നാല്പത്തിയേഴാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ സവിശേഷമാവുന്നത് അതിന്റെ തിരഞ്ഞെടുപ്പുകൾ കൊണ്ടാണ്. തിരസ്കൃതരുടെ തിരശീലയെ തിരിച്ചറിഞ്ഞത് കൊണ്ടും. സമീപകാല സംസ്ഥാന പുരസ്കാരങ്ങളിൽ കണ്ടു പോന്ന മൂലധന താല്പര്യങ്ങളെ പിൻപറ്റിയല്ല ഇത്തവണത്തെ അവാർഡുകൾ എന്നതും ശ്രദ്ധേയം. ജനകീയത എന്ന ജനാധിപത്യത്തിൽ നിന്നും ജനപ്രിയത എന്ന മോബോക്രിറ്റിയിലേക്ക് കൂട് മാറുന്ന കാഴ്ചയാണ് കഴിഞ്ഞ വർഷങ്ങളിൽ കണ്ടു പോന്നത്. തീർത്തും സാമൂഹിക വിരുദ്ധമായ, മത ജാതി ലിംഗ ന്യൂനപക്ഷ വിരുദ്ധതകൾ ആഘോഷിക്കപ്പെട്ട സിനിമകൾ അംഗീകരിക്കപ്പെടുകയും, മുഖ്യധാരയോട് സന്ധി ചെയ്ത് താര ശരീരങ്ങളെ പുരസ്കരിക്കുകയും ചെയ്തു പോന്നു. തിരശീലയാൽ എന്നും മാറ്റി നിർത്തപ്പെടുന്ന ദളിത്‌ ശരീരങ്ങളുടെയും അവരുടെ സ്വത്വ ജീവിത ആവിഷ്കാരങ്ങളുടെയും തിര ഇടങ്ങളെ (screen space) കൃത്യമായി കണ്ടെത്തുകയും അംഗീകരിക്കുകയും ചെയ്തു എന്നത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പോലെ മഹത്തരമായ ഒരു പുരസ്‌കാര സപര്യയുടെ കഴിഞ്ഞ കാലങ്ങളിൽ കൊഴിഞ്ഞു പോയ വിശ്വാസ്യതയെ തിരിച്ചെത്തിക്കുന്നു. ജനാധിപത്യം വളരുന്നതു കൊണ്ടാണിത്.

ഈ വർഷത്തെ മികച്ച നടനുള്ള പുരസ്‌കാരം കമ്മട്ടിപ്പാടത്തിലെ ഗംഗയെ സ്വാഭാവികമായി സ്വാംശീകരിച്ചതിലൂടെ വിനായകനിലേക്കെത്തുമ്പോൾ അപനിർമിക്കപ്പെടുന്നത് വെളുത്ത നായക കഥാപാത്രങ്ങളുടെയും ശരീരങ്ങളുടെയും ഇന്നോളം പോന്ന താര ആഘോഷ ആൾക്കൂട്ടാധിപത്യങ്ങളാണ്. അവയുടെ ഒട്ടും നിഷ്കളങ്കമല്ലാത്ത തിരഞ്ഞെടുപ്പുകളും. ദളിത്‌-കീഴാള ശരീരങ്ങളെ എന്നും “നീച” സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുകയും കറുത്ത ശരീരങ്ങൾ പുറമ്പോക്കുവത്കരിക്കപ്പെടുകയും ചെയ്ത കഥാപാത്ര നിർമിതിയിൽ നിന്നും, ആ പരിസരത്ത് നിന്ന് കൊണ്ട് തന്നെ വിനായകൻ ഗംഗയെന്ന ദളിത്‌ ജീവിതത്തെ അനശ്വരമാക്കി പുരസ്കരിക്കപ്പെടുമ്പോൾ ഇതൊരു പുതിയ, നല്ല തുടക്കം തന്നെ. ജൂറിയുടെ തിരഞ്ഞെടുപ്പുകളും ഇടപെടലുകളും  കൂടുതൽ ജനാധിപത്യവത്കരിക്കപ്പെട്ടത് സിനിമക്ക് ഉണർവാണ്.

വിനായകൻ തിരഞ്ഞെടുക്കപ്പെടുമ്പോൾ സവിശേഷമായും പരിഗണിക്കേണ്ടത് അദ്ദേഹത്തെ പുരസ്‌കാരലബ്ധിയിലേക്കെത്തിച്ച കമ്മട്ടിപ്പാടവും അതിന്റെ സിനിമാ പരിസരവുമാണ്. സിനിമയിൽ നായകനെന്ന് (നായകനായി) അവരോധിക്കപ്പെടുന്ന കൃഷ്ണനെ (ദുൽഖർ സൽമാൻ) ചുറ്റിയാണ് കഥ നീങ്ങുന്നത്. കമ്മട്ടിപ്പാടത്തിനു മുകളിൽ ഗംഗയും ബാലനും അടക്കം ഒരുപിടി ദളിത്‌ ജീവനുകളുടെ കറുത്ത കട്ട പിടിച്ച ചോരക്കു മുകളിൽ കെട്ടിപ്പടുത്തുയർത്തിയ കോൺക്രീറ്റ് കാടിന്റെ മുകളിലത്തെ നിലയില നിന്ന്, താഴെ ഇനിയുമുണങ്ങിയിട്ടില്ലാത്ത ചോരകൾക്ക് വേണ്ടി നായകൻ കൃഷ്ണൻ പ്രതികാരം നിറവേറ്റുമ്പോൾ രക്ഷകൻ വെളുത്തവനും കറുത്തവൻ വിധേയനും എന്ന പൊതുബോധത്തിലേക്കാണ് സിനിമ അവസാനിക്കുന്നത്. നായകൻ കൃഷ്ണന്റെ വളർച്ചക്കും പ്രണയത്തിനും പ്രതികാരത്തിനും മുകളിൽ ഗംഗയെന്ന കമ്മട്ടിപ്പാടത്തിന്റെ മെറ്റഫറിനെ ആവിഷ്കാരം കൊണ്ട് മനോഹരമാക്കിയ വിനായകൻ തിരഞ്ഞെടുക്കപ്പെടുമ്പോൾ സിനിമയുടെ പ്രമേയത്തിനെ, അതിന്റെ നായക സാധ്യതകളെ തന്നെ അവഗണിച്ച ധീരമായ ജൂറി തിരഞ്ഞെടുപ്പായി പുരസ്‌കാരം പരിണമിക്കുന്നു എന്ന് കാണാം.

“കരുമാടി ചെറുക്കാ നീ പോടാ” എന്ന ആഘോഷ വരികൾക്കൊത്ത് സ്ക്രീനിനുnsmv1 പുറത്തേക്ക്, നായക കഥാപാത്രത്തിന്റെ വിധേയനെ, മഹാനടനായ കലാഭവൻ മണിയെ പുറം കാലിനു ചവിട്ടി പുറത്താക്കുമ്പോൾ, കറുത്ത ശരീരങ്ങളെ സവർണ നായകത്വങ്ങൾ എങ്ങനെയാണ് തിരയിടങ്ങൾ ഉപയോഗിച്ചത് എന്ന് വ്യക്തമാണ്. ആ സ്പെയ്സിലാണ് ഗംഗമാരും ബാലൻചേട്ടന്മാരും അംഗീകരിക്കപ്പെടുന്നത്. മധ്യവർഗ അപ്പർ മിഡിൽ ക്ലാസ് പൊതുബോധങ്ങളുടെ പ്രത്യക്ഷ നിഷേധവും ജനാധിപത്യത്തിന്റെ അതിരുകളും കോംപ്രമൈസുകളും ഇല്ലാത്ത ഉൾച്ചേരലാണത്.

മികച്ച സ്വഭാവ നടനായി മണികണ്ഠൻ ആചാരി കമ്മട്ടിപ്പാടത്തിലെ ബാലനിലൂടെ അംഗീകരിക്കുമ്പോഴും കഴിഞ്ഞ വർഷങ്ങളിലെ പതിവിനു വിപരീതമായി ജൂറിയുടെ തിരഞ്ഞെടുപ്പ് കാണാം. മികച്ച രണ്ടാമത്തെ നടനെ ആണ് കഴിഞ്ഞ കുറച്ചു  വർഷങ്ങളിൽ തിരഞ്ഞെടുത്തിരുന്നത്. ഒന്നാമത്തെ നടനു ശേഷം മറ്റൊരു സിനിമയിലെ നായക കഥാപാത്രത്തെ രണ്ടാമത്തെ മികച്ച നടനായി തിരഞ്ഞെടുക്കുന്നു. ഈ പ്രക്രിയയെ നിഷേധിക്കുന്നതിലൂടെയും സ്വഭാവ നടനായി മണികണ്ഠനെ തിരഞ്ഞെടുക്കുന്നതിലൂടെയും സ്വഭാവ നടൻ എന്ന സ്ഥാനത്തിന്റെ പുനഃസ്ഥാപനം കൂടിയാവുന്നു ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരനിർണ്ണയം.manikantanachary

താരശരീരങ്ങളുടെയും അവരുടെ മുൻവിധിയാൽ തയ്യാറാക്കപ്പെട്ട അഭിനയ സാധ്യതകളും മാത്രമാണ് “അഭിനയം” എന്ന പൊതുബോധത്തെ ഏതാണ്ട് പൂർണമായും തന്നെ അവഗണിച്ചു എന്നത് തുടർന്നുള്ള ചലച്ചിത്ര പുരസ്‌കാരങ്ങൾക്ക് കൂടിയുള്ള മാതൃകയാണ്.

ഏറെക്കുറെ പൊതു സമൂഹത്താലും നവമാധ്യമങ്ങളിലും അംഗീകരിക്കപ്പെട്ട ഈmanhole വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ വിമർശ സ്വരങ്ങൾ പലഭാഗത്തു നിന്നുയർന്നത്‌ മാൻഹോൾ മികച്ച സിനിമയായും വിധു വിൻസെന്റ് മികച്ച സംവിധായകയായും തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. മികച്ച സംവിധായിക ആവുന്ന ആദ്യ സ്ത്രീ എന്ന ബഹുമതി വിധു വിന്സന്റിനു സ്വന്തമാണ്. മാന്വൽ സ്കാവഞ്ചിങ് നിയമം മൂലം നിർത്തലാക്കപ്പെട്ട സമൂഹത്തിൽ ഇപ്പോഴും ആ ജോലിയിൽ തുടരുന്നവരുടെ യഥാർത്ഥ പ്രശ്നങ്ങളിലേക്കാണ് വിധു വിൻസെന്റ് ക്യാമറ വെച്ചത്. പൊതുസമൂഹത്തിൽ ഏറ്റവും അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സ്വത്വ സാമൂഹിക പ്രശ്നങ്ങളെ കൈകാര്യം ചെയ്യുകയും ഡോക്യുമെന്റ് ചെയ്യുകയും ചെയ്‌ത സിനിമ. ആ തിരഞ്ഞെടുപ്പും ജൂറിയുടെ പൊതു ജനാധിപത്യ ഉൾച്ചേരൽ (ഉൾച്ചേർക്കൽ) ബോധ്യങ്ങളെ സൂചിപ്പിക്കുന്നതാണ്. കൃത്യമാണ് ആ രാഷ്ട്രീയം. പ്രമേയത്തിനപ്പുറം സിനിമാറ്റിക് പോരായ്മകൾ വിമർശസ്‌ഥാനത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നത് അംഗീകരിക്കുമ്പോൾ തന്നെയും ശ്രദ്ധvidhuvincent ക്ഷണിച്ച വിഷയം സത്യസന്ധമായി അവതരിപ്പിക്കാൻ വിധുവിന്‌ സാധിച്ചു. ആ അർത്ഥത്തിൽ സർക്കാർ തലത്തിലടക്കം ഈ സിനിമ ശ്രദ്ധിക്കപ്പെടുകയും ഇത്തവണത്തെ ബജറ്റിൽ ധനമന്ത്രി ഡോ. തോമസ്‌ ഐസ്സക് മെഷിനറി സ്കാവഞ്ചിങിന് പണം വകയിരുത്തുകയും ചെയ്യുകയുണ്ടായി. സിനിമ പലപ്പോഴും മുഴുവൻ വ്യവസ്ഥയുടെ പെരിഫറലായ വിമർശനത്തിലേക്കും മോബ് ജസ്റ്റിസിലേക്കും നീങ്ങുന്നുണ്ട്. അപ്പോഴും തീർത്തും തിരസ്കരിക്കപ്പെട്ട പുറമ്പോക്കുവത്കരിക്കപ്പെട്ട  ജനതക്കൊപ്പം, ഇവിടെ ഇങ്ങനെയും ചിലർ ജീവിക്കുന്നു എന്ന് മനുഷ്യപക്ഷത്തോടൊപ്പം പറയുന്നുണ്ട് മാൻഹോളും വിധു വിൻസെന്റും. ആ അർത്ഥത്തിൽ ജൂറിയുടെ നല്ല തീരുമാനം തന്നെയാണ് മികച്ച സിനിമയുടെ തിരഞ്ഞെടുപ്പും.

വിമർശനമുന്നയിക്കുന്നവർ വളരെ ഉപരിപ്ലവമായി സിനിമയുടെ “മേക്കിങ്ങിനെ” പറ്റിയും മറ്റും വാചാലരാവുമ്പോൾ വടിയെറിഞ്ഞു കൊടുക്കുന്നത് മൂലധന കച്ചവട താല്പര്യങ്ങളുടെ അമാനവ ക്യാംപിനാണ്. ആ അർത്ഥത്തിൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന ഇത്തരം വിമർശനങ്ങളുടേയും ഉള്ളടക്കത്തെ ജൂറിയുടെ രാഷ്ട്രീയം തച്ചുടക്കുന്നുണ്ട്.

മുൻ വർഷങ്ങളിൽ പലപ്പോഴും സംഭവിച്ചത് സിനിമ വിഭാഗത്തിലെ തിരഞ്ഞെടുപ്പുകൾ രചനകളുടെ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയത്തിന് നേർ വിപരീതമായിരിക്കുംnpsajeesh എന്നതായിരുന്നു. വിമർശകരാൽ  വിമർശ സ്ഥാനങ്ങളിൽ വായിക്കപ്പെടുകയും നിരന്തരം പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനു തൊണ്ട പൊട്ടിക്കുകയും ചെയ്ത സിനിമകൾ ആ വർഷം മികച്ച സിനിമയാവുകയും വിമർശ ലേഖനങ്ങൾ, പുസ്തകങ്ങൾ തുടങ്ങിയവ മികച്ച രചനകളായും പരിഗണിക്കുന്ന രാഷ്ട്രീയ വൈരുദ്ധ്യം. ഇവിടെ ജൂറി വീണ്ടും വ്യത്യസ്തമാവുന്നു. തങ്ങളുടെ എല്ലാ തിരഞ്ഞെടുപ്പുകൾക്കും കൃത്യവും സ്പഷ്ടവുമായ രാഷ്ട്രീയമുണ്ടെന്നു തിരഞ്ഞെടുപ്പുകൾ ബോധ്യമാക്കുന്നു. തിരശീലയിൽ കറുത്തവരുടെ അരികുവത്കരിക്കപ്പെട്ട തിരയിടങ്ങൾ അംഗീകരിക്കപ്പെടുമ്പോൾ രചനവിഭാഗത്തിൽ മികച്ച ലേഖനമാവുന്നത് എൻ പി സജീഷിന്റെ “വെളുത്ത തിരശീലയിലെ കറുത്ത ഉടലുകൾ” എന്ന ലേഖനമാണ്. ഇന്ത്യൻ സിനിമയിലെ കീഴാള പ്രതിനിധാനങ്ങളെ വിശകലന വിധേയമാക്കുന്ന ലേഖനത്തെ അംഗീകരിക്കുന്നത് മുഖ്യ അവാർഡുകളുടെ തിരഞ്ഞെടുപ്പുമായി ഉള്ളടരുകളിൽ കണ്ണി ചേരുന്നതാണ്. സാംസ്‌കാരിക വിമർശ സ്ഥാനത്തു നിന്ന്  സിനിമയെ നോക്കി കാണുന്ന അജു കെ നാരായണൻ, ചെറി ജേക്കബ് എന്നിവർ രചിച്ച സിനിമ മുതൽ സിനിമ വരെ മികച്ച സിനിമാഗ്രന്ഥമായി തിരഞ്ഞെടുക്കപ്പെടുന്നു.

സാംസ്‌കാരിക ഉള്ളടക്കങ്ങളിൽ സിനിമ എന്ന സ്‌പേസിന്റെ സ്‌പേസ് ചോർന്നു പോവുന്ന കാലത്ത് അതിന്റെ വീണ്ടെടുപ്പിന് ആഴത്തിൽ ഉള്ള തുടക്കം തന്നെയാണ് ഈ പുരസ്‌കാരങ്ങൾ. വളരെ സ്വാഗതാർഹമായ ഒരു നിർദ്ദേശം ജൂറി മുന്നോട്ടു വെച്ചത് ഓൺലൈൻ ലേഖനങ്ങൾ കൂടി അവാർഡിന് പരിഗണിക്കണം എന്നതാണ്. സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടൽ ശേഷിയിൽ ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പുകളുടെ വളർച്ച ജനാധിപത്യവും ഉൾച്ചേർക്കേണ്ടത് ആവശ്യവുമാണ്. നിരൂപക വിമർശ സ്ഥാനങ്ങളിലെ പുതിയ കണ്ടെത്തലുകൾക്കും പുതിയ തരം വിമർശന സാധ്യതകളിലേക്കും സഹായകമാവുന്നതാണിത്.

മറ്റു പ്രധാന പുരസ്കാരങ്ങളിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട രജീഷ് വിജയൻ, ജനപ്രിയ ചിത്രം മഹേഷിന്റെ പ്രതികാരം, തിരക്കഥ ശ്യാംപുഷ്‌കരൻ,

അജിത്കുമാർ
അജിത്കുമാർ

നവാഗത സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി, മികച്ച എഡിറ്റർ അജിത്കുമാർ, മികച്ച ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണൻ, മികച്ച കഥ സലിം കുമാർ തുടങ്ങി എല്ലാ അവാർഡുകളുടെയും പരികല്പന സാമാന്യ പൊതുബോധത്തിന്റെ നിഷേധവും അർഹതയുടെ അംഗീകാരവുമാണ്.

മുൻ വർഷത്തെ അവാർഡുകൾ പരിഗണിക്കുമ്പോൾ ഒഴിവു ദിവസത്തെ കളി മികച്ച ചിത്രമായതൊഴിച്ചാൽ മുഖ്യ അവാർഡുകളുടെ തിരഞ്ഞെടുപ്പ് മുഴുവൻ മൂലധന താല്പര്യങ്ങൾക്കധിഷ്ഠിതമായ പൊതുബോധത്തിന്റേതായിരുന്നു. ചാർളിയുടെ സംവിധായകൻ മികച്ച സംവിധായകനും ആണാഘോഷങ്ങളുടെ മോബോക്രിറ്റി ഘോഷിക്കപ്പെട്ട ദുൽഖർ സല്മാൻ മികച്ച നടനുമാവുന്നു. കമ്പോളമാണ് സിനിമ, അതിൽ ക്രിട്ടിക്കൽ എൻഗേജ്‌മെന്റിനു എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ അവയെ എല്ലാം തല്ലി കെടുത്തുന്ന തീരുമാനങ്ങൾ. ഓം ശാന്തി ഓശാന പോലുള്ള അതീവ സ്ത്രീ വിരുദ്ധ സിനിമകൾ കലാമേന്മയുള്ള സിനിമകളായി തിരഞ്ഞെടുത്തിരുന്നു.

മാസ് മീഡിയ എന്ന നിലയിൽ പ്രേക്ഷകരിൽ മധ്യവർഗം നിർമ്മിച്ചെടുത്ത പൊതുബോധത്തിന്റെ താളത്തിനും കമ്പോളത്തിന്റെ മൂലധനതാല്പര്യത്തിനും മാത്രം പ്രാധാന്യം നല്കിയ പുരസ്‌കാര നിർണയങ്ങളിൽ സിനിമ എന്ന കൾച്ചറൽ സ്‌പേസ് ഇല്ലാതായത് ഗുരുതരമായ വീഴ്ചയാണ്. അത്തരമൊരു ദുരവസ്ഥയിൽ നിന്നും സിനിമയുടെയും, അർഹതയുള്ള സിനിമകളുടെ തിരഞ്ഞെടുപ്പിനാൽ സംസ്ഥാന ചലച്ചിത്ര അവാർഡിനേയും വീണ്ടും സാംസ്‌കാരിക മണ്ഡലത്തിലേക്ക് പരിഗണിക്കാൻ ഉപരിപ്ലവമായെങ്കിലും ഇത്തരം ജൂറിക്കും കൃത്യമായ രാഷ്ട്രീയനിലപാടെടുത്ത ചലച്ചിത്ര അക്കാദമിക്കും സർക്കാരിനും സാധിച്ചിട്ടുണ്ട്.

തിരസ്കൃതരുടെ തിരശീലയെ തിരിച്ചറിഞ്ഞു കൊണ്ട്, നായക ശരീരങ്ങളിലെ “വെളുത്ത” കൃഷ്ണന്മാരെ നിഷേധിച്ചതാണ് നാൽപ്പത്തേഴാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ മികവ്.

മുൻ വർഷങ്ങളിലേതു പോലെ മുഖ്യധാര സിനിമകളോടുള്ള അമിത വിധേയത്വവും സമാന്തര സിനിമകളോടുള്ള സഹതാപവും കൂട്ടിയിണക്കുന്ന പങ്കുവെപ്പു ശീലങ്ങളെ പൂർണമായും നിഷേധിച്ച ജൂറിക്ക് അഭിവാദ്യങ്ങൾ.

ഇതൊരു തുടക്കമാണ്.

Comments

comments