1847-ലെ വസന്തകാലത്താണ് കമ്യൂണിസ്റ്റ് ലീഗെന്ന ഒരു രഹസ്യപ്രചാരണ സംഘത്തിൽ മാർക്‌സും എംഗൽസും അംഗങ്ങളായി ചേർന്നത്. ലീഗിന്റെ രണ്ടാം കോൺഗ്രസ് ലണ്ടനിൽ ചേർന്നപ്പോൾ അവരതിൽ പ്രമുഖ പങ്ക് വഹിച്ചു. ആ കോൺഗ്രസിന്റെ നിർദേശമനുസരിച്ചാണ് അവരിരുവരും ചേർന്ന് സുപ്രസിദ്ധമായ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കുന്നത്. 1948 ഫെബ്രുവരിയിൽ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ മനീഷികൾ സ്ഫുടതയോടെ ഉജ്ജ്വലമാർന്ന രീതിയിൽ ഈ കൃതിയിലൂടെ മുന്നോട്ടുവെച്ചത് പുതിയൊരു പ്രപഞ്ചവീക്ഷണമാണ്.

കമ്യൂണിസ്റ്റ് മാനിഫേസ്റ്റോവിന്റെ തുടക്കം സുപ്രസിദ്ധമായ ഒരു വാചകത്തിലാണ് ആരംഭിക്കുന്നത്. ‘ഒരു ഭൂതം യൂറോപ്പിനെ ബാധിച്ചിരിക്കുന്നു-കമ്യൂണിസ്റ്റ് ഭൂതം’. ഈ വാചകത്തിലെ ഭൂതമെന്ന പ്രയോഗത്തെ ചൊല്ലി തന്നെ നിരവധിയായ ചർച്ചകൾkarlmarx-swat-c-1 ലോകത്ത് നടന്നു. ഭൂതത്തെ അംഗീകരിക്കാൻ സമൂഹം തയ്യാറാവുമോ എന്ന സംശയം ഉയർന്നുവന്നപ്പോൾ മാനിഫെസ്റ്റോ തന്നെ അതിനുള്ള ഉത്തരവും നൽകുന്നുണ്ട്. ‘ഇതുവരെ എഴുതപ്പെട്ട സമൂഹത്തിന്റെ ചരിത്രം വർഗ സമരങ്ങളുടെ ചരിത്രമാണ്’ സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരും അടിച്ചമർത്തുന്നവരും അടിമയും ഉടമയും പ്രഭുവും കുടിയാനും തുടങ്ങി വിവിധ വർഗങ്ങളുണ്ട്. അവരുടെ സംഘർഷങ്ങളായിരുന്നു അന്നന്നത്തെ സമൂഹ വ്യവസ്ഥയെ മാറ്റി പുതിയ വ്യവസ്ഥയുടെ ആവിർഭാവത്തിന് വഴി തെളിച്ചത്. സമൂഹത്തിൽ മനുഷ്യർ സംഘടിക്കുന്നത് തീർത്തും സങ്കീർണമായ ക്രമങ്ങളിലാണ്. സാമൂഹ്യ വ്യവസ്ഥയിൽ നിലവിലിരിക്കുന്ന മർദ്ദകരൂപങ്ങൾ ശക്തിപ്പെടുമ്പോൾ വൈരുദ്ധ്യങ്ങൾ വർധിക്കും അപ്പോൾ പല തട്ടുകളിലായി ജീവിക്കുന്നവർ സംഘടിക്കാൻ നിർബന്ധിതരാവും. ചിലർ അടിച്ചമർത്തപ്പെടുന്നവരുടെ കൂടെയും ചിലർ അടിച്ചമർത്തുന്നവരുടെയും കൂടെയും ചേരും. അത്തരത്തിൽ സംഭവിക്കുമ്പോളാണ് വ്യവസ്ഥയുടെ നിലനിൽപ്പിനെ തന്നെ നിർണയിക്കുന്ന അടിസ്ഥാന വർഗവൈരുദ്ധ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. സമൂഹമേതായാലും നിരവധി വർഗവൈരുദ്ധ്യങ്ങൾ ഉണ്ടെങ്കിലും അടിസ്ഥാന വൈരുദ്ധ്യം ഒന്നുതന്നെയായിരിക്കുമെന്ന് മാനിഫെസ്റ്റോ പറയുന്നു.

മുതലാളിത്തത്തിനെതിരായ പോരാട്ടത്തെ ജനക്കൂട്ടങ്ങളുടെ രാഷ്ട്രീയമായി കാണുന്ന ചിലരുണ്ട്. തൊഴിലാളികളും വൈവിധ്യമാർന്നതും വ്യത്യസ്തമായതുമായ നിപാടുകളും സ്വഭാവസവിശേഷതകളുമുള്ളവരാണ്. ഇവരെ സ്വന്തം ലാഭം കുന്നുകൂട്ടുന്നതിന് വേണ്ടി മുതലാളി വർഗം സംഘടിപ്പിക്കുന്നുണ്ട്. മാത്രമല്ല അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ജീവിതരീതികളും വിദ്യാഭ്യാസവും സംസ്‌കാരവുമെല്ലാം മുതലാളിത്ത ശക്തികളുടെengels2swt മുൻകൈയിൽ അവർക്ക് നൽകുന്നു. എന്നാൽ, അവരെ സ്വതന്ത്രരാക്കുന്നുമില്ല.  തൊഴിലാളികൾ ആ അവസ്ഥയിൽ നിന്നും മുന്നോട്ടുപോയി, തങ്ങൾ എത്തപ്പെട്ടിരിക്കുന്ന വൈവിധ്യത്തെ കുറിച്ച് ആഴത്തിൽ മനസിലാക്കി, രാഷ്ട്രീയ ഇച്ഛാശക്തിയോടെ മുതലാളിത്തത്തെ വെല്ലുവിളിക്കാനും അതുമായി സംഘർഷത്തിലേർപ്പെടാനും തയ്യാറാവുന്നു. മാനിഫെസ്റ്റോ പറയുന്ന മറയോടെയുള്ള ആഭ്യന്തരയുദ്ധമാണത്. അത്തരത്തിലുള്ളൊരു വർഗമായി മാറുമ്പോഴാണ് വിപ്ലവത്തിനുള്ള സാഹചര്യമൊരുങ്ങുന്നത്. ജനക്കൂട്ടരാഷ്ട്രീയത്തിന് ബഹുജനസമരങ്ങളെ സൃഷ്ടിക്കാൻ സാധിക്കുമായിരിക്കും എന്നാൽ, മുതലാളിത്ത ഭരണകൂടത്തെ തകർത്ത് പുതിയ സമൂഹവ്യവസ്ഥയ്ക്ക് തുടക്കം കുറിക്കുന്ന വിപ്ലവപ്രസ്ഥാനമാകാൻ അതിന് സാധിക്കില്ല. തൊഴിലാളിവർഗ പ്രസ്ഥാനത്തെ പിറകോട്ടടിപ്പിക്കുന്ന ആശയ സംഹിതകളല്ല മുന്നോട്ടുപോകാനുതകുന്ന പുതിയ വീഥികളാണ് നമുക്കിന്നാവശ്യം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നമുക്കാ കുതിപ്പിൽ ദിശാബോധം പകർന്നുനൽകുന്നു. ‘കമ്യൂണിസ്റ്റ് വിപ്ലവത്തെ ഓർത്ത് ഭരണാധികാരിവർഗങ്ങൾ കിടിലം കൊള്ളട്ടെ. തൊഴിലാളികൾക്കു സ്വന്തം ചങ്ങലക്കെട്ടുകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ല. അവർക്ക് നേടാനോ ഒരു ലോകമുണ്ടുതാനും. സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ !’ എന്നാഹ്വാനം ചെയ്തുകൊണ്ടാണ് മാനിഫെസ്റ്റോ അവസാനിക്കുന്നത്.marxandengels-1c

സാമൂഹ്യപരിവർത്തനത്തിന്റെ ദർശനവും അർത്ഥശാസ്ത്രവുമെല്ലാം ഉൾചേർത്തുകൊണ്ടാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിന്റെ രചന. ആവേശകരമായ ഉൽബോധനമാണ് മുതലാളിത്തത്തിനെതിരെ ആധുനിക തൊഴിലാളി വർഗത്തോട് മാർക്‌സും എംഗൽസും എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിലൂടെ നടത്തുന്നത്.

മാർക്‌സിസം ദർശനമായ വൈരുദ്ധ്യാത്മക ഭൗതികവാദത്തെയും ചരിത്രപരമായ ഭൗതികവാദത്തെയും രൂപപ്പെടുത്തുകയും 150 വർഷങ്ങൾക്ക് മുൻപ് ചൂഷണത്തിന്റെ അടിസ്ഥാനം ശാസ്ത്രീയമായി വെളിപ്പെടുത്തുകയും ചെയ്തു. അതുവഴി മാർക്‌സിസം ഒരു ശാസ്ത്രമായി മാറുകയായിരുന്നു. മൂലധനം എന്ന ബൃഹത്തായ പുസ്തകത്തിന്റെ ഒന്നാം വാള്യം മാർക്‌സ് ജീവിച്ചിരിക്കുമ്പോൾ തന്നെ മനോഹരമായ ഭാഷയിൽ പ്രസിദ്ധീകരിച്ചു. 1867-ലായിരുന്നു അത്. 1883 മാർച്ചിൽ മാർക്‌സ് അന്തരിച്ചു. മാർക്‌സിന്റെ മരണാനന്തരമാണ് മാർക്‌സ് എഴുതിയ രണ്ടും മൂന്നും വാള്യങ്ങൾ എംഗൽസ് തയ്യാറാക്കി പ്രസിദ്ധീകരിച്ചത്. 1885-ലും 1894-ലും. മാർക്‌സിന്റെ പ്രപഞ്ച വീക്ഷണമായ വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന ദർശനത്തെ ചരിത്രത്തിലേക്കും സാമൂഹിക വികാസഘട്ടങ്ങളിലേക്കും വിന്യസിച്ചപ്പോൾ ഉരുത്തിരിഞ്ഞുവന്ന ചരിത്രപരമായ ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തിയിട്ടാണ് മാർക്‌സ് മൂലധനത്തിന്റെ രചന നടത്തിയിട്ടുള്ളത്.

മാർക്‌സ് മൂലധനത്തിന്റെ മുഖവുരയിൽ ഇങ്ങനെ എഴുതുന്നു : ‘ആധുനിക ബൂർഷാ സമൂഹത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന സാമ്പത്തിക നിയമം പുറത്തുകൊണ്ടുവരികയെന്നതാണ് ഈ ഗ്രന്ഥത്തിന്റെ അന്തിമ ലക്ഷ്യം.’ ചരിത്രപരമായി രൂപംകൊണ്ട ഒരു സമൂഹത്തിൽ മിച്ചമൂല്യം എങ്ങിനെ ഉൽപ്പാദിപ്പിക്കപ്പെടുന്നു എന്നും അത് സ്വകാര്യ ഉൽപ്പാദനോപാദികൾ കൈവശമുള്ള മുതലാളിത്ത സമൂഹത്തിൽ തൊഴിലാളി വർഗത്തിന്റെ, അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അധ്വാനം എങ്ങിനെ കവർന്നെടുക്കുന്നു എന്ന് മാർക്‌സ് വ്യക്തമായും ശാസ്ത്രീയമായും തെളിയിച്ചു. മുതലാളിത്ത ഉൽപ്പാദന ബന്ധമാണ് വർഗവിഭജിത സമൂഹത്തിലെ കൊടിയ ചൂഷണത്തിന്റെ അവസാനത്തെ വ്യവസ്ഥ. അധ്വാനശേഷിയുള്ള മനുഷ്യർ ഒരു ഭാഗത്തും ഉൽപ്പാദനോപാധികളുടെ ഉടമസ്ഥതയുള്ള മുതലാളിമാർ വേറൊരുഭാഗത്തും നിൽക്കുമ്പോൾ മുതലാളിക്ക് ഉൽപ്പാദനം നടത്താൻ സാധിക്കണമെങ്കിൽ ഉൽപ്പാദന ശക്തികളായ തൊഴിലാളി വർഗവുമായി കരാർ ഉണ്ടാക്കിയേ പറ്റു. സ്വന്തമായി ഉൽപ്പാദനോപാധികളില്ലാത്ത തൊഴിലാളി വർഗത്തിന് മുതലാളിത്ത ഉൽപ്പാദനോപാദിയുടെ മേലെ അധ്വാനിച്ചേ മതിയാവൂ. ഈ പശ്ചാത്തലത്തിലാണ് ചരിത്രത്തിൽ പുതിയ ഉൽപ്പാദക ബന്ധം രൂപപ്പെടുന്നത്. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ബന്ധം.

മാർക്‌സ് പറയുന്നു : ‘സാമൂഹ്യ ഉൽപ്പാദനത്തിന്റെ വളർന്നുവരുന്ന ചരിത്രപരമായ വ്യവസ്ഥകളെ സംബന്ധിച്ച ശാസ്ത്രമാണ് അർത്ഥശാസ്ത്രം. അതുകൊണ്ടുതന്നെ അർത്ഥശാസ്ത്രം ഒരു സാമൂഹ്യശാസ്ത്രം കൂടിയാണ് ‘. മർക്‌സ് മൂലധനത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഇന്നും പ്രസക്തമാവുന്നത് അതുകൊണ്ടുതന്നെയാണ്. കൂലിവേല സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ള സാർവ്വത്രിക ചരക്കുൽപ്പാദന വ്യവസ്ഥയാണല്ലൊ മുതലാളിത്തം. മുതലാളി പണം നൽകി മനുഷ്യന്റെ അധ്വാനശേഷി, അസംസ്‌കൃതവസ്തുക്കൾ, യന്ത്രസാമഗ്രികൾ എന്നീ ചരക്കുകൾ വാങ്ങി ഉൽപ്പാദനം സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. അവർ പുതിയ ചരക്കുകൾ നിർമിക്കുകയും അവ വിറ്റ് കൂടുതൽ പണമുണ്ടാക്കുകയും ചെയ്യുന്നു. മുതലാളിത്തത്തിൽ അനുസ്യൂതം നടക്കുന്ന പ്രക്രിയയാണ് ഇത്. ചരക്കുൽപ്പാദനത്തിന് ആദ്യം മുടക്കുന്ന പണത്തേക്കാൾ കൂടുതൽ പണം ചരക്ക് വിറ്റഴിക്കുമ്പോൾ മുതലാളിക്ക് ലഭിക്കുന്നുണ്ട്. ആ അധികപണമാണ് ലാഭം. അതിനാൽ തന്നെ മുതലാളിത്തം ലാഭാധിഷ്ഠിതമാണ്.

വിനിമയം ഉൽപ്പാദനം എന്നിങ്ങനെ രണ്ടുതരം പ്രവർത്തനങ്ങളാണ് മുതലാളിത്തം നടത്തുന്നത്. ഒരു ചരക്കിനെ സംബന്ധിച്ച് ഉപയോഗ മൂല്യവും വിനിമയ മൂല്യവുമുണ്ട്. ഒരു വിൽപ്പനക്കാരനെ സംബന്ധിച്ച് വിനിമയ മൂല്യത്തിലാണ് താൽപ്പര്യമുണ്ടാവുക. വിനിമയ വിധേയമാകുന്ന ഉപയോഗവും ഭൗതിക ഗുണങ്ങളും ഉള്ള ലക്ഷോപലക്ഷം ചരക്കുകൾക്കുള്ള ഏക പൊതുരാശി അവയെല്ലാം മനുഷ്യാധ്വാനത്താൽ നിർമിക്കപ്പെടുന്നു എന്നതാണ്. ഒരു ചരക്ക് ഉണ്ടാക്കുമ്പോൾ അതിനാവശ്യമായ പ്രത്യക്ഷ അധ്വാനവും പൂർവാർജ്ജിത അധ്വാനവും ആവശ്യമായ അധ്വാനസമയവും തിട്ടപ്പെടുത്തിയാണ് ചരക്കിന്റെ മൂല്യത്തെ നിർണയിക്കുന്നത്. സമൂഹത്തിൽ അതാത് കാലത്ത് നിലവിലുള്ള ശരാശരി സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ ശരാശരി സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളിക്ക് വേണ്ടിവരുന്ന അധ്വാനസമയമാണ് മൂല്യത്തെ നിർണയിക്കുന്നതെന്ന് അധ്വാനമൂല്യസിദ്ധാന്തത്തിലൂടെ മാർക്‌സ് പറയുന്നുണ്ട്.

അധ്വാനശേഷിയുടെ മൂല്യത്തെയും മൂലധനത്തിൽ നിർണയിക്കുന്നുണ്ട്. അധ്വാനശേഷി നിലനിർത്തുന്നതിനും പുനസംഘടിപ്പിക്കുന്നതിനും ആവശ്യമായ അധ്വാനസമയമാണ് അധ്വാനശേഷിയുടെ മൂല്യം. ഉപഭോഗ ചരക്കുകൾ സംബന്ധിച്ചാണ് മാർക്‌സ് ഈ നിർണയം നടത്തിയത്. ഈ ചരക്കുകൾ വാങ്ങുന്നതിന് വേണ്ട ചിലവാണ് കൂലി. വിലപേശൽ കഴിവ് അനുസരിച്ച്, കാലദേശാനുസൃതമായി കൂലിയിൽ വ്യത്യാസം വരാം. എന്നാൽ, ഒരിക്കലും മുതലാളിത്തം തൊഴിലാളിക്ക് അർഹതപ്പെട്ട കൂലി നൽകുന്നില്ല. പ്രത്യക്ഷത്തിൽ കൂലി നൽകുന്നുണ്ടെങ്കിലും അത് അധ്വാനത്തിനനുസരിച്ച കൂലിയല്ല. ലാഭത്തിന്റെ ഉറവിടം വിനിമയത്തിലല്ല ഉൽപ്പാദനത്തിലാണെന്ന് മൂലധനം പറയുന്നത് ഇത്തരം കാര്യങ്ങളാലാണ്. ചരക്കിന്റെ ഉൽപ്പാദനത്തിന് അധ്വാനശേഷിയുടെ കൂടെ യന്ത്രങ്ങളും അസംസ്‌കൃതവസ്തുക്കളും ആവശ്യമാണ്. ഇതിൽ അധ്വാനശേഷിയ്ക്ക് ചരക്കിന്റെ മൂല്യത്തേക്കാൾ മൂല്യം നൽകേണ്ടതുണ്ട്. കാരണം മനുഷ്യന് അതിനേക്കാൾ എത്രയോ മടങ്ങ് ഉൽപ്പാദിപ്പിക്കാനുള്ള കഴിവുണ്ട് എന്നതാണ്. എന്നാൽ, മനുഷ്യന് നൽകുന്ന കൂലി ഉപജീവനത്തിന് മാത്രമേ തികയുകയുള്ളു. പലപ്പോഴും തികയുകയുമില്ല. വില വർധനവുണ്ടാകുമ്പോൾ കൂലിയിൽ അതിനനുസരിച്ചുള്ള വർധനവ് ഉണ്ടാവുന്നില്ല എന്നതും വസ്തുതയാണ്.

അധ്വാനശേഷിയുടെ ഫലമായി ഉണ്ടാവുന്ന മൂല്യത്തിൽ നിന്ന് അധ്വാനശേഷിയുടെ മൂല്യം കുറക്കുമ്പോഴാണ് മിച്ചമൂല്യം ഉണ്ടാവുന്നത്. മിച്ചമൂല്യം സൃഷ്ടിക്കുന്നതിനും സ്വായത്തമാക്കുന്നതിനും വേണ്ടി മുതലാളി ഉപാധിയാക്കുന്ന എന്തിനേയും അത് പണമായാലും ചരക്കായാലും അതിനെ മൂലധനം എന്ന് വിളിക്കാം. ഈ മൂലധനത്തെ രണ്ടായി തിരിക്കാം. ഒന്ന്, ഉൽപ്പാദനോപാദികളിൽ മുടക്കിയിരിക്കുന്ന മൂലധനം. രണ്ട്, അധ്വാനശേഷി വാങ്ങാനായി വിനിയോഗിച്ച മൂലധനം.

ഉൽപാദനോപാദികളുടെ മൂല്യം അവ ഉപയോഗിച്ച് തീരുന്ന മുറയ്ക്ക് ഉൽപ്പന്നങ്ങളുടെ മൂല്യത്തിൽ മാറ്റമില്ലാതെ പ്രത്യക്ഷപ്പെടുന്നതുകൊണ്ടാണ് അവയെ സ്ഥിരമൂലധനമെന്ന് വിളിക്കുന്നതെന്നും അധ്വാനശേഷിയുടെ മൂല്യവും മിച്ചമൂല്യവും ഉൽപ്പന്നത്തിന്റെsurplus_Value1 മൂല്യത്തിൽ പ്രത്യക്ഷപ്പെടുന്നതിനാൽ കൂലിക്ക് വേണ്ടി മുടക്കുന്ന മൂലധനത്തെ അസ്ഥിരമൂലധനമെന്നും മാർക്‌സ് മൂലധനത്തിലൂടെ വ്യക്തമാക്കി. സ്ഥിരമൂലധനവും അസ്ഥിരമൂലധനവും മിച്ചമൂല്യവും കൂട്ടിയാണ് ഉൽപ്പന്നതിന്റെ മൂല്യം കണക്കാക്കുക. മിച്ചമൂല്യം അസ്ഥിര മൂലധനത്തിന്റെ എത്ര ശതമാനമാണെന്ന് കണക്കാക്കിയാൽ മിച്ചമൂല്യത്തിന്റെ നിരക്ക് മനസിലാക്കാം. മിച്ചമൂല്യം മൊത്തം ശതമാനത്തിന്റെ എത്ര ശതമാനമുണ്ടെന്ന് നോക്കിയാൽ ലാഭനിരക്കും തിട്ടപ്പെടുത്താം. സ്ഥിരമൂലധനവും മിച്ചമൂല്യവും തമ്മിലുള്ള അനുപാതത്തിന്റെ വർധനവ് വിലയിരുത്തിയാൽ ചൂഷണത്തിന്റെ ആഴം മനസിലാക്കാൻ സാധിക്കും.

ഇത്തരത്തിൽ മൂലധനത്തിലൂടെ ചൂഷണം വെളിപ്പെടുത്തുക മാത്രമല്ല മാർക്‌സ് ചെയ്യുന്നത്. മിച്ചമൂല്യ വിതരണ വിശകലനത്തിലൂടെ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് വ്യക്തികളല്ലെന്നും വർഗമാണെന്നും സ്ഥാപിക്കുക കൂടി ചെയ്യുന്നു.Occupy Wall Street

 

ആഗോളവൽക്കരണ കാലഘട്ടത്തിലെ മിച്ചമൂല്യ സമ്പാദനം പഴയകാല ഉൽപ്പാദന വിതരണ ഘടനയിൽ നിന്നും വ്യത്യസ്തമായി അതിഭീമമായ കൊള്ളയിലൂടെയാണ് നടത്തുന്നത്. ഐ ടി മേഖല ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അതിനുദാഹരണമാണ്. ഉദാഹരണത്തിന് ഐ ടി ബിരുദം പാസായിട്ടുള്ള ഒരു വ്യക്തി ക്യാമ്പസ് സെലക്ഷനിലൂടെ ഐടി മുതലാളിയുടെ കീഴിൽ ജോലി ചെയ്യുന്നു. ആ വ്യക്തിക്ക് 60,000 രൂപയാണ് ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. ആ ഐ ടി തൊഴിലാളിയെ കേരളത്തിലെ ഐടി കമ്പനി, അവരുടെ പ്രവർത്തനങ്ങളുമായി ലിങ്കുള്ള അമേരിക്കയിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലിക്കായി നിയോഗിക്കുന്നു. അവിടെ മൂന്ന് ലക്ഷം രൂപയാണ് ഈ തൊഴിലാളിക്ക് ശമ്പളമായി നൽകുന്നത്. ഒരു വർഷത്തേക്കുള്ള മൾട്ടിനാഷണൽ കമ്പനിയുമായി ബന്ധപ്പെട്ട ജോലി പൂർത്തിയായപ്പോൾ, ആ കമ്പനിയുടെ അധികൃതർ ആ തൊഴിലാളിയെ അവരുടെ കമ്പനിയിൽ തന്നെ നിശ്ചയിക്കാമെന്ന് വാഗ്ദാനം നൽകി. ശമ്പളം പതിനഞ്ച് ലക്ഷം രൂപ. അറുപതിനായിരം മുതൽ മൂന്ന് ലക്ഷം വരെയും മൂന്ന് ലക്ഷം മുതൽ പതിനഞ്ച് ലക്ഷം വരെയുമുള്ള ആപേക്ഷിക വ്യത്യാസത്തിൽ ഒരുKSITESE1 തൊഴിലാളിക്ക് മാസവേതനം ലഭിക്കുകയാണ്. ഇത് വ്യക്തമാക്കുന്നത് ഏറ്റവും ചുരുങ്ങിയത് മുപ്പത് ലക്ഷം രൂപയുടെ മൂല്യം ഉൽപ്പാദിപ്പിക്കാൻ ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന ആ തൊഴിലാളിക്ക് അവിടുത്തെ ഉൽപ്പാദനോപാദിയിലൂടെ സാധിക്കുന്നു എന്നതാണ്. ഒരു മാസം ഏറ്റവും ചുരുങ്ങിയത് 15  ലക്ഷം രൂപയുടെ മിച്ചമൂല്യമെങ്കിലും ഒരു തൊഴിലാളിയിലൂടെ സ്വരൂപിക്കാൻ കോർപ്പറേറ്റ് മുതലാളിത്തത്തിന് സാധിക്കുന്നു എന്ന യാഥാർത്ഥ്യം നമുക്ക് തിരിച്ചറിയാനാകുന്നില്ല. എന്നാൽ, ഐ ടി മേഖലയിലെ മൾട്ടി നാഷണൽ കമ്പനി ഓരോ വർഷവും ലക്ഷക്കണക്കിന് കോടി രൂപയുടെ ലാഭം നേടുന്നു എന്ന പൊതുകണക്കാണ് സമൂഹത്തിന് മുന്നിൽ പ്രകാശിതമാവുന്നത്. അതായത്, പഴയകാല തൊഴിലാളി, മുതലാളി ഉൽപ്പാദക ബന്ധത്തിന്റെ ഭാഗമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന മിച്ചമൂല്യത്തിന്റെ പതിൻമടങ്ങ് മിച്ചമൂല്യം ഉൽപ്പാദിപ്പിക്കാൻ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വ്യാപനത്തോടെയും സഹായത്തോടെയും ഇന്ന് മുതലാളിത്തത്തിന് സാധിക്കുന്നു എന്നുള്ളത് ഗൗരവപൂർവ്വം ചർച്ച ചെയ്യപ്പെടേണ്ടുന്ന വിഷയം തന്നെയാണ്. ഐ ടി മേഖലയിലുള്ള ഒരു തൊഴിലാളിക്ക് വലിയ തുകയുള്ള ശമ്പളം ലഭിക്കുന്നു എന്നുള്ളതിനേക്കാളുപരി നാളിതുവരെയില്ലാത്ത ചൂഷണം കൂടി അതിൽ ഉൾചേർന്നിരിക്കുന്നു എന്നതുകൂടി ആധുനിക ശാസ്ത്ര സാങ്കേതിക മേഖലയിലെ മിച്ചമൂല്യ ഉൽപ്പാദനവുമായി ബന്ധപ്പെട്ട് പഠിക്കേണ്ടിയിരിക്കുന്നു. അനന്ത സാധ്യകളുള്ള മുതലാളിത്ത ചൂഷണത്തിന്റെ ആധുനികവൽക്കരിക്കപ്പെട്ട വർത്തമാനത്തിൽ മാർക്‌സിന്റെ മൂലധനവും മിച്ചമൂല്യ സിദ്ധാന്തവും നിഷേധിക്കപ്പെടാത്ത ശാസ്ത്രമായി ഇന്നും തുടരുകയാണ്.

(ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ്  ലേഖകൻ)

Comments

comments