സിപിഐ(എം)-ന്‍റെ കേന്ദ്രക്കമ്മറ്റി ഓഫീസായ ഏകെജിഭവനില്‍ ആക്രമിച്ചു കയറുകയും ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഘത്തെ ഹിന്ദുസേനയെന്നോ  രാഷ്ട്രീയ സേനയെന്നോ  മറ്റോ ആണ്  വിശേഷിപ്പിച്ചത്. മതേ തരവാദികളും ജനാധിപത്യ വാദികളും  മാത്രമല്ല കുമ്മനം പോലും ഈ അക്രമത്തെ അപലപിച്ചിട്ടുണ്ട്.

ഈ കയ്യേറ്റം യാദൃച്ഛികമല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആറു തവണയെങ്കിലും പുറത്ത് നിന്ന് ഏകെജിഭവനു നേരെ ആര്‍.എസ്.എസ് ആക്രമണമുണ്ടായിട്ടുണ്ട്. എന്താണ് ആക്രമണത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രകോപനം.?

സീതാറാം യച്ചൂരി രാജ്യസഭയ്ക്കകത്തും പുറത്തും ബിജെപി യുടെ ഫാസിസ്ററ് നിലപാടുകള്‍ക്കെതിരെ നിരന്തരം പൊരുതുന്ന പോരാളിയാണ്. അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ ജനകീയശൈലി ആളുകളുടെ പക്ഷങ്ങളെ ഉറപ്പിക്കാന്‍ മാത്രം ശക്തമാണ്. പലപ്പോഴും  പ്രതിപക്ഷത്തിന്‍റെ നായകശബ്ദമായി യച്ചൂരി മാറുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. ബിജെപി വിരുദ്ധതയെ  ഒറ്റ വേദിയില്‍ ശക്തിപ്പെടുത്തുന്നതിന് മുന്‍കൈ എടുക്കുന്ന നേതാവാണ് യച്ചൂരി. ഇതൊക്കെ   കയ്യേറ്റത്തിനു പിന്നിലെ കാരണമായോ? അതോ സൈന്യം മനുഷ്യകവചം ഉപയോഗിച്ച് കാശ്മീരില്‍ നടത്തിയ  നീക്കത്തെ അപലപിച്ച് പീപ്പിള്‍ ഡമോക്രസിയില്‍   പ്രകാശ് കാരാട്ട് എഴുതിയ ലേഖനമാണോ  പ്രകോപന കാരണം ?

ഈ രണ്ടില്‍ സൈന്യാഭിമാനത്തെ കയറി പിടിക്കാനാകും ആര്‍ എസ്എസ് -ബിജെപി ശക്തികള്‍ക്ക് താല്പര്യം. രാജ്യസ്നേഹവും സൈന്യാദരവും ഇല്ലാത്തവരും പാകിസ്ഥാന്‍ പക്ഷവാദികളുമായ ന്യൂനപക്ഷവും കമ്മ്യൂണിസ്സുകാരും ആര്‍ എസ് എസിന്‍റെ എക്കാലത്തെയും തുറുപ്പുചീട്ടാണ്.കൃത്രിമമായ രാജ്യസ്നേഹവും സൈന്യങ്ങളെ കുറിച്ചുള്ള മിഥ്യാഭിമാനവും സൃഷ്ടിച്ചെടുക്കാന്‍ നരേന്ദ്രമോഡി നടത്തിയ ശ്രമങ്ങള്‍ ഒരു  പരിധി വരെ വിജയം കണ്ടിട്ടുണ്ട്. പാകിസ്ഥാന്‍ വിരുദ്ധതയും ധീരദേശാഭിമാനവും ഇന്‍ഡ്യന്‍ മധ്യവര്‍ഗസവര്‍ണ്ണതയെ ഊറ്റം കൊള്ളിക്കുന്നുണ്ട്. മോഡിയും ആര്‍എസ്എസും നിര്‍വ്വചിക്കുന്ന സ്വരാജ്യാഭിമാനത്തിന് മധ്യവര്‍ഗസരണിയില്‍ വലിയ അംഗീകാരം ലഭിക്കാന്‍ പാകിസ്ഥാന് എതിരായ സൈനികനടപടികളും അതിഭൗതിക സൈനിക വാഴ്ത്തുകളും കാരണമായിട്ടുണ്ട്.

അഹിന്ദുക്കളായ ന്യൂനപക്ഷം കേവലം അവരുടെ മതസ്വത്വം  കൊണ്ടും കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ സാര്‍വ്വലൗകിക സാഹോദര്യഭാവം കൊണ്ടും  സ്വാഭാവികമായും ദേശവഞ്ചകരാകുന്നു. ഇത്  ആര്‍ എസ് എസിനും ബിജെപിക്കും നല്ലവണ്ണം വിറ്റു തീര്‍ക്കാവുന്ന ഐഡിയോളജി!!

യച്ചൂരിയെ കയ്യേറ്റം ചെയ്തത് ദേശവ്യാപകമായ പ്രതിഷേധത്തിനിടയാക്കി. ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുത്ത ബി.ജെ.പി -ആര്‍.എസ്.എസ് നേതാക്കള്‍ കയ്യേറ്റത്തെ  സൈനികരെ അപമാനിച്ചതിനുള്ള സ്വാഭാവിക  പ്രതികരണമെന്ന നിലയിലേക്ക് ന്യൂനീകരിക്കാന്‍ ശ്രമിക്കുകയും ഒരു പരിധി വരെ ചര്‍ച്ചകളെ അതിനുചുറ്റും പിടിച്ചു കെട്ടുന്നതില്‍ വിജയിക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ ഏകെജിഭവനു നേരെയുണ്ടായ ആക്രമത്തിനു കാരണമെന്ത്? മൂന്നു കാരണങ്ങളാണ് സംഘപരിവാര്‍ പ്രകോപനത്തിനു പിന്നിലുള്ളത്.

ഒന്നാമതായി അധികാരവും ആള്‍ബലവും അര്‍ത്ഥവും വളരെ കുറവുള്ള മാര്‍ക്സിസ്റ്റു പാര്‍ടിയെ വല്ലാതെ സംഘപരിവാര്‍ ഭയപ്പെടുന്നു. ഒരു നേതാവല്ല ലക്ഷ്യം. ഒരു ലേഖനവുമല്ല കാരണം.  ഒന്നാമതായി  ഈ കൊച്ചു പാര്‍ട്ടി അതിന്‍റെ രൂപീകരണകാലം മുതല്‍ ഇന്നോളം എടുത്തിട്ടുള്ള വിട്ടുവീഴ്ചയേതുമില്ലാത്ത ഫാസിസ്റ്റ് വിരുദ്ധത സംഘപരിവാറിനെ ഭയപ്പെടുത്തുന്നു.

രണ്ടാമത്, ബിജെപി  സര്‍ക്കാര്‍ സാംസ്ക്കാരികമായി നടപ്പാക്കി കൊണ്ടിരിക്കുന്ന ന്യൂനപക്ഷ -ദളിത് വിരുദ്ധ ബ്രാഹ്മണ രാഷ്ട്രീയത്തിനു നേരിടേണ്ടി വരുന്ന സാംസ്ക്കാരികവും അക്കാദമികവുമായ  ചെറുത്തു നില്പുകളുടെയും  പ്രതിരോധങ്ങളുടെയും പിന്നിലുള്ള പൊളിറ്റിക്കല്‍ ട്രിഗര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അതിന്‍റെ ജൈവികപരിസരവുമാണെന്ന് സംഘപരിവാര്‍ നന്നായി തിരിച്ചറിയുന്നുണ്ട്.

മൂന്നാമത്തെ കാരണം കേരളമാണ്. ഏത്ര  ശ്രമം നടത്തിയിട്ടും അമിത്ഷായ്ക്കും കൂട്ടര്‍ക്കും കേരളസമൂഹത്തെ ഒന്ന് മനസ്സിലാക്കിയെടുക്കാന്‍ പോലും കഴിയുന്നില്ല. പക്ഷേ  ഡല്‍ഹിയില്‍ നോവിച്ചാല്‍ നീറുന്നത് കേരളത്തിലാണെന്ന് സംഘികള്‍ക്കറിയാം. ആ നീറ്റലിനെ വെടിയും പുകയുമാക്കി മാറ്റാനാകുമോയെന്നൊരു ഉന്നവും ഈ ആക്രമണത്തിനു പിന്നിലുണ്ട്.

എന്തായാലും മോഡിയുടെ ‘ഫാസിസ്റ്റ് ജനകീയസര്‍ക്കാരും’ സംഘപരിവാറും ഒരുങ്ങിയുള്ള പുറപ്പാടാണ്. ജനകീയമതേതര തുരുത്തുകളെ  തീർത്തും ഇല്ലാതാക്കാനുള്ള പുറപ്പാട്. ബാബ്റി മസ്ജിദ് പൊളിഞ്ഞു വീണ ഡിസംബര്‍ 6 ജനാധിപത്യത്തിലെ ഇരുണ്ടദിനമാണെങ്കില്‍ ഏകെജിഭവനു നേരെയും സിപിഐ(എം) ജനറല്‍ സെക്രട്ടറിക്കും നേരെ സംഘപരിവാര്‍ ആക്രമണം നടത്തിയ ജൂണ്‍ 7 ജനാധിപത്യചരിത്രത്തിലെ മറ്റൊരു കറുത്തദിനമാണ്.

———-
സംഘപരിവാർ: ഫാസിസത്തിന്റെ ഭീഷണസ്വരം

Comments

comments