കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ്, ആർട്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ അരങ്ങേറിയ ‘ഗോദോയെ കാത്ത്’ എന്ന നാടകം ആദ്യമായി കണ്ടത്. സാമുവൽ ബക്കറ്റിന്റെ Waiting for Godot എന്ന ആ പ്രശസ്ത നാടകം മലയാളത്തിലേക്ക് തർജ്ജമ ചെയ്തതത് കടമ്മനിട്ടയായിരുന്നു. അദ്ധ്യാപകരും വിദ്യാർഥികളും നിറഞ്ഞ സദസ്സിനു മുൻപാകെ നാടകം നടക്കുകയാണ്. ഇനിയും വന്നെത്തിയിട്ടില്ലാത്ത ഗോദോയെ കാത്തിരിക്കുന്ന സുഹൃത്തുക്കളായ വ്ലാദിമിർ, എസ്ട്രാഗൻ എന്നിവരുടെ അനന്തവും ഫലശൂന്യവുമായ കാത്തിരിപ്പാണ് ഇതിൽ ചിത്രീകരിക്കപ്പെടുന്നത്. കാത്തിരുന്നു മടുത്തപ്പോൾ നേരം പോകുവാനായി എസ്ട്രാഗൻ പറയുന്നു, “നമുക്ക് പരസ്പരം തെറി വിളിക്കാം”. വ്ലാദിമിർ സമ്മതിച്ചു. പലതെറികളും വിളിച്ചെങ്കിലും എതിരാളിക്ക് ഒരു കുലുക്കവുമില്ല. ഒടുവിൽ തനിക്കറിയാവുന്നതിലെ ഏറ്റവും മുഴുത്ത തെറി എസ്ട്രാഗൻ കൂട്ടുകാരനെ വിളിച്ചു:
“എടാ പുരോഹിതാ”
വ്ലാദിമിർ പകച്ചുപോയി. എങ്കിലും സമനില വീണ്ടെടുത്ത് ആഞ്ഞു വിളിച്ചു:
“എടാ നിരൂപകാ”

അത് കേട്ട എസ്ട്രാഗന്റെ അവസ്ഥയെക്കുറിച് ബക്കറ്റ് എഴുതുന്നത് ഇങ്ങിനെയാണ്:
“He wilts, vanquished, and turns away.” (അവൻ തകർന്ന്, സമ്പൂർണ പരാജിതനായി പിന്തിരിഞ്ഞു) ഈ രംഗം വന്നപ്പോൾ സദസ്സുമുഴുവൻ എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. പുരോഹിതൻ, നിരൂപകൻ തുടങ്ങിയ വാക്കുകൾ സമൂഹത്തിൽ എങ്ങിനെ വലിയ അസഭ്യങ്ങളായി മാറി എന്ന് ബക്കറ്റ് പറയാതെ പറയുകയായിരുന്നു. നിരാശ നിറഞ്ഞ അസഹ്യമായ കാത്തിരിപ്പിനിടയിലും മനുഷ്യന്റെ നർമ്മ ബോധത്തിന് തിളക്കം കൂടുന്നതേയുള്ളു എന്നൊരു സൂചന കൂടി ഇതിലുണ്ട്.

ഡീമോണിറ്റൈസേഷൻ കാലത്ത് ക്യൂവിൽ നിന്ന് കഷ്ടപ്പെട്ട ഇന്ത്യൻ ജനസാമാന്യത്തിനു ധനതത്വ ശാസ്ത്രത്തിന്റെ സ്വാന്തനങ്ങളൊന്നും ആശ്വാസം പകർന്നില്ല എന്നതൊരു വാസ്തവം തന്നെയാണ്. ചോദിക്കാനും പറയാനുമുള്ള ആളുകളായി അവർ കാണുകയും പ്രതീക്ഷിക്കുകയും ചെയ്ത കോൺഗ്രസ്സും, ഇടതുപക്ഷവും ഓരോ മുഴുത്ത തെറികളായി പരിണമിച്ചു കഴിഞ്ഞിരുന്നു. എങ്കിലും വ്ലാദിമിറും, എസ്ട്രാഗനും നിരാശരാകുന്നില്ല. അവർ കാത്തിരിപ്പിനിടയിലും നേരം പോക്കുവനായി തെറി പറഞ്ഞു കളിക്കുകയാണ്. സോഷ്യൽ മീഡിയയിൽ അക്കാലത്ത് ഉരുൾ പൊട്ടി വന്ന കാർട്ടൂണുകളും ട്രോളുകളും മറ്റെന്തിനെയാണ് സൂചിപ്പിക്കുന്നത് ? പക്ഷെ അങ്ങനെ വെളിച്ചം കണ്ട മിക്കവയും നരേന്ദ്ര മോദിയുടെ ബാഹ്യ ചേഷ്ടകളെ വക്രീകരിച്ചവതരിപ്പിക്കപ്പെട്ട വ്യക്ത്യധിഷ്ഠിത പരിഹാസങ്ങളായിരുന്നു. പറയുന്നവർക്കും കേൾക്കുന്നവർക്കും അതായിരുന്നു സുഖകരം. ഒരുതരം ഫാസ്റ്റ് ഫുഡ് മാതൃകയിലുള്ള ലഘു സൃഷ്ടികൾ. ഒരു സാമ്പിളിതാ.
-“മേരെ പ്യാരെ ദേശവാസിയോം…………….”ഒന്നുമില്ല, വെറുതെ ഒന്ന് പേടിപ്പിച്ചതാ.–

പക്ഷെ അപൂർവ്വം ചിലവയാകട്ടെ ഹാസ്യാവിഷ്ക്കാരത്തേക്കാളുപരി വരമൊഴിയായി വാർന്നുവീണ ആത്മവിലാപം തന്നെയായിരുന്നു. അസാധാരണമായ ഈ ഉൾക്കാഴ്ച്ചയോടെ അക്കാലത്ത് വരക്കപ്പെട്ടവയായിരുന്നു, സുനിൽ നമ്പു എന്ന കാർട്ടൂണിസ്റ്റിന്റെ രചനകൾ.

സുനിലിന്റെ ഈ കാർട്ടൂൺ നോക്കുക. വൃദ്ധനായ അദ്വാനി മൊബൈൽ ഫോണിൽ vidura1വിദുരരേ വിളിക്കുകയാണ്. ഞാൻ എ.ടി.എം ക്യുവിൽ ആണെന്നാണ് വിദുരരുടെ മറുപടി. എന്തെല്ലാം കാര്യങ്ങളാണ് ഒരു നിമിഷാർദ്ധത്തിൽ കാർട്ടൂണിസ്റ് നമ്മുടെ ചിന്തയിലേക്ക് കൊണ്ടുവരുന്നത്. വനവാസത്തിനു ശേഷം എത്തിയ പാണ്ഡവർക്ക്, അർഹതപ്പെട്ട രാജ്യം നല്കുവാൻ ദുര്യോധനൻ തയ്യാറായില്ല. രാജാവായ ധൃതരാഷ്ട്രർ ആകെ അസ്വസ്ഥനായി. നീറുന്ന മനസ്സുമായി അദ്ദേഹം വിദുരരെ വിളിച്ചു വരുത്തി. തനിക്ക്സ്വസ്ഥത ലഭിക്കുവാൻ എന്താണ് വേണ്ടതെന്നാരാഞ്ഞു. അന്ന് വിദുരർ നൽകിയ ഉപദേശമാണ് വിദുരനീതി എന്നറിയപ്പെടുന്നത്. പക്ഷെ ഇത്തവണ വിളിച്ചപ്പോൾ ആധുനിക വിദുരർ സ്ഥലത്തെങ്ങുമില്ല. താൻ എ. ടി. എം ക്യുവിലാണ് എന്നാണ് ‘ധൃതരാഷ്ട്രർക്ക്’ നൽകുന്ന മറുപടി. ധൃതരാഷ്ട്രരുടെ ഊന്നുവടിയും, ദൈന്യത നിറഞ്ഞ കണ്ണുകളും, വിറക്കുന്ന ശരീരവും, വിദുരരെ കാണാത്തതിലുള്ള വെപ്രാളവും ചിത്രീകരിച്ചിരിക്കുന്ന ഈ കാർട്ടൂൺ, കേവലമായൊരു സാമ്പത്തിക പ്രതിസന്ധിയെക്കാളേറെ സമീപകാല രാഷ്ട്രീയത്തിൽ ഉരുത്തിരിഞ്ഞു വന്നുകൊണ്ടിരിക്കുന്ന സങ്കീർണ്ണതകളെയാണ് അഭിസംബോധന ചെയ്യുന്നത്. ദേശീയ രാഷ്ട്രീയത്തിൽ പുതിയതായി സൃഷ്ടിക്കപ്പെട്ട വ്യക്തി കേന്ദ്രീകൃതമായ അധികാരമാതൃകയും, അണിയറയിലേക്ക് നിർബന്ധപൂർവ്വം തള്ളിനീക്കപ്പെട്ട പഴയകാല നേതാക്കളും, അവരനുഭവിക്കുന്ന സംത്രാസവും മഹാഭാരത കഥയിലെ സമാന സംഭവങ്ങളുടെ ചട്ടക്കൂട്ടിൽ സന്നിവേശിപ്പിക്കുമ്പോൾ സുനിലിന്റെ ലളിതമായ വരകൾ, ഗ്രഗർ സംസയെപ്പോലെ വലിയൊരു മെറ്റമോർഫസിസിന് വിധേയമാകുന്നു. ഇത്തരം പരകായപ്രവേശം സൃഷ്ടിക്കുന്ന കറുത്ത ഹാസ്യമാണ് സുനിൽ നമ്പു കാർട്ടൂണുകളുടെ ഏറ്റവും അടിസ്ഥാനപരമായ സ്വഭാവ സവിശേഷത. കാണുകയും, കേൾക്കുകയും ചെയ്ത് പൂരിതമായ മനസ്സിൽ പെട്ടന്നുണ്ടായ ഒരു സംഭവം സൃഷ്ടിക്കുന്ന ക്രിസ്റ്റലൈസേഷൻ കാർട്ടൂണിന്റെ രൂപത്തിൽ വാർന്നു വീഴുകയാണിവിടെ. കാർട്ടൂണിസ്റ് നേരിട്ട് പറയാതെ അവശേഷിപ്പിക്കുന്ന ഇടങ്ങളിൽ ആസ്വാദകന്റെ സംവേദന സംസ്കാരം സംഭാവന ചെയ്യുന്ന ശകലങ്ങൾ ഒരു കാറ്റലിസ്റ്റായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് രചയിതാവും ആസ്വാദകനും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാകുന്നതും സൃഷ്ടി അതിന്റെ പൂർണ്ണ ദൗത്യം നിറവേറ്റുന്നതും. ഈ രാസ പ്രക്രീയ നടക്കാത്തിടത്തോളം കാലം സുനിൽ നമ്പു വിനെപ്പോലുള്ളവരുടെ കലാസൃഷ്ടികൾ, തീരെ ലളിതമായ ആസ്വാദനത്തിന് വെല്ലുവിളികൾ ഉയർത്തിക്കൊണ്ടിരിക്കും എന്നത് സ്വാഭാവികം മാത്രം.

മദ്രാസ് ഐ.ഐ.ടി യുടെ ഭിത്തികളിൽ ഒരു ദിവസം രാവിലെ ഒരു കാർട്ടൂൺ പ്രത്യക്ഷപ്പെട്ടു . MEIN CALF എന്ന് പേരിട്ട ഇതിൽ ജുബ്ബയും ഹിറ്റ്ലർ മീശയുമുള്ള, കൊമ്പ് മുളച്ച, കുറിയിട്ട ഒരു CALF -നെയാണ് അവതരിപ്പിച്ചിരുന്നത്. ഹിറ്റലറുടെ ആത്മകഥയായ MEIN KAMPF-മായുള്ള സാദൃശ്യവും, ദേശീയ തലത്തിൽ പിടിമുറുക്കി വരുന്ന തീവ്ര ഹിന്ദു വികാരത്തിന്റെ സൂചക പദമായ CALF, KAMPF -വുമായി വച്ച് മാറിയതും ആ കാർട്ടൂണിന് അന്യാദൃശമായൊരു മാനം നൽകി. ആ കാർട്ടൂൺ, ആരുടേതെന്നറിയാതെ ഐ.ഐ.ടി യിലെ കുട്ടികൾ എവിടെനിന്നോ സംഘടിപ്പിച്ച്, വലുതായി അച്ചടിപ്പിച്ച്, ഭിത്തിയിലൊക്കെ ഒട്ടിച്ച് പ്രതിഷേധിക്കുകയായിരുന്നു. സുനിൽ നമ്പുന്റെതായിരുന്നു പ്രശസ്തമായ ആ കാർട്ടൂൺ.

സുനിൽ, MEIN KAMPF-ൽ ഉപയോഗിച്ച എഡിറ്റിങ് ടെക്നിക് പലപ്പോഴും വി.കെ.എൻ.-നെ ഓർമ്മിപ്പിക്കും. കാലത്തിനും സംഭവങ്ങൾക്കുമിടയിൽmeincalf1 സേതു ബന്ധനം നടത്തി ഹാസ്യം സൃഷ്ടിക്കുന്നതിൽ വിദഗ്ദ്ധനായിരുന്നല്ലോ ശ്രീ. വി.കെ.എൻ. അദ്ദേഹത്തിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്, “ഞാനും രൈരു നായരും കൂടി വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തെക്കുറിച്ച് പറഞ്ഞ് തലതല്ലി ചിരിച്ചു വരികയായിരുന്നു.” വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദവും, തലതല്ലി ചിരിയും ഒന്നിച്ചു പ്രയോഗിച്ചപ്പോൾ അനുവാചകന്റെ മനസ്സിൽ ഇവ രണ്ടിലുമില്ലാത്ത മറ്റൊരു വികാരം ഒരു പൊട്ടിച്ചിരിയോടുകൂടി കടന്നു വരുകയായി. ആധുനിക കാലത്ത് ഇടതു പക്ഷത്തിനു സംഭവിച്ച അപചയവും, വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം എന്നത് ഒരു മുഴുത്ത അശ്ലീലമായി പരിണമിച്ചതും ഈറനണിഞ്ഞ ഒരു ഹാസ ബിന്ദുവായി വായനക്കാരൻ തിരിച്ചറിയുമ്പോൾ വി.കെ.എൻ -ന്റെ ഹാസ്യം, ലക്ഷ്യം നേടുന്നു. സിനിമാക്കാർ വളരെ എളുപ്പത്തിൽ സാധിച്ചെടുക്കുന്ന ഒരു ടെക്നിക് കൂടിയാണിത്. റഷ്യൻ ചലച്ചിത്ര സംവിധായകനായ പുഡോവ്കിൻ ആണ് ഇക്കാര്യത്തിൽ എല്ലാവരുടെയും ഗുരു. അദ്ദേഹം നിർദ്ദേശിച്ച എഡിറ്റിങ് മന്ത്രവിദ്യകൾ മനോഹരമായി സന്നിവേശിപ്പിച്ച ഒന്നാണ്, വേജസ് ഓഫ് ഫിയർ എന്ന ഫ്രഞ്ച് ചലച്ചിത്രം. നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞ് തീപിടിച്ചമരുമ്പോൾ മരണം പുൽകുന്ന കഥാപാത്രത്തിന്റെ കൈകളുടെ വിന്യാസമുൾക്കൊള്ളുന്ന ഒരു ഷോട്ട് ഒരു നിമിഷം നമ്മെ ക്രിസ്തുവിന്റെ കുരിശുമരണത്തെ ഓർമ്മപ്പെടുത്തുന്നു. അതോടെ കഥയുടെ മൂഡ് അകെ മാറുകയായി. എഡിറ്റിങ് വെറുമൊരു യാന്ത്രികതയിൽ നിന്ന്, ഒരു കലയായിമാറുകയാണിവിടെ.

സുനിലിന്റെ മിക്ക കാർട്ടൂണുകളിലും ഇത്തരം സന്നിവേശങ്ങൾ സമൃദ്ധമായി കാണാം. MEIN KAMPF-ൽ തന്നെ ഹിറ്റ്ലറുടെ മീശയും, കാള /പശു കിടാവിന്റെ മുഖവും, കൊമ്പും, വാലും ചേർക്കുന്നതോടൊപ്പം ജുബ്ബയും ചന്ദനക്കുറിയും ഒത്തു ചേരുമ്പോൾ പുതിയൊരു ഒഡേസ്സാ പടവ് ദൃശ്യം പോലെ ആസ്വാദകനെ അസ്വസ്ഥനാക്കുന്നു. ജ്ഞാനിയുടെ ചിരി എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള ഓ. വി. വിജയൻ കാർട്ടൂണുകളെയാണ്, സുനിലിന്റെ കാർട്ടൂണുകളോടൊപ്പം ചേർത്ത് വായിക്കേണ്ടത്. സമകാലീക രാഷ്ട്രീയ വിഷയങ്ങളിൽ മാത്രം അധിഷ്ഠിതമായ കാർട്ടൂണുകൾക്ക് സ്വാഭാവികമായി വന്നുചേരുന്ന അകാലമരണം സംഭവിക്കാതെ കാലാതിശ്ശായി ആയ ഒരു മെറ്റഫറിന്റെ ഗണത്തിലേക്ക് ഇവ സ്വയം ചേക്കേറുന്നത് അതുൾക്കൊള്ളുന്ന ബൗദ്ധിക പരാഗരേണുക്കളുടെ പുനർജ്ജനി മൂല്യം കൊണ്ട് തന്നെയാണ്.
സുനിലിന്റെ ആദ്യകാല സൃഷ്ടികൾക്ക് രക്തബന്ധമുണ്ടായിരുന്നത് അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും ‘ എന്ന ‘ഗ്രാഫിക് നോവലി’ ലെ കഥാപാത്രങ്ങളുമായാണ്. സുനിലിന്റെ പിതാവ്, സുബ്രഹ്മണ്യൻ നമ്പൂതിരി അരവിന്ദന്റെ ഉറ്റ സുഹൃത്തതായിരുന്നു. അച്ഛനോടൊപ്പം പലപ്പോഴും അരവിന്ദനുമായി ഇടപെട്ടിരുന്ന സുനിൽ , അരവിന്ദന്റെ ആകർഷണ വലയത്തിൽ വീണത് തികച്ചും സ്വാഭാവികം മാത്രം. രാമുവിനെയും, ഗുരുജിയെയും ആണ് താൻ ആദ്യമായി വരച്ചതെന്ന് സുനിൽ തന്നെ ഒരിക്കൽ പറയുകയുണ്ടായി. പക്ഷെ ആ ബാന്ധവം അധികകാലം നീണ്ടുനിന്നില്ല. അരവിന്ദൻ, വിജയൻ, രവിശങ്കർ തുടങ്ങിയവർ സൃഷ്ടിച്ച ബൗദ്ധിക പരമ്പരയുമായുള്ള ബന്ധം ഉപേക്ഷിക്കാതെയാണെങ്കിലും പുതിയൊരു വഴി തുറക്കാതിരിക്കാൻ സുനിലിന് കഴിയുമായിരുന്നില്ല. ജനിതകമായി വന്നു ചേർന്ന നമ്പൂരിത്തം നൽകിയ ചോദനകൾ അത്ര തീവ്രമായിരുന്നു. “ഒരൂട്ടം ഭ്രാന്ത്” എന്ന് വിവക്ഷിക്കപ്പെടുന്ന സവിശേഷമായ ഒരു സ്വഭാവം നമ്മുടെ നമ്പൂരിമാരുടെ ഇടയിൽ സർവ്വ സാധാരണമാണ്.
കോടതിയിൽ പ്രതികൂട്ടിൽ നിൽക്കുകയാണ് നമ്പൂരി. ഇല്ലത്ത് പണ്ട് പന ചെത്താൻ വന്നിരുന്ന ഈഴവന്റെ പുത്രനാണ് മജിസ്ട്രേറ്റ്. “എന്താ ..തിരുമേനീ ഞാനിവിടെ മുകളിലും തിരുമേനി അവിടെ താഴെയും നിൽക്കുമ്പോൾ വിഷമമുണ്ടാവുമല്ലേ ?” മജിസ്ട്രേറ്റിന്റെ പുച്ഛത്തോടെയുള്ള ചോദ്യം കേട്ട് നമ്പൂരി കൂസലില്ലാതെ പറഞ്ഞു,” മജിസ്ട്രേറ്റിന്റെ അച്ഛൻ ഇതിലും എത്രയോ പൊക്കത്തിൽ ഇരിക്കുന്നത് നാം കണ്ടിട്ടുണ്ട്.” ശിക്ഷ വിധിക്കാൻ ശേഷിയുള്ള ആളിന്റെ മുൻപിലും നമ്പൂരി പ്രകടിപ്പിക്കുന്ന ഈ കൂസലില്ലായ്മയും നർമ്മബോധവും അവരുടെ സഹജ വാസനയുടെ ഒന്നാംതരം ഉദാഹരണമാണ്.
കാലാകാലങ്ങളായി നമ്പൂരിമാർ കേരളസമൂഹത്തിൽ അനുഭവിച്ചുപോരുന്ന അംഗീകാരവും,മാന്യതയുമാവണം അവരെ ഇങ്ങിനെയൊക്കെയാക്കിയത്. അതോ അവരനുഭവിച്ചിരുന്ന മാനസിക സ്വാതന്ത്ര്യമാണോ? എന്തായാലും സുനിൽ നമ്പുവിന്റെ (നോക്കൂ… സ്വന്തം പേരിൽപോലും ഈ കൂസലില്ലായ്മ കാണാം. എല്ലാവരും വാല് കിളിർപ്പിക്കുമ്പോൾ ഇവിടൊരാൾ വാല് മുറിക്കുന്നു.) കാര്യത്തിൽ അന്തർഗ്ഗളമായി ഒഴുകുന്ന ശുദ്ധമായ ഹാസ്യത്തിന്റെ ഉറവിടം തേടാൻ പാഴൂർ പടിപ്പുരക്കൽ പോകേണ്ട കാര്യമില്ലതന്നെ.

ശുദ്ധഹാസ്യ ശ്രേണിയിൽ അസ്പൃശ്യന്മാരായി കണക്കാക്കപ്പെടുന്ന ഫലിതം, തമാശ തുടങ്ങിയ ഏകമാന രസങ്ങളും സുനിലിന് നന്നായി വഴങ്ങും എന്ന് സൂചിപ്പിക്കുന്ന ധാരാളംmanmohan1 വരകൾ അദ്ദേഹത്തിന്റേതായി ഉണ്ട്. ആദ്യം ധനകാര്യ മന്ത്രിയായും, പിന്നീട് പ്രധാനമന്ത്രിയായും ഇന്ത്യയുടെ ഭാഗധേയം മാറ്റിയെഴുതിയ ഡോ .മൻമോഹൻ സിംഗിന്റെ അസാധാരണമായ മിത ഭാഷിത്വം കാർട്ടൂണിസ്റ്റുകളുടെ ഒരക്ഷയ ഖനിയായിരുന്നു. വിടുവായന്മാരായ പ്രജാപതികളുടെ ദേശത്ത് മൻമോഹൻ സിംഗിന് മുൻ മാതൃകകൾ ഇല്ലാതെപോയതിൽ അത്ഭുതമില്ല. അഗാധമായ ആദരവ് നിലനിറുത്തികൊണ്ടുതന്നെ കാർട്ടൂണിസ്റ്റുകൾ അദ്ദേഹത്തെ നിറയെ വരച്ചു രസിച്ചു. സുനിൽ നമ്പുവും അദ്ദേഹത്തെ ‘spare’ ചെയ്തില്ല.”കീപ് യുവർ മൊബൈൽ ഇൻ മൻമോഹൻ മോഡ്” തുടങ്ങിയ നാമമാത്ര തമാശകൾക്കിടയിലും, സുനിൽ, സിംഗിനെ വരച്ചപ്പോൾ അത് ഹാസ്യത്തിന്റെ പേരിലുള്ള കോമാളിത്തമായി മാറാതിരുന്നത് അദ്ദേഹം ആർജ്ജിച്ചിരുന്ന സംസ്കാരത്തിന്റെ പിൻബലത്തിലായിരുന്നു.
മറ്റുള്ളവർക്ക് സങ്കടകരമെന്നു തോന്നുന്ന സന്ദർഭങ്ങളിൽ പോലും, സ്ഥല – കാലങ്ങളുടെ ഔചിത്യമൊന്നും പരിഗണിക്കാതെ നമ്പൂരി തൻറെ ജന്മവാസന പുറത്തെടുക്കുന്നു. അല്ലെങ്കിൽ ഉടമയറിയാതെ തന്നെ അത് പൊട്ടി വിടരുന്നു.
രാവിലെ ഓടിക്കിതച്ചെത്തിയ കാര്യസ്ഥൻ കേശു പറയുന്നു,
“തിരുമേനി… ന്റെ കുട്ടിയെ മൂർഖൻ കടിച്ചു.”
“ഉവ്വോ..എവിടാ കടി പറ്റിയത് ?”
“മൂർദ്ധാവിലാണ് തിരുമേനീ ..”
“ഉവ്വോ.. ഭാഗ്യായി.. ഇനി വിഷം കയറുമെന്ന് പേടിക്കണ്ടല്ലോ !”
ശരീരത്തിൽ, വിഷം മുകളിലേക്കാണല്ലോ കയറുന്നത്. നിറുകയിൽ കടി കിട്ടിയ സ്ഥിതിക്ക് ഇനി വിഷമെങ്ങിനെ മുകളിലേക്ക് കയറും എന്ന കുസൃതി ചിന്തയാണ് ആ സന്ദർഭത്തിലും നമ്പൂരിയുടെ മനസ്സിൽ വന്നത്. മനുഷ്യ ഭാവങ്ങളിന്നുമില്ലാത്ത വികല മനസ്കനാണ് നമ്പൂരി എന്നൊന്നും ഇതിന് അർത്ഥമില്ല. ‘നസ്യം’ എന്നാണ് ഇത്തരം കടുത്ത പ്രയോഗങ്ങളെ നമ്പൂരിമാർ തന്നെ വിളിക്കുക. കരിനാക്കുള്ളവർ, അവരറിയാതെ പൊട്ടിക്കുന്ന പടക്കംപോലെ മാത്രം ഇതിനെ കണ്ടാൽ മതി.

സുനിൽ നമ്പുവിന്റെ ഈ രചന നോക്കുക. വാമൊഴിക്കും വരമൊഴിക്കും വഴങ്ങാൻ തീരെ വിഷമമുള്ള ഒരു വിഷയം. ഇരയുടെ ദുരന്തങ്ങൾ സ്വന്തംrape1 ഹൃദയത്തിലേറ്റുവാങ്ങി വിറങ്ങലിച്ചു നിൽക്കുന്ന സമൂഹം. ഒന്ന് പൊട്ടിക്കരയാനാവാതെ, ഹൃദയത്തിൽ കല്ലുവെച്ചമർത്തുംപോലെ വേദനയും വിങ്ങലുമാണെവിടെയും.പക്ഷെ അതാ ചാട്ടുളി പോലെ വരുന്നു കാർട്ടൂണിസ്റ്റിന്റെ പരിഹാസം. അത് വന്നു തറക്കുന്നതോ? ഹിപ്പോക്രസിയിൽ മുങ്ങിക്കുളിക്കുന്ന മലയാളിയുടെ മനസ്സിലും. നമ്മുടെ ഒളിച്ചോട്ടങ്ങൾക്ക് തടയിടാൻ ഇത്തരം രചനകൾക്കേ കഴിയൂ എന്നതാണ് പരമാർത്ഥം.

ഇങ്ങിനെ വൈവിധ്യങ്ങളുടെ രസങ്ങളാസ്വാദിച്ചു കഴിയുമ്പോഴും, വിധി തനിക്ക് കനിഞ്ഞനുഗ്രഹിച്ച നൽകിയ തട്ടകമേതെന്ന ചോദ്യം സുനിലിനെ അദ്ദേഹമറിയാതെ തന്നെ അലട്ടിയിട്ടുണ്ടാവണം. താരതമ്യേന ലഘുവായ ‘കാർ ‘ എന്ന ഗ്രാഫിക് കഥയുടെ രചനക്ക് ശേഷവും തന്റെ ജന്മ നിയോഗത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്ന കാർട്ടൂണിസ്റ് ഒടുവിൽ വിധിച്ച തീരം തിരിച്ചറിയുകയാണ് തന്റെ ഗ്രാഫിക് കഥകളിലൂടെ. മാതൃഭൂമി ഓൺലൈനിലൂടെ പ്രകാശിതമായവയാണ് അദ്ദേഹത്തിന്റെ ഗ്രാഫിക് കഥകളിലേറെയും. ഇപ്പോഴിതാ അതിന്റെ ഒരു പൂർണ്ണ സമാഹാരം പുറത്ത് വന്നിരിക്കുന്നു. റോമിങ് >> ഫയൽ അറ്റാച്ചഡ് എന്നു പേരുള്ള ഈ പുസ്തകത്തിന്റെ ഉള്ളടക്കം പേരുപോലെ തന്നെ രസകരം തന്നെ.

സെൽഫി, ആഡ് ജീവിതം, പ്രതിമായണം, സർ.അയീക്കര, സത്യന്റെ ഉൽക്കകൾ, ചെറിയroaming1 നമ്പുവും വലിയ ഗുണ്ടകളും, മീശിഹാമാർ, വാർ ടൂറിസം, ലോർക്കഗ്രഹണം, എന്നിങ്ങനെ ഒൻപത് ഗ്രാഫിക് കഥകളാണ് ഇതിലുള്ളത്. ആദ്യ കഥയായ സെൽഫിയിൽ സ്വന്തം ജീവിതത്തിലേക്ക് കഥാകൃത്തുതന്നെ ഒരന്യനായി ഒളിഞ്ഞു നോക്കുകയാണ്. തന്റെ പ്രതിബിംബങ്ങൾ അപ്രതീക്ഷിത ദിക്കുകളിൽ കണ്ടെത്തുന്നതിന്റെ പ്രതികരണങ്ങൾ നൊസ്റ്റാൾജിയ എന്ന മധുര സുന്ദര പദത്തിൽ അറ്റാച്ചുചെയ്യാൻ നമ്പുവിനാവുന്നില്ല. ഞാനും ഞാനും തമ്മിലുള്ള സംവാദം അവസാനിക്കുന്നത് വെഡ്ലോക്കിലൂടെ ജീവിതത്തിൽ വന്നു ചേർന്ന ഭാര്യ മൊബൈൽ ഫോണിൽ വിളിക്കുമ്പോഴാണ്. “ഭാര്യ കാളിംഗ് …” എന്ന മെസ്സേജ് കാണുമ്പോൾ കഥാകൃത്ത് യാഥാർഥ്യത്തിലേക്ക് ഞെട്ടി ഉണരുന്നു. വിധിച്ചതും, കൊതിച്ചതുമായ തീരങ്ങളിലൂടെയുള്ള റോമിങിൽ അറ്റാച്ച്ഡ് ഫയൽസ് ഒഴിവാക്കാനാവില്ല എന്നയാൾ തിരിച്ചറിയുമ്പോൾ കഥ തീരുന്നു.

റോമിങ് – ഫയൽസ് അറ്റാച്ചഡ്‘ എന്നയീ പുസ്തകത്തിലെ മിക്ക കഥകളുടെയും പൊതു സ്വഭാവമാണിത്. കേവലമായ മനുഷ്യാവസ്ഥയുടെ നിർവ്വചങ്ങൾ തേടി കാർട്ടൂണിസ്റ് തന്റെ പിക്സൽ തോണിയിൽ ഒഡീസിയൂസിനെ പോലെ യാത്ര ചെയ്യുകയാണ്. യാത്രക്കിടയിലെ ഓരോ കണ്ടെത്തലും ദാർശനിക മാനം കൈവരിച്ച ഉൽഘോഷണങ്ങളായി മാറുന്നത് കാണാം. ഇത് ചിരിയേക്കാളേറെ ചിന്തയേ ഉണർത്തുന്നുവെങ്കിൽ, കാർട്ടൂണിസ്റ്റിന്റെ ‘വര ധ്യാനം’ സഫലമായി എന്നാശ്വസിക്കാം. കാരണം അഴുകിയളിഞ്ഞ യാഥാർഥ്യങ്ങളിൽ നിന്നും ഒളിച്ചോടാനും ഒരു വഴുക്കൻ ചിരിയുടെ പുതപ്പിൽ മുഖം മറക്കാനും സുനിൽ നമ്പു എന്ന കാർട്ടൂണിസ്റ് ഒരിക്കലും ശ്രമിച്ചിട്ടില്ല എന്നതുതന്നെ.sunil1

ജീവിത പാതയിൽ ദിനം പ്രതി നാമെത്രയോ പേരെയാണ് കണ്ടുമുട്ടുന്നത്. നമ്മുടെ അശ്രദ്ധമൂലമോ, നിരീക്ഷണശേഷിയില്ലായ്മ മൂലമോ ആവാം മിക്കവരും നമ്മുടെ ഓർമ്മയിൽ തങ്ങി നിൽക്കാറില്ല. സുനിലെൻറെ സമീപനം ഇക്കാര്യത്തിൽ വളരെ വ്യത്യസ്തമാണ്. ബാല്യത്തിലെ സംഭവങ്ങൾ, യൗവ്വ നാരംഭത്തിലെ സുഹൃത്തുക്കൾ, മുതിർന്നപ്പോൾ നടത്തിയ യാത്രകൾ തുടങ്ങി മറ്റുള്ളവർ തീരെ നിസ്സാരമെന്ന് കരുതുന്ന മിക്കവയിലും സുനിൽ കഥകൾ കണ്ടെത്തുന്നു. ഈ കഥകളാകട്ടെ അത്യന്തം സാക്ഷരനായ ഒരു സംന്യാസിയുടെ കയ്യൊപ്പ് പതിഞ്ഞവയുമാണ്. സ്വയം സൃഷ്ടിച്ച കുമിളകൾക്കുള്ളിൽ ജീവിക്കുന്ന മനുഷ്യനെ നിശിതമായി പരിഹസിക്കുമ്പോഴും അദ്ദേഹം ഒരു സംന്യാസിയുടെ നിസ്സംഗത സൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ പരിഹാസമാകട്ടെ, ഉപരിതലസ്പർശിയാകാതെ ബഹുമുഖ പരിമാണത്തോടെ വിലസുകയും ചെയ്യുന്നു. സുനിലിന്റെ വിമർശനങ്ങളിൽ മോഹഭംഗത്തിന്റെ നിഴലാട്ടം മിക്കപ്പോഴും കാണാം. 1990 -കളിൽ സുനിലിനെപ്പോലെ കോളേജ് ജീവിതം നയിച്ച മിക്കവരുടെയും ചിന്തകളിൽ നമ്മുടെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വലിയ പ്രതീക്ഷകൾ ജ്വലിപ്പിച്ചിരുന്നു. കാലം കടന്നു പോയപ്പോൾ ഇടതുപക്ഷവും വലതു പക്ഷവും തമ്മിലുള്ള അതിർ വരമ്പുകൾ നേർത്തില്ലാതായത് അവിശ്വസിനീയമായൊരു ദുഃസ്വപ്നം പോലെ അവശേഷിച്ചു. ‘ആഡ് ജീവിതം’ എന്ന കഥയുടെ അന്ത്യത്തിൽ വിമാനത്തിലിരുന്ന് ജാലകത്തിലൂടെ താഴേക്ക് നോക്കി കഥാകൃത്തിന്റെ ആത്മഗതം ഇങ്ങിനെയാണ്, ” ഓർവെലിന്റെ ആനിമൽ ഫാം ആണ് തെളിഞ്ഞു കാണുന്നത്”.

‘പ്രതിമായണ’വും, ‘മീശിഹാമാരും’ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് ഡാലിയുടെ ഒരു സർറിയലിസ്ടിക് പെയിന്റിങ് പോലൊരിടത്തേയ്ക്കാണ്. ആദ്യത്തേതിൽ പ്രതിമകളും, രണ്ടാമത്തേതിൽ മീശകളും നമ്മെ തിരഞ്ഞു വരുന്നു. മറ്റെല്ലാകഥയിലുമെന്നപോലെ നമ്പു തന്നെയാണ് ഇക്കഥകളിലെയും പ്രേക്ഷകൻ. രാത്രിയിൽ ഇറങ്ങി നടക്കുന്ന പ്രതിമകൾക്കിടയിൽ പെട്ടുപോകുന്ന നമ്പു അവരോടു പറയുന്നു,” പൊതുജനവും നിങ്ങളും തമ്മിൽ വ്യത്യാസമില്ല. ശ്വസിക്കുന്നു, ചലിക്കുന്നു അത്രമാത്രം. പിറ്റേന്ന് സുബോധത്തോടെ കാറോടിച്ചു പോകുന്ന നമ്പുവിനോട് നെഹ്റു പ്രതിമ നിശബ്ദമായി പറയുന്നു. “മിയ കുൽപ്പ”. നമ്പുവിന്റെ മറുപടിയും അത് തന്നെ ” മിയ കുൽപ്പ”. എന്റെ പിഴ… എന്റെ പിഴ. ഗാന്ധി പ്രതിമയുടെ കയ്യിൽ വടിയുള്ളതുകാരണവും , അംബേദ്ക്കർ പ്രതിമയുടെ കയ്യിൽ പുസ്തകമുള്ളത് കാരണവും കാക്ക ശല്യം കുറവായിരിക്കും എന്ന് നിരീക്ഷിക്കുന്ന കാർട്ടൂണിസ്റ് പിന്നീട് പകൽ വെളിച്ചത്തിൽ അവരെ കാണുമ്പോൾ മറ്റെന്താണ് പറയുക…”മിയ കുൽപ്പ”.

ഒരുദിവസം രാവിലെ സ്വന്തം മേൽ മീശ വടിച്ചുകളഞ്ഞ കാർട്ടൂണിസ്റ് കണ്ണാടിയിൽ നോക്കി തന്റെ ഫിലോസഫി അവതരിപ്പിക്കുന്നു, “മീശയുടെ രാഷ്ട്രീയം അത്രയേയുള്ളൂ. വെച്ചാൽ സ്റ്റാലിൻ. വടിച്ചാൽ ക്രൂഷ്ചേവ്!” ബഷീറിയൻ കഥയിലെ മൂക്കന്റെ മൂക്ക് പോലെ നമ്പുവിന്റെ മീശയില്ലായ്മാ കാണെക്കാണെ വളർന്ന് ഒരു സംഭവമായി. രാത്രിയിൽ താടിമീശക്കാരായ മാർക്സും, ലെനിനും എല്ലാം എത്തുകയായി. ലെനിൻ പറയുന്നു,” നിന്റെ എല്ലാ ആദർശപുരുഷന്മാരും താടിമീശക്കാർ ആയിരുന്നു. മീശയില്ലാത്തവൻ വെറും ശശി.” അതിനു കാർട്ടൂണിസ്റ്റിന്റെ മറുപടി ഇതാണ്- ” മീശ ഒരാദർശമോ ? മൂക്കിന് താഴെ വളരുന്ന ഒരുകൂട്ടം രോമമല്ലാതെ. മറ്റെവിടെയും വളരുന്ന രോമത്തോട് പുച്ഛം. ഒരു തെറി വചനം.” ഒടുവിൽ സാക്ഷാൽ വി.കെ.എൻ പ്രത്യക്ഷപെടുന്നതോടെ കഥ അവസാനിക്കുന്നു .അല്ലെങ്കിൽ നമുക്കങ്ങിനെ തോന്നുന്നു.

ഇപ്പറഞ്ഞ കഥകളെ പിൻപറ്റുന്ന പരിഹാസവും ആത്മവിമർശനവുമാണ് ബാക്കി കഥകളുടെയും ഉള്ളടക്കം. തന്റെ മുൻപിലൂടെ കടന്നു പോവുന്ന വലിയൊരു ജനസഞ്ചയത്തിനു നേരെ സുനിൽ നമ്പു ഒരു ബഹു വക്ര കണ്ണാടി തിരിച്ചുപിടിച്ചിരിക്കുന്നത് പോലെയാണീ പുസ്തകത്തിലൂടെ കടന്നുപോവുമ്പോൾ നമുക്ക് തോന്നുക. മനുഷ്യന്റെ സ്വാർഥതയും , അല്പത്തവും , കാപട്യവും, പൊങ്ങച്ചവും എല്ലാം വളഞ്ഞും പുളഞ്ഞും ആ കണ്ണാടിയിൽ പ്രത്യക്ഷപ്പെടുന്നു. സർക്കസ്സ് കൂടാരത്തിലെ പ്രതിഭാധനനായ കളിക്കാരൻ ആയിട്ടുകൂടെ സ്വയം കോമാളി ചമഞ്ഞു നടക്കുന്നയാളെപ്പോലെ സുനിൽ നമ്പു ഒരു മന്ദഹാസത്തോടെ ഇക്കാഴ്ചകളൊക്കെ കാണാൻ നമ്മോടാവശ്യപ്പെടുകയാണ്. ഒപ്പം ഈ പോരായ്മകളോടു കൂടിത്തന്നെ അവരെ സ്നേഹിക്കാൻ നിശബ്ദമായി ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. (ഈ പുസ്തകം കണ്ണൂരിലെ കൈരളി ബുക്സ് ആണ് പ്രസാധനം ചെയ്തിരിക്കുന്നത്. www .amazon.in -ൽ ഓൺ ലൈനായി ഇത് വാങ്ങാൻ കിട്ടും. വില 200 രൂപ)

മറ്റുള്ളവർ എന്ത് പറഞ്ഞാലും സുനിൽ എന്ന കാർട്ടൂണിസ്റ് സ്വയം ഇങ്ങിനെയാണ് വിലയിരുത്തുന്നത്. “കാർട്ടൂൺ രംഗബോധമില്ലാത്ത കോമാളിയായാണ് എനിക്ക് തോന്നാറ്. ചില മാനുഫാക്ചറിങ് ഡിഫക്ടിന്റെ തുടർച്ചയായി ആണവbosc1 വരുന്നത്. നമ്മൾ കണ്ടിരുന്നാൽ മാത്രം മതി, അത് കാണാനുള്ള കഴിവുള്ളവൻ ആസ്വാദകനും വരക്കാനുള്ള കഴിവുള്ളവൻ കാർട്ടൂണിസ്റ്റുമാണ്.ഈ ഒരു വ്യത്യാസം വളരെ നോമിനൽ ആണ്. കാർടൂൺ ആത്മരതിയല്ല. സംഗീതത്തിന് കിട്ടുന്ന ആത്മരത ഇതിനില്ല. ഒരു ഓർഗാസവും കാർട്ടൂൺ വരച്ച് കിട്ടിയിട്ടില്ല. കാർട്ടൂൺ ആത്മശോധനയാണ്. ഒരു കഷണം അമേദ്ധ്യം ആയി അത് മനസ്സിൽ നിന്ന് ചിത്രത്തിലേക്ക് വീഴുന്നു. പിന്നെ അടുത്ത വിഷയങ്ങളുടെ ദഹന പ്രക്രിയ തുടരും. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാർട്ടൂണിസ്റ്റ് BOSC ആണ്. ഫ്രഞ്ച് കാർട്ടൂണിസ്റ്റ്. ബോസ്കിന്റെ ഒരു കാർടൂൺ ഞാൻ വിവരിക്കാം. ഒരു താടിക്കാരൻ ഭ്രാന്തൻ (ഈസ്റ്റ് ജെർമൻ ആകാം ) പാന്റഴിച്ച് കുന്തിച്ചിരുന്നു തൂറുന്നു. നല്ല തങ്കമാന അമേദ്ധ്യം, വളരെ ഭംഗിയായി വരച്ചിട്ടുണ്ട്. Even till the last involute profile. ഒരു എക്സിക്യൂട്ടീവ് സുന്ദരൻ (ഒരു ബാങ്ക് മാനേജർ ആവാം) ടൈയും കെട്ടി നിലത്ത് കമഴ്ന്ന് കിടന്ന് അതിശയത്തോടെഅമേദ്ധ്യം നോക്കുന്നു. അയാളുടെ ടൈ അമേദ്ധ്യത്തിന്റെ വളരെ അടുത്ത് വരെ എത്തിയിട്ടുണ്ട്. അതിശയത്തോടെ അമേദ്ധ്യം നോക്കി അയാൾ ഭ്രാന്തനോട് ചോദിക്കുന്നു… “John.. How much you did?”

(എൻജിനിയർ, എഴുത്തുകാരൻ, വേദപണ്ഡിതൻ, കാർട്ടൂണിസ്റ്റ് എന്ന നിലകളിലെല്ലാംnambu1s പ്രശസ്തനായ ശ്രീ.സുബ്രമണ്യൻ നമ്പൂതിരിയുടെ പുത്രനാണ് സുനിൽ നമ്പു എന്ന സുനിൽ രാജ് ഉണ്ണി. പാലക്കാട് പറളി സ്വദേശിയായ ഇദ്ദേഹം ബാംഗ്ലൂരിലെ ഒരു എൻജിനിയറിങ് സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥനാണ്. ഇന്ത്യൻ എസ്സ്പ്രസ് ഓൺ ലൈനുവേണ്ടി Cubicle Republic, Keystrokes എന്നിവയും മാതൃഭൂമി ഓൺ ലൈനുവേണ്ടി ഇംഗ്ളീഷ് പൊളിറ്റിക്കൽ കാർട്ടൂൺ , നവമലയാളി ഓൺ ലൈനുവേണ്ടി പോത്തോളജി, e – ലോകവും @ – ലൈക്കുകളും എന്നീ ഗ്രാഫിക് പരമ്പരകൾ പ്രസിദ്ധീകരിച്ചു വരുന്നു. ഭാര്യ: നിഷ, മകൾ : നന്ദിത.
ഇമെയിൽ: [email protected]. മൊബൈൽ : 97398 66628.)

Comments

comments