ലിയനാര്‍ദോ  ദാവിഞ്ചി നമുക്കെന്നും ഒരത്ഭുതമാണ്. ഇതുപോലെ ഒരു ബുദ്ധിജീവി ഈ ഭൂമിയില്‍ വസിച്ചിരുന്നുവെന്നു ഒരു പക്ഷെ വിശ്വസിക്കാനേ പ്രയാസം.leonardo-da-vinci---notebooks ജീവിച്ചിരുന്ന കാലത്താണെങ്കിലോ, ഈ ബഹുമുഖപ്രതിഭ തിളങ്ങാത്ത ഒരു മേഖലയുമുണ്ടായിരുന്നില്ല. ചിത്രകാരനെന്ന നിലയിലാകട്ടെ, അദ്ദേഹത്തിന്‍റെ കലാനൈപുണ്യം അതിന്‍റെ പാരമ്യതയിലുമായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ നവോത്ഥാനകാലത്തെ രേഖപ്പെടുത്താന്‍ ദാവിഞ്ചിയിലും മനോഹരമായി മറ്റൊരാള്‍ക്കാവുമെന്ന്‍ തോന്നുന്നില്ല.

ദാവിഞ്ചിയുടെ ഇന്ന് നമുക്കു ലഭ്യമായ കുറിപ്പുകളില്‍നിന്നും ആ ബുദ്ധിശാലിയുടെ വാനോളം പരന്നുകിടക്കുന്ന ചിന്തകളെയും ഭാവനകളെയും കണ്ടെത്താനാവുന്നുണ്ട്. അവയോരോന്നും നമ്മെ ഇന്നും അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. അത്രതന്നെ അത്ഭുതജന്യമാണ് അദ്ദേഹത്തിന്‍റെ ഓരോ ചിത്രങ്ങളും.

ചിത്രമെന്നാല്‍ കാണപ്പെടുന്ന കവിതയും കവിതയെന്നാല്‍ അനുഭവപ്പെടുന്ന ചിത്രവുമാണെന്നു ദാവിഞ്ചി ഒരിക്കല്‍പറയുകയുണ്ടായി. എത്ര വാസ്തവം! ശരിക്കും അദ്ദേഹത്തിന്‍റെ ചിത്രങ്ങളോരോന്നും കവിതകള്‍ തന്നെയായിരുന്നു. നമ്മളെന്നും ഒരു പക്ഷെ, ദാവിഞ്ചിയെ കൂടുതലുമറിയുന്നത് മോണലിസയുടെ നിഗൂഹിതസ്മിതത്തിലൂടെയായിരിക്കാം. നമുക്കൊന്നും പിടിതരാത്ത എന്തോ ഒന്ന്‍ ആ സുന്ദരിയുടെ കണ്‍തടങ്ങളിലും അധരകോണുകളിലും ദാവിഞ്ചി  വരഞ്ഞിട്ടപ്പോള്‍ അഭൂതപൂര്‍വ്വമായ ഒരു കലാസംസ്കാരം, ഒരു പക്ഷെ ഒരു ചരിത്രം തന്നെ സൃഷ്ടിക്കപ്പെടുകയായിരുന്നു. ‘ലാ ജ്യോകൊന്‍ഡ ‘ എന്ന സുന്ദരിയെ ഭൌതികമായി പകര്‍ത്തുന്നതിനോപ്പം തന്നെ അവളുടെ മനോവ്യാപാരങ്ങളെയും വശ്യതയേയും  വരെ ഒപ്പിയെടുത്തു ആ മഹാനുഭാവന്‍.  ‘ലാ ജ്യോകൊന്‍ഡ’ യായിരുന്നു പിന്നീട് മോണലിസ യെന്ന പേരില്‍ വിശ്വപ്രശസ്തയായത്. നമ്മെയൊന്നു മാടിവിളിക്കുന്ന ഭ്രമാത്മകാത ആദ്യനിമിഷത്തിലവള്‍ പ്രകടിപ്പിക്കുമെങ്കിലും ഉടനടി തന്നെയതപ്രത്യക്ഷമാവും. സംശയങ്ങള്‍ ബാക്കിവെച്ചുകൊണ്ടവള്‍ നോട്ടം തുടരുകയും ചെയ്യും. നിഗൂഢത നിലനിര്‍ത്തിക്കൊണ്ടു പിന്നെയും പുഞ്ചിരിച്ചുകൊണ്ടേയിരിക്കും;നമ്മെ വട്ടംകറക്കിക്കൊണ്ട്. ആ മായപ്പുഞ്ചിരിയോടുള്ള ആവേശം ഒരിക്കലും കെടാതിരിക്കുന്നതും അതുകൊണ്ടുതന്നെ.

leonardo-mona-lisa

Mona Lisa

സ്ഫുമാറ്റോ എന്നൊരു ചിത്രണരീതിയുണ്ട്. പുക എന്നൊക്കെ അര്‍ത്ഥം വരുന്ന  ഇറ്റാലിയന്‍ വാക്കാണത്. ധൂമപടലമെന്നപോലെ ചിത്രത്തിലെ രൂപങ്ങളുടെ അരികുകള്‍ അതിന്‍റെ ചിത്രപരിസരത്തിലേക്ക് പടര്‍ന്നില്ലാതാവുന്ന രീതിയെയാണ് പണ്ഡിതര്‍ സ്ഫുമാറ്റോ എന്നുവിളിച്ചത്.  ദാവിഞ്ചി തന്‍റെ ചിത്രങ്ങളില്‍ ഈ രീതി ഒരുപാടുപയോഗിച്ചിട്ടുണ്ട്. ഈ പുകവര്‍ണ്ണപ്രയോഗം തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലെ അതിനിഗൂഢതയെ ചേര്‍ത്തുനിര്‍ത്തിയത്.

ലോകത്തിലെ ഏറെ പ്രശസ്തമായ ചിത്രങ്ങളില്‍ ഏറ്റവും മുന്‍നിരയില്‍ത്തന്നെ നില്‍ക്കുന്ന രണ്ടെണ്ണമാണ് ‘മോണലിസ’യും ‘അവസാനത്തെ അത്താഴ’വും.  ഇതുരണ്ടും വരച്ചത് ഒരാള്‍തന്നെയെന്നാലോചിക്കുമ്പോഴാണ് ദാവിഞ്ചിയെന്ന  പ്രതിഭയുടെ ഔന്നത്യം നമുക്കൊരു മിന്നല്‍പ്പിണരെന്നോണം അനുഭവപ്പെടുക. എന്തായാലും ഇവിടെ ഞാന്‍, പലരും ഒരുപാടെഴുതിക്കഴിഞ്ഞിട്ടുള്ള ഈ രണ്ടു ഗംഭീരചിത്രങ്ങളേയും മാറ്റിനിര്‍ത്തിക്കൊണ്ട് ദാവിഞ്ചിയെന്ന ചിത്രകാരനെ അറിയാന്‍ ശ്രമിക്കാം.

നൂറുകണക്കിന്  ചിത്രങ്ങള്‍  ദാവിഞ്ചി വരുംതലമുറകള്‍ക്കുവേണ്ടി വരച്ചുവെച്ചിട്ടുണ്ട്. സൈക്കിളുകളും മനുഷ്യശരീരഘടനയും വിമാനവുമെല്ലാം അതില്‍പ്പെടും. നമുക്ക് ഇക്കാലത്തുപോലും വിശ്വസിച്ചെടുക്കാനാവാത്തവിധം  അസാധാരണമായ, മഹനീയമായ സര്‍ഗ്ഗശേഷിയും ബുദ്ധിശക്തിയുമൊക്കെ ആ ചിത്രങ്ങളിലൂടെ നമുക്ക് തെളിഞ്ഞുകാണാം.

lady-with-an-ermineLady with an Ermine

ഇനി നമുക്കാദ്യം പോളണ്ടിലെ ക്രാകോ മ്യൂസിയത്തിലുള്ള എര്‍മിനുമായൊരു  സുന്ദരി എന്ന ചിത്രത്തെ പരിശോധിക്കാം. പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അവസാന കാലത്തെപ്പോഴോ വരച്ച ചിത്രമാണിത്. എര്‍മിന്‍ എന്നാൽ കീരിയേപ്പോലുള്ള ഒരു കൊച്ചു സസ്തനി. മിലനിലെ പ്രഭ്വി സെസീലിയ ഗല്ലറാനിയെയാണ് ദാവിഞ്ചി ഇതിൽ വരച്ചിരിക്കുന്നത്. നാശോന്മുഖമായി കിടന്നിരുന്ന ഈ ചിത്രം ഗൗരവവും സൂക്ഷ്മവുമാർന്ന പുനർചിത്രണങ്ങളിലൂടെയാണ് ഈ നിലയിലേക്കെങ്കിലും  എത്തിയത്. ഈ ചിത്രത്തിൽ പതിഞ്ഞിരുന്ന ഒരു നാസി പട്ടാളക്കാരന്‍റെ ബൂട്ടടയാളമൊക്കെ വളരെ കഷ്ടപ്പെട്ടാണ്‌ നീക്കം ചെയ്തത്രെ. ആ വീണ്ടെടുക്കലിനു ശേഷവും ഈ ചിത്രത്തിന്‍റെ പശ്ചാത്തലം ഏറെക്കുറെ പൂർണ്ണമായും ഇരുണ്ടുതന്നെ കിടക്കുന്നു. ഇത് ദാവിഞ്ചിയുടേത് എന്നുറപ്പിക്കാന്‍തന്നെ പണ്ഡിതര്‍ പാടുപെട്ടു. ഒടുവില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനനാളുകളിലാണ് ആ തീരുമാനം ഉറപ്പിച്ചത്. എന്നിരുന്നാലും ഇന്ന് ലഭ്യമായിട്ടുള്ള ദാവിഞ്ചിച്ചിത്രങ്ങളിൽ വളരെ പ്രമുഖസ്ഥാനം ഈ ചിതം വഹിക്കുന്നു.

ഏറെ ഹൃദയഹാരിയായ, ഈ രമണീയചിത്രം ദാവിഞ്ചിയെന്ന ധിഷണാശാലിയുടെ വേറിട്ട സർഗ്ഗാത്മകതയുടെ മനോജ്ഞപ്രമാണമാണ് എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.

1800-ല്‍ ഇറ്റലിയിലൊരു പര്യടനം കഴിഞ്ഞെത്തിയ ആദം സാര്‍തോറിസ്കി എന്ന രാജകുമാരന്‍ തന്‍റെ അമ്മയ്ക്ക് ഉപഹാരമായി കൊണ്ടുവന്നതായിരുന്നുവത്രെ ഈ ചിത്രം. ഒടുവിലത്‌ പോളണ്ടിലെ ഇസബെല്ല രാജകുമാരിയുടെ കൈയ്യിലെത്തി. അവർ ഈ ചിത്രം കൈകാര്യം ചെയ്തിരുന്ന രീതി കണ്ടിരുന്നുവെങ്കിൽ ഇക്കാലത്തെ കലാസ്വാദകർക്ക് ഹൃദയസ്തംഭനം സംഭവിച്ചേനേ എന്നു തമാശയായി പറയാറുണ്ട്. അത്രമാത്രം വിചിത്രമായിരുന്നു ഇസബെല്ല രാജ്ഞിയും ചിത്രവുമായുള്ള ബന്ധം. ഈ ചിത്രം കൈയ്യിൽ കിട്ടിയ ഉടനെ ഇതിലെ എര്‍മിനെക്കുറിച്ച് അവർ പറഞ്ഞ ഒരു കുപ്രസിദ്ധ വാചകമുണ്ട്: ” ഇതൊരു നായയാണെങ്കിൽ, ഇതൊരു വൃത്തികെട്ട നായ തന്നെ ” എന്ന്‍. ചിത്രത്തിന്‍റെ നീലപശ്ചാത്തലം രാജകുമാരിക്ക് തീരെ പിടിച്ചില്ലത്രെ. അതിനവർ അവിടെ മുഴുക്കെ കറുത്തചായം പൂശി. ഇന്നും നമുക്കാ കരിമ്പൻ പശ്ചാത്തലം കണ്ടാൽ ചതിക്കപ്പെട്ടതു പോലുള്ള മനോവിഷമം ഉണ്ടാവും.
അങ്ങനെയൊണെങ്കിലും ഈ ചിത്രം ഇന്നും പകർന്നു തരുന്ന പ്രശാന്തതയ്ക്കു ഒരു കുറവും സംഭവിച്ചിട്ടില്ല. എര്‍മിനെ വരച്ചിരിക്കുന്നതാകട്ടെ  അത്യപൂർവ്വചാരുതയോടേയും. ഇളം നിറങ്ങൾ പ്രയോഗിക്കുന്നതിലെ ദാവിഞ്ചിയുടെ അസാധാരണ കഴിവ് ഇവിടേയും പ്രകടം. മോണലിസയുടേതെന്ന പോലെ, ഈ സുന്ദരിയിലും ഒരു ഗൂഢസ്മിതം ഭംഗിയായി വരച്ചു ചേർത്തിട്ടുണ്ട്.  അതിലൊരു തരളിതയുണ്ട്. പ്രതീക്ഷകളുണ്ട്. പിന്നെ നമ്മെ അവളിലേക്ക് വലിച്ചടുപ്പിക്കുന്ന മറ്റെന്തോകൂടിയുണ്ട്.

എന്നാലും അതിലും ഗംഭീരം എര്‍മിന്‍റെ ഭാവമാണെന്നത് പറയാതെ വയ്യ.  സെസീലിയ, ചിത്രം വരയ്ക്കുമ്പോൾ ഗർഭിണിയായിരുന്നുവെന്നും അതിന്‍റെ സൂചകമായിട്ടാണ് എര്‍മിനെ വരച്ചതെന്നും ഒരു കഥയുണ്ട്. ചിലപ്പോളത്, പാതിവ്രത്യ സൂചനയുമാവാം. സെസീലിയ ഇരുട്ടിലേക്കാണ് നോക്കുന്നത്. ആ കണ്ണോട്ടത്തിലൂടെ, ഒളിഞ്ഞുനിൽക്കുന്ന കാമുകന്‍റെ സാന്നിദ്ധ്യം നമുക്കനുഭവിക്കാനാവുന്നുണ്ട്. സെസീലിയയുടെ എര്‍മിനെ തഴുകുന്ന കൈ വളരെ വിശദമായും അതിലാവണ്യതയോടേയുമാണ് ദാവിഞ്ചി വരച്ചിരിക്കുന്നത്. ആ നഖങ്ങളും എന്തിന്, ഓരോ ചുളിവുകളും പേശീതന്തുക്കളും വരെ നമുക്കവിടെ തെളിഞ്ഞു കാണാം. അത്തരമൊരു സൂക്ഷ്മചിത്രണത്തിലൂടെ ദാവിഞ്ചി ആ മൃദുലാളനത്തിന്‍റെ ആഹ്ലാദാനുഭവം  പ്രേക്ഷകരിലേക്കും പകരുകയാണ്.  എന്നാൽ എര്‍മിനാവട്ടെ, എന്തോ കണ്ടതിന്‍റെ വ്യഗ്രതയിലാണെന്നു തോന്നും. സുന്ദരിയുടെ സ്നേഹമസൃണമായ തലോടൽ വിട്ട്, നമുക്കരികിലേക്ക് കുതിച്ചേക്കുമോ അവൻ?  ആരും സംശയിച്ചുപോകും.

ഇനി രണ്ടാമത്തെ ചിത്രത്തിലേക്ക് നോക്കാം.  ‘കന്യകയും കുഞ്ഞും വിശുദ്ധ ആനിന്‍റെയൊപ്പം’ എന്നാണിതിന്‍റെ പേര്. ലൂവ്ര മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള   ഈ ചിത്രം 1503-ലേതാണ്.

Leonardo_da_Vinci_-_Virgin_and_Child_with_St_Anne_C2RMF_retouched

മൂന്നു തലമുറകളെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. വിശുദ്ധ ആൻ, കന്യാമറിയം, പിന്നെ ഉണ്ണിയേശുവും. ആൻ യേശുവിന്‍റെ അമ്മൂമ്മയാണ്. കന്യാമറിയത്തിന്‍റെ അമ്മ.
ചിത്രത്തിലെ ഉണ്ണിയേശു ഒരു ആട്ടിൻകുട്ടിയുമായി കളിയിൽ. മറിയം അവനെ പിടിച്ചു മാറ്റുകയാണ്. അതോ വാരിയെടുക്കുകയോ? വാത്സല്യവും സ്നേഹവും വഴിഞ്ഞൊഴുകുന്നുണ്ട്  മറിയത്തിന്‍റെ മുഖത്ത്. ഉണ്ണിയേശുവിന്‍റെ മുഖത്താകട്ടെ കുസൃതിയും.

Saint anne with the virgin and child

ദാവിഞ്ചിയുടെ മനസ്സിൽ അനേകകാലം തത്തിക്കളിച്ചിരുന്ന ഒരു പ്രമേയമായിരുന്നുവത്രെ ഈ ചിത്രത്തിന്‍റെത്. ഇതിനു വേണ്ടി നിരവധി സ്കെച്ചുകൾ അദ്ദേഹം വരച്ചുകൂട്ടുകയുണ്ടായി.
ലാൻഡ്സ്കേപ്പിൽ വരച്ചുചേർത്ത  ഒരു മനുഷ്യപ്പിരമിഡ് എന്ന് ഇതിനെക്കുറിച്ച് ചിലർ പറയാറുണ്ട്.

ഒരു പക്ഷെ, ആദ്യമായിട്ടായിരിക്കണം, കന്യാമറിയത്തെ ആരുടേയെങ്കിലും  മടിയിൽ ഇരിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്നത്. ചിത്രത്തിലെ ആട്ടിൻകുട്ടി എക്കാലത്തേയും പോലെ ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രതീകം തന്നെ. ദൈവത്തിന്‍റെ ആട്ടിൻകുട്ടിയെന്ന് സ്നാപകയോഹന്നാൻ യേശുവിനെ വിളിച്ചത് നമുക്കിവിടെ ഓർക്കാം. സുന്ദരിയായ വിശുദ്ധ ആൻ തന്നേയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം.

ഗർഭിണികളുടേയും  കുട്ടികളില്ലാത്തവരുടേയും പുണ്യാളത്തിയാണ് വിശുദ്ധ ആൻ. ഫ്രാൻസിലെ ലൂയി പന്ത്രണ്ടാമൻ രാജാവിന്‍റെ ഭാര്യയുടെ പേരും ആൻ എന്നുതന്നെ. രാജദമ്പതിമാർക്ക് ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം ഒരു മകൾ ജനിച്ചപ്പോൾ, ദാവിഞ്ചിയോട് ആവശ്യപ്പെട്ടതാണത്രെ ഈ ചിത്രം വരയ്ക്കാൻ.  മഹാനായ ചിത്രകാരൻ പക്ഷെ, തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ ചിത്രത്തിൽ അനവധി പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയും, പറഞ്ഞ സമയത്ത് ചിത്രം പൂർത്തീകരിക്കാൻ  കഴിയാതെ  വരികയും  ചെയ്തു.

ചിത്രത്തിൽ എല്ലാവരും ഇരിക്കുന്നത് കിഴുക്കാംതൂക്കായ ഒരു പാറക്കെട്ടിന്‍റെ ഓരത്താണ്. അവർക്കും  കാഴ്ചക്കാർക്കും ഇടയിലെ അഗാധത നമുക്ക് ഊഹിച്ചെടുക്കാം.  ഇതിലെ ഏറ്റവും അതിശയിപ്പിക്കുന്ന  കാര്യമെന്തെന്നുവെച്ചാൽ ഇതിന്‍റെ ഭൂപ്രകൃതി തന്നെ. ദാവിഞ്ചിയ്ക്ക് എവിടെനിന്നു കിട്ടി ഇത്തരമൊരു പശ്ചാത്തലത്തിനുള്ള  ആശയം എന്ന് ആരും ചോദിച്ചുപോകും. ചിത്രത്തിന്‍റെ മുൻഭാഗത്തെ ദുഷ്കരശിലാതലവും പുറകിലെ ഹിമശൈലതലവും, അവ തമ്മിലുള്ള അതിഗംഭീരമായ വ്യതിരേകവുമെല്ലാം അപൂർവ്വത്തിൽ അപൂർവ്വം എന്നേ പറയേണ്ടൂ…

അരികുകൾ ഒരു പുകമഞ്ഞായി,  ചുറ്റുഭാഗവുമായി അലിഞ്ഞുചേരുന്ന, നേരത്തെ പറഞ്ഞ  ‘സ്ഫുമാറ്റോ’ എന്ന ചിത്രണരീതി ഇവിടേയും പ്രകടം. എന്തിന്,  മോണലിസയുടെ പ്രസിദ്ധമായ മായപ്പുഞ്ചിരിയുടെ ഒരു പകർപ്പു വരെ  ഇവിടെ വിശുദ്ധ ആനിന്‍റെ മുഖത്തു കാണാം. പക്ഷെ,  ഇവിടെ പുഞ്ചിരിയിലൂടെ മൊഴിയുന്നത്,  ഉള്ളം തുളുമ്പുന്ന വാത്സല്യമാണ്.  എങ്കിലും, ആ ഭാവത്തിലുമുണ്ട്  ഒരടക്കിപ്പിടിച്ച കുസൃതി. ആ ഒളിച്ചുകളിതന്നെ ദാവിഞ്ചിയുടെ എത്ര വിവരിച്ചാലും മതിവരാത്ത മായാജാലം!

ചിത്രങ്ങളുടെ  സാങ്കേതികവശങ്ങൾ

ചിത്രം എര്‍മിനുമായൊരു

സുന്ദരി

കന്യകയും കുഞ്ഞും

വിശുദ്ധ ആനിന്‍റെയൊപ്പം

വര്‍ഷം 1489-90 1503
മാധ്യമം മരപ്പാളിയിലെ

എണ്ണച്ചായം

മരപ്പാളിയിലെ എണ്ണച്ചായം
വലിപ്പം 54 സെ.മീ  × 39സെ.മീ

(21 ഇഞ്ച് × 15ഇഞ്ച്)

168 സെ.മീ × 112 സെ.മീ (66 ഇഞ്ച് × 44 ഇഞ്ച്‌)
ശൈലി പോര്‍ട്രെയ്റ്റ്, നവോത്ഥാനകാലം നവോത്ഥാനകാലം
സൂക്ഷിച്ചിരിക്കുന്ന

സ്ഥലം

ക്രാക്കോ മ്യൂസിയം, പോളണ്ട്

ലൂവ്ര മ്യൂസിയം,

പാരീസ്

 

Comments

comments