[button color=”” size=”” type=”square” target=”” link=””]1[/button]

ഇന്ത്യയിൽ ‘ആധുനിക’ വിദ്യഭ്യാസത്തിനും ഇംഗ്ലീഷ് ഭാഷാ അധ്യയനത്തിനും കാരണമായ ഏറ്റവും സമഗ്രമായ രേഖ തോമസ് ബാബിങ്ങ്ടൺ മക്കോളിയുടെMacaulay1 (Thomas Babington Macaulay) 1835-ലെ “മിനിറ്റ് ഓൺ ഇന്ത്യൻ എജ്യൂക്കേഷൻ” (Minute on Indian Education) ആണ്. അധിനിവേശാനന്തര ഇന്ത്യൻ പശ്ചാത്തലത്തിൽ ഈ രേഖ പ്രധാനമായും രണ്ട് വിധത്തിൽ വായിക്കപ്പെടുന്നുണ്ട്. അതിൽ പ്രധാനമായ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നത് ബിപൻ ചന്ദ്ര, സുമിത് സർക്കാർ തുടങ്ങിയ ഇടതുപക്ഷ ചായ്‌വുള്ള മതേതര ചിന്തകന്മാരാണെങ്കിൽ, മറ്റൊരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നത് ചന്ദ്ര ഭാൻ പ്രസാദിനെപ്പോലെയുള്ള ദലിത് ചിന്തകരാണ്. ഇംഗ്ലീഷ് വിദ്യഭ്യാസം അധികമൊന്നും ബുദ്ധിമുട്ടില്ലാതെ കൈമുതലാക്കിയ

ചന്ദ്ര ഭാൻ പ്രസാദ്
ചന്ദ്ര ഭാൻ പ്രസാദ്

ആദ്യത്തെ കൂട്ടർ, ഈ രേഖയെ വളരെ അപകടകരമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ ആധാരമായാണ് കാണുന്നത്. അത്തരം ഒരു കാഴ്ചപ്പാടിൽ നിന്നും നോക്കുമ്പോൾ, മക്കോളി ഈ രേഖയിലൂടെ ഉന്നം വെക്കുന്നത് ഇന്ത്യക്കാരെ അടിച്ചമർത്തി ഭരിക്കുവാൻ ആവശ്യമായ ഒരു ബൗദ്ധിക നിരയെ ഇന്ത്യയിൽ നിന്ന് തന്നെ  സൃഷ്ടിക്കലാണ്. അതായത്, ഭരിയ്ക്കുന്ന ബ്രിട്ടീഷുകാരും ഭരിക്കപ്പെടുന്ന തദ്ദേശീയരും തമ്മിലുള്ള ആശയവിനിമയത്തിലെ വിടവ് നികത്തുവാൻ കഴിവുള്ള, തദ്ദേശീയഭാഷയും ഇംഗ്ളീഷും കൈമുതലായ ഒരു കൂട്ടം ബാബുമാരെ സൃഷ്ടിക്കുക. ഇതിനാധാരമായി പലപ്പോഴും ഉദ്ധരിക്കാറുള്ളത് മെക്കോളിയുടെ ഈ വരികളാണ്:

നമ്മൾക്കും നമ്മൾ ഭരിക്കുന്ന ലക്ഷങ്ങൾക്കുമിടയിൽ വിവർത്തകരാകാൻ സാധ്യതയുള്ള, ഇന്ത്യൻ രക്തവും നിറവുമുള്ള പക്ഷെ അഭിരുചിയിലും, അഭിപ്രായങ്ങളിലും, ധാർമിക ബോധത്തിലും, ബുദ്ധിയിലും, ഇംഗ്ലീഷുകാരായ ഒരു വർഗത്തെ രൂപീകരിക്കുവാൻ നാം ഇപ്പോൾ ഏറ്റവും നന്നായി പരിശ്രമിക്കണം. ഈ രാജ്യത്തെ തദ്ദേശീയ ഭാഷകൾ നവീകരിക്കുവാനും, അവയെ പാശ്ചാത്യ നാമധേയകോശത്തിൽ നിന്നും കടം കൊണ്ട ശാസ്തത്തിന്റെ സാങ്കേതികപദങ്ങളാൽ സമ്പുഷ്ടിപ്പെടുത്താനും, അങ്ങനെ പതുക്കെ ജനസഞ്ചയത്തിലെ ഒരു നല്ല വിഭാഗത്തിന് അറിവ് പകർന്നുകൊടുക്കുന്ന യാനപാത്രങ്ങൾ ആയി തദ്ദേശീയ ഭാഷകളെ മാറ്റുന്നതിനും  ഉള്ള ചുമതല  നമ്മൾക്ക് ഈ വർഗത്തിന് വിട്ടു കൊടുക്കാം.

(We must at present do our best to form a class who may be interpreters between us and the millions whom we govern, a class of persons Indian in blood and colour, but English in tastes, in opinions, in morals and in intellect. To that class we may leave it to refine the vernacular dialects of the country, to enrich those dialects with terms of science borrowed from the Western nomenclature, and to render them by degrees fit vehicles for conveying knowledge to the great mass of the population. ഇതും തുടർന്നുള്ള ഉദ്ധരണികളും ലേഖകന്റെ സ്വതന്ത്ര വിവർത്തനം.)

ഇത്തരം ഒരു യുക്തിയുടെ ഭൂമിക നിലകൊള്ളുന്നത് കിഴക്കിനെക്കുറിച്ചുള്ള കൊളോണിയൽ ആയ ഒരു അറിവിലാണ്. സംസ്കൃതവും അറബിയുമായി താരതമ്യം ചെയ്യുമ്പോൾ കാണാവുന്ന ഇംഗ്ലീഷ് ഭാഷയുടെ ആന്തരിക മേന്മയെക്കുറിച്ചു സംശയലേശമന്യേ നിർലജ്ജം വാചാലനാവുന്ന മെക്കോളിയിലൂടെ അതേ മിനിറ്റിന്റെ മറ്റൊരു ഭാഗത്ത് ഇത് കൂടുതൽ പ്രകടമാവുന്നുണ്ട്.

എനിക്ക് സംസ്കൃതമോ അറബിയോ അറിയില്ല. പക്ഷെ അവയുടെ മൂല്യം കൃത്യമായി നിർദ്ധാരണം ചെയ്യുവാൻ എന്നെക്കൊണ്ടാവുന്നതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. സംസ്‌കൃതത്തിലും അറബിയിലും രചിക്കപ്പെട്ട മിക്കവാറും വാഴ്ത്തപ്പെട്ട കൃതികളുടെ വിവർത്തനങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. ഇവിടെയും നാട്ടിലും  വെച്ച് പൗരസ്ത്യ ഭാഷകളിലുള്ള തങ്ങളുടെ വ്യുത്പത്തിക്ക് പേരുകേട്ട വ്യക്തികളുമായി സംസാരിച്ചിട്ടുണ്ട്. പൗരസ്ത്യ ജ്ഞാനത്തെക്കുറിച്ചുള്ള പൗരസ്ത്യവാദികളുടെ മൂല്യനിർണയത്തെ അപ്രകാരം തന്നെ സ്വീകരിക്കുവാൻ ഞാൻ തയ്യാറാണ്. നല്ലൊരു യൂറോപ്യൻ ലൈബ്രറിയുടെ ഒരൊറ്റ ഷെൽഫ് മതി ഇന്ത്യയുടേയും അറേബ്യയുടെയും മൊത്തം തദ്ദേശീയ സാഹിത്യത്തിനൊപ്പം നിൽക്കാൻ എന്നത് നിഷേധിക്കുവാൻ കഴിയുന്ന ഒരാളെ പോലും അവരിൽ ഞാൻ കണ്ടുമുട്ടിയിട്ടില്ല. പാശ്ചാത്യ സാഹിത്യത്തിന്റെ ആന്തരിക വരിഷ്ഠത, കമ്മിറ്റിയിലെ പൗരസ്ത്യവിദ്യാഭ്യാസ പദ്ധതിയെ പിന്താങ്ങുന്ന അംഗങ്ങൾ പൂർണമായും  അംഗീകരിക്കുന്നുണ്ട്.

(I have no knowledge of either Sanscrit or Arabic. But I have done what I could to form a correct estimate of their value. I have read translations of the most celebrated Arabic and Sanscrit works. I have conversed, both here and at home, with men distinguished by their proficiency in the Eastern tongues. I am quite ready to take the oriental learning at the valuation of the orientalists themselves. I have never found one among them who could deny that a single shelf of a good European library was worth the whole native literature of India and Arabia. The intrinsic superiority of the Western literature is indeed fully admitted by those members of the committee who support the oriental plan of education.)

FrancisBacon-1
ഫ്രാൻസിസ് ബേക്കൺ

ഈ രീതിയിൽ മെക്കോളിയുടെ മിനിറ്റിനെ ഒരു പ്രത്യേക രീതിയിൽ വിന്യസിപ്പിച്ച്, ഇന്ത്യൻ ലിബറലുകൾ കൊളോണിയൽ വിദ്യാഭ്യാസത്തിന്റെ ഉപകരണയുക്തിയെക്കുറിച്ച് (instrumental reason) എല്ലായ്പ്പോഴും വളരെയധികം വാചാലരാവാറുണ്ട്. അവരുടെ കാഴ്ചപ്പാടിൽ, അധിനിവേശകാലത്ത് ഇംഗ്ളീഷ് വിദ്യഭ്യാസം ലഭിച്ച ഇന്ത്യയിലെ വരേണ്യ വർഗത്തിന്റെ പ്രത്യയശാസ്ത്ര ദൗത്യം വളരെ വ്യക്തമാണ്: കൊളോണിയൽ ആയ ഒരു ചിന്താപദ്ധതിയുടെ വക്താക്കളും പ്രയോക്താക്കളും ആശയപ്രചാരകരും ആയി, സ്വന്തം ജനതയെ അടക്കി ഭരിക്കുന്ന ഒരു പ്രക്രിയയ്ക്കു സ്വയം ഒരു ഉപകരണം ആയി മാറുക. അങ്ങനെ വിദ്യാഭ്യാസം ചെയ്ത ഇന്ത്യയിലെ വരേണ്യർ, ഫ്രാൻസിസ് ബേക്കൺ (Francis Bacon) “അറിവ് അധികാരമാണ്” (Knowledge is power) എന്ന് കൃത്യമായി നിർവ്വചിച്ച യൂറോപ്യൻ ജ്ഞാനപദ്ധതിയുടെ അറിവിനെക്കുറിച്ചുള്ള സങ്കൽപ്പത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങൾ ആയിരുന്നു. കൊളോണിയൽ വ്യവസ്ഥിതിക്ക് അനുയോജ്യമായ അറിവ് സമ്പാദിച്ചതിലൂടെ, അവർ ഒരു പ്രത്യേക രീതിയിലുള്ള അധികാരം സ്വായത്തമാക്കിയിരുന്നു. ഒരു പ്രത്യേക രീതിയിലുള്ള അറിവ് എന്ന് പരാമർശിക്കാൻ കാരണം അവർ നേടിയ അധികാരം കേവലാധികാരം അല്ലാത്തതിനാലാണ്. വിദ്യാഭ്യാസത്തിലൂടെ  അവരുടെ സാമൂഹ്യ സ്ഥിതി മാറി. അവർ ആദ്യകാല കോളോണിയലിസ്റ്റുകൾ പുച്ഛത്തോട് കൂടി കണ്ട നിരക്ഷരരായ ജനക്കൂട്ടം ആയിരുന്നില്ല. പക്ഷെ വിദ്യാഭ്യാസം കൊണ്ട് അവർ ഇംഗ്ളീഷുകാർ ആയി മാറുകയും ചെയ്തില്ല. അതായത്, പൂർണമായും അവർ സ്വയം ഒരു മർദ്ദകവർഗം ആയിരുന്നില്ല. മറിച്ച് വിദ്യാഭ്യാസത്തിലൂടെ അവർ മർദ്ദകരുടെ ഒരു ഉപകരണം ആയി മാറി.

അതേസമയം തന്നെ ഇപ്രകാരം ആധുനിക വിദ്യഭ്യാസം ലഭിച്ചവരിൽ ചിലർ ഒരു പ്രത്യേകവിധം മ്യൂട്ടേഷന് വിധേയമായി പുറമെ തവിട്ട് തൊലിയും അകമേ ആധുനിക വിദ്യാഭ്യാസത്തിന്റെ അസ്ക്കിതയും പേറി രൂക്ഷമായ സ്വത്വ പ്രതിസന്ധി അനുഭവിച്ചവരും ആയിരുന്നു. അതിന് ഏറ്റവും നല്ല നിദാനം

അരബിന്ദോ
അരബിന്ദോ

കവിയും മിസ്റ്റിക്കും ആയിരുന്ന അരബിന്ദോ ഘോഷ് ആയിരിക്കും. ഇംഗ്ലീഷ് ഭാഷാ വെറിയൻ (anglophile)ആയിരുന്ന അച്ഛന്റെ നിർബന്ധം കാരണം (കുട്ടികൾ ബംഗാളി പഠിക്കുകയോ സംസാരിക്കുകയോ ചെയ്യുവാൻ പാടില്ല എന്ന) ബംഗാളി മാത്രം അറിയാവുന്ന വീട്ടുജോലിക്കാരുമായോ വളരെ പരമ്പരാഗത ഹിന്ദു വിശ്വാസങ്ങൾ പുലർത്തിയിരുന്ന അമ്മയുമായോ നേരാംവണ്ണം സംസാരിക്കുവാൻ പോലും കഴിയാതിരുന്ന ഒരു ദുഷ്ക്കര ബാല്യം അരബിന്ദോ ഘോഷിനുണ്ടായിരുന്നു. അമ്മയുടെ ഉന്മാദവും കുട്ടികളോടുള്ള വന്യമായ പൊട്ടിത്തെറികളും അരബിന്ദോ ഘോഷിനെ അമ്മയിൽ നിന്നും അകറ്റിയ മറ്റ് ഘടകങ്ങൾ ആയിരുന്നു. അമ്മയിൽ നിന്നും സ്വന്തം പ്രകൃതിയിൽ നിന്നും വളരെ ചെറുപ്പത്തിൽ സംഭവിച്ച ഈ അന്യവൽക്കരണം ജീവിതകാലം മുഴുവൻ നീണ്ടു നിന്ന അസ്തിത്വ വ്യഥയിലേക്കാണ് അരബിന്ദോ ഘോഷിനെ നയിച്ചത്. പിൽക്കാലത്തു ലണ്ടനിൽ പോയി മികച്ച വിദ്യാർത്ഥിയായി ഉന്നത വിദ്യഭ്യാസം ലഭിച്ചപ്പോഴും സിവിൽ സർവീസ് പരീക്ഷ വിജയിച്ചപ്പോഴും ഒക്കെ അദ്ദേഹം അദ്ദേഹത്തിൻറെ തന്നെ വാക്കുകളിൽ പറയുകയാണെങ്കിൽ ‘അന്തർഗത വിഷാദം’ (‘inward depression’) അനുഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ വിഷാദത്തിൽ നിന്നും അദ്ദേഹം മുക്തനായത് തിരിച്ചു ഇന്ത്യയിൽ എത്തിയപ്പോഴാണ് എന്നത് അവിതർക്കിതമായ സംഗതിയാണ്.

ആധുനിക വിദ്യാഭ്യാസം അതിന്റെ ഗുണഭോക്താക്കൾക്ക് നൽകിയ സ്വത്വ പ്രതിസന്ധിയേക്കാൾ രൂക്ഷമായിരുന്നു അത് അതിന്റെ അപര സംസ്കൃതികളോട് ചെയ്തത്. അത് നമ്മുടെ മുന്നിൽ വെച്ചത് ശ്രേണീബദ്ധമായ ഒരു ലോകബോധവും അതിനനുസൃതമായ ഒരു ജ്ഞാനിമസംസ്കൃതിയും ആണ്. തത്‌ഫലമായി തദ്ദേശീയമായ അറിവുകളും കാഴ്ചപ്പാടുകളും ഒന്നുകിൽ അവഗണിക്കപ്പെടുകയോ അപ്രസക്തമാക്കപ്പെടുകയോ ചെയ്യപ്പെട്ടു. ഈ പ്രക്രിയയുടെ ഏറ്റവും നല്ല ദൃഷ്ടാന്തം ലഭിക്കുന്നത്balyakalasakhi3 വൈക്കം മുഹമ്മദ് ബഷീറിന്റെ “ബാല്യകാല സഖി” എന്ന കൃതിയിലാണ്. ഒന്നും ഒന്നും കൂട്ടിയാൽ എത്ര എന്ന യൂറോപ്യൻ ജ്ഞാന പദ്ധതിയുടെ, ഗണിതാലോകത്തിന്റെ, അമൂർത്തമായ ചോദ്യത്തിന് മജീദ് നൽകിയ മറുപടി ഒരുപാട് ചിരി ഉണർത്തിയതാണ്: “ഇമ്മിണി ബല്യേ ഒന്ന്”. ചിരി മാറ്റിവച്ചുകൊണ്ടു മജീദിന്റെ ആശയലോകത്തിന്റെ വ്യാപ്തിയിലേക്കിറങ്ങുമ്പോൾ മാത്രമേ നമുക്ക് കാര്യങ്ങളെ മറ്റൊരു രീതിയിൽ കാണുവാൻ കഴിയൂ. കുഴപ്പം മജീദിന്റെ ഉത്തരത്തിനായിരുന്നില്ല; മറിച്ചു, കുഴപ്പം അപര അറിവുകളെ തൃണവൽഗണിച്ച് അതിനെ ചിരിച്ചു തള്ളിയ യൂറോപ്യൻ ജ്ഞാനപദ്ധതിയുടെ രേഖീയമായ (linear) അറിവുത്പാദന രീതിയാണ്. ഗ്രാമത്തിലെ കുന്നിൻപുറത്തു നിന്ന് നോക്കുമ്പോൾ കാണുന്ന പുഴകളുടെ ഒഴുക്കാണ് മജീദിന്റെ ഉത്തരത്തിനാധാരമായ യുക്തി. അതായത്, രണ്ട് പുഴകൾ ചേർന്ന് വലിയ ഒന്നാകുന്നു എന്ന വസ്തുത. യുക്തിയുടെ തലത്തിൽ നിന്നും നോക്കുമ്പോൾ, ഇതേ യുക്തിയുടെ മറ്റൊരു രൂപം മാത്രമാണ് ഒന്നും ഒന്നും കൂട്ടിയാൽ രണ്ട് എന്നത്. പക്ഷെ ഒരേ യുക്തി രണ്ട് ചിന്താപദ്ധതികളിൽ, രണ്ട് ഭാഷകളിൽ അവതരിപ്പിക്കുമ്പോൾ ഒന്ന് ഉത്‌കൃഷ്ടമായ അറിവും, മറ്റൊന്ന്  ചിരിച്ചു തള്ളേണ്ട അപഹാസ്യവും ആയി മാറുന്നത്  അറിവിനെ ശ്രേണിവൽക്കരിച്ച യൂറോപ്യൻ ജ്ഞാനപദ്ധതിയുടെ അധികാര ബലതന്ത്രത്തിന്റെ ക്രൂരമായ രാഷ്ട്രീയം നിമിത്തമാണ്.

ഇത്തരം കാഴ്ചപ്പാടിൽ നിന്നും തുലോം ഭിന്നമായാണ് ചില ദലിത് ചിന്തകർ മെക്കോളിയുടെ രേഖയെ വായിക്കുന്നത്. ചന്ദ്ര ഭാൻ പ്രസാദിന്റെ അഭിപ്രായത്തിൽ, ഉപകരണ യുക്തിയല്ല (instrumental rationality) ആ രേഖയുടെ പിന്നിൽ പ്രവർത്തിച്ചത്. മറിച്ചു് ആശയവാദത്തിന്റെ (idealism) ഉദാത്തമായ ഒരു ചിന്താധാരയാണ്. അതുകൊണ്ടു തന്നെയാണ് ആ രേഖയിൽ മെക്കോളിക്ക് ബ്രിട്ടന്റെ തന്നെ പൂർവചരിത്രത്തെക്കുറിച്ചും അതിന്റെ അന്ധകാരം നിറഞ്ഞ ഭൂതകാലത്തെക്കുറിച്ചും സൂചിപ്പിക്കേണ്ടി വന്നത്.  മെക്കോളിയുടെ അഭിപ്രായത്തിൽ, തങ്ങളുടെ അന്ധകാരം നിറഞ്ഞ ഭൂതകാലം പിന്നിലാക്കാനും, ബ്രിട്ടനെ ഇന്നത്തെ നിലയിൽ ആക്കുവാനും ഇംഗ്ലീഷ് ജനതയെ പര്യാപ്തമാക്കിയത് നവോത്ഥാന കാലഘട്ടത്തിൽ അവർ പരിചയിച്ച ഗ്രീക്ക് തത്വചിന്തയും ഗ്രീക്കുകാരുടെ അന്വേഷണരീതിയും ആയിരുന്നു. യൂറോപ്പിനെ യൂറോപ്പിന്റെ മധ്യകാല അന്ധവിശ്വാസങ്ങളിൽ നിന്നും മോചിപ്പിച്ചു, മുന്നോട്ട് നയിച്ചത് മതത്തിൽ നിന്നും മോചിതമായ ഒരു വിദ്യാഭ്യാസ പദ്ധതി ആയിരുന്നു.

നമ്മളെ നയിക്കുന്നതിന് വേണ്ട മുന്നനുഭവങ്ങൾ നമുക്ക് ഉണ്ട്. ചരിത്രം സമാനമായ അനേകം സംഗതികൾ നമ്മുടെ മുന്നിൽ വെക്കുന്നുണ്ട്, അവയെല്ലാം ഒരേ പാഠം തന്നെയാണ് നമ്മെ പഠിപ്പിക്കുന്നതും. അധികം ഒന്നും പോകാതെ തന്നെ, അടുത്തകാലം വരെ അജ്ഞതയും അപരിഷ്‌കൃതത്വവും നിറഞ്ഞ രാജ്യങ്ങളിൽ ഒരു മൊത്തം സമൂഹത്തിന്റെ മനസ്സിന് വലിയ ഉത്തേജനം നൽകിയ, മുൻവിധികൾ കുടഞ്ഞെറിഞ്ഞ, അറിവ് വ്യാപിപ്പിച്ച, കലയും ശാസ്ത്രവും സ്ഥാപിച്ച രണ്ടു അനുഭവങ്ങൾ നമുക്ക് നോക്കാം.

ആദ്യത്തെ അനുഭവം പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി പടിഞ്ഞാറൻ രാജ്യങ്ങളിൽ പഠനത്തിൽ സംഭവിച്ച മഹത്തായ ഉണർവ്വാണ്‌. അക്കാലത്തു വായനക്ക് യോഗ്യമായ എല്ലാ സംഗതികളും അടങ്ങിയിരുന്നത് പൗരാണിക ഗ്രീക്ക്, റോമൻ എഴുത്തുകാരിലായിരിന്നു. നമ്മുടെ പ്രപിതാമഹന്മാർ പൊതുശിക്ഷണത്തിനുള്ള കമ്മിറ്റി ഇതുവരേക്കും പറഞ്ഞത് പോലെ പ്രവർത്തിക്കുകയായിരുന്നെങ്കിൽ, അവർ ത്യുസഡിഡീസിന്റെയും പ്ലാറ്റോയുടെയും ഭാഷ (ഗ്രീക്ക്) അവഗണിക്കുകയായിരുന്നെങ്കിൽ , സിസറോയുടെയും റ്റാച്ചിറ്റീസിന്റെയും ഭാഷ (ലാറ്റിൻ) അവഗണിക്കുകയായിരുന്നെങ്കിൽ, അവർ നമ്മുടെ ദ്വീപിന്റെ പഴയ ഗ്രാമ്യ ഭാഷയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നെങ്കിൽ, അവർ യൂണിവേഴ്‌സിറ്റികളിൽ ആംഗ്ലോ സാക്സൺ പുരാവൃത്തങ്ങൾക്കും നോർമൻ ഫ്രഞ്ച് കെട്ടുകഥകൾക്കും ഉപരിയായി ഒന്നും പ്രസിദ്ധീകരിക്കുകയോ പഠിപ്പിക്കുകയോ ചെയ്തില്ലായിരുന്നുവെങ്കിൽ, ഇംഗ്ലണ്ട് എപ്പോഴെങ്കിലും അവളുടെ ഇന്നത്തെ സ്ഥിതി കൈവരിക്കുമായിരുന്നോ? മോറിന്റെയും ആഷാമിന്റേയും സമകാലികർക്ക് ഗ്രീക്കും ലാറ്റിനും എന്തായിരുന്നുവോ, അതാണ് നമ്മുടെ ഭാഷ ഇന്ത്യക്കാർക്ക്.

മറ്റേ അനുഭവം ഇപ്പോഴും നമ്മുടെ കണ്ണിൻ മുന്നിലുണ്ട്. നമ്മുടെ മുൻഗാമികൾ കുരിശ് യുദ്ധത്തിന് മുൻപ് ജീവിച്ചിരുന്നതിന് സമാനമായ കാടത്തത്തിൽ ജീവിച്ചിരുന്ന ഒരു ജനത, അവർ മുങ്ങിത്താണ അജ്ഞതയുടെ ആഴങ്ങളിൽ നിന്നും പതുക്കെ ഉയർന്നുവന്ന് ലോകത്തിലെ സാംസ്കാരിക സമൂഹങ്ങളിൽ ഒന്നായി മാറിയത് കഴിഞ്ഞ നൂറ്റിയിരുപത്‌ വർഷങ്ങളിലാണ്. ഞാൻ പറയുന്നത് റഷ്യയെക്കുറിച്ചാണ്. ഭരണകൂടത്തിന്റെ ഏറ്റവും ഉയർന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ പ്രാപ്തിയുള്ള, പാരിയിലെയും ലണ്ടനിലെയും ഏറ്റവും ഉന്നത വൃത്തങ്ങളെ അലങ്കരിക്കുന്ന ഏറ്റവും കഴിവുറ്റ വ്യക്തികളേക്കാൾ ഒട്ടും പുറകിലല്ലാത്ത ജനങ്ങളാൽ നിറഞ്ഞ വിദ്യാസമ്പന്നമായ ഒരു വർഗം ഇപ്പോൾ ആ രാജ്യത്ത്‌ ഉണ്ട്. നമ്മുടെ പ്രപിതാമഹന്മാരുടെ കാലത്ത് ഒരു പക്ഷെ പഞ്ചാബിനെക്കാൾ പിറകിലായിരുന്ന ഈ രാഷ്ട്രം, നമ്മുടെ കൊച്ചുമക്കളുടെ കാലത്ത് അഭിവൃദ്ധിയുടെ കാര്യത്തിൽ ഒരു പക്ഷെ ഫ്രാൻസിനും ബ്രിട്ടനും അടുത്ത് എത്തിയേക്കാം.

(We are not without experience to guide us. History furnishes several analogous cases, and they all teach the same lesson. There are, in modern times, to go no further, two memorable instances of a great impulse given to the mind of a whole society, of prejudices overthrown, of knowledge diffused, of taste purified, of arts and sciences planted in countries which had recently been ignorant and barbarous.

The first instance to which I refer is the great revival of letters among the Western nations at the close of the fifteenth and the beginning of the sixteenth century. At that time almost everything that was worth reading was contained in the writings of the ancient Greeks and Romans. Had our ancestors acted as the Committee of Public Instruction has hitherto noted, had they neglected the language of Thucydides and Plato, and the language of Cicero and Tacitus, had they confined their attention to the old dialects of our own island, had they printed nothing and taught nothing at the universities but chronicles in Anglo-Saxon and romances in Norman French,-would England ever have been what she now is? What the Greek and Latin were to the contemporaries of More and Ascham, our tongue is to the people of India.

Another instance may be said to be still before our eyes. Within the last hundred and twenty years, a nation which had previously been in a state as barbarous as that in which our ancestors were before the Crusades has gradually emerged from the ignorance in which it was sunk, and has taken its place among civilized communities. I speak of Russia. There is now in that country a large educated class abounding with persons fit to serve the State in the highest functions, and in nowise inferior to the most accomplished men who adorn the best circles of Paris and London. There is reason to hope that this vast empire which, in the time of our grandfathers, was probably behind the Punjab, may in the time of our grandchildren, be pressing close on France and Britain in the career of improvement.)

ഈയൊരർത്ഥത്തിൽ, ഇന്ത്യൻ ഫ്യൂഡൽ പാരമ്പര്യത്തിന്റെ വഴക്കങ്ങളും ശീലങ്ങളും പൊളിക്കുവാൻ കഴിവുള്ള, അല്ലെങ്കിൽ ആ ലക്ഷ്യം മുൻനിർത്തി ആശയസങ്കല്പം ചെയ്ത ഒരു വിദ്യഭ്യാസത്തെക്കുറിച്ചാണ് മെക്കോളി സംസാരിക്കുന്നതു. പ്രസാദിന്റെ കാഴ്ചപ്പാടിലെ മെക്കോളി, ഇന്ത്യക്കാരെ ഭരിക്കുവാൻ ഇന്ത്യൻ പാരമ്പര്യങ്ങളിൽ നിന്നും അന്യവൽക്കരിക്കപ്പെട്ട, യൂറോപ്യൻ ആശയങ്ങളോട് അടിമമനോഭാവമുള്ള, പരിഭാഷകരും മദ്ധ്യവർത്തികളും ഒറ്റുകാരും ആയ ഒരു വർഗത്തെ സൃഷ്ടിക്കുവാൻ മുന്നിട്ടിറങ്ങിയ വെറുമൊരു കൊളോണിയൽ അധികാരി അല്ല, മറിച്ചു് ഇന്ത്യയെ അതിന്റെ സ്ത്രീ വിരുദ്ധവും കീഴാള വിരുദ്ധവുമായ പാരമ്പര്യത്തിൽ നിന്നും മോചിപ്പിക്കുവാൻ ഇറങ്ങി പുറപ്പെട്ട ഒരു മിശിഹായാണ്‌. ഇത്തരമൊരു മനസിലാക്കലിൽ, വിദ്യാഭ്യാസം അധികാരത്തിനായുള്ള ഒരു ഉപകരണമായല്ല കാണപ്പെടുന്നത്, മറിച്ചു് വിദ്യാഭ്യാസം എല്ലാ വിധത്തിലുള്ള കെട്ടുപാടുകളിൽ നിന്നും അതിലൂടെ സംഭവിക്കുന്ന ഭയം ജനിപ്പിക്കുന്ന ദുരൂഹവൽക്കരണങ്ങളിൽ നിന്നുമുള്ള മോചനമായാണ്.

ആധുനിക വിദ്യാഭ്യാസത്തിന്റെ വിമോചനശേഷിയിലുള്ള പ്രസാദിന്റെ വിശ്വാസത്തിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് ഇംഗ്ലീഷ് ഭാഷയുടെ വിമോചന ശേഷിയിലുള്ള അദ്ദേഹത്തിൻറെ വിശ്വാസവും. പ്രസാദിന്റെ അഭിപ്രായത്തിൽ ഇന്ത്യൻ ഭാഷകൾ ഫ്യൂഡൽ ശ്രേണിബന്ധങ്ങളുടെ അവബോധം പേറുന്ന ഭാഷകളാണ്. തു -തും-ആപ്, നീ-നിങ്ങൾ-താങ്കൾ എന്നിങ്ങനെ ജനങ്ങളെ പല ശ്രേണിയിൽ വിഭാവനം ചെയ്യുന്ന ഒരു ഭാഷക്കും എല്ലാവരും നിയമത്തിന് മുൻപിൽ തുല്യരാണെന്നുള്ള ഒരു ജനാധിപത്യബോധത്തെ വിനിമയം ചെയ്യാൻ കഴിയില്ല. അതിനു കഴിയുന്നത് അപരന്റെ സ്ഥാനമാനങ്ങൾ പരിഗണിക്കാതെ, അപരനെ ‘യു’ എന്നു വിളിക്കുവാൻ സ്വാതന്ത്ര്യം നല്കുന്ന, അത്തരമൊരു ജനാധിപത്യ ലോകബോധം ഉൾകൊള്ളുന്ന ഇംഗ്ലീഷിനാണ്.

മെക്കോളിയുടെ പ്രശസ്തമായ മിനിറ്റുമായി ബന്ധപ്പെട്ട് ആധുനിക വിദ്യഭ്യാസത്തെക്കുറിച്ചും ഇംഗ്ലീഷ് വിദ്യാഭ്യാസത്തെക്കുറിച്ചും നടക്കുന്ന വിരുദ്ധ ധ്രുവങ്ങളിൽ നിന്നുള്ള ഈ ചർച്ചകൾ നമുക്ക് എന്ത് തിരിച്ചറിവാണ് നൽകുന്നത്? വിദ്യഭ്യാസം പൂർണമായും ഉപകരണ യുക്തിയിൽ മാത്രം അധിഷ്ഠിതമാണോ? അതോ പ്രസാദിനെപ്പോലെ അതിൽ പൂർണമായും വിമോചനത്തിന്റെ സാധ്യതകൾ മാത്രമാണോ നാം കാണേണ്ടത്?

ഉത്തരം അത്രയൊന്നും ലളിതമല്ല. കാരണം മെക്കോളിയുടെ ആധുനിക/ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചവരിൽ അംബേദ്‌കർ, ഗാന്ധി, നെഹ്‌റു, ജിന്ന എന്നീ വിമോചന പോരാളികൾ മാത്രമല്ല ഉണ്ടായിരുന്നത്, മറിച്ചു അതിൽ സ്വന്തം ജനതയെ നിഷ്ടൂരമായി അടിച്ചമർത്തുന്നതിനു പേര് കേട്ട സി. പി. രാമസ്വാമി അയ്യർ എന്ന

അംബേദ്കർ ambedkar
അംബേദ്കർ

ദിവാനും ഉണ്ടായിരുന്നു. മെക്കോളിയുടെ വിദ്യാഭ്യാസം ജന്മം കൊടുത്തത് എം. എൻ. റോയ് എന്ന റാഡിക്കൽ ഹ്യൂമനിസ്റ്റിനു മാത്രമല്ല; അത്  തൊട്ടുകൂടായ്മയും സ്ത്രീവിരുദ്ധതയും സമൃദ്ധമായി നിലനിന്നിരുന്ന ഇന്ത്യയിൽ യാതൊരു സംശയവും കൂടാതെ വേദാന്ത കാഴ്ചപ്പാടുകളുടെ ഔന്നിത്യം പ്രഖ്യാപിച്ച എസ്. രാധാകൃഷ്ണൻ എന്ന ഒരു പരമ്പരാഗത ഇന്ത്യൻ തത്വചിന്തപ്രചാരകനെയും സൃഷ്ടിച്ചിട്ടുണ്ട്. മെക്കോളിയുടെ വിദ്യാഭ്യാസം ജന്മം കൊടുത്തത് അരബിന്ദോ ഘോഷ് എന്ന അസ്തിത്വവ്യഥ അനുഭവിച്ച; ഇന്ത്യൻ ചിന്താപാരമ്പര്യത്തിലെ രണ്ട് വിരുദ്ധ ധ്രുവങ്ങളായ വൈദിക താന്ത്രിക പാരമ്പര്യങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങാൻ ശ്രമിച്ച സന്ദേഹിയായ ഒരു ആത്മാന്വേഷിക്കു മാത്രമല്ല, അത് ‘മാൽഗുഡി’ കഥകൾ എഴുതി ഉപജീവനം ചെയ്ത ആർ. കെ. നാരായൺ എന്ന അധികമൊന്നും അസ്തിത്വവ്യഥയോ അന്യവൽക്കരണ പ്രതിസന്ധിയോ അനുഭവിക്കാത്ത ഒരു എഴുത്തുകാരനും ജന്മം കൊടുത്തിട്ടുണ്ട്.

ഈ വസ്തുതകൾ മുന്നിലിരിക്കെ, ആധുനിക വിദ്യാഭ്യാസം ഉപകരണ യുക്തിയിൽ അധിഷ്ഠിതമാണെന്നും, അല്ല അതിനു വിമോചനശേഷിയുണ്ടെന്നും ഉള്ള രണ്ട് വിരുദ്ധ വാദഗതികളെ നമുക്ക് ഭാഗികമായി അംഗീകരിക്കേണ്ടി വരും. ഇത്തരം വാദഗതികൾ നമ്മെ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടെങ്കിൽ അത് ഇതാണ്: വിദ്യാഭ്യാസം എന്നത് വളരെ അവധാനതയോടും സൂക്ഷമതയോടും കൈകാര്യം ചെയ്യേണ്ട ഒരു സംഗതിയാണ്. അല്പം സൂക്ഷ്മകുറവു മതി, വളരെ അപകടമേറിയ ഒരു അനന്തരഫലം നമുക്ക് തരുന്ന ഒന്നാണ് വിദ്യാഭ്യാസം.

[button color=”” size=”” type=”square” target=”” link=””]2[/button]

വിദ്യഭ്യാസത്തിന്റെ ഉപകരണയുക്തിയും വിമോചനശേഷിയും മുൻനിർത്തിയുള്ള ഈ ചർച്ചകളുടെ വെളിച്ചത്തിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന ഇംഗ്ലീഷ് അധ്യയനത്തിന്റെ പ്രശ്നനങ്ങളെ വിലയിരുത്താനാണ് ഇനി ശ്രമിക്കുന്നത്.

മാതൃഭാഷ ഉന്നത വിദ്യഭ്യാസ മേഖലയിൽ പഠന മാധ്യമമാകാത്ത അപൂർവം ചില സ്ഥലങ്ങളിൽ ഒന്നായ കേരളത്തിൽ എന്തിനാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നതെന്നു വളരെ അപൂർവമായി മാത്രമേ നാം ചോദിക്കാറുള്ളൂ. ഇംഗ്ലീഷിന്റെ ‘പ്രാമാണി’കത്വവും ‘പ്രാഥമിക’ത്വവും അത് നൽകുന്ന ജോലി സാധ്യതയും ചോദ്യം ചെയ്യപ്പെടാത്ത വിധത്തിൽ അത്രമേൽ സ്വാഭാവികമായാണ് നാം അനുഭവിക്കുന്നത്. ഈ ‘സ്വാഭാവികത’ക്ക്  നമ്മുടെ തന്നെ കൊളോണിയൽ ഭൂതകാലവും  ഇംഗ്ലീഷ് ഭാഷയുടെ ലോകവ്യാപകമായ വികാസവും കാരണങ്ങളായിട്ടുണ്ട്. ഇന്ത്യയെന്ന വളരെ വൈജാത്യം നിറഞ്ഞ സംസ്കൃതികളിൽ ഉള്ള ഒരു ഫെഡറൽ ദേശരാഷ്ട്ര വ്യവസ്ഥയിൽ വിനിമയ ശേഷിക്കുള്ള ഇംഗ്ലീഷിന്റെ സമകാലീന പ്രാമാണികത്വം അംഗീകരിക്കുമ്പോൾ തന്നെ മറ്റൊരു കാതലായ പ്രശ്‌നം നിലനിൽക്കുന്നുണ്ട്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇംഗ്ലീഷ് അധ്യയനം നിലനിൽക്കുന്ന രീതിയിൽ തന്നെ വേണമോയെന്നുള്ള പ്രശ്‌നം.

വിദ്യാഭ്യാസത്തെക്കുറിച്ചു നേരത്തെ നാം സൂചിപ്പിച്ച രണ്ട് കാഴ്ചപ്പാടുകൾ വളരെ പ്രകടമായും ഇന്നത്തെ ഉന്നത വിദ്യാഭ്യാസ

ഫെർഡിനാന്റ് ഡി സൊഷ്യൂർ
ഫെർഡിനാന്റ് ഡി സൊഷ്യൂർ

മേഖലയിലെ ഇംഗ്ലീഷ് പഠനത്തിൽ കാണാം. അതിൽ ആദ്യത്തേത് ഭാഷാർജ്ജനം എന്നത് ഒരു കഴിവ് (skill) സ്വായത്തമാക്കലാണെന്ന കാഴ്ചപ്പാടാണ്. രണ്ടാമത്തേത്, ഭാഷ (langue, സ്വിസ്സ് ഭാഷാശാസ്ത്രജ്ഞനായ ഫെർഡിനാന്റ് ഡി സൊഷ്യൂറിന്റെ ഭാഷയിൽ) എന്നത് സ്വയം ഒരു അവബോധം പേറുന്ന ഒരു ഉണ്മയായി വിലയിരുത്തുന്നതാണ്. ആദ്യത്തേത്, മനുഷ്യന് പുറത്താണ് ഭാഷയും സംസ്കാരവും സാമൂഹ്യവ്യവഹാരങ്ങളും എന്ന നിലപാടിൽ ഊന്നിയതാണെങ്കിൽ, രണ്ടാമത്തേത് ഭാഷക്കകത്താണ്, സംസ്കാരത്തിനകത്താണ്, സാമൂഹ്യവ്യവഹാരണങ്ങൾക്കകത്താണ് മനുഷ്യൻ നിലകൊള്ളുന്നത് എന്ന കാഴ്ചപ്പാടിൽ ഊന്നിയതാണ്. ആദ്യത്തേത് മനുഷ്യനെ ചില പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചു പ്രോഗ്രാം ചെയ്തെടുക്കാവുന്ന ഒരു യന്ത്രം ആയിട്ടാണ് കാണുന്നതെങ്കിൽ, രണ്ടാമത്തേത് മനുഷ്യൻ എന്ന ഉണ്മയെ അതിനെ എല്ലാ ലാളിത്യത്തോടും സങ്കീർണതകളോടും കൂടി അംഗീകരിക്കലാണ്. ആദ്യത്തെ കാഴ്ചപ്പാടിന് അനുരോധമായാണ് ASAP, Communicative English, Functional English, തുടങ്ങിയ പ്രോഗ്രാമുകളും പല ന്യൂജൻ ബോധന സമ്പ്രദായങ്ങളും ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ടാമത്തെ കാഴ്ചപ്പാടിലെ ബോധനസമ്പ്രദായം കുറേക്കൂടി രൂപകാത്മകമായി മാത്രമേ വിശദീകരിക്കുവാൻ പറ്റൂ. കണ്ണുകൾ നൽകുന്ന വികലമായ കാഴ്ചപ്പാടിലെ ചില രൂപകങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്‌ എന്നോ പ്ലെയ്‌റ്റോയുടെ (Plato) സൂര്യനെ ദർശിക്കുക എന്നിങ്ങനെയുള്ള അത്രയൊന്നും കൃത്യമല്ലാത്ത രൂപകങ്ങളിലൂടെ.

ഭാഷയെ സ്വയം ഒരു അവബോധം അല്ലാതെ വീക്ഷിക്കുമ്പോൾ, ഭാഷ എന്നത് ചില സവിശേഷ സാഹചര്യങ്ങളിൽ ആശയ സംവേദനത്തിനു ഉപയോഗിക്കുന്ന ഒരു മാധ്യമമായി കാണുവാൻ നാം നിർബന്ധിതരാകുന്നു. ഉദാഹരണത്തിന്, ബാങ്കുകൾ, റസ്റ്റോറന്റുകൾ, എയർ പോർട്ട്, റെയിൽവേ സ്റ്റേഷൻ, എന്നിങ്ങനെ ചില സവിശേഷ സന്ദർഭങ്ങളിൽ സവിശേഷമായ ചില ആവശ്യങ്ങൾ നമുക്ക് നേരിടേണ്ടി വരും. അത് പലപ്പോഴും വാർപ്പ് മാതൃകയിൽ ഉള്ള ആവശ്യങ്ങൾ ആയിരിക്കും. ‘എവിടെയാണ് ടിക്കറ്റ് കിട്ടുന്നത്?’ ‘ഭക്ഷണത്തിനെത്രയാണ് പൈസ?’ എന്നിങ്ങനെ. ഇത്തരം ആവശ്യങ്ങൾ നിറവേറ്റി തരുന്ന ഒരു ഉപകരണം (tool) ആണ് ഭാഷ. ആധുനിക മുതലാളിത്തം സൃഷ്ടിച്ചിട്ടുള്ള സവിശേഷമായ ചില ഇടങ്ങളിൽ മുതലാളിത്തത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന വിധം മനുഷ്യനെ സംവദിക്കുവാൻ പ്രാപ്തനാക്കുക എന്നതാണ് ഇവിടെ ഭാഷയുടെ ധർമ്മം. ഈ യുക്തിയിൽ അടിസ്ഥാനപ്പെടുത്തിയതാണ്  Communicative English എന്ന ഓമന പേരിലറിയപ്പെടുന്ന മിക്കവാറും പ്രോഗ്രാമുകൾ. ബാങ്കിന്റെ പ്രവർത്തനം സുഗമമാക്കുന്ന, എയർ പോർട്ടിന്റെ പ്രവർത്തനം സുഗമമാക്കുന്ന ഒരു യന്ത്രത്തെയാണ് ഇത്തരം രീതിയിൽ ഭാഷാഭ്യാസം സിദ്ധിച്ച ഒരു വ്യക്തിയിലൂടെ Communicative English പോലുള്ള കോഴ്‌സുകൾ നല്കുന്നത്.

ഇത്തരം കമ്മ്യൂണിക്കേഷൻ കോഴ്‌സുകളുടെ കാഴ്ചപ്പാടിൽ, ആധുനിക മുതലാളിത്തം അതിന്റെ പുനരുൽപ്പാദനത്തിനു സൃഷ്ടിച്ചിട്ടുള്ള എല്ലാ ഇടങ്ങളും പൂർണമായും മുൻകൂട്ടി പ്രോഗ്രാം ചെയ്യാവുന്ന ഇടങ്ങളാണ്. അവിടെ നടക്കേണ്ട കാര്യങ്ങൾ എല്ലാം തന്നെ മുൻകൂട്ടി ആസൂത്രണം ചെയ്യാവുന്നതാണ്. ഒരു ബാങ്കിൽ ഒരു കസ്റ്റമർ കയറി അവൾ ഇറങ്ങി പോകുന്നത് വരെ ഉള്ള അവളുടെ എല്ലാ ആവശ്യങ്ങളും സന്ദേഹങ്ങളും താല്പര്യങ്ങളും പൂർണമായും മുൻകൂട്ടി വിഭാവനം ചെയ്യാവുന്നതാണ്. ഇത്തരം സ്ഥലങ്ങളിൽ ആവശ്യമായ ഒരു സംവേദനശേഷിയും നമുക്ക് ഒരാളിൽ സൃഷ്ടിച്ചെടുക്കാവുന്നതാണ്. നാമെല്ലാം ജീവിതത്തിന്റെ ഏറ്റവും അർഥമേറിയ അനുഭവം എന്ന് പറയുന്ന ആകസ്മികതയ്ക്കു ഇത്തരം കാഴ്ചപ്പാടിൽ യാതൊരു സ്ഥാനവും ഇല്ല. എല്ലാം മുൻകൂട്ടി തയ്യാർ ചെയ്യാവുന്നതാണ്, ഒരു ഭീകരവാദി തന്റെ ക്രൈം സ്പെയ്സിൽ പെരുമാറേണ്ടതെങ്ങനെയെന്നു തയ്യാർ ചെയ്യുന്നത് പോലെ!

എന്താണ് ഇത്തരം വിദ്യാഭ്യാസ കാഴ്ചപ്പാട് ചെയ്യുന്ന കുഴപ്പം? ഒന്നാമതായി, അത് നമ്മൾ ജീവിക്കുന്ന സ്ഥലകാലങ്ങളെ വളരെ ചെറിയ ഇടങ്ങൾ (സ്‌കൂളുകൾ, കോളേജുകൾ, ബാങ്കുകൾ എന്നിങ്ങനെ) ആക്കി മാറ്റുന്നു. രണ്ടാമത്, ഇങ്ങനെ വിഭജിക്കപ്പെട്ട ഈ ചെറുസ്‌ഥലങ്ങൾക്ക് പൂർണമായും മാനേയ്ജബ്ൾ ആയ ഒരു ക്രമം ഉള്ളതായി (ആഡം സ്മിത്തിന്റെ “അദൃശ്യ കരങ്ങൾ’ പോലെ!) ധരിക്കുവാൻ നാം പ്രേരിതരാകുന്നു. മൂന്നാമത് നമുക്ക് അതീതമായ, സ്വതന്ത്രമായ ക്രമമായാണ് നാം ഇതിനെ   മനസ്സിലാക്കുന്നതെങ്കിലും, ഈ ക്രമത്തിനനുസരിച്ചു നമ്മെ സ്വയം പ്രോഗ്രാം ചെയ്തെടുക്കാവുന്നതാണെന്നു നാം സ്വയം ചിന്തിക്കുന്നു. നാലാമത്, ഇപ്രകാരം ചെറു സ്ഥലങ്ങൾ ആയി വിഭജിക്കപ്പെട്ട സ്ഥലകാല സങ്കീർണതയെ, അതിന്റെ ചലനാത്മകതയെ, ഇത്തരം ചെറുസ്‌ഥലങ്ങളുടെ പാരസ്പര്യത്തെക്കുറിച്ചു, ബന്ധത്തെക്കുറിച്ചു അജ്ഞരായിരിക്കുവാൻ നാം നിർബന്ധിതരാകുന്നു.

പൂവെന്ന, മഴവില്ലെന്ന, പ്രണയമെന്ന, മരണമെന്ന, സാമ്പത്തിക മാന്ദ്യമെന്ന ആകസ്മികതകൾക്കു സ്ഥാനമില്ലാത്ത, പൂർണമായും മാനേജബിൾ ആയ ചെറു ശകലങ്ങളായി സ്ഥലകാലത്തിന്റെ സങ്കീർണതയെ ചുരുക്കുന്ന അത്ര തന്നെ ദോഷം ചെയ്യുന്നതാണ് മനുഷ്യനെ പൂർണമായും ചില സവിശേഷ സാഹചര്യങ്ങൾക്ക് അനുസരിച്ചു പ്രതികരിക്കുവാൻ കഴിയുന്ന ഒരു പ്രോഗ്രാമബിൾ യന്ത്രം ആയി കാണുന്നതും അതിനുള്ള പ്രധാന ഉപാധിയായി ഭാഷയെ കാണുന്നതും.

ഇത്തരമൊരു വിദ്യാഭ്യാസ പദ്ധതിയുടെയും ഭാഷ പഠനത്തിന്റെയും രാഷ്ട്രീയ ഫലങ്ങൾ ദൂരവ്യാപകമായിരിക്കും. പ്രശസ്ത ചിന്തകനായ എഡ്‌വേർഡ് സയ്ദിന്റെ (Edward Said) ദി എൻഡ് ഓഫ് ദ പീസ് പ്രോസസ് (The End of the Peace Process) എന്ന ഗ്രന്ഥത്തിലെ രണ്ടു നീണ്ട ഉദ്ധരണികൾ ഇത് കൂടുതൽ വ്യക്തമാക്കും.

പാദസേവക്കും പൂർണ്ണനിരാകരണത്തിനും ഇടയിലുള്ള നമ്മുടെ മാറിമറയലുകൾ കാരണം, ഗൗരവമായി പരിഗണിക്കേണ്ട ഒരു ജനത എന്ന നിലയിൽ നമ്മുടെ സാംസ്കാരിക സാന്നിധ്യം ഇസ്രായേൽ ജനതയുടെ അവബോധത്തിലേക്ക് ശക്തിയായി എത്തിക്കുന്നതിൽ

എഡ്‌വേർഡ് സയ്ദ്
എഡ്‌വേർഡ് സയ്ദ്

നമ്മൾ അധികമൊന്നും ശ്രദ്ധ ചെലുത്തിയിട്ടില്ല. ലക്ഷണങ്ങൾ വളരെ നിരാശാജനകമാണ്. വർഷങ്ങൾ ചെല്ലുന്തോറും അറബ് യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികൾക്കറിയാവുന്ന വിദേശഭാഷകളുടെ എണ്ണം കുറഞ്ഞുവരുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. 1980കളുടെ മദ്ധ്യത്തിൽ അറബ് യൂണിവേഴ്‌സിറ്റികളിൽ സന്ദർശനം നടത്തിയപ്പോൾ ഈ വസ്തുതയാൽ ഞാൻ അദ്‌ഭുതം കൂറിയിട്ടുണ്ട്. ശരിയാണ്, ബാങ്കിലോ എയർലൈനിലോ ജോലി ചെയ്യുവാൻ ശേഷിയുണ്ട് എന്ന അർത്ഥത്തിൽ കൂടുതൽ കുട്ടികൾക്ക് ഇംഗ്ലീഷ് അറിയാം എന്ന് നമുക്ക് പറയാം, പക്ഷെ ഇംഗ്ലീഷിലോ ഫ്രഞ്ചിലോ (ഹീബ്രുവിലും ജാപ്പനീസിലും ഇതിലും പരിതാപകരമാണ്) അവബോധമുള്ള/കാര്യബോധമുള്ള ഒരു സംഭാഷണം നടത്തുക എന്നത് മിക്കവാറും അറബ് വിദ്യാർത്ഥികളുടെ കഴിവിനുപരിയായ സംഗതിയാണ്.
(And because of our alternation between subservience and total rejection, we have made very little effort to get inside the Israeli consciousness in order to force our cultural presence on our neighbors as a people worth taking seriously. The signs are discouraging. Over the years I have noticed that Arab university students know fewer and fewer foreign languages. I was struck by this when I visited Arab universities for the first time in the mid-1980s. Yes, more young people knew English than before, in the sense that more of them could work for a bank or an airline; but being able to carry a literate conversation in English or French (much less Hebrew and Japanese) is beyond the capacities of most Arab college graduates today.) (Said 62)

മുകളിലത്തെ ഉദ്ധരണിയിലെ അത്രയൊന്നും വ്യക്തമാകാത്ത പ്രയോഗമായ ‘അവബോധമുള്ള/കാര്യബോധമുള്ള സംഭാഷണം’ (literate conversation) എന്ന ആശയം രണ്ടാമത്തെ ഉദ്ധരണിയിൽ കുറേക്കൂടി വ്യക്തത കൈവരുന്നുണ്ട്, നമ്മളെ രാഷ്ട്രീയമായി അലോരസപ്പെടുത്തുന്ന രീതിയിൽ തന്നെയുള്ള വ്യക്തത:

ഞാൻ അമേരിക്കയെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത് അറബ് ലോകത്തിനും ബാധകമാണ്. അവിടെ സ്‌കൂളിലും റേഡിയോയിലും നടക്കുന്ന കാണാപ്പാഠ പഠനത്തിനൊപ്പം, പൂർണമായും മലിനമായതോ അല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയപക്ഷം കാപട്യം നിറഞ്ഞതോ ആയ പൊതുഭാഷണം (സാമൂഹ്യാവസ്ഥയെ സംബന്ധിക്കുന്ന സംഗതികളെക്കുറിച്ച്) നിമിത്തം, കൃത്യമായും മൂർത്തമായും സംസാരിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരിക്കുന്നു. കുറച്ച്‌ വർഷങ്ങൾക്കു മുൻപ് പ്രശസ്ത വെസ്റ്റ് ബാങ്ക് വിദ്യഭ്യാസ പ്രവർത്തകൻ മുനീർ ഫാഷി ഹൈസ്കൂൾ വിദ്യാർത്ഥികൾ എഴുതിയ ഉപന്യാസങ്ങൾ അപഗ്രഥിച്ചിരുന്നു. എല്ലാ അപഗ്രഥനത്തിലും രണ്ട് കാര്യങ്ങൾ മുന്തിനിന്നിരുന്നു. ഒന്ന്, ഒരു വിഷയത്തിലും മൂർത്തമായ എഴുതുവാൻ കഴിയാത്ത കുട്ടികളുടെ ശേഷിയില്ലായ്മ. രണ്ട്, അവനവനെക്കുറിച്ച് നേരിട്ട് എഴുതുവാനുള്ള പൂർണമായ കഴിവില്ലായ്മ. ഉദാഹരണത്തിന്, സ്‌കൂളിലേക്ക് നടന്നു വരുമ്പോൾ കണ്ടതോ അനുഭവിച്ചതോ ആയ കാര്യങ്ങളെക്കുറിച്ചെഴുതാൻ ആവശ്യപ്പെട്ടപ്പോൾ, പൂർണമായും മാമൂൽപ്രകാരമുള്ളതും വ്യക്തികളെ സംബന്ധിച്ച് അവ്യക്തവും ആയ വളരെ പൊതുവായ കാര്യങ്ങൾ, കാലാവസ്ഥയെക്കുറിച്ചും, തെരുവിനെക്കുറിച്ചും, സ്‌കൂളിലേക്ക് പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ആണ് അവർ എഴുതിയത്. പലപ്പോഴും ചില രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ആണ് ചട്ടക്കൂട് രൂപപ്പെടുത്തിയത്. നാം നമ്മുടെ സ്വാതന്ത്രം നേടുന്നു. ഫലസ്തീൻ രാഷ്ട്രത്തിന്റെ ആവശ്യകത എന്നിങ്ങനെ. ചിലതെല്ലാം ഈ കുട്ടികളുടെ ദുഷ്കര അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു, പക്ഷെ കൃത്യതയുടെയും മൂർത്തതയുടേയും നഷ്ടം, ആശയാധിഷ്ഠിതമായ ചിന്തയും പ്രവണതയും ഉപേക്ഷിക്കുവാനുള്ള പ്രവണത, അമേരിക്കയിലെ എന്റെ വിദ്യാർത്ഥികളുടെ ഉപന്യാസത്തിലും കാണാവുന്നതാണ്. ഈ പ്രതിഭാസം, അതിനാൽ തന്നെ, സാർവ്വലൗകികമാണ്‌. മാത്രമല്ല, ഇലക്ട്രോണിക് ആശയവിനിമയം അതിന്റെ എല്ലാ രൂപത്തിലും മനുഷ്യന്റെ മനസ്സും ഇച്ഛയും നിയന്ത്രിക്കുന്ന വിധം വളരാൻ പോകുന്ന വരുന്ന വർഷങ്ങളിൽ ഇത് വളരെ മർമ്മപ്രധാനവുമാണ്.

ഐ. എം. എഫ്. മാതൃക എന്നോ വേൾഡ് ബാങ്ക് മാതൃക എന്നോ വിളിച്ചോളൂ, ലോകവ്യാപകമായ ഒരു മാർക്കറ്റ് വ്യവസ്ഥിതി അതിന്റെ സൃഷ്ടിയോടൊപ്പം തന്നെ രാഷ്ട്രീയ വാണിജ്യ ആശയങ്ങളെ പ്രതിരോധിക്കുവാനുള്ള വ്യക്തിയുടെ കഴിവിനെ കുറച്ച്‌ കൊണ്ട് വരുന്ന ഒരു ആശയവിനിമയ സംവിധാനവും സൃഷ്ടിച്ചെടുത്തിട്ടുണ്ട്.

(What I have been saying about America is also true about the Arab world, where rote learning in school, radio, and television, plus an almost completely corrupt or at least counterfeit public discourse on matters having to do with the state of society, makes it very difficult to express oneself clearly and concretely. The noted West Bank educational activist Munir Fashie some years ago did an analysis of the prose produced by high school students. Two things stood out in every case: one, the student’s inability to write concretely about any subject, two, a total incapacity to write about oneself directly. Thus, when requested, for instance, to write specifically what the students saw or felt walking to school, the young people were only able to say extremely general things about the weather, about the street, about the need to go to school, all of them very conventional, and very imprecise so far as that individual was concerned. Very often the framework was provided by a few political slogans—we are winning our independence, the importance of a Palestinian state, etc. Some of this, of course, had to do with the difficult circumstances of life for these students, but the loss of precision and concreteness, the tendency to give up clear conceptual thinking and process, are to be found in the prose of my students here, in a major American university. The phenomenon, therefore, is a universal one, and of central importance during the coming years when of course the power and influence of electronic communication in all its forms will grow and acquire more authority over the individual mind and the will.

Thus the worldwide market system—call it the IMF or World Bank model—seems to have produced alongside itself a communication apparatus whose effect is to lessen resistance, whether to political or commercial ideas, on the part of the individual. (Said 149)

സിലബസിലെ മൊഡ്യൂളുകൾ കഴിയുന്ന മുറയ്ക്ക് ഒരു വിദ്യാർത്ഥി കൃത്യമായും ചില അറിവുകൾ സ്വായത്തമാക്കിയിരിക്കും എന്നത് ഈ കാഴ്ചപ്പാടിന്റെ സെമെസ്റ്റർവൽക്കരിച്ച പതിപ്പാണ്.സിലബസ് കമ്മിറ്റിയും അധ്യാപകരും തീരുമാനിച്ച ‘അറിവു’കളാണ് അറിവുകൾ എന്ന ഒരു ജനാധിപത്യ വിരുദ്ധത ഇതിൽ അടങ്ങിയിട്ടുണ്ട്. സിലബസിനെക്കുറിച്ച്, അതിന്റെ ഉള്ളടക്കത്തെക്കുറിച്ച്, അതിന്റെ ജനാധിപത്യവിരുദ്ധതയെക്കുറിച്ച്, അതിന്റെ അറിവ് പുനരുത്പാദന രീതിയെക്കുറിച്ച് സന്ദേഹിയാകുക എന്നത് ഇത്തരം യാന്ത്രിക കാഴ്ചപ്പാടിൽ സാധ്യമായ കാര്യമല്ല. വിദ്യാർത്ഥി എന്നാൽ മുൻകൂട്ടി തീരുമാനിച്ച പ്രകാരവും തോതിലും അറിവ് കൈക്കലാക്കുന്ന ഒരു യന്ത്രമാണ്. ഒരു വിഷയത്തിൽ നിലനിൽക്കുന്ന നിശ്ചിത അളവ് മുൻധാരണകൾ സ്വായത്തമാക്കിയാൽ ഒരു പ്രത്യേക ലെവൽ അറിവ് ഒരു വിദ്യാർത്ഥിക്ക് സിദ്ധിച്ചു. വളരെ സങ്കുചിതമാക്കപ്പെട്ട (narrowed), അതിർത്തികൾ കൃത്യമായി രേഖപ്പെടുത്തപ്പെട്ട, ഏതെങ്കിലും ഒരു മേഖലയിൽ (area) അക്കാദമിക സമൂഹം പ്രചരിപ്പിക്കുന്ന ലഭ്യമായ എല്ലാ സാഹിത്യവും വായിച്ചു ഓർമ്മ വെക്കുന്ന ഒരാൾ ആ മേഖലയിലെ സ്പെഷലിസ്റ് ആയി!

മനുഷ്യനെ യന്ത്രമാക്കി ഒരു പ്രത്യേക രീതിയിൽ പരുവപ്പെടുത്തി എടുക്കുന്ന ഈ വിദ്യാഭ്യാസവും ലോകവ്യാപകമായി മതഭീകരവാദികളെ സൃഷ്ടിക്കുന്ന പ്രത്യയശാസ്ത്ര പരിശീലനവും തമ്മിൽ ഈയർത്ഥത്തിൽ വലിയ വ്യത്യാസം ഒന്നുമില്ല. മരണത്തിനപ്പുറമുള്ള ഒരു വാഗ്ദത്ത ലോകത്തിന് വേണ്ടി ഇഹ ലോകത്തെ ഒറ്റ രീതിയിൽ മാത്രം കാണുവാനും ചില നിശ്ചിത പ്രവർത്തികളിൽ മാത്രം ഏർപ്പെടാനും പരുവപ്പെടുത്തിയെടുത്ത ഒരു യന്ത്രസമാന മനുഷ്യനാണ് മത തീവ്രവാദി എങ്കിൽ, മുതലാളിത്തത്തിന്റെ വാഗ്ദത്തഭൂമിയിലെ ഭൗതിക/ആത്മീയ സംതൃപ്തിക്കായി സ്വയം ഒരു യന്ത്രം ആയി മാറുന്നവനാണ് ടെക്‌നോക്രാറ്റിക് സമൂഹത്തിലെ വിദഗ്ദൻ (expert). തന്റെ ലക്ഷ്യത്തിനപ്പുറം ഒരു ലോകവും ഇവരുടെ കണ്ണുകളില്ല, ഒരു സാധ്യതയും ഇവരുടെ മുന്നിലില്ല. രണ്ടുപേരും ലോകത്തെ വിഭാവനം ചെയ്യുന്നതും ഉണ്മയെ സാക്ഷാത്കരിക്കുന്നതും ഒരേ സൈദ്ധാന്തിക അടിത്തറയിൽ നിന്നാണ്: ചില പ്രത്യേക പ്രവർത്തികൾ ചെയ്‌താൽ, അവയുടെ ലോജിക്കിന്റെ ഫലമായി, മുൻകൂട്ടി വിഭാവനം ചെയ്ത ഒരു ലോകം/മനുഷ്യൻ സൃഷ്ടിക്കപ്പെടും എന്ന സൈദ്ധാന്തിക അടിത്തറയിൽ നിന്ന്. മതതീവ്രവാദത്തിലേക്ക് ടെക്നൊകാർട്ടുകളായ പ്രൊഫഷണലുകൾ ആകൃഷ്ടരാകുന്നുവെന്ന ആ ആരോപണത്തിന്റെ കുന്തമുന അറിയാതെയെങ്കിലും നീളുന്നത് ഈ സമാനതയിലേക്കാണോ?

ഇതിൽ നിന്നും വളരെ ഭിന്നമാണ് ഭാഷയെ ഒരു അവബോധം എന്ന രീതിയിൽ മനസിലാക്കുന്നത്. ഈ കാഴ്ചപ്പാടിൽ, ഭാഷ സ്പാന്നെർ പോലെയോ സ്ക്രൂ ഡ്രൈവർ പോലെയോ ചില പ്രത്യേക ഇടങ്ങളിലെ ആവശ്യങ്ങൾ പരിഹരിക്കുവാൻ ഉപയോഗിക്കുന്ന ഒരു സെറ്റ് ഓഫ് റ്റൂൾസ് അല്ല. മറിച്ചു, മനുഷ്യന് ലോകം സാധ്യമാക്കി കൊടുക്കുന്ന ഉണ്മയുടെ അടിസ്ഥാനപരമായ ഒരു ചലനാത്മക പ്രക്രീയയാണ്. അതാണ് ഏതൊരു ആകസ്മികതയെ നേരിടാനും അതിനോട് പൊരുത്തപ്പെടാനും മനുഷ്യനെ സജ്ജമാക്കുന്നതും. ഇത്തരം വിദ്യാഭ്യാസത്തിൽ, ഓരോ പ്രത്യേക അവകാശങ്ങൾ കണക്കിലെടുക്കാതെ, അല്ലെങ്കിൽ അവയ്ക്ക് വലിയ പ്രാധാന്യം നൽകാതെ, ഏതൊരു സന്ദർഭത്തിലും (context) “മനുഷ്യത്വപരമായ” അല്ലെങ്കിൽ നവീനമായ  ഇടപെടൽ മനുഷ്യന് സാധ്യമാക്കുന്ന ഒരു പ്രക്രിയക്കായാണ് വിദ്യാഭ്യാസം നിലകൊള്ളുന്നത്. പഠിച്ചത് മാത്രം പാടുന്ന, അത് മാത്രം പാടാൻ ശേഷിയുള്ള, ഒരു യന്ത്രമായിട്ടല്ല മനുഷ്യനെ ഇവിടെ വിഭാവനം ചെയ്യുന്നത്, മറിച്ചു ആരും ഇതുവരെ സൃഷ്ടിക്കാത്ത, ചിന്തിക്കാത്ത, പുതുമകൾ നൽകുവാൻ ശേഷിയുള്ള സങ്കീർണമായ ഒരു ജൈവിക സാന്നിധ്യം ആയാണ് മനുഷ്യൻ ഇവിടെ പരിഗണിക്കപ്പെടുന്നത്. ഷിൽ ദെലൂസിന്റെ (Gilles Deleuze) ആശയം പിൻപറ്റി ആലോചിക്കുകയാണെങ്കിൽ:

യഥാർത്ഥത്തിൽ, ആശയ-രൂപം (idea) എന്നത് അറിവിന്റെ ഘടകമല്ല, മറിച്ച് അറിവിൽ നിന്നും വ്യത്യസ്ത സ്വഭാവമുള്ള അനന്തമായ പഠനത്തിന്റെ ഘടകമാണ്. കാരണം

ഷിൽ ദെലൂസ്
ഷിൽ ദെലൂസ്

പഠനം എന്നത് ചോദ്യങ്ങളെ അങ്ങനെ തന്നെ മനസ്സിലാക്കുന്നതിൽ ആവിഷ്‌കൃതമാകുന്നതാണ്, ഏകത്വവൈചിത്യത്തിന്റെ (singularity) മനസ്സിലാക്കലിലും സാന്ദ്രീകരണത്തിലും, ആശയാധിഷ്ഠിത (ideal) സംഭവങ്ങളുടെയും ശരീരങ്ങളുടെയും നിർമാണത്തിലും  ആവിഷ്‌കൃതമാകുന്നതാണ്. നീന്തൽ പഠിക്കുക അല്ലെങ്കിൽ ഒരു വിദേശ ഭാഷ പഠിക്കുക എന്നാൽ, നമ്മുടെ ശരീരത്തിന്റെ, ഭാഷയുടെ ഏകത്വ ബിന്ദുക്കളെ, നമ്മളെ കീറിമുറിക്കുകയും അതേസമയം തന്നെ നമ്മൾ ഇതുവരെ അറിയുകയോ കേൾക്കുകയോ ചെയ്യാത്ത പ്രശ്നങ്ങളുടെ ലോകത്തേക്ക് നമ്മെ തള്ളിവിടുകയും ചെയ്യുന്ന മറ്റൊരു രൂപത്തിന്റെയോ ഘടകത്തിന്റെയോ ഏകത്വ ബിന്ദുക്കളുമായി ക്രമവിന്യാസത്തിലേർപ്പെടുക എന്നതാണ്. നമ്മുടെ ശരീരത്തിന്റെയും ഭാഷയുടെയും മാറ്റം ആവശ്യപ്പെടുന്ന പ്രശ്നങ്ങളോടല്ലാതെ എന്തിനോടാണ് നാം ആത്മസമർപ്പണം ചെയ്യണ്ടത്? ചുരുക്കത്തിൽ, പ്രതിനിധാനവും അറിവും ഉത്തരങ്ങൾ അടയാളപ്പെടുത്തുന്ന അവബോധത്തിന്റെ പ്രസ്താവനകളിൽ മാതൃക ചെയ്യപ്പെട്ടതാണെങ്കിലും, പരിഹരിച്ചുകൊണ്ടു, പരിസമാപ്തിയിൽ എത്തിച്ചുകൊണ്ടു കൈകാര്യം ചെയ്യപ്പെടുന്ന പ്രശ്ന-സംഗതികൾക്കു ജന്മം നല്കുന്ന സംഭവത്തിന്റെ അയഥാർത്ഥമായ വിവരണം മാത്രമേ പ്രസ്താവനകൾക്ക് നൽകുവാൻ കഴിയൂ. ഇതിന് വിരുദ്ധമായി, ആശയ-രൂപവും പഠനവും ആവിഷ്കരിക്കുന്നത് പ്രസ്താവനക്കതീതമായ ഉപപ്രതിനിധാനപരമായ പ്രശ്നാധിഷ്ഠിത ദൃഷ്ടാന്തമാണ്‌: അബോധത്തിന്റെ അവതരണം/പ്രകാശനം, അല്ലാതെ അവബോധത്തിന്റെ പ്രതിനിധാനം അല്ല.
(In fact, the Idea is not the element of knowledge but that of an infinite ‘learning’, which is of a different nature to knowledge. For learning evolves entirely in the comprehension of problems as such, in the apprehension and condensation of singularities and in the composition of ideal events and bodies. Learning to swim or learning a foreign language means composing the singular points of one’s own body or one’s own language with those of another shape or element, which tears us apart but also propels us into a hitherto unknown and unheard-of world of problems. To what are we dedicated if not to those problems which demand the very transformation of our body and our language? In short, representation and knowledge are modelled entirely upon propositions of consciousness which designate cases of solution, but those propositions by themselves give a completely inaccurate notion of the instance which engenders them as cases, and which they resolve or conclude. By contrast, the Idea and ‘learning’ express that extra-propositional or subrepresentative problematic instance: the presentation of the unconscious, not the representation of consciousness. (Gilles Deleuze, Difference and Repetition, 192)

അടിസ്ഥാനപരമായി ഈ രണ്ടു രീതിയിലുള്ള വിദ്യാഭ്യാസ പദ്ധതികളും ഉന്നയിക്കുന്ന ഏറ്റവും

കുർട് ഗോദൽ
കുർട് ഗോദൽ

മൗലികമായ ചോദ്യം ഇതാണ്: മനുഷ്യൻ ലോജിക്കൽ ആയി, സീക്വൻഷ്യൽ ക്രമത്തിൽ, പരസ്പര ബന്ധിതമായ ദത്തങ്ങൾ (data) നൽകിയാൽ അതിനനുസൃതമായി റിസൾട് തരുന്ന ഒരു പ്രോഗ്രാമബിൾ യന്ത്രം ആണോ? നേരിട്ട് ഈ ചോദ്യത്തെയല്ല അഭിമുഖീകരിക്കുന്നതെങ്കിലും, ഈ ചോദ്യത്തിന് ഏറ്റവും മൗലികമായ ഉത്തരം തരുന്ന ഒന്നാണ് പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ കുർട് ഗോദലിന്റെ (Kurt Godel) Incomplete Theorem എന്ന പേരിൽ പ്രശസ്തമായ സിദ്ധാന്തം. ഗണിതശാസ്ത്രജ്ഞരായ നെയ്ഗലിന്റെയും ന്യൂമാന്റെയും അഭിപ്രായത്തിൽ, “ഗോദലിന്റെ സിദ്ധാന്തം സൂചിപ്പിക്കുന്നത് മനുഷ്യമനസ്സിന്റെ ഘടനയും പ്രഭവശേഷിയും, ഇതുവരെ വിഭാവനം ചെയ്തിട്ടുള്ള ഏതൊരു അചേതന യന്ത്രത്തിന്റെയും ഘടനയേക്കാളും പ്രഭവശേഷിയേക്കാളും വളരെ സങ്കീർണവും നിഗൂഢവും ആണെന്നാണ്” (The theorem does indicate that the structure and power of the human mind are far more complex and subtle than any non-living machine yet envisaged).

ആയതിനാൽ മനുഷ്യനെ മനുഷ്യനായി കാണുവാൻ തയ്യാറല്ലാത്ത, മനുഷ്യന്റെ സർഗാത്മകതയെ അഭിമുഖീകരിക്കാത്ത, അച്ചടക്കത്തിലൂടെയുള്ള ബോധനത്തിലൂടെ ജോലിക്കാവശ്യമുള്ള മനുഷ്യയന്ത്രങ്ങളെ സൃഷ്ടിക്കുന്ന,  എല്ലാ വിദ്യാഭ്യാസ പദ്ധതികളും പരാജയം ആവുകയേയുള്ളൂ. അത്തരം വിദ്യാഭ്യാസം ഒരു വിജയമായി കൊണ്ടാടുന്നത് ഫാഷിസം ഒരു വിജയമായി കൊണ്ടാടുന്ന ജനത മാത്രമായിരിക്കും.

അനിൽകുമാർ പി. വി.
അസിസ്റ്റന്റ്പ്രൊഫസ്സർ  ഓഫ് ഇംഗ്ലീഷ്
ഗവണ്മെന്റ് വിക്ടോറിയ കോളേജ്
പാലക്കാട്, കേരളം.

Comments

comments