എഡ് മിൽബാന്റ് ലേബർ പാർട്ടിയുടെ നേതാവായി വന്നതോടെ എന്റെ പാർട്ടി കാർഡ്  പുതുക്കേണ്ട എന്ന് തീരുമാനിച്ചതായിരുന്നു, പുതുക്കിയതുമില്ല. വലതുപക്ഷ നവലിബറൽ നയങ്ങളോട് താല്പര്യമില്ല എന്നതിനാലാണത്. അനേകം ലേബർ പാർട്ടി പ്രവർത്തകരെ പോലെ ടോണി ബ്ലെയറുടെ ഭരണത്തോടും നയങ്ങളോടും ഒരിക്കലും യോജിച്ചു പോകാൻ കഴിയാതെ വന്നു; പ്രത്യേകിച്ചും ഇറാക്ക് യുദ്ധത്തോടെ.  എന്നിരുന്നാലും അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയ്ക്ക് യൂറോപ്യൻ, നാഷണൽ, ലണ്ടൻ അസംബ്ലി മുതൽ ബറോ തെരഞ്ഞെടുപ്പുകളിൽ വരെ, കൃത്യമായി ലേബർ പാർട്ടിക്ക്  വോട്ട് ചെയ്തു വന്നു – ജയിക്കുന്നുവോ തോൽക്കുന്നുവോ എന്നത് ശ്രദ്ധിക്കാതെ തന്നെ.

രണ്ടായിരത്തി പതിനഞ്ചിലെ ലേബർ പാർട്ടിയുടെ തോൽവി പാർട്ടി നേതാവായിരുന്ന എഡ് മിൽബാൻഡിന്റെ രാജിയിൽ അവസാനിച്ചു. വളരെ മാന്യമായ ഒരു പര്യവസാനം. ഇടക്കാല നേതാവായി ഹാരിയറ്റ് ഹാർമാൻ ചുമതല ഏറ്റെങ്കിലും രണ്ടായിരത്തി പതിനഞ്ച് സെപ്റ്റംബറിൽ  നടന്ന പാർട്ടി തെരഞ്ഞെടുപ്പിൽ  ഒരിക്കലും സാധ്യതയില്ല എന്ന് എഴുതിത്തള്ളപ്പെട്ട ജെർമി കോർബിൻ പാർട്ടി നേതാവാകാനുള്ള തെരഞ്ഞെടുപ്പിൽ  വെറും മുപ്പത്തിയഞ്ചു എം.പിമാരുടെ പിന്തുണയോടെ സ്ഥാനാർഥിയായി വന്നു. ലേബർ പാർട്ടിയുടെ ചരിത്രം തന്നെ തിരുത്തി  അറുപത് ശതമാനത്തോളം അടുത്ത ഭൂരിപക്ഷത്തിൽ പാർട്ടി നേതാവായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

രണ്ടായിരത്തി പതിന്നാറിൽ നടന്ന യൂറോപ്യൻ  റെഫറണ്ടത്തിനു ശേഷം പാർട്ടിയിലെ എം.പിമാർ വലതുപക്ഷ ലേബർ നേതാക്കളുടെ ഒത്താശയിൽ  കോർബിനെതിരെ അവിശ്വാസ പ്രമേയം പാസ്സാക്കി. ഇരുന്നൂറ്റി പതിനെട്ട് എം.പിമാരിൽ നൂറ്റിയെഴുപത്തി രണ്ടുപേരും കോർബിനു എതിരായി വോട്ട് ചെയ്തു. ഷാഡോ കാബിനെറ്റിലെ മൂന്നിൽ രണ്ടുപേരും രാജി വച്ചു. എന്നാലും കോർബിൻ പതറിയില്ല. പാർട്ടിയിലെ സാധാരണപ്രവർത്തകർ കോർബിനൊപ്പമായിരുന്നു. എന്നെപ്പോലെ നിഷ്ക്രിയരായി മാറിനിന്നവർക്ക് കോർബിൻ പ്രത്യാശ നൽകി. ഞാൻ  എന്റെ പാർട്ടി മെമ്പർഷിപ്പ് പുതുക്കി. എന്നെപ്പോലെ വേറൊരു പതിനായിരം  പേരും. രണ്ടായിരത്തി പതിന്നാറു സെപ്റ്റംബറിൽ നടന്ന പാർട്ടി തെരഞ്ഞെടുപ്പിൽ കോർബിൻ അറുപത്തിരണ്ട് ശതമാനത്തിലുമധികം  പാർട്ടി വോട്ട് നേടി – ലേബർ പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം.

ഉണ്ടിരിക്കുന്ന നായർക്ക് ഒരു വിളി വന്നു എന്ന പ്രയോഗം പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂൺ കേട്ടിട്ടുണ്ടോ എന്നറിയില്ല. മാനിഫെസ്റ്റോയിൽ പറഞ്ഞിരുന്നുവെങ്കിലും  ഏതോ  ഒരു ദുർബല നിമിഷത്തിൽ  യൂറോപ്യൻ  യൂണിയനിൽ നിക്കണോ അതോ  പോകണോ എന്ന രണ്ടു ചോദ്യം  മാത്രം ചോദിച്ച് കാമറൂൺ  യൂറോപ്യൻ റെഫറണ്ടം നടത്താൻ തീരുമാനിച്ചു,  രണ്ടായിരത്തിപ്പതിനാറു ജൂൺ  ഇരുപത്തിമൂന്ന്. ലേബർ പാർട്ടി, ടോറി പാർട്ടി, സ്കോട്ട്ലാന്റിലെ എസ്സ്.എൻ.പി, വെയിൽസിലെ പ്ലൈഡ് കമ്മിറിയ. പിന്നെ  എന്നും  യൂറോപ്യൻ വാദികളായ ലിബറൽ പാർട്ടി. ഇവരുടെ പിന്തുണയിൽ യൂറോപ്പിൽ തുടരാനുള്ള അനുകൂല വിധി നേടാനാകുമെന്ന കാമറൂണിന്റെ പ്രതീക്ഷയെ ബ്രിട്ടീഷ് ജനത തകർത്തു. അത് വരഞ്ഞിട്ടത് കാമറൂണിന്റെ  രാഷ്ട്രീയ ജീവിതത്തിന്റെ ദയനീയമായ ഒരു അന്ത്യമായിരുന്നു.

പുതിയ ടോറി ലീഡർഷിപ്പിനു വേണ്ടി പലരും രംഗത്തു വന്നു. ബ്രെക്സിറ്റ് പ്രധാനിയും മാവെറിക്കും ലണ്ടൻ മേയറുമായിരുന്ന ബോറീസ് ജോൺസൺ, വലതുപക്ഷബുദ്ധിജീവിയും മന്ത്രിയുമായിരുന്ന മൈക്കിൾ ഗോവ്, ലിയാം ഫോക്സ്, ആൻഡിയ ലീഡ്സം, സ്റ്റീഫൻ ക്രാബ് തുടങ്ങിയവർ – ഒപ്പം തെരേസ മേയും. ബോറീസ്, മൈക്കിൾ ഗോവ് എന്നിവർ ആദ്യമേ ഒഴിഞ്ഞുപോയി. പിന്മാറ്റങ്ങൾക്കും  എലിമിനേഷനുകൾക്കും കുതിര കച്ചവടങ്ങള്‍ക്കും ശേഷം തെരേസ പാർട്ടി ലീഡറും കീഴ്വഴക്കമനുസരിച്ച് പ്രധാനമന്ത്രിയുമായി. കാമറൂണിന്റെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി ആറുവർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പണ്ടൊരിക്കൽ പാർട്ടി സമ്മേളനത്തിൽ ടോറി പാർട്ടിയെ ഒരു ‘നാസ്റ്റി’ പാർട്ടി  എന്നു വിളിച്ചപ്പോഴാണു അവർ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. ശക്തയായ, മനോധൈര്യമുള്ള, ഏൽക്കുന്ന പണികൾ കൃത്യമായി ചെയ്യുന്ന  തന്റേടിയായ  ഒരാൾ  എന്ന നിലയിൽ  അവരും  അവർക്കു വേണ്ടപ്പെട്ടവരും വലതുപക്ഷ പത്രങ്ങളും ചാർത്തിക്കൊടുത്ത ഒരു കിരീടമായിരുന്നു അവർ. അതൊരു കുരിശായി തീർന്നതിനെക്കുറിച്ച് പിറകെ.

സസക്സിലെ ഈസ്റ്റ് ബോണിൽ ആയിരത്തി തൊള്ളായിരത്തി അൻപത്തിയാറിൽ കുടുംബിനിയായ സൈദി മേരിയുടെയും ചർച്ച് ഓഫ് ഇംഗ്ലൻഡ് വികാരിയായ പിതാവിന്റെയും  ഏകമകളായി ജനിച്ച തെരേസ പ്രാഥമിക വിദ്യാഭ്യാസം നേടി വളർന്നത് ഓക്സ്ഫോർഡിനടുത്തുള്ള വീറ്റ്ലിയിലാണു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഓക്സ്ഫോർഡിലെ സെന്റ്  ഹ്യൂസ് കോളേജിൽ ഭൂമിശാസ്ത്രപഠനത്തിനു ചേർന്നു. രണ്ടാം ക്ലാസ്സിൽ  ബി എ പാസ്സായ ശേഷം  അവർ ബാങ്ക്  ഓഫ് ഇംഗ്ലണ്ടിൽ ഉദ്യോഗസ്ഥയായി. ഇരുപത്തിരണ്ടാം വയസ്സിൽ  അച്ഛനമ്മമാരെ നഷ്ടപ്പെട്ട തെരേസയ്ക്ക് അന്നുമുതൽ  ഇന്നുവരെ കൂട്ടായി ഉള്ളത് ഭർത്താവ് ഫിലിപ്പാണു – ഓക്സ്ഫോർഡിൽ തുടങ്ങിയ ബന്ധം.

രാഷ്ട്രീയത്തോട് എന്നും താല്പര്യമുണ്ടായിരുന്ന തെരേസ പ്രാദേശിക രാഷ്ട്രീയത്തിലൂടെയാണു  രംഗത്തെത്തിയത്.  ബറോ കൗൺസിലറായി തുടങ്ങി രണ്ടു വട്ടം  പാർലമെന്റിലേക്ക്  മൽസരിച്ചുവെങ്കിലും  പരാജയപ്പെട്ട തെരേസയെ ഭാഗ്യം തുണച്ചത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയേഴിലാണു. മെയ്ഡൻ ഹെഡ് നിയോജകമണ്ഡലത്തിൽ നിന്ന്.

രണ്ടുവർഷം ഷാഡോ കാബിനറ്റിൽ പ്രവർത്തിച്ച അവർക്ക് പ്രധാനമന്ത്രിപദത്തോട് അന്നേ മോഹമുണ്ടായിരുന്നു. വളരെ തന്ത്രപരമായി അതിനുള്ള അണിയറ പ്രവർത്തനങ്ങൾ അന്നേ തുടങ്ങി. നാലുവർഷം  പ്രതിപക്ഷത്ത് പല ഷാഡോ കാബിനറ്റ് പദവികളും വഹിച്ച തെരേസ രണ്ടായിരത്തി രണ്ടുമുതൽ ഒരു വർഷം, കൺസർവേറ്റീവ് പാർട്ടിയുടെ ചെയർപേഴ്സണും ആയിരുന്നിട്ടുണ്ട്.ആ പദവിയിലെത്തുന്ന ആദ്യ വനിത. രണ്ടായിരത്തിപത്തിൽ  ആഭ്യന്തരമന്ത്രിയായി അധികാരമേറ്റ അവർ പ്രധാനമന്ത്രിയാകും വരെ അവിടെ തുടർന്നു – ആറു വർഷം. അതൊരു ബ്രിട്ടീഷ് റെക്കോർഡാണു.

ബ്രെക്സിറ്റ് ബ്രിട്ടന്റെ ആധുനിക രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒന്നായിരുന്നു. ടോറി സർക്കാർ പ്രധാനമന്ത്രി കാമറൂണിന്റെ നേതൃത്വത്തിൽ ബ്രിട്ടൻ  യൂറോപ്പിൽ തുടരാനായി പ്രചരണം നടത്തുമ്പോൾ തെരേസ സ്വന്തം  നിലപാട് വ്യക്തമാക്കാതെ സമർത്ഥമായി ഒളിച്ചുകളിക്കുകയായിരുന്നു. തന്റെ അവസരം വരുമെന്ന സ്വപ്നം കണ്ട്.

ബ്രെക്സിറ്റ്  റെഫറണ്ടത്തിനെ തുടർന്ന് കാമറൂൺ രാജി വച്ചതിനു ശേഷം വളരെ സമർത്ഥമായ ഒരു രാഷ്ട്രീയ ചതുരംഗത്തിലൂടെ പ്രധാനമന്ത്രിയാകുകയായിരുന്നു തെരേസ. അധികാരം  നേടിയ തെരേസ അതിനുശേഷം ബ്രിട്ടീഷ് ഭൂപടത്തിൽ കണ്ടത് സ്വന്തം രാഷ്ട്രീയകൃഷിക്കുള്ള ഫലഭൂയിഷ്ഠമായ ഭൂമികയാണു. സ്വന്തം ഇഷ്ടത്തിനു വിളയിറക്കാനുള്ള അവസരം. കിട്ടുന്ന അവസരം പാഴാക്കാതെ മുതലെടുക്കുക എന്നത് ഏത്  നേതാവിന്റെയും സാമാർത്ഥ്യമാണു. തെരേസയും  അതിൽ  മോശക്കാരിയല്ല.

സ്കോട്ട്ലാൻഡിൽ  ലേബർ പാർട്ടി നാമാവശേഷമായി. അൻപത്തിയാറു സീറ്റുള്ള  സ്കോട്ടിഷ് നാഷണൽ പാർട്ടിക്ക് ഒരിക്കലും ടോറി പാർട്ടിയെ നേരിടാനാകില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ശക്തമായിരുന്ന ലിബറൽ പാർട്ടി വെറും എട്ടു സീറ്റിൽ ഒതുങ്ങി. ടോറി പാർട്ടിയിൽ നിന്നും വേർപെട്ട ദേശീയ വലതുപക്ഷ പാർട്ടിയായ യു.കെ ഇൻഡിപെൻഡന്റ് പാർട്ടിയും പച്ച പിടിച്ചില്ല. തുടർന്നു വന്ന തദ്ദേശീയ തെരഞ്ഞെടുപ്പോടെ അവരും ഇംഗ്ലീഷ് രാഷ്ട്രീയ ഭൂപടത്തിൽ നിന്നും തുടച്ചുനീക്കപ്പെട്ടു. അവരിൽ പലരും പഴയ ടോറി തറവാട്ടിലേക്ക് മടങ്ങി.

ബ്രെക്സിറ്റിനു വോട്ട് ചെയ്തവരിൽ വലിയൊരു പങ്കും ഉൾനാടുകളിലെ ലേബർ സ്വാധീന പ്രദേശങ്ങളിലെ തൊഴിലാളി വർഗ്ഗമായിരുന്നു. ഡൗണിംഗ് സ്ട്രീറ്റിലെ പത്താം  നമ്പർ വീട്ടിൽ  പലവട്ടം  പ്രധാനമന്ത്രിയും ഉപജാപസംഘവും കവടി നിരത്തി. ഇതിലും നല്ലൊരു അവസരം ഇനി വരാനില്ല. രാഷ്ട്രീയത്തിലെ ശുഭമുഹൂർത്തം. ലേബർ പാർട്ടിയുടെ അവസ്ഥ ദയനീയം. ജനഹിതപരിശോധനകളിൽ .ഇരുപത്തിയഞ്ചു ശതമാനം മാത്രം നേടി ടോറി പാർട്ടിയെക്കാൾ പിന്നിലായിപ്പോയ ജെർമി കോർബിനിലും അദ്ദേഹത്തിന്റെ പാർട്ടിയിലും ബ്രിട്ടീഷ് ജനത വിശ്വാസക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാ  ഒപ്പീനിയൻ പോളുകളും ആഴ്ച്ച തോറും ഇതുതന്നെ സൂചിപ്പിച്ചുകൊണ്ടിരുന്നു. ജനപിന്തുണ തെരേസ മേയ്ക്ക്. ഏകദേശം എഴുപത് ശതമാനം  ബ്രിട്ടീഷ് ജനത തെരേസ മെയാണു തങ്ങളെ നയിക്കാൻ പ്രാപ്ത എന്ന് അഭിപ്രായപ്പെട്ടു. കോർബിനെ പിന്തുണയ്ക്കുന്നവർ വെറും മുപ്പത് ശതമാനം മാത്രം. ഇതിലും നല്ലൊരു അവസരം വരാനില്ല. എല്ലാം ഭദ്രം.

തെരേസ ഉടൻ ചെയ്തത് യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് വരാനുള്ള ആർട്ടിക്കിൾ അൻപത് സ്റ്റാർട്ട് ചെയ്യുകയായിരുന്നു. രണ്ടുകൊല്ലത്തിനകം യൂറോപ്പിൽ നിന്നും പുറത്തുവരണം. യൂറോപ്യൻ കോടതി, കുടിയേറ്റക്കാർക്കെതിരെ കർശന നടപടി എന്നിങ്ങനെ ഇംഗ്ലീഷുകാർ കേൾക്കാൻ കൊതിക്കുന്ന എല്ലാ സൗണ്ട് ബൈറ്റുകളും അതിലുണ്ടായിരുന്നു.

1113-General-Election-2017-Polls-may-be-wrong-but

ഇംഗ്ലീഷ് പാവാടയ്ക്ക്  മുകളിൽ യൂണിയൻ  ജാക്ക് കൊടി പുതച്ചുകൊണ്ട് സ്ട്രോംഗ്  ആൻഡ് സ്റ്റേബിൾ, ഐ ആം എ ഡിഫിക്കൽട്ട് ലേഡി, ബ്രിട്ടനെ നയിക്കാൻ ഞാൻ തുടങ്ങിയ ഹാഷ്ടാഗ് മുദ്രാവാക്യങ്ങൾ ഒരുങ്ങി. കൺസർവേറ്റീവ് പാർട്ടിക്കു പകരം  ഞാൻ, എന്റെ, തെരേസ എന്നീ വാക്കുകൾ വന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

ഐ ആം തെരേസ മേയ് എന്ന് വിളിച്ചവർ മനസ്സിലാക്കാത്ത ഒരു യാഥാർത്ഥ്യം ഇവിടെയുണ്ട്. കെൻ ലോക്ക്  എന്ന സിനിമാ സംവിധായകൻ ‘ഐ ഡാനിയൽ ബ്ലാക്ക്’ എന്ന സിനിമയിലൂടെ വരച്ചുകാട്ടിയ ജീവിതത്തിന്റെ നേർച്ചിത്രം. ധനികർ കൂടുതൽ ധനികരാകുകയും പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടവരാകുകയും ചെയ്യുന്ന നവലിബറൽ സാമ്പത്തികനയം. ഒരു മില്യൻ തൊഴിലാളികൾ സീറോ അവറിൽ ജോലി ചെയ്യുന്നു. മരണക്കിടക്കയിൽ കിടന്നുകൊണ്ട് അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന നാഷണൽ ഹെൽത്ത് സർവ്വീസ്. ഓരോ വിദ്യാർഥിയേയും ഇരുപത്തി ഒൻപതിനായിരം  പൗണ്ട് കടക്കാരനാക്കി പുറത്തുവിടുന്ന വിദ്യാഭ്യാസം. പുതിയ ഗ്രാമർ സ്കൂളുകൾ പുറംവാതിലിലൂടെ പരസ്യമയെത്തുന്ന സ്വകാര്യമേഖല. ബാങ്കുകളും കോർപ്പറേറ്റ് മേഖലയും എടുക്കുന്ന തീരുമാനങ്ങൾ അക്ഷരംപ്രതി നടത്തിക്കൊടുക്കുന്ന സർക്കാർ. ദിനം തോറും പെരുകി വരുന്ന ഫുഡ് ബാങ്കുകൾ. പതിന്നാലു വർഷമായി ഒരുശതമാനം ശമ്പളവർദ്ധനവുമായി പണിയെടുക്കുന്ന പൊതുമേഖല തൊഴിലാളികൾ. വിലക്കയറ്റം ടൂറിസ്റ്റുകൾക്കും പരസ്യങ്ങൾക്കുമായി അച്ചടിക്കുന്ന പോസ്റ്റുകാർഡുകളിലെ ബഹുവർണ്ണചിത്രമല്ല ബ്രിട്ടൻ. ആയുധക്കച്ചവടവും യുദ്ധവും വിൽക്കുന്ന വിദേശനയം. അതിൽ നിന്നുണ്ടായ അരക്ഷിതാവസ്ഥ, അഭയാർത്ഥികൾ. തങ്ങൾക്കീ സമൂഹത്തിൽ ഒന്നും ചെയ്യാനാകില്ല എന്ന നിരാശയിൽ മത-രാഷ്ട്ര-ദേശ തീവ്രവാദത്തിലേക്ക് കൂട്ടംകൂട്ടമായി ചേക്കേറുന്ന യുവാക്കൾ. കരുണയറ്റ ഭരണയന്ത്രം.

ഇതിനിടയിലാണു തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ അവരുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റൊ പുറത്തിറക്കിയത്. രാഷ്ട്രീയത്തിന്റെ മാസ്മരികത കിടക്കുന്നത് അതിന്റെ അപ്രതീക്ഷിതമായ വളവുതിരിവുകളിലും കാണാക്കുഴികളിലുമാണു. ഞാൻ ശക്തയായ നേതാവ്, നിങ്ങളെ നയിക്കാൻ എനിക്കേ കഴിയൂ, യൂറോപ്യൻ നേതാക്കളോട് പൊരുതി ബ്രിട്ടന്റെ പ്രതാപം നിലനിർത്താൻ  ഞാൻ, ഞാൻ മാത്രം എന്നു പറഞ്ഞ് സ്വന്തം പാർട്ടിയിൽ തന്റെ അപ്രമാദിത്വം ഉറപ്പിച്ച് കൂടുതൽ ഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക് തിരിച്ചുവരിക എന്ന വളരെ സ്വാർത്ഥമായ അജണ്ടയാണു തെരേസയുടേത്  എന്ന് നിഷ്പക്ഷമായി രാഷ്ട്രീയം നിരീക്ഷിക്കുന്നവർക്ക് മനസ്സിലാകും. വ്യാജമായ തലക്കെട്ടുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ പലതും പൊള്ളയാണെന്ന്  ബോധ്യപ്പെടും.

Jeremy-Corbyn-Delivers-A-Speech-On-Employment

മറുവശത്ത് ജെർമി കോർബിൻ ഉന്നമിട്ടത് അഞ്ചുവർഷം കഴിഞ്ഞ് ഭരണത്തിലെത്താനാണു. യാതൊരു കാരണവശാലും ഭരണത്തിലെത്തില്ല എന്ന് വിധിയെഴുതിക്കഴിഞ്ഞതിനാൽ കോർബിനു നഷ്ടപ്പെടാൻ ഒന്നുമില്ലായിരുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളെ നാണിപ്പിക്കുന്ന വിധത്തിൽ മാർക്സിയൻ സാമ്പത്തികശാസ്ത്രത്തിൽ ഊന്നിയ, സാമ്പത്തികരംഗം സർക്കാർ നിയന്ത്രണത്തിൽ വരുത്തുന്ന റാഡിക്കലായ മാനിഫെസ്റ്റോയുമായി മുന്നോട്ട് വന്നു. വിദ്യാർഥികൾക്ക് സൗജന്യവിദ്യാഭ്യാസം മാത്രമല്ല പഠനകാലത്തെ മെയിന്റെനൻസ് ഫീ കൂടി ഉൾപ്പെടുത്തി. നാഷണൽ ഹെൽത്ത് സർവ്വീസിനു കൂടുതൽ പണം. ധനികർക്ക് കൂടുതൽ ടാക്സ്. റെയിൽവേ മുതലായവയെ സ്വകാര്യമേഖലയിൽ നിന്നും പൊതുമേഖലയിലേക്ക് കൊണ്ടുവരിക. ഒരുലക്ഷത്തി ഇരുപതിനായിരം പൗണ്ടിൽ കൂടുതൽ വരുമാനമുള്ളവർക്ക് പൗണ്ടൊന്നിനു 50 പെൻസ് വെച്ച് ടാക്സ്. ഇരുപത്തിയാറു ശതമാനമാക്കി ഉയർത്തുന്ന കോർപ്പറേറ്റ് ടാക്സ്. നികുതി അടയ്ക്കാത്ത കമ്പനികളെ പിടിക്കാൻ കൂടുതൽ അധികാരം. ബെനിഫിറ്റ് കട്ട് അവസാനിപ്പിക്കൽ, തൊഴിലാളിക്ഷേമത്തിനു വേണ്ടി മന്ത്രാലയം, മൂന്നുവർഷം കൊണ്ട്  എല്ലാ തൊഴിലാളികൾക്കും  മിനിമം ലിവിങ് വേജ്. ഇരുപത് വർഷത്തിലധികമായി, പോപ്പുലർ അല്ലെങ്കിലും, പറഞ്ഞകാര്യങ്ങളിൽ വിശ്വസിക്കുകയും  അവ പ്രാവർത്തികമാക്കാൻ പലപ്പോഴും ഏകനായിത്തന്നെ  പ്രവർത്തിച്ചുവരികയും ചെയ്യുന്ന ജെർമി കോർബിനിൽ നിന്നും  ഇത് പ്രതീക്ഷിച്ചതുതന്നെ. അതിലുപരി, ഭരണത്തിൽ  വരാൻ സാധ്യതയില്ലെന്ന് പ്രതീക്ഷിക്കപ്പെട്ട കോർബിൻ ലേബർ പാർട്ടിയെ തന്റെ നയങ്ങൾക്ക് അനുകൂലമാക്കികൊണ്ടുവരാൻ അതിസമർത്ഥമായി ശ്രമിക്കുകയാണു. ടോണി ബ്ലെയറുടെ നേതൃത്വത്തിലുള്ള പാർട്ടിയിലെ വലതുപക്ഷത്തെ അരിഞ്ഞുമാറ്റുക. യുവാക്കളേയും  ഇടതുപക്ഷ നിലപാടുകളുള്ളവരേയും പാർട്ടിയിലേക്ക് കൊണ്ടുവരിക. തെരേസ മേ ആണു പ്രധാനമന്ത്രിയാകുന്നതെങ്കിൽ ബ്രെക്സിറ്റും മറ്റും അവർക്ക് കീറാമുട്ടിയാകുമെന്നും അങ്ങനെ ജനങ്ങൾക്കു മുന്നിൽ തെരേസയും അവരുടെ പാർട്ടിയും നാണം കെടുമെന്നും  അത്  കോർബിനും കോർബിൻ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയദർശനങ്ങൾ ജനങ്ങൾ സ്വീകരിക്കുന്ന സാഹചര്യമുണ്ടാക്കുമെന്നും കരുതുന്നു.

19075236_1664319333598544_619390759_n

ഏഴ് ആഴ്ച്ചകളെന്നാൽ ഒരു തെരഞ്ഞെടുപ്പിൽ വലിയ ഒരു കാലഘട്ടമാണു. എളുപ്പത്തിൽ  ഒരു  വാക്കോവർ  എന്ന് കരുതി  ഒരു രണ്ടാം താച്ചർരാകാൻ ശ്രമിച്ച തെരേസയുടെ കണക്കുകൂട്ടലുകൾ ആദ്യമേ പിഴച്ചു. തലേദിവസം തട്ടിക്കൂട്ടിയ മാനിഫെസ്റ്റോ ആദ്യം തന്നെ ചതിച്ചു. കണക്കുകൾ  ഇല്ലാത്ത മാനിഫെസ്റ്റൊ. പണം എവിടെ നിന്ന് വരുന്നു, എവിടെ പോകുന്നു എന്ന ലളിതമായ ചോദ്യത്തിനു മുന്നിൽ  അവർ ആദ്യമേ പതറി. പത്രക്കാരുടെ നിരന്തരമായ ചോദ്യങ്ങൾക്ക് നിശിതമായ ഉത്തരങ്ങൾ നൽകാനാകാതെ വിയർത്തു. ബ്രിട്ടീഷ് ടി വി ചരിത്രത്തിന്റെ അവിഭാജ്യഘടകമാണു ടോറി, ലേബർ, ലിബറൽ നേതാക്കൾ ഒരേ വേദിയിൽ വന്ന് കാണികളുടെയും അവതാരകരുടെയും ചോദ്യങ്ങൾക്ക് ഉത്തരം പറയുക എന്നത്. അതിൽ നിന്നും പിന്മാറിയത്  സ്ട്രോംഗ് ആൻഡ് സ്റ്റേബിൾ എന്ന അവരുടെ മുദ്രാവാക്യത്തെ ആദ്യമായി ചോദ്യം ചെയ്തു. ഇനിയും ചോദ്യങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.

അതാ വരുന്നു മാഞ്ചസ്റ്ററിലെ തീവ്രവാദി ബോംബിംഗ്. ഇരുപത്തിരണ്ട് പേരെ കൊന്നും അൻപതോളം പേരെ പരിക്കേൽപ്പിച്ചും ഒരു തീവ്രവാദിയുടെ ആത്മഹൂതി.

MANCHESTER, ENGLAND - MAY 23: Members of the public attend a candlelit vigil, to honour the victims of Monday evening's terror attack, at Albert Square on May 23, 2017 in Manchester, England. Monday's explosion occurred at Manchester Arena as concert goers were leaving the venue after Ariana Grande had just finished performing. Greater Manchester Police are treating the explosion as a terrorist attack and have confirmed 22 fatalities and 59 injured. (Photo by Jeff J Mitchell/Getty Images)

ചോദ്യങ്ങൾ തെരേസയുടെ നേരെയായി. ആറുകൊല്ലം ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയുമായ നിങ്ങൾ എന്തുകൊണ്ട് ഇരുപതിനായിരം പോലീസുകാരെ പിരിച്ചുവിട്ടു? എന്തുകൊണ്ട് ആയിരം സായുധപോലീസുകാരെ പിരിച്ചുവിട്ടു? എന്തിനു പോലീസ് ബഡ്ജറ്റ് വെട്ടിക്കുറച്ചു? സ്ഥാനം തെറ്റിയ ചുണ്ടിന്റെ കോണിൽ  ഒരു പ്ലാസ്റ്റിക്ക് പുഞ്ചിരി പിടിപ്പിച്ച് വച്ച് തൊടുന്യായങ്ങൾ പറയാനേ അവർക്ക് കഴിഞ്ഞുള്ളൂ. തീവ്രവാദികളെക്കുറിച്ച് കഴിഞ്ഞ രണ്ട് വർഷമായി പോലീസിനും എം ഐ ഫൈവ് എന്നറിയപ്പെടുന്ന രഹസ്യ പോലീസിനും അറിയാമായിരുന്നിട്ടുകൂടി എന്തുകൊണ്ട് അറസ്റ്റ് ചെയ്ത് ദുരന്തം  ഒഴിവാക്കിയില്ല എന്ന നിരന്തരചോദ്യത്തിനു മുന്നിൽ അവർക്ക് മറുപടി ഉണ്ടായിരുന്നില്ല. പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന തീവ്രവാദിയാണു പാർലമെന്റ് ആക്രമിച്ചതെന്നതും വിമർശനങ്ങളെ നിശിതമാക്കി മാറ്റി.

മറുവശത്ത് രസകരമായ കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഇരുപത് ശതമാനത്തോളം മുന്നിലായിരുന്ന ടോറി പാർട്ടി പിന്നീടുവന്ന ഒപ്പീനിയൻ പോളുകളിൽ നിരന്തരംമ്പിന്നിലേക്ക് വന്നുകൊണ്ടിരുന്നു. തെരേസയുടെ പോപ്പുലാരിറ്റി ആദ്യമായി നെഗറ്റീവായി. തികച്ചും അപ്രതീക്ഷിതം.

19046723_1664318760265268_172212555_n

ടോറി മാനിഫെസ്റ്റോ ചവറ്റുകുട്ടയിലായി. ഞാൻ, ഞാൻ മാത്രം ഡിഫിക്കൽട്ട് ലേഡി ജെർമി കോർബിനെ വ്യക്തിപരമായി ആക്രമിക്കുന്നതിലേക്ക് താഴ്ന്നു. ഒരു നേതാവ് ഉൽസവം അലങ്കോലമായ കുട്ടാടൻ പൂശാരിയോളം തളർന്നു തകർന്നു. അതേ സമയം ജെർമി കോർബിന്റെ ജനസമ്മതി ഉയർന്നുവന്നുകൊണ്ടിരുന്നു. ലേബർ മാനിഫെസ്റ്റൊ ഉയർത്തിക്കാട്ടിത്തന്നെ കോർബിൻ ജനങ്ങളിലേക്ക് നടന്നു. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കാതെ കൃത്യമായി രാഷ്ട്രീയം പറഞ്ഞു. വിദ്യാർഥികൾക്കും തൊഴിലാളികൾക്കും നിരാലംബർക്കും പെൻഷൻ പറ്റിയവർക്കും വേണ്ടി സംസാരിച്ചു. ടോറി പാർട്ടിയുടെ ഡിമെൻഷ്യ ടാക്സിനെ കിട്ടുന്നിടത്തൊക്കെ എതിർത്തു. ചിലവു കുറഞ്ഞ വീടുകൾ നിർമ്മിക്കാമെന്ന് ഉറപ്പ് കൊടുത്തു. ലേബർ പാർട്ടി നാൾക്കുനാൾ  ടോറി പാർട്ടിയുടെ ലീഡ് കുറച്ചുകൊണ്ടുവന്നു.തെരേസയെ അപേക്ഷിച്ച് ജെർമി കോർബിൻ ഉറച്ച നിലപാടിന്റെ പ്രതീകമായി.

തെരഞ്ഞെടുപ്പ് പെട്ടിയിൽ ആദ്യവോട്ട് വീഴും  മുന്നെ ചരിത്രത്തിലാദ്യമായി പത്ത് പ്രാവശ്യം ടോറി മാനിഫെസ്റ്റോയിൽ തിരുത്തലുകൾ നടത്തി. ആകെ നാണക്കേട്. രാഷ്ട്രീയത്തിൽ  അതിനെ ചെറുക്കുക ഇളിഭ്യച്ചിരി കൊണ്ടും അപാരമായ തൊലിക്കട്ടികൊണ്ടും അവാസ്തവമായ ഗ്വാഗ്വാ പ്രസ്താവനകൾ കൊണ്ടുമാണു. തെരേസയും ചെയ്തത് മറിച്ചല്ല. സ്വയം വീർപ്പിച്ചെടുത്ത വർണ്ണക്കുമിളകളിൽ നാണം മറയ്ക്കാൻ  ഒരു അത്തിയില പോലുമില്ലാതെ.

അവസരം മുതലെടുത്ത് സ്വന്തം നില ശക്തിപ്പെടുത്താൻ അനാവശ്യമായി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ്. ഇതേ തെരസ തന്നെയാണ് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്ലാതെ കാമറൂണ്‍ ഒഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി ആയി ചുമതലയേറ്റത്. തുടര്‍ന്ന് മീഡിയ ഏഴുവട്ടം ചോദിച്ചു; നിങ്ങള്‍ ഒരു പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ? ഏഴു പ്രാവശ്യം പറഞ്ഞ മറുപടിയും ഒരേ വിധം ആയിരുന്നു ” ഇല്ല പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ല, കാരണം ബ്രെക്സിറ്റ്  ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വേറെ ഒന്നിനും ശ്രദ്ധ കൊടുക്കാന്‍ ആകില്ല അതിനാല്‍ യാതൊരു കാരണവശാലും പുതിയ തിരഞ്ഞെടുപ്പ് ഉണ്ടാകില്ല”…അതു മാറ്റാന്‍ സ്റ്റേബിള്‍ എന്ന് സ്വയം അവകാശപെട്ട തെരസക്ക് അധികം നേരം വേണ്ടി വന്നില്ല…………… യൂ ടേണുകളുടെ രാഞ്ജി. ഒ വി വിജയൻറെ ഭാഷ കടമെടുത്തു പറഞ്ഞാൽ ഒരു ദേവതയുടെ ദയനീയ പരാജയം.

കാലിടറിയ, മുഖം നഷ്ടപ്പെട്ട, വിളറി വെളുത്ത “ഡിഫിക്കൽട്ട് ലേഡി” ഉപദേശകരെ മാറ്റി, മുദ്രാവാക്യങ്ങൾ മാറ്റി. അമേരിക്കയിൽ നിന്നും പുതിയ ഉപദേശകന്റെ പാഠങ്ങൾക്കനുസരിച്ച് വീണ്ടും അച്ചടക്കമുള്ള സ്‌കൂൾ വിദ്യാർത്ഥിയായി. വ്യക്തിപരമായുള്ള ആക്രമണങ്ങൾ നിർത്തി. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ സുരക്ഷിതത്വം എന്നിവയെക്കുറിച്ച്‌ മൗനം പാലിച്ചു. ഇതുവരെ ഒരു ഡയലോഗും നടത്താത്ത ബ്രെക്സിറ്റ്‌ ചർച്ച മാത്രമായി അജണ്ട. അതു ലീഡ് ചെയ്യാൻ ഞാനാണ് യോഗ്യ എന്നതിലേക്ക് ചുരുങ്ങി. സമ്മേളന ഹാളിൽ ഞാൻ തെരേസ, സ്‌ട്രോങ് ആൻഡ് സ്റ്റേബിൾ എന്നത് മാറ്റി ഞാനും എന്റെ ടീമും എന്നായി. കൺസർവേറ്റീവ് എന്ന അവരുടെ പാർട്ടിയുടെ പേര് ആദ്യമായി പ്രത്യക്ഷപ്പെട്ടു.

ദുരന്തങ്ങൾ ഈ പ്രാവശ്യം പ്രത്യക്ഷപ്പെട്ടത് ലണ്ടൻ ബ്രിഡ്ജിൽ മൂന്നു തീവ്രവാദികളുടെ രൂപത്തിലായിരുന്നു. എട്ടു പേരുടെ ജീവൻ കുരുതി കൊടുത്തു. അമ്പതിലധികം പേർക്ക് മാരകമായി പരിക്കേറ്റു. ആഭ്യന്തര മന്ത്രിയായിരുന്ന, ഇപ്പോൾ പ്രധാനമന്ത്രിയായ വ്യക്തിയുടെ പരാജയം. ഏറ്റവും വിഷാദകരമായ ഫലിതം ഈ മൂന്നു പേരുടെ പേരുകളും പോലീസിന് അറിയാമായിരുന്നു എന്നതും അവർക്കെതിരെ തെരേസയുടെ പോലീസും മിലിട്ടറി ഇന്റലിജൻസും (MI5) ഒരു ചെറുവിരൽ പോലുമനക്കിയില്ല എന്നതുമാണ്. ഒഴിവാക്കാമായിരുന്ന ദുരന്തങ്ങൾ. ഭരണത്തിന്റെ പിടിപ്പുകേടിനു എന്നത്തേയും പോലെ നിഷ്കളങ്കരുടെ ബലിദാനങ്ങൾ.

18985387_1664318513598626_1978262800_n

നാളെ (ജൂൺ എട്ടിന് ) ഞാനും എന്റെ മകൻ രാമുവും ഒരുമിച്ചു വോട്ട് ചെയ്യും. ഞാൻ എന്നത്തേയും പോലെ ലേബർ പാർട്ടിക്ക്. ജെർമി കോർബിൻ എന്റെ രാഷ്ട്രീയമാണ് പറയുന്നത്. എനിക്ക് തൊണ്ണൂറു മുതൽ കോർബിനെ അറിയാം. പല ജാഥകളിലും മീറ്റിങ്ങുകളിലും ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്. ലേബർ പാർട്ടിയിലെ “ലൂണി ലെഫ്റ്” എന്ന് മാർദോക്കിന്റെ പത്രങ്ങൾ വിളിച്ച സ്ഥലമാണ് ഞങ്ങളുടെ പൊതുയിടം രാഷ്ട്രീയ ചായ്‌വും For the many not the few. മകൻ രാമുവിനോട് ആർക്കു വോട്ട് ചെയ്യുന്നു എന്ന് ഞാൻ ചോദിച്ചിട്ടില്ല. അടുത്ത വർഷം യൂണിവേഴ്സിറ്റിയിൽ പോകാൻ ഉദ്ദേശിക്കുന്ന അവനു ഒരു പക്ഷെ യൂണിവേഴ്സിറ്റി ഫീ പ്രധാനമായിരിക്കും. ജെർമി കോർബിൻ വിദ്യാഭ്യാസം സർക്കാർ ചിലവിൽ ആകാമെന്ന് ഉറപ്പു കൊടുത്തിട്ടുണ്ട്. ഇരുപത്തിയേഴു ലക്ഷം രൂപയ്ക്കു അപ്പുറം അവനു അവന്റേതായ ഒരു മനസ്സുണ്ട്. പതിനെട്ടര വയസ്സ് കഴിഞ്ഞ അവന്റെ രാഷ്ട്രീയ ബോധം ടോറികൾക്കു ഒപ്പം അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായി ഈ വട്ടം തിരഞ്ഞെടുപ്പ് കുതിരകളുടെ ഓട്ട മത്സരത്തില്‍ മാത്രമായി ഒതുങ്ങി എന്നൊരു വിഷമമുണ്ട്. ഇംഗ്ലണ്ടിൽ ടോറിയും ലേബറുമായി സ്കോട്ലാന്റിൽ എസ് എൻ പിയും ഒന്നുകിൽ ടോറിയോ ലേബറുമായോ വെയിൽസിൽ ലേബറും വെയിൽസ് നാഷണൽ പാർട്ടിയായ പ്ലൈട് കമ്മറിയയുമായി, വടക്കൻ അയർലന്റിൽ യൂണിയനിസ്റ്റുകളും റിപ്പബ്ലിക്കരുമായി.

ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാവരും 19021285_1664318636931947_136269953_nകരുതുന്നതുപോലെ  അട്ടിമറികൾ നടന്നില്ലെങ്കിൽ തെരേസ മേയ് വീണ്ടും  പ്രധാനമന്ത്രിയായേക്കാം. അവസാനം നടന്ന അഭിപ്രായവോട്ടെടുപ്പനുസരിച്ച് ടോറികളും ലേബർ പാർട്ടിയുമായി മൂന്ന് മുതൽലാറു പോയിന്റ് വരെ വ്യത്യാസമുണ്ട്. അങ്ങനെയെങ്കിൽ  ഒരു  തൂക്കുപാർലമെന്റിനുള്ള സാധ്യതയുണ്ട്. നിലവിലുള്ള ഭൂരിപക്ഷത്തിൽ നിന്നും ആറു സീറ്റ് കുറഞ്ഞാൽ തെരേസ  പ്രധാനമന്ത്രിയാകാനുള്ള സാധ്യതയും കുറയും. എന്തായാലും ഇരുപത്തിയഞ്ചിനു താഴെ സീറ്റുകളുടെ ഭൂരിപക്ഷമാണു ടോറി പാർട്ടിക്ക് ലഭിക്കുന്നതെങ്കിൽ ഞാനത് ജെർമി കോർബിന്റെ വിജയമായി കണക്കാക്കും. തെരേസ പ്രധാനമന്ത്രിയായാലും അതൊരു പരാജയമാകും. തെരേസയുടെ പാർട്ടിയിലെ ആളുകൾ തന്നെ അടുക്കളയിൽ വാളുകൾ രാകുന്ന ശബ്ദം  എനിക്ക് കേൾക്കാം.

ലണ്ടനിൽ ലേബർ പാർട്ടി നിലവിലുള്ളതിനേക്കാൾ രണ്ടോ മൂന്നോ സീറ്റ് വർദ്ധിപ്പിക്കും. അങ്ങനെയായാൽ  ലണ്ടനെങ്കിലും ചുവക്കും.

തോൽവിയും ജയവും ഇന്ന് ജനങ്ങൾ തീരുമാനിക്കും. അതെന്തെങ്കിലുമാകട്ടെ. ജനാധിപത്യത്തിൽ ജനവിധി സ്വീകരിക്കാതെ വേറെ വഴികളില്ല. എന്നാലും ഒന്ന് പറഞ്ഞ് അസാനിപ്പിക്കട്ടെ. നന്ദി ജെർമി കോർബിൻ. ചാരത്തിൽ കെടാതെ കിടന്ന തീയെ ഞങ്ങളുടെ ഹൃദയങ്ങളിൽ വീണ്ടും ചുവപ്പിച്ചതിനു, വീണ്ടും കിനാവുകൾ കാണാൻ പ്രാപ്തരാക്കിയതിനു. നന്ദി ലേബർ പാർട്ടി, നന്ദി.

Comments

comments