ന്നഡ എഴുത്തുകാരന്‍ വസുധേന്ദ്രയുടെ മോഹനസ്വാമി എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചത് 2013 ഡിസംബര്‍  11 നാണ്. സ്വവര്‍ഗാനുരാഗിയായ ഒരു പുരുഷന്റെ കഥ പറയുന്ന ഈ പുസ്തകം പ്രസിദ്ധീകരിക്കുന്ന അതെ നാളിലാണ് സുപ്രീം കോടതി IPC 377 വകുപ്പ് പ്രകാരം സ്വവര്‍ഗലൈംഗികതയെ കുറ്റകരമായ പ്രവര്‍ത്തിയായി പുനസ്ഥാപിച്ചത്. അതിനു മുമ്പ് ഡല്‍ഹി ഹൈകോടതി ഈ വകുപ്പിനെ റദ്ദു ചെയ്തിരുന്നതിനെ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചത്. അതിനാല്‍ തന്നെ, എഴുതുന്ന വേളയില്‍ താന്‍ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം പ്രസിധീകരണത്തിന്റെ ദിവസം തന്നെ നഷ്ട്ടപെട്ട ഒരു എഴുത്തുകാരന്‍ കൂടിയാണ് വസുധേന്ദ്ര. കുറെ നാള്‍ താന്‍  ഭയന്നാണ് കഴിഞ്ഞിരുന്നത് എന്ന് വസുധേന്ദ്ര വെളിവാക്കുന്നുണ്ട്. പിന്നെ, ഈ കന്നഡ പുസ്തകത്തിനു മൂന്നു പതിപ്പുകളും ഒരു ഇംഗ്ലീഷ് വിവര്‍ത്തനവും ഇപ്പോള്‍ ഒരു മലയാളം വിവര്‍ത്തനവും ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു എന്നുള്ളത് സന്തോഷകരമായ കാര്യമാണ്.

‘പ്രകൃതിയ്ക്ക് അനുസൃതമല്ലാത്ത’ ( against the order of Nature)  എല്ലാ ലൈംഗികബന്ധങ്ങളും IPC Sec 377 ന്റെ പരിധിയില്‍ വരും. അത് സ്ത്രീയോടോ, പുരുഷനോടോ, മൃഗത്തോടോ ആവാം. അതിനാല്‍ മറ്റിനം ലൈംഗികചേഷ്ടകളോ പെരുമാറ്റരീതികളോ ഇതിന്റെ പരിധിയില്‍ വരില്ല. Carnal intercourse എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ഇതൊക്കെ നിര്‍വചിച്ചു നിര്‍വചിച്ചു പോയാല്‍ വദനരതിയും മറ്റും സ്വാഭാവികേന ചെയ്യുന്ന സാദാ പൌരന്മാര്‍ വരെ ഇതിന്റെയൊക്കെ പരിധിയില്‍ വരും. Black’s Law Dictionary എന്ന നിയമ വേദ ഗ്രന്ഥമാണ് ജഡ്ജിമാര്‍ `പ്രകൃതി’ യെ നിര്‍വചിക്കാന്‍ എടുക്കുന്നത്. സുപ്രീംകോടതി ഉദ്ധരിക്കുന്ന നിര്‍വചനം ഇങ്ങനെ: (1) ഒന്നിനെ മറ്റൊന്നില്‍ നിന്നും വ്യത്യസ്ഥമാക്കുന്ന അടിസ്ഥാന ഗുണം, (2) കൃത്രിമവും കെട്ടിച്ചമച്ചതുമായവയില്‍ നിന്ന് വിഭിന്നമായി പരിശുദ്ധവും സത്യവുമായ ഒന്ന്, (3) ഒന്നിന്റെയോ ഒരാളുടെയോ മൌലിക വാസനകളോ ചോദനകളോ. മനുഷ്യന് ഇനിയും ഒരു എത്തും പിടിയും കിട്ടാത്ത ‘പ്രകൃതി’ എന്ന പ്രതിഭാസത്തെ നിയമജ്ഞര്‍ എത്ര ശുഷ്ക്കമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത് എന്ന് കാണിക്കാനാണ് ഇത്രയും എഴുതിയത്. `പ്രകൃതി’ മൌലിക വാസനയോ ചോദനയോ ആണെങ്കില്‍ മൌലികവാസനയാല്‍ പ്രചോദിതനായി സ്വവര്‍ഗലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരാള്‍ എങ്ങനെ ‘പ്രകൃതി വിരുദ്ധന്‍’ ആകും?

നമുക്ക് പുസ്തകത്തിലേക്ക് വരാം. ഇത്തരമൊരു ‘പ്രകൃതിവിരുദ്ധ’നായ മോഹനസ്വാമി എന്ന കഥാപാത്രവുമായും അതുപോലുള്ള മറ്റുള്ളവരുമായും ബന്ധപ്പെട്ട പത്തു കഥകളുടെ സമാഹാരമാണിത്. മിക്ക കഥകളുടെയും നായകന്‍ മോഹനസ്വാമി തന്നെ ആയതിനാല്‍ എഴുത്തുകാരന്റെ സ്വത്വം തന്നെയാണിയാള്‍ എന്ന് അനുമാനിക്കാം. പ്രണയത്തിലും കുടുംബത്തിലും സ്വവര്‍ഗാനുരാഗികളുടെ സവിശേഷമായ ഇടം കൃത്യമായി അടയാളപ്പെടുത്തുന്ന ഒരു കൃതിയെന്ന നിലയില്‍ മലയാളത്തില്‍ സുപ്രധാനമായ ഒരു സ്ഥാനം ഈ കൃതിക്കുണ്ട്. അത്, മലയാള സാഹിത്യത്തിലെ പരമ്പരാഗതമായ പ്രണയസങ്കല്പ്പങ്ങളെ ഉടച്ചുകളയുന്നു. സാഹിത്യം എന്നത് ഒരു ഭാഷാപ്രയോഗമാണെന്ന നിലയില്‍ ഈ കൃതിയെ ഒരു മികച്ച സാഹിത്യകൃതി എന്ന നിലയില്‍ കാണാന്‍ കഴിയില്ല എന്നാണെങ്കിലും മിക്ക സാഹിത്യകൃതികളും കൈകാര്യം ചെയ്യുന്ന പ്രണയം എന്ന പ്രമേയത്തെ തകിടം മറിക്കാന്‍ ഈ കൃതിക്ക് കഴിയുന്നുണ്ട്. ആണ്‍-പെണ്‍ ബന്ധത്തെ ഉദാത്തവല്‍ക്കരിക്കുന്ന പരമ്പരാഗതപ്രണയം ഇവിടെ അതിന്റെ അന്യൂനത കൈവെടിയുകയാണ്.

download

ചെറുപ്പം തൊട്ടു തന്നെ മോഹനസ്വാമിക്ക് ആണുങ്ങളോടുള്ള അഭിനിവേശം പ്രകടമായിരുന്നു. ഇത് അവനെ പല കുഴപ്പങ്ങളിലും ചെന്ന് ചാടിക്കുന്നുണ്ട്. ഒരു സ്വവര്‍ഗാനുരാഗിയുടെ ഏറ്റവും വലിയ പ്രശ്നം ഇണയെകണ്ടെത്തുക എന്നുള്ളതാണ്. താല്‍പ്പര്യമുള്ള ഒരാളെ കണ്ടെത്തിയാല്‍ തന്നെ അവന്‍ തനിക്കു ചേര്‍ന്നവന്‍ ആണോ എന്നുള്ളത് അടുത്ത പ്രശ്നം. വെറും കാമത്തിലാണോ പ്രണയത്തിലാണോ അവനു താല്‍പ്പര്യം എന്നുള്ളത് അടുത്തത്‌. പിന്നെ, തന്റെ പ്രശ്നം പങ്കു വെക്കാന്‍ ഒരാളില്ലാത്തതിന്റെ പ്രശ്നം. പിന്നെ, നിയമപരമായി താന്‍ കുറ്റവാളി ആണ് എന്നുള്ള എപ്പോഴുമുള്ള ബോധം. ചുരുക്കത്തില്‍, ഏറ്റവും നിഷ്ക്കളങ്കനും കര്‍മകുശലനും മിടുക്കനും സ്ത്രീകളെ സ്നേഹിക്കുന്നവനും ആയ ഒരു സ്വവര്‍ഗാനുരാഗിക്ക് പോലും പ്രണയം ഒരു ബാലികേറാമലയാണ്. കടുത്ത നിരാശയാണ് പലപ്പോഴും ഫലം. സെക്സിന് വേണ്ടി മാത്രം ബന്ധമുണ്ടാക്കുന്നവര്‍ ആണ് സ്വവര്‍ഗാനുരാഗികള്‍ എന്ന മട്ടിലാണ് സമുദായം അവരെ നോക്കിക്കാണുന്നത്.

`കടുങ്കെട്ടു’ എന്ന കഥ ഒരുദാഹരണമായി എടുക്കാം. നഗരത്തില്‍ നല്ലൊരു ജോലിയുമായി മെച്ചപ്പെട്ട സാമ്പത്തികസാഹചര്യത്തില്‍ ജീവിക്കുന്ന മോഹനസ്വാമിക്ക് കാര്‍ത്തിക് എന്നൊരു കൂട്ടുകാരനെ കിട്ടുന്നു, സഹവസിക്കുന്നു. കാര്‍ത്തിക്കിനോട് അവന്‍ മുടിഞ്ഞ പ്രണയമാണ്. പ്രണയം മൂത്ത് അവന്‍ തന്നെത്തന്നെ കാര്‍ത്തിക്കിന്റെ ഭാര്യയായി ആണ് സങ്കല്‍പ്പിക്കുന്നത്. കാര്‍ത്തിക് നഷ്ട്ടപ്പെടുന്നത് അവനു അചിന്തനീയമാണ്. അതിനാല്‍, ഒരു ഭാര്യ ഭര്‍ത്താവിനെ പരിചരിക്കുന്ന അതെ ശ്രദ്ധയോടെയാണ് അവന്‍ കാര്‍ത്തിക്കിനെ കൈകാര്യം ചെയ്യുന്നത്. അവന്‍ കാര്‍ത്തിക്കിന് വേണ്ടി സ്വാദിഷ്ട്ടമായ ആഹാരം പാചകം ചെയ്യുന്നു. തുണികള്‍ കഴുകിയിടുന്നു. മുറികള്‍ വൃത്തിയാക്കുന്നു. വൈകുന്നേരം അവന്‍ ഓഫീസില്‍ നിന്ന് മടങ്ങി വരാന്‍ വൈകിയാല്‍ ഭഗവാനോട് പ്രാര്‍ഥിക്കുന്നു. കാര്‍ത്തിക്കുമായി ഉത്സാഹത്തോടെ ഇണചേരുന്നു. പക്ഷെ, അവന്‍ അറിയുന്നില്ല കാര്‍ത്തിക് ഒരു ദ്വൈലിംഗാനുരാഗിയാണെന്ന്. അവനു ആണും പെണ്ണും സമമാണ്. മാത്രമല്ല, സമൂഹരീതികള്‍അനുസരിച്ചു അവന്‍ ഒരു പെണ്ണിനെ വിവാഹം ചെയ്യാന്‍ പോവുകയാണ്. മോഹനസ്വാമി തകര്‍ന്നു പോകുന്നു. കാര്‍ത്തിക്കിന് അവനിലുള്ള താല്‍പ്പര്യം കുറയുന്നു. മോഹനസ്വാമി ആലോചിക്കുന്നത് ഇങ്ങനെ-  ആ പെണ്ണിനെ പോലെത്തന്നെ താനും കാര്‍ത്തിക്കിനെ അത്യധികം ആഗ്രഹിക്കുന്നു, എന്നിട്ടും ഈ ലോകം അവള്‍ക്കൊപ്പം നില്‍ക്കുന്നതെന്തു കൊണ്ട്? അതാണ് പ്രശ്നത്തിന്റെ കാതല്‍. എന്തുകൊണ്ടാണ് സ്വവര്‍ഗാഭിനിവേശം ഒരു തെറ്റായും, ആണും പെണ്ണും തമ്മിലുള്ള അനുരാഗം ശരിയായും കാണപ്പെടുന്നത്.

കാര്‍ത്തിക് നഷ്ട്ടപെട്ട ശേഷം മോഹനസ്വാമിക്ക് അത്രയ്ക്ക് ദൃഡമായ ഒരു ബന്ധം ആരുമായും സ്ഥാപിക്കാന്‍ ആവുന്നില്ല എന്നതാണ് സത്യം. പ്രണയത്തിന്റെ പാരമ്പര്യസാഹിത്യത്തില്‍ ഈ അവസ്ഥ എന്തൊക്കെ രീതികളിലാണ് അവതരിപ്പിച്ചിട്ടുള്ളത് എന്നത് നമുക്ക് എല്ലാവര്ക്കും അറിയാം. പ്രണയനഷ്ട്ടം എക്കാലത്തെയും ജനകീയമായ സാഹിത്യപ്രമേയമാകുന്നു. അതിനായി ജീവന്‍ ഒടുക്കിയവരെ നമ്മള്‍ പൂജിക്കുന്നു. പക്ഷെ, അതൊരു സ്വവര്‍ഗലൈംഗികപ്രണയം ആയിരുന്നെങ്കില്‍ ഇതേ നാവു കൊണ്ട് നമ്മള്‍ അവരെ തള്ളിപ്പറഞ്ഞെനെ.

അരുന്ധതിയുടെ പുതിയ നോവലില്‍ പരാമര്‍ശിക്കുന്ന സര്മദ് എന്ന സൂഫിവര്യന്റെ പ്രണയം ഇവിടെ സൂചിപ്പിക്കാതെ വയ്യ. കച്ചവടക്കാരനായിരുന്ന, ജൂത മതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് വന്ന, അദ്ദേഹം ഒരു ഹിന്ദു ബാലനെ പ്രണയിക്കുകയാണ്. ആ പ്രണയം വളരെ ഉദാത്തമായ ഒരു തലത്തിലാണ് അദ്ദേഹത്തെ എത്തിക്കുന്നത്. അദ്ദേഹം തന്റെ ലൌകികമായ എല്ലാ അവസ്ഥകളില്‍ നിന്നും വിടുതല്‍ നേടുകയാണ്‌, തന്റ്റെ വസ്ത്രം പോലും ഉപേക്ഷിച്ചു അലഞ്ഞു തിരിയുകയാണ്. പ്രണയത്തിന്റെ ഇത്ര തീക്ഷ്ണമായ അവസ്ഥ ആണും പെണ്ണും തമ്മിലുള്ള പ്രണയത്തിനു പോലും ഉണ്ടാവുമോ എന്ന് സംശയം.

newsletter-7

കാര്‍ത്തിക് നഷ്ട്ടപെട്ടതിനു ശേഷം അവന്റെ വിവാഹവേദിയില്‍ വെച്ചു കൂടിനിന്നവരുടെ തലയില്‍ നെല്‍മണികള്‍ ചൊരിയുന്ന ചടങ്ങിനു ശേഷമുള്ള മോഹനസ്വാമിയുടെ അവസ്ഥയെ കഥാകാരന്‍ കുറിച്ചിടുന്നത് പ്രണയനഷ്ട്ടത്തിന്റെ ദാരുണതയെ എടുത്തുകാണിക്കുന്ന ഒരു കഥാശകലമാണ്:

“മോഹനസ്വാമിക്ക് പിടിച്ചുനില്‍ക്കാനായില്ല. അയാള്‍ ആളുകളെ തട്ടിമാറ്റിക്കൊണ്ട് പുറത്തേക്കോടി. തലയില്‍ വീണ നെന്മണികള്‍ തീപ്പൊരികളായി മുടിയെ, തൊലിയെ, ഹൃദയത്തെ പൊള്ളിക്കുന്നതായി അയാള്‍ക്ക്‌ തോന്നി. മുടി കരിയുന്ന മണം അയാള്‍ക്ക്‌ അനുഭവപ്പെട്ടു. റോഡരികിലെ മാലിന്യക്കൂമ്പാരത്തിനടുത്തു അയാള്‍ കുന്തിച്ചിരുന്നു. മുടിയില്‍ മറഞ്ഞിരുന്ന നെല്‍മണികള്‍ അയാള്‍ തട്ടി താഴെയിട്ടു. വൃത്തികെട്ട മണം അയാളുടെ മൂക്കില്‍ തുളച്ചു കയറി. അയാള്‍ കുടല്‍ പറിഞ്ഞു പോകും വണ്ണം ചര്‍ദ്ദിച്ചു. ആരൊക്കെയോ വലിച്ചെറിഞ്ഞ അവശിഷ്ട്ടങ്ങളുടെ അടുത്തിരുന്നു മോഹനസ്വാമി പട്ടിയെപ്പോലെ മോങ്ങിക്കരഞ്ഞു. അയാളെ ആശ്വസിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ലോകം നവവധൂവരന്മാരെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു.”

ഇത്തരം പത്തു അവസ്ഥകളുമായി ബന്ധപ്പെടുന്ന പത്തു കഥകളാണ് സമാഹാരത്തില്‍ ഉള്ളത്. വളരെ മനോഹരമായ ഒരു`തട്ടും തടയും’ ഇല്ലാത്ത ഭാഷയിലാണ് ആഷ് അഷിത ഈ തര്‍ജിമ നിര്‍വഹിച്ചിട്ടുള്ളത്. രണ്ടു പ്രശ്നങ്ങള്‍ അഷിത ഇതില്‍ നേരിട്ടിട്ടുണ്ടാവാം എന്ന് ഞാന്‍ അനുമാനിക്കുന്നു. ഒന്ന്, ഭാഷ തന്നെ. പച്ചയായ രീതിയിലാണ് സ്വവര്‍ഗലൈംഗികതയിലെ കാമവര്‍ണനകള്‍ എഴുതപ്പെട്ടിട്ടുള്ളത്. രണ്ടു, അതിന്റെ പ്രമേയം. സ്വവര്‍ഗലൈംഗികതയെ വളരെ അനുഭാവപൂര്‍വം, സ്നേഹപൂര്‍വ്വം സമീപിക്കുന്ന ഒരാള്‍ക്ക്‌ മാത്രമേ ഈ കഥകള്‍ തര്‍ജിമ ചെയ്യാന്‍ കഴിയൂ. ‘പ്രകൃതിവിരുദ്ധ’ലൈംഗികതയെ കുറിച്ചു പൊതുസമൂഹം നില നിര്‍ത്തിവരുന്ന ആശയങ്ങള്‍ക്ക് വശംവദയായ ഒരാള്‍ക്ക്‌ അത് തികച്ചും അന്യമായിരിക്കും. സ്വതസിദ്ധമായ സ്വാതന്ത്ര്യബോധം കവിയെന്ന രീതിയില്‍ പേരെടുത്തു വരുന്ന അഷിതയ്ക്ക് സഹായകരമായിട്ടുണ്ടെന്നു വേണം കരുതാന്‍. പെരുകി വരുന്ന തര്‍ജിമകളുടെ ഭാഷാവൈകല്യങ്ങള്‍ കൊണ്ട് മലയാളസാഹിത്യം വലഞ്ഞിരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ മോഹനസ്വാമി ഒരു ആശ്വാസമാണ് – പ്രമേയം കൊണ്ടും ഭാഷ കൊണ്ടും.

നേരത്തെ സൂചിപ്പിച്ച സര്‍മദ് എന്ന സൂഫിവര്യന്റെ ശവകുടീരത്തില്‍ നിന്ന് ഏറെ അകലെയല്ല നമ്മുടെ സുപ്രീം കോടതിയുടെ സ്ഥാനം. സര്മദിന്റെ പ്രണയത്തെ അംഗീകരിച്ച ഒരു സംസ്കൃതി നമുക്കുണ്ടായിരുന്നു. അതിനടുത്തിരുന്നു കൊണ്ടാണ് ‘പ്രകൃതിവിരുദ്ധ’ലൈംഗികതയെ കുറിച്ചു കോടതികള്‍ ഇപ്പോഴും തല പുകച്ചു കൊണ്ടിരിക്കുന്നത്. മറ്റെല്ലാ ഭിന്ന ലൈംഗികപ്രകാശനങ്ങള്‍ പോലെയും സ്വവര്‍ഗ ലൈംഗികതയും നമ്മുടെ സംസ്കാരം അംഗീകരിക്കേണ്ടതാണ്. അതിനുള്ള മാനസികവും ബൌദ്ധികവുമായ വലിപ്പം നമ്മള്‍ നേടേണ്ടിയിരിക്കുന്നു. മോഹനസ്വാമി എന്ന ഈ പുസ്തകം അതിലേക്കുള്ള ഒരു വഴിയാണ്.

മോഹനസ്വാമി – വസുധേന്ദ്ര

വിവര്‍ത്തനം: ആഷ് അഷിത / ഡീസീ ബുക്സ്.

 

 

 

Comments

comments