1. പോയ കാലത്തിന്റെ സാംസ്കാരിക, രാഷ്ട്രീയ സ്മൃതികളെ ഒരു കൃതിയില്‍ നിന്ന് പിന്‍തലമുറക്ക് കണ്ടെടുക്കാന്‍ കഴിയുമ്പോഴേ ആ കൃതിക്ക് അച്ചടിക്കു വെളിയിലേക്ക് സഞ്ചരിക്കാനാവൂ. ഇത്തരമൊരു ചിന്തയുടെ പ്രകാശം പല കൃതികളിലും തെളിഞ്ഞു കിടപ്പുണ്ട്. എന്തുപറയുന്നു ?
കാലത്തെ, കാലപ്പകര്‍ച്ചകളെ കൈകാര്യം ചെയ്യുന്നതില്‍ ഞാന്‍ വളരെയൊക്കെ ശ്രദ്ധിച്ചിട്ടുണ്ട്. അതില്‍ വിജയിച്ചിട്ടുണ്ടോ എന്നറിയില്ല. ഞാന്‍ എഴുതിത്തുടങ്ങിയിട്ട് അന്‍പതാമത്തെ വര്‍ഷമാണ് ഇത്. ഓരോ കൃതികളിലും സ്വയം നവീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മാത്രമല്ല, പോയ കാലത്തിന്റെ ഊര്‍ജ്ജം പിടിച്ചെടുത്ത് നടപ്പുകാല വെളിച്ചത്തില്‍ അതിനെ പുനഃപ്പരിശോധന നടത്തി ഭാവിയിലേക്ക് നോക്കിയിട്ടാണ് എഴുതിയിരിക്കുന്നത്. മറുപിറവി എന്ന നോവലില്‍ രണ്ടായിരം കൊല്ലം മുന്‍പുള്ള തുറമുഖപട്ടണവും അതിനെ ചുറ്റിപ്പറ്റിയുള്ള സംസ്കാരവും തിരിച്ച് പിടിക്കാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. അതിനെപ്പറ്റി വ്യക്തമായ രേഖകള്‍ ഇല്ലാത്തത് കൊണ്ട് ഒരുപാട് റിസര്‍ച് നടത്തി, രേഖകള്‍ കണ്ടെത്തിയതിനു ശേഷം, അതിനെ എന്റേതായ ഭാവനയുടെ അംശവും കൂട്ടിച്ചേര്‍ത്ത് ഹിസ്റ്ററിയും മിത്തും ഫിക്ഷനും ഇമാജിനേഷനും കലര്‍ത്തിയാണത് ചെയ്തത്. ചരിത്രത്തില്‍ വിടവുകള്‍ ഉള്ളപ്പോള്‍ ഭാവനയില്‍ കൂടി അതിനെ പൂരിപ്പിക്കുകയാണ് കവികള്‍ പണ്ടുകാലത്തും ചെയ്തു കൊണ്ടിരുന്നത്. തമിഴിലെ സംഘകാല കൃതികളിലാണ് മുസിരി പട്ടണത്തെപ്പറ്റി കാര്യമായ പരാമര്‍ശമുള്ളത്. അതൊരു ചരിത്ര നോവലല്ല, ചരിത്രത്തെ സ്വാംശീകരിച്ച് അതിന്റേതായ അടരുകളില്‍ നിന്ന്‍ നമ്മുടെതായ ഒരു സൃഷ്ടി ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. ഞാന്‍ മുന്‍പ് അത്തരം ചരിത്ര നോവലെഴുതിയിട്ടില്ല, മറുപിറവി എന്റെ ആദ്യത്തെ ശ്രമമാണ്. എന്തുകൊണ്ട് മറുപിറവി എന്ന് ചോദിച്ചാല്‍ ഇത് വരും കാലത്തെ കുട്ടികള്‍ക്കുള്ളതാണ്. കരിയര്‍ ഓറിയന്റട് ആയ വിഷയങ്ങള്‍ അല്ലാതെ ഇപ്പോള്‍ ഏതു കുട്ടിക്കാണ് ചരിത്രത്തില്‍ താല്‍പ്പര്യം? അപൂര്‍വ്വം ചിലരെ ഉള്ളു. ചരിത്രം ഒരു കുതൂഹലമാണ്. അത് നമ്മളിലേക്ക് ആവേശിക്കണം. പുതിയ തലമുറയിലുള്ളവര്‍ ചരിത്രം പഠിക്കാന്‍ നോക്കിയാലും അച്ഛനമ്മമാര്‍ സമ്മതിക്കില്ല. അപ്പോള്‍ ഒരു സമ്പന്നമായ ഭൂതകാലം, അങ്ങനെയൊരു സമ്പന്നമായ പ്രദേശം നമുക്കുണ്ടായിരുന്നു എന്ന് പറയുകയാണ് മറുപിറവിയില്‍. ആ ചരിത്രത്തെ മിത്തില്‍ നിന്ന് പുറത്തെടുത്ത് ഇന്നത്തെ വെളിച്ചത്തില്‍ നോക്കിയാല്‍ കാണുന്നത് മെഡിറ്ററേനിയന്‍ ഉള്‍ക്കടലില്‍ ഉള്ള അലക്സാണ്ട്രിയ എന്ന വലിയ തുറമുഖവുമായി നേരിട്ട് കച്ചവടം നടത്തിയിരുന്ന ഒരു തുറമുഖം നമ്മുടെ ഈ പ്രദേശത്ത് ഉണ്ടായിരുന്നു എന്നതാണ്. പറവൂര്‍ പട്ടണം തൊട്ട് കൊടുങ്ങല്ലൂര്‍ വരെ. മറുപിറവിയുടെ ഇംഗ്ലീഷ് പതിപ്പ് ഡിസംബര്‍ 26-ന് മുസിരിസ് ബിനാലെയില്‍ വെച്ച് ബിനാലെയുടെ ക്യൂറേറ്റര്‍ ശ്രീ. സുദര്‍ശന്‍ ഷെട്ടി പ്രകാശനം ചെയ്തു.
2. മലയാളം നോവൽ, യാത്ര ആരംഭിക്കുന്നത് തന്നെ സി.വിയില്‍ നിന്നൊക്കെയുള്ള ചില ചരിത്രാഖ്യായികകളുമായാണല്ലോ. ആലിയയിലും മറുപിറവിയിലും താങ്കള്‍ അത് പിന്തുടരാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. സി. വിയുടെ ആഗ്രഹം, പാഠഭേദമായി ഏതെങ്കിലും ചരിത്രം പറയുക എന്നതായിരുന്നില്ല. ശക്തമായ കഥയും ആശയവും ഉപാധിരഹിതമായി ആ ആഖ്യായികകളിൽ സന്നിഹിതമായിരുന്നു. വളരെ സങ്കീർണ്ണമായ മനുഷ്യപ്രപഞ്ചത്തിന്റെ ശക്തവും ശൈലീകൃതവുമായ പ്രകാശനമാണ് അവയിലൊക്കെ ഉള്ളത്. പക്ഷേ, മറുപിറവിയിൽ ചരിത്രം പറയുകയാണ്. അതായത് പല കഥാപാത്രങ്ങളും ഇരുന്ന്‍ ചരിത്രം പറയുക തന്നെയാണ്. ചരിത്രം പറയുക എന്ന ബാധ്യത മുൻനിശ്ചയപ്രകാരം ഏറ്റെടുക്കുന്നു എന്നും, ചരിത്രദേശത്തെ പറയാൻ ശ്രമിക്കുന്നു, എന്നാൽ അനുവാചകനിൽ ചരിത്രകാലം സന്നിവേശിക്കുന്നില്ല എന്ന തരത്തിൽ വിമര്‍ശനം ഉണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച്?
അത് എനിക്കു മനസ്സിലാവുന്നില്ല. സി.വിയുടെ കാലം എന്ന് പറയുന്നത് അടുത്ത കാലത്തെ തിരുവിതാംകൂറിലെ ചരിത്രമല്ലേ? ഇത് രണ്ടായിരം കൊല്ലം മുന്‍പുള്ളതാണ്. ഇവിടെ നമ്മള്‍ ആരെയാണ് ഉത്തരവാദിയാക്കുക? ഉദാഹരണം പറഞ്ഞാല്‍ ഒരു ഒമ്പതാം നൂറ്റാണ്ടു വരെ കേരള ചരിത്രം ഇല്ല, ഇരുട്ടിലാണ്. ഒമ്പതാം നൂറ്റാണ്ടോടു കൂടിയാണ് ആര്യന്മാരുടെ വരവ്. അതോടെയാണ് പലതും രേഖപ്പെടുത്താന്‍ തുടങ്ങിയത്. അപ്പോള്‍ നമ്മള്‍ ത്മിഴ് സംഘകാല കൃതികളിലെ അവിടെയുമിവിടെയുമുള്ള പരാമര്‍ശങ്ങളെടുത്ത് പൊലിപ്പിച്ച് ഒരു നോവലെഴുതുകയാണ്. ഇവിടത്തെ മുന്തിയ ചരിത്രകാരന്മാരുടെ കയ്യില്‍പ്പോലും അന്നത്തെ ചരിത്രത്തെപ്പറ്റി ഒന്നുമില്ല. ഇളംകുളം കുഞ്ഞന്‍പിള്ളയൊക്കെ പറയുന്നത് ഒമ്പതാം നൂറ്റാണ്ടു മുതലുള്ള കാലഘട്ടമാണ്. അങ്ങനെ വരുമ്പോള്‍ ഒരു ചരിത്രകാരനോ ചരിത്ര വിദ്യാര്‍ഥിയോ പോലും അല്ലാത്ത ആളെ സംബന്ധിച്ചിടത്തോളം എന്തു ചെയ്യാനാണ്? അപ്പോള്‍ എഴുത്തുകാരന്റെ കര്‍മ്മമാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. ചരിത്രം നിശബ്ദമാകുമ്പോള്‍ അവിടെ പ്രവേശിക്കേണ്ടത് കവികളാണ്/എഴുത്തുകാരാണ്. അവിടെ അവര്‍ ചെയ്യുന്നതെന്താണെന്ന് വെച്ചാല്‍ കുറച്ചു അതിശയോക്തിയെല്ലാം ചേര്‍ക്കുന്നു. സംഘകാല കൃതികളില്‍ മുസിരിയെപ്പറ്റി പറയുന്നിടത്തെല്ലാം അത്തരം പൊലിപ്പിക്കല്‍ ഉണ്ട്. അങ്ങനെ വരുമ്പോള്‍ ആ നോവലിന് ചരിത്രപരമായ ഒരു കാലം പറയുക എന്നു വെച്ചാല്‍ അസാദ്ധ്യമാണ്. മുസിരിയുടെ നല്ല കാലം എന്ന് പറയുന്നത് ഉദ്ദേശം അഞ്ചാം നൂറ്റാണ്ടിന്റെ അവസാനവും ആറാം നൂറ്റാണ്ടുമാണ് എന്നാണു പറയപ്പെടുന്നത്. അത് കഴിഞ്ഞപ്പോഴേക്കും റോം ക്ഷയിച്ചു, സാമ്പത്തിക നില മോശമായി, റോമിന്റെ വിഭജനം ഉണ്ടായി, അതോടുകൂടി സുവര്‍ണ്ണകാലം കഴിഞ്ഞു. പിന്നെ അറബികള്‍ വന്നു കച്ചവടം നടത്തി, പിന്നെ ആയിരത്തിമുന്നൂറ്റി നാല്‍പ്പത്തിയൊന്നില്‍ പെരിയാറിലെ വെള്ളപ്പൊക്കത്തോടു കൂടി അത് തുടച്ചു നീക്കപ്പെട്ടു. അതിന്റെയൊക്കെ രേഖകളെ ഉള്ളൂ. അങ്ങനെ കൃത്യകാലം എന്നെഴുതാന്‍ അസാധ്യമാണ്. എന്നുമാത്രമല്ല, അതെന്റെ ഉദ്ദേശവുമല്ല. കാരണം ഞാന്‍ ആദ്യമേ പറയുന്നുണ്ട് അതൊരു ചരിത്രാഖ്യായികയല്ല. ഫിക്ഷനും, ഹിസ്റ്ററിയും മിത്തും, ഭാവനയും എല്ലാം കൂടി ചേര്‍ന്നിട്ടാണ്.
തീര്‍ച്ചയായും ചരിത്രം രേഖപ്പെടുത്തി വെക്കേണ്ടത് ഒരു ചുമതലയായിട്ടെടുത്തു. അല്ലെങ്കില്‍ ഇതിനേക്കാള്‍ ഭേദമായിട്ട് ആരെങ്കിലും ഒരെണ്ണം എഴുതണം. മുന്‍നിശ്ചയപ്രകാരം എഴുതിയതു തന്നെയാണ്. അതിനുവേണ്ടി, കിട്ടാവുന്ന രേഖകള്‍ മുഴുവന്‍ ശേഖരിക്കുകയും ചെയ്തു. അതില്‍ വിശ്വസനീയമാണോ എന്ന് സംശയം തോന്നുന്നിടത്തെല്ലാം കുറച്ച് മനോധര്‍മ്മം ഉപയോഗിച്ചു. പിന്നെ ഒരു വിവാദം വന്നത് ഇക്കാര്യത്തിലല്ല. പട്ടണത്തിന്റെ കാര്യത്തിലാണ്. കൊടുങ്ങല്ലൂര്‍ ആണോ എന്നൊക്കെ. പട്ടണം മുസിരിസ് ആണ് എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് ഈയൊരു പട്ടണം തുറമുഖത്തെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു എന്നാണ്. എല്ലാം സൂചനകളാണ്. അതിനിടയില്‍ കുറെ തെറ്റായ വ്യാഖ്യാനങ്ങള്‍ വന്നു, രാഷ്ട്രീയം, മതം ഒക്കെ വന്നു. പട്ടണം എന്ന് പറയുന്ന ആ സ്ഥലം മുസിരിപ്പട്ടണം എന്നു പറയുന്നത് ശരിയല്ല. അതിന്റെ സൂചനകള്‍ മാത്രമാണ്. അത് ഖനനവും പഠനവും നടത്തി തെളിയിക്കെണ്ടതൊക്കെ ഗവണ്‍മെന്റ് ആണ്.
3. യഥാര്‍ഥ്യത്തിനും, അയഥാര്‍ഥ്യത്തിനുമിടയിലൂടെ നിശബ്ദമായി കടന്നുപോകുന്ന ഒരു പേക്കിനാവാണു പാണ്ഡവപുരം. അതൊരു മാജിക്കല്‍ റിയലിസ്റ്റിക് നോവലാണ് എന്നാണല്ലോ പറയപ്പെടുന്നത്. ഇപ്പോള്‍ കേരളം ക്രമാനുഗതമായി പാണ്ഡവപുരം എന്ന ജാരരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നുണ്ട്. നാല്‍പ്പതു കൊല്ലങ്ങള്‍ക്കു മുന്‍പു രചിച്ച പാണ്ഡവപുരം ഇപ്പോള്‍ ഓരോ മലയാളിയുടെയും കഥയായി മാറുന്നുണ്ട്. അതിലെ ദേവിയെ അന്ന് ദ്രൗപദിയോടും, ഇതിഹാസ കഥാപാത്രങ്ങളോടുമൊക്കെയാണല്ലോ ഉപമിച്ചിരുന്നത്. എന്നാലിന്ന് ദേവി സമകാലിക ചരിത്രത്തില്‍നിന്നുയരുന്ന സ്ത്രീയുടെ ഒരു പുതിയ ഐക്കണ്‍ ആയി മാറുന്നു. പാണ്ഡവപുരം മലയാളത്തില്‍ ഇറങ്ങിയിട്ടുളള ഏറ്റവും ശക്തമായ ഒരു സ്ത്രീപക്ഷ നോവലാണു എന്നതിനെക്കുറിച്ചും, പുരുഷാധിഷ്ഠിതമായ ആധുനിക ജീവിതക്രമത്തിന്റെയും അഭിനവ കേരളത്തിന്റെയും ഒരു ചിത്രം വായനക്കാര്‍ക്ക് ഇപ്പോള്‍ ഈ നോവലില്‍ കണ്ടെത്താനാവുന്നുണ്ട് എന്നത് പാണ്ഡവപുരം സൃഷ്ടിച്ച പേക്കിനാവുകള്‍ കാലം ചെല്ലുന്തോറും കൂടുതല്‍ യാഥാര്‍ഥ്യത്തോടെ ആധുനിക കേരളത്തെ വേട്ടയാടുന്നു എന്നതിന്റെ സൂചനയാണോ?
സ്ത്രീപക്ഷം തുടങ്ങിയ സാഹിത്യ സിദ്ധാന്തങ്ങളില്‍ എനിക്ക് താല്‍പ്പര്യമില്ല. പാണ്ഡവപുരം ഇപ്പോള്‍ എട്ടൊമ്പതു ഭാഷകളില്‍ ഇറങ്ങിയിട്ടുണ്ട്. പലരും സ്ത്രീവിരുദ്ധം എന്നു പറഞ്ഞിട്ടുണ്ട്. പക്ഷെ നാല്‍പ്പതു കൊല്ലത്തിനു ശേഷം ഇങ്ങനെയൊരു തിരിച്ചറിയല്‍ വരുന്നു എന്നത് വളരെ സന്തോഷമുള്ളൊരു കാര്യമാണ്. കാരണം എഴുത്തുകാര്‍, കവികള്‍ എപ്പോഴും പ്രവാചകര്‍ ആണ്. ഇന്ന് പറയുന്നൊരു കാര്യം നാളെയോ അരനൂറ്റാണ്ടോ ഒരു നൂറ്റാണ്ടോ പല നൂറ്റാണ്ടുകള്‍ക്കു ശേഷമോ ഉണ്ടാവും. എനിക്ക് ഫെമിനിസ്റ്റ് എന്നൊക്കെ പറയുന്ന ക്ലാസിഫിക്കേഷനില്‍ താല്‍പ്പര്യമില്ല. പെണ്ണവസ്ഥകളാണ്. അത് അന്നത്തെക്കാള്‍ ഇന്ന് മോശമായിട്ടുണ്ട്. എനിക്ക് ചിരിക്കാന്‍ തോന്നുന്നത് സ്ത്രീ ശാക്തീകരണമൊക്കെ ഒരു വശത്തുള്ളപ്പോഴാണ് ഈ ജിഷയും സൌമ്യയും ഒക്കെ ഇവിടെ ഉണ്ടാവുന്നത്. അപ്പോള്‍ നമ്മള്‍ അക്കാര്യത്തില്‍ വലിയ മുന്നിലൊന്നുമല്ല. നമ്മള്‍ക്ക് ബീഹാറില്‍ നിന്നും വലിയ വ്യത്യാസമൊന്നുമില്ല. പൊതുവായ കേരളാ മോഡല്‍ ഡെവലപ്മെന്റിന്റെ ഒരു വലിയ കാരണം സ്ത്രീകളുടെ വിദ്യാഭ്യാസമാണ്. ശുചിത്വ പരിപാലനത്തിലും ശിശു മരണനിരക്കിലും പരിസര ശുചീകരണത്തിലുമൊക്കെ നമ്മള്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഭേദമായത് സ്ത്രീകളുടെ വിദ്യാഭ്യാസം കൊണ്ടു മാത്രമാണ്. അതില്‍ പുരുഷന്‍മാരുടെ സംഭാവനകളൊന്നുമില്ല. ഇന്ന് താരതമ്യേന മലയാളി സ്ത്രീ പല മേഖലയിലും മുന്‍പന്തിയിലെത്തിയത് മെച്ചപ്പെട്ട വിദ്യാഭ്യാസവും തിരിച്ചറിവും കൊണ്ടുതന്നെയാണ്. ചില കേസുകള്‍ മാറ്റി നിര്‍ത്തിയാല്‍ അവര്‍ ഒരു ശക്തി ആര്‍ജ്ജിച്ചിട്ടുണ്ട്. എനിക്ക് ഏറ്റവും ആദരവ് തോന്നുന്നത് നേഴ്സുമാരോടാണ്. യൂറോപ്പിലും ജര്‍മ്മനിയിലും മറ്റു വിദേശ രാജ്യങ്ങളിലെ മുക്കിലും മൂലയിലും ഇവരുണ്ട്. കോട്ടയം, പത്തനംതിട്ട ജിലകളിലെ ഇടത്തരം അല്ലെങ്കില്‍ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്ന്‍, കഷ്ടപ്പെട്ടും കടം വാങ്ങിയും പഠിച്ച് അവര്‍ പുറത്തുപോകുന്നു. പിന്നെ തങ്ങളുടെ ബന്ധുക്കളെയും മറ്റും അങ്ങോട്ടു കൊണ്ടു പോവുകയാണ്. അങ്ങനെ ആ പ്രദേശത്തെ സമ്പദ്ഘടന തന്നെ അവരാല്‍ സ്വാധീനിക്കപ്പെടുന്നുണ്ട്. ഒരു സമൂഹത്തെ ആകെ അവര്‍ക്കു മാറ്റി മറിക്കാന്‍ കഴിഞ്ഞു. ഐ ടിയിലും ബാങ്കിംഗ് സെക്റ്ററുകളിലും മാളുകളിലും മറ്റും ജോലി ചെയ്ത് ഒരു കുടുംബം തന്നെ പുലര്‍ത്തുന്നത് സ്ത്രീയാണ്. അവളുടെ ചെലവില്‍ കള്ളു കുടിക്കുകയും അവളെ ഉപദ്രവിക്കുകയും മാത്രമാണു പല പുരുഷന്മാരും ചെയ്യുന്നത്.
ഞാന്‍ ആറു ശക്തരായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. എന്റെ ഒരു അഭിമാനം ആണത്. പാണ്ഡവപുരത്തിലെ ദേവി, നിയോഗത്തിലെ കമലാക്ഷിയമ്മ, കൈമുദ്രകളിലെ കാതറിന്‍, അടയാളങ്ങളിലെ പ്രിയംവദ, ഡോക്ടര്‍ മോഹന- കിളിമൊഴികള്‍ക്കപ്പുറം, പിന്നെ ആറാമത്തെ പെണ്‍കുട്ടിയിലെ കാതറിന്‍. ഇവര്‍ ആറുപേരുടേയും ഭാഗങ്ങള്‍. എടുത്തിട്ട് ‘പെണ്ണകങ്ങള്‍’ എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അവര്‍ നാലു പതിറ്റാണ്ടിലെ പെണ്ണുങ്ങളാണ്. അതില്‍ അവരുടെ അവസ്ഥകളിലെ മാറ്റങ്ങള്‍ പരിശോധിക്കുകയാണ്. സ്ത്രീകള്‍ എഴുതുമ്പോള്‍ അവരുടെതായ രീതിയില്‍ എഴുതുന്നു. ഞങ്ങള്‍ അത് മാറി നിന്ന്‍ നമ്മുടെതായ രീതിയില്‍ അനലൈസ് ചെയ്ത് എഴുതുന്നു. പാണ്ഡവപുരം ഇപ്പോള്‍ നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും ആഘോഷിക്കപ്പെടുകയാണ്, വിദേശ ഭാഷകളിലും. ഇപ്പോള്‍ അഭിനവ കേരളത്തിന്റെ നേര്‍അവസ്ഥയായി അത് മാറിയെന്നു പറയാം. അതില്‍ പ്രോഫെറ്റിക്ക് ആവുന്നത് പെണ്ണവസ്ഥകള്‍ മാറുന്നു എന്നതാണ്. നമ്മുടെ സമൂഹത്തില്‍ മൃദുവായ ഇരകള്‍ എന്ന് പറയുന്നത് മണ്ണും പെണ്ണുമാണ് എന്ന്‍ നാല്‍പ്പതു കൊല്ലം മുന്‍പ് പാണ്ഡവപുരത്തില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഇക്കോ ഫെമിനിസം എന്നത് വലിയ തിയറി ആയിട്ട് പറയുന്നു. അന്ന് ഞാനത് പറഞ്ഞത് ഈ തിയറിയുടെ പേരറിഞ്ഞിട്ടൊന്നുമല്ല. പാണ്ഡവപുരം എന്ന ഗ്രാമത്തില്‍ അധിനിവേശ കാലത്ത് കോളനൈസേഷന്‍ എങ്ങനെ ഉണ്ടാകുന്നു, അതില്‍ നിഷ്കളങ്കരായ ജനങ്ങള്‍ എങ്ങനെ ചതിക്കപ്പെടുന്നു എന്നൊക്കെയാണ് പാണ്ഡവപുരത്തില്‍ ഞാന്‍ പറഞ്ഞത്. അധിനിവേശ കാലത്ത് മണ്ണിന്റെയും പെണ്ണിന്റെയും നേരെയുള്ള ആക്രമണത്തെപ്പറ്റിയാണ് അടയാളങ്ങളിലും ഞാന്‍ പറഞ്ഞിരിക്കുന്നത്.
4. ആധുനികസാഹിത്യലോകത്ത് തികച്ചും വ്യതിരിക്തമായ കഥാ ലോകമാണല്ലോ താങ്കളുടേത്. ഭാരതീയ ദര്‍ശനങ്ങളുടെ പിന്‍ബലത്തോടെ ആധുനികതക്ക് തികച്ചും പുതിയൊരു മാനം നല്‍കിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ സ്വത്വങ്ങളിലും സ്ഥലകാലങ്ങളുടെ നിര്‍ണ്ണയത്തിലും ഈ ഭാരതീയത കാണാറുണ്ട്. യുഗങ്ങളായി നിലനിന്നുപോരുന്ന മൂല്യങ്ങളേയും സാംസ്കാരിക പൈതൃകത്തേയും ചേര്‍ത്തുപിടിച്ചു കൊണ്ടും ആധുനികത സാദ്ധ്യമാകും എന്ന് തെളിയിക്കുകയായിരുന്നോ?
ഞാന്‍ എഴുതാന്‍ തുടങ്ങിയത് അറുപതുകളുടെ നടുവിലാണ്. ഇപ്പോള്‍ അമ്പതു വര്‍ഷമാകുന്നു. അന്നത്തെ ഒഴുക്ക് വിദേശത്തു നിന്നും വന്ന അസ്തിത്വവാദം തുടങ്ങിയ കാര്യങ്ങളൊക്കെ ആയിരുന്നു. ഞാന്‍ ഒരിക്കലും അസ്തിത്വവാദത്തിന്റെ പിറകെ പോയിട്ടില്ല. മനുഷ്യന്റെ ജീവിതത്തിന് അര്‍ത്ഥമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണു ഞാന്‍. അതില്‍ നിന്നൊക്കെ മാറി നിന്ന് എന്റേതായ രീതിയില്‍ എഴുതാന്‍ ശ്രമിച്ചു.. ഭാരതത്തിന്റെ തനതു സംസ്ക്കാരം ഇന്നത്തെ ഒരു ഷോവനിസ്റ്റിക്ക് / ഫണ്ടമെന്റലിസ്റ്റിക് വഴിയിലൂടെ അല്ലായിരുന്നു. നമുക്ക് വളരെ പുരാതനമായൊരു സംസ്ക്കാരം ഉണ്ടായിരുന്നു. ആ സംസ്ക്കാരം ഹിന്ദുവിസം മാത്രമല്ല; ഹിന്ദു, ജൈന, ബുദ്ധ പിന്നെ വന്നു കയറിയ ക്രിസ്ത്യന്‍, ഇസ്ലാം തുടങ്ങിയവരും എല്ലാം ചേര്‍ന്ന അസാമാന്യമായ, സഹിഷ്ണുതയുടെതായ, ബഹുസ്വരതയുടേതായ ഒരു സംസ്കാരമുണ്ടായിരുന്നു. ആ സംസ്കാരത്തില്‍ ഹിന്ദുക്കളായവരുടെ ഒരു ഭാഗ്യം എന്താണെന്ന് വെച്ചാല്‍ അതൊരു ഓര്‍ഗനൈസ്ഡ് മതമല്ല. നമുക്ക് ആരെയും അനുസരിക്കേണ്ടതില്ല, അമ്പലത്തില്‍ പോകണമെന്ന് നിര്‍ബന്ധമില്ല. പൂജാരിയില്ലാതെ എന്തു കര്‍മ്മവും നടത്താം. അത് ഒരു വല്ലാത്ത സ്വാതന്ത്ര്യമാണ്. ഈ സെമറ്റിക് മതങ്ങള്‍ക്കൊന്നും ഇല്ലാത്ത ഒരു വലിയ ഭാഗ്യം നമുക്കുള്ളത് നമുക്ക് നമ്മുടെ മതവിശ്വാസം അനുസരിക്കാം, നമ്മുടെ വിശ്വാസത്തെ സംരക്ഷിക്കാം എന്നുള്ളതാണ്. അത് ലോകത്തെ എത്ര രാജ്യങ്ങള്‍ക്ക് സാധിക്കും? ഇത്തരം ഒരു സ്വതന്ത്രചിന്ത നമ്മുടെ രക്തതിലുണ്ട്, നമ്മുടെ മണ്ണിലുണ്ട്. അതിന്റെ വഴിയിലൂടെയാണ് എന്റെ എഴുത്തൊക്കെ പോയിട്ടുള്ളത്. കുന്തിയുടേയും, പാഞ്ചാലിയുടേയുമൊക്കെ സങ്കല്‍പ്പത്തെ ഒരു എഴുത്തുകാരന് പല രീതിയിലും സമീപിക്കാം. പല സൃഷ്ടികളും അങ്ങനെ ഉണ്ടാകുന്നുണ്ട്. ഒരു പഞ്ചാബി കവയിത്രി വലിയൊരു ലേഖനം ഇംഗ്ലീഷില്‍ മ്യൂട്ടേഷന്‍ ഓഫ് ദ്രൌപദി എന്ന പേരില്‍ എഴുതിയിട്ടുണ്ട്. എനിക്ക് പാണ്ഡവപുരത്തിനെപ്പറ്റി വലിയൊരു അഭിമാനം തോന്നിയത്, അതില്‍ എം ടി യുടെ രണ്ടാമൂഴം, പ്രതിഭാ റായിയുടെ യജ്ഞസേനി, പി.കെ.ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ ഇതിനെയൊക്കെപ്പറ്റി കാഷ്വല്‍ ആയി പറഞ്ഞു പോയിട്ട് പാണ്ഡവപുരത്തെപ്പറ്റി ഇരുപത്തിരണ്ടു പേജ് എഴുതിയിരിക്കുന്നു.. അതില്‍ പാണ്ഡവപുരത്തിനെ താന്ത്രിക് രീതിയില്‍ വായിച്ചിരിക്കുകയാണ്. എനിക്കതിന്റെ പ്രസക്തിയെപ്പറ്റി യാതൊരു പിടിയുമില്ല. പാണ്ഡവപുരത്തിന്റെ പുതിയ പതിപ്പില്‍ ഞാനത് പരിഭാഷപ്പെടുത്തി ചേര്‍ത്തിട്ടുണ്ട്. അപ്പോള്‍, എവിടെയൊക്കെയോ എന്തൊക്കെയൊ ഉണ്ട്. എനിക്കറിയാത്ത പലതും. അതായിരിക്കണം ആളുകള്‍ അതിന്റെ പിറകെ നില്‍ക്കുന്നത്. അതൊക്കെ സംഭവിച്ചു പോകുന്നതാണ്.
5. സൃഷ്ടിയില്‍ ചില നിഗൂഡതകള്‍ ഉണ്ടല്ലോ. ഇടയ്ക്ക് ചില കഥാപാത്രങ്ങള്‍ എഴുത്തിനിടയില്‍ ചോദിക്കാതെ കയറിവരും. ചിലര്‍ എഴുത്തുകാരനോട് ഒരുവാക്ക് പോലും ചോദിക്കാതെ ഇറങ്ങിപ്പോകും, ചിലപ്പോഴെല്ലാം കഥാപാത്രങ്ങള്‍ എഴുത്തുകാരനെ നോവിക്കുകയും ദ്രോഹിക്കുകയും പ്രണയിക്കുകയും ആക്രമിക്കുകയും ചെയ്യാറുണ്ട്. കയറി വന്നിട്ട് ഇതുവരെ ഇറങ്ങിപ്പോകാത്ത ഏതെങ്കിലും കഥാപാത്രങ്ങള്‍ ഉണ്ടോ?
ഒരുപാടുപേരുണ്ട്. ഞാന്‍ തന്നെ എഴുതിയിട്ടുണ്ട്. എന്തുകൊണ്ട് ഒരു സീക്വല്‍ എഴുതുന്നു..? ചില കഥാപാത്രങ്ങള്‍ ഉള്ളില്‍ നിന്ന് പോകുന്നില്ല. ശല്യപ്പെടുത്തിക്കൊണ്ട് ഉള്ളിലിരിക്കും. അപ്പോള്‍ അവരെ ആവാഹിച്ച് പുറത്താക്കി കാഞ്ഞിരത്തില്‍ ആണിയടിച്ച് തറക്കണം. എഴുതിക്കഴിഞ്ഞിട്ടും എഴുത്തുകാരനെ പിന്തുടരുന്ന കഥാപാത്രമുണ്ടെങ്കില്‍ അതിനെ എവിടെയെങ്കിലും കൊണ്ടു ചെന്നെത്തിക്കാന്‍ ശ്രമിക്കാറുണ്ട്.. അടയാളങ്ങളില്‍ പ്രിയംവദ, ആലീസ്, നീതു എന്നീ കഥാപാത്രങ്ങളുണ്ട്. ഞാനിവരെ ഒരു സ്ഥലത്ത് കൊണ്ട് പോയി നിര്‍ത്തി. പിന്നീടവര്‍ക്ക് എന്ത് സംഭവിച്ചു എന്ന് സമൂഹത്തോട് വിശദീകരിക്കേണ്ട ചുമതലയൊന്നും എനിക്കില്ല. വേണ്ട രീതിയില്‍ നിങ്ങള്‍ക്ക് കാണാം. പക്ഷെ എനിക്ക് തൃപ്തി വരണം. കഥാപാത്രങ്ങളെ വേണ്ട രീതിയില്‍ എവിടെയെങ്കിലും എത്തിക്കണം. ഒരു സൃഷ്ടാവ് എന്ന നിലയില്‍ അതെന്റെ ചുമതലയാണ്. അപ്പോള്‍ നമ്മള്‍ ഒരു സീക്വല്‍ എഴുതും. അങ്ങനെയാണ് ഞാന്‍ കിളിമൊഴികള്‍ക്കപ്പുറം എന്ന കൃതി അടയാളങ്ങള്‍ക്കു തുടര്‍ച്ചയായിട്ട് എഴുതിയത്. പ്രിയംവദ അത്രക്കും ഹോണ്ട് ചെയ്തു. ഇപ്പോള്‍ തല്‍ക്കാലം കഥാപാത്രങ്ങളൊന്നും ഉള്ളില്‍ ഇല്ല. ശൂന്യമാണ്.
6. ചില കൃതികള്‍ സിനിമകള്‍ ആയി.. (പാണ്ഡവപുരം, ഞങ്ങള്‍ അടിമകള്‍) സിനിമയ്ക്ക് വഴങ്ങുന്ന ഭാഷയുണ്ടായിട്ടും എന്തുകൊണ്ട് സിനിമയില്‍ സജീവമായില്ല? മലയാള സിനിമക്ക് വലിയൊരു പാരമ്പര്യമുണ്ടായിരുന്നത് ഇന്നെവിടെ നില്‍ക്കുന്നു എന്നാണ് തോന്നുന്നത് ?
നല്ല സുഹൃത്തുക്കള്‍ സിനിമയില്‍ ഉണ്ടായിരുന്നു. പലരും സൂചിപ്പിച്ചിട്ടുണ്ട് അതിലേക്കിറങ്ങണമെന്ന്‍. എനിക്കും താല്‍പ്പര്യമുണ്ടായിരുന്നു. പക്ഷെ എന്റെ ജോലി എന്നെ അതില്‍ നിന്നൊക്കെ പിന്തിരിപ്പിച്ചു. ഒരു ഘട്ടത്തില്‍ ഏതെങ്കിലുമൊന്ന്‍ തെരഞ്ഞെടുക്കണമെന്നു തന്നെ വന്നു. ജോലി വിട്ട് സിനിമയിലേക്കിറങ്ങാന്‍ ധൈര്യമുണ്ടായില്ല. ദൂരദര്‍ശനില്‍ നെടുമുടി വേണുവൊക്കെ അഭിനയിച്ചിരുന്ന ‘സേതുവിന്‍റെ കഥകള്‍’ വന്നിരുന്നു. അതിന്റെ ഒരു എട്ടുപത്തെണ്ണത്തിന്റെ സ്കിപ്റ്റ് ഞാനെഴുതി. പിന്നെ ആ സമയത്ത് ജോലി വിട്ട് ഇതിലേക്കിറങ്ങാന്‍ ധൈര്യം വന്നില്ല. നല്ലൊരു കരിയര്‍ വന്നപ്പോ അത് എന്നെ തൃപ്തിപ്പെടുത്തിയതും ഒരു കാരണമാണ്. ഞാന്‍ ചെയ്ത സിനിമകള്‍ ഒന്നും ശരിയായില്ല. അതിലെനിക്ക് സങ്കടമുണ്ട്. ഞാന്‍ ചെയ്യുകയായിരുന്നെങ്കില്‍ ഇതിലും ഭേദമായിട്ടു ചെയ്യാമായിരുന്നു എന്ന വിചാരവുമുണ്ട്. പത്മരാജനൊക്കെ ഒന്നും നോക്കാതെ എടുത്തു ചാടുകയായിരുന്നു. എന്റെ സ്ക്രിപ്റ്റ് വല്ലവനും കൊണ്ട് പോയി നശിപ്പിക്കുന്നതിലും ഭേദം ഞാന്‍ തന്നെ കൊണ്ടുപോയി നശിപ്പിച്ചാല്‍ പോരെ എന്നാണ് പത്മരാജന്‍ പറയാറുണ്ടായിരുന്നത്. അങ്ങനെയാണ് പെരുവഴിയമ്പലം തുടങ്ങുന്നത്. എനിക്ക് വേറെ ഒരു സങ്കടം ഉണ്ടായത് എന്റെ കിരാതം എന്ന നോവലെറ്റിനെപ്പറ്റിയാണ്. അടൂര്‍ അത് സിനിമയാക്കാനായി എന്നോട് ചോദിച്ചു. അപ്പോഴേക്കും ഞാന്‍ ആസാദ് എന്നയാള്‍ക്ക് കമ്മിറ്റ് ചെയ്തിരുന്നു. അപ്പോള്‍ ചിന്താക്കുഴപ്പമായി. അടൂരുമായി നല്ല സൌഹൃദമുണ്ട്. ആസാദിനോട് കമ്മിറ്റ് ചെയ്യുകയും ചെയ്തു. അവിടെ ഞാനെന്റെ വിശുദ്ധി കാത്തുസൂക്ഷിച്ചു കൊണ്ട് ആസാദ് രക്ഷപ്പെടട്ടെ എന്നു വിചാരിച്ച് അയാള്‍ക്കു തന്നെ സിനിമ കൊടുത്തു. പക്ഷെ സ്ക്രിപ്റ്റ് ഒക്കെ എഴുതി ലൊക്കേഷനും ഫിക്സ് ചെയ്തതിനു ശേഷം, അവസാന ഘട്ടത്തില്‍ നിര്‍മ്മാതാവ് കാലുമാറി. ഗോപാലകൃഷ്ണന് പരിഭവമായി, പിണക്കമായി, ആസാദ് പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ഗോപാലകൃഷ്ണനുമായി നല്ല സൌഹൃദം തന്നെയാണ്.
മലയാളസിനിമക്ക് വലിയൊരു പാരമ്പര്യമുണ്ടായിരുന്നു. ഇന്നത്തെ സിനിമക്ക് സാഹിത്യവുമായി ഉണ്ടായിരുന്ന ബന്ധം വിട്ടുപോയതില്‍ എനിക്ക് വലിയ സങ്കടമുണ്ട്. ലോകത്തെ പല ക്ലാസിക് സിനിമകളും സാഹിത്യവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതാണ്. സാഹിത്യം അതേപടി സിനിമയാക്കി എന്നല്ല ഞാന്‍ പറയുന്നത്. പ്രചോദനം ഉള്‍ക്കൊണ്ട് സിനിമയുണ്ടാക്കി. ഷേക്സ്പിയര്‍ തൊട്ടു ലോകത്തെ എല്ലാ മാസ്റ്റേഴ്സിന്റെ കൃതികളും പല രീതിയില്‍ സിനിമയായിട്ടുണ്ട്. അത് ഇപ്പോള്‍ കാണുന്നില്ല. എന്തെങ്കിലും തല്ലിക്കൂട്ടി ആളുകളെ രസിപ്പിക്കുന്ന തരത്തില്‍ ഒരു വിനോദോപാധി എന്ന നിലയില്‍ സിനിമയുണ്ടാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. വളരെ മിടുക്കന്മാരാണ് ഇപ്പോള്‍ സിനിമാ ഫീല്‍ഡില്‍ ഉള്ളത്. നല്ല ടെക്നീഷ്യന്‍സുണ്ട്. നല്ല സ്ക്രിപ്റ്റ് റൈറ്റേഴ്സ് ഉണ്ട്. പക്ഷെ അവര്‍ക്കൊന്നും ഈ ഫോര്‍മുലയില്‍ നിന്നും കടക്കാന്‍ പറ്റുന്നില്ല. കടക്കാന്‍ പാടില്ല എന്നുള്ള രീതി വന്നു. ഈ സൈക്കിള്‍ തിരിച്ചുവരും. ഉദാഹരണത്തിന് തമിഴ് സിനിമ ഒരു കാലത്ത് ആഘോഷങ്ങളുടെ സിനിമയായിരുന്നു. ഇപ്പോള്‍ തമിഴ് സിനിമ. നന്നായിട്ട് പോകുന്നു. മോശമായിരുന്ന മറാട്ടിയിലും അതുപോലെ നല്ല സിനിമകള്‍ ഉണ്ടാവുന്നു. അതുപോലെ മലയാള സിനിമയും തിരിച്ച് വരും. കാരണം കഴിവുള്ള കലാകാരന്മാര്‍ അവിടെ ഉണ്ട്.
7. ‘എത്രപേര്‍ സംസാരിക്കുന്നു എന്നതിലല്ല കാര്യമുള്ളത്. ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് പകര്‍ന്നു കൊടുക്കപ്പെടാത്ത കാലം വരുമ്പോഴാണ് ഭാഷ മരിക്കുന്നത്’, ‘ഭാഷയെ പൊങ്ങച്ച സംസ്കാരത്തിന്റെ ഭാഗമാക്കരുത്’ … എന്നൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷെ വേണമെങ്കില്‍ ഒരു പൊങ്ങച്ച സംസ്കാരത്തിന്റെ ഭാഗമാകത്തക്ക വിധത്തിലായിരുന്നല്ലോ താങ്കളുടെ പ്രൊഫണല്‍ പശ്ചാത്തലം. (ബാങ്ക് ചെയര്‍മാന്‍, CEO). എന്നിട്ടും അച്ചടി ഭാഷയോ ആലങ്കാരിക ഭാഷയോ ഉപയോഗിക്കാതെ ഗ്രാമീണമായ തനത് ദ്രാവിഡഭാഷയൊക്കെയാണ് കൃതികളില്‍ ഉപയോഗിക്കാറുള്ളതും സംസാരിക്കുന്നതും. അതിനെക്കുറിച്ച്?
യുനെസ്കോ, നശിച്ചുകൊണ്ടിരിക്കുന്ന ഭാഷകളുടെ ലിസ്റ്റും അതിന്റെ പഠനവും ഇറക്കാറുണ്ട്. അവരുടെ റിസര്‍ച് ടീം അതില്‍ അതിന്റെ കാരണങ്ങള്‍ പറഞ്ഞിരിക്കുന്നതില്‍ ഒരു കാരണം ഇതാണ്.കുടുംബാന്തരീക്ഷത്തില്‍ ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് പകര്‍ന്നു കൊടുക്കാതെ വരുമ്പോള്‍ ഭാഷക്ക് ഭീഷണി നേരിടും. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വെച്ചു നോക്കുമ്പോള്‍ എന്നെ ആകര്‍ഷിച്ചത് ഇതാണ്. പൂനയില്‍ വെച്ച് ഒരു മീറ്റിങ്ങില്‍ നിങ്ങള്‍ എത്ര പേര്‍ കുട്ടികളോട് മലയാളത്തില്‍ സംസാരിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ നല്ലൊരു ശതമാനം ഇല്ല എന്നു തന്നെയാണ് പറഞ്ഞത്. ഞാന്‍ എന്റെ ഔദ്യോഗിക ജീവിതത്തില്‍ വെളിയിലും മറ്റും ഒരു പാട് സെമിനാറില്‍ പങ്കെടുക്കാറുണ്ട്. അപ്പോള്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം നമ്മുടെ ചെറുപ്പകാരുടെ ഇംഗ്ലീഷ് വളരെ മോശമാണ് എന്നതാണ്. ഈ പൊങ്ങച്ച സംസ്കാരത്തില്‍ മാതാപിതാക്കള്‍ പറയുന്ന ഇംഗ്ലീഷും കുട്ടികള്‍ പറയുന്ന ഇംഗ്ലീഷും മോശമാണ്. ഇംഗ്ലണ്ടിനു പുറത്ത് എല്ലാവരും അവരവരുടേതായ രീതിയിലാണ് ഇംഗ്ലീഷ് പറയുന്നത്. ജര്‍മ്മന്‍കാര്‍, റഷ്യക്കാര്‍ എല്ലാം. അപ്പോള്‍ നമ്മളും ഇന്ത്യന്‍ ഇംഗ്ലീഷു തന്നെയങ്ങു പറഞ്ഞാല്‍ മതി. അതിലൊരു അപകര്‍ഷത ഉണ്ടാവേണ്ട കാര്യമില്ല. ഭാഷ കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ളതാണ്. ഞാന്‍ ഈ പൊങ്ങച്ച സംസ്കാരത്തില്‍ നിന്ന് രക്ഷപ്പെട്ടത്, സാധാരണ ഗതിയിലെന്ന പോലെ ബാങ്കിലെ ജോലിക്ക് ശേഷം ഏറണാകുളത്ത് ഫ്ലാറ്റിലോ വില്ലയിലോ താമസിച്ച് ഒരു നഗരവാസിയാവില്ല എന്ന് ആദ്യമേ തീരുമാനിച്ചതനിലാണു. ഞാന്‍ ഇലക്ട്രിസിറ്റിയില്ലാത്ത ഒരു നാട്ടുമ്പുറത്ത് ജനിച്ചു വളര്‍ന്ന ആളാണ്. ഇപ്പോള്‍ മറ്റൊരു നാട്ടുമ്പുറത്ത് വന്നിരിക്കുകയാണ്. നഗരത്തില്‍ നിന്ന് അകലെ, നല്ല വിശാലമായ സ്ഥലം. ഞാനവിടെ അല്‍പ്പം പച്ചക്കറിക്കൃഷിയൊക്കെ ചെയ്യുന്നുണ്ട്. അതേസമയം നഗരത്തിലേക്ക് അധികം ദൂരവുമില്ല. അമ്മ കുട്ടിക്കാലത്ത് വീട്ടില്‍ കൃഷി ചെയ്യുമായിരുന്നു. അന്ന് തൂമ്പയൊക്കെ എടുത്ത് ശീലിച്ചിട്ടുണ്ട്. മണ്ണ് എനിക്കൊരു ലഹരിയാണ്. ഈ പ്രായത്തിലും ഞാന്‍ മണ്ണു കൈകാര്യം ചെയ്യുന്നുണ്ട്. ആകാശക്കൂടില്‍ താമസിക്കുക എന്ന് പറഞ്ഞാല്‍ എനിക്ക് അസാധ്യമാണ്. നാല്‍പ്പതു കൊല്ലത്തോളം മഹാനഗരങ്ങളില്‍ മാത്രം ജോലി ചെയ്തിട്ടുള്ള ആളാണ് ഞാന്‍. ഡല്‍ഹി, ബോംബെ, ബാംഗ്ലൂര്‍ തുടങ്ങി പല നഗരങ്ങളിലും. പിന്നെ എന്നും യാത്രകളാണ്. ഇതൊക്കെയാണെങ്കിലും എനിക്കൊരു ഗ്രാമീണന്റെ മനസ്സാണ്. എന്റെ ആവശ്യങ്ങള്‍ ലളിതമാണ്. അതാണ് പ്രധാനപ്പെട്ട കാര്യം. വെജിറ്റെറിയന്‍ ആണ്, എനിക്ക് കുടുംബപരമായ ആവശ്യങ്ങള്‍ കുറവാണ്. അതുകൊണ്ട് എനിക്കീ പൊങ്ങച്ചം ആവശ്യമില്ല. വലിയ കാറ് വേണമെന്നോ, വീട്ടില്‍ പുതിയ ഗാഡ്ജെറ്റ്സ് വേണമെന്നോ ഒന്നുമില്ല. ജീവിച്ചു പോകാനുള്ള കാര്യങ്ങള്‍ മതി. അത് സാധ്യമാകുന്നുണ്ട്. അപ്പോള്‍ അതിനപ്പുറമുള്ള മോഹങ്ങളില്ല, ആവശ്യങ്ങളുമില്ല. അതാണതിന്റെ കാര്യം.
8. മലയാള സാഹിത്യ രംഗത്ത് ഇപ്പോള്‍ നിരൂപണം പിന്നോക്കമാണ്. നമ്മുടെ നിരൂപണരംഗം പൊതുവെ മലിനമാണെന്നും, മൗലികമായ ചിന്തകളോ നിരീക്ഷണങ്ങളോ കാണാറില്ലെന്നോ ഉള്ള വിലയിരുത്തലിനെ ക്കുറിച്ച് ?
അതെ, അത് വളരെ ഖേദകരമാണ്. ഇന്ന്‍ ശക്തരായ നിരൂപകരില്ല. രണ്ടു തരത്തിലുള്ള നിരൂപകരാണ് ഇപ്പോഴുള്ളത്. ഒന്നുകില്‍ ആരെയെങ്കിലും വിമര്‍ശിച്ച് ഇരുത്താന്‍ വേണ്ടി ശ്രമിക്കുന്നവര്‍. അല്ലെങ്കില്‍ സ്തുതിപാഠകര്‍. ചില നിരൂപണങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ നമുക്കറിയാം അത് സ്പോണ്‍സേഡ് നിരൂപണമാണെന്ന്. ഒന്നുകില്‍ അതിന്റെ പിറകില്‍ പ്രസാധകര്‍ ഉണ്ടാവും അല്ലെങ്കില്‍ എഴുത്തുകാരന്‍ തന്നെയുണ്ടാവും. അതിന്റെയൊക്കെയിടയില്‍ നമുക്കെന്തൊക്കെയോ നഷ്ടപ്പെട്ടു പോകുന്നു. ഞാന്‍ നിരൂപണത്തില്‍ ആദ്യമായും അവസാനമായും ആവശ്യപ്പെടുന്നത് ബുദ്ധിപരമായ സത്യസന്ധതയാണ്. അത് കെ.പി. അപ്പനുണ്ടായിരുന്നു, കുട്ടിക്കൃഷ്ണമാരാര്‍ക്കുണ്ടായിരുന്നു. അത് കഴിഞ്ഞ് എല്ലാവര്‍ക്കും അവരവരുടേതായ ചായ് വുകള്‍ ഉണ്ടായി. അതില്‍ രാഷ്ട്രീയം, ജാതി, മതം,പ്രാദേശികത, ഇഷ്ടാനിഷ്ടങ്ങള്‍ ഒക്കെ വന്നു. അപ്പനെപ്പോലെയുള്ള ഒരു നിരൂപകന്‍ ഇനിയീ ജന്മത്തില്‍ ഉണ്ടാവും എന്നെനിക്കു തോന്നുന്നില്ല. എന്നെപറ്റിയൊക്കെ അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്. അദ്ദേഹം മരിക്കുന്നതിന് അഞ്ചാറു മാസം മുന്‍പാണ് ഞാന്‍ അദ്ദേഹത്തെ നേരിട്ട് കാണുന്നതു തന്നെ. എന്നെപ്പറ്റി മറ്റാരെക്കാള്‍ കൂടുതല്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ദൂതിനെപ്പറ്റി എന്തൊക്കെ എഴുതിയിരിക്കുന്നു. അതാണ് ബുദ്ധിപരമായ സത്യസന്ധത. എം കൃഷ്ണന്‍നായരുടെ വീട്ടില്‍ പോകാത്ത ഒരേ ഒരു എഴുത്തുകാരന്‍ ഞാനാണ്. സാഹിത്യലോകത്തെ നമ്മുടെ മഹാരഥന്‍മാരും ആധുനികരും ഒക്കെ പോയിട്ടുണ്ട്. മദ്രാസില്‍ എം.ഗോവിന്ദന്റെ ഒരു ഭജന മണ്ഡലിയുണ്ടായിരുന്നു. അവിടെയും പോകാത്ത ഒരാള്‍ ഞാനാണ്. എല്ലാവരെയും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ഒരു ഗുരുവായി ആരെയും സ്വീകരിച്ചിട്ടില്ല. കാരണം എനിക്ക് ഗുരു ആവശ്യമില്ല. അറിയാവുന്ന രീതിയില്‍ എഴുതും.
9. രാഷ്ട്രീയത്തിലെന്നപോലെ ലോബിയിംഗ് ഉൾപ്പടെയുള്ള ജീർണ്ണതകൾ സാഹിത്യരംഗത്തും സജീവമാണ്. ലോബിയിങ്ങിനെ അതിജീവിക്കാനാവാതെ കഴിവുള്ള പുതിയ എഴുത്തുകാർ പിന്തള്ളപ്പെട്ടു പോകുന്നു എന്നു തോന്നുന്നുണ്ടോ?
അത് ഉണ്ടാവും. അതില്‍ നിന്ന്‍ പോരാടി കയറുക എന്നല്ലാതെ ഒരു കുറുക്കു വഴിയും ഇല്ല. ഇതൊരു മത്സര ലോകമാണ്. പക്ഷെ ഞങ്ങളെഴുതിയ കാലത്തേക്കാള്‍ അവസരങ്ങള്‍ ഇന്നുണ്ട്. അന്ന് ഒരേ ഒരു മാതൃഭൂമിയേ ഉണ്ടായിരുന്നുള്ളൂ. മാസത്തില്‍ നാല് കഥകള്‍ കിട്ടുമായിരുന്നു. ആ നാലു കഥകളില്‍ക്കൂടിയാണ് ആ ഒരു തലമുറയിലെ മലയാളത്തിലെ ശക്തരായ എഴുത്തുകാര്‍ വന്നത്. വിജയന്‍, കാക്കനാടന്‍, മുകുന്ദന്‍, ഞാന്‍, സക്കറിയ,കുഞ്ഞബ്ദുള്ള, പത്മരാജന്‍, എം സുകുമാരന്‍, എം.പി.നാരായണപിള്ള…. തുടങ്ങിയ വ്യത്യസ്ത
രും ശക്തരുമായ എഴുത്തുകാര്‍. ഇവരെല്ലാം ആ ഒരു മാഗസിനില്‍ നിന്നാണ് വന്നത്. മത്സരങ്ങളും കൂടുതലായിരുന്നു. ഇപ്പോഴുള്ളവര്‍ക്ക് എത്രയെത്ര മാഗസിനുകളാണ്. അവസരങ്ങളും ധാരാളമുണ്ട്. എല്ലാത്തിനും ഒരു സുവര്‍ണ്ണ കാലമുണ്ട്. ഇപ്പോഴും ഞങ്ങളുടെ പുസ്തകങ്ങള്‍ വിറ്റുപോകുന്നുണ്ട്. പുതിയവരുടെയും പോകുന്നില്ലെന്നല്ല. കഴിവുള്ളവര്‍ നിലനില്‍ക്കും.
– പുതിയ വിപണനതന്ത്രങ്ങൾ സൃഷ്ടിക്കുന്ന വായനാസംസ്കാരത്തെ എങ്ങനെ കാണുന്നു?
ഞാനതിനെ കുറ്റം പറയില്ല.ഇത് പുതിയ യുഗമാണ്. കുട്ടികള്‍ സ്വയം സോഷ്യല്‍ മീഡിയകളിലൂടെ മാര്‍ക്കെറ്റ് ചെയ്യാന്‍ നോക്കുന്നു. അല്ലെങ്കില്‍ സുഹൃത്തുക്കളെക്കൊണ്ടൊക്കെ പ്രൊമോഷന്‍ ചെയ്യിപ്പിക്കുന്നു. അത് നമുക്ക് മനസ്സിലാക്കാം. ഞാനതിനെ കുറ്റം പറയില്ല. ഞങ്ങളുടെ കാലമല്ല ഇത്. പറഞ്ഞാല്‍ വിശ്വസിക്കില്ല. ഞാന്‍ ഒരു നാല്‍പ്പതുകൊല്ലം വരെ ഒരു പ്രകാശനം നടത്തിയിട്ടില്ല. പൂര്‍ണ്ണ ബുക്സ് എന്റെ സമ്പൂര്‍ണ്ണ കൃതികള്‍ രണ്ടു വോളിയം ഇറക്കിയപ്പോള്‍ അവര്‍ പറഞ്ഞു, പറ്റില്ലാ, നമുക്കൊരു പ്രകാശനം നടത്തണം. അന്ന് തൃശൂര്‍ വെച്ചു പ്രകാശനച്ചടങ്ങ് നടത്തി.. അതിനു ശേഷമാണ് അത് ചെയ്യാന്‍ തുടങ്ങിയത്. അവതാരികയും എഴുതിച്ചിട്ടില്ല. അതിനും താല്‍പ്പര്യമില്ല. ഞാനെഴുതുന്നു, ഇഷ്ടമുള്ളവര്‍ സ്വീകരിക്കുക അല്ലാത്തവര്‍ നിരസിക്കുക. പക്ഷെ ഈ കാലത്ത് അതൊന്നും നടക്കില്ല.. മാര്‍ക്കെറ്റ് മാറി. സെല്‍ഫ് പ്രൊജക്ഷന്‍ ഇതിന്റെ ഭാഗമായി. അല്ലാതെ നിവര്‍ത്തിയില്ല. അതില്ലാതെ പുസ്തകങ്ങള്‍ വിറ്റു പോകില്ല.
10. സമകാലിക സാഹിത്യ രംഗത്ത് സര്‍ഗാത്മകമായ ക്ഷീണം സംഭവിക്കുന്നതിന്റെ കാരണം? പല പുതിയ എഴുത്തുകാരും ഒന്നു രണ്ടു പുസ്തകങ്ങള്‍ കൊണ്ട് എഴുത്ത് നിര്‍ത്തുന്നത് കാണാറുണ്ട്. അത് ഒരു വശത്ത്. മറുവശത്ത് മിക്ക പുതിയ എഴുത്തുകാരും എഴുതി തുടങ്ങുന്നതോടെ തന്നെ എഴുത്തുകാരാവുകയാണ്. ഒരുപാട് പ്രകീര്‍ത്തിക്കപ്പെട്ടു മരവിച്ചുപോയ എഴുത്തുകാരും ഉണ്ട്. പ്രകീര്‍ത്തിക്കല്‍ എഴുത്തുകാരന് പലപ്പോഴും ഗുണമാണെങ്കിലും ഗുണത്തെക്കാളുപരി പതുക്കെ പതുക്കെ അത് ദോഷവുമാണ്. അതുകൊണ്ടുതന്നെ പല എഴുത്തുകാരുടെയും എഴുത്ത് വേണ്ടരീതിയില്‍ പുറത്തു വരുന്നില്ല. ഇതിനെയൊക്കെക്കുറിച്ച് ?
@ അല്ല. സര്‍ഗ്ഗാത്മകമായ ക്ഷീണമൊന്നും ഇല്ല. അത് തോന്നലാണ്. നല്ല വര്‍ക്കുകള്‍ വരുന്നുണ്ട്. മാതൃഭൂമിയിലൊക്കെ വരുന്നത് വളരെ വ്യത്യസ്തവും ശക്തവുമായ കഥകളാണ്. പക്ഷെ നില്‍ക്കാന്‍ കഴിയണം അതാണ് പ്രധാനം. കാലത്തെ വെല്ലാന്‍ കഴിയണം എനിക്ക് അടുപ്പമുള്ളവരോട് ഞാന്‍ പറയാറുള്ളത് നിലനില്ക്കുക, സസ്റ്റെയിന്‍ ചെയ്യുക. ഏതു കലയാണെങ്കിലും അതില്‍ നിലനില്‍ക്കാന്‍ പറ്റണം. തകഴിച്ചേട്ടന്‍, വാസുദേവന്‍ നായര്‍ ഇവരെയൊക്കെ നമ്മള്‍ ആദരിക്കുന്നു. എന്തുകൊണ്ട് ? അവര്‍ നിലനില്‍ക്കുന്നു. അവരെല്ലാം ഒരു പൂക്കുറ്റി പോലെ ചിതറിയങ്ങു പോകുകയല്ല ചെയ്തത്. അതിനും പ്രസക്തിയുണ്ട്. പക്ഷെ നില്‍ക്കാന്‍ പറ്റുകയാണെങ്കില്‍ അതാണു ഏറ്റവും വലിയ കാര്യം. പുതിയ കുട്ടികള്‍ക്കും നില്‍ക്കാന്‍ പറ്റണം. അതിനുള്ള എല്ലുറപ്പുണ്ടാകണം, ചങ്കുറപ്പുണ്ടാകണം, കാലം മാറുന്നതിനൊപ്പം നില്ക്കാന്‍ കഴിയണം. അത് അവര്‍ക്ക് സാധിക്കട്ടെ.
പാണ്ഡവപുരം പത്തുകൊല്ലം ചത്തു കിടന്നു. അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷിക്കു ശേഷം വന്ന നോവലാണത്. ഇതൊരു നോവലാണോ ,ഇയാള്‍ ഭ്രാന്തനാണോ എന്നൊക്കെ അന്നു കേട്ട ചീത്തക്ക് അതിരില്ല. പത്തുകൊല്ലം തണുത്തു കിടന്നിട്ട് ഇപ്പോള്‍ അത് എല്ലാവരും വാഴ്ത്തുന്നു. പാണ്ഡവപുരത്തിനു ശേഷം ജനിച്ചവര്‍ പോലും. അതൊക്കെ സന്തോഷമാണ്. മഹാരഥന്‍മാരായി ഒരു കാലത്ത് കൊടി കെട്ടി നിന്നവര്‍ പലരും ഇപ്പോള്‍ രംഗത്തില്ല. അവരെ പുതിയ കുട്ടികള്‍ അംഗീകരിക്കുന്നില്ല. ഇപ്പോള്‍ ഒരു വലിയ ക്ലാസിക് ആയി പറയുന്ന പുസ്തകം ഇരുപതു കൊല്ലം കഴിഞ്ഞിട്ട് അതൊന്നുമല്ല എന്ന് പറയുമ്പോള്‍? പഴയ റൊമാന്റിക് ആയുള്ള സെന്റിമെന്റല്‍ സാധനങ്ങള്‍ ഇപ്പോഴത്തെ കുട്ടികള്‍ അംഗീകരിക്കുന്നില്ല. അപ്പോള്‍ കാലത്തെ കടന്നു പോകുക എന്നു പറയുന്നത് വെല്ലുവിളിയാണ്, പക്ഷെ ചില കൃതികള്‍ക്ക് അത് സാധിക്കുന്നു.
– അതുപോലെ , ആത്മാവിന്റെ ആവശ്യം എന്ന നിലക്ക് എഴുതുന്നതല്ലാതെ ഒരുതരം കൊമേഴ്‌സ്യല്‍ എഴുത്ത് വര്‍ധിച്ചു വരുന്നില്ലേ ?
കൊമേഴ്സ്യല്‍ റൈറ്റിങ്ങ് കൂടിവരുന്നുണ്ട്. അത് ഉണ്ടാവുമല്ലോ. ലോകം തന്നെ ഇപ്പോള്‍ കമേഴ്സ്യല്‍ അല്ലെ ? പല എഴുത്തുകാരും ആ രീതിയില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. അവരുടെ എഴുത്തെല്ലാം എങ്ങനെയാണ് ക്ലിക്ക് ചെയ്യുന്നത് എന്നെനിക്കറിയില്ല. ഇറ്റ് ഹാപ്പെന്‍സ്.
11. മനുഷ്യസമൂഹത്തിനെതിരായി ഉയര്‍ത്തപ്പെടുന്ന എന്തിനുമെതിരേ പോരാടുക എന്നതാണ് എഴുത്തുകാരന്റെ ആത്യന്തിക ധര്‍മം എന്ന് പറയാറുണ്ട്. ഈ പോരാട്ടത്തില്‍ പ്രത്യയശാസ്ത്രമോ ഫിലോസഫിക്കല്‍ ചിന്തകളോ ഒരു ഘടകമല്ല. ജീവിതം തന്നെയാണ് പ്രധാനം. എഴുത്തില്‍ എത്രത്തോളം അത് പ്രതിഫലിപ്പിക്കാന്‍ ശ്രദ്ധിക്കാറുണ്ട് ?
@ ജീവിത ഗന്ധിയായവയാണ് നമ്മളെഴുതുന്നത്. അവിടെ തൊടുമ്പോള്‍ നമ്മള്‍ പ്രതിരോധിക്കും. ഇവിടെ പ്രശ്നമതല്ല. നിങ്ങള്‍ തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കണോ, ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഒപ്പം നില്‍ക്കണോ അല്ലെങ്കില്‍ ഒരു സംഘടന ഉണ്ടാക്കണോ എന്നുള്ളതിലൊക്കെയാണ് അഭിപ്രായ വ്യത്യാസം. എന്നെ സംബന്ധിച്ചിടത്തോളം എനിക്കു പറയാനുള്ളതൊക്കെ എഴുതുക എന്നുള്ളതല്ലാതെ ഒരു കൊടിക്കു താഴെ നില്‍ക്കാനോ വേറൊരാളുടെ ആജ്ഞ അനുസരിക്കാനോ ഞാന്‍ തയ്യാറല്ല. അത് എന്റെ കാര്യമാണ്. വല്ലവരും ചെയ്യുന്നുണ്ടെങ്കില്‍ ഒരു കുഴപ്പവുമില്ല.
എന്നെക്കൊണ്ടാവുന്ന രീതിയില്‍ ഞാനത് എഴുത്തില്‍ പ്രതിഫലിപ്പിക്കാറുണ്ട്. ഞാനൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും ആളല്ല. എനിക്കാരെയും ചാരി നില്‍ക്കണ്ട. എനിക്കെന്റെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പറ്റിയിട്ടുണ്ട്, പറ്റും. മലയാള കഥക്ക് നൂറ്റി മുപ്പതു വര്‍ഷത്തെ ചരിത്രമുണ്ട്. എഴുത്തുകാരനെന്ന നിലയില്‍ അമ്പതു കൊല്ലവും വായനക്കാരനെന്ന നിലയില്‍ പത്തുപതിനഞ്ചു കൊല്ലവുമായി അതിന്റെ പകുതി കാലത്തോളം ആ ചരിത്രത്തിന്റെ കൂടെ ഞാനുണ്ടായിരുന്നു. അതില്‍ക്കൂടുതലെന്താണു വേണ്ടത് ? ഞാന്‍ മരിച്ചാലും എനിക്ക് ശേഷം ഒന്നുരണ്ടു കൃതികള്‍ അല്ലെങ്കില്‍ പാണ്ഡവപുരമെങ്കിലും കുറച്ചു കാലം നില്‍ക്കും. അതുമതി എനിക്ക്.
12. ഒരു ബാങ്കുദ്യോഗസ്ഥന്‍ എന്ന നിലയ്ക്കുള്ള പരിചയസമ്പത്ത് വെച്ചു നോക്കുമ്പോള്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ നോട്ടു നിരോധനത്തെ എങ്ങനെ നോക്കിക്കാണുന്നു?
@ ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതുപോലെ, പണ്ടത്തെ അധികാരികള്‍ മണ്ടത്തരം കാണിക്കുമ്പോള്‍ ഉപജാപകവൃന്ദങ്ങളില്‍ ആരെങ്കിലും അത് പറഞ്ഞു കൊടുക്കും. എകാധിപതികളോട് പറയാന്‍ ധൈര്യമില്ല. ഇതാണ് ഇവിടെ സംഭവിച്ചത്. ഇവര്‍ വലിയ മണ്ടത്തരങ്ങള്‍ കാണിച്ചു. തീരെ ഗ്രൌണ്ട് വര്‍ക്ക് ചെയ്യാതെ ഇതിലേക്കെടുത്തു ചാടി. പ്രധാനമന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാണോ അതോ അദ്ദേഹം അറിഞ്ഞിട്ടു ചെയ്തതാണോ എന്ന് ഒരു പിടുത്തവും കിട്ടുന്നില്ല. പതിനാലു ലക്ഷത്തിലധികം പിന്‍വലിക്കും എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അത് പതിനഞ്ചു ലക്ഷത്തിലധികം ആയി. വേറൊരു ഇഷ്യു ഉള്ളത് അവര്‍ സുപ്രീം കോടതിയില്‍ കൊടുത്ത അഫിഡേവിറ്റ് പ്രകാരം പത്തുലക്ഷം തിരിച്ചു വരും എന്നാണ് പ്രതീക്ഷിച്ചത് എന്ന് പറഞ്ഞു. ഇപ്പോള്‍ത്തന്നെ പന്ത്രണ്ട് വന്നു. എന്റെ ഒരു കണക്കനുസരിച്ച് ഒരു ഒന്നൊന്നര ലക്ഷം കോടി മാത്രമേ ബാക്കി വരികയുള്ളൂ. ആ തുക ഇപ്പോള്‍ വലിയ തുകയല്ല. പിന്നെ ആകെക്കൂടി ഇതില്‍ പ്ലസ് പോയിന്റ് എന്ന് പറഞ്ഞാല്‍ അക്കൌണ്ടില്‍ സ്വമേധയാ പൈസ ഇട്ടിട്ടുള്ളവരില്‍ ഉറവിടം കാണിക്കാത്തവരെ ഇന്‍ കം ടാക്സുകാര്‍ക്ക് പിടിക്കാം. അത് മാത്രമേ ഇതിനകത്ത് ഉള്ളു. അല്ലാതെ ഇവരുദ്ദേശിച്ച പോലെ ഒന്നും ഉണ്ടായിട്ടില്ല. അതായത് കള്ളപ്പണക്കാര്‍ കാഷായിട്ട് കാര്യമായൊന്നും വെച്ചിട്ടില്ല. ഒന്നൊന്നര ലക്ഷം കോടിയല്ല, ഇവര്‍ മൂന്നോ നാലോ പ്രതീക്ഷിച്ചു. എന്തോ കള്ളത്തരം ഉണ്ടായിരുന്നു. ഇപ്പോള്‍ അത് നിഷേധിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ കണക്കുകളില്‍ അത്രയും ഗാപ് വന്നാല്‍ ആ പണം ഗവണ്‍മെന്റിലേക്ക് എടുത്തേക്കും എന്നൊരു വാര്‍ത്ത ഉണ്ടായിരുന്നു; ശരിയാണോ എന്നറിയില്ല. എന്തായാലും ഇപ്പോള്‍ അത് നിഷേധിച്ചിട്ടുണ്ട്. ബ്ലാക്ക് മണിയേക്കാള്‍ കൂടുതല്‍ ബ്ലാക്ക് ഇന്‍കം ആണ് നമ്മള്‍ നിയന്ത്രിക്കേണ്ടത്. കാരണം, ബ്ലാക്ക്മണി കറന്‍സി ആയി സൂക്ഷിക്കുന്നവര്‍ ഇന്നു വലിയൊരു ഘടകമല്ല ഇന്ത്യയില്‍. പാക്കിസ്ഥാന്റെ നാനൂറ് കോടി എന്നൊക്കെ പറയുന്നത് ഒരു ഫിഗറെ അല്ല. അത് അവര്‍ ഇപ്പോഴും അടിക്കുന്നുണ്ടാവും. ഞാന്‍ അത്ഭുതപ്പെട്ടുപോയി ഈ മണ്ടത്തരം കേട്ടിട്ട്. പിന്നെ, സാധാരണ ഡിമോണിറ്റൈസ് ചെയ്യുന്നത് ഇവിടെ എന്തെങ്കിലും സാമ്പത്തിക പ്രതിസന്ധി വരുമ്പോഴാണ്. ഉയര്‍ന്ന വിലക്കയറ്റം, യുദ്ധം, അങ്ങനെയൊക്കെയുള്ള പ്രതിസന്ധികളിലാണ് അതൊക്കെ ചെയ്യേണ്ടി വരുക. ഇപ്പോള്‍ ഇവിടെ ഇന്ത്യന്‍ എക്കോണമി നന്നായിട്ട് പോകുന്നു, കാര്യങ്ങള്‍ പൊതുവേ പോസറ്റീവ് ആണ്, നെഗറ്റീവ് ആയിട്ട് ഒന്നും ഇല്ല, സ്റ്റേബിള്‍ ഗവണ്‍മെന്റ് ഉണ്ട്, ഇന്റര്‍നാഷണല്‍ ഇമേജിന് കുഴപ്പമില്ല, ഫോറിന്‍ കറന്‍സി വരുന്നു, നിക്ഷേപങ്ങള്‍ വരുന്നു അങ്ങനെയുള്ള സമയത്ത് ഇത് ചെയ്തതെന്തിനാണെന്നാണ് ചോദ്യം. ആകെക്കൂടി ഇവര്‍ പറയുന്നത് പാക്കിസ്ഥാനില്‍ അടിക്കുന്ന നാനൂറ് കോടിയെ സംബന്ധിച്ചാണ്. ഇതിന്റെ ഉദ്ദേശം, ഒരു പക്ഷെ യു പി ഇലക്ഷനായിരിക്കാം. ഗവര്‍ണര്‍ പട്ടേലിനെയാണെങ്കില്‍ കാണാനുമില്ല. മോഡി പാര്‍ലമെന്റില്‍ വരുന്നുമില്ല. പിന്നെ ഇവര്‍ കാണിച്ച പ്രധാന മണ്ടത്തരം ഇവര്‍ അഞ്ഞൂറ് രൂപയില്‍ തൊടാന്‍ പാടില്ലായിരുന്നു. ലോകത്തെമ്പാടും ചെറിയ നോട്ടുകളാണ് ഉള്ളത്. പിന്നെ ഈ രണ്ടായിരം എന്തിനടിച്ചു? അതിനു പകരം ഇവര്‍ ചെയ്യേണ്ടിയിരുന്നത് , ഇരുന്നൂറും മുന്നൂറും അടിക്കണമായിരുന്നു.. അതിനു ശേഷം കുറച്ചു കഴിഞ്ഞിട്ട് അഞ്ഞൂറ് എടുത്തു കളഞ്ഞോട്ടെ. ഡോളര്‍ ഒക്കെ നൂറാണ് വലിയ കറന്‍സി. ഇതിപ്പോള്‍ രണ്ടായിരമായപ്പോള്‍ പൂഴ്ത്താന്‍ എളുപ്പമായി. ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുന്നു. അതില്‍ക്കൂടുതലൊന്നും ഇല്ല.