“The story is ladies oriented, their fantasy above love. There are contagious  sexual scenes, abusive words, audio pornography and a bit sensitive touch about one particular  section of society”.
പഹലജ് നിഹലാനിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സെൻസർബോർഡ് ‘ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ ‘ എന്ന ചിത്രത്തിന് എതിരെ നിരത്തിയ ആരോപണങ്ങൾ ഇവയായിരുന്നു.അതിൽ ഏറ്റവും കൗതുകവും തമാശയുമായി തോന്നിയത് ആദ്യത്തെ വാചകമാണ്.
“The gender power asymmetry is a controlling force in cinema and constructed for the pleasure of the male viewer ,which is deeply rooted in patriarchal ideologies and discourses”.

1975-കളിൽ  ലോറ മൾവിയുടെ പഠനങ്ങളിൽ വിശദമായി ചർച്ച ചെയ്യപ്പെട്ട, ഇന്നും പ്രസക്തമായ ആൺകാഴ്ചയുടെ കോയ്മയുടെ ലോകത്തേ‌ക്കുള്ള ധീരമായ ചുവട് വെപ്പാണ് ‘ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ’ എന്ന ചിത്രം.alankrita-1

പുരുഷാധിപത്യം നിലനില്ക്കുന്ന സമൂഹത്തിന് നേരെ അതിശക്തമായ വിമർശനവും/ പ്രകോപനവും പ്രതിരോധവുമാവുന്നു അലങ്കൃത ശ്രീവാസ്തവയുടെ  ‘ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ.’  ഒരേ സമയം സെൻസിബിളും സെൻസിറ്റീവും ആയ സിനിമ.

ഷിറീൻ അസ്ലം എന്ന വീട്ടമ്മ, ഉഷ ‘റോസി’ ബാവുജി എന്ന വിധവ, ലീല എന്ന യുവതിയായ ബ്യൂട്ടിഷ്യൻ, റഹാന അബിദി എന്ന കോളേജ് വിദ്യാർത്ഥിനി – ഈ നാലു പെൺ ജീവിതങ്ങളെ, അവരുടെ രഹസ്യമോഹങ്ങളെ, ഈ ചിത്രം തീവ്രതയോടെ ആവിഷ്കരിക്കുന്നു. നാലു പേരുടേയും ജീവിതത്തെ നിയന്ത്രിക്കുന്ന പുരുഷ കഥാപാത്രങ്ങളും അവർക്കിടയിലെ സംഘർഷങ്ങളും ഒട്ടും അതിശയോക്തിയില്ലാതെ കാണിച്ചു തരുന്നു.

നാലു സ്ത്രീകളുടേയും ജീവിതം നാലു സിനിമകളുടെ കഥയയ്ക്കുള്ള വിഭവമാണ്. പക്ഷേ ആറ്റിക്കുറുക്കി, ചെറുകഥയുടെ ധ്വനി ഭംഗിയോടെ, പല അർത്ഥതലങ്ങൾക്കും സൂക്ഷ്മ സ്ത്രീപക്ഷ രാഷ്ടീയ സൂചനകൾക്കും ഇടം നല്കി മനോഹരമായിlp22 നെയ്തെടുത്തിരിക്കുന്നു, സംവിധായിക അലങ്കൃത. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ, അവരുടെ ശരീരഭാഷകളിൽ, അഭിനയപ്രകടനത്തിൽ, കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളിൽ എല്ലാം – സിനിമയുടെ ക്രാഫ്റ്റിൽ നിയന്ത്രണമുള്ള സംവിധായികയുടെ സാന്നിധ്യം ചിത്രത്തിൽ കാണാം.

ഭോപ്പാൽ നഗരപ്രാന്തത്തിലാണ് ഈ ചിത്രത്തിലെ സംഭവങ്ങൾ നടക്കുന്നത്. ചിത്രത്തിലെ ഓരോ രംഗവും റിയലിസ്റ്റിക്കാണു. അതേ സമയം ശബ്ദപഥത്തിൽ സ്ത്രീയുടെ ഫാന്റസിയുടെ അന്തരീക്ഷം ഉടനീളം നിലനിർത്തിയിരിക്കുന്നു. വളരെ വ്യത്യസ്തമായ പരിചരണമായിത്തന്നെ ഇത് തോന്നും.

ചിത്രത്തിന്റെ വിഷ്വൽ ടെക്സ്ചറിൽ ഒരു അടഞ്ഞ ലോകത്തിന്റെ പ്രതീതിയുണ്ട്. കെട്ടിടങ്ങളും / തെരുവുകളും/ മനുഷ്യരും ഒക്കെ നിറഞ്ഞ ഫ്രെയിമുകൾ. പുറംവാതിൽ ദൃശ്യങ്ങൾ ഏറെയുണ്ടെങ്കിലും പ്രകൃതി/ആകാശം തുടങ്ങിയ തുറസുകളെ നിഷേധിക്കുന്ന കാഴ്ചകളാണ് ഏറെയും. ചിത്രം മുന്നേറുമ്പോൾ  മനുഷ്യ മുഖങ്ങളുടെ കൊളാഷ് ആയി മാറുന്നു.

സോഫ്റ്റ് പോർണോ/ ഇക്കിളി പുസ്തകത്തിന്റെ വായന എന്ന പോലെ, അതിലെ കഥാപാത്രമായ ‘റോസി’യുടെ നരേഷനിൽ ആണ് ചിത്രം കോർത്തിണക്കിയിരിക്കുന്നത്. ഈ ‘റോസി’ പിന്നീട് ഉഷ ബാവുജി (ബാവുജി എന്നാൽ അമ്മായി) എന്ന വിധവയുടെ ആൾട്ടർ ഈഗോ ആയി മാറുന്നു ചിത്രാന്ത്യത്തിൽ. ഒരേ പരിസരത്ത് ജീവിക്കുന്നവരാണ്  നാലു സ്ത്രീകളും. പക്ഷേ എല്ലാവരും അന്യോന്യം ഏതാണ്ട് അപരിചിതരായി, സ്വതന്ത്ര വ്യക്തിത്വങ്ങളായി തന്നെ നില്ക്കുന്നുണ്ട്.

ബുർഖ ധരിച്ച് ഉറച്ച കാൽവെപ്പുകളോടെ ചടുലതയോടെ നടക്കുന്ന റഹാന അബിദിയിയെ (പ്ലബിത ബൊർ താക്കൂർ) കാണിച്ചു കൊണ്ടാണ് ഈ ചിത്രം തുടങ്ങുന്നത്. ജീവിതത്തിന്റെ ഒരു സജീവ നിമിഷത്തിലേക്ക് ക്യാമറ കണ്ണുതുറക്കുകയും കഥാപാത്രത്തെ പിന്തുടരുകയും ചെയ്യുകയാണ് സംവിധായിക. കഥ നടക്കുന്ന പശ്ചാത്തലം/സ്ഥലം അടയാളപ്പെടുത്തുന്നlp4 എസ്റ്റാബ്ലിഷ്മെന്റ് ഷോട്ടുകൾ പോലെയുള്ള സ്റ്റീരിയോടൈപ്പുകൾ  ഈ ചിത്രത്തിൽ ഇല്ല. ജീവിതത്തിന്റെ ഇടയിലേക്ക് പ്രേക്ഷകർ പൊടുന്നനെ ഇഴുകി ചേരുന്ന പ്രതീതിയാണിവിടെ. റഹാനയുടെ നടത്തത്തിന്റെ വേഗം, ചുവടുവെപ്പിന്റെ ഉറച്ച സ്വരം, ആ കഥാപാത്രത്തിന്റെ  ആന്തരിക സ്വത്വത്തെ, സ്വാതന്ത്ര്യദാഹത്തെ, കലാപ പ്രവണതയെ സൂചിപ്പിക്കുന്നുന്നുണ്ട്.

ഒരു ഷോപ്പിൽ കയറി ലിപ്സ്റ്റിക് മോഷ്ടിക്കുന്ന റഹാന ആദ്യ സീനിൽ തന്നെ തന്റെ രഹസ്യ ലക്ഷ്യങ്ങൾ സൂചിപ്പിക്കുന്നു. തികഞ്ഞ മത യാഥാസ്ഥിതിക / പുരുഷ ലോകത്തു തളച്ചിടപ്പെട്ട  ഒരു പെൺകുട്ടി മോഷടിച്ചെടുക്കുന്ന ഇത്തിരി സ്വാതന്ത്ര്യത്തിന്റെ ചുവപ്പ് നിറം!

ബുർഖയ്ക്കു വെളിയിലേക്ക് തുറക്കുന്ന ജാലകത്തിലൂടെ റഹാനയുടെ കുസൃതി നിറഞ്ഞ, പ്രതീക്ഷാനിർഭരമായ കണ്ണുകൾ കാണാം. കറുപ്പു വസ്ത്രത്തിനടിയിൽ അവൾ മറ്റൊരാളാണ്. ജീൻസും ആധുനികമായ മേൽവസ്ത്രങ്ങളും ധരിക്കുന്ന, ഗായികയാവാൻ മോഹിക്കുന്ന റഹാന കോളേജിൽ തീർത്തും വ്യത്യസ്തമായ ജീവിതമാണ് നയിക്കുന്നത്. ഈ ഉഭയജീവിതത്തിന്റെ സംഘർഷങ്ങൾ നന്നായി അവതരിപ്പിച്ചിരിക്കുന്നു പ്ലബിത എന്ന അഭിനേത്രി.

അടക്കി വച്ച രോഷങ്ങൾ അണ പൊട്ടിയൊഴുകുന്ന ഒരു സന്ദർഭത്തിൽ റഹാന ചോദിക്കുന്ന ചോദ്യങ്ങൾ സിനിമയ്ക്കു പുറത്തും പ്രസക്തമാണ്.
” Don’t wear lipstick  you’ll have  an affair. Don’t  wear jeans, there’ll be a scandal.. I  want to ask the authorities – what  exactly will happen? Why does our freedom scare you so?”

സിനിമയുടെ objectivity-യെ തകർക്കുന്ന ഒരു subjective shot-ലാണ് റഹാനയുടെ ഈ മുഖം സംവിധായിക കാണിച്ചുതരുന്നത്. കാമ്പസിലെ പ്രതിഷേധ കൂട്ടായ്മ പകർത്തുന്ന മറ്റൊരാളുടെ ക്യാമറയുടെ പോയിന്റ് ഓഫ് വ്യൂവിൽ. റഹാനയുടെ കത്തുന്ന നോട്ടം നേരെ ക്യാമറ ലെൻസിലേക്ക്, നേരെ പ്രേക്ഷകന്റെ/സമൂഹത്തിന്റെ കണ്ണിലേക്ക്.

രാത്രികളിൽ തയ്യൽ മെഷീനിൽ ജീവിതം തയ്ക്കുന്ന റഹാന പിന്നീടൊരിക്കൽ ഒരു പാർട്ടിയിൽ പങ്കെടുക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ട്. അവളുടെ ഈ അതിർത്തി ഭേദിക്കൽ പ്രശ്നമാവുന്നു. വീട്ടിൽ സ്വന്തം മുറിയുടെ ചുവരുകൾക്കുള്ളിൽ വെളിച്ച /സംഗീത / ബഹളങ്ങളില്ലാതെ കിതപ്പിന്റെയും കുതിപ്പിന്റേയും ശ്വാസശബ്ദങ്ങളിൽ  ഒറ്റയ്ക്കു നൃത്തം ചെയ്യുന്ന റഹാനയെ കാണിച്ചു കൊണ്ട് സംവിധായിക സ്ത്രീയുടെ ആന്തരിക സംഘർഷത്തെ അടയാളപ്പെടുത്തുന്നത് മനസ്സിൽ തറക്കുന്നു.lp5

ആ മുറി റഹാനയുടെ രഹസ്യ കേന്ദ്രമാണ്. അവൾ മാത്രമാവുമ്പോൾ ചുമരുകൾ നിറയെ അവളുടെ സ്വപ്നങ്ങളുടെ ചിത്രങ്ങൾ വെളിപ്പെടുന്നു. അവൾ പുറത്തു പോകുമ്പോൾ ആ ചിത്രങ്ങൾക്കുമേൽ മറയിട്ട് വീട്ടുകാർക്ക് വേണ്ടിയുള്ള കോംപ്രമൈസ്ഡ് സ്പേസും. ഇത് തന്നെയാണ് റഹാനയുടെ ശരീരവും.

സ്ത്രീയുടെ സാമ്പ്രദായിക നിർവചനങ്ങളെ തെല്ലും കൂസാത്ത പ്രകൃതക്കാരിയാണ് അഹാന കുമ്റ അവതരിപ്പിച്ച ‘ലീല’ എന്ന കഥാപാത്രം. കാമുകനൊപ്പം യഥേഷ്ടംlp6 രതിയിലേർപ്പെടുന്ന, പിന്നീട് വിവാഹ നിശ്ചയശേഷം കാമുകനും പ്രതിശ്രുത വരനുമിടയിൽ പോലും തന്റെ ശരീരകാമനകളെ മറച്ചുവെക്കാനിഷ്ടപ്പെടാത്ത ലീല, എല്ലാത്തരത്തിലും സ്റ്റീരിയോടൈപ്പ് കാമുകിമാരെ റദ്ദാക്കുന്നു. ചാരിത്ര്യം/ പാപബോധം തുടങ്ങി പുരുഷസമൂഹം നിഷ്കർഷിക്കുന്ന ശുദ്ധതാ വാദത്തെ അപ്പാടെ തള്ളിക്കളയുന്ന ലീല, പക്ഷേ സ്വന്തം ആത്മാഭിമാനത്തെ ചോദ്യം ചെയ്യുമ്പോൾ തുറന്നെതിർക്കാനും ധൈര്യമുള്ളവളാണ്.

‘A women is always accompanied, except when quite alone, and perhaps even then, by her own image of herself. While she is walking across a room or weeping at the death of her father, she cannot  avoid envisioning  herself walking or weeping. From earliest  childhood  she is taught and persuaded  to survey herself continually. She has to survey everything  she does, because  how she appears to others, and particularly how she appears to  man, is of crucial  importance  for what is normally  thought  of as the success  of her life’. – ജോൺ ബർഗറിന്റെ നിരീക്ഷണം ഏതു സന്ദർഭത്തിലും സ്ത്രീ ശരീരത്തിന്റെ നേർക്ക് പുരുഷസമൂഹം പുലർത്തുന്ന നിഷ്ഠൂര ദൃഷ്ടിയുടെ സൈദ്ധാന്തിക മുഖമാണ്. Intimate ആയ രംഗങ്ങൾ സിനിമയിൽ വരുമ്പോൾ ആൺനോട്ടത്തിന്റെ ഒളിപ്പുരകളായി മാറുന്ന ക്യാമറ കണ്ണുകൾക്ക് ബദൽ തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമം സംവിധായിക ഈ ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. സ്വാഭാവികമായും സെൻസർ വിവാദങ്ങളിൽ പെടുന്ന ചിത്രങ്ങളിൽ എരിവും പുളിയും പ്രതീക്ഷിക്കുന്ന സന്ദർഭിക്കുന്ന പ്രേക്ഷകർക്ക് ഈ ചിത്രം നിരാശ സമ്മാനിക്കും. ചിത്രത്തിൽ ഒരിടത്തും സ്ത്രീയെ ലൈംഗിക വസ്തുവായി കാണുന്ന, ശരീരത്തെ പ്രേക്ഷകന്റെ കാമപൂരണത്തിനായി ഒളിഞ്ഞും തെളിഞ്ഞും വെളിവാക്കുന്ന ക്യാമറ ആംഗിളുകളില്ല. വമ്പൻ ബിൽഡപ്പുകളും അസംബന്ധമായ പ്രതീകാത്മക ബിംബങ്ങളും കാണിച്ച് അശ്ലീലതയുടെ പരകോടിയായി മാറാറുള്ള ഇത്തരം രംഗങ്ങൾ സത്യസന്ധമായ  നേർ ചിത്രണം കൊണ്ട് ആഘാതമുള്ളതാക്കുന്നു അലങ്കൃത. കാമറയ്ക്കു പിന്നിൽ ഓടുന്ന സ്ത്രീ മനസ്സിന്റെ പ്രതിഫലനമായി മാറുന്നു ഈ ചിത്രത്തിലെ ഓരോ ഷോട്ടും.

സ്ത്രീയെ അവയവശകലങ്ങളാക്കി, നൃത്തരംഗങ്ങളിലും ദ്വയാർത്ഥ പ്രയോഗങ്ങളിലും ആവിഷ്കരിക്കുന്ന വാണിജ്യ സിനിമകളിൽ കാണാത്ത ദോഷം ഈ ചിത്രത്തിൽ കണ്ടു പിടിച്ച്, 6 മാസത്തോളം സെൻസർ സർട്ടിഫിക്കറ്റ് കൊടുക്കാതിരുന്ന സെൻസർ ബോർഡിന്റെ വിവരമില്ലായ്മയിൽ ലജ്ജിക്കേണ്ടതുണ്ട്. ഏറ്റവും മിനിമം നല്ല സിനിമയെക്കുറിച്ച് ബോധമുള്ളവരെ ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരുത്തിയില്ലെങ്കിൽ അർത്ഥമുള്ള സിനിമകൾ ഇതുപോലെ സദാചാര പോലിസിങ്ങിന് വിധേയമാകും.

കൊങ്കണസെൻ അവതരിപ്പിച്ച  ‘ഷിറിൻ അസ്ലം’ രണ്ടു മക്കളുള്ള ഒരു വീട്ടമ്മയാണ്. ഭർത്താവിന്റെ ഒരു പരിഗണനയും കിട്ടാത്ത, എന്നാൽ അതിൽ ഒരു പരിഭവവും കാണിക്കാത്ത ഇന്ത്യൻ ഭാര്യയുടെ തനതു രൂപം. എല്ലാ രാത്രികളിലും ഭർത്താവ് റഹിം അസ്ലമിന്റെ Sex toy ആയി മാറുന്നു ഷിറീൻ.സ്നേഹത്തിന്റെ ലാഞ്ചനപോലുമില്ലാത്ത യാന്ത്രിക കർമം. അതുമൂലം നിരന്തരം അബോർഷന് വിധേയയാവുന്ന ഷിറിൻ ഉയർത്തുന്ന ഒരു ചോദ്യം. – “Plan to just produce babies all your Life?” എന്നാണ്. സ്വന്തമായി ഒരു സേൽസ് ഗേൾസ് ജീവിതം അവൾ രഹസ്യമായി കൊണ്ടു നടക്കുന്നുണ്ട്. പാറ്റയെ കൊല്ലുന്ന ‘തോക്ക് ‘ വീട്ടുടമയ്ക്ക് നേരെ നീട്ടി ഭയപ്പെടുത്തുന്നുണ്ട് ഷിറിൻ ഒരിക്കൽ. ഈ ഷോട്ടും ക്യാമറയ്ക്കു നേരെ Subjective ആയി കാണിച്ചിരിക്കുന്നു. വീട്ടുടമയ്ക്ക് തോന്നുന്ന ഞെട്ടൽ പ്രേക്ഷകനും തോന്നുന്നു. എത്ര  പരമ്പരാഗത രൂപത്തിലാണെങ്കിലും ആയുധമുള്ള / പ്രതികരിക്കുന്ന ഒരു പെണ്ണ് ഉള്ളിൽ നിന്ന് ഉണരുമ്പോൾ ഉണ്ടാവുന്ന ഞെട്ടൽ…lp7

നാലു കഥാപാത്രങ്ങളിൽ വൈവിധ്യമാർന്ന സ്ത്രീ മുഖം ആവിഷ്കരിച്ച് എറ്റവും മിഴിവോടെ മനസ്സിൽ നില്ക്കുന്നത് രത്ന പഥക് അവതരിപ്പിച്ച ഉഷ ബാവുജി എന്ന 55 കാരിlp8 വിധവയാണ്. നരവീണ മുടിയും ആളുകളോട് / ആണുങ്ങളോട് അധികാര ഭാവത്തിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ഉഷ ബാവുജി അപ്രതീക്ഷിതമായ ഒരു ബന്ധത്തിൽ പെട്ടു പോവുകയാണ്. അതും തന്റെ പകുതി പ്രായമുള്ള ജസ്പാൽ എന്ന നീന്തൽ കോച്ചുമായി. അത് അവരിലേക്ക് തിരിച്ചു കൊണ്ടുവരുന്ന ജീവിതാസക്തി ചിരിയും ചിന്തയും ഒട്ടൊരു കണ്ണീരോടെയും രത്ന പഥക് അവതരിപ്പിച്ചിരിക്കുന്നു.

തന്റെ സ്വകാര്യതയിൽ മൃദു ലൈംഗിക/പ്രണയപുസ്തകങ്ങളിൽ അഭിരമിക്കുന്ന ഉഷ പതിയെ ആ പുസ്തകങ്ങളിലെ റോസിയായി മനസുകൊണ്ടും പതിയെ ശാരീരിക തൃഷ്ണ കൊണ്ടും മാറുന്നു. നീന്തൽകുളത്തിൽ ബാലപാഠങ്ങൾ പരിശീലിക്കുന്ന ഉഷ ജീവിതത്തെ തന്നെ ഫാന്റസിയായി കാണുന്നു. ഫോൺ ഉഷയുടെ അഭിലാഷങ്ങൾക്ക് പാലമാകുന്നു. തന്നോട് സംസാരിക്കുന്നത് ഏതോ യുവതിയാണെന്ന ധാരണയിൽ ജസ്പാലും. താൻ വായിച്ചു തീർത്ത നിരവധി പുസ്തകങ്ങളിലെ, പ്രത്യേകിച്ച് ‘ലിപ്സ്റ്റിക് വാലെ സപ് നേ’യിലെ റോസിയായി ഉഷ മാറുന്നതും രസകരമായി അതേ സമയം വൈകാരിക തീഷ്ണതയോടെയും ചിത്രീകരിക്കാൻ സംവിധായിക കാണിച്ച ധൈര്യവും അഭിനന്ദനാർഹമാണ്. ഒടുക്കം രൂപത്തിലും ഭാവത്തിലും ചെറുപ്പത്തിലേക്ക് മടങ്ങുന്ന ഉഷ മറ്റുള്ളവരാൽ അപഹസിക്കപ്പെടുന്നു. അവരുടെ നീന്തൽ വസ്ത്രങ്ങൾ, സ്ത്രീകൾക്ക് നിഷിദ്ധമെന്ന് കരുതുന്ന പുസ്തകങ്ങൾ എന്നിവ കീറിയെറിയുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോൾ റഹാന, ലീല, ഷിറിൻ എന്നിവരും സാക്ഷിയാവുന്നു.

ഒരു പെണ്ണിനെ അധിക്ഷേപിക്കുന്നത് മറ്റു മൂന്നു പേരെയും സ്പർശിക്കുന്നു. കീറിയെറിഞ്ഞ തന്റെ പുസ്തകങ്ങളെ പെറുക്കി കൂട്ടാൻ ഉഷ ശ്രമിക്കുമ്പോൾ, മറ്റു മൂന്നു പേരും അവരോടൊപ്പം ചേരുന്നു. ഒരു മുറിയിൽ നാലുപേരും ഒന്നിച്ചിരിക്കുകയും കീറിയ പുസ്തകക്കവർ ഓരോന്നും ചേർത്തുവെക്കുകയും ഏത് പാതികളും മറുപാതി പേരിനോട് ചേരുന്നത്ര ഏകതാനമാണ് ആ പുസ്തകങ്ങളിലെ ജീവിതമെന്നും സംവിധായിക പറഞ്ഞു വെക്കുന്നു.

പുസ്തകത്തിലെ ‘റോസി’യുടെ ശബ്ദസാന്നിധ്യം ചിത്രത്തിലുടനീളമുണ്ട്. ആ അശരീരി ഫാന്റസിയായി നില്ക്കുകയും ജീവിതത്തിലെ ഫാന്റസികൾ യാഥാർത്ഥ്യമായി നില്ക്കുകയും ചെയ്യുന്നു.

ഒറ്റ സ്ത്രീയിൽ നിന്ന് തുടങ്ങിയ സിനിമ നാലു സ്ത്രീകളുടെ കൂട്ടായ്മയിൽ അവസാനിക്കുന്നു. ഒരേ ഇടത്ത് താമസിക്കുന്നവരെങ്കിലും അവർ ഇതുപോലെ ഒരുമിക്കുന്നത് ഈയൊരു സന്ദർഭത്തിലാണ്. ഒരു മുറിയുടെ സ്വകാര്യതയിൽ. പരസ്പരം സിഗരറ്റുകൾ കൈമാറി തുറന്നു സംസാരിച്ചിരിക്കേ ചിത്രം അവസാനിക്കുന്നു.

സ്ത്രീയുടെ പക്ഷത്തുനിന്നുള്ള  രതികല്പനകളെ പോലും നിരോധിക്കുകയോ വിലക്കുകയോ ചെയ്യേണ്ടതാണ് എന്ന് ഇക്കാലത്തും സെൻസർ ബോർഡ് പറയുമ്പോൾ, പക്ഷേ അതിനുള്ള മറുപടിയാവുന്നു ഇത്. ചിത്രത്തിന് നല്കിയിരിക്കുന്നത് Alp-8-1 സർട്ടിഫിക്കറ്റാണ്. എന്നിട്ട് അതിൽ വീണ്ടും ശബ്ദം മ്യൂട്ട് ചെയ്തിരിക്കുന്നു. അറപ്പുളവാക്കുന്ന ഒറ്റ സന്ദർഭം പോലും ഈ ചിത്രത്തിലില്ല, നയനരതിയെ പ്രോത്സാഹിപ്പിക്കുന്ന ശരീര കാഴ്ചകളില്ല, മതസ്പർദ്ധ വളർത്തുന്ന സന്ദർഭങ്ങളില്ല – രണ്ടു കഥാപാത്രങ്ങൾ മുസ്ലിം സമുദായത്തിൽ നിന്നുള്ളവരാണ് എന്നേയുള്ളൂ. വാണിജ്യ സിനിമകൾ 90 ശതമാനവും സ്ത്രീയെ വില്പന ചരക്കാക്കി കാണുന്ന  ഒരു വ്യവസായത്തിൽ ഇത്തരം ഒരു കൗണ്ടർസിനിമയ്ക്ക് പ്രസക്തിയുണ്ട്. സെൻസർ ബോർഡ് പറഞ്ഞ ഓരോ വാചകവും ചിത്രത്തിന്റെ trailer-ൽ ഉൾപെടുത്തി ബുർഖ ടീം ശക്തമായ തിരിച്ചടി നല്കുകയും ചെയ്തു.

വിഡ്ഢിത്തം നിറഞ്ഞ ഓരോ കമന്റും പതിന്മടങ്ങ് ശക്തിയിൽ അണിയറ പ്രവർത്തകർക്ക് തുണയായി. ചിത്രത്തിന്റെ പോസ്റ്റർ രൂപകല്പന പോലും സെൻസർ ബോർഡിന്റെ ആൺ മേധാവിത്ത നിലപാടിനെ കളിയാക്കുന്ന രീതിയിലാണ്. നടുവിരൽ ലിപ്സ്റ്റിക് ആയി ഉയർത്തികാണിച്ച് പരിഹാസത്തിന്റെ അവസാന ആണിയും അടിച്ചു. സെൻസർ ബോർഡ് അനുമതി നിഷേധിച്ച ചിത്രത്തിന് അപ്പലേറ്റ് ട്രൈബ്യൂണൽ A സർട്ടിഫിക്കറ്റ് അനുവദിക്കുകയായിരുന്നു. കൊളോണിയൽ കാലത്ത് കൊണ്ടുവന്ന നിയമങ്ങൾക്ക് മാറിയ കാലത്തിന്റെ അഭിരുചികളെ ഉൾക്കൊള്ളാൻ ഇതുവരെ പറ്റിയിട്ടില്ല. നിരവധി അന്തർദേശീയ മേളകളിൽ പ്രശംസയും മികച്ച അഭിപ്രായവും കിട്ടിയ ഒരു ചിത്രത്തിനാണ് ഈ തടസങ്ങൾ നേരിടേണ്ടി വന്നത് എന്നത്  പ്രത്യേകം ഓർക്കണം. പലവിധ സങ്കീർണ്ണതകൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ചലച്ചിത്രകലയുടെ  മോണിറ്ററിംഗ് നല്ലതോ  ചീത്തയോ എന്നത് തർക്കവിഷയമാണു. എന്നാൽ തീർത്തും പുരോഗമന / കല/ രാഷ്ട്രീയ ഉദ്ദേശ്യശുദ്ധിയുള്ള ചിത്രങ്ങളെ ഈ വലയിൽ കുടുക്കി ശ്വാസം മുട്ടിക്കുകയും അറു പിന്തിരിപ്പൻ വഷളൻ ചിത്രങ്ങൾക്ക് സീലടിച്ചു കൊടുക്കുകയും ചെയ്യാനാണെങ്കിൽ എത്രയും പെട്ടെന്ന് ഈ കോമാളി കൂട്ടത്തെ പിരിച്ചുവിടണം. ചിത്രം ഏത് പ്രേക്ഷകനെ ഉന്നം വെച്ചുള്ളതാണെന്നും അതിന്റെ ടോട്ടാലിറ്റിയിൽ എന്താണ് ലക്ഷ്യം വെക്കുന്നത് എന്നും തിരിച്ചറിയാത്തവർ ആ സ്ഥാനത്തിരിക്കുന്നത്  അവസാനിപ്പിക്കണം. തട്ടുപൊളിപ്പൻ കമേഴ്സ്യൽ സിനിമകൾ നിർമിച്ച് മാത്രം പരിചയമുള്ള പഹ്ലജ് നിഹലാനിയെ സെൻസർ ബോർഡ് അധ്യക്ഷനാക്കിയത് തന്നെ പരമാബദ്ധം. നിഹലാനിയുടെ  അനിവാര്യമായ സ്ഥാനഭ്രംശം  സംഭവിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ ബുർഖ എന്ന വസ്ത്രത്തെപ്പറ്റി നിരന്തരം ചർച്ച നടക്കുന്ന സമൂഹത്തിൽ ഈ സിനിമ ചർച്ചയായില്ല എന്നത് കൗതുകകരമാണ്.lp-9-1

സിനിമക്കു ശേഷം ബുർഖ ടീം പൈറസിയുമായി ബന്ധപ്പെടുത്തി ഇന്റർനെറ്റ് സെൻസർഷിപ്പിന് കാരണക്കാരായത് വിവാദമുണ്ടാക്കിയിട്ടുണ്ട്. സിനിമയെ ടോറന്റ് സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് കാണുന്നവർക്ക് ഒരു പക്ഷേ ഇത്തരം നിയന്ത്രണങ്ങൾ പ്രശ്നമായി  തോന്നിയേക്കാം. പൈറേറ്റഡ് ആയി വ്യാജപതിപ്പുകൾ ഇറങ്ങിയാൽ കാണാൻ ഒരുപാട് ആളുകൾ ഉണ്ടാവും. ഈ സിനിമ തിയ്യറ്ററിൽ അല്ലെങ്കിൽ പിന്നീട് DVD സ്വന്തമാക്കി കാണണം. A സർട്ടിഫിക്കറ്റ് ആയതു കൊണ്ട് ടെലിവിഷനിൽ കാണിക്കാൻ പറ്റില്ല. റീ സെൻസർ ചെയ്ത് U/A ആക്കുമ്പോ വീണ്ടും കുറേ ഭാഗങ്ങൾ പോകും.

പൈറസി തടയാൻ internet-ൽ നിന്ന് ചില സൈറ്റുകളെ വിലക്കുന്നതും സെൻസർഷിപ്പും രണ്ടാണ്. സൈറ്റുകളുടെ ബ്ലോക്കിംഗ് സർഗാത്മകതയുമായി ബന്ധപ്പെട്ടല്ല. പക്ഷേ സെൻസർഷിപ്പ് അതാണ്. പൈറസിയുടെ മറവിൽ മറ്റു തമസ്കരണങ്ങൾ നടക്കുന്നോ എന്ന് അന്വേഷിക്കാവുന്നതാണ്. പക്ഷേ  ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ സിനിമ ലഭ്യമാകുന്നത് നല്ല തീരുമാനം തന്നെ!

ഈ സിനിമ ഒരു പുരുഷന് കാണാനും ആസ്വദിക്കാനും പറ്റും. പക്ഷേ ഒരു സ്ത്രീക്ക് ഇത് അനുഭവിക്കാനേ പറ്റു… കാരണം അവരുടെ ജീവിതത്തെ ഈ ചിത്രം അത്രമേൽ സത്യസന്ധമായി തിരശ്ശീലയിൽ പകർത്തിവെച്ചിരിക്കുന്നു.

Comments

comments