മലയാള കവിതയില്‍ സ്വന്തമായ ഭൂമിക കണ്ടെത്തിയ കവിയാണ്‌ എം ആര്‍ രേണുകുമാര്‍. അദ്ദേഹം എഴുതി തുടങ്ങിയ കാലത്ത് ആ കവിതകള്‍ മുഖ്യധാരക്ക്‌ അപരിചിതമായിരുന്ന വാങ്മയങ്ങളും ബിംബങ്ങളും കൊണ്ടാണ് ശ്രദ്ധേയമായി തീര്‍ന്നത്. ആ കവിതകളുടെ ആന്തരികമായ പിരിമുറുക്കവും അവയിലെ ഭാഷയുടെ നൂതനത്വവും തമ്മില്‍ അഭേദ്യമായ ഒരു ബന്ധം ഉണ്ടായിരുന്നു. ആ കവിതകളിലെ ഗദ്യഭാഷ മലയാളത്തിന്റെ കവിതാ പാരമ്പര്യങ്ങളില്‍ ഒന്നിനെ പോലും പിന്‍പറ്റിയതായി വായനക്കാര്‍ക്ക്‌ അനുഭവപ്പെട്ടില്ല. കാരണം, രേണുകുമാര്‍ അവധാനതയോടെ വികസിപ്പിച്ചെടുത്ത കാവ്യഭാഷക്ക്sookshmam-1 അനിതരസാധാരണമായ ഒരു ഗ്രാമ്യതയും അതില്‍ തന്നെ സവിശേഷ കീഴാള സംസ്കാരികതയോട് നാഭീനാളബന്ധവും ഉണ്ടായിരുന്നു. ഈ ഗ്രാമ്യതയും സാംസ്കാരികാഭിമുഖ്യവും മറ്റു കവികളിലും ഉണ്ടായിരുന്നില്ലേ എന്ന് ചോദിക്കാവുന്നതാണ്. തീര്‍ച്ചയായും ഉണ്ടായിരുന്നു. എന്നാല്‍ പ്രകടമായ ഒരു വ്യത്യസ്തത ഇക്കാര്യത്തില്‍ ചൂണ്ടി കാണിക്കേണ്ടതുണ്ട്. കടമ്മനിട്ടയും സച്ചിദാനന്ദനും വിനയചന്ദ്രനും അടക്കമുള്ള കവികള്‍ തങ്ങളുടെ കവിതകളില്‍ ഈ സവിശേഷ സാംസ്കാരിക ചരിത്രത്തെ ആശ്ലേഷിച്ചിട്ടുണ്ട്. അവയെ മലയാള കവിതയില്‍ സജീവമായി നിലനിര്‍ത്തുന്നതിനു ആ കവിതകള്‍ സഹായിച്ചിട്ടുണ്ട്. കടമ്മനിട്ട കവിതകളുടെ നരവംശശാസ്ത്രം പഠിക്കാം എന്ന് തോന്നിപ്പിക്കുന്നത് ഇത്തരം ബിംബങ്ങളുടെ അദ്ദേഹത്തിന്റെ കവിതയിലെ സമൃദ്ധി തന്നെയാണ്. ഗ്രാമ്യ-കീഴാള ബിംബങ്ങള്‍ അലിയിച്ചു ചേര്‍ത്ത കവിതകള്‍ മറ്റു കവികളും ധാരാളമായി എഴുതിയിട്ടുണ്ട്. എന്നാല്‍ രേണുകുമാറിന്റെ കവിത ആ വാങ്മയത്തെ അലങ്കാരഭംഗികളോടെ കേവലമായി സ്വീകരിക്കുക അല്ലായിരുന്നു. രേണുകുമാര്‍ കവിത എഴുതിയത് തന്നെ ആ കാവ്യലാവണ്യത്തിന്റെ  മൂലഭാഷയിലായിരുന്നു. അദ്ദേഹത്തിന്റെ കവിത ആ സവിശേഷ ഭാഷയിലെ പദങ്ങള്‍ ഉപയോഗിക്കുക ആയിരുന്നില്ല. ആ വാക്കുകളും പ്രതീകങ്ങളും നിലീനമായിരുന്ന ഭാഷയില്‍ നേരിട്ട് എഴുതുക ആയിരുന്നു.

എം ആർ രേണുകുമാർ
എം ആർ രേണുകുമാർ

ഇത് താരതമ്യേനെ വിഷമകരമായ ഒരു തെരഞ്ഞെടുപ്പായിരുന്നു എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കാണുവാന്‍ കഴിയും. ഗതാനുഗതികത്വത്തോട് രണ്ടു രീതിയില്‍ കലഹിക്കുകയായിരുനു തന്റെ കവിതകളിലൂടെ രേണുകുമാര്‍ ചെയ്തത്. ഒന്ന് അദ്ദേഹം അന്ന് പ്രബലമായിരുന്ന ഗദ്യഭാഷയെ തിരസ്കരിച്ചു. അതിന്റെ തിളക്കം അദ്ദേഹത്തെ ആകര്‍ഷിച്ചില്ല. പതിഞ്ഞതും നിറം മങ്ങിയതും അപരിചിതവുമായ വാക്കുകളും പ്രതീകശില്‍പ്പങ്ങളും അദ്ദേഹം സ്വീകരിച്ചു. ഇത് മനസ്സിലാക്കപ്പെടാതെ പോകുമെന്ന ഭീതിയോടു നിരാശനാവാതെ അദ്ദേഹം മല്ലടിച്ചു. രണ്ടാമതായി അദ്ദേഹം വേറിട്ടൊരു കാവ്യഭാഷ സ്വീകരിച്ചു. അതില്‍ ഈ വാക്കുകള്‍ മണിപ്രവാളം പോലെ ഇരു ഭാഷകളുടെ കൂടിച്ചേരലായല്ല, മറിച്ചു ആ ഭാഷയിലെ സ്വകീയമായ ആഖ്യാനവും അതിന്റെ അര്‍ത്ഥലോകത്തിന്‍റെ പ്രകാശനവുമായി സ്വന്തം കവിതകളെ മാറ്റുക ആയിരുന്നു അദ്ദേഹം ചെയ്തത്. ഈ പരിശ്രമം, അതിന്റെ എല്ലാ പരിമിതികളോടെയും കവിതയ്ക്ക്  രേണുകുമാര്‍ നല്‍കിയ ഏറ്റവും വലിയ സംഭാവന ആവുകയായിരുന്നു.

ദാരിദ്ര്യം, ഇരവല്‍ക്കരണം, ഭൂതാതുരത, ഫ്യൂഡല്‍ വിരുദ്ധത തുടങ്ങിയ സ്ഥൂലരാഷ്ട്രീയത്തെ അവതരിപ്പിക്കുന്നതിനാണ് പഴയ കവികള്‍ക്ക് ഈ സാംസ്കാരിക സഞ്ചയം കൂടുതലും പ്രയോജനപ്പെട്ടതെങ്കില്‍ രേണുകുമാറിനെ സംബന്ധിച്ചേടത്തോളം മധ്യവര്‍ഗ്ഗ വിചാരങ്ങളുടെ അധിനിവേശ താല്പ്പര്യങ്ങളല്ല, മറിച്ചു ആ ഭാഷയില്‍ ജീവിക്കുന്നതിന്റെ പ്രതിഃസ്ഫുരണങ്ങള്‍ തന്നെ ആവുകയായിരുന്നു കാവ്യവ്യവാഹാരം. അദ്ദേഹത്തിന്റെ ഒരു പഴയകാല കവിതയായ “കളങ്കങ്ങള്‍” ഈ സമീപനത്തിന്റെ ഒരു ഉദാഹരണമാണ്. തനിക്കു പരിചിതമായ കുടിലാണ് ഈ കവിതയുടെ ആവാസസ്ഥലി. അത് തന്റെ പ്രപഞ്ചത്തിന്റെ കേന്ദ്രമാവുകയാണ്. എന്നാല്‍ വളരെ അനയാസമായാണ്, ഒട്ടും പ്രകടനപരതയോ അവകാശവാദങ്ങളോ ഇല്ലാതെ ശ്വാസോച്ഛ്വാസം പോലെ സ്വാഭാവികമായാണ് അദ്ദേഹം ആ ലാവണ്യപരിസരം നിര്‍മ്മിക്കുന്നത്:

ഇടയ്‌ക്കൊരു
പച്ചിലത്തുമ്പിൻ
കനിവെത്തി
നോക്കിയേക്കാം.
ഒരു കിളിതൻ
പാച്ചിലോ
മേഘച്ചീന്തിൻ
വെളുപ്പോ
മിന്നിമറഞ്ഞേക്കാം.
മഴക്കാലമായാൽ
ചില തുളളികൾ
അകത്തേക്ക്‌
ചാറിയേക്കാം.
കാറ്റൊരു
വിത്തിനെ
നെഞ്ചിൽ
വിതച്ചേക്കാം.
ചതുരക്കാഴ്‌ചയുടെ
ആകാശനീലയിൽ
കളങ്കങ്ങൾ
ഇത്രമാത്രം.

“ഖേദപൂര്‍വ്വം മരങ്ങള്‍” എന്ന കവിതയില്‍ മരങ്ങള്‍ ‘കേരള ദേശീയത’യുടെ കൊടികളല്ല, സംസ്കാരത്തിന്റെ എടുപ്പുകള്‍ അല്ല, പരിസ്ഥിതിയുടെ കവല്‍ക്കാരല്ല. അവര്‍ ആ വീടിന്റെ ഭാഗമായ ശരീരങ്ങളാണ്. പിടയുന്ന ആത്മാവുകള്‍ ഉള്ളില്‍ പേറുന്നവരാണ്. ഒരേ മനുഷ്യദു:ഖത്തിന്റെ തുടര്‍ച്ചകളാണ്. മനുഷ്യരുടെ വേദനകളുടെ നിശബ്ദ സാക്ഷികളാണ്.

തെക്കുവശത്തെ
ഞാറയും പുളിയും
മിണ്ടാവ്രതത്തിലാണ്.
ഒട്ടിനിന്നിരുന്ന
മാവ് വെട്ടിയാണല്ലോ
നട്ടുനനച്ചുവളർത്തിയോളെ
കൊള്ളിവച്ചത്.

പട്ടട തണുപ്പിക്കാൻ
വാതുവെച്ച് വളരുന്നുണ്ട്
കിഴക്കെയിറമ്പിലെ
ഇല്ലിക്കൂട്ടങ്ങൾ.

വടക്കേയറ്റത്തെ
മഹാഗണികൾക്ക്
കണ്ണീരടങ്ങുന്നതേയില്ല
തൂത്തും വാരിയും
നടുവൊടിഞ്ഞെന്ന്
വീട്ടുകാരി.

കർക്കിടകത്തിൽ
കൊമ്പിറക്കിയ ബദാം
നന്നായി തഴച്ചിരിക്കുന്നു
പടിഞ്ഞാറേ അതിരു
കാക്കുന്നത് അവനാണ്
ഒപ്പമെത്താൻ
ഒരാഞ്ഞിലിക്കുട്ടനും
അരണമരവും
തിരക്കിട്ട് തളിർക്കുന്നുണ്ട്

ഇത്തിക്കണ്ണിയോട്
ഇടയാൻ മറന്ന
നടുമുറ്റത്തെ
ഒട്ടുമാവിന്റെ കാര്യം
ഒട്ടകത്തിനിടം
കൊടുത്ത പോലായ്

പനിനീർ ചാമ്പ
ഇത്തവണ
പൂക്കുന്ന മട്ടില്ല
അതിന്റെ ഇലകളിൽ
വസൂരിക്കലകൾ

വന്നിരുന്നു
കണ്ണെറിയുന്ന
കാക്കയുടെ ഭാരം
താങ്ങാനാവാതെ
മെല്ലെയടരാൻ തുടങ്ങി
പഴുത്തൊരു വാഴക്കൈ

ഞാറയുടെയും പുളിയുടെയും മിണ്ടാവ്രതം, അമ്മയുടെ പട്ടട തണുപ്പിക്കാന്‍ വളരുന്ന ഇല്ലിക്കൂട്ടം, കണ്ണീരടങ്ങാത്ത മഹാഗണി, കര്‍ക്കിടകത്തില്‍ കൊമ്പിറക്കിയ ബദാം, ഇത്തിക്കണ്ണിയോട് ഇടയാന്‍ മറന്ന ഒട്ടുമാവ്, ഇലകളില്‍ വസൂരിക്കല വീണ പനീര്‍ ചാമ്പ, കാക്കയുടെ ഭാരം താങ്ങാന്‍ ആവാതെ ഒടിയുന്ന പഴുത്ത വാഴക്കൈ. ഇത് കേവലം ബിംബങ്ങളുടെ കവിതയിലേക്കുള്ള സ്വീകരണമല്ല. മറിച്ചു ഈ കാവ്യഭാഷ നിലകൊള്ളുന്നതും ഊര്‍ജ്ജം സംഭരിക്കുന്നതും ഈ മറുഭാഷയിലാണ്.

“ചാക്കുമറയുടെ വിള്ളലിലൂടെ  അടുക്കളയില്‍ നിന്ന് മുറ്റത്തേക്ക്” ഒരു ‘കുരുത്തം കെട്ടവന്‍’ തകിടം മറിയുന്നു  എന്ന് രേണുകുമാര്‍ എഴുതുമ്പോള്‍ ആവാസത്തെ  കുറിച്ചുള്ള ഒട്ടേറെ ആര്‍ക്കിറ്റയിപ്പുകള്‍ അതിനോടൊപ്പം തകിടം മറിഞ്ഞു പോകുന്നുണ്ട്.   തണ്ങ്ങ് ചൂലും, പുല്ലിയമീനുകളും, ഒമയും, കരിമീന്‍ പ്രാച്ചിയും,  കാരിപ്പിളുന്തും, കറങ്കാളി മരങ്ങളും, വാടിയ താളും,  കൊരണ്ടിയും, തഴപ്പായും,  കയറ്റു കട്ടിലും, ചൂട്ടും, മടലും,  പച്ചക്കുപ്പിയും ഉള്ള ഒരു വസ്തുലോകത്തിന്റെ അനുഭവസാന്ദ്രത കവിതയിലേക്ക് അനായാസമായി പകര്‍ത്തുകയും പ്രണയവും, മരണവും, സൌഹൃദവും, രക്തബന്ധവും, കാമവും, വെറുപ്പും, നിരാശയും നിറയുന്ന ജീവിതത്തിന്റെ ഉഷ്ണമാപിനിയാക്കുകയും ചെയ്യുന്ന ചരിത്രബോധം രേണുകുമാറിന്റെ ആദ്യകാലകവിതകളില്‍ തന്നെ കാണുവാന്‍ കഴിയും.  മരിച്ച ഒരാള്‍ക്കുള്ള  കത്തുകളാണ് പട്ടങ്ങള്‍, ഓര്‍മ്മ കൊണ്ട് കൂര്‍മ്പിചെടുക്കുന്നതാണ്‌ ഇണയുടെ ഉടല്‍, ഉച്ച വെയിലത്ത്‌ ഉണങ്ങാനിട്ട നെല്ല് പോലയാണ് ഉള്ളിലെ പെണ്ണ്, ഉമിനീരിനെ തേനാക്കുന്ന വിദ്യ, പാവാടത്തുമ്പ്‌ മീട്ടുന്ന മരപ്പടി  തുടങ്ങി അനുഭൂതികളുടെ   സൂക്ഷ്മഭാഷയിലുള്ള അനന്യമായ ചിത്രരൂപ(ക)ങ്ങളും  ഇതേ വസ്തുലോകത്തു നിന്ന് കണ്ടെടുക്കുന്നവയാണ്.

എന്നാല്‍ ഇങ്ങനെ അഭൂതപൂര്‍വമായ ഒരു ആഖ്യാനരീതി കവിതയില്‍ വികസിപ്പിച്ച ശേഷം അവിടെ തളച്ചിടപ്പെടുക എന്ന ദുര്യോഗത്തിന് തന്റെ കവിതയെ വിട്ടുകൊടുക്കാന്‍ രേണുകുമാര്‍ ഒരുക്കമായിരുന്നില്ല. അദ്ദേഹം പുതിയഭാഷയുടെ സാധ്യതകളെ പറ്റി തുടര്‍ന്നും അന്വേഷിക്കുകയും തികച്ചും സ്വാഭാവികമായിത്തന്നെ ആ ഭാഷയുടെ കരുത്ത് കൂടുതല്‍ കണ്ടറിഞ്ഞ് അതിനെ ആഴത്തില്‍ ദാര്‍ശനികവല്ക്കരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.. ‘കെണിനിലങ്ങ’ളില്‍ (2005) നിന്ന് ‘വിഷക്കായ’യിലും (2007) ‘പച്ചക്കുപ്പി’യിലും എത്തിയപ്പോഴേക്കു തന്നെ രേണുകുമാറിന്റെ കവിത അതിന്റെ ആദ്യകാലപ്രേരണകളെ കൂടുതല്‍ ആഴവും മുഴക്കവുമുള്ള വാങ്മയത്തിലേക്ക് സ്വാംശീകരിച്ച് കഴിഞ്ഞിരുന്നു. അതോടെ മലയാള കവിതയിലെ ശക്തമായൊരു നിലപാടായി രേണുകുമാറിന്റെ കവിത മാറുകയായിരുന്നു. ‘മനക്കോട്ട’ എന്ന കവിത ഈ പരിവര്‍ത്തനത്തിന്റെ സൂചകമായി സ്വീകരിക്കാവുന്ന കവിതയാണ്:

അക്കരെയോ ഇക്കരെയോ
ആളെ കയറ്റിയിറക്കും
കടത്ത് വള്ളത്തിലോ
എവിടെയുമില്ല
എനിക്കൊരുവീട്

മീനുകള്‍ക്ക്
പുഴയാകെ വീടാണ്
എനിക്ക് പുഴക്കരയും

അക്കരെ കടന്നു
പാടവരമ്പിലൂടെ നടന്നു
പച്ചത്തുരുത്തില്‍
എത്തിയാല്‍
അവിടെയൊരു
വീടുണ്ടാക്കമെന്നു
ഞാന്‍
വെറുതെ വിചാരിക്കാറുണ്ട്

ഒരിക്കലും
പാടവരമ്പിലൂടെ നടന്നു
പച്ചത്തുരുതിലേക്ക് പോയില്ല
വിചാരങ്ങളിലെ
വീടിനെ തകര്‍ത്തു കളഞ്ഞില്ല .

വീട് എപ്പോഴും
അക്കരെയാണ്
എന്ന തോന്നലിനെ
അള്ളിപ്പിടിച്ചു
പുഴക്കരയിലിരുന്നു

ഇരുന്നു മടുക്കുമ്പോള്‍
മുങ്ങാംകുഴിയിട്ടു
മീനുകളുടെ വീട്ടില്‍
വിരുന്നു പോകാറുണ്ട്
അധികനേരമൊന്നും
അവിടെ കൂടാനാവുന്നില്ല.

കുട്ടിക്കാലത്ത്
നീന്തല്‍ പഠിച്ച കൂടെ
മുങ്ങിച്ചാകാന്‍ കൂടി
പഠിക്കണമായിരുന്നു.

തനിക്കറിയാത്ത ഭൂഖണ്ഡളിലല്ല രേണുകുമാറിന് വീട് പണിയേണ്ടതും പണിയാതിരിക്കേണ്ടതും. വീട് എന്ന സങ്കല്‍പം തന്നെ തനിക്കു പരിചിതമായ കുട്ടനാടന്‍ സന്ദേഹമാണ്. വീടില്ലാത്തത് പുഴയുടെ ഇരുകരകളിലും കടത്തു വള്ളത്തിലുമാണ്. ഇത് മനസ്സിലാക്കാന്‍ ഒരു പാട് സാംസ്കാരിക സാഹചര്യങ്ങളെ ഒരു മധ്യവര്‍ഗ്ഗ വായനക്കാരനോ വായനക്കാരിയോ ഉള്‍ക്കൊള്ളേണ്ടതുണ്ട്. തന്റെ ജീവിതത്തിന്റെ അസ്തിത്വപരമായ ഒരു വേദനയെ ആണ് രേണുകുമാര്‍ ആവിഷ്ക്കരിക്കുന്നത്. അതിലെ ഉദ്വേഗം ആ ഭൂമിശാസ്ത്രത്തിന്റെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് പൊടിച്ചു പൊന്തിയതാണ്. വീട് എന്ന് മധ്യവര്‍ഗ്ഗ കവിതയില്‍ വ്യവഹരിക്കപ്പെടുന്ന വീടല്ല ഇതില്‍ സൂചിതം എന്നതാണ് പ്രധാനമായിട്ടുള്ളത്. അത് ഈ വ്യവഹാരത്തിന് പുറത്തുള്ള ഒരു സങ്കല്പ്പനമാണ്. അതിനു ഇവിടെ സ്ഥാനമില്ല. വീട് എന്നത് രേണുകുമാര്‍ ഉപയോഗിക്കുന്ന ഭാഷക്കുള്ളില്‍ ഉല്‍പ്പാദിപ്പിക്കുന്ന അര്‍ഥം തികച്ചും  വത്യസ്തമായ ഒന്നാണ്. അതുകൊണ്ടാണ് കവിതയുടെ ഒടുവില്‍ നീന്തല്‍ പഠിച്ച പോലെ മുങ്ങിച്ചാവാനും പഠിക്കണമായിരുന്നു എന്ന വിലാപസ്വരം കടന്നു വരുന്നത്. ആ സംസ്കൃതിയുമായുള്ള ബന്ധവിച്ഛേദം മരണം തന്നെയാണ് എന്ന തിരിച്ചറിവാണത്. വീട്  കേവലമായ വൈകാരികാനുഭൂതികള്‍  നിറച്ചു വച്ച സര്‍വസാധാരണമായ പ്രതീക്ഷകളുടെയും ആകാംക്ഷകളുടെയും ആശ്രയസ്ഥാനമല്ല. ഒരു അമൂര്‍ത്തതയാണ്. അത് ഉണ്ടാകുക എന്നത് ഒരു ഭൌതികമോഹമല്ല. ഭോഗരഹിതമായ ഒരു ആത്മീയ വ്യാപനം ആണ്. ഇറങ്ങി പോകാനോ, തിരിച്ചു കേറിവരാനോ, ഭൂതാതുരതയില്‍  അഭിരമിക്കാനോ ഉള്ള ഭൌതികസൂചകമല്ല ഈ വീട്. അത് ഓര്‍മ്മയില്‍ നിന്ന് വീണ്ടെടുക്കുന്നതല്ല. മറിച്ചു ഓര്‍മ്മയിലേക്ക് നല്‍കുന്നതാണ്. ഓര്‍മ്മ എന്നതിനോട് ഒരേസമയം സ്നേഹവും കലഹവുമാണത്.

സ്വന്തമായ ശൈലിയിലൂടെയും ഭാഷയിലൂടെയും താന്‍തന്നെ കണ്ടെത്തിയ ലാവണ്യസീമകളില്‍ നിന്ന് കുതറിമാറി കൂടുതല്‍ സവിശേഷമായ കാവ്യഭൂമികകള്‍ കണ്ടെത്താനുള്ള രേണുകുമാറിന്റെ അഭിനിവേശത്തിന്റെ അടയാളങ്ങളാണ് ‘കൊതിയന്‍’ എന്ന ഈ പുതിയ  സമാഹാരത്തിലെ കവിതകള്‍. വളരുന്ന ഒരു കവി എങ്ങനെ സ്വന്തം തട്ടകത്തെ നവീകരിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങള്‍ ആണ് ഈ കവിതകള്‍ എന്ന് പറയാം. എന്നാല്‍ ഇത് അദ്ദേഹം നിര്‍വഹിക്കുന്നത്  തന്റെ മുന്‍കാല കവിതകളുടെ ദാര്‍ശനിക- ഭൂമിശാസ്ത്ര– ചരിത്രത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയിട്ടല്ല. അതിനെ കൂടുതല്‍ ശക്തമായി തന്റെ കവിതയുടെ നിലപാടുകള്‍ ഉറപ്പിക്കുന്നതിനുള്ള ഉപാദാനങ്ങള്‍ ആക്കിക്കൊണ്ടാണ്. മലയാളകവിതയിലെ അതിശക്തമായ ഒരു സാന്നിധ്യമാണു  രേണുകുമാറിന്റെ കവിതകള്‍ എന്ന് ഈ സമാഹാരത്തിലെ ഓരോ കവിതയും നിസ്സംശയം പ്രഖ്യാപിക്കുന്നു.

ആദ്യകാലം മുതല്‍ രേണുകുമാറിന്റെ കവിതകള്‍ വായിക്കുന്ന ഒരാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കാവ്യപരിണാമത്തെ സസൂക്ഷ്മം അടുത്തറിയാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. വ്യക്തിപരമായി എന്റെ ദീര്‍ഘകാല സുഹൃത്താണ് അദ്ദേഹം. തിരുവനന്തപുരത്ത് സെന്റര്‍ ഫോര്‍ ഡെവലപ്മെന്‍റ്  സ്റ്റഡീസില്‍ അദ്ദേഹം വിദ്യാര്‍ഥി ആയി വന്ന കാലത്ത് എന്റെ തൊട്ടടുത്ത മുറിയിലാണ് താമസിച്ചിരുന്നത്. അയല്‍ക്കാരന്‍ എന്ന നിലയിലുള്ള രണ്ടു വര്‍ഷക്കാലത്തിലധികം നീണ്ട സാമീപ്യം സ്വാഭാവികമായും ഞങ്ങളെ വൈകാരികമായി അടുപ്പിച്ചിട്ടുണ്ട്. എന്റെയും അദ്ദേഹത്തിന്‍റെയും ജീവിതത്തിലെ പല പ്രധാന പ്രതിസന്ധിഘട്ടങ്ങളിലും പരസ്പരം ചേര്‍ന്ന് നിന്നതിന്റെ വ്യക്തിപരമായ അനുഭവ ചരിത്രം ഞങ്ങള്‍ക്ക് പൊതുവായുണ്ട്. തന്റെ ആദ്യത്തെ അച്ചടിച്ച കവിതയുമായി എന്റെ മുറിയിലേക്ക് നാണം കലര്‍ന്ന ചിരിയോടെ കടന്നുവരുന്ന രേണുകുമാറിനെ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. അതിനു മുന്‍പുണ്ടായിട്ടുള്ള അനിവാര്യമായ ചില തിരസ്കാരങ്ങളെ ആ നട്ടുച്ചയില്‍ ഒരുമിച്ചു പൊട്ടിച്ചിരിച്ചു ഞങ്ങള്‍ വലിച്ചെറിഞ്ഞു കളഞ്ഞു. ചിത്രകാരനും കാര്‍ട്ടൂണിസ്റ്റും എന്ന മുദ്രകള്‍ പൊളിച്ചുകളഞ്ഞ് ഒരു കവിയായി മാറാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ശരിയായിരുന്നു എന്ന് പില്‍ക്കാല കവിതകള്‍ ഓരോന്നും തെളിയിച്ചുകൊണ്ടിരുന്നു. ആദ്യസമാഹാരമായ ‘കെണിനിലങ്ങള്‍’ പ്രകാശനം ചെയ്തപ്പോള്‍ അന്ന് വിദേശത്തായിരുന്ന എന്നെ മുഖ്യപ്രഭാഷണത്തിന് ക്ഷണിച്ചത് ഈ ദീര്‍ഘകാല സൌഹൃദത്തിന്‍റെ പേരിലും അദ്ദേഹത്തിന്റെ ആദ്യകാല കാവ്യപരിശ്രമങ്ങള്‍ അടുത്ത് കണ്ടിട്ടുള്ള ഒരാള്‍ എന്ന നിലയ്ക്കുമായിരുന്നു എന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് തന്നെ രേണുകുമാറിന്റെ കവിതകള്‍ എനിക്ക് അനുഭൂതിപരമായി ഏറെ സമീപസ്ഥമായ ഒരു വൈകാരികാനുഭവം ആണ് എപ്പോഴും. എന്നാല്‍ ഈ സമീപസ്ഥത ആ കവിതകളോട് ഞാന്‍ പുലര്‍ത്തേണ്ട വിശകലനപരമായ സമീപനത്തെ ഇല്ലാതാക്കുന്നില്ല. ആ കവിത സഞ്ചരിച്ച വഴികളെക്കുറിച്ച് എന്റെ സ്വതന്ത്രമായ നിഗമനം അതുകൊണ്ട് തന്നെ ഞാന്‍ എടുത്തു പറയേണ്ടതുണ്ട്.

രേണുകുമാറിന്റെ കവിതയിലെ രണ്ടു ഘട്ടങ്ങളെ ഞാന്‍ പൊയ്കയില്‍ അപ്പച്ചന്റെ കവിതകളും ഗാനങ്ങളും ആയുള്ള ഒരു ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ആണ് നിര്‍വചിക്കുന്നത്. ആദ്യകാല കവിതകളില്‍ നിന്ന് പില്‍ക്കാല കവിതകളിലേയും ഒരു വലിയ പരിധി വരെ ഈ സമാഹാരത്തിലെയും കവിതകളെയും വേര്‍തിരിക്കുന്നത് പൊയ്കയില്‍ അപ്പച്ചന്റെ കവിതയിലെ ദാര്‍ശനിക സന്ദർഭത്തോട് ചരിത്രപരമായി പ്രതികരിക്കാന്‍ രേണുകുമാറിന്റെ കവിത തയ്യാറായി എന്നതാണ്. ഇത് രേണുകുമാറും അദ്ദേഹത്തിന്റെ കവിതയും ദളിത്‌ സൌന്ദര്യ കലാപങ്ങളില്‍ നേരിട്ട് പങ്കെടുത്തതിന്റെ കൂടി ബാക്കിപത്രമാണ്. മാത്രമല്ല, പൊയ്കയില്‍ അപ്പച്ചനെ കുറിച്ച് കുട്ടികള്‍ക്കായി ഒരു ജീവചരിത്രവും രേണുകുമാര്‍ എഴുതിയിട്ടുണ്ട് ഈ ഇടവേളയില്‍.

എന്നാല്‍ ഈ കാവ്യബന്ധം ആശയപരമോ വാങ്മയപരമോ അല്ല. അത് യാതൊരു വിധത്തിലും ഉള്ള അനുകരണം അല്ല. മറിച്ച് ദാര്‍ശനിക തലത്തില്‍ രേണുകുമാറിന്റെ കവിത പൊയ്കയില്‍ അപ്പച്ചന്റെ കവിതകളുമായി ഒരു രാഷ്ട്രീയ സംഭാഷണത്തില്‍ എര്‍പ്പെടുകയാണ് ചെയ്യുന്നത്. അതിനേറ്റവും നല്ല ഉദാഹരണമാണ് ഈ സമാഹാരത്തിലെ ആദ്യ കവിതയായ ‘കാണുന്നുണ്ടനേകമക്ഷരങ്ങള്‍’ എന്ന കവിത. ഈ തലക്കെട്ട്‌ വായിക്കുമ്പോള്‍ തന്നെ

“കാണുന്നില്ലോരക്ഷരവും
എന്റെ വംശത്തെ പറ്റി
കാണുന്നുണ്ടനേക വംശത്തിന്‍
ചരിത്രങ്ങള്‍”  എന്ന പൊയ്കയില്‍ അപ്പച്ചന്റെ വിഖ്യാതമായവരികള്‍ നമ്മള്‍ ഓര്‍മ്മിക്കും. എന്നാല്‍ ഈ കവിതയെ ഒരു തരത്തിലും രേണുകുമാര്‍ അതിന്റെ ബാഹ്യതലത്തില്‍poykayilappachan-2-1 സ്പര്‍ശിക്കുന്നില്ല. ആ വരികളുടെ ചരിത്രത്തിലേക്ക് ആഴ്ന്നു ചെന്ന് താന്‍ അടക്കമുള്ളവര്‍ ആ ചരിത്രം തിരുത്തി എഴുതിയതിന്റെ ചരിത്രത്തെ നിശബ്ദമായി ആലേഖനം ചെയ്യുകയാണ്.

തലങ്ങും വിലങ്ങും
ഈര്‍ക്കിലിവരകള്‍
കൊണ്ടുനിറഞ്ഞ
വെടിപ്പായമുറ്റം

എന്ന് ആരംഭിക്കുന്ന കവിത അവസാനിക്കുന്നത് ആ ഈർക്കിലി വരകളുടെ ആന്തരികാര്‍ത്ഥം അതിസൂക്ഷ്മമായി നിര്‍വചിച്ചുകൊണ്ടാണ്:

വേലയ്ക്കിറങ്ങിയപ്പോള്‍
കണ്ടേച്ചുപോന്ന
വീടിനെയല്ല വേല
കേറിച്ചെന്നപ്പോള്‍ കണ്ടത്
രാവിലെ ഇട്ടേച്ചുപോന്ന
കുഞ്ഞുങ്ങളെയല്ല
മടിശ്ശീലയില്‍
കൂലിനെല്ലുമായ്
ചെന്നപ്പോള്‍ കണ്ടത്

ആരാണിങ്ങനെ
അലങ്കോലമായ്
കിടന്ന വീടിനെ
അടുക്കിപ്പെറുക്കി
വെടിപ്പുള്ളതാക്കിയത്
ആരാണിങ്ങനെ
മണ്ണില്‍പ്പുരണ്ട്
മൂക്കട്ടയൊലിപ്പിച്ച്
നിന്നകുഞ്ഞുങ്ങളെ
പുഞ്ചിരിതൂകുന്ന
പുവുകളാക്കിയത്.

കാണുന്നുണ്ട്
അവരുടെ കണ്ണുകളില്‍
അനേകമക്ഷരങ്ങള്‍

-എന്ന് എഴുതി നിര്‍ത്തുമ്പോള്‍ പൊയ്കയില്‍ അപ്പച്ചനില്‍ നിന്ന് അദ്ദേഹം ഏതു വംശങ്ങളെക്കുറിച്ച് വ്യാകുലപ്പെട്ടോ ആ വംശങ്ങള്‍ താണ്ടിയ ആന്തരിക കാലത്തിന്റെ പ്രസാദപൂര്‍ണ്ണമായ ഒരു ചിത്രം വരയ്ക്കുകയാണ് രേണുകുമാര്‍ ചെയ്യുന്നത്. ഇതുപോലെ പ്രത്യക്ഷമായല്ലെങ്കിലും  മറ്റു കവിതകളിലും അപ്പച്ചന്റെ വ്യാകുലമായ പ്രവാചകസ്വരത്തെ സ്വാംശീകരിക്കാനും ആ ഗാനങ്ങളുമായി ആത്മീയ-രാഷ്ട്രീയ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും രേണുകുമാറിന്റെ കവിത ശ്രമിക്കുന്നുണ്ട്. രേണുകുമാറിന്റെ കവിതകളിലെ ആന്തരികമായ ഒരു വിലാപനാദം പൊയ്കയില്‍ അപ്പച്ചന്റെ കവിതകളില്‍ നിന്ന് കൂട്ടുപോന്നതാണ്. ‘മുളപ്പുകള്‍’ എന്ന കവിതയില്‍

എത്ര ഇറുത്തുകളഞ്ഞാലും
തഴക്കാതിരിക്കാന്‍ ആവില്ലല്ലോ
നീതിക്ക് വേണ്ടിയുള്ള
മുളപ്പുകള്‍ക്ക് പിന്നെയും

എന്ന് എഴുതുമ്പോള്‍ ആ ആത്മീയ-രാഷ്ട്രീയ സംഘര്‍ഷം നാം വീണ്ടും സന്ധിക്കുകയാണ് ചെയ്യുന്നത്. ഇത് കേവലമായ ഒരു നൈതികതയില്‍ നിന്ന് മാത്രം ഉണ്ടാവുന്നതല്ല. മറിച്ച്, പൊതുവില്‍ രേണുകുമാറിന്റെ കവിത സ്വീകരിച്ച ദാര്‍ശനികതലത്തില്‍ നിന്നുകൊണ്ടുള്ള രാഷ്ട്രീയവിചാരം കൂടിയാണ്. പൊയ്കയില്‍ അപ്പച്ചന്റെ ഗാനങ്ങള്‍ കേവലമായ നിലവിളികള്‍ അല്ല. ‘പതം പറച്ചില്‍’ അല്ല. അവ ആന്തരികമായി ദൃഢീകരിക്കപ്പെട്ട രാഷ്ട്രീയത്തെ ആണ് പ്രതിനിധാനം ചെയ്യുന്നത്. അത്തരത്തില്‍ ആന്തരികമായി സാന്ദ്രീകൃതമായ അനുഭൂതികളെ ആണ് രേണുകുമാറും ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നത്. ‘കറുത്ത മഴകള്‍’ എന്ന കവിത ബാഹ്യമായ അര്‍ത്ഥത്തില്‍ ഒരു പ്രണയ സ്മരണയെ ആനയിക്കുന്നതാണ്. എന്നാല്‍ ത്തിന്റെ രാഷ്ട്രീയം അപ്പച്ചന്റെ കവിതയിലെ വംശരാഷ്ട്രീയത്തോളം ആഴമുള്ളതോ അതിന്റെ ആഴങ്ങളെ ചരിത്രത്തില്‍ വീണ്ടും കണ്ടെടുക്കുന്നതോ ആണ്:

വെളുത്തുപോയൊരെന്നില്‍
അവളുടെ കറുപ്പെല്ലാം
മുങ്ങിത്താണുപോയല്ലോ.

വെളുത്ത പെണ്ണിനെകെട്ടി
വെളുത്ത കുഞ്ഞിനെയെടുത്ത്
വെളുത്തമുണ്ടും ബനിയനുമിട്ട്
മുറ്റത്തുനില്‍ക്കുമ്പോള്‍,
ചെറുക്കനെ കിട്ടാത്ത അവള്‍
കുടിവെള്ളമെടുക്കാന്‍
വരമ്പിലൂടെ പോകുന്നത് കാണാം.

കറുത്ത പശുക്കിടാവിനെ
പറമ്പില്‍ കുറ്റിതറച്ചുകെട്ടുമ്പോള്‍
അവളുടെ കറുത്തവിരലുകള്‍
എന്‍റെ വെളുത്ത കുഞ്ഞിനോട്
കുശലം ചോദിക്കും, ചിരിക്കും.

തെല്ലുനനവുണ്ടെങ്കിലും
അവളുടെ ചിരി പഴേതുപോലെ
കൊള്ളുന്നിടത്തൊക്കെ
കൊണ്ടുകേറുന്നുണ്ട്.
എന്‍റെ ചിരി വിളറിവെളുത്ത്
അകം പൊള്ളയായിപ്പോയല്ലോ.

വെളുത്ത മഴയില്‍
കനലുകെടാതെ
പൊള്ളിക്കിടക്കുമ്പോള്‍
ഇടിവെട്ടിപ്പെയ്യും
ഇരുളോര്‍മ്മയില്‍
അവളുടെ കറുത്ത മഴകള്‍.

ഈ സമാഹാരത്തിലെ മറ്റു കവിതകളും ഇത്തരത്തില്‍ ചരിത്രത്തെ ആഴത്തില്‍ തൊട്ടുണർത്തുന്നവയാണ്. അത് അദേഹം നിര്‍വഹിക്കുന്നത് തനിക്കു മാത്രം സ്വന്തമായ ഒരു ലാവണ്യ രീതിശാസ്ത്രത്തിലൂടെയാണ്. അവ കേവലമായ ഒരു രാഷ്ട്രീയഭാഷയില്‍ സംസാരിക്കാതെ താന്‍ തെരഞ്ഞെടുക്കുന്ന ചരിത്ര മുഹൂർത്തത്തോട് അബോധത്തിന്റെ സ്വപ്നഭാഷയില്‍ സംസാരിക്കുന്നു. അങ്ങനെ അത് ലാവണ്യപരമായ ഒരു പരീക്ഷണം കൂടിയാവുന്നു. അനുഭൂതിയുടെ വ്യത്യസ്ത തലങ്ങളെ സൂക്ഷ്മമായി ചരിത്രവല്‍ക്കരിക്കാനുള്ള അസാമാന്യമായ പാടവമാണ് രേണുകുമാറിന്റെ കവിതകളില്‍ കാണുവാന്‍ കഴിയുന്നത്‌. പ്രതിരോധത്തിന് കവിതയിലെ  അര്‍ത്ഥം വ്യത്യസ്തമാണ് എന്ന് മനസ്സിലാക്കുന്ന കവിയാണ്‌ എം ആര്‍ രേണുകുമാര്‍. കാവ്യഭാഷ  ജനാധിപത്യവല്‍ക്കരിക്കപ്പെടുന്നത് കവിത ലളിതമാകുമ്പോള്‍ അല്ല. കവിത സങ്കീര്‍ണ്ണമായിരിക്കുമ്പോഴും അതിന്റെ ഘടനകള്‍ ഭാഷയുടെ ചരിത്രത്തെ പുതുക്കി എഴുതുമ്പോഴാണ്. രേണുകുമാറിന്റെ  ഓരോ കവിതയും യാഥാസ്ഥിതിക ഭാഷാചരിത്രത്തെ വെല്ലുവിളിക്കുന്നു. കാവ്യാനുഭവങ്ങളെ, അനുഭൂതികളെ, നിലനില്‍പ്പിന്റെ സമരങ്ങളുമായി കണ്ണിചേര്‍ക്കുന്നു. ദളിത്‌ അനുഭവവും അനുഭൂതിയും വര്‍ഗീകരിക്കപ്പെടെണ്ടിവരുന്നത് അതിന്റെ സൂക്ഷ്മതകളെ സ്ഥൂലചരിത്രവും സാഹിത്യവും തൊട്ടറിയാത്തത് കൊണ്ടാണ്. അങ്ങനെ തൊട്ടറിയാനും, ആവിഷ്കരിക്കാനും ഉള്ള അനുഭവവും പദസമ്പത്തും ആ വ്യവഹാരത്തിന് ഇല്ലാത്തത് കൊണ്ടാണ്.

രേണുകുമാര്‍ കവിതയില്‍  സൃഷ്ടിക്കുന്ന ഒരു പുതിയ ചരിത്രകാലമുണ്ട്- അനുഭൂതികളുടെ വര്‍ഗ്ഗ/വര്‍ണ്ണ ചരിത്രത്തെ മൊഴിവഴക്കവുമായി  ഇണക്കി സൃഷ്ടിക്കുന്ന അലിഗറികളുടെ നൂതനത്വം  അതിനെ ശ്രദ്ധേയമാക്കുന്നു. മുഖ്യധാര എന്ന സങ്കല്‍പ്പത്തെ പരസ്യമായി ഈ കവിതകള്‍ നിസ്സാരമാക്കുന്നു. അതിന്റെ അപര്യാപ്തതകളെ, പരിമിതികളെ, ചുരുങ്ങിയ സാംസ്കാരിക ലോകത്തെ, നിശബ്ദമായി, അനായാസമായി വിമര്‍ശിക്കുന്നു. ഭാഷയിലെ ചരിത്രധര്‍മ്മവും, ചരിത്രത്തിലെ കാവ്യധര്‍മ്മവും ഏറ്റെടുക്കുന്നതിലൂടെ രേണുകുമാറിന്റെ കവിത ലാവണ്യത്തിന്റെ  ഒരു പുതിയ രാഷ്ട്രീയവും കൂടി മുന്നോട്ടു വയ്ക്കുന്നുണ്ട്. അസ്വസ്ഥമായ ഈ ലാവണ്യസങ്കല്‍പം ഭാഷയില്‍ സൃഷ്ടിക്കുന്ന ഭാവുകത്വം അവഗണിക്കാന്‍ ആവാത്ത വിധം കരുത്തുള്ളതാണ് എന്ന് ഈ കവിതകളിലൂടെ കടന്നു പോകുന്ന അനുവാചകര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.
—————–
(ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന എം ആര്‍ രേണുകുമാറിന്റെ “കൊതിയന്‍” എന്ന കവിതാസമാഹാരത്തിന്റെ അവതാരിക.)

Comments

comments