ്റും തീപ്പെട്ടിയും എനിക്കുനേരെ നീട്ടി. ഞാനത് വാങ്ങി കത്തിച്ചു വലിക്കുന്നതിനിടയിൽ അവർ കോട്ടൂരി ബെഡ്ഡിലിടുകയും വാതിലിന് നേരെ നടക്കുകയും ചെയ്തു. ഡോക്ടർ നിശബ്ദമായി മുറിയുടെ വാതിലടച്ച് കുറ്റിയിടുന്നത് ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ സിഗരറ്റ് പാതിയും വലിച്ചു തീർത്തു. കഥ ആലോചിക്കുന്നതായി അഭിനയിക്കാൻ തുടങ്ങിയതോടെ അതുവഴി സഞ്ചാരിയായ കാറ്റ് സൂഫി സംഗീതം പൊഴിച്ചുകൊണ്ട് കടന്നുപോയി. കഞ്ചാവിൽ അജ്മീറ് എന്ന മഹാനഗരത്തെ മണത്തു. ഖവാലിയുടെ ഇശലുകളും ആൾക്കൂട്ടത്തിന്റെ ഇരമ്പലുകളും തലച്ചോറിൽ മിന്നിത്തെളിഞ്ഞു. നദിയുടെ നമ്പറിലേക്ക് ഞാൻ കോൾ ചെയ്തു.

‘ടാ ഒരു അരമണിക്കൂറ് ദാ, എത്തി..’ ‘ഞാൻ ശാഹിദാടാ.’

‘പറേടാ’

‘എന്തോന്ന് പറയാൻ മൈരേ, ഒരുമാതിരി ആളെ മൂഞ്ചിക്കരുത്. എപ്പഴാ ഇങ്ങോട്ട് എത്ത്ആ എന്നറിയാൻ വിളിച്ചതാണ്.’

‘കുഴിങ്ങര സെന്ററിലെത്തിയെന്റെ സോളമാ, ഒരൊറ്റ ജോയന്റടിച്ചാലുടൻ അങ്ങോട്ട് തെറിക്കും, നീ വെച്ചോ.’

‘ഡാ, പിന്നേയ്… സ്റ്റാറ്റസ് എന്തോ ഇഷ്യൂ ആയെന്ന് പറഞ്ഞതെനിക്ക് ക്ലിയറായില്ല.’

‘അതങ്ങനെ കാര്യായിട്ടൊന്നുമില്ല. കുറച്ചുപേരുടെ കുരു പൊട്ടിയിട്ടുണ്ട്, അത്രയേ ഉള്ളൂ. കമന്റിലെ തള്ളയ്ക്ക് വിളി വായിച്ചാ നിനക്ക് മനസ്സിലാവും.’

‘ഉം… കയ്യില് മാഗസിൻ ഉള്ളതല്ലേ, നീ അവടെ തന്നെ നിക്ക്. മ്മള് ബൈക്കെടുത്ത് അങ്ങ് വരാം.’ ഫോൺ കട്ട് ചെയ്ത്, ആഞ്ഞൊരു പൊകയെടുത്ത് ഊതിവിടുമ്പോൾ ചുമലിൽ ആരോ ബലമായി പിടിച്ചു വലിച്ചു. പെട്ടെന്നുള്ള പിടിവലിക്കിടയിൽ ഒരു പകപ്പോടെ കണ്ണുകൾ പറന്നു നടന്നു. നാലഞ്ച് കാക്കിവേഷങ്ങളും   മുരണ്ടുകൊണ്ടിരിക്കുന്ന  പോലീസ് ജീപ്പും  തലച്ചോറ്  രേഖപ്പെടുത്തി.  എന്നില പ്പോൾ ഭയത്തിന്റേയും അന്ധാളിപ്പിന്റേയും ലക്ഷോപലക്ഷം കുമിളകൾ നുരഞ്ഞുപൊന്തി പൊട്ടിത്തെറിക്കാൻ തുടങ്ങി.

‘ഈ തായോളികള്, ആരുടെ അമ്മേനെ കെട്ടിക്കാനാണ് ഇപ്പൊ ഇവിടെ അവതരിച്ചതെന്ന് ‘  മനസ്സിൽ

പ്രാകിക്കൊണ്ട് മുന്നോട്ട് രണ്ടടി നടന്നു. അത്യാവശ്യം ബലിഷ്ടമായ കൈകൾ കയ്യിൽ  നിന്നും മൊബൈലും  ചുണ്ടിൽ നിന്ന്  സ്റ്റഫും  അതിനിടയ്ക്ക്   പിടിച്ചെടുത്തിരുന്നു.  തന്നെ കടന്നുപിടിച്ച എസ്.ഐ.യുടെ പേര് സ്ട്രീറ്റ് ലൈറ്റിന്റേയും ബീക്കൺ ലൈറ്റിന്റേയും  വെട്ടത്തിൽ കൃത്യമായി വായിച്ചു. ഇട്ടുപ്പ് വർഗ്ഗീസ് എന്ന നെയിംവായിച്ച് തീർന്നതും ഒരു അലർച്ച കണക്കേ അയാൾ വായ തുറന്നു.

‘എന്തടാ പേര്.?’
‘അഷറഫ്’
‘വലിച്ചോണ്ടിരുന്നത്   ഇങ്ങ് എടുക്കടാ’
‘എന്താ സാർ?’
‘പൊലയാടി മോനേ, പോലീസിന്റെ അടുത്താണോടാ പുലിക്കളി നടത്ത്‌ണേ! അണ്ടിയടിച്ച് വയറ്റീക്കേറ്റും. ഫോണിന്റെ ലോക്ക് തൊറക്കടാ’
‘എന്തിനാ സാർ?’
‘കഞ്ചാവടിച്ച് നാട് നശിപ്പിക്കാനെറങ്ങിയവനൊക്കെ കാര്യോം കാരണോം അറിയണം. വേഷംകെട്ടെടുക്കാതെ ലോക്ക് തൊറക്കടാ’
ഇട്ടുപ്പിൽ നിന്നും തന്റെ മൊബൈൽ വാങ്ങുകയും യാന്ത്രികമായി ലോക്ക് തുറന്നു കൊടുക്കുകയും ചെയ്യുന്നതിനിടയിൽ  പറയാനായി  വന്ന  വാക്കുകൾ  വിഴുങ്ങിക്കളയേണ്ടി  വന്നു. എസ്.ഐ.ഇട്ടൂപ്പ് വർഗ്ഗീസ് നിമിനേരം കൊണ്ട് മൊബൈൽ ഫോൺ അരിച്ചുപെറുക്കി.
‘ആരടാ, ഈ നദിയും ലീഫും! മാവോയിസ്റ്റ് നേതാക്കളുടെ കള്ളപ്പേരല്ലടാ ഇത് ‘
‘അല്ല സാർ’
‘പിന്നെ?’
‘രണ്ടാളും വടക്കേക്കാട് കോളേജില് പഠിക്ക്‌ണോരാ’
‘എന്താടാ, നിന്റെ കയ്യിലെ പൊതീല് ! കഞ്ചാവോ, ബോംബോ?’
ഞാനെന്തോ പറയാനായി തലച്ചോറുമായി ഒരു മൽപ്പിടുത്തത്തിന് ശ്രമിച്ചു. എന്നാൽ, ഭയം സർവ്വരോമ കൂപത്തേയും പിടികൂടിയിരുന്നൂ….  ചുറ്റും കറങ്ങിനടന്നിരുന്ന  സൂഫിയായ  കാറ്റ്  അപ്രത്യക്ഷമായിരിക്കുന്നു. വളരെ അധികം പരുക്കനായ മാർച്ചുമാസത്തിലെ വരണ്ട പാതിരാക്കാറ്റ് മുഖമടച്ച് തല്ലിയപോലെ ശരീരം വിറക്കുന്നു. ബോധം മറയുന്ന പോലെ തോന്നി. പോലീസുകാരുടെ കൈക്രിയകളുടെ ആരംഭം പോലും താങ്ങാൻ കഴിയുന്നില്ല. കടവായിൽ നിന്നും കട്ടച്ചോര ഒലിച്ചിറങ്ങുന്നു. വേദനയും പ്രതിഷേധവും പ്രതികരണവും അപമാനവും അടക്കം എല്ലാ വികാരങ്ങളും ഭീതിയിൽ പൊതിയുന്നു.. വികാരങ്ങൾ മാത്രമല്ല, ചുറ്റുമുള്ള കാറ്റും ചവിട്ടടിയിലെ മണ്ണും സാക്ഷിയായ ആകാശവും എല്ലാം പേടിയുടെ ഡ്രാക്കുളക്കോട്ടയാകുന്നു. എന്നെ പോലീസുകാർ തൂക്കിയെടുത്ത് ജീപ്പിന്റെ പിന്നിലേക്ക് തട്ടിക്കയറ്റി. അപ്പോഴേക്കും അവശേഷിച്ചിരുന്ന സ്ഥലകാലത്തിന്റെ പിടി താൽക്കാലികമായ വിഭ്രാന്തിക്ക് വഴി മാറിക്കഴിഞ്ഞിരുന്നു.

പോലീസ് ജീപ്പ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുക്കാൻ തുടങ്ങുന്ന സമയത്ത് തന്നെ നദിയും സംഘവും വട്ടം ചാടി. ചെരക്കാത്ത താടിയും മുടിയും കണ്ടാൽ ഉടനെ ഉടലാകെ ചൊറിഞ്ഞുകേറുന്ന  ഇട്ടൂപ്പ് എസ്.ഐ. ചോദ്യവും പറച്ചിലുമൊന്നും കൂടാതെ അവരേയും പെറുക്കി ജീപ്പിലിട്ടു.  കൂട്ടുകാരെ കണ്ടിട്ടും തീർത്തും അപരിചതരെ കണ്ട നോട്ടമായിരുന്നൂ, എനിക്കപ്പോൾ… ഏതാനം  നിമിഷങ്ങൾക്ക് ശേഷം, പോലീസ് ജീപ്പ് കുഴിങ്ങര അമ്പലത്തിന്റെ വളവ് തിരിയുന്നിടത്ത് വെച്ചാണ്  തലച്ചോറ് കൂട്ടുകാരെ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ തുടങ്ങിയത്. അവരെ തിരിച്ചറിഞ്ഞതോടെ അവരെങ്ങനെ ഈ ഊളന്മാരുടെ കയ്യിൽ പെട്ടെന്ന സംശയത്തിലേക്ക് ആഴ്ന്നിറങ്ങി. ദൂരേക്ക് പാഞ്ഞുപോകുന്ന ജീപ്പിൽനിന്നും സ്വതന്ത്രരായ വെള്ളപ്പുകകൾ പഞ്ഞിക്കെട്ടു പോലെ ആകാശത്തേക്ക് ഉയരുന്നു. നദിയും ശാഹിദും ലീഫുമൊക്കെ എന്താണ് തങ്ങൾക്ക് സംഭവിച്ചതെറിയാതെ പിറുപിറുക്കുകയും അങ്ങോട്ടുമിങ്ങോട്ടും ചോദ്യഭാവത്തിൽ പരസ്പരം നോക്കുകയും ചെയ്തു. ഒരു കുറ്റവാളിയെ നോക്കുന്ന നോട്ടം, അവർ തന്നെ നോക്കിയോ എന്ന് ഭയപ്പെട്ട് ഞാൻ മുഖംപൊത്തി കരയാൻ തുടങ്ങി.

വാതിൽ കുറ്റിയിട്ട ശേഷം ചുവരിൽ ചാരിനിൽക്കുന്ന ഡോക്ടറെ നോക്കിയപ്പോൾ എനിക്കവരോട് വല്ലാത്ത വെറുപ്പ് തോന്നി. മരണത്തിൽ നിന്നും രക്ഷിച്ചതിന്, ഉപേക്ഷിക്കാൻ ശ്രമിച്ച കഥകളേയും സിനിമകളേയും ഓർമ്മപ്പെടുത്തിയതിന്. ഡോക്ടർക്കാകെ ഒരു സ്വർണ്ണനിറമാണ്. മയിൽപ്പീലിയുടെ നിറമുള്ള പട്ടിന്റെ കസവുള്ള സാരിയും അതിനിണങ്ങുന്ന ബ്ലൗസും അവരെ കൂടുതൽ സുന്ദരിയാക്കുന്നു. ബെഡ്ഡിൽ കിടക്കുന്ന കോട്ട് എന്നിൽ ഡോക്ടകർക്ക് ഉണ്ടായിരുന്ന അധികാരത്തെ ഊരിക്കളഞ്ഞതുപോലെ തോന്നിപ്പിക്കുന്നു! നേർത്ത ഒരു മാല, ചെറിയൊരു സ്വർണ്ണ വർണ്ണമുള്ള  പൊട്ട്, ചുണ്ടുകളിലെ വിടെയോ ഒരു ചിരിത്തുണ്ട്, എവിടെയോ കണ്ടു മറന്നപോലെ….. എഥലിന്റെ ചുരുണ്ട മുടിയല്ല. സിനിമയിലെ ഗ്രാമീണ നായികയെ പോലെ മുന്നിൽ നിൽക്കുന്ന ഈ ഡോക്ടറോട് ഞാനെങ്ങനെ എന്റെ കഥ പറയും!

നദിയുടെയും സുഹൃത്തുക്കളുടേയും അറസ്റ്റിന് ശേഷം ഹോസ്റ്റലിൽ പോലീസ് റെയ്ഡ് നടത്തുകയും കോളേജ് മാഗസിന്റെ റഫ് കോപ്പിയടക്കം അവിടെ ഉണ്ടായിരുന്ന എല്ലാ പുസതകങ്ങളും പിടിച്ചെടുത്ത്നശിപ്പിക്കുകയും ചെയ്തു. പ്രതിപക്ഷ എം.എൽ.എ. മഹേഷ് മോഹന്, സഖാവ് ഇദ്രീസ് വധത്തിൽ പങ്കുണ്ടെന്ന മാഗസിൻ  ടീമിന്റെ  കണ്ടെത്തൽ പോലീസ്  വഴി  എം.എൽ.എ  മഹേഷ്  മോഹൻ അറിയാനിടയാകുകയും അയാൾ കേസിൽ ഇടപെടുകയും ചെയ്തു. 1993-ൽ ആർ.എസ്സ്.എസ്സ്.അനുഭാവിയായിരുന്ന മഹേഷ്, ഇദ്രീസ് വധത്തിന്റെ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ പ്രതിസ്ഥാനത്ത് ആരോപിക്കപ്പെട്ടവനായിന്നൂ. തന്റെ ഭൂതകാലം ഹിസ്റ്റോറിക്കൽ ഓഡിറ്റിങ്ങിലേക്ക് നീങ്ങാതിരിക്കാൻ പോലീസിനോട് കൃത്യമായ നിർദ്ദേശങ്ങൾ മഹേഷ് മോഹനാണോ ഡോക്ടറുടെ രൂപത്തിലെന്റെ മുമ്പിൽ നിൽക്കുന്നത്! മുന്നറിയിപ്പിലെ രാഘവൻ ഇരുട്ടിലൂടെ നടക്കുന്നതും കാലിൽ തടഞ്ഞ ഇരുമ്പുവടി സൂക്ഷിച്ചുവെച്ച് അഞ്ജലി അറക്കലിന്റെ തലയ്ക്കടിച്ച് കൊല്ലുന്നതും എനിക്ക് മുമ്പിലിപ്പോഴൊരു സാധ്യതയായേക്കാമെന്നൊരു ഭയം തലച്ചോറിലേക്ക് തുളച്ചുകയറാൻ ശ്രമിക്കുന്നുണ്ടോ? അറിയില്ല!

ഞങ്ങളുടെ പോലീസ് കസ്റ്റഡി ഏകദേശം രണ്ടാഴ്ച നീണ്ടുനിന്നു. അറസ്റ്റിനും അനുബന്ധനാടകങ്ങൾക്കും ശേഷം ഞങ്ങൾ തികച്ചും വീടെന്ന ജയിലറകളിലേക്ക് മാറ്റപ്പെടുകയും ഏകാന്തമായ ദ്വീപുകളായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. വടക്കേക്കാട് കോളേജിലെ വിദ്യാർത്ഥികളുടെ പോലീസ് അറസ്റ്റിനോടുള്ള പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഏകദേശം  രണ്ടാഴ്ചക്കാലം  ഫെയ്‌സ്ബുക്കിൽ ചർച്ചയായി. പിന്നീട്, താൽകകാലികമായെങ്കിലും എല്ലാവരും അവരെ മറന്നു കളഞ്ഞു. നീലിയും അവരെ മറന്നു, നദി ശരിക്കും തളർന്നുപോയത് അവിടെയായിരുന്നോ? അവളുടെ മറവിയ്ക്ക് മുന്നിൽ! ഏതാനം, അടുത്ത കൂട്ടുകാരുടെ സ്വകാര്യ സംഭാഷണങ്ങളിലേക്ക് ഇടയ്‌ക്കെപ്പഴോ കയറിവരുന്ന അതിഥികളായി നദിയും സംഘവും മാറി. 2015 ജൂലൈ 30ന് നദി ആത്മഹത്യ ചെയ്യുമ്പോഴേക്കും അടുത്ത കൂട്ടുകാർപോലും അവനെ മറന്നു തുടങ്ങിയിരുന്നു, ഞാനും.

‘ഡോകടറേ, എവിടുന്ന് പറഞ്ഞുതുടങ്ങണം എന്നൊന്ന് ആലോചിക്കട്ടേ! പിന്നെ, എന്നെയിങ്ങനെ ബു ദ്ധിമുട്ടിക്ക്ണതത്ര നല്ലതല്ല.’
‘എന്തു വന്നാലും ഇയ്യാളെ ഇത്തിരി ബുദ്ധിമുട്ടിക്കാൻ തന്നെയാണ് എന്റെ തീരുമാനം.’
‘എന്നാ മുന്നറിയിപ്പ് സിനിമേലെ നായികേടെ ഗതിയാകും ഡോക്ടറിന്.’
‘നിന്നെ താളവട്ടത്തിലെ മോഹൻലാലാക്കി മാറ്റാൻ എനിക്കും പറ്റും.’

സംസാരത്തിൽ കൃത്രിമത്വം അനുഭവപ്പെട്ടതോടെ ഞങ്ങൾക്കിടയിൽ വല്ലാത്തൊരു നിശബ്ദത ഉടലെടുത്തു. ഞാൻ മൂന്നാമത്തെ സിഗരറ്റെടുത്ത് കത്തിക്കാൻ തുടങ്ങിയതും അവർ വാതിലിനടുത്ത് നിന്നും പതിയെ നടന്നു വന്ന്, ബെഡ്ഡിൽ നിന്നും കോട്ടെടുത്തു. ശേഷം എന്റെ അടുത്തേക്ക് വന്ന് സിഗരറ്റു വാങ്ങി ജനാല വഴി പുറത്തേക്കെറിഞ്ഞു.

Comments

comments