ഒരു സമൂഹത്തിൻറെ ക്രൂരത മുഴുവൻ വെളിവാകുന്ന ചില നിമിഷങ്ങളുണ്ട്, അപ്രതീക്ഷിതമായി മാത്രം ചുരുളഴിയുന്നവ. അത്തരത്തിലൊന്ന് അടുത്തിടെ കൊച്ചിയിൽ പ്രത്യക്ഷമായി.g-d-1

ആഗസ്റ്റ് 16-ന് മാദ്ധ്യമങ്ങളിൽ ആലുവയിൽ ഗൌരി എന്ന ട്രാൻസ് വനിതയെ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന വാർത്ത  പ്രത്യക്ഷപ്പെട്ടു. തൊട്ടടുത്ത ദിവസം സണ്ണി ലിയോൺ കൊച്ചിയിലെത്തി. അവരുടെ ആരാധകർ കൊച്ചിനഗരത്തെ സ്തംഭിപ്പിച്ചു. സണ്ണി ലിയോൺ നല്ലതോ ചീത്തയോ, അവരെ ആരാധിക്കുന്നത് തെറ്റോ ശരിയോ, അഭ്യസ്തവിദ്യരായ പുരുഷന്മാർക്ക് ലൈംഗികാസക്തി അനുവദനീയമോ അല്ലയോ തുടങ്ങിയ ചർച്ചകൾ പൊടിപൊടിച്ചു. സമൂഹത്തിൻറെ അതിരുകളിൽ സ്വന്തം ലിംഗസ്വത്വത്തെ അംഗീകരിച്ചുകൊണ്ട് പൊരുതി ജീവിച്ച ഗൌരിയുടെ മരണവാർത്തയെ പുറംകാലുകൊണ്ടു തട്ടിമാറ്റിക്കൊണ്ട് സണ്ണിയുടെ ആരാധകർ തകർത്താടി.bhinnam-logo-1

സമൂഹത്തിൻറെ പുറംപോക്കുകൾ സണ്ണിക്കും അന്യമായിരുന്നില്ല. മുഖ്യധാരാസിനിമയിലേക്ക്  എത്തിയെങ്കിലും അവരെ മിക്ക മാദ്ധ്യമങ്ങളും അശ്ലീലസിനിമാനായികയെന്നോ മുൻ – അശ്ലീലസിനിമാനടിയെന്നോ തന്നെയാണ് വിശേഷിപ്പിക്കുന്നത്. സമൂഹപാർശ്വങ്ങളെ എല്ലാം ഒരുപോലെയല്ല നാം കാണുന്നത്. എങ്കിലും സണ്ണിയുടെയും ഗൌരിയുടെയും പാർശ്വവത്കൃതജീവിതങ്ങൾക്ക് രണ്ടു വിലയാണ് നാമിട്ടിരിക്കുന്നത്. നമ്മുടെ ആസക്തികൾക്കു പറ്റിയ സുന്ദരരൂപങ്ങളെ ഉത്പാദിപ്പിക്കുന്ന സാമൂഹ്യപുറംപോക്കുകളെ ഇടയ്ക്കെങ്കിലും തുറന്നാശ്ലേഷിക്കാൻ നമുക്കു മടിയില്ല. എന്നാൽ ലിംഗ -ലൈംഗികമുഖ്യധാരയുടെ ഒഴിവാക്കലുകളെയും അലിവില്ലായ്മയെയും തിരുത്താൻ ശ്രമിക്കുന്നവർ ജീവിക്കുന്ന സാമൂഹ്യ അതിരുകളെ, പുരോഗമനവാദികളെന്നു സ്വയം പ്രഖ്യാപിച്ചു മുന്നിലേക്കു ചാടുന്ന ചെറുപ്പക്കാർ പോലും സ്വന്തം സൌകര്യമനുസരിച്ചേ സന്ദർശിക്കൂ. ശരിക്കും ഉള്ളുപൊള്ളിക്കുന്ന ക്രൂരതയാണിത്.sl-d1

ഗൌരിയുടെ മരണത്തിൻറെ വിശദാംശങ്ങളൊന്നും ലഭ്യമല്ല. എങ്കിലും ഇന്ന് കുടുംബവും സമുദായവും എല്ലാം പുറന്തള്ളിയ ആ ശരീരത്തെ സ്നേഹത്തോടെ ഏറ്റുവാങ്ങാനും മാന്യമായി സംസ്കരിക്കാനും തയ്യാറായ ഒരു സമൂഹം – ട്രാൻസ്മനുഷ്യരടക്കമുള്ള ക്വിയർ സമൂഹം – ഇന്ന് കൊച്ചിയിലുണ്ട്. ജീവിതത്തിൽ വളരെ അല്പം മാത്രം കിട്ടിയ പരിഗണനയും മാന്യതയും സ്നേഹവും മരണത്തിൽ ധാരാളമായി ഗൌരിക്കു കിട്ടും. ഇന്നത്തെqk-d-1 കേരളത്തിൽ ഏറ്റവും രൂക്ഷമായ സാമൂഹ്യ- ഭൌതിക ഒറ്റപ്പെടലും അധിക്ഷേപവും അനുഭവിക്കുന്നത് ഇവിടുത്തെ ക്വിയർജനങ്ങൾ തന്നെയാണ്. ജാതിയുടെയും ലിംഗഭേദത്തിൻറെയും വർഗസമത്വത്തിൻറെയുമെല്ലാം ഭാരം അവരിലെത്തുമ്പോൾ പതിന്മടങ്ങാകുന്നു. അതുകൊണ്ട്, അവർക്കിടയിൽ വളർന്നു വരുന്ന സ്നേഹാധിഷ്ഠിത സാമൂഹ്യബന്ധങ്ങളാണ് കേരളത്തിലിന്ന് നമ്മെ വിഴുങ്ങുന്ന രാഷ്ട്രീയ ഇരുട്ടിനെ വെല്ലുവിളിച്ചുകൊണ്ട് തെളിഞ്ഞുവരുന്ന ആശാകിരണം. നവോത്ഥാന-അനന്തരം കല്ലിച്ചു ദുഷിച്ചു പോയ സമുദായപരിഷ്ക്കരണവും, ആൺ-പെൺ അസമത്വങ്ങളെ പോലും, അതേത്തന്നെ വേണ്ടത്ര ആഴത്തിൽ ചോദ്യംചെയ്യാൻ പോലും, പ്രാപ്തമല്ലാത്ത ഇവിടുത്തെ ലിംഗനീതിവ്യവഹാരവും സാദ്ധ്യമാക്കാത്ത മനുഷ്യവത്ക്കരണം – കേവല ഉദാരവാദത്തിനപ്പുറം പോകുന്ന മൂല്യവികാസം – നടക്കുന്നത് ഇവിടെയാണ്. സണ്ണി ലിയോണിനെ കാണാൻ പരസ്യമായി എത്തിയ പുരുഷന്മാരെ അഭിനന്ദിക്കുന്നത് നല്ലതുതന്നെ. പക്ഷേ അവരുടെ ആസക്തി അക്കാരണം കൊണ്ട് അഹിംസാപരമോ കാമ്യവസ്തുവിൻറെ മനുഷ്യത്വം വകവയ്ക്കുന്നതോ ആകണമെന്നില്ല. അപ്രകാരമായിരുന്നു അതെങ്കിൽ ഗൌരിയുടെ മരണത്തെ ഇക്കൂട്ടർ ‘കേൾക്കു’മായിരുന്നു – ലിംഗലൈംഗികന്യൂനപക്ഷങ്ങളുടെ ദൈനംദിന ജീവിതസമരങ്ങളെക്കുറിച്ച് അവരും ഓർക്കുമായിരുന്നു, വേദനിക്കുമായിരുന്നു.

പൊതുവേ പറഞ്ഞാൽ, എല്ലാ സ്ത്രീകളുടെ മനുഷ്യത്വവും പൂർണപൌരത്വവും തിരസ്ക്കരിക്കപ്പെടുന്ന കാലത്തിലൂടെയാണ് നാം ജീവിക്കുന്നത്. രാജ്യം ഭരിക്കുന്ന ഹിന്ദുത്വവാദികൾ സമൂഹത്തെ ബ്രാഹ്മണദണ്ഡനീതിയിലേയ്ക്കു വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നു. അവരോട് കൂടുതൽക്കൂടുതൽ ചേരാൻ ഇവിടുത്തെ ഭരണകൂടം, വിശേഷിച്ചും കോടതികൾ, ഉത്സാഹിച്ചുകൊണ്ടിരിക്കുന്നു. ഈയടുത്തിടെ കോടതികളെടുക്കുന്ന നിലപാടുകളിൽ ഇതു വ്യക്തമാണ്. പത്തുവയസ്സുകാരിയെ പ്രസവിക്കാൻ നിർബന്ധിക്കുക, സ്ത്രീധനപീഡനത്തെക്കുറിച്ചു പരാതി പറയുന്ന സ്ത്രീകളെ അവിശ്വസിച്ചുകൊണ്ട് അയൽവക്കത്തെ അറുപഴഞ്ചന്മാർക്ക് അമിതാധികാരം നൽകുന്ന കുടുംബക്ഷേമസമിതികൾ ശുപാർശ ചെയ്യുക, ഇന്ന് കേരളത്തിലാകെ ചർച്ചയായ ഹാദിയാ കേസിൽ അവിവാഹിതരായ പെൺമക്കൾ വിവാഹം വരെ മാതാപിതാക്കൾക്കൊപ്പം കഴിയുന്നതാണ് ‘ഇന്ത്യൻ പാരമ്പര്യ’മെന്ന് പ്രഖ്യാപിക്കുക – ഇതെല്ലാം സ്ത്രീകളുടെ പൂർണപൌരത്വം കോടതികളാൽ നിഷേധിക്കപ്പെടുന്നതിൻറെ തെളിവാണ്.

എന്നാൽ ഇത് നമ്മുടെ സാംസ്കാരിക-രാഷ്ട്രീയകക്ഷികൾക്ക് പ്രശ്നമേയല്ല. ഇപ്പോൾ നമ്മുടെ സ്വൈരം കെടുത്തുന്ന ‘ലൌ ജിഹാദ്’ കേസുകൾ തന്നെയെടുക്കുക. ഇവയെപ്പറ്റിയുള്ള വ്യവഹാരങ്ങളിൽ പലപ്പോഴും സ്ത്രീ ഏറ്റവും നിസ്സാരയാണ്. രണ്ടു പ്രബലസമുദായങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് സ്വയം അവകാശപ്പെടുന്ന കക്ഷികളുടെ തട്ടുപന്തായി സ്ത്രീയെ കണക്കാക്കാൻ യാതൊരു മടിയും കോടതിയ്ക്കോ പ്രമുഖമാദ്ധ്യമങ്ങൾക്കോ ഇല്ല. അവരെ കേൾക്കുക എന്ന പ്രാഥമികചുവടു കോടതിക്കു പോലും അന്യമത്രെ.

ഈ കക്ഷികൾ തമ്മിലുള്ള വടംവലിയ്ക്കു കിട്ടുന്ന ശ്രദ്ധ വാസ്തവത്തിൽ കേവലം പ്രേക്ഷകസ്ഥാനത്തു നിന്നുകൊണ്ടു മറ്റുള്ളവരുടെ വേദന കണ്ടാസ്വദിക്കുന്ന ക്രൂരമനസ്ക്കരാണ് നാമെന്ന തെളിവാണ്. കാരണം, ഈ കളിയിൽ ഇരുകക്ഷികളും അധിനിവേശത്തിൽ രൂപപ്പെട്ട സാംസ്കാരികസമ്മർദ്ദങ്ങളെ യാന്ത്രികമായി പിൻതുടരുന്നവരാണ്. സ്ത്രീശരീരങ്ങളെ സമുദായസ്വത്വത്തിൻറെ പോർക്കളങ്ങളാക്കുക, മതസമുദായജനസംഖ്യയിലേയ്ക്കു കൂടുതൽ ആളെ ചേർക്കുന്നതാണ് സമുദായസ്ഥിരതയിലേക്കുള്ള പാത എന്നു ധരിക്കുക – ഇതു രണ്ടും അധിവേശക്കാലത്തു രൂപപ്പെട്ട സാംസ്കാരികപ്രക്രിയകളുടെയും പൊതുരാഷ്ട്രീയത്തിൻറെയും ശേഷിപ്പുകളാണ്. അതായത്, ഈ രണ്ടു കക്ഷികളും ബ്രിട്ടിഷ് വ്യവസ്ഥ ബാക്കിവച്ചുപോയ ചില ദുഃശ്ശീലങ്ങളെ പൊറ്റിവളർത്തി സമൂഹത്തെ മൊത്തത്തിൽ പീഡിപ്പിക്കുന്നവരാണ്. പോർവിളികൾ അടക്കി തൽക്കാലത്തേയ്ക്കെങ്കിലും മാറിനിന്ന്, മതംമാറ്റം നടത്തിയ സ്ത്രീകൾക്ക് അവരുടെ തീരുമാനത്തെയും ജീവിതത്തെയും പറ്റി സ്വന്തമായി ഒരു വാക്ക് പറയാനോ സ്വയമൊരു തീരുമാനത്തിലെത്താനുള്ള സാഹചര്യമൊരുക്കാൻ ഇരുകൂട്ടർക്കും കഴിയാതെ പോകുന്നത്, അവർ സ്വന്തം അധിനിവേശവേരുകളെ മറികടന്നിട്ടില്ലാത്തതിനാലാണ്. എങ്കിലും ഇവരുടെ കാതടപ്പിക്കുന്ന ആക്രോശങ്ങളെ കേൾക്കാനാണ് സാമൂഹ്യമുഖ്യധാര ഇഷ്ടപ്പെടുന്നത്.

തന്നെയുമല്ല, പ്രാകൃതമായ ഈ പിടിവലിയ്ക്ക് ലഭിക്കുന്ന പ്രാധാന്യം ഇപ്പോൾ വികസിച്ചുവരുന്ന ജനാധിപത്യപ്രക്രിയകളുടെ തീവ്രതകളിൽ നിന്ന് പൊതുശ്രദ്ധ തിരിച്ചുവിടുകയും ചെയ്യുന്നു. മുസ്ലീങ്ങൾ ഹിന്ദുസ്ത്രീകളെ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് മുറവിളി കൂട്ടുന്ന നാം, ട്രാൻസ് മനുഷ്യരാണ് തങ്ങളെന്ന് സ്വയം തിരിച്ചറിഞ്ഞ കൌമാരക്കാരികളെ നിഷ്ക്കരുണം പുറന്തള്ളുന്ന വീട്ടുകാരെയോ, അവരെ സംരക്ഷിക്കാമെന്ന് വാക്കു നൽകി ഏറ്റവും നീചമായ ഹിംസയ്ക്ക് ഇരയാക്കുന്ന അതിക്രൂരന്മാരായ കുറ്റവാളികളുടെ ചെയ്തികളെയോ കാണുന്നതുപോലുമില്ല. കേരളത്തിൽ ട്രാൻസ് സമൂഹത്തിൻറെ രൂപീകരണത്തിനു ശേഷം ഇക്കൂട്ടരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന പലരുമുണ്ട്. എന്നാൽ പലപ്പോഴും പ്രായപൂർത്തിപോലുമാകാത്ത ഈ ട്രാൻസ് യുവതികളെ രക്ഷപ്പെടുത്താനായി കച്ചകെട്ടിയിറങ്ങാൻ മുഖ്യാധാരാസമൂഹം തയ്യാറാകാത്തതെന്തുകൊണ്ട്? അവരുടെ ജീവനും ശരീരവും മനുഷ്യപരിഗണന അർഹിക്കാത്തതുകൊണ്ടോ? അതോ തങ്ങളുടെ മതജനസംഖ്യാരാഷ്ട്രീയത്തിന് അതുകൊണ്ട് പ്രത്യേകിച്ച് ഗുണമില്ലാത്തതുകൊണ്ടോ?

ഗൌരിയുടെ മരണത്തെത്തുടർന്ന് ഒരു ട്രാൻസ് സ്ത്രീ എഴുതിയ കുറിപ്പിൽ നിന്നുള്ള ഈ വരികൾ നമ്മെ ഉണർത്തിയില്ലെങ്കിൽ അതിശയമില്ല. കാരണം ഉറക്കം നടിക്കുന്നവരെ ആർക്കും ഉണർത്താനാവില്ലതന്നെ :
“കമിങ് ഔട്ട് നടത്തി വീട്ടിൽ നിന്ന് പുറത്തായി ഒളിച്ചോടി ഏതെങ്കിലും നഗരത്തിലെത്തുന്ന ഒരു ട്രാൻസ് ജെൻററിന് അധികം തെരെഞ്ഞടുപ്പുകളൊന്നും ഉണ്ടാകില്ല. ആരുടെ സൌഹൃദമാണ് സ്വീകരിക്കേണ്ടതെന്ന ചോദ്യത്തിന്, ഭക്ഷണം, താമസിക്കാനുള്ള ഇടം ഒക്കെയാവും ചിലപ്പോഴെങ്കിലും മറ്റു തെരെഞ്ഞെടുപ്പുകളെക്കാൾ മുൻഗണനയിൽ വരുന്നത്. അങ്ങനെ ഒരു പരിചയത്തിൻറെ, സൌഹൃദത്തിൻറെ പേരിൽ അവൾ ജീവിതകാലം മുഴുവൻ അവന് മടുക്കുവോളം, അവൻറെ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാകണം എന്നു പറയുന്നതിൻറെ നീതി എന്താണ് അല്ലെങ്കിൽ ട്രാൻസ് സൌഹൃദകേരളം ഒരു ട്രാൻസ് ജെൻററിന് അനുവദിച്ചിരിക്കുന്ന സ്വാതന്ത്ര്യം ഇതാണോ?

ഗൌരിയെപ്പോലെ കേരളത്തിലെ ഏതെങ്കിലും തെരുവുകളിൽ, അല്ലെങ്കിൽ റെയിൽവേ ട്രാക്കുകളിൽ …എൻറെ തന്നെയോ അറുത്തുമുറിക്കപ്പെട്ടോ, കഴുത്തുഞെരിക്കപ്പെട്ടോ ശരീരങ്ങൾ കണ്ടാൽ ആരെങ്കിലും ഒന്ന് ഓർക്കാൻ വേണ്ടിയാണ് ആ എഫ്ബി പോസ്റ്റ് …”

കൊച്ചിയിൽ കഴിഞ്ഞുപോരുന്ന ട്രാൻസ് സമൂഹത്തിൽ പ്രായപൂർത്തിയാകാത്തവരുണ്ട്. അവരിൽ പലരെയും കുറ്റവാളികൾ അഭയം നൽകാമെന്ന വാക്കു നൽകി വശപ്പെടുത്തി ക്രൂരമായ ചൂഷണത്തിന് വിധേയമാക്കുന്നുണ്ട്. പലപ്പോഴും ഈ കുട്ടികളെ അവർ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കി സ്വന്തം വരുതിയ്ക്കു നിർത്തുന്നുവെന്നുപോലും കേൾക്കുന്നു. മുസ്ലിം മതം സ്വീകരിച്ച എല്ലാ സ്ത്രീകളും ഒരുപോലെ ഇരകളാണെന്നും അവരെ ഉടൻ സംരക്ഷിക്കണമെന്നും ബഹളംകൂട്ടുന്നവരുടെ കണ്ണിൽ ഇങ്ങനെ അടിമയാക്കപ്പെടുന്ന യുവതികൾ ദൃശ്യരാകാത്തത് എന്തുകൊണ്ട്?

‘ക്രൂരത കൊണ്ട്’, എന്നാണ് ഉത്തരം.  ട്രാൻസ് മനുഷ്യരെ ഇവിടുത്തെ മുഖ്യധാരാമതസമുദായങ്ങൾക്കു വേണ്ട. ജനാധിപത്യമെന്നാൽ മുഖ്യധാരാമതങ്ങളുടെ പോർവിളികളും അവരുടെ ആഭാസം നിറഞ്ഞ കിടമത്സരങ്ങളുമാണ്, അല്ലാതെ പാർശ്വവത്കൃതർ മനുഷ്യത്വത്തിലേയ്ക്ക് കടക്കുന്നതല്ല എന്നു കരുതുന്ന ചിന്താഗതിയാണ് ഈ ക്രൂരതയ്ക്ക് ആധാരം. ‘ലൌ ജിഹാദ്’ വ്യവഹാരങ്ങളിൽ തെരെഞ്ഞെടുപ്പു നടത്തിയ സ്ത്രീ അപ്രത്യക്ഷയായിക്കൊണ്ടിരിക്കുന്നതും ഇതേ ക്രൂരത കൊണ്ടുതന്നെ. അടിമത്തമെന്നാൽ തനിക്കെന്തു സംഭവിക്കുമെന്ന് അറിയാൻ കഴിയാതെവരുന്ന അവസ്ഥയാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ബ്രാഹ്മണദണ്ഡനീതിയുടെ തേരൊച്ച അടുത്തടുത്തുവരുന്ന ഇന്നത്തെ കാലത്ത് സ്ത്രീയെന്നു സ്വയം വിളിക്കുന്ന എല്ലാവരും ഈ അവസ്ഥയിലേക്ക് താണുപോവുകയല്ലേ?

 

Comments

comments