നക്ഷത്രത്തിന്റെ
മരണമെന്നാൽ
ഭൂമിയോളം ചുരുങ്ങലാണ്.
സങ്കോചമോ
വികാസമോ നിലച്ച്
സ്ഥിരീകരിക്കപ്പെട്ട
ഊഷ്മാവിൽ
ആത്മാവിനെ
അടക്കം ചെയ്യൽ.
വല്ലാത്തൊരു കാലം
വികാരങ്ങളുടെ മയക്കം.
ആദ്യം
അടർന്നുവീണത്
സ്തോഭങ്ങളുടെ
പുറംപാളി.
പൊറ്റകൾ പൊളിഞ്ഞ്
ചുവന്നുണങ്ങിയ മുറിവിന്
കാതങ്ങൾക്കിപ്പുറം തീ തിളക്കം.
ചങ്ക് വെന്ത താപം
ഇരുട്ടിന്റെ
ജഡതയോടുള്ള
പ്രതിപ്രവർത്തനം.
വല്ലാത്തൊരു കാലo
പ്രതിരോധങ്ങളുടെ
രക്തസാക്ഷിത്വം.
ഒടുവിൽ,
പ്രതിക്രിയകൾ
ദ്രവിച്ച്,
വാതക രൂപങ്ങളിലൂടെ
ഘനീഭവിച്ച
ഉൾക്കാമ്പ്.
സന്തുലനത്തിന്റെ ചട്ടത്തിൽ
തടവിലാക്കപ്പെട്ട പ്രകാശം.
വല്ലാത്തൊരു കാലം ,
ആവർത്തനം പോലും
നിലച്ച ഘടികാരങ്ങൾ.
അവനവനിൽത്തന്നെ
തറഞ്ഞു കിടന്ന്
ചോര വാർന്ന്
രക്തത്തിൽ നിന്ന്
ജലത്തിലേക്ക്.
സൗരയൂഥ
നാഭിച്ചുഴിയിലേക്ക്
ഒരാത്മ ഹവിസ്സ്.
*ഒരു നക്ഷത്രത്തിന്റെ ജീവിതം അവസാനിക്കുമ്പോഴാണ് വെള്ളക്കുള്ളനാകുക
Be the first to write a comment.