(എഴുത്തുകാരിയും സാഹിത്യ അക്കാദമി വൈസ് ചെയർപെഴ്സണുമായ ഖദീജ മുംതാസുമായി നവമലയാളി മിഡിൽ ഈസ്റ്റ് എഡിറ്റർ ഷൈന ഷാജൻ നടത്തിയ അഭിമുഖത്തിൽ നിന്ന്)

1.സാഹിത്യ അക്കാദമി വൈസ് ചെയര്‍പേഴ്സണു അഭിനന്ദനങ്ങൾ. ഇന്ത്യയിലെ പ്രഥമ പ്രാദേശിക അക്കാദമിയായ കേരള സാഹിത്യഅക്കാദമിക്ക്‌ അറുപതു തികഞ്ഞിരിക്കുന്നു. സാംസ്കാരിക കേരളത്തിന്റെ മുഖമുദ്രയാകേണ്ട സ്ഥാപനങ്ങളിലൊന്നാണ്‌ കേരള സാഹിത്യ അക്കാദമി. പക്ഷേ  പൊതുവെ അക്കാദമിയുടെ സാഹിത്യ പ്രവര്‍ത്തനം നിശ്ചലമാണെന്നും, അക്കാദമി പ്രവര്‍ത്തനം  അവാര്‍ഡ് ദാനങ്ങളും അനുസ്മരണങ്ങൾ സംഘടിപ്പിക്കലും മാത്രമായി ചുരുങ്ങിയിരിക്കുന്നു എന്നുമൊക്കെയുള്ള  പരാതികളെക്കുറിച്ച് എന്ത് പറയാനുണ്ട് ?

@ അത്തരം ചടങ്ങുകള്‍ ധാരാളം ചെയ്യാനുള്ളതു കൊണ്ട് ഒഴിവാക്കാനാവില്ല. പക്ഷേ, അത്തരം ചടങ്ങുകളുമായി സാഹിത്യഅക്കാദമി ഒതുങ്ങിക്കൂടുകയല്ല; അക്കാദമിയുടെ പ്രവര്‍ത്തനങ്ങളിൽ വളരെയേറെ  പുരോഗതികള്‍ വന്നിട്ടുണ്ട്. പ്രധാനമായും  കേരളത്തിലെ യുവതലമുറയെ ലക്ഷ്യമാക്കിയാണ്  അക്കാദമിയുടെ പ്രവര്‍ത്തനം. കേരളത്തിന്റെ  ഭാഷ, സംസ്കാരം, സാഹിത്യം ഇതൊക്കെ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിലൂടെ  ദളിത്‌ പ്രശ്നം, ജാതിമത വിഭാഗീയത തുടങ്ങിയ  സാമൂഹ്യ പ്രശ്നങ്ങളും അവരുടെ ശ്രദ്ധയില്‍ പെടുത്താൻ കഴിയും എന്നത് തീര്‍ച്ചയാണ്. കോളേജുകളിലും സ്കൂളുകളിലും  ചെന്നിട്ടായാലും, എന്തെങ്കിലും പരിപാടികള്‍ സംഘടിപ്പിച്ചിട്ടായാലും യുവതലമുറയിലേക്ക്  എത്തണം എന്നാണ് ഏറ്റവും പ്രധാനം. പ്രധാനമായും വിഭാഗീയത, പ്രകൃതിനശീകരണം, ആഗോളവല്‍ക്കരണത്തിന്റെ കെടുതികള്‍ ഇതൊക്കെ യുവതലമുറയുടെ ശ്രദ്ധയിൽ പെടുത്തണം. അവരെ പറഞ്ഞിട്ടും കാര്യമില്ല. അവര്‍ ജനിച്ചു വീണതും വളരുന്നതും അതിനിടയിലാണ് അവരുടെ ആഗ്രഹങ്ങൾ അതിനനുസരിച്ച് ട്യൂണ്‍ ചെയ്യപ്പെട്ടതാണ്. അതിനെയൊന്നു മാറ്റിയെടുക്കണമെങ്കില്‍ ഒരു exposure അവര്‍ക്ക് കൊടുക്കാൻ നമുക്ക് സാധിക്കണം.  ആ ഉദ്ദേശത്തോടുകൂടി  വിദ്യാഭ്യാസ രംഗത്ത് സാഹിത്യ അക്കാദമി,  കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി സാഹിത്യ ക്യാമ്പുകള്‍, സെമിനാറുകള്‍ തുടങ്ങിയവ  നടത്തുന്നുണ്ട്. കൂടാതെ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായുള്ള ഏകദിന സാഹിത്യ സെമിനാറുകളും നടത്തിവരുന്നു.  പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും അക്കാദമി ഇടപെടൽ നടത്തുന്നുണ്ട്. അടുത്ത മാസം സൈലന്റ് വാലി പ്രശ്നത്തില്‍ ഇടപെട്ടിരുന്ന സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഒരു ക്യാമ്പ് നടത്താനും, ഇതുവരെയുള്ള കാര്യങ്ങള്‍ പുനരവലോകനം ചെയ്ത്, എല്ലാവരുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച്, ഇനി എന്തെല്ലാം നടപടികള്‍ എടുക്കണം എന്നുള്ള ഒരു റിപ്പോര്‍ട്ട് ഗവര്‍മെന്റിന് സമര്‍പ്പിക്കാനും  ഉദ്ദേശിക്കുന്നുണ്ട്. ഏപ്രില്‍ ആദ്യവാരത്തില്‍ ഒരു ദളിത്‌ സെമിനാർ സംഘടിപ്പിക്കാനും അക്കാദമി തീരുമാനിച്ചിട്ടുണ്ട്.

2.വിദ്യാഭ്യാസ പുരോഗതിയും ശക്തീകരണ പ്രവര്‍ത്തനങ്ങളും അവകാശപ്പെടുന്ന ഈ കാലത്തും സ്ത്രീകളോടുള്ള നീതി നിഷേധം പലയിടങ്ങളിലും – മുസ്ലീം സമുദായത്തിൽ പ്രത്യേകിച്ചും – തുടരുകയാണ്. മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി വാദിക്കുന്നവര്‍ തന്നെ മുസ്ലീം പെണ്‍കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന നടപടികൾ  സ്വീകരിക്കുന്നു. എന്താണ് വിലയിരുത്തല്‍ ?

@ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സാമുദായിക ശക്തികളുടെ കയ്യിലാണ് എന്നതാണ്   ഇന്നത്തെ വിദ്യാഭ്യാസരംഗത്തെ  വലിയൊരു പ്രശ്നം. അവിടെയൊക്കെ  പ്രധാനമായും  മതത്തിന്റെ  ചട്ടക്കൂടിനകത്തു നിന്നിട്ടുള്ള കാര്യങ്ങളാണ് നടക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെയും മറ്റു ടെക്നോളജിയുടെയും ഒക്കെ പഠനങ്ങള്‍ അവിടെ നടക്കുമ്പോൾ പോലും മതത്തിന്റെ ഒരു ചട്ടക്കൂട് അവിടെയുണ്ട്. അതില്‍ നിന്ന്‍ അവര്‍ക്ക് സ്വതന്ത്രരാവാൻ പറ്റുന്നില്ല. അവര്‍ എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും ഒക്കെ ആവുന്നുണ്ട്‌. പക്ഷെ അതിനെയൊക്കെ മൂടിക്കൊണ്ട് ഈ restrictions അവിടെ നിലനില്‍ക്കുമ്പോൾ വിദ്യാഭ്യാസം ഒരിക്കലും  സ്ത്രീയെ ശാക്തീകരിക്കുന്നില്ല. പൊതുവിദ്യഭ്യാസമായാല്‍ പോലും നമ്മൾ യാതൊരു പ്രാധാന്യവും ഇതിനൊന്നും കൊടുക്കുന്നില്ല. സ്ത്രീപുരുഷ സമത്വമോ, ജാതിവിവേചനത്തിനെതിരായ കാര്യങ്ങളോ ഒന്നും   സാമുദായിക സംഘടനകളുടെ സ്കൂളുകളില്‍  മാത്രമല്ല പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  വരുന്നില്ല. വിദ്യാഭ്യാസത്തില്‍  അത്തരം കാര്യങ്ങളും കൂടി  ലിങ്ക് ചെയ്തെങ്കിൽ മാത്രമേ ഒരു ശാക്തീകരണത്തിന്റെ ലെവലിലേക്ക് എത്തുകയുള്ളൂ. സമുദായ സംഘടനകള്‍ക്ക് ഈ രീതിയില്‍ വിദ്യാഭ്യാസം വിട്ടു കൊടുക്കാൻ പാടില്ലെന്നു  തന്നെയാണ് എന്റെ അഭിപ്രായം. അഥവാ വിട്ടു കൊടുക്കുന്നെങ്കില്‍ അത്  ശരിയായ നിലയിൽ  സൂക്ഷ്മ പരിശോധന ചെയ്തതിനുശേഷം മാത്രം. സ്ത്രീവിരുദ്ധമായിട്ടുള്ള പഠനം, അത് മതത്തിന്റെ പേരിലോ  മറ്റെന്തിന്റെ പേരിലെങ്കിലുമോ ഒരു വിദ്യാലയത്തില്‍  നടക്കുന്നുണ്ടോ എന്ന് പരിശോധന  നടത്തണം. സമുദായ സംഘടനകളുടെ സ്കൂളുകളില്‍ സ്ത്രീ വിരുദ്ധമായിട്ടുള്ള കാര്യങ്ങൾ, മതത്തിന്റെ പേരില്‍  പാഠ്യപദ്ധതിയിൽ  ഉണ്ടെങ്കിൽ അത് പരിശോധന നടത്തി നീക്കം ചെയ്യുകയും വേണം.

3. മതേതര സൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷം നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണല്ലോ. മത പ്രീണനവും ധ്രുവീകരണവുമാണ് ഓരോ മനസ്സിലും നടന്നുകൊണ്ടിരിക്കുന്നത്. സമുദായങ്ങളില്‍ നാമറിയാത്ത രീതിയില്‍ വര്‍ഗീയത വളര്‍ന്നു കൊണ്ടിരുന്നത് ഇപ്പോൾ അറിയുന്ന രീതിയിൽ തന്നെയായിട്ടുണ്ട്. ഓരോ സമുദായവും ഓരോ തുരുത്തുകളായി രൂപപ്പെട്ടുവരികയാണ്. വിദ്യാഭ്യാസ രംഗത്തും ഇത് പ്രതിഫലിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മത സാമുദായിക സംഘടനാ പ്രവര്‍ത്തനങ്ങൾ ഇത്തരത്തിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം  തുരുത്തുകള്‍  പഴയ സ്‌കൂള്‍-കോളേജ് കാമ്പസുകളില്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍,  അത്തരം സ്കൂൾ – കാമ്പസ് ജീവിതം നല്‍കിയ ഊര്‍ജവും ലിബറൽ വീക്ഷണവും നല്ലതായ  മതബോധവും ലഭിച്ചു വളര്‍ന്ന  അന്നത്തെ യുവജനത പിന്നീട്  ഇത്തരമൊരു പരിവര്‍ത്തനത്തിന് വിധേയമായത് എങ്ങനെയാണ് ?

@ അത് സാവകാശമായി സംഭവിച്ചിട്ടുള്ള പരിണാമം തന്നെയാണ്.  അതിന്റെയൊക്കെ വിത്തുകള്‍ പണ്ടേ ഉണ്ടായിരുന്നു. സ്വാതന്ത്ര്യ സമരകാലത്തും ആ വിത്തുകള്‍ ഉണ്ടായിരുന്നതു  കൊണ്ടാണല്ലോ ഇന്ത്യാ പാകിസ്ഥാന്‍  വിഭജനം ഉണ്ടാവാൻ തന്നെ കാരണം. പക്ഷെ ഒരളവു വരെ നവോത്ഥാനത്തിന്റെ ഉണര്‍ച്ചയില്‍ക്കൂടിയും മറ്റും മതസൌഹാര്‍ദ്ദത്തിന്റെ ഒരു അന്തരീക്ഷവും  ഉണ്ടായിരുന്നു. പിന്നീട് ആഗോള തലത്തിലും ദേശീയ തലത്തിലും പൊളിറ്റിക്കല്‍ ആയിട്ടുള്ള ഒരു തന്ത്രത്തിന്റെ ഭാഗമായിട്ട് വിഭാഗീയത  വന്നതാണ്.  പിന്നെ അത്  പതുക്കെപ്പതുക്കെ ആളുകളിലേക്കും  വന്നു. മുതിര്‍ന്ന തലമുറയ്ക്ക് അതില്‍നിന്ന്  ഇനിയൊരു മാറ്റം ബുദ്ധിമുട്ടാണ്. അതുകൊണ്ട് അതിനുള്ള പരിഹാരം, ഇനി കുട്ടികളിൽ നിന്നും തുടങ്ങണം. അതിന്റെ നെഗറ്റീവിറ്റി അവരെ മനസ്സിലാക്കിക്കണം. മനസ്സിലാക്കി അവരെ തിരുത്തുക എന്നതിനേക്കാള്‍ നല്ലൊരു   കള്‍ച്ചറിൽ അവർ വളരുകയാണു  വേണ്ടത്.  അങ്ങനെയൊരു പരിവര്‍ത്തനം അവര്‍ക്ക്  വരാത്ത വിധത്തിലുള്ള വിദ്യാഭ്യാസ പരിഷ്കരണങ്ങൾ  നടത്തേണ്ടതുണ്ട്. സാഹിത്യത്തിനും അതില്‍ ഒരു പങ്കുണ്ട്. സാഹിത്യ ചര്‍ച്ചകളിലൂടെയും പുസ്തക ചര്‍ച്ചകളിലൂടെയും മറ്റും മാതാപിതാക്കളിലേക്കും അതെത്തിക്കാൻ  പറ്റും. നമ്മളൊക്കെ   വളര്‍ന്നു വന്ന നല്ലൊരു  കള്‍ച്ചർ ഉണ്ടായിരുന്നു. നവോത്ഥാനത്തിന്റെ ഉണര്‍വ്വും ഒക്കെയായിട്ടുണ്ടായി വന്ന  ആ  കള്‍ച്ചറിൽ  വളര്‍ന്നതുകൊണ്ടാണ് ആ വിത്തുകളൊക്കെ അവിടെ ഉണ്ടായിരുന്നെങ്കിലും അത് ശക്തമായി പൊട്ടി മുളച്ചു നമ്മുടെ മനസ്സിലൊന്നും വളരാതിരുന്നത്.

ഷൈന ഷാജൻ, ഖദീജ മുംതാസ്
ഷൈന ഷാജൻ, ഖദീജ മുംതാസ്

4.സ്ത്രീ വിരുദ്ധത ഒരുപാടുള്ള മുസ്‌ലിം വ്യക്തി നിയമത്തിന്റെ പരിഷ്‌കരണം അനിവാര്യമായ ഒരു യാഥാര്‍ത്ഥ്യമാണെന്ന് കരുതുന്നവരും വ്യക്തിനിയമത്തിൽ അപാകതയില്ല; അതിന്റെ പ്രയോഗത്തിലാണ് അപാകത എന്ന് കരുതുന്നവരും ഉണ്ട്. എന്താണ് ഡോക്ടറുടെ അഭിപ്രായം? മുസ്ലീം വ്യക്തി നിയമമാണോ അതോ അതിന്റെ പ്രയോഗമാണോ പരിഷ്കരിക്കേണ്ടത്?

@  വ്യക്തിനിയമം എന്നത് ആ രീതിയിൽ പ്രാക്റ്റീസ് ചെയ്യാൻ വേണ്ടി കൊണ്ടു  വന്നതു തന്നെയാണല്ലോ. മുത്തലാക്ക് എന്നത് അവിടെ നിയമം അനുവദിച്ചിട്ടുള്ള ഒരവകാശം തന്നെയാണ്. അത് ശരിയല്ല എന്നു  തന്നെയാണ് നമ്മള്‍ പറയുന്നത്. ഖുറാന്‍ അനലൈസ് ചെയ്തിട്ടുണ്ടെങ്കില്‍ നമുക്ക് മനസ്സിലാവും, അതില്‍ അക്കാര്യം  നല്ലതായിട്ടു  തന്നെയാണ്  പറയുന്നത്. സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കാൻ പറ്റില്ലെന്നു തീരുമാനിച്ചു കഴിഞ്ഞാൽ ആദ്യത്തെ തീരുമാനം അല്ലെങ്കില്‍  തലാക്ക്  ഒരു പക്ഷെ വൈകാരികമായ ഒരു തീരുമാനമായിരിക്കാം. അപ്പോള്‍ നിങ്ങൾ പിരിയരുത്. ബന്ധുക്കള്‍ക്ക് ഇടപെടാനുള്ള സമയം കൊടുക്കണം. വീണ്ടും അതേ തീരുമാനം തന്നെയാണെങ്കിൽ രണ്ടാം  വട്ടവും  തലാക്ക് ചൊല്ലി,  വീണ്ടും ഒന്നിച്ച്  ജീവിക്കാനും റീതിങ്ക്‌ ചെയ്യാനുമുള്ള സമയമാണ്. എന്നിട്ടും പറ്റില്ലെന്നു കണ്ടാല്‍ മാത്രമേ മൂന്നാം വട്ടം തലാക്ക്  ചൊല്ലാന്‍ ഖുറാനിൽ  പറയുന്നുള്ളൂ. വീണ്ടും വീണ്ടും ചിന്തിക്കുക എന്ന് തന്നെയാണ് മുത്തലാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷെ വ്യക്തിനിയമത്തില്‍ വിശദീകരണമില്ലാത്തതിനാലായിരിക്കാം പ്രവര്‍ത്തിയിൽ  ഇത് മൂന്നും കൂടി ഒന്നിച്ചു ചൊല്ലുന്നത്.   ഇന്ത്യയിലെ വ്യക്തിനിയമം പൂര്‍ണ്ണമായും ട്വിസ്റ്റെഡ് ആണ്. ഖുറാനില്‍ കൃത്യമായി പറഞ്ഞിട്ടുള്ള കാര്യങ്ങളെ ട്വിസ്റ്റ്‌ ചെയ്തിട്ടാണ് ഇവിടെ കൊണ്ട് വന്നിരിക്കുന്നത്. അത് മാറ്റണം എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. പിന്നെയുള്ളത് ബഹുഭാര്യാത്വം- അത് തികച്ചും സ്ത്രീവിരുദ്ധം തന്നെയാണ്. പല മുസ്ലീം രാജ്യങ്ങളിലും അത് എടുത്തു മാറ്റിക്കഴിഞ്ഞിരിക്കുന്നു, എന്നിട്ടും ഒരു ജനാധിപത്യ രാജ്യത്ത് മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത് അനുവദിച്ചു കൊടുക്കുക എന്ന് പറയുന്നത് ശരിയല്ല. വേറൊന്ന്‍  സ്ത്രീകളുടെ സ്വത്തവകാശം. അതിലും അനീതിയാണ് നടക്കുന്നത്. ഇതെല്ലാം തിരുത്തേണ്ടവയാണ്. ഒരു ജനാധിപത്യ രാജ്യത്ത് ലിംഗത്തിന്റെ പേരില്‍ അങ്ങനെയൊരു വിവേചനം നടക്കാൻ പാടില്ല.

5. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തിന് കരുത്ത് പകരും എന്ന വാദത്തെക്കുറിച്ചും  ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന കാര്യത്തിൽ  ഡോക്ടര്‍ ഇപ്പോൾ  എവിടെ നില്‍ക്കുന്നു എന്നും വിശദീകരിക്കാമോ?

@ ഏകീകൃത സിവില്‍ കോഡ് കൊണ്ട് വരേണ്ടത് ഇത്തരത്തിൽ വര്‍ഗ്ഗീയമായി ചിന്തിക്കുന്ന ഒരു ഗവര്‍മെന്റാണോ  എന്ന സംശയമാണ് എനിക്കുള്ളത്. ഒരു കണ്‍സെപ്റ്റ് എന്നുള്ള  രീതിയില്‍ ഏകീകൃത  സിവില്‍ കോഡ് നല്ലതാണ്. ക്രിമിനല്‍ നിയമങ്ങളെല്ലാം എകീകരിച്ചിട്ടുണ്ട്. സിവില്‍ നിയമങ്ങളും ഏകീകരിക്കുന്നതിൽ തെറ്റൊന്നുമില്ല. ജനാധിപത്യം എന്ന് പറയുമ്പോള്‍ നമ്മളുദ്ദേശിക്കുന്നത് അതാണല്ലോ –  ലിംഗത്തിന്റെയോ ഭാഷയുടെയോ മറ്റൊന്നിന്റെയുമോ  പേരില്‍ ഒരു വിവേചനം ഉണ്ടാവാൻ പാടില്ല.  പക്ഷെ  ഇന്ത്യയുടെ പ്രത്യേക സാമൂഹ്യാവസ്ഥ കണക്കിലെടുത്ത് ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് കൊടുക്കുന്ന ചില പ്രാധാന്യം, അത്  സംവരണമായാലും – മുസ്ലീം സംവരണത്തിനെപ്പറ്റിയല്ല ഞാന്‍ പ്രധാനമായും  പറയുന്നത്, മുസ്ലീം സംവരണവും – ആവശ്യമാണ്‌. കേരളത്തില്‍ ഒരു പക്ഷെ അല്ലായിരിക്കാം. പക്ഷെ നോര്‍ത്ത് ഇന്ത്യയിലൊക്കെ ദളിതരെക്കാൾ ശോചനീയമായ അവസ്ഥയുള്ള മുസ്ലീമുകൾ  ധാരാളമുണ്ട്.  അപ്പോള്‍  ആ രീതിയിൽ അവരെയൊക്കെ ഉയര്‍ത്തിക്കൊണ്ടു വരേണ്ട ആവശ്യകതയുണ്ട് . അതിനാല്‍  ചില പ്രത്യേക ആനുകൂല്യങ്ങൾ അവര്‍ക്ക് കൊടുക്കുന്നുണ്ട്. അതിനെയൊക്കെ നിഷേധിച്ചു കൊണ്ട് ഇപ്പോൾ നിലവിലുള്ള  നിയമങ്ങളെയെല്ലാം  പൊളിച്ച്,  വേറെ തരത്തിലുള്ള ഒരു കണ്‍സ്ട്രക്റ്റട്   ഏകീകൃത സിവിൽ കോഡ് കൊണ്ട് വരുമ്പോൾ  അത്  എങ്ങനെയൊക്കെയാണ് ആവുക എന്ന്‍  നമുക്ക് പറയാന്‍ പറ്റില്ല. ആ ഒരു ഭീതി കൊണ്ടാണു ഏകീകൃത സിവില്‍ കോഡിനെ, ചിന്തിക്കുന്ന ആളുകള്‍ എതിര്‍ത്തു കൊണ്ടിരിക്കുന്നത് എന്നാണു ഞാന്‍ വിചാരിക്കുന്നത്. വ്യക്തി നിയമവുമായി അതിനെ കൂട്ടിക്കുഴക്കാന്‍ പാടില്ല. അത് വേറെ തന്നെയാണ്. അതിന്റെ പരിഷ്കരണം  തീര്‍ച്ചയായും ഉടൻ ചെയ്യേണ്ട കാര്യമാണ്. എന്നാല്‍ ഏകീകൃത സിവിൽ കോഡിന്റെ കാര്യം ആലോചിച്ചു മാത്രം ചെയ്യേണ്ടതാണ്.barsa121

6. അമ്മ മനസ്സിന്റെ ശക്തിയും പ്രസാദവും ആവിഷ്‌കരിക്കുന്ന ‘ആത്മതീര്‍ത്ഥങ്ങളിൽ മുങ്ങിനിവര്‍ന്ന്’, ഇസ്‌ലാമിക സ്ത്രീവാദ നോവലെന്നു വിശേഷിപ്പിക്കാവുന്ന ‘ബര്‍സ’, മാതൃത്വത്തിന്റെ ശാരീരികാവസ്ഥകളെയും വിസ്മയങ്ങളെയും അവതരിപ്പിക്കുന്ന കൃതിയായ ‘മാതൃകം’,  പുരുഷ കേന്ദ്രീകൃതമായ ലോകത്തിൽ  ജീവിതത്തിന്റെ വിവിധ മേഖലകളിൽ സ്ത്രീ എത്തിപ്പിടിച്ച ലോകത്തെ കുറിച്ചുള്ള രചനയായ ‘പുരുഷനറിയാത്ത സ്ത്രീ മുഖങ്ങള്‍’, തുടങ്ങി ഒട്ടനേകം സ്ത്രീപക്ഷ നോവലുകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. സ്ത്രീയുടെ വേദനകള്‍ക്കും സഹനങ്ങള്‍ക്കും എതിരായുള്ള പേന കൊണ്ടുള്ള ഈ  യുദ്ധം   തുടരുമെന്ന് തന്നെ പ്രതീക്ഷിക്കട്ടെ ? എഴുത്തല്ലാതെ വേറെ എന്തെല്ലാം പ്രതിരോധ, പ്രതിഷേധ മാര്‍ഗ്ഗങ്ങളാണ് ഡോക്ടര്‍ അവലംബിച്ചിട്ടുള്ളത് ?

@ സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങളൊക്കെയായിട്ട് യോജിച്ചു പ്രവര്‍ത്തിക്കുക എന്ന രീതിയിൽ  മാത്രമേ പോകുന്നുള്ളൂ. ഞാന്‍ അടിസ്ഥാനപരമായി എഴുത്തുകാരിയാണ്; പ്രത്യക്ഷ ആക്ടിവിസ്റ്റ് അല്ല. എഴുത്തിലൂടെ ആക്റ്റിവിസം എന്ന രീതിയിലാണ് ഞാന്‍ മുന്നോട്ടു പോകുന്നത്. അല്ലാതെ ഒരു സംഘടന രൂപീകരിക്കുക, അതില്‍ പ്രവര്‍ത്തിക്കുക  എന്നത്  എന്റെ രീതിയല്ല. എന്റെ മേഖല എഴുത്തു  തന്നെയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആശയപരമായി എനിക്ക് യോജിക്കാന്‍ പറ്റുന്ന സംഘടനകളെ സപ്പോര്‍ട്ട് ചെയ്യാറുണ്ട്. അവയുടെ പരിപാടികളില്‍ പങ്കെടുക്കുകയും സ്ത്രീകളോടും കുട്ടികളോടും സംസാരിക്കുകയും ചെയ്യാറുണ്ട്.

7. ആരോഗ്യരംഗത്തെ അവിശുദ്ധ ബന്ധങ്ങളെക്കുറിച്ചും ഇന്നത്തെ ആരോഗ്യ രംഗത്തെ മൂല്യച്യുതികളെക്കുറിച്ചും എന്തു പറയാനുണ്ട്?

@ കമ്പോളവല്‍ക്കരണം ഏറ്റവും ഭീകരമായി പിടിമുറുക്കിയിട്ടുള്ളത് ചികിത്സാരംഗത്തു   തന്നെയാണ്. അതിനുവേണ്ട എല്ലാ സാധ്യതകളും അവിടെയുണ്ട്. കാരണം മനുഷ്യന്‍ ഏറ്റവും നിസ്സഹായനാവുന്ന ഒരവസ്ഥയാണ് രോഗാവസ്ഥ.  അവിടെ ചോദ്യങ്ങളില്ല, ശബ്ദമില്ല. ഏറ്റവും നിസ്സഹായനായ മനുഷ്യന്റെ അടുത്താണ് ഏറ്റവും കൂടുതൽ ചൂഷണവും നടക്കുക. മെഡിക്കല്‍ രംഗത്ത്  എല്ലാ കാര്യത്തിലും ഭീകരമായ രീതിയില്‍ത്തന്നെ അത് നടക്കുന്നുണ്ട്., സ്വകാര്യ മേഖലയില്‍ മാത്രമല്ല ഗവര്‍മെന്റ് തലത്തില്‍ പോലും രോഗി നിശബ്ദനാണ്.പൊതുവേ ഡോക്ടര്‍-രോഗി ബന്ധം  ഒരു അടിമ-ഉടമ ബന്ധം പോലെ തന്നെയാണ്. നമ്മളെത്ര പറഞ്ഞാലും അവിടെ  മേധാവിത്വത്തിന്റെതായ ഒരു ബോധം ഡോക്ടര്‍മാരുടെ മനസ്സില്‍ ഉണ്ടായി വരുന്നുണ്ട്. പലരും വിശ്വസിക്കുന്നതു  പോലും അങ്ങനെ ഒരകല്‍ച്ച  വേണം എന്ന് തന്നെയാണ്. ഒരളവു വരെ അത് ശരിയാണ്. കാരണം  ശരിയായ രീതിയില്‍ രോഗം വിശകലനം ചെയ്യാനും ശരിയായ രീതിയില്‍ അതിനെ നേരിടാന്‍ രോഗിയെ സഹായിക്കാനുമൊക്കെ ഉദ്ദേശിച്ചിട്ടുള്ള ആളാണ്  ഡോക്ടര്‍. ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശകന്‍, വെല്‍വിഷര്‍, വൈകാരിക സംരക്ഷണം നല്‍കാനാവുന്നവന്‍  അങ്ങനെയൊക്കെയുള്ളയാള്‍ സ്വാഭാവികമായും രോഗിയുടെ മനസ്സില്‍ വലുതാവും. പക്ഷെ ആ വലിപ്പത്തെ വളരെ വലുതാക്കി ഡോക്ടറുടെ  അടിമയാണ് രോഗി എന്നുള്ള രീതിയില്‍ വരുമ്പോള്‍,   ചൂഷണത്തിനുള്ള  വലിയൊരു സാധ്യത അവിടെ ഉണ്ടാവുകയാണ്. സ്വകാര്യ ആശുപത്രി എന്നാല്‍  ഒരു  ഗൂഡലോകം തന്നെയാണ്. മുതലാളിക്ക്  പണമുണ്ടാക്കി കൊടുക്കാനുള്ള തൊഴിലാളികളാണ് അവിടെ ഡോക്ടര്‍മാര്‍. അവിടെ ഡോക്ടര്‍മാരല്ല, മാനേജ്മെന്റ്  തന്നെയാണ് പ്രധാന ചൂഷകന്‍. ഡോക്ടര്‍ക്ക് അയാളുടെ  നിലനില്‍പ്പാണ് പ്രശ്നം. നല്ല രീതിയില്‍ പണമുണ്ടാക്കിക്കൊടുക്കാന്‍ ഒരു ഡോക്ടര്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവിടെ അയാള്‍ക്ക് നിലനില്‍പ്പില്ല. അങ്ങനെ വരുമ്പോള്‍ രോഗിയെ ഏതെല്ലാം രീതിയില്‍ ചൂഷണം ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്യുന്ന, അതാണ്‌ അതിന്റെ ശരി എന്നുള്ള നിലയിലേക്ക് ഡോക്ടര്‍മാര്‍  എത്തുന്ന അവസ്ഥയാണ് ഇന്നുള്ളത്. പിന്നെ മരുന്നുകമ്പനികളുമായിട്ടുള്ള അവിശുദ്ധ ബന്ധവും ഒക്കെ സത്യമാണ്. വളര്‍ന്നു വരുന്ന ഡോക്ടര്‍മാര്‍ക്ക് അത് വലിയൊരു ബുദ്ധിമുട്ടാണ്. അവരുടെ ഹൌസ് സര്‍ജന്‍സി സമയമാവുമ്പോഴേക്കും ഈ മരുന്ന് കമ്പനിക്കാര്‍ അവരെ  കീഴടക്കിക്കളയുന്നുണ്ട്. കോണ്‍ഫറന്‍സ് പോലുള്ള തുടര്‍പഠന സംരംഭങ്ങളില്‍ സ്പോണ്‍സര്‍മാര്‍ ആയും മറ്റും മരുന്നു കമ്പനിക്കാരുടെ സാന്നിദ്ധ്യം എല്ലായിടത്തും ഉണ്ട്. അവരുടെ പിടുത്തത്തില്‍ നിന്ന്‍ രക്ഷപ്പെടാന്‍  ബുദ്ധിമുട്ടാണ്. നമ്മുടെ മനസ്സാക്ഷിയനുസരിച്ച് ചെയ്യുക എന്നതേ  നടക്കൂ.ഇതിനെപ്പറ്റിയെല്ലാം എഴുതാന്‍ തുടങ്ങിയാല്‍ ആക്രമണമുണ്ടാകും. വാക്സിനെക്കുറിച്ചുള്ള ഇഷ്യു വന്നപ്പോഴൊക്കെ ആക്രമണം രൂക്ഷമായിരുന്നു. ശരിക്കും ഞാന്‍ വാക്സിന്‍ വിരോധിയൊന്നും അല്ല. സ്മാള്‍പോക്സ് പോലുള്ള രോഗങ്ങള്‍ ഇല്ലാതായത് വാക്സിനേഷന്‍ മൂലമാണ്. കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ‘ഡോക്ടര്‍  ദൈവമല്ല’ എന്ന എന്റെ കൃതിയില്‍ ചികിത്സാ വൈവിധ്യങ്ങള്‍ എന്ന അധ്യായത്തില്‍ വാക്സിനെക്കുറിച്ച്  വളരെ പോസറ്റീവ് ആയി  തന്നെ എഴുതിയിട്ടുള്ള ആളാണ്  ഞാന്‍. പക്ഷേ എല്ലാ രോഗത്തിനും വാക്സിന്‍ എന്ന് പറയുമ്പോഴാണ് പ്രശ്നം. കോര്‍പ്പറേറ്റ് വല്‍ക്കരണം തന്നെയാണ് അതിന്റെ കാരണം. അനാവശ്യരോഗങ്ങള്‍ ഭീതി പരത്തുകയും അതിനെതിരായിട്ട് വാക്സിന്‍ വരുകയും ചെയ്യുന്ന ഒരവസ്ഥയെ അഡ്രസ്സ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവുന്നില്ല. പുതിയ കുട്ടികളും അങ്ങനെ ബ്രെയിന്‍ വാഷ്ട്  ആണ്. അവര്‍  എന്തുവന്നാലും അതിനെ വേദവാക്യമായി എടുക്കുന്നു. ഗവര്‍മെന്റ് സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ കാര്യമാണെങ്കില്‍  അവര്‍ക്ക് ടാര്‍ജെറ്റ്‌ ഉണ്ടാക്കുക എന്നതു  മാത്രമാണ് അവരുടെ ശരി. അതല്ലാത്ത ചിന്തകള്‍ക്ക് അവര്‍ ഇടം കൊടുക്കുന്നില്ല.  ഗവണ്മെന്റ് അവരുടെ പോളിസിയായി എടുത്തിട്ടുള്ള ചില   വാക്സിനേഷനുകള്‍   ഉണ്ട്. അല്ലെങ്കില്‍ പോളിസിയിലെക്ക് വരാന്‍ ആഗ്രഹിക്കുന്നവ ഉണ്ട്. ഇതിലെ കോര്‍പ്പറേറ്റ് വല്‍ക്കരണത്തെക്കുറിച്ചും, അനാവശ്യ വാക്സിനുകളെക്കുറിച്ചും   ഞാന്‍  സംസാരിക്കുമ്പോള്‍ അധികാര തലത്തില്‍ നിന്നു  വരെ ആക്രമണങ്ങള്‍ വരുന്നുണ്ട്. ആക്രമണം എങ്ങനെയെന്നു വെച്ചാല്‍  എന്നെ ഇപ്പോള്‍ സ്റ്റാമ്പ് ചെയ്തിരിക്കുന്നത് ഞാന്‍ ജേക്കബ് വടക്കഞ്ചേരിയുടെ ആളാണ്‌ എന്ന രീതിയിലാണ്. ബര്‍സ എഴുതിയപ്പോള്‍ മതമൌലിക വാദികളില്‍ നിന്ന്‍ എനിക്കുണ്ടായ അനുഭവം, ഞാന്‍  വെസ്റ്റേണ്‍  ഫെമിനിസത്തിന്റെ ആളാണ്‌, ഹിന്ദുത്വത്തിന്റെ ആളാണ്‌ എന്നൊക്കെ പറഞ്ഞ്  എന്നെ  തള്ളിക്കളയുകയായിരുന്നു.. അതേ  തരത്തില്‍ മെഡിക്കല്‍ ഫീല്‍ഡില്‍ നിന്ന്‍ എനിക്ക് ആക്രമണം  നേരിടേണ്ടി വരുന്നു. ഒരു തരം അലോപ്പതിക്‌ തീവ്രവാദം എന്നുതന്നെയാണ് ഞാനതിനെ വിളിക്കുക.

8.ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ ഇന്ത്യയില്‍തന്നെ ഏറ്റവും അധികമുള്ളത് കേരളത്തിലാണല്ലോ. എന്നിട്ടും തൊഴില്‍ പങ്കാളിത്തം വളരെ കുറവാണ്. സ്ത്രീയുടെ സര്‍ഗാത്മകതയുടെ ശവപ്പറമ്പാണ് നമ്മുടെ കുടുംബസംവിധാനം എന്ന വിലയിരുത്തല്‍ ഉണ്ട്. ഇപ്പോള്‍ നിലവിലുള്ള പിതൃകേന്ദ്രിതമായ  കുടുംബഘടനയെ മതയാഥാസ്ഥിതികശക്തികള്‍  അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങള്‍ മൗനംകൊണ്ട് അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വീട്ടമ്മ എന്ന സ്ഥാനത്തു നിന്നും  വീട്ടടിമ  എന്നതിലേക്ക് വഴുതിയിറങ്ങി കൊണ്ടിരിക്കുന്ന സ്ത്രീകളോട് പറയാനുള്ളതെന്താണ് ? മൌനത്തിലാണ്ടിരിക്കുന്ന രാഷ്ട്രീയ- സാമൂഹിക പ്രസ്ഥാനങ്ങളോടും?

കേരളത്തിലെ സ്ത്രീകള്‍, മറ്റു സംസ്ഥാനത്തിലെ സ്ത്രീകളേക്കാള്‍ വിദ്യാഭ്യാസം കിട്ടിയവരാണ് എന്ന് നമ്മള്‍  വിചാരിക്കുമ്പോള്‍ പോലും സ്ത്രീശക്തിയുടെ അല്ലെങ്കില്‍  ആത്മശക്തിയുടെ കാര്യത്തില്‍  വിദ്യാഭ്യാസം ലഭിക്കാത്ത  സ്ത്രീകളേക്കാള്‍ വളരെ ദയനീയമാണ് മലയാളി സ്ത്രീകളുടെ കാര്യം. അവരുടെ കുടുംബ സംവിധാനം ആ രീതിയിലാണ് നിലവിലുള്ളത്. ഡോക്ടര്‍ ഗംഗാധരന്റെ ‘സമകാലിക സ്ത്രീ അവസ്ഥകള്‍’ എന്നൊരു പുസ്തകമുണ്ട്. അതില്‍ പറയുന്നത് വളരെ ശരിയായിട്ടെനിക്ക് തോന്നിയിട്ടുണ്ട്. ജീര്‍ണ്ണ കുടുംബപാരമ്പര്യങ്ങള്‍ (പ്രത്യേകിച്ച് നമ്പൂതിരി നായര്‍ സമുദായങ്ങളിലെ)  കുടഞ്ഞു കളഞ്ഞ് വിക്റ്റോറിയന്‍ സദാചാര സങ്കല്‍പ്പത്തിലുള്ള ഒരു കുടുംബവ്യവസ്ഥയിലേക്ക് വളരെ ആവേശപൂര്‍വ്വം കടന്നു കയറിയവരാണ് അഭ്യസ്തവിദ്യരായിത്തീര്‍ന്ന മലയാളികള്‍. നായര്‍ കുടുംബങ്ങളിലെ പുരുഷന്മാരാണ് അത് തുടങ്ങി വെച്ചത്.  പിന്നെയത് എല്ലാവരുടെയും ലക്ഷ്യമായി.  സര്‍ക്കാരുദ്യോഗസ്ഥനായ  ഭര്‍ത്താവ്, സുന്ദരിയും ആഡ്യയുമായ ഭാര്യ,  ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്യുന്ന മക്കള്‍, മാന്യത…  എന്നിങ്ങനെ.  ഇംഗ്ലീഷ് കുടുംബങ്ങളില്‍ കാണുന്ന പോലെയുള്ള,  പുറമേക്ക് വളരെ സന്തോഷവാന്മാരായ ദമ്പതികള്‍ എന്നിങ്ങനെയുള്ള ചില കാപട്യങ്ങള്‍ ഉള്ള ഒരു കുടുംബവ്യവസ്ഥ നിലവില്‍ വന്നു. പിന്നെ അത് എല്ലാവരുടെയും, താഴേക്കിടയിലുള്ളവരുടെ പോലും ഒരു ലക്ഷ്യമായി മാറി. അതിന്റേതായ കാപട്യങ്ങളും, അതിന്റേതായ പുറംമോടികളും ഒക്കെയുള്ളൊരു  കുടുംബം എന്നത് എല്ലാ മലയാളിയുടേയും ഒരു ഗോളായിത്തീര്‍ന്നു.. അതില്‍ വരുന്നത്, ശക്തനായ, സംരക്ഷിക്കുന്ന ഒരു പുരുഷന്‍, സുന്ദരിയായ എല്ലാം അനുസരിക്കുന്ന  ഒരു സ്ത്രീ. ആ ഒരു സങ്കല്പം ഇപ്പോഴും നമ്മള്‍ വിട്ടുകളഞ്ഞിട്ടില്ല. അതിനു ശേഷം  വന്ന മതയാഥാസ്ഥികത്വത്തിന്റെ എല്ലാ കാഠിന്യങ്ങളും ഇതിനെ  അരക്കിട്ടുറപ്പിച്ചു. അവര്‍ക്കും ഇത് വളരെ തൃപ്തിയാണ്. ഒരു പുരുഷ കേന്ദ്രീകൃതമായിട്ടുള്ളൊരു  കുടുംബ വ്യവസ്ഥ അവര്‍ക്കും സന്തോഷകരമാണു.

രാഷ്ട്രീയക്കാര്‍ എന്ന് പറഞ്ഞാല്‍ നമുക്കറിയാം. അവര്‍ക്കു വേണ്ടത് ആള്‍ക്കൂട്ടങ്ങളെയാണ്; ആളുകളെയല്ല. ആള്‍ക്കൂട്ടങ്ങളെ ഉണ്ടാക്കാന്‍ ഏറ്റവും എളുപ്പം ഇത്തരത്തില്‍ വോട്ടവകാശത്തിന്റെ കാര്യത്തില്‍ പോലും ഭര്‍ത്താവ് പറഞ്ഞത് അനുസരിക്കുന്ന സ്ത്രീകളുള്ള  പുരുഷ കേന്ദ്രീകൃതമായ ഒരു കുടുംബമാണ്. അതുകൊണ്ട് രാഷ്ട്രീയക്കാരും ആ രീതിയില്‍ത്തന്നെയാണ് സ്ത്രീയെയും കുടുംബ വ്യവസ്ഥയെയും കാണുന്നത്. അതുകൊണ്ട് തന്നെയാണത്തരം കുടുംബ വ്യവസ്ഥകള്‍  നിലനിന്നു  പോകുന്നത്. അപ്പോള്‍, സ്ത്രീ അവിടെ എത്ര വിദ്യാഭ്യാസം നേടിയാലും ഈയൊരു സാമൂഹ്യ മനഃസ്ഥിതിയില്‍ നിന്ന്‍ അവര്‍ പുറത്തു വരുന്നില്ല. വീട്ടടിമയാണെന്ന് അവര്‍ അറിയുന്നില്ല. മനസ്സ് കൊണ്ട് അവര്‍ അങ്ങനെ ട്യൂണ്‍ട് ആയിരിക്കുകയാണ്. എത്രയൊക്കെ പഠിച്ചാലും എന്തൊക്കെ ആയിക്കഴിഞ്ഞാലും  ഒരു പുരുഷന്‍ തന്നെ  വിവാഹം ചെയ്യുക, മേല്‍ പറഞ്ഞ തരത്തിലുള്ള ഒരു കുടുംബമുണ്ടാക്കുക, അതാണ്   സ്ത്രീകളുടെ  ഒരു ഗോള്‍. ആ കുടുംബത്തില്‍ താന്‍ താഴ്ന്നിട്ടാണ്.  അങ്ങനെയൊരു കണ്‍സെപ്റ്റിലാണ് അവര്‍  വളരുന്നത്. എത്ര ഉയര്‍ന്ന പൊസിഷനില്‍ എത്തിക്കഴിഞ്ഞാലും ആ ഒരു  കണ്‍സെപറ്റ് സ്ത്രീകളുടെ മനസ്സില്‍ നിന്ന് മാറിപ്പോകുന്നില്ല. അത് റികണ്‍സ്ട്രക്റ്റ് ചെയ്യുക തന്നെ വേണ്ടി വരും.

9.ആം ആദ്മി പാര്‍ട്ടിയുമായുള്ള സഹകരണം ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു?

@ ആം ആദ്മി പാര്‍ട്ടിയുടെ ആശയത്തോടുള്ള അടുപ്പം കൊണ്ടാണ് ലോക സഭാ തെരഞ്ഞെടുപ്പു കാലത്ത് അതിനെ അനുകൂലിച്ചത്. ഒരു അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടിയുടെ ജീര്‍ണ്ണതകളിലേക്ക് അത് നിപതിച്ചാല്‍ ഒപ്പം ഉണ്ടാവില്ലെന്നും പറഞ്ഞിരുന്നു. ഞാന്‍ അതില്‍ മെമ്പര്‍ഷിപ് എടുത്തിട്ടില്ല. വളരെ നല്ലൊരു ആശയമായി തോന്നിയതു കൊണ്ടാണ് ആകെ ഫെഡ് അപ് ആയ സമയത്ത്  കൂടെ നിന്നത്. സാറട്ടീച്ചറൊക്കെ അങ്ങനെ തന്നെയായിരുന്നു. അതില്‍ എക്സിക്യൂട്ടീവ് മെമ്പര്‍ ആകാനും സ്ഥാനാര്‍ഥിയാകാനുമൊക്കെ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഡല്‍ഹിയില്‍ നിന്ന്‍ പ്രശാന്ത് ഭൂഷന്‍ വിളിച്ചു സംസാരിക്കുക വരെ ചെയ്തു. പക്ഷെ എന്റേത് പ്രത്യക്ഷ രാഷ്ട്രീയത്തിന്റെ വഴി അല്ലെന്ന് തീര്‍ച്ചയുണ്ടായിരുന്നു. എന്റെ നിലപാട്  എന്താണെന്നു കാണിക്കുക എന്നതു മാത്രമായിരുന്നു അന്ന് പ്രധാനം.

Comments

comments