ട്രാൻസ് ജെൻഡർ സാഹിത്യരചന പിച്ചവച്ചു തുടങ്ങിയിട്ടേയുള്ളൂ. ലിംഗമാറ്റമെന്ന ജൈവികസാധ്യത ശാസ്ത്രീയമായി കൈവരിച്ചിട്ടും അതിന്റെ അതിസങ്കീർണ്ണമായ അനുഭവങ്ങളുടെ വേറിട്ട ശബ്ദം പകർന്നു കൊടുക്കാൻ സാധ്യമാവാത്ത ട്രാൻസ് ജെൻഡറുകളും, അത് സ്വാംശീകരിക്കാൻ മടികാണിക്കുന്ന പൊതുസമൂഹവും ഒരു ‘ബ്രെയ്ക്കി’നായി ഇപ്പോഴും കാത്തിരിക്കുന്നു. സ്വാനുഭവങ്ങളുടെ
മധുരിക്കുന്നതും കൈപ്പേറിയതുമായ ‘വേറിട്ടസ്വരം’ കേൾപ്പിക്കാൻ പ്ലാറ്റ്‌ഫോം ലഭിക്കാത്ത അജ്ഞാന കാലഘട്ടം മാറിത്തുടങ്ങിയിട്ടുണ്ട്. മുഖ്യധാരയിൽ രേഖപ്പെടുത്താതെ, ഒളിഞ്ഞും പതുങ്ങിയും മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ഈ മനുഷ്യാത്മാക്കളുടെ രചനാചാതുര്യം ചരിത്രം രേപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റ് ലക്ഷ്മി രചിച്ച്, പെൻഗ്വിന്‍ റാന്‍ഡം ഇന്ത്യ പ്രസിദ്ധീകരിച്ച ‘റെഡ്‌ലിപ്‌സ്റ്റിക്.’
ഹിജഡകൾ ചുവന്ന നിറത്തിലല്ലാത്ത ലിപ്‌സ്റ്റിക് ഉപയോഗിക്കാറില്ല. ‘ആണും പെണ്ണും കെട്ടവരു’ടെ അധരങ്ങളെ കൊതിയൂറുന്നതായി സങ്കൽപ്പിക്കുന്നത് ഇത് രണ്ടിലേതെങ്കിലുമാണെന്ന് സ്വയം ഊറ്റംകൊള്ളുന്നവരാണ്. ഈ ചുവപ്പ് ലിപ്‌സ്റ്റിക്ക് പ്രതിഷേധത്തിന്റെയും പുച്ഛത്തിന്‍റെതുമാണെന്ന് ലക്ഷ്മി പറയുമ്പോൾ അതൊരടയാളപ്പെടുത്തലാണ് – സ്വാഭിമാനം സംരക്ഷിക്കാൻ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളുടെ ഒരു ചിഹ്നവിജ്ഞാനീയ (Semiotics) ഓർമ്മപ്പെടുത്തൽ!
‘റെഡ്‌ലിപ്‌സ്റ്റിക്: ദ മെൻ ഇൻ മൈ ലൈഫ് ‘ എന്നാണ് ഈ നോവലിന്റെ മുഴുവൻ തലക്കെട്ട്. ‘ഗാഢബന്ധമുള്ളവരുമായിട്ടുള്ള എന്റെ ആകസ്മിക സമാഗമങ്ങൾ’ എന്നൊരു ബ്ലേർബുമുണ്ട്, കൂട്ടിച്ചേർത്തതായി. ഓരോ സെക്ഷനും ഓരോ പുരുഷനുവേണ്ടി സമർപ്പിക്കുന്ന രീതിയിലാണ് ആത്മകഥാംശമുള്ള ഈ നോവൽ അവതരിപ്പിച്ചിട്ടുള്ളത്: അശോക്‌റോ കവി എന്നയാളിൽതുടങ്ങി, തന്നെ ഹിജഡകളുടെ കൂട്ടത്തിലെത്തിക്കുന്ന ഗുരു എന്നയാളിലേക്ക് താളുകൾ മറിയുന്ന ആഖ്യാനരീതി. ബിസിനസിനും ലൈംഗിക ബന്ധത്തിനും പ്രണയത്തിനുമൊക്കെയായി ലക്ഷ്മിയെയും മറ്റൊരു കഥാപാത്രമായ പൂജാ പാണ്ഡെയെയും തേടിയെത്തുന്ന നിരവധി പുരുഷന്മാർ. അതിൽ അവരുടെ അച്ഛനുണ്ട്,സഹോദരനുണ്ട്, അടുപ്പമുള്ളവരുണ്ട്. ഇവരെയെല്ലാം ഭര്‍ത്താവ് എന്ന ഏകരൂപത്തിലേക്കു പ്രതിഷ്ടിക്കുന്ന ഐറണിയാണ് റെഡ്‌ലിപ്‌സ്റ്റിക് നെ വേറിട്ട ഒരു രചനയാക്കുന്നത്.
ലക്ഷ്മി നാരായന്‍ ത്രിപാഠി എന്നാ മുംബൈക്കാരി “ഹിജഡ” ഭരതനാട്യം പെര്ഫോര്‍മന്‍സുകള്‍ക്കും ബോളിവുഡ് ചലച്ചിത്രാഭിനയത്തിനും ശേഷമാണ് ട്രാൻസ്‌ജെന്റർ ആക്റ്റിവിസത്തിൽ എത്തിച്ചേരുന്നത്. 2008-ൽ ഐക്യരാഷ്ട്രസഭയിൽ, ഏഷ്യാപസിഫിക് പ്രതിനിധിയായി സ്വീകരണം ഏറ്റുവാങ്ങപ്പെട്ട ആദ്യത്തെ ട്രാൻസ് ജെൻഡർ! അന്നത്തെ അസംബ്ലിയിൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദുരിതാനുഭവങ്ങൾ അവർ പങ്കുവെച്ചത് ലോകം മുഴുവനുമുള്ള മാധ്യമങ്ങൾ ആഘോഷിച്ചതാണ്.
മഹാരാഷ്ട്രയിലെ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ ആണായിപ്പിറന്ന്, പിന്നീട് ഹിജഡയാണെന്ന് തിരിച്ചറിഞ്ഞ്, ബിരുദാനന്തരബിരുദത്തിനു പഠിച്ച നാട്യശാസ്ത്രത്തെ ബാറുകളിലെ ഡാൻസ് റാംപുകളിലേക്ക് ചുവടുവെപ്പിച്ച തന്റെ
ജീവചരിത്രത്തെ, സ്വത്വ-പ്രതിസന്ധിയുണ്ടാക്കുന്ന അവസ്ഥകളുമായി തട്ടിച്ചുനോക്കുകയാണ് ഈ നോവലിലൂടെ ലക്ഷ്മി ചെയ്യുന്നത്. മൂന്നാം ലിംഗക്കാരുടെ അവകാശങ്ങൾക്ക് നിയമത്തിന്റെ പരിരക്ഷ നൽകിയ സുപ്രീം കോടതിയുടെ 2014 ഏപ്രിലിലെ സുപ്രധാന വിധിയ്ക്കു പിന്നില്‍ പ്രയത്‌നിച്ച ആക്റ്റിവിസ്റ്റിൽ നിന്നും മാറിക്കൊണ്ട്, പോപ്പുലർ കൾച്ചറിന്റെ ഭാഗഭാക്കായുള്ള ഒരു പ്രലോഭനക്കാരിയെയാണ് ഇതിലൂടെ അവർ ഉയർത്തിക്കാണിക്കുന്നത്.
ഒരു ശരീരത്തിൽ കുടികൊള്ളുന്ന നിരവധി സ്വത്വങ്ങൾ – അനുഭവത്തിലൂടെ പാതിവെന്തത്, പൂർണ്ണമായും കരിഞ്ഞത്, സ്വപ്നങ്ങളിൽ താലോലിക്കുന്നത്, കിടപ്പറയിൽ ഗർജ്ജിക്കുന്നത്, പുരുഷമേൽക്കോയ്മയ്‌ക്കെതിരെ ശരീരം കൊണ്ട് പൊരുതുന്നത്, തകർച്ചയാൽ വീണുകിടക്കുന്നത് – ഇവയൊക്കെ ഈ നോവലിൽ തന്മയത്വത്തോടുകൂടി അവതരിപ്പിച്ചിരിക്കുന്നു. ‘വെറുമൊരു കുട്ടിയായിരുന്നപ്പോൾ പലരും എന്നെ മലിനപ്പെടുത്താൻ ചുറ്റും കൂടിയിരുന്നു. അതിന് അവർ പറഞ്ഞ കാരണം ഞാനൊരു വ്യത്യസ്ത ശരീരപ്രകൃതമുള്ള ഒരാളാണ് എന്നത് മാത്രമായിരുന്നു. ഒന്നും തിരിച്ചറിയാതെ, ആരൊക്കെയോ എന്തൊക്കെയോ എന്റെ ശരീരത്തിൽ കാട്ടിക്കൂട്ടിയത് എന്നിൽ ഒരുപാട് ട്രോമകൾ തീർത്തു..” ലളിതമായ ഇംഗ്ലീഷിൽ ലക്ഷ്മി പറയുന്നു, ‘… പിന്നീട്, തിരിച്ചറിവിന്റെ പ്രായമെത്തിയപ്പോഴേക്കും ഞാനെന്റെ ശരീരത്തെ അഴുക്കു ചാലിനു തുല്യമായി മാത്രമേ കണ്ടുള്ളൂ. എന്നാൽ കാമാർത്തിപൂണ്ട പുരുഷവർഗ്ഗത്തെ എന്റെ കിടപ്പറയിലേക്കും കാൽച്ചുവട്ടിലേക്കും മുട്ടിലിഴഞ്ഞ് കൊണ്ട് വരുത്തിക്കാൻ ഇതേ അഴുക്കുചാലിനെ ഞാൻ ഉപയോഗിച്ചു, ഒരു പ്രതികാരഭാവത്തോടെ…”
റിവഞ്ച് സെക്ഷ്വാലിറ്റി എന്ന് മനഃശാസ്ത്രജ്ഞർ പേരിട്ടിരിക്കുന്ന ഒരവസ്ഥ. അതിന്റെ ആഘോഷമാണ് ലക്ഷ്മിയുടെ ‘റെഡ്‌ലിപ്‌സ്റ്റിക്’. ഹിജഡകളും ട്രാൻസ് ജെൻഡറുകളുമടക്കമുള്ള LGBT സമൂഹത്തിലെ ഒട്ടുമിക്ക അംഗങ്ങൾക്കും ഏതാണ്ട് ഇതേ അനുഭവങ്ങൾ തന്നെയായിരിക്കും പറയാനുണ്ടാവുക. എന്നാൽ ഇതിനൊക്കെ ഒരു നോവൽ ഭാഷ്യമൊരുക്കുക എന്നത് ഇന്നിന്റെ ആവശ്യകതയാണ്. ഈ സാഹചര്യത്തിൽ നിന്നുകൊണ്ട് വേണം ലക്ഷ്മിയുടെ നോവൽ വിശകലനം ചെയ്യേണ്ടതും വിലയിരുത്തേണ്ടതും. ആത്മസംഘർഷങ്ങളും സ്വത്വ-സംഘട്ടനങ്ങളും അനുഭവിച്ച ഒരു ഹിജഡയാണ് നമ്മുടെ ഭാവനാലോകത്തേക്ക് അപരിചിതമായ ചില തീക്ഷ്ണാനുഭവങ്ങൾ പകർന്നു തരുന്നത്. സ്വന്തം ഐഡന്റിറ്റിയിൽ ‘സെലിബ്രിറ്റി ഭ്രാന്ത്’ ആരോപിക്കുന്ന മറ്റു ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റുകളെക്കുറിച്ച് ‘ചുവന്നലിപ്‌സ്റ്റിക്’ ബോധപൂർവമായൊരു മൗനം സൂക്ഷിക്കുന്നു എന്നത് ഈ നോവലിൽ നിഴലിച്ചു നിൽക്കുന്നുണ്ട്.
സമൂഹ നിർമ്മിതങ്ങളായ സാംസ്‌ക്കാരിക ചിഹ്നങ്ങളെയും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന തടവുമുറികളെയും പ്രശ്‌നവൽക്കരിക്കുക എന്ന ഉത്തരാധുനിക സാഹിത്യസങ്കേതം തന്നെയാണ് ഈ നോവലിലും ഉപയോഗിച്ചിട്ടുള്ളത്. പ്രകൃതിദത്തമായ അധരങ്ങളുടെ നൈർമല്യത്തെ മറച്ചുവെച്ച്, പുറം മോഡികളുടെ ശോണിമ കൃത്രിമമായി നിർമ്മിക്കുന്ന ഒരു അടയാളം മാത്രമാണ് ലിപ്‌സ്റ്റിക്. ഹിജഡകൾക്കാവട്ടെ, ഈ രക്തച്ചുവപ്പിനെ തങ്ങളുടെ ഐഡന്റിറ്റിയെ കുറിച്ച് വേവലാതിപ്പെടുന്ന ബാഹ്യലോകത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു വസ്തു. അല്ലെങ്കിൽ കപടമായ നമ്മുടെ സദാചാര പൊതുബോധത്തിനെതിരെയുള്ള ഒരു പ്രതിഷേധസാമഗ്രി. ഈ മായക്കാഴ്ചയിൽ വീണുപോകുന്ന, എന്നാൽ മൂന്നാമതൊരു ലിംഗത്തിന്റെ നിലനിൽപ്പിനെ അംഗീകരിക്കാത്ത, പുരുഷമേധാവിത്വത്തിന്റെ പ്രതിനിധികൾക്കെതിരെ ഉപയോഗിക്കാൻ ഹിജഡകൾ നന്നായി പഠിച്ചിരിക്കുന്നു എന്നും അതിന് ‘ഒരു ചുവന്നലിപ്‌സ്റ്റികിന്റെ വില മാത്രമേ വേണ്ടൂ’ എന്നും കാർക്കിച്ചു തുപ്പിക്കൊണ്ട് പറയുന്ന ലക്ഷ്മിയുടെ ഈ നോവൽ ട്രാൻസ് ജെൻഡർ ഫിക്ഷനിൽ ഏറെ ചർച്ച ചെയ്യപ്പെടും എന്നതിൽ യാതൊരു സംശയവുമില്ല.
Be the first to write a comment.