ടീച്ചർ,  ഇതു പ്രിയ ( അങ്ങനിരിക്കട്ടെ ആ പേര്),  അടുത്ത് നിന്ന ഉയരം കൂടിയ ഒരു വ്യക്തിയെ ചൂണ്ടി കാട്ടി ഒരു സുഹൃത്ത് പരിചയപ്പെടുത്തി.  നീട്ടിയ കയ്യിലേക്ക് എന്റെ കൈചേർത്തു. “ഞാൻ പ്രിയ, ഒരു ട്രാൻസ് ജെൻഡർ ആണ്” അന്ന്  ആദ്യമായി ഒരു  ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ട ഒരു വ്യക്തിയെ വ്യക്തിപരമായി പരിചയപ്പെട്ടു. വ്യക്തമായ അവബോധമൊന്നും അത്തരം വ്യക്തികളെ കുറിച്ച് ഇല്ലായിരുന്നെങ്കിലും അവരുമായി ഇടപെടാൻ ലിംഗപദവി പഠനങ്ങൾ എനിക്ക് ഗുണം ചെയ്തു.  എന്നാലും എന്റെ നോട്ടം പെരുമാറ്റം ഒക്കെ അവരുടെ സ്വകാര്യതയിലേക്ക് ഒരു കടന്നുകയറ്റം പോലെയാണു എനിക്ക് അനുഭവപ്പെട്ടത്.  അവരുടെ സ്വകാര്യതയാണ്, സ്വകാര്യത ആയിരുന്നിരിക്കാം, എന്റെ ബോധാവബോധങ്ങളിൽ നിറഞ്ഞത്. അവരുമായി ഒരു ചിത്രം എടുത്ത്, അവരുടെ അനുവാദത്തോടെ അത് മുഖപുസ്‌തകത്തിൽ ചേർത്ത്, അവരെ എന്റെ സുഹൃത്താക്കി. അത് എനിക്ക് ഒരു പുനഃസാമൂഹികവത്കരണമായിരുന്നു. വേദനാജനകമായ ഒരു വായനക്കാലമാണ് ആ പരിചയം എനിക്ക് സമ്മാനിച്ചത്.  കാരണം ജെൻഡർ അധ്യാപിക എന്ന പുറംകുപ്പായത്തിൽ ഇത്തരം തിരസ്കൃത വിഭാഗത്തെ കാണാതെയാണു ഞാൻ വളരെ അധികം കാലം പൂർത്തിയാക്കിയത്. അപ്പോൾ പിന്നെ പഠനമല്ലാതെ എന്ത് വഴി.

സമൂഹം ഇന്നും വികലമാണ്. ലിംഗാധിഷ്‌ഠിത വിലങ്ങുകൾ വല്ലാതെ ബന്ധിച്ചവരാണ് നമ്മൾ.  സാധാരണ ലിംഗാധിഷ്‌ഠിത പെരുമാറ്റ രീതിയ്ക്ക് അനഭിമതമായ പെരുമാറ്റരീതിയുള്ളവർ ഭിന്നലിംഗക്കാർ.  ഈ ഒരു ഭിന്നലിംഗം എന്ന കാഴ്‌ചപ്പാട്‌ തന്നെ വളരെ പാർശ്വവത്കരിച്ച ഒന്നാണ്.  ജന്മനാൽ അവരിൽ ആരോപിതമാകുന്ന ലൈംഗിക അവസ്ഥയെ ഉൾക്കൊള്ളാൻ കഴിയാത്ത മാനസിക രോഗികളായാണ് അവരെ കാണുന്നത്.  മലയാളത്തിൽ വേണ്ടത്ര പദാവലികൾ പോലും ഈ വിഭാഗത്തിൽ പെട്ട വ്യക്തികളെ അഭിസംബോധന ചെയ്യാൻ ഇല്ല.  സ്വവർഗ രതിക്കാർ, ഉഭയ ലിംഗക്കാർ, സന്ദിഗ്ദ്ധ ലൈംഗികത അനുഭവിക്കുന്നവർ എന്നിങ്ങനെ ആണോ പെണ്ണോ എന്ന് ഉറപ്പിക്കാൻ സാധിക്കാത്ത എല്ലാവരെയും ചേർത്താണ് ഈ ഒരു പദം ഉപയോഗിച്ച് കാണുന്നത്.  അല്ലെങ്കിൽ മൂന്നാം ലിംഗം എന്ന സംബോധന.  ഏറ്റവും നിരാശയോടും വൈരാഗ്യ ബുദ്ധിയോടുമാണ് അവർ ഈ വിളികളെ നോക്കിക്കാണുന്നത് എന്ന് പറയാതെ വയ്യ. അവരിൽ സമൂഹം ആരോപിക്കുന്നത് തെറ്റായ ശരീരവുമായി ജനിച്ചവർ എന്നാണു (born with  a wrong body).  ഈ ലേഖനത്തിൽ നമ്മൾ അവർ എന്ന് തരം തിരിക്കാതെ സംസാരിക്കാൻ ആവുകയില്ല. കാരണം അത്തരത്തിൽ നോക്കിക്കാണുന്ന വിവരണങ്ങളിൽ നിന്നുയിർകൊള്ളുന്നതാണ് ഈ അവലോകനം.

ലക്ഷ്യത്തിലെത്തുമ്പോൾ നമ്മൾ എന്ന് വിവക്ഷിക്കുന്ന ഒരു കാലമാണ് മുന്നിൽ കാണുന്നത്. ആണിന് മാത്രമുള്ള  ലോകത്തിൽ പെണ്ണിനും കൂടി ഒരു ഇടം ലഭിക്കാൻ ഉണ്ടായ പെടാപ്പാടുകൾ ചിന്തിക്കുക. എന്നിട്ടു പോലും സമഭാവനയുള്ള ഒരു സമൂഹം ഉണ്ടായില്ല. ഈ സമൂഹത്തിൽ അവൾക്കു സുരക്ഷയില്ല. അപ്പോൾ സ്ത്രീപുരുഷ കേന്ദ്രീകൃത സമൂഹത്തിൽ, അവർക്കായി കേന്ദ്രീകരിക്കപ്പെട്ട ഘടനയിൽ, ട്രാൻസ് ജെൻഡർ വിഭാഗത്തെ ഉൾകൊള്ളാൻ തയ്യാറാവാത്തവരാണ് അധികമെന്നത് അത്ഭുതമൊന്നും ജനിപ്പിക്കില്ല. അവരെ ആണായൊ പെണ്ണായോ  പരിമിതപ്പെടുത്തുവാൻ ജനിച്ച കുടുംബത്തിൽ തന്നെ പ്രത്യക്ഷ ബലപ്രയോഗം സാധാരണമാണ്. ഈ സമ്മർദങ്ങൾ അവരെ ഒളിച്ചോടാൻ പ്രേരിപ്പിക്കുന്നു. ട്രാൻസ് ജെടൻഡർ വിഭാഗത്തോട് ഇത്ര സമരസപ്പെടാത്ത മറ്റൊരു സംസ്ഥാനമില്ല.

ആണോ പെണ്ണോ? ശിശു ജനിക്കുമ്പോൾ  തന്നെ ഒരു ചോദ്യത്തിൽ ഉപേക്ഷിക്കപ്പടുന്നവരാണ് ട്രാൻസ് വിഭാഗം.  ആണോ പെണ്ണോ അല്ലാത്ത ഒരു ജനനം പ്രതീക്ഷിക്കപ്പെട്ടുന്നില്ല എന്ന് തന്നെ. അവരെ അഭിസംബോധന ചെയ്യാൻ ഒരു സഭ്യപദം മലയാളഭാഷയിൽ ഇല്ല.  കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഒരു പദം നപുംസകം എന്നല്ലേ. പിന്നെ ഭാഷയ്ക്ക് അശ്ലീല/ വ്യംഗ്യ അർത്ഥങ്ങളും.  ഇതിഹാസ കാവ്യത്തിലെ ശിവശക്തിയാണ് ഏറ്റവം പ്രകീർത്തിക്കപെട്ട  ട്രാൻസ് ജെൻഡർ. ഭിന്നവർഗം എന്നും അവരെ പറയുമ്പോൾ എന്തിൽ നിന്നാണ് ഭിന്നിക്കപ്പെട്ടതു എന്ന ചോദ്യത്തിന് ഉത്തരമില്ല. എന്നാൽ ഭിന്നവർഗ ലൈംഗികതയിലെ രതിക്ക് ഭാരത ചരിത്രത്തിൽ ഗണ്യസ്ഥാനമുണ്ട് താനും.  ഇസ്‌ലാം മതത്തിൽ ഇത്തരം വ്യക്തത്വങ്ങളെ കുറിച്ച് ഖുന്സ എന്ന നാമകരണവും വളരെ വ്യക്തമായ അവലോകനവും ഉണ്ട്. വിവാഹം പോലും അവർക്കു നിഷിദ്ധമായിരുന്നില്ല എന്നത് ചരിത്രമായിരിക്കെ ഇന്നത്തെ സ്ഥിതിഗതികൾ അത്ര ശോഭനമല്ല. ക്രിസ്തുമതവും ഹിന്ദു മതവുമൊക്കെ അവരോടു അതിക്രൂരമായ നിലപാട് എടുക്കുകയും നിയമവും മറ്റു സങ്കേതങ്ങളും ഉപയോഗിച്ച് അവരുടെ മനുഷ്യാവകാശം ധ്വംസിക്കയും   ചെയ്യുന്നുണ്ട്.

കേരളത്തിലെ പൊതുധാരയിൽ നിന്ന് പുറംതള്ളപ്പെടുന്ന ട്രാൻസ് ജെൻഡർ  പലായനം ചെയ്ത് അത്തരം സമൂഹങ്ങൾക്ക് കുറച്ചൊക്കെ നിലനില്പുള്ള ബാംഗ്ലൂർ,  മുബൈ, ദില്ലി പോലെയുള്ള നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ കൂട്ടമായി താമസിക്കുന്നു. ആ സംഘത്തിലെ ഒരു വ്യക്തി മകൾ ആയി ഇയാളെ സ്വീകരിക്കുന്നു. സ്വീകരിക്കുന്ന വ്യക്തി ഗുരുവും സ്വീകരിക്കപ്പെടുന്ന വ്യക്തി ചേലയും ആകുന്നു. അവർ അതിനുള്ളിൽ തന്നെ മുഖ്യധാരാ സമൂഹത്തിലെ കുടുംബ വ്യവസ്ഥയ്ക്ക് തുല്യമായ ഒരു വ്യവസ്ഥ രൂപകൽപന ചെയ്യുന്നു. വളരെ സങ്കീർണമായ ജീവിത ആചാരങ്ങൾ അവരിൽ നിലനിൽക്കുന്നു. ആണോ പെണ്ണോ ആയി തീരാൻ ആവശ്യമായ ശസ്ത്രക്രിയ ഏറ്റവും വേദനാജനകവും പ്രാകൃതവും എങ്കിലും മരണ സാധ്യതയുള്ള അത്തരം ചടങ്ങുകൾ നടത്തി അവർ ആഗ്രഹിക്കുന്ന ലിംഗത്തിലേക്കു മാറുന്നവർ വളരെ അധികമാണ്.  തായമ്മ നിർമാൻ, ഹൽദി മെഹന്ദി  എന്നൊക്കെ അറിയപ്പെട്ടുന്ന ചടങ്ങുകൾ ഉണ്ട്. കൊല്ലം ചവറ കൊറ്റൻകുളങ്ങര ദേവി ക്ഷേത്രത്തിൽ മാത്രമാണ് ട്രാൻസ് ജെൻഡർ കേരളത്തിൽ സാമൂഹിക അംഗീകാരം നേടുന്ന ഒരേ ഒരു ചടങ്ങ്.

മുഖ്യധാരയിൽ നിന്ന് തിരസ്കരിക്കപ്പെട്ട ട്രാൻസ് വിഭാഗം പലപ്പോഴും വിദ്യാഭ്യാസം പോലും പൂർത്തിയാക്കാറില്ല. അതുകൊണ്ട് മെച്ചപ്പെട്ട തൊഴിലവസരങ്ങൾ അവരെ കാത്തിരിക്കുന്നില്ല. വടക്കേ ഇന്ത്യയിൽ അനുഗ്രഹ/ ശാപ തൊഴിലാളികളായി നടക്കുന്ന ഇവർ കൊടിയ പട്ടിണിയിൽ ലൈംഗിക തൊഴിലാളികൾ ആകും.  കിട്ടുന്ന പണത്തിന്റെ  പങ്കുപോലും കൈപ്പറ്റാൻ ആളുകൾ ഉള്ളപ്പോൾ അവരുടെ ദുരന്തത്തെ കുറിച്ച് ചിന്തിക്കാമല്ലോ. നല്ല രൂപഗുണമുള്ളവർക്കു നല്ല പരിഗണന ലഭിക്കും. എന്നാൽ  ബാഹ്യ ലക്ഷണങ്ങൾ തികയാത്തവർക്കു തുച്ഛമായ പ്രതിഫലമാണ് ലഭിക്കുക. ലൈംഗികബന്ധത്തിനു ശേഷം ശാരീരിക പീഡനം നടത്തി പോകുന്നവരും ഉണ്ട്. പോലീസ്, ക്രിമിനലുകൾ എന്നിവരും ചൂഷകരാണ്.  വീട്ടുകാർ തന്നെ അംഗീകരിക്കാതെ മാനസിക രോഗികളായി മുദ്രകുത്തുന്ന, ജനാപവാദം ഭയന്ന് കൊന്നു കളയാൻ ശ്രമിക്കുന്ന സാഹചര്യം  കേരളത്തിൽ ഉണ്ട്.  വിക്ടോറിയൻ സദാചാര ഭാവനയുടെ ഉപോല്പന്നമായ ഐ പി സി 377 നിലനിൽക്കുന്നേടത്തോളം ട്രാൻസ് ജെൻഡറിന്റെ ജീവിതം ദുരിതമയമാവും.

എവിടെ നിന്നാവും അവരെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ സാധിക്കുക, പ്രത്യേകിച്ച് കേരത്തിൽ ഇതുവരെ അവർ ഒരു സമൂഹമായി ജീവിച്ചു തുടങ്ങിയിട്ടില്ലാത്തതിനാൽ. പലപ്പോഴും അവരുടെ ആത്മകഥകളിലൂടെയോ ജീവചരിത്രത്തിലൂടെയോ ഒക്കെയേ അവരെ അറിയാനാകൂ.  അല്ലെങ്കിൽ സിനിമ, കഥ, നോവൽ തുടങ്ങിയ മുഖാന്തരമായാണ്. അത് തന്നെ പലപ്പോഴും ശിഥിലമാണ് . തെറ്റിധാരണാജനകമാണ്. ട്രാൻസ്ജെൻഡറിനെ അപഹസിക്കുക എന്നതിൽ, അമാന്യത കല്പിക്കപെടുന്ന ഭാഷ പ്രചരിപ്പിക്കുന്നതിൽ, മാധ്യമങ്ങൾക്ക് നല്ല പങ്കുണ്ട്. അവരുടെ അനുഭവങ്ങളെ പൊതുസമൂഹത്തിൽ എത്തിക്കുന്നതിൽ വഹിക്കുന്ന പങ്കു ഒരു ഉദാരത എന്ന രീതിയിൽ നോക്കിക്കാണുന്ന രീതി അവർക്കുണ്ട്.

എന്നാൽ തിരസ്കൃത സമൂഹത്തിനു ആദ്യമായി ഒരു നയം അവരുടെ ഇടപെടലോടെ തയ്യാറാക്കാൻ മുൻകൈ എടുത്തതും കേരള സർക്കാരാണ്.  ഈ നയം മറ്റു ലിംഗങ്ങളോടൊപ്പം ട്രാൻസ്  ജെൻഡറിനെയും പരിഗണിക്കുകയും അവർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും വിഭവങ്ങളും പ്രയോജനങ്ങളും ലഭിക്കത്തക്ക വിധത്തിൽ സമഭാവനാപൂർവ്വവും  ആരോഗ്യകരവുമായ ഒരു ലോകത്തിലേക്ക് നടന്നെത്തുക എന്നതാണ് ആത്യന്തിക ലക്ഷ്യമായി കരുതുന്നത്.  2015 ജൂലൈ 20-നു  സാമൂഹ്യനീതി വകുപ്പ് അവരെ സർക്കാർ രേഖകളിൽ മിസ് എന്ന് രേഖപ്പെടുത്തും എന്ന് പ്രഖ്യാപിച്ചു.  തൊഴിൽ, സുരക്ഷാ, വിദ്യാഭ്യാസം, അംഗീകാരം എന്നിവ ഉറപ്പാക്കാനും ഈ നയം ശ്രമിക്കും. എന്നാൽ സാമൂഹ്യനീതി വകുപ്പിനോടൊപ്പം മറ്റു വകുപ്പുകളും സമഗ്രമായി ഇതേപ്പറ്റി ചിന്തിക്കയും ബോധത്തിൽ വരുത്തുകയും ചെയ്യേണ്ടതുണ്ട്.  മുന്നോട്ടു വളരെ പോകാനുണ്ട് എന്ന് സാരം.

എത്ര കാലം  ട്രാൻസ്ജെൻഡറുകളെ, അവരുടെ ജീവിതങ്ങളെ, കൗതുകങ്ങളായി നമ്മൾ നോക്കി കാണും.   വേവലാതികളില്ലാത്ത കണ്ണുകളോടെ  അവരെ നോക്കുന്ന ഒരു കാലം എനിക്ക് കാണാം. അന്ന് പ്രത്യുത്പാദനത്തിനു മാത്രം ഇണ എന്ന ചിന്ത മാറും,  പ്രത്യുത്പാദനം മാത്രമല്ല മനുഷ്യ ധർമ്മം എന്ന കാലം വരും.

ആദ്യമൊക്കെ പോരാടാൻ ഇപ്പോൾ  അംഗീകൃത ലിംഗങ്ങൾ ആയ ആണും പെണ്ണും കൂടെ ചേരേണ്ടി വരുമെങ്കിലും അവർ അവരുടെ പോരാട്ടത്തെ സ്വയം ഏറ്റെടുക്കാൻ സജ്ജരായിട്ടുണ്ട്.

ഇനി  നമ്മൾ നമ്മുടെ  ഭാഷ ശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. അശ്ലീല പദപ്രയോഗങ്ങൾ മതിയാക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ നീ , ഞാൻ,  ആണ്, പെണ്ണ് എന്നതൊക്കെ ഒരു ഭാഗിക പ്രതിഭാസം മാത്രമാണ്.

പൊതു സ്വീകാര്യത കൂടുന്നുണ്ട്. ഗേ, ലെസ്ബിയൻ, ട്രാൻസ് ജെൻഡർ, ട്രാൻസ് സെക്ഷ്വൽ, ബൈസെക്ഷ്വൽ, ഇന്റർ സെക്സ് എന്നിവരെ മാറ്റി നിർത്തി ഒരു സമൂഹം ഇനി  സാധ്യമല്ല.

കേരളം വിട്ട് ഓടിപോയി ജീവിക്കേണ്ടിവരുന്ന ഒരു അവസ്ഥാ വിശേഷം മാറേണ്ടതുണ്ട്. അവരെ മനുഷ്യരായി അംഗീകരിക്കേണ്ടതുണ്ട്.

കൽക്കി സുബ്രമണ്യം എന്ന ട്രാൻസ് വുമൺ തിരുവനന്തപുരം  മാനവീയം വീഥിയിൽ സംസാരിച്ചത് കേട്ട് അവരെപ്പോലെയുള്ള വ്യക്തികൾ തങ്ങളുടെ സഹോദരങ്ങൾക്കായി എടുക്കുന്ന പ്രയത്നത്തെക്കുറിച്ചു അഭിമാനം തോന്നി. എത്രയോ പോരാട്ടങ്ങളിലൂടെയാണു അവർ പോരാട്ടത്തിന്റെ മുൻനിരയിൽ എത്തിയത്. ഭിന്നലിംഗക്കാരുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന സഹോദരി ഫൗണ്ടേഷന്റെ സ്ഥാപകയാണു കൽക്കി.

പടികൾ  കയറി വരുന്നുണ്ട്   മഴവിൽ വർണ്ണങ്ങളുടെ സ്വീകാര്യത. ട്രാൻസ് ജെൻഡർ അതിൽ ഒരു വർണ്ണമാണു. വലിയ പങ്കാളിത്തത്തോടെ  നടക്കുന്ന  പ്രൈഡ് മാർച്ചുകൾ ഈ  സ്വീകാര്യത അല്പാല്പമായി വർദ്ധിച്ചു വരുന്നതിനു ഉദാഹരണമാണു. ആ മഴവിൽ വർണ്ണങ്ങളിലേക്ക് കൺതുറക്കുക. ഈ പോരാട്ടം മുന്നോട്ടു കൊണ്ടുപോകുക എന്നത് പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഏതു വീട്ടിലും ഒരു ട്രാൻസ് ജെൻഡറോ  ഇതര ലൈംഗികവിഭാഗങ്ങളോ ജനിക്കാമെന്നും അത്  മറ്റൊരു അവസ്ഥ മാത്രമാണെന്നും ബോധ്യമുണ്ടാകണം. ആ അവസ്ഥയിൽ ജീവിക്കുക എന്നത് അവരുടെ അവകാശമാണെന്നും.

Comments

comments