കഴിഞ്ഞ പത്തുവര്‍ഷത്തിനകത്ത് ഒരിക്കല്‍ കൂടി മൂന്നാര്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്നു. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ഒരു സര്‍ക്കാര്‍ഉദ്യോഗസ്ഥന്‍ നടത്തിയ ശ്രമങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി കണ്ടുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ശ്രമങ്ങളെ പര്‍വ്വതീകരിക്കാന്‍ ഒന്നുമില്ലെങ്കിലും ആ പ്രയത്‌നങ്ങളെ ഗൂഡാലോചന സിന്ധാന്തങ്ങളുമായി പ്രതിരോധിക്കാനുള്ള അധ്വാനമാണ് അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടിയിലെ മന്ത്രിയുടെ ഭാഗത്തു നിന്നുപോലുമുണ്ടായത്. ഇവിടെയാണ്‌ മൂന്നാര്‍ എന്ന ഭൂപ്രദേശവും പല കാലങ്ങളിലായി അവിടെ നടക്കുന്ന കയ്യേറ്റമൊഴിപ്പിക്കലും പ്രസക്തമാകുന്നത്.

കുടിയേറ്റവും അധിനിവേശവും:
കയ്യേറ്റവും കുടിയേറ്റവും രണ്ടാണു. അതില്‍ കയ്യേറ്റത്തെ എതിര്‍ക്കുകയും കുടിയേറ്റത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന പൊതുബോധമാണ് നിലനില്‍ക്കുന്നത്. ഒരു പരിധിവരെ അതു ശരിയുമാണ്. എന്നുപറയുമ്പോള്‍ പരിധി ഉണ്ടെന്നു തന്നെയാണ് അര്‍ത്ഥമാക്കുന്നത്. ആ പരിധിക്കപ്പുറം കുടിയേറ്റങ്ങള്‍ക്കും പലപ്പോഴും അധിനിവേശസ്വഭാവം ഉണ്ടായിട്ടുണ്ടെന്നു കാണാന്‍ കഴിയും. മിച്ചഭൂമി കണ്ടെത്തി കുടിയേറുന്നതു പോലെയല്ല മറ്റുള്ള ഭൂമി കയ്യേറുന്നത്. വിശേഷിച്ച് ഓരോ സ്ഥലത്തെയും തദ്ദേശീയജനവിഭാഗത്തിന്‍റെ ജീവസന്ധാരണത്തിന്റെ ഭാഗമായ ആവാസഭൂമിയിലേക്കുള്ള കുടിയേറ്റം. അവിടേയ്ക്ക് കുടിയേറുന്ന ആധുനിക മനുഷ്യന്‍ തങ്ങള്‍ സ്വായത്തമാക്കിയിട്ടുള്ള സവിശേഷ അറിവധികാരമുപയോഗിച്ച് മറ്റൊരു ജനവിഭാഗത്തെ അരികുവല്‍ക്കരിക്കുന്നുണ്ട്. കുടിയേറ്റത്തിന്റെ ചരിത്രം അന്വേഷിച്ചു പോകുമ്പോഴും അരികുവല്‍ക്കരണം കാണാന്‍ കഴിയും. എന്നാല്‍ മദ്ധ്യവര്‍ഗ്ഗ പൊതുബോധത്തില്‍ ഈ തദ്ദേശീയ ജനവിഭാഗങ്ങള്‍ക്കു സ്ഥാനം ലഭിക്കാറില്ല, അവരെ പാർശ്വവല്‍ക്കരിക്കുന്ന നടപടികള്‍ ചോദ്യം ചെയ്യപെടാറുമില്ല. ഇതുകൊണ്ടെല്ലാമാണ് “മിച്ചഭൂമി” സമരങ്ങള്‍ സ്വീകരിക്കാവുന്ന തരം മോഡലുകളാകുന്നതും കയ്യേറ്റങ്ങള്‍ തള്ളിക്കളയേണ്ടി വരുന്നതും.

അമേരിക്കന്‍ ഐക്യനാടുകള്‍ കല്ലോട് കല്ല്‌ നിർമ്മിച്ചതില്‍ കുടിയേറ്റത്തിന് വലിയ സ്ഥാനമുണ്ട്. ഇതേ കുടിയേറ്റം അമേരിക്കയെന്ന ഭൂപ്രദേശത്തിലെ തദ്ദേശീയ ജനവിഭാഗത്തെ (റെഡ് ഇന്ത്യന്‍സ്) അരികുവല്‍ക്കരിച്ചിട്ടുണ്ടെന്നുള്ള യാഥാര്‍ത്ഥ്യം എത്രപേര്‍ ഓര്‍ക്കുന്നുണ്ടാകും. പാരിസ്ഥിക ദര്‍ശനത്തില്‍ ഊന്നി അമേരിന്ത്യന്‍ ഗോത്രവര്‍ഗ്ഗ തലവനായിരുന്ന ‘സിയാറ്റിന്‍ മൂപ്പന്‍’ നടത്തിയ പ്രസംഗം കുടിയേറ്റ സംസ്ക്കാരത്തെ പ്രശ്നവല്‍ക്കരിക്കുന്നതിലെ രജത രേഖയാണ്:

“ആകാശത്തെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതെങ്ങിനെ? അല്ലെങ്കില്‍ മണ്ണിന്റെ ചൂടിനെ? ആ ചിന്ത ഞങ്ങള്‍ക്കു അപരിചിതമാണ്. അന്തരീക്ഷത്തിന്‍റെ നവനൈര്‍മല്യവും വെള്ളത്തിന്‍റെ വെട്ടിത്തിളക്കവും നമ്മുടേതല്ലെന്നിരിക്കെ നിങ്ങള്‍ക്കതെങ്ങിനെ വാങ്ങാനാകും?”

“വെളുത്ത ദൈവത്തിനു തന്‍റെ ചുവന്ന മക്കളെ സ്നേഹിക്കാന്‍ കഴിയുന്നില്ല. ഉണ്ടെങ്കില്‍ അവന്‍ അവരെ സംരക്ഷിക്കുമായിരുന്നു. അവര്‍ ആരും സഹായത്തിനില്ലാത്ത അനാഥരെപ്പോലെയാണ്.”

“ഞങ്ങളുടെ നോട്ടത്തില്‍ നിങ്ങളുടെ ദൈവം പക്ഷം പിടിക്കുന്നവനാണ്. അവന്‍ വന്നെത്തിയത് വെളുത്ത മനുഷ്യന്‍റെ അടുത്താണ്. ഞങ്ങള്‍ അവനെ കണ്ടിട്ടില്ല. ആ ശബ്ദം ഒരിക്കലും കേട്ടിട്ടില്ല. അവന്‍ വെളുത്ത മനുഷ്യനു നിയമസംഹിതകള്‍ കൊടുത്തു. പക്ഷെ, ആ വിശാലമായ ഭൂഖണ്ഡത്തില്‍ ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ തിങ്ങി നിറയുന്ന തന്‍റെ ചുവന്ന മക്കളോട് അവനു ഒന്നും പറയാനില്ലായിരുന്നു.”

“ഞങ്ങള്‍ക്കറിയാം, ഭൂമി മനുഷ്യന്‍റെയല്ല, മനുഷ്യന്‍ ഭൂമിയുടെതാണ്. ഞങ്ങള്‍ക്കറിയാം, ഒരു കുടുംബത്തെ ഒന്നാക്കുന്ന രക്തം പോലെ എല്ലാം തമ്മില്‍ ബന്ധിക്കപെട്ടവയാണ്. എല്ലാം തമ്മില്‍ ചേര്‍ക്കപെട്ടവയാണ്.”….chief-seattle-1

കേരളത്തിലെ തന്നെ സ്ഥിതി പരിശോധിച്ചാല്‍ ഞെട്ടിപ്പിക്കുന്ന കണക്കുകളും യാഥാര്‍ഥ്യങ്ങളുമാണ് കയ്യേറ്റം ചെയ്യപെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കാനുള്ള 1975-ലെ നിയമത്തോടെ പുറത്തുവന്നത്. ട്രൈബല്‍ ഡവലപ്‌മെന്റ് വകുപ്പ് (ITDP) നടത്തിയ വിശദമായ സര്‍വെയില്‍ നിന്നും വ്യക്തമായത് 1960-നു ശേഷം അട്ടപ്പാടി ബ്ലോക്കില്‍ മാത്രം 10,000 ഹെക്ടറിലധികം ആദിവാസി ഭൂമി കയ്യേറ്റം ചെയ്യപെട്ടുവെന്നാണ്. വ്യാജമായ രേഖകള്‍ നിര്‍മ്മിച്ചും, പ്രലോഭിപ്പിച്ചും, ആധുനികഭരണകൂടം നിര്‍മ്മിച്ച സിവില്‍ നിയമങ്ങളില്‍ വലിയ അവഗാഹം ഇല്ലാതിരുന്ന തദ്ദേശീയ ജനതയെ കബളിപ്പിച്ചും ഭൂമി തട്ടിയെടുത്ത കേസുകളാണ് ഏറെയും. കേരളത്തിലെ ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനുള്ള ഒരേ ഒരു നിയമം KST Act, 1975 [Kerala Scheduled Tribes (Restriction on Transfer and Restoration of Alienated Land) Act, 1975] മാത്രമാണ്. പത്തുവര്‍ഷം കഴിഞ്ഞിട്ട് 1986-ൽ മാത്രമാണു ഈ നിയമത്തിന് ചട്ടങ്ങളുണ്ടാക്കിയത്. നിയമമനുസരിച്ച് നിരവധിപേര്‍ തങ്ങളില്‍നിന്നും തട്ടിയെടുക്കപെട്ട ഭൂമി തിരിച്ചുകിട്ടാന്‍ അപേക്ഷ നല്‍കിയെങ്കിലും, 4000-ൽ ഏറെ പേരുടെ അപേക്ഷകള്‍ മാത്രമേ വ്യവഹാരത്തിന്റെ പരിഗണനയില്ലെങ്കിലും വന്നുള്ളൂ. ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ ഭൂമി തിരിച്ചെടുത്ത് നല്‍കാനുള്ള നടപടിക്രമം പൂര്‍ത്തീകരിച്ചിട്ടും സര്‍ക്കാര്‍ തുടര്‍ നടപടി എടുത്തില്ല. മാത്രമല്ല കയ്യേറ്റത്തെ ഭാഗികമായി സാധൂകരിക്കുന്ന മറ്റൊരു ഭേദഗതി 1999-ലെ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്നു. കയ്യേറ്റക്കാര്‍ കൈവശം വെക്കുന്ന ആദിവാസിഭൂമിക്ക്  5 ഏക്കര്‍ വരെ സാധുത നല്‍കി പകരം ഭൂമി സര്‍ക്കാര്‍ നല്‍കാനും, 5 ഏക്കറില്‍ കൂടുതല്‍ ഉള്ളവ തിരിച്ചുപിടിച്ച് നല്‍കാനുമായിരുന്നു ഭേദഗതി gauriammaനിര്‍ദേശിച്ചിരുന്നത്. ഗൌരിയമ്മ ഒഴികെയുള്ള 139 പ്രതിനിധികളും ആദിവാസി ഭൂമി കയ്യേറ്റത്തെ ലെജിറ്റമൈസ് ചെയ്യുന്ന ആ ഭേദഗതിക്കൊപ്പം നിന്നു. ആ നിയമത്തില്‍ തന്നെ പറയുന്ന 5 ഏക്കറില്‍ കൂടുതല്‍ കൈവശം വെച്ചിട്ടുള്ള ഭൂമി ഇന്നും തിരികെ പിടിച്ചു നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായിട്ടില്ലയെന്നുള്ളതും യാഥാര്‍ത്ഥ്യമാണ്. സ്വന്തമായി ഭൂമിയുണ്ടായിരുന്ന ഈ ജനവിഭാഗത്തിനു ഈ 2017-ലും ഭൂമിക്ക് വേണ്ടി സമരം ചെയ്യേണ്ടി വരുന്നത് തിരിച്ചറിയുമ്പോഴേ നാം പുളകം കൊള്ളുന്ന കേരളമോഡലിന്റെ പൊള്ളത്തരം മനസിലാക്കാന്‍ കഴിയൂ. പോയി പോയി “കയ്യേറിയ ഭൂമി തിരികെ നല്‍കുക” എന്നുള്ള മുദ്രാവാക്യം പോലും കേരളത്തിന്റെ തദ്ദേശീയ ജനവിഭാഗത്തിനു സ്വന്തമല്ലാതായിരിക്കുന്നു. “പകരം ഭൂമി”ക്കു വേണ്ടിയാണിപ്പോള്‍ അവര്‍ സമരം തുടരുന്നത്. പട്ടയം നല്‍കാന്‍ സർക്കാരിന്റെ പക്കൽ സ്ഥലമുണ്ടായിരിക്കെത്തന്നെയാണു പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കാന്‍ ഭൂമി ഇല്ലെന്ന് പറയുന്നതെന്നും മനസ്സിലാക്കുമ്പോഴേ വ്യവസ്ഥയുടെ വര്‍ഗ്ഗപരമായ താല്‍പര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയൂ. (http://www.doolnews.com/dinil-on-land-pesa-act-and-tribes-kerala-765.html)

[button color=”” size=”” type=”round” target=”” link=””]പട്ടയം നല്‍കാന്‍ സർക്കാരിന്റെ പക്കൽ സ്ഥലമുണ്ടായിരിക്കെത്തന്നെയാണു പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കാന്‍ ഭൂമി ഇല്ലെന്ന് പറയുന്നതെന്നും മനസ്സിലാക്കുമ്പോഴേ വ്യവസ്ഥയുടെ വര്‍ഗ്ഗപരമായ താല്‍പര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയൂ[/button]

ഇതിനോട് കൂട്ടിവായിക്കേണ്ട ഒരു സമരം ഇടുക്കി കളക്ടറേറ്റിനു മുന്നില്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഭൂമിശാസ്ത്രപരമായി മൂന്നാറിന് തൊട്ടുള്ള അടിമാലി പഞ്ചായത്തിലെ പടിക്കപ്പ് ആദിവാസി ഊരില്‍ മാത്രം 62 അനാദിവാസികളാണു ആദിവാസി ഭൂമി കയ്യേറി ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. വനാവകാശം ലഭിച്ചിട്ടുള്ള ആദിവാസി സെറ്റില്‍മെന്റുകളാണു ഇപ്പോള്‍ കയ്യേറ്റം ചെയ്യപെട്ടിരിക്കുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്. അതിനെ ആദിവാസികള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ആദിവാസി കുടിലുകള്‍ കത്തിക്കുകയും കയ്യേറ്റം ചെയ്യപെടുകയുമുണ്ടായി. മലയോരമേഖലയിലെ കര്‍ഷകന്റെ വീരചരിതം പാടിപ്പറയുന്ന കേരളത്തില്‍ ആദിവാസിഭൂമി പ്രശ്നം ചര്‍ച്ചചെയ്യപെടുന്നില്ലെന്നുള്ളതും തിരിച്ചറിയപെടേണ്ടതുണ്ട്. പടിക്കപ്പ് ആദിവാസി ഊരിൽ പ്രശ്‌നം ഇപ്പോഴും സങ്കീര്‍ണമായി തുടരുന്നു. (http://www.asianetnews.tv/news/fire-in-tribal-settlement)

മൂന്നാര്‍ എന്ന ഭൂപ്രദേശത്തിന്റെ യഥാര്‍ത്ഥ അവകാശികളെ അന്വേഷിച്ചു പോകുമ്പോഴും അത്തരമൊരു പുറംതള്ളല്‍ നടന്നിട്ടുള്ളതായി കാണാന്‍ കഴിയും. ആ ആദിവാസി ജനസമൂഹത്തിന്റെ പേരാണ് മുതവാന്മാര്‍. സ്വന്തം മണ്ണില്‍ നിന്നും അധിനിവേശ താല്‍പര്യങ്ങള്‍ പുറംതള്ളിയ ജനവിഭാഗം. നടത്തിയത് ബ്രിട്ടീഷ് കൊളോണിയലിസം. വേനല്‍കാലത്ത്  പോലും ഈര്‍പ്പം കിനിയുന്ന മൂന്നാറിലെ കറുത്ത മണ്ണിനെ തിരിച്ചറിഞ്ഞത് ജോൺ ഡാനിയല്‍ മൺറോ എന്ന ബ്രിട്ടീഷുകാരനായിരുന്നു. കാടിനുള്ളില്‍ കൃഷിക്ക് അനുകൂലമായ ഭൂമി കണ്ടെത്താന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചത് നാളത്രയും ആ ആവാസവ്യവസ്ഥയില്‍ കൃഷിചെയ്തു ജീവിച്ചു പോന്നവരായ മുതവാന്മാരെ ആയിരുന്നു. മഴക്കാടുകളാൽ സമൃദ്ധമായ കൃഷിഭൂമി കണ്ടെത്തി കഴിഞ്ഞപ്പോള്‍ ഭൂമി വെട്ടിപിടിച്ച അധിനിവേശ ശക്തികള്‍ക്ക് ആദിവാസികള്‍ അധികപറ്റാവുകയും അവരെ അവരുടെ ആവാസവ്യവസ്ഥയില്‍ നിന്നും കുടിയിറക്കുകയും ചെയ്തു. അവരെ കോളനികള്‍ നിര്‍മ്മിച്ചു മൂന്നാറിന് പുറത്താക്കി. മൂന്നാറിലെ കയ്യേറ്റക്കാര്‍ക്ക് ഭൂമി നല്‍കണം എന്നു പറയുന്നവര്‍ ഈ ആദിവാസി ഗോത്രങ്ങള്‍ക്ക് മൂന്നാര്‍ തിരികെ നല്‍കണം എന്നു പറയുകയില്ല. കാരണം ചരിത്രം എവിടെ നിന്നും തുടങ്ങണം എന്നു തീരുമാനിക്കുന്നത് അധീശവ്യവഹാരങ്ങളാണ്. അതില്‍ ആദിവാസിക്ക് stake ഇല്ല. പശ്ചിമഘട്ടത്തിന്‍റെ തടവുകാരായാണു കേരളത്തില്‍ ആദിവാസികള്‍ ഇന്നും ജീവിക്കുന്നത്. (http://www.asianetnews.tv/magazine/kp-jayakumar-column-on-the-real-owners-of-munnar)

ചൂഷണവും പൊതുബോധവും മാത്രാവാദവും:
പ്രകൃതിയെ ചൂഷണം ചെയ്ത് പുരോഗതി പ്രാപിക്കാനുള്ള ശാസ്ത്ര സാങ്കേതിക മാതൃകയാണ് പോസ്റ്റ് കൊളോണിയല്‍ കാലത്തും ഇന്ത്യയിലും സ്വീകരിച്ചു പോരുന്നത്. ഏതു ഭൂമിയും വെട്ടിപിടിക്കാമെന്നും അതിനെ ചൂഷണം ചെയ്തു എക്കാലത്തേക്കും ജീവിക്കാമെന്നുമുള്ള ബോധത്തില്‍ തന്നെയാണ് ഇപ്പോഴും കയ്യേറ്റത്തിന് അനുകൂലമായ പൊതുബോധം നിലനില്‍ക്കുന്നത്. വലതുപക്ഷ മാദ്ധ്യമങ്ങള്‍ ചൂഷണത്തെ ലെജിറ്റമൈസ് ചെയ്യാനുള്ള പൊതുബോധത്തിനോപ്പമാണ് എല്ലാകാലത്തും നിന്നിട്ടുള്ളത്. എന്നാല്‍ ഇതേ മാദ്ധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ തൊഴിലാളികളും വലതുപക്ഷ വ്യവസ്ഥയെ ന്യായീകരിക്കുന്നവരാണെന്നു സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല. നിങ്ങള്‍ പൊതുബോധത്തിനു എതിരാണോ അല്ലയോ എന്നുള്ളതല്ല അടിസ്ഥാനപരമായ ചോദ്യം. നിങ്ങള്‍ നിലനില്‍ക്കുന്ന ചൂഷണ വ്യവസ്ഥയ്ക്കു എതിരാണോ അല്ലയോ എന്നുള്ളതാണ്. ചൂഷണ വ്യവസ്ഥയാണ് അതിനു ആവശ്യമായ പൊതുബോധം സൃഷ്ടിക്കുന്നത്. അറിവും, സാങ്കേതികജ്ഞാനവും മാദ്ധ്യമങ്ങള്‍ അടക്കമുള്ള പ്രൊപ്പഗാൻഡ സംവിധാനങ്ങളും അധികാര വ്യാപനത്തിനുള്ള ഉപകരണങ്ങളായി പ്രയോഗിച്ചാണു പൊതുബോധ നിര്‍മ്മിതി സൃഷ്ടിക്കുന്നത് എന്നത് ലളിതമായ വസ്തുതയാണു. ചൂഷണവ്യവസ്ഥയെയാണു പ്രശ്നവല്‍ക്കരിക്കുന്നതെങ്കില്‍ ബാക്കിയെല്ലാം അതിന്റെ പിന്നാലെ പോരും. ചൂഷണ വ്യവസ്ഥയെ കുറിച്ച് നിശബ്ദത പാലിക്കുകയും കക്ഷിരാഷ്ട്രീയ താല്പര്യങ്ങളിൽ അകപെട്ടു മാദ്ധ്യമങ്ങളെ മാത്രം പ്രശ്നവല്‍ക്കരിക്കാന്‍ ഇറങ്ങി തിരിച്ചാല്‍ മോഡി ബ്രിഗേഡിനും കാണും പല ന്യായീകരണങ്ങളും പറയാന്‍. കേവലമായുള്ള പ്രശ്നവല്‍ക്കരണം നടക്കുമ്പോഴാണ് കയ്യേറ്റത്തെ കുറിച്ച് സംസാരിക്കാതിരിക്കുന്നതും ചൂഷണം ചെയ്യപെടുന്ന തൊഴിലാളി ജീവിതങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കുന്നതും, മുതലാളിത്തത്തിന്‍റെ മര്‍ദ്ദക സ്വഭാവത്തെ കുറിച്ച് നിശബ്ദരാകുന്നതും. പലര്‍ക്കും മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും നാല് നേരം ഭള്ളു പറഞ്ഞാൽ മതി. ഇത്തരം സേഫ്റ്റി വാല്‍വുകള്‍ യഥാര്‍ഥത്തില്‍ സംരക്ഷിക്കുന്നതു ചൂഷകരെയും മര്‍ദ്ദകരെയുമാണ്.

മൂന്നാറിലെ കയ്യേറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായി വരുമ്പോള്‍ ഉടനെ വരുന്ന മറ്റൊരു ചോദ്യം മൂന്നാറില്‍ മാത്രമാണോ കയ്യേറ്റമുള്ളത് എന്നാണു. ഒരു ക്രിമിനല്‍ കുറ്റകൃത്യത്തെ മറ്റൊന്നുമായി താരതമ്യപെടുത്തി വിഷയത്തിന്‍റെ കാതലായ പ്രശ്നങ്ങളെ ലഘൂകരിക്കാനാണ് “മാത്രമാണോ” എന്നുള്ള താരതമ്യയുക്തി  ഉപയോഗിക്കുന്നത്. ഒന്നാമതായി മൂന്നാറിലെ കയ്യേറ്റം “മാത്രമല്ല” എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കണം. അതില്‍ മൂന്നാറിന് പ്രാധാന്യം കൈവരുന്നത് ആ ഭൂപ്രദേശത്തിനെ സവിശേഷത കൊണ്ടു തന്നെയാണ്. അല്ലാതെ മറ്റിടങ്ങളെ ഒഴിവാക്കണം എന്നുള്ളതുകൊണ്ടല്ല. വ്യവസ്ഥയുടെ സംരക്ഷകരായി പ്രവര്‍ത്തിക്കുന്ന കക്ഷികളെ വിമര്‍ശനവിധേയമാക്കുക എന്നുള്ള ഉത്തരവാദിത്തപ്പെട്ട ജോലി ചെയ്യുന്ന എത്ര മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടിന്നു കേരളത്തില്‍. ഒന്നുകില്‍ സി.പി.എം വിമര്‍ശനം മാത്രം. അല്ലെങ്കില്‍ ബി.ജെ.പി വിമര്‍ശനം മാത്രം. അതുമല്ലെങ്കില്‍ കോണ്‍ഗ്രസ് വിമര്‍ശനം. ഇങ്ങനെ സ്വന്തം കക്ഷി രാഷ്ട്രീയ താല്‍പര്യത്തിനപ്പുറം വ്യവസ്ഥയെ ചോദ്യം ചെയ്യും വിധം തങ്ങളുടെ തൊഴിലിനെ ഉപയോഗിക്കുന്ന മാധ്യമ പ്രവര്‍ത്തന രീതി കുറഞ്ഞു വരുന്നതായി കാണാം. ഇവന്‍റുകള്‍ (നടന്ന സംഭവങ്ങൾ) റിപ്പോര്‍ട്ട് ചെയ്യുക എന്നുള്ളതിനപ്പുറം ആ സംഭവം നടക്കുന്നതിനു കാരണമായ വ്യവസ്ഥയെ കുറിച്ചു ആവശ്യമായ സമയമെടുത്തു പഠനം നടത്തി അവതരിപ്പിക്കുന്ന സമ്പ്രദായം ചുരുങ്ങി വരുന്നു. അതിസൂക്ഷ്‌മതയോടെ വസ്തുതകളെ കൃത്യമായി പുനഃപ്രതിഷ്‌ഠിക്കുന്ന പ്രക്രിയയാകണം മാദ്ധ്യമപ്രവര്‍ത്തനം. അല്ലാത്തിടത്തോളം ആ പ്രവര്‍ത്തനത്തിനു ഭരണവര്‍ഗ്ഗത്തെ ചോദ്യം ചെയ്യാനുള്ള കഴിവുണ്ടാകില്ല. ജാനാധിപത്യ വ്യവസ്ഥയില്‍ എപ്പോഴും പ്രതിപക്ഷത്തിരിക്കുകയെന്നുള്ളത് (permanent opposition) ഉത്തരവാദിത്ത ബോധവും കഴിവുമുള്ള എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും ആദ്യതിരഞ്ഞെടുപ്പായിരിക്കും. എന്നാൽ പല ഭിക്ഷാംദേഹികളെ സംബന്ധിച്ചും മാധ്യമപ്രവർത്തനമെന്നാൽ ഡല്‍ഹിയിലെന്ന പോലെ കേരളത്തിലും ഭരണവര്‍ഗ്ഗ പാര്‍ട്ടികളുടെ പി.ആര്‍ പണിയായി മാറി. അധികാര വര്‍ഗ്ഗ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന നിലപാടെടുത്തുകൊണ്ട്  അടുത്ത ജോണ്‍ ബ്രിട്ടാസോ, വീണ ജോര്‍ജ്ജോ, നികേഷ് കുമാറോ ആകാനുള്ള “ഉപരിപഠന”ത്തില്‍ ആണു പലരും.

ജനം > അവര്‍ നേരിടുന്ന ചൂഷണങ്ങള്‍ > ചൂഷണങ്ങളെ നിര്‍വചിക്കല്‍ > നിര്‍വചിക്കുമ്പോള്‍ കണ്ടെത്തുന്ന വ്യവസ്ഥ > പ്രത്യയശാസ്ത്രം > വ്യവസ്ഥക്കെതിരെയുള്ള ബദല്‍ നിര്‍മ്മിക്കാനുള്ള പോരാട്ടങ്ങള്‍ > പോരാട്ടത്തിനായി ഉണ്ടാക്കുന്ന സംഘടന > സംഘടനയുടെ നടത്തിപ്പിനായി കണ്ടെത്തുന്ന സംഘടനാരീതികള്‍. ഇങ്ങനെയാണ് ചരിത്രത്തില്‍ സംഘടനയും സംഘടനാ രീതികളും ഉണ്ടായത്. എന്നാല്‍ നമ്മുടെ തലമുറയുടെ ദൌര്‍ഭാഗ്യം കൊണ്ട് ആദ്യം സംഘടനാരീതിക്കും പിന്നെ സംഘടനയ്ക്കുമായി പ്രാധാന്യം. പ്രായോഗിക വാദക്കാര്‍ വ്യവസ്ഥക്കെതിരെയുള്ള പോരാട്ടവും പ്രത്യയശാസ്ത്രവും അട്ടത്തു വെച്ചു. നയപരമായി വിയോജിച്ചാല്‍ പോലും ഉടനെ നോക്കുക സംഘടന തത്വം ലംഘിച്ചിട്ടുണ്ടോയെന്നാണ്. അങ്ങനെ ചൂഷണ വ്യവസ്ഥയുടെ ആളുകളുമായി സന്ധിയായി ആയി, ചൂഷണം സ്വൈര്യവിഹാരം തുടരുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ ബാക്കിയാകുന്നു.

സര്‍ക്കാര്‍ ഭൂമി അഥവാ കേരളത്തിന്‍റെ പൊതുഭൂമി
സര്‍ക്കാര്‍ഭൂമി എന്നുപറഞ്ഞാല്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അവകാശപെട്ട പൊതുഭൂമിയാണ്. ഈ പൊതുഭൂമി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണു തിരഞ്ഞെടുക്കപെടുന്ന സര്‍ക്കാരിനുള്ളത്. അത് മുഴുവന്‍ ജനങ്ങള്‍ക്കും ഉപകാരപ്പെടും വിധം വിനിയോഗിക്കുക എന്നുള്ളതു തെരഞ്ഞെടുക്കപെട്ട ജനപ്രതിനിധികളുടെ കൂടി ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം നടപ്പിലാക്കിയില്ല എന്നുള്ളതാണു ഇത്രയും കാലം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ ചെയ്തിട്ടുള്ളതു. വി.എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് പൊതുഭൂമി കയ്യേറ്റക്കാരില്‍ നിന്നും തിരിച്ചു പിടിക്കാനും അതിനായി മാത്രം പ്രത്യേകം ഒരു ടീമിനെ നിയോഗിക്കുന്നതും ഏകദേശം പന്തീരായിരത്തോളം (https://www.facebook.com/permalink.php?story_fbid=442824472731018&id=100010104068724) ഭൂമി തിരിച്ചു പിടിക്കുന്നതും. v-s-a3അതിനു മുമ്പ് അത്തരമൊരു നീക്കം മറ്റൊരു സര്‍ക്കാരുകളുടെ കാലത്തും ഉണ്ടായിട്ടില്ല. ആരെയും ഭയക്കാതെ, എല്ലാവരെയും വെല്ലുവിളിച്ച്‌, ഒരു നിയമത്തെയും മാനിക്കാതെ നാളത്രയും അഴിഞ്ഞാടിയവരുടെ കണ്ണുകളില്‍ നിരാശയും, ഭയവും, നിസഹായതയും ഉണ്ടാക്കിയതിന്‌ വി.എസ് എന്ന ജനകീയ നേതാവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. മലയാള മനോരമക്കോ, ഉമ്മന്‍ ചാണ്ടിക്കോ, കെ.വേണുവിനെ പോലുള്ള ബൂര്‍ഷ ജാനാധിപത്യവാദിക്കോ / ലിബറലുകള്‍ക്കോ അതില്‍ വേദനിച്ചുവെങ്കില്‍ നന്നായിപോയി എന്നെ പറയാനുള്ളൂ. വി.എസിന്‍റെ സമയത്തു രണ്ടു സെന്റിലും മൂന്നു സെന്റിലും ജീവിക്കാനായി വീട് വെച്ചവരെ കുടിയിറക്കിയിട്ടില്ല. കുടിയേറ്റവും കയ്യേറ്റവും തമ്മില്‍ വ്യത്യാസമുണ്ടെന്നുള്ള നയം അക്കാലത്ത് വ്യക്തമായി പറയുകയും ചെയ്തിരുന്നു. ഒന്നായി കാണണമെന്നു പറയുന്നവന്‍ സത്യത്തില്‍ വാദിക്കുന്നത് കയ്യേറ്റകാരനെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. ടാറ്റ രാജിന് അറുതി വരുത്തുന്ന നവീന മൂന്നാര്‍ പദ്ധതി വി.എസ് സര്‍ക്കാരിന്‍റെ സമയത്ത് പ്രഖ്യാപിച്ചിരുന്നു. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കു പാര്‍പ്പിടവും കന്നുകാലി വളര്‍ത്തല്‍ അടക്കമുള്ള സാമ്പത്തിക വരുമാനം ഉറപ്പുവരും വിധമായിരുന്നു പദ്ധതി. ഇപ്പോഴത്‌ എവിടെയെങ്കിലും പൊടിപറ്റി പിടിച്ചു കിടക്കുന്നുണ്ടാകും.

എന്തായിരുന്നു മൂന്നാർ‍ ഓപ്പറേഷൻ?
1996-2006 കാലഘട്ടത്തിലാണ് മൂന്നാറില്‍ വ്യാപകമായി ഭൂമി കയ്യേറ്റം നടക്കുന്നത്. കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അവകാശപെട്ട പൊതുഭൂമി കയ്യേറുക, അനധികൃതമായി  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക അതില്‍കൂടി ലാഭമുണ്ടാക്കുക തുടങ്ങിയ നീക്കങ്ങള്‍ മൂന്നാറില്‍ വ്യാപകമായി നടന്നിരുന്നു. എലമല കാടുകള്‍sureshkumar1 അടക്കമുള്ള സ്ഥലങ്ങളില്‍ വമ്പന്‍ റിസോര്‍ട്ടുകള്‍ പണിതു കച്ചവടം നടത്തുന്നതും ഇതേ കാലഘത്തിലാണ്. വി.എസ് പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ പലവട്ടം ഉന്നയിച്ചിട്ടുള്ള ഈ വിഷയം മുഖ്യമന്ത്രിയായപ്പോള്‍ ഏറ്റെടുക്കുകയും കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 2007 ഏപ്രിൽ മാസത്തില്‍ അന്നത്തെ മന്ത്രിസഭ മൂന്നാറിലെ കയ്യേറ്റങ്ങള്‍ തിരിച്ചു പിടിക്കാന്‍ തീരുമാനിക്കുന്നു. മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ ഭാഗമായി ഒരുദ്യോഗസ്ഥനെ ഇതെല്ലാം കോർഡിനേറ്റ് ചെയ്യാന്‍ മൂന്നാറിലെക്ക് അയക്കാനും തീരുമാനിക്കുന്നു. യോഗത്തില്‍ എ. സുരേഷ് കുമാര്‍ ഐ.എ.എസിന്റെ പേര് വി.സ് നിര്‍ദ്ദേശിക്കുകയും കോടിയേരി ബാലകൃഷ്ണന്‍ തീരുമാനം എഴുതി തയ്യാറാക്കുകയും ചെയ്യുന്നു. തുടര്‍ന്നു മെയ്‌ മാസത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.

ഒന്നാം മൂന്നാര്‍ ദൗത്യ സംഘം:
മൂന്നാറിലും സമീപ പ്രദേശങ്ങളിലുമുള്ള കയ്യേറ്റങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ നടത്തിയിരുന്നു. നേരത്തെ നോട്ടീസ് കൊടുക്കും. പക്ഷെ ഒരിക്കലും ഒരു നടപടിയിലേക്ക് അവ നീങ്ങിയിരുന്നില്ല. കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ശ്രമിച്ച ഉദ്ദ്യോഗസ്ഥരെ സ്വാധീനിച്ചും, വഴങ്ങാത്തവരെ ഭീഷണിപെടുത്തിയും സ്ഥലം മാറ്റിയുമാണ് അധികാരകേന്ദ്രങ്ങളില്‍ ബന്ധമുണ്ടായിരുന്ന കയ്യേറ്റക്കാര്‍rishiraj2 സംസ്ഥാനത്തിന്റെ ഭൂമി കയ്യടക്കി വെച്ചത്. ഇതന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിവിധ കമ്മീഷനുകള്‍ എല്ലാം തന്നെ ഇതു കയ്യേറ്റമാണെന്ന് റിപ്പോര്‍ട്ട് കൊടുത്തിരുന്നു. രാജന്‍ മാഥെക്കാര്‍ റിപ്പോര്‍ട്ട്, നിവേദിതാ ഹരൻ റിപ്പോര്‍ട്ട്, സനല്‍ കുമാര്‍ റിപ്പോര്‍ട്ട് എന്നിവയിലെല്ലാം ഇതു സ്ഥിതീകരിച്ചിട്ടുണ്ട്‌. അങ്ങനെ കയ്യേറ്റങ്ങളെ ഒഴിപ്പിക്കാന്‍ തീരുമാനിച്ച സംസ്ഥാന കാബിനറ്റ് യോഗം അവിടുത്തെ നടപടി ക്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സുരേഷ് കുമാറിന്റെ ചുമതലപ്പെടുത്തി മൂന്നാറിലേക്ക് അയച്ചു. അദ്ദേഹത്തെ സഹായിക്കാനായി ഋഷിരാജ് സിംഗിനെ കൂടി അയക്കുകയും അവിടുത്തെ അനധികൃത കയ്യേറ്റങ്ങളുടെ മുഴുവന്‍ ലിസ്റ്റുംrajunarayana3 എടുക്കുന്നതിനും റവന്യൂ വകുപ്പിന്റെ ചുമതലകള്‍ കാര്യക്ഷമമായി നോക്കുന്നതിനും രാജു നാരായണ സ്വാമിയെ കലക്ടർ ആയി നിയമിക്കുകയും ചെയ്തു. സുരേഷ് കുമാറിന്റെ മേല്‍ നോട്ടത്തില്‍ അതാതു വകുപ്പുകള്‍ ആണ് കയ്യേറ്റം ഒഴിപ്പിച്ചിട്ടുള്ളത്. ഇതിനു ശേഷവും ദൌത്യസംഘങ്ങള്‍ ഉണ്ടായി. ചിലതെല്ലാം ഒഴിപ്പിച്ചെടുക്കുകയും ചെയ്തു.

ആവശ്യമായ രേഖകള്‍ ഇല്ലാത്തത് കൊണ്ട് കോടതിയില്‍ തോല്‍ക്കുമെന്ന പ്രചരണം:
മൂന്നാറിലെയും പരിസര പ്രദേശത്തെയും ഭൂമി കയ്യേറ്റത്തെ തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഇല്ലെന്ന് പലരും പ്രഖ്യാപിക്കുന്നത് കേട്ടിട്ടുണ്ട്. ആസൂത്രണ ബോര്‍ഡ് അംഗമായ ബി ഇക്ബാലും മൂന്നാറിന്റെ കാര്യത്തില്‍ രേഖകള്‍ ഇല്ലെന്നും മുന്‍കാലത്തെ ഒഴിപ്പിക്കലുകള്‍ കോടതിയില്‍ തോറ്റെന്നും  കഴിഞ്ഞ ദിവസം എഴുതിക്കണ്ടു. മൂന്നാറിനെയും പരിസര പ്രദേശങ്ങളെയും സംബന്ധിച്ച പ്രധാനപെട്ട രേഖകള്‍ വി.എസ് അച്ചുതാനന്ദന്‍ സര്‍ക്കാരിന്‍റെ സമയത്തെ ദൌത്യസംഘം കണ്ടെത്തിയിട്ടുള്ളതാണ്. അവയില്‍ ചിലത് താഴെ പറയുന്നവയാണ്:
The Kannan Devan Hill Concession.
The KDH (Resumption of Lands) Act 1971.
Land Board Award.
The Travancore Cochin General Closses.
1977-ല്‍ സര്‍വേ നടത്തിയതിന്‍റെ രേഖകള്‍.

42 കയ്യേറ്റക്കേസുകള്‍ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് അനുകൂല വിധി സമ്പാദിച്ച അഡ്വക്കേറ്റ് അനിലിനെ ഓര്‍ക്കേണ്ടതാണ്. വി എസ്  സര്‍ക്കാരിനു മുമ്പും അതിനു ശേഷവും റവന്യൂ ഉദ്യോഗസ്ഥര്‍ സ്വന്തം നിലയില്‍ നിയമം നടപ്പിലാക്കാന്‍ നോക്കുകയും പരാജയപെടുകയും ചെയ്തിട്ടുണ്ട്. എങ്കിലും കയ്യേറ്റം ഒഴിപ്പിക്കാന്‍ ഇച്ഛാശക്തിയോടെ ഒരു സര്‍ക്കാര്‍ നീങ്ങിയത് അന്ന് ആദ്യമായിട്ടായിരുന്നു. പൊതുഭൂമിയെന്ന ഈ സംസ്ഥാനത്തെ എല്ലാ ജനങ്ങളുടെയും വസ്തു ചില സ്വകാര്യ വ്യക്തികള്‍ മൂലധനവര്‍ദ്ധനവിനായി കയ്യേറി ഉപയോഗിക്കുകയും നിയമ-നീതിന്യായ മൂല്യങ്ങളെ നോക്കുകുത്തിയാക്കുകയും ചെയ്യുന്ന സമയത്ത് അതിനെ ചോദ്യം ചെയ്യാന്‍ ഒരു മുഷ്ടി പൊന്തിയപ്പോള്‍ അതിനായിരുന്നു കയ്യടി ലഭിച്ചത്. വ്യവസ്ഥ വിരുദ്ധത എന്നുള്ള മാര്‍ക്സിസ്റ്റ് ഉള്ളടക്കവും ആ നപടികള്‍ക്ക് ഉണ്ടായിരുന്നു. തകര്‍ത്തവയെല്ലാം തന്നെ റിസോർട്ടുകളും വന്‍കിട കയ്യേറ്റങ്ങളുമായിരുന്നു. വിവാദങ്ങളില്‍ പെട്ട പാര്‍ട്ടി ഓഫീസുകള്‍ മാത്രമല്ല അന്നു ഒഴിപ്പിച്ചത്. വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുടെ അജണ്ടകള്‍ വ്യക്തവുമാണല്ലോ. മൂന്നാര്‍ ദൌത്യം അന്നുംmmmani-111 പരാജയപെടാന്‍ ഇടയായ പ്രധാനപെട്ട ഒരു കാര്യം എം.എം മണിയുടെ അനുജനും സി.പി.എം. ജില്ലാകമ്മിറ്റി അംഗവുമായ എം.എം ലംബോദരന്‍ എന്ന പ്ലാന്റേഷന്‍ മുതലാളിയാണെന്ന കാര്യം ഇപ്പോഴും ചര്‍ച്ച ചെയ്യപെടാതെ പോകുന്ന ഒന്നാണു. മലപ്പുറം സമ്മേളനം കഴിഞ്ഞിട്ടും വി.എസ് പക്ഷത്ത് ഉറച്ചു നിന്നിരുന്ന എം.എം മണി അനിയന്‍റെ കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയപ്പോള്‍ ഒറ്റദിവസം കൊണ്ടു പക്ഷം മാറി. തൊട്ടു മുന്നത്തെ തിരഞ്ഞെടുപ്പില്‍ വി.എസിനെ മത്സരിപ്പിക്കണം എന്നു പറഞ്ഞു ആദ്യം പ്രമേയം പാസാക്കിയ ജില്ലകമ്മിറ്റിയുടെ സെക്രട്ടറി അനിയന്‍റെ കാര്യം വന്നപ്പോള്‍ കാലുവെട്ടുമെന്നായി. മണിയുടെ മാറ്റങ്ങള്‍ ഇക്കാലമത്രയും സി.പി.എമ്മിലെ ആഭ്യന്തരപ്രശ്നമായിരുന്നുവെങ്കില്‍ ഇന്നതു സംസ്ഥാനത്തിന്‍റെ ജനങ്ങളെ സംബന്ധിക്കുന്ന വിഷയമാണ്. കാരണം അതേ മണിയെയാണു മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്ന പ്രവര്‍ത്തിക്ക് ചുക്കാന്‍ പിടിക്കാന്‍ ഒരു സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.

കോടതിയില്‍ കേസുകള്‍ മുഴുവന്‍ തോറ്റിട്ടുണ്ടോയെന്നു വസ്തുതാപരമായി പരിശോധിച്ചാല്‍ ആ വാദം തെറ്റാണെന്നത് കാണാന്‍ കഴിയും. ആകെ അതിനു അപവാദം പറയാന്‍ കഴിയുന്ന പേരുകള്‍ കോട്ടയത്തെ കത്തോലിക്ക പ്രമാണിയും രാഷ്ട്രീയ അധികാരകേന്ദ്രവുമായ കെ.എം മാണിയുടെ അടുത്ത ബന്ധുവിന്‍റെ ഉടമസ്ഥതയില്‍ ഉള്ള (മരുമകന്‍) ക്ലൌഡ് 9-നും, പിന്നെ അബാദ്, മൂന്നാര്‍ വുഡ്സ് എന്നീ പേരിലുള്ള റിസോര്‍ട്ടുകളുമായിരുന്നു. 2007-ല്‍ കയ്യേറ്റം ഒഴിപ്പിച്ചു ദൗത്യസംഘം ഏറ്റെടുത്ത ഈ ഭൂമി വിട്ടു കൊടുക്കാനായി കേരള ഹൈ കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഒരാസാധാരണ വിധിന്യായം പ്രസ്താവിച്ചിരുന്നു. ഈ പറയുന്ന കേസ് നടക്കുമ്പോള്‍ വി.എസ് മുഖ്യമന്ത്രിയായിരുന്ന സര്‍ക്കാര്‍ ആയിരുന്നില്ല അധികാരത്തില്‍ ഉണ്ടായിരുന്നത്. ചിലര്‍ വരുമ്പോള്‍ കോടതിയില്‍ സര്‍ക്കാര്‍ വാദം തോൽക്കുന്നതിനു ഉദാഹരണങ്ങള്‍ ഉണ്ട്!! ഐസ്ക്രീം കേസിന്റെ കാര്യത്തില്‍ ഇതു പലവട്ടം കണ്ടതാണ്. വി എസ് സര്‍ക്കാരിന്‍റെ സമയത്ത് കേസുകള്‍ വിജയിക്കുകയായിരുന്നു എന്നുള്ളതിന്റെ തെളിവുകളാണു അന്നത്തെ അഭിഭാഷകന്‍ സ്റ്റേറ്റിനു അനുകൂലമായി വാങ്ങിയ വിധികള്‍.

ചിന്നകനാലിലാണ് ക്ലൌഡ് 9 എന്ന റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. CHR (Cardamom Hill Reserve) വനഭൂമിയാണെന്നുള്ളത് കേരള ഹൈ കോടതിയിലും സുപ്രീം കോടതിയിലും കേരളം രണ്ടു അഫിഡവിറ്റുകള്‍ കൊടുത്തിട്ടുള്ളതാണ്. ‍CHR, ഏലമല റിസർവ്വ് പ്രദേശം, വനഭൂമിയാണെന്നും അവിടെ കെട്ടിട നിര്‍മ്മാണത്തിന് അനുവാദമില്ലെന്നുമാണു അര്‍ത്ഥം. ഏലം പാട്ടനിയമം ഇപ്പോള്‍ നിലവിലില്ലെന്നും അതുകൊണ്ട് തന്നെ തങ്ങള്‍ കുറച്ചു കാലം കൈവശം വെച്ച് അനുഭവിച്ചത് കൊണ്ട് ആ ഭൂമി തങ്ങള്‍ക്ക് അവകാശപെട്ടതുമാണെന്നാണ് കയ്യേറ്റക്കാരായ റിസോര്‍ട്ട് മുതലാളിമാരുടെ പ്രധാന വാദം. എന്നാല്‍ 1960-ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ജെനറല്‍ ക്ലോസ്സസ് പ്രകാരം ഏല പാട്ടനിയമം കാലഹരണപെട്ട ഒന്നല്ല / ഇപ്പോഴുമല്ല. ആ സ്ഥലങ്ങളെല്ലാം സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിച്ചു കൊള്ളാമെന്നു കേരള സര്‍ക്കാര്‍ തന്നെ സുപ്രീം കോടതിയില്‍ അഫിഡവിറ്റ് സമര്‍പ്പിചിട്ടുള്ളതുമാണ്. കുറച്ചു കാലം കൈശംവച്ചതു കൊണ്ട് അതൊരിക്കലും ഒരാളുടെ സ്വന്തമാകില്ല. അതുകൊണ്ട് തന്നെ ക്ലൌഡ് 9-ന്റെ സ്വന്തമാണെന്ന കോടതി വിധി മേൽക്കോടതിയില്‍ പോയാല്‍ തള്ളി പോകുക തന്നെ ചെയ്യും. ഏലം പട്ടയം കലക്ടർ നോട്ടീസ് നല്‍കി സര്‍ക്കാര്‍ ഭൂമിയാണെന്നു കണ്ടെത്തി ഏറ്റടുക്കുകയായിരുന്നു. പുറംപോക്ക് തഹസില്‍ദാര്‍ നോട്ടീസ് നല്‍കി അതിനു രേഖകള്‍ ഇല്ലെന്നു കണ്ടെത്തി ഏറ്റെടുക്കുകയായിരുന്നു. ഒരേ സമയം കട്ടപ്പനയിലെ കോടതിയിലും കേരള ഹൈ കോടതിയിലുമായി മൂന്നു ഹര്‍ജികള്‍ കൊടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് പക്ഷെ പട്ടയത്തിന്റെ രേഖകള്‍ 2007-ല്‍ കോടതി സമക്ഷം ഹാജരാക്കാനായിരുന്നില്ല എന്നുള്ളത് ചരിത്രമാണ്.

മൂന്നാര്‍ ഓപ്പറേഷന് വമ്പിച്ച ജനപിന്തുണ ലഭിച്ചപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞ വാചകങ്ങള്‍ ഇതായിരുന്നു. “മൂന്നാര്‍ ഓപ്പറേഷന്‍pinarayi--i2 പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനത്തിന്റെ ഭാഗമായിരുന്നു, ഏതെങ്കിലും വ്യക്തിക്ക് ഒറ്റയ്ക്ക് ഇതൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ഏതെങ്കിലും സുന്ദരവിഡ്ഢികള്‍ കരുതുന്നുവെങ്കില്‍ അവര്‍ക്കെല്ലാം നല്ല നമസ്ക്കാരം.” പക്ഷെ, നിയമവിരുദ്ധ വിധിന്യായം ഉണ്ടായപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ വിജയനും പാര്‍ട്ടിയെയും കേരളം കണ്ടില്ല. വി.എസ് എന്ന അന്നത്തെ പ്രതിപക്ഷനേതാവ് മാത്രം പത്രസമ്മേളനം നടത്തി. ഈ വിധിക്കെതിരെ സുപ്രീം കോടതിയില്‍ പിന്നീട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയും വൺ എര്‍ത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടന കക്ഷിചേരുകയും ഹൈകോടതി വിധി സ്റ്റേചെയ്യുകയുമുണ്ടായി. എലകൃഷിക്ക് പാട്ടത്തിനു നല്‍കിയ ഭൂമിയില്‍ റിസോര്‍ട്ടുകള്‍ എങ്ങനെ വെന്നുവെന്നുള്ള ചോദ്യം സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായത് ഒരുപക്ഷേ താല്‍പരകക്ഷികള്‍ക്ക് ഓര്‍മ്മകാണില്ല.

ഏകദേശം 17,000 ഏക്കര്‍ ഭൂമി ടാറ്റയുടെ കയ്യില്‍ നിന്നും തിരിച്ചു പിടിക്കുകയും അത് പിന്നീട് വനഭൂമിയായി നോട്ടിഫൈ ചെയ്യുകയുമുണ്ടായി. രേഖകള്‍ ഇല്ലാതെ ഇതെല്ലാം നടക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ചിലപ്പോള്‍ സൈബര്‍ സ്പേസിലെ ഭൂരിപക്ഷമായ മിഡില്‍ക്ലാസിനെ കിട്ടുമായിരിക്കും. സാങ്കേതികമായി മൂന്നാര്‍vs-b3 ദൌത്യസംഘത്തിനു അവിടെയുള്ള മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയുമ്പോള്‍ പോലും വി.എസ് ഉന്നയിച്ച ചൂഷണ വിരുദ്ധ രാഷ്ട്രീയം വിജയിച്ചിട്ടുണ്ട് എന്നു കാണാന്‍ കഴിയും. അതുകൊണ്ടാണു വർഷം പത്തു കഴിഞ്ഞിട്ടും വീണ്ടും മൂന്നാര്‍ പൊങ്ങി വരുന്നത്. വസ്തുതകളെ കഥകള്‍ കൊണ്ടും ലോജിക്കല്‍ ഫാലസികള്‍ കൊണ്ടും കുറച്ചു കാലത്തെക്ക് മറച്ചു പിടിക്കാന്‍ കഴിയും. അപ്പോഴും വസ്തുതകള്‍ അതായി തന്നെ അവശേഷിക്കെ അവ സ്വയം സംസാരിക്കാനുള്ള ശേഷി നേടും. വീണ്ടും വീണ്ടും ശബ്ദിച്ചുകൊണ്ടുമിരിക്കും. ചൂഷണവിരുദ്ധരെന്നു തോന്നുന്നവരെ കാണുമ്പോള്‍ കേരളത്തിന്റെ വ്യവസ്ഥാവിരുദ്ധമനസ്സ് കയ്യടിക്കുന്നതും ഇതുകൊണ്ടായിരിക്കണം. തേവള്ളി പറമ്പില്‍ ജോസഫ് അലക്സുമാര്‍ എന്ന സ്യൂഡോ സെലിബ്രിറ്റികളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിവില്ലാത്തവര്‍ താനൊഴികെയുള്ള മറ്റുള്ളവര്‍ എന്നുള്ള തിയറി ഒരു സ്വയം പ്രസ്‌താവിതമായ ‘തള്ളല്‍’ മാത്രമാണ്. താനൊഴികെയുള്ളവരുടെ കാഴ്ചകളെല്ലാം മോശം എന്നുള്ള അഹങ്കാരവും സെല്‍ഫ് പ്രമോഷനും അലങ്കാരം ചമയ്ക്കുന്ന താൻപോരിമക്കാരുടെ ന്യായീകരണങ്ങൾ ചപലമാണു.

മൂന്നാറിന്റെ സവിശേഷതയും കൃഷിയും:
വനഭൂമിയും, ചോലവനങ്ങളും മൂന്നു ജില്ലകള്‍ക്ക്‌ കുടിവെള്ളം നല്‍കുന്നതുമായ ഒരുപ്രദേശമാണ് മൂന്നാര്‍. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 14°C-നും 26°C-നും ഇടയ്കാണ് അവിടുത്തെ താപനില. ഉല്‍പാദനബന്ധങ്ങളില്‍ ഭൂമിയെന്ന ഉല്‍പാദനോപാധിയുടെ ഈ സ്വഭാവവിശേഷം വളരെ പ്രാധാന്യമുള്ളതാണ്. തേയില കൃഷിക്കും, കാപ്പി കൃഷിക്കും, ഏലകൃഷിക്കും ആവശ്യമുള്ള സ്വഭാവഗുണങ്ങള്‍ ഉള്ള  മൂന്നാര്‍ ഈ മൂന്നു ഉല്‍പന്നങ്ങളും ഫലപ്രദമായി കൃഷി ചെയ്യാന്‍ കഴിയുന്ന ഭൂമിയാണ്‌/ ഉല്‍പാദനോപാധിയാണ്. ആ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ നടത്തുമ്പോള്‍ കൃഷിക്കുമാത്രമായി ഭൂമി ഉപയോഗിക്കുന്നുവെന്നു ഉറപ്പാക്കുംവിധമുള്ള നിയമനിര്‍മ്മാണം ആവശ്യവുമാണ്. ഇപ്പോള്‍ അവിടെയുള്ള ആ ഭൂമി ആ തരത്തിൽ ഇല്ലാതാകുന്നുവെങ്കിൽ ടൂറിസവും ഉണ്ടാകില്ലെന്നുള്ള തിരിച്ചറിവ് ആദ്യം ഉണ്ടാകണം. കയ്യേറ്റങ്ങള്‍ കൊണ്ട് മൂന്നാറിന്‍റെ തനത് ജൈവവ്യവസ്ഥ തന്നെ തകരുന്നതിലേക്ക് കാര്യങ്ങള്‍ പോയാൽ  കേരളത്തിന്‍റെ സ്വിറ്റ്സര്‍ലാന്റ് എന്നറിയപെടുന്ന മൂന്നാറിന്‍റെ കഥ അവിടെ തീരും. നീലകുറിഞ്ഞിയെല്ലാം ചരിത്രത്തിന്‍റെ ഭാഗമാകും. മൂലധനത്തിനു അതിന്റെ ശക്തിയുപയോഗിച്ച് മറ്റ് മേഖലകള്‍ തേടി പോകാന്‍ കഴിയും. വഞ്ചിതരാകുക വേറെ തൊഴിലുകള്‍ അറിയാത്ത സ്വന്തമായി ഭൂമിമില്ലാത്ത തോട്ടം തൊഴിലാളികളും മറ്റു അടിസ്ഥാന ജനവിഭാഗങ്ങളും ആകും.

കയ്യേറ്റത്തിന്‍റെ മൂന്നാര്‍ മോഡല്‍:
വർഷം മുഴുവനും ഈറനണിഞ്ഞിരിക്കുന്ന മണ്ണിനെ അതല്ലാതാക്കുന്നത് മൂന്നാറിലെ കയ്യേറ്റകാരുടെ മോഡലായ യൂക്കാലി കൃഷിയാണ്. കയ്യേറാന്‍ കണ്ടെത്തിയ സ്ഥലത്ത് ആദ്യമേ യൂക്കാലി ചെടികള്‍ നടുകയാണ്‌ പതിവ്. യൂക്കാലി ഭൂമിയിലെ വെള്ളം മുഴുവന്‍ ഊറ്റി കുടിക്കുകയും തല്‍ഫലമായി ഇറനുള്ള മണ്ണും ഭൂമിയും ഊഷരമാകുകയും ചെയ്യുന്നു. അതിനു ശേഷമാണ് ഈ ഭൂമിയില്‍ റിസോര്‍ട്ടുകള്‍ പണിത് കയ്യേറ്റമാഫിയ കടന്നു വരുന്നത്. മറ്റൊരു പ്രക്രിയ വ്യാജപേരുകളില്‍ പട്ടയം വാങ്ങല്‍ ആണു. വ്യാജരേഖകള്‍ നിര്‍മ്മിച്ചു പല പേരുകളില്‍ ഉപാധിരഹിത പട്ടയങ്ങള്‍ക്ക് കൂട്ടമായി അപേക്ഷിക്കുകയും പട്ടയം കിട്ടി കഴിയുമ്പോള്‍ അവയെല്ലാം  ഒരാള്‍ വാങ്ങിയതായി കാണിച്ചു സ്വന്തമാക്കുകയും ചെയ്യലാണു മൂന്നാര്‍ കയ്യേറ്റത്തിന്റെ മറ്റൊരു മോഡല്‍. ഈ മോഡലിനെ ഇത്രയും കാലം ലെജിറ്റമൈസ് ചെയ്തിരുന്നതു കേരള കോണ്‍ഗ്രസ് രാഷ്ട്രീയം ആയിരുന്നെങ്കില്‍ ഇനിയത് ചെയ്യാന്‍ പോകുന്നത് പിണറായി വിജയന്‍റെ സര്‍ക്കാര്‍ കൂടിയാണ്. മലങ്കര കോൺഗ്രസുകാരായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ സര്‍ക്കാരിന്‍റെ പട്ടയമേളയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞതും ഇതേ പാശ്ചാത്തലത്തില്‍ സൂക്ഷ്മമായി വായിക്കേണ്ടതാണ്. വ്യാജപേരുകളില്‍ വരുന്ന അപേക്ഷകള്‍ നിമിത്തമുണ്ടാകാവുന്ന ഭൂമി ദുരുപയോഗം ഒഴിവാക്കാനായി വി.എസ് അച്ചുതാനന്ദന്‍ സര്‍ക്കാര്‍ പട്ടയങ്ങള്‍ക്ക് 25 വര്‍ഷത്തെ കാലാവധി നിശ്ചയിച്ചിരുന്നു. 25 വർഷം ഉപയോഗിച്ചതിനു ശേഷമേ ഒരാള്‍ക്കു തന്‍റെ പേരിലുള്ള ഭൂമി മറ്റൊരാള്‍ക്ക് കൈമാറാന്‍ ഈ നിബന്ധനപ്രകാരം അവകാശമുണ്ടായിരിക്കുകയുള്ളൂ. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വന്നതിനു ശേഷം ആദ്യം ചെയ്തതു ഈ നിബന്ധന ഇല്ലാതാക്കുകയും ഉപാധിരഹിത പട്ടയങ്ങള്‍ എന്ന കടുംവെട്ട് കയ്യേറ്റക്കാര്‍ക്കായി കൊണ്ടുവരികയും ചെയ്യുകയുമാണു. എല്‍.ഡി.എഫ് സര്‍ക്കാരിനു ശേഷം കഴിഞ്ഞ 5 വര്‍ഷമാണ്‌ മൂന്നാറില്‍ വ്യാപകമായി കയ്യേറ്റം ഉണ്ടായത്. രണ്ടു നിലയില്‍ കൂടുതല്‍ ഉയരത്തില്‍ കെട്ടിടം പണിയാന്‍ അവകാശമില്ലാത്ത മൂന്നാറില്‍ ഇന്നു 7 നിലയിലും 8 നിലയിലും കെട്ടിടങ്ങള്‍ പൊന്തികഴിഞ്ഞിരിക്കുന്നു. ഇത് കഴിഞ്ഞ ചില മാസങ്ങള്‍ കൊണ്ടുണ്ടായ പ്രതിഭാസമല്ല. ഏകദേശം 65% ചെരിവുള്ള ഭൂമിയില്‍ പാലിക്കേണ്ട മാനദണ്‌ഡങ്ങള്‍ എല്ലാം ലംഘിച്ചു കൊണ്ടുള്ള ഈ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ക്കെതിരെ ഉമ്മന്‍ ചാണ്ടി സ്വന്തം ഭരണസമയത്ത് നിശബ്ദനായിരുന്നു.. ഇതിനെല്ലാം ഒത്താശ ചെയ്തുകൊടുത്തവരാണ് ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നത് എന്നുള്ളതുകൊണ്ടു തന്നെ അവര്‍ക്കു മൂന്നാര്‍ കയ്യേറ്റത്തില്‍ അഭിപ്രായം പറയാന്‍ യാതൊരു അവകാശവുമില്ല. എന്നാല്‍ ഭരണപക്ഷത്തിരിക്കുന്നവര്‍ക്ക് ഉമ്മന്‍ ചാണ്ടി എന്തു ചെയ്തു എന്തു ചെയ്തില്ല എന്നു നിര്‍വചിക്കാന്‍ മാത്രമല്ല മാറ്റി മറിക്കാന്‍ കൂടി ഉത്തവാദിത്വമുണ്ട്.

തോട്ടം തൊഴിലാളികളും ഭൂബന്ധങ്ങളും:
മൂന്നാര്‍ ഒരു ടൂറിസം മേഖല മാത്രമല്ല. കണ്ണന്‍ ദേവന്‍ മലനിരകളില്‍ ഏകദേശം 23,000 ഏക്കറിലായി പരന്നു കിടന്ന തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ കൂടി ജീവിക്കുന്ന പ്രദേശമാണ്. പണിയെടുക്കുന്ന മണ്ണില്‍ തന്നെ അടിമകളായി പുഴുക്കളെ പോലെ ഒറ്റമുറി ലയങ്ങളില്‍ ജീവിക്കേണ്ടിവരുന്ന തൊഴിലാളികൾ സോഷ്യല്‍ മീഡിയയിലെ മധ്യവര്‍ഗ്ഗ ചിന്തകളുടെ ആകുലതകള്‍ അല്ല. (http://www.doolnews.com/munnar-women-struggle-green-blood-revolution-special-team-report-2015.html). ഓരോ ഹില്‍സ്റ്റേഷനും ഒരു രാഷ്ട്രങ്ങളാണ്. ടാറ്റ പോലുള്ള വ്യവസായ പ്രമാണിമാരുടെയോ കയ്യേറ്റകാരുടെയോ അഭിലാഷങ്ങള്‍ക്കനുസരിച്ചായിരിക്കും ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനം പോലും. സമതലങ്ങളുമായി ബന്ധമില്ലാത്ത ദ്വീപുകള്‍ പോലെയുള്ള ഒറ്റപെട്ട പ്രദേശങ്ങള്‍. ഒറ്റകളെ ചൂഷക വര്‍ഗ്ഗത്തിനു പെട്ടെന്ന് കീഴടക്കാന്‍ കഴിയും. മൂന്നാറില്‍ ടാറ്റരാജാണ് നിലനില്‍ക്കുന്നത്. അല്ലാതെ ചിലര്‍ ഭക്തിപുരസരം എഴുതിയതുപോലെ “മൂന്നാറിലുള്ളവരെല്ലാം ടാറ്റായുടെ ആശുപത്രിയില്‍ ജനിച്ചവരും ടാറ്റായുടെ ക്രച്ചുകളില്‍ വളര്‍ന്നവരും മുഴുവന്‍ ചികിത്സയും പൂര്‍ണ്ണമായും സൗജന്യമായി അനുഭവിയ്ക്കുന്നവരും ആണ്.” എന്ന തരത്തിലല്ല. pombilaiorumai-2അടിമയ്ക്കു ചങ്ങല ആഭരണമാണെന്നു വ്യാഖ്യാനിക്കും പോലെയാണ് ടാറ്റയുടെ ആശുപത്രിയില്‍ എല്ലാ അസുഖങ്ങള്‍ക്കും ലഭിക്കുന്ന ഒറ്റമൂലിയായ വെളുത്ത ഗുളികയെന്ന സൗജന്യ ചികിത്സ! മൂന്നാറില്‍ തുടര്‍ന്നും ജീവിക്കണമെങ്കില്‍ തോട്ടംതൊഴിലാളികള്‍ വേണമെങ്കില്‍ അടങ്ങിയൊതുങ്ങി ടാറ്റ പറയുന്നത് കേട്ടോ എന്നൊരു ആട്ടുമുണ്ടായിരുന്നു കഴിഞ്ഞ മൂന്നാര്‍സമരകാലത്ത്. പ്ലാന്റേഷന്‍ ആക്റ്റ് സെക്ഷന്‍ 15 പ്രകാരം തൊഴിലാളികള്‍ക്ക് മെച്ചപെട്ട പാര്‍പ്പിട സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും നല്‍കാന്‍ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ട്. വേണമെങ്കില്‍ സ്റ്റേറ്റിനും തൊഴിലാളികളുടെ കാര്യത്തില്‍ ഇടപെടാം. പ്രാഥമികമായി തൊഴിലാളിയെ ഒറ്റമുറി ലയങ്ങളില്‍ നിന്നും സ്വതന്ത്രരാക്കുന്നതിനും സ്വന്തമായി ഭൂമിനല്‍കുന്നതില്‍ നിന്നും സ്റ്റേറ്റിനു ഒളിച്ചോടാന്‍ കഴിയില്ല. ഭൂബന്ധങ്ങള്‍ തോട്ടങ്ങളില്‍ തൊഴിലെടുക്കുന്ന ദളിത്/ ആദിവാസി/ പിന്നോക്ക ജനതയ്ക്കു അര്‍ഹമായത് എന്തുകൊണ്ടാണു നല്‍കാത്തതു. സര്‍ക്കാരിന്‍റെ കയ്യില്‍ നിക്ഷിപ്തമായിരിക്കുന്ന ഭൂമിയില്‍ നിന്നും ഈ തൊഴിലാളികള്‍ക്കു ഭൂമി നല്‍കാന്‍ കഴിയുകയില്ലേ? കയ്യേറ്റം ഒഴിപ്പിക്കുന്നത്ര  പോലും വിഷമമില്ലാത്ത കാര്യമാണു തൊഴിലാളികള്‍ക്ക് ഭൂമിയും പാര്‍പ്പിടവും നല്‍കുക എന്നുള്ളത്. തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സ്വാശ്രയത്വവും വിലപേശല്‍ ശേഷി വര്‍ദ്ധിക്കുന്നതിനാവശ്യമായ സപ്പോര്‍ട്ടിംഗ് സംവിധാനങ്ങള്‍ സൃഷ്ടിക്കലും സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ മറിച്ചാണു സംഭവിക്കുന്നത്‌. കേരളത്തില്‍ തന്നെ മറ്റു മേഖലയില്‍ ഏറ്റവും കുറഞ്ഞ കൂലി 700 ആയിരിക്കുമ്പോള്‍ തേയില തോട്ടം മേഖലയിലത് 300-ല്‍ താഴെയാണ്. മുതലാളിയുടെ ‘മിച്ചമൂല്യം’ കുറയാതിരിക്കാന്‍ തൊഴിലാളിയുടെ വിലപേശല്‍ ശേഷി വര്‍ദ്ധിപ്പിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും തൊഴിലുടമ പുറകോട്ടു പോകുന്നു, സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു. തൊഴിലാളിയുടെ ജീവിത നിലവാരം ഇങ്ങനെ തന്നെ നിലനുറുത്തേണ്ടതു ചൂഷണ വ്യവസ്ഥയുടെ ആവശ്യമായി വരുന്നു. പൊതുബോധത്തിന് ഇതിൽ വലിയ റോളൊന്നുമില്ല. മാദ്ധ്യമങ്ങള്‍ ഇനി അടുത്ത തൊഴിലാളി സമരം വരെ ഇതിനെ കുറിച്ച് ശബ്ദിക്കില്ല. വ്യവസ്ഥാ വിരുദ്ധ നേതൃത്വം ചൂഷകരുടെ കങ്കാണിമാരായി മാറിയാൽ തൊഴിലാളികൾ വഞ്ചിക്കപ്പെട്ടു പോകും. ആ വഞ്ചനയുടെ പരിണിതഫലമാണ് കഴിഞ്ഞ 6 പതിറ്റാണ്ടിനിപ്പുറവും മൂന്നാറിൽ കാണുന്നത്. 1957-ൽ ആദ്യ സർക്കാർ നിലവിൽ വന്നു). തൊഴിലാളികള്‍ ഒരു സെന്‍റ്  ഭൂമിപോലുമില്ലാതെ ഇപ്പോഴും ഒറ്റമുറി ലയങ്ങളില്‍ തന്നെ. കങ്കാണിമാരായി മുതലാളി കണ്ടെത്തിയവര്‍ക്ക് ഭൂമിയും റിസോട്ടുകളും ബംഗ്ലാവുകളും എന്തിനു സ്വന്തമായി പ്ലാന്റേഷന്‍ വരെയായി. രാജമാണിക്യം റിപ്പോര്‍ട്ട് അനുസരിച്ച് മൂന്നാറില്‍ ടാറ്റ അവകാശപെടുന്ന പാട്ടകരാര്‍ അസാധുവാണ്. നിലനില്‍ക്കാത്ത കരാര്‍ റദ്ദ് ചെയ്തുകൊണ്ടു ടാറ്റയെ അവിടെ നിന്നും ഒഴിപ്പിക്കാന്‍ സര്‍ക്കാരിനു കഴിയും എന്നാണു രാജമാണിക്കം റിപ്പോര്‍ട്ട് പറയുന്നത്.

അനുയോജ്യമായ കാലാവസ്ഥയും മണ്ണും പ്ലാന്റേഷന്‍ വ്യവസായത്തിനു അനുകൂല ഘടകങ്ങളായ മൂന്നാറിൽ ആ വ്യവസായം മുന്നോട്ടു കൊണ്ടു പോകേണ്ടത് കൊടിയ ചൂഷണം നിലനിൽക്കുന്ന സ്വകാര്യ മേഖലയില്‍ ആകണോ, താരതമ്യേ മെച്ചപെട്ട പൊതുമേഖലയിലാകണോ അതോ അതിലും മികച്ച തൊഴിലാളി ഉല്‍പാദക സഹകരണസംഘത്തിന്‍റെ നേതൃത്വത്തിലാകണമോ  എന്നുള്ളതാണ് ചര്‍ച്ച ചെയ്യപെടേണ്ട കാര്യം.

മൂന്നാറിലെ ഭൂമി തേയില, കാപ്പി, ഏല കൃഷിക്കായി സംരക്ഷിച്ചു നിറുത്തുകയെന്നുള്ളത് വരും തലമുറകള്‍ക്കും കൂടി അനിവാര്യമായ പദ്ധതിയാണു. സ്വകാര്യ മൂലധന താല്‍പര്യങ്ങള്‍ക്ക് ഭൂമിയെ ആവോളം ചൂഷണം ചെയ്യുക എന്നതില്‍ കവിഞ്ഞു വരുംതലമുറകള്‍ക്കായി ഉത്തരവാദിത്വത്തോടെ സംരക്ഷിച്ചു നിറുത്തുക എന്നുള്ള താല്പര്യം സ്വാഭാവികമായും ഉണ്ടാവുകയില്ല. അതുകൊണ്ടു തന്നെ സ്വകാര്യ മൂലധനതാല്‍പര്യങ്ങളെ മൂക്കുകയറിടുകയും ഭൂമി നിയമനിര്‍മ്മാണത്തിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തു തോട്ടംതൊഴിലാളികളുടെ നേതൃത്വത്തില്‍ തന്നെയുള്ള ഉല്‍പാദന സഹകരണ സംഘങ്ങളെ (workers co-operative) നിര്‍മ്മിച്ചു ഏല്‍പ്പിക്കുകയും വേണം. തൊഴിലാളി ഉല്‍പാദക സഹകരണ സംഘങ്ങള്‍ക്ക് തോട്ടം ഭൂമി പാട്ടവ്യവസ്ഥയില്‍ നല്‍കുന്നത് തൊഴിലാളികള്‍ക്കും വിപണിക്കും ഒരു പോലെ ഗുണകരമായ വ്യവസ്ഥയുണ്ടാക്കും (അടാട്ട് ഫാര്‍മേഴ്സ് ബാങ്ക് വിജയകരമായിപ്രവര്‍ത്തിക്കുന്ന ഉല്‍പാദക സഹകരണ സംഘമാണ്). ഉല്‍പാദന ബന്ധങ്ങളും ഭൂബന്ധങ്ങളും ഉടച്ചു വാര്‍ക്കുന്നത് മൂന്നാറിനും തോട്ടം തൊഴിലാളികള്‍ക്കും ഒരുപോലെ ഗുണപരമായിരിക്കും. അതിനു വേണ്ടത് ഇച്ഛാശക്തിയുള്ള ഗവണ്മെന്റുകളും കോർപ്പറേറ്റുകൾക്കും റിസോർട്ട് മാഫിയകൾക്കും കുടപിടിക്കാത്ത  രാഷ്ട്രീയനിലപാടുകളുമാണു.

Comments

comments