മനോരമയുടെ പ്രസിദ്ധീകരണമായ ഭാഷാപോഷിണി സമീപകാലത്ത് സൃഷ്ടിയുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രകാശനത്തെയും പ്രതികൂലമായി ബാധിക്കുന്നവിധം വർഗ്ഗീയവാദികൾക്കും പ്രതിലോമശക്തികൾക്കും വഴങ്ങിക്കൊടുത്തതിനെതിരെ ഒരു പറ്റം എഴുത്തുകാർ തയ്യാറാക്കി മനോരമയ്ക്ക് നൽകിയ ഈ കത്തിനു അവരിൽ നിന്നും പ്രതികരണങ്ങളൊന്നും കണ്ടില്ലായെന്നതിനാൽ എഴുത്തുകാരുടെ ആവശ്യപ്രകാരം പ്രസിദ്ധീകരിക്കുന്നു. സാംസ്കാരികവും രാഷ്ട്രീയവുമായ ഫാസിസത്തിന്റെ ലക്ഷണങ്ങൾ വർദ്ധിച്ചുവരുന്ന, മാധ്യമങ്ങൾ പൂർവ്വാധികം ജാഗ്രത പുലർത്തേണ്ട ഈ കാലത്ത്  മനോരമയുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ  തെറ്റായ നടപടിയെ എഴുത്തുകാർക്കൊപ്പം നിന്നുകൊണ്ട് നവമലയാളിയും ശക്തമായി അപലപിക്കുന്നു.

ആദരണീയനായ ശ്രീ മാമ്മന്‍ മാത്യു ,
ഇയ്യിടെ മലയാളമനോരമയില്‍ ‘ഭാഷാപോഷിണി’യുമായി ബന്ധപ്പെട്ടുണ്ടായ ചില സംഭവങ്ങള്‍ ഞങ്ങളെ അത്യധികം വേദനിപ്പിക്കുന്നതു കൊണ്ടാണ് ഇങ്ങിനെ ഒരു കത്ത് താങ്കള്‍ക്കെഴുതാതിരിക്കാൻ നിര്‍വ്വാഹമില്ലാതെ വന്നത്. ഞങ്ങള്‍ സൂചിപ്പിക്കുന്നത് ടോം ജെ വട്ടക്കുഴിയുടെ പെയിന്റിങ്ങും റിയാസ് കോമുവിന്റെ ശില്‍പ്പവും ആയി ബന്ധപ്പെട്ട സംഭവങ്ങളാണ്.

പിൻവലിച്ച ഭാഷാപോഷിണിയുടെ കവർ
പിൻവലിച്ച ഭാഷാപോഷിണിയുടെ കവർ

ചില പ്രതിലോമശക്തികളുടെ പ്രേരണയ്ക്കു വഴങ്ങി ആദ്യത്തേത് പിന്‍വലിക്കാനും, രണ്ടാമത്തെത് പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മാപ്പു പറയാനും മനോരമ പോലെ സുദീര്‍ഘമായ പത്രപ്രവര്‍ത്തന പാരമ്പര്യവും  പ്രതിരോധശക്തിയും ജനപ്രിയതയുമുള്ള ഒരു പത്രകുടുംബം തയ്യാറായി എന്നതിലാണ് ഞങ്ങള്‍ക്ക് ദുഃഖവും ഉത്കണ്ഠയും ഉള്ളത്.

‘ഭാഷാപോഷിണി’ സ്വയംതന്നെ ഒന്നേകാൽ നൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാവുന്ന, കേരള നവോത്ഥാനത്തിനു ഊര്‍ജ്ജം പകര്‍ന്ന, ഒരു പ്രസിദ്ധീകരണമാണ്; അതിന്റെ പത്രാധിപരാകട്ടെ നീണ്ട സാഹിത്യ-പത്രപ്രവര്‍ത്തനപശ്ചാത്തലമുള്ള ശ്രീ കെ സി നാരായണനും. അങ്ങിനെ ഒരു മാസികയെ സംബന്ധിച്ചാകുമ്പോള്‍ ഈ നടപടി കൂടുതൽ ലജ്ജാകരമാകുന്നു; പ്രസിദ്ധീകരണത്തിനും പത്രാധിപര്‍ക്കും അപമാനകരമാണ് ഈ നടപടി.

ടോം ജെ വട്ടക്കുഴിയുടെ ചിത്രം
ടോം ജെ വട്ടക്കുഴിയുടെ ചിത്രം

ഒപ്പം തന്നെ ഇന്ത്യയില്‍ ജനാധിപത്യസംസ്കാരം ദിനംപ്രതി ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്‌ എന്നതും ഈ നടപടിയുടെ അനഭിലഷണീയത വര്‍ദ്ധിപ്പിക്കുന്നു. വര്‍ഗീയവാദികൾ സാംസ്കാരികസ്ഥാപനങ്ങളെ ഒന്നൊന്നായി  പിടിച്ചെടുക്കുകയും ആവിഷ്കാരസ്വാതന്ത്ര്യത്തെ വേണ്ടി വന്നാൽ ആയുധം കൊണ്ട് പോലും നേരിടുകയും ചെയ്യുന്ന ഭീഷണമായ സാഹചര്യത്തില്‍ ഇത്തരം കീഴടങ്ങലുകൾ സമൂഹത്തിനു എന്ത് സന്ദേശമാണ് നല്‍കുക എന്നത് ഞങ്ങൾ പറയേണ്ടതില്ലല്ലോ.

അതുകൊണ്ട് താങ്കള്‍ മനോരമയുടെ നടപടി പുനഃപരിശോധിക്കണമെന്നും വരും കാലം ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ നിതാന്തജാഗ്രത പുലര്‍ത്തണമെന്നും ഞങ്ങൾ അഭ്യര്‍ത്ഥിക്കുന്നു.

എന്ന് സ്നേഹപൂര്‍വ്വം,

ആനന്ദ്
സക്കറിയ
എം മുകുന്ദന്‍
സേതു
ബി ആര്‍ പി ഭാസ്കർ
കെ. സച്ചിദാനന്ദന്‍
കെ ജി ശങ്കരപ്പിള്ള
ബി രാജീവന്‍
കെ. പി രാമനുണ്ണി
സീ ആര്‍ പരമേശ്വരൻ
സിവിക് ചന്ദ്രന്‍
അന്‍വര്‍അലി
സാവിത്രി രാജീവന്‍
പി പി രാമചന്ദ്രന്‍
അനിതതമ്പി
മധുസൂദനന്‍

Comments

comments