പുതിയകാല മലയാള സിനിമയുടെ പ്രത്യേകതകളിലൊന്ന്  മലയാളിയുടെ ‘എത്തിനിക്’ ആയ ഗുണഗണങ്ങൾ, പുനർജീവിപ്പിക്കുന്നതിൽ കാണിക്കുന്ന ശ്രദ്ധയാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തമിഴും മലയാളവും മാത്രമല്ല, ബോളിവുഡും 90-കളിൽ DDLJ (ദിൽവാലെ ദുൽഹനിയ ലെ ജായേഗ) സ്ഥാപിച്ചെടുത്ത NRl നൊസ്റ്റാൾജിക്  / സെൻസിബിലിറ്റി സിനിമകളെ മറികടന്നിട്ടുണ്ട് ഇന്ന്. പഞ്ചാബികളുടെ വർണാഭമായ കൊട്ടാര / നൃത്ത / നാടക അരങ്ങിനെ പിന്തള്ളി ബോളിവുഡ് സിനിമddlj1 കൊൽക്കത്തയിലേക്കും ഗുജറാത്തിലേക്കും ഉത്തരാഖണ്ഡിലേക്കും മാറി മാറി സഞ്ചരിക്കുന്നു, അതും വാണിജ്യ സിനിമയുടെ ഫോർമാറ്റിൽ നിന്നു കൊണ്ടു തന്നെ. അത്രയും അനായാസകരമായി ഇങ്ങനെ എത്നിക് സ്വഭാവത്തിലേക്ക്, നാനാത്വത്തിലേക്ക് തിരിച്ചു പോകാൻ കഴിയുന്നു എന്നതാണ്  ഹോളിവുഡിന് ഇനിയും പൂർണമായി കീഴടക്കാൻ പറ്റാത്ത ഭൂഖണ്ഡമായി ഇന്ത്യൻ സിനിമയെ നിലനിർത്തുന്നത്.

പുതു സിനിമകളിലെ തദ്ദേശീയമായ സ്ഥല/കാല/ഭാഷ / ഭക്ഷണ/ വസ്ത്ര കാര്യങ്ങളിലെ പ്രതിപാത്രഭേദ ചിത്രീകരണം കേരളമെങ്ങും ഏതാണ്ടൊരു പോലെ സ്വീകരിക്കപ്പെടുകയും ചെയ്യുന്നു.
അന്നയും റസൂലും ( ഫോർട്ടുകൊച്ചി-വൈപ്പിൻ)
നോർത്ത് 24 കാതം (കൊല്ലം, എറണാകുളം, കൊടുങ്ങല്ലൂർ, കോഴിക്കോട് വരെ വിവിധ സ്ഥലങ്ങൾ)
ഞാൻ സ്റ്റീവ് ലോപ്പസ് (തിരുവനന്തപുരം)mpi-c1
ആമേൻ(ആലപ്പുഴയുടെ മണ്ണിലെ സാങ്കല്പിക ദേശം)
ഫ്രൈഡേ (ആലപ്പുഴ)
മഹേഷിന്റെ പ്രതികാരം (ഇടുക്കി, പ്രകാശ് സിറ്റി)
കമ്മട്ടിപ്പാടം (കൊച്ചി നഗരത്തിലെ പ്രാന്ത ദേശങ്ങൾ)
തൊണ്ടിമുതലും ദൃക്സാക്ഷിയും (ആലപ്പുഴ, ഷേണി, കാസർഗോഡ്)
തുടങ്ങിയവ മണ്ണിൽ ചുവടുറപ്പിച്ച്, സംസാരിച്ച് മലയാളത്തിന്റെ സമീപകാല ചലച്ചിത്ര ദേശത്തെ അടയാളപ്പെടുത്തിയ ചിത്രങ്ങളാണ്.

90-കളുടെ പാതിയോടെ ആഗോള മലയാളികൾക്ക് വേണ്ടിയെന്നോണം ഏകതാനമായ ഗ്ലാമറസ് / ഗ്ലോബലൈസ്ഡ് / സ്റ്റൈലൈസ്ഡ് വ്യക്തിത്വ ഘടകങ്ങളുടെ സിനിമാറ്റിക് ആയ അവതരണങ്ങളിൽ മലയാള സിനിമ അഭിരമിക്കുകയും തുടർന്ന് വിദേശ സിനിമകളുടെ പകർപ്പെടുക്കൽ പരിപാടിയിലേക്ക് കടക്കുകയും ചെയ്യുകയായിരുന്നു. രണ്ടായിരത്തിനു ശേഷമുള്ള തമിഴ് സിനിമ അതിനെ അതിന്റെ തനത് ഗ്രാമീണ ഭൂമികയിലേക്ക് പറിച്ചുനട്ട് ഉറപ്പുള്ള സിനിമകളുണ്ടാക്കുകയും താരഫോർമുലകളെ റദ്ദ് ചെയ്യുകയും മലയാള സിനിമയെ നോക്കി ഞങ്ങളുടെ പ്രചോദനം 80-കളിലെ മലയാള സിനിമയാണെന്ന് തുറന്നു പറയുകയും മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട ‘സ്വത്വപരമായ സത്ത’കളെ കുറിച്ച് ആകുലപ്പെടുകയും ചെയ്തത് ഇപ്പോൾ ഓർക്കുമ്പോൾ രസകരമായി തോന്നുന്നു. ആ മുനയുള്ള  വിമർശനങ്ങളെ  ഇന്ന് നമ്മുടെ സിനിമ മറികടക്കുന്നുണ്ട്. ആ കൂട്ടത്തിൽ ഏറ്റവും ഒടുവിൽ പറന്നെത്തിയ സിനിമയാണ്  ‘പറവ’.

മലയാള സിനിമയിൽ ഏറെ പുതുമയുള്ള പ്രാവു പറത്തൽ മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് പറവയുടെ കഥ. (തമിഴിൽ ‘മാരി’ എന്ന തട്ടുപൊളിപ്പൻ സിനിമ വാണിജ്യക്കൂട്ടുകളോടെ ഇറങ്ങി വിജയിച്ചിട്ടുണ്ട്) മട്ടാഞ്ചേരിയുടെ മണ്ണിൽ, പശ്ചിമകൊച്ചിയുടെ കലർപ്പുസമൂഹത്തിന്റെ നടുവിലേക്കാണ് സംവിധായകൻ സൗബിൻ ഷാഹിർ തന്റെ അരങ്ങേറ്റ സിനിമയുടെ ക്യാമറ കണ്ണുകൾ തുറക്കുന്നത്.

പടിഞ്ഞാറ് കടലും കിഴക്ക് വെളിച്ചതുള്ളികളുടെ പ്രഭോജ്ജ്വലതയോടെ നില്ക്കുന്ന കൊച്ചി നഗരവും. അതിനിടയിൽ കൊച്ചു കൊച്ചുവീടുകളിൽ ഇടുങ്ങിയ ഇടവഴികളിൽ സാധാരണ മനുഷ്യരുടെ ജീവിതം. അധിനിവേശ ശക്തികളുടെ വരവും പോക്കും അവശേഷിപ്പിച്ച ഒട്ടേറെ മത / സാംസ്കാരിക മുദ്രകൾ പേറുന്ന തുറമുഖ നഗരത്തിന്റെ തനതുsoubin1 കാഴ്ചകളുടെ നിശ്ചല / നിയന്ത്രിത ചലനങ്ങളുടെ സ്റ്റോപ് മോഷൻ ചിത്രങ്ങളുടെ മേൽ ചോക്കു കൊണ്ട് എഴുതി കാണിക്കുന്ന ടൈറ്റിലുകളിൽ തന്നെ തന്റെ ചിരപരിചിത ജീവിതത്തിന്റെ ലളിതവും കൗതുകവും സൗബിൻ കാണിക്കുന്നു. പശ്ചാത്തലത്തിൽ ഒരു നാടൻ പാട്ടിന്റെ വായ്ത്താരിയുമുണ്ട്. ചിത്രത്തിലുടനീളം മട്ടാഞ്ചേരിയെ സൗബിൻ നോക്കി കാണുന്നത്  പരദേശിയുടെ വിസ്മയ കാഴ്ചയായിട്ടല്ല. അത്രമേൽ ജീവിച്ച് തഴക്കം വന്ന അനായാസതയോടെ ഈ മണ്ണിലൂടെ, ഇടവഴികളിലൂടെ, വീട്ടകങ്ങളിലുടെ, കെട്ടിടത്തിന്റെ വിളുമ്പുകളിലൂടെ, മേൽക്കൂരകളിലൂടെ, ആകാശങ്ങളിലൂടെയാണ് സൗബിന്റെ മനക്കണ്ണായി ലിറ്റിൽ സ്വയംപ് എന്ന ഛായാഗ്രാഹകൻ സഞ്ചരിക്കുന്നത്. മനസ്സു തുറന്ന അഭിനന്ദനമർഹിക്കുന്നുണ്ട് ഈ കാഴ്ചകൾ.

ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിന് ഇണങ്ങുന്ന, മനുഷ്യർ പാർത്ത ജൈവികമായ ഇടങ്ങൾ, മൃഗങ്ങൾ എന്നു വേണ്ട കൃത്രിമത്വം തോന്നാത്ത പശ്ചാത്തല പ്രകൃതിയൊരുക്കുന്നതിൽ കലാസംവിധായകൻ അജയൻ ചാലിശ്ശേരിയുടെ മിടുക്കും സൂക്ഷ്മതയും വ്യക്തം. അഭിനന്ദനങ്ങൾ.

ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒരു കുട്ടിയുടെ ക്ലോസ് അപ്പിൽ നിന്നാണ് ചിത്രത്തിന്റെ കഥയുടെ തുടക്കം. അവനും അവന്റെ കൂട്ടുകാരനും അവർ നടത്തുന്ന ഒരു കുഞ്ഞുമോഷണവും രക്ഷപ്പെടലും. അവരെ പിന്തുടർന്ന് സൗബിൻ നേരെ പ്രേക്ഷകനെ മട്ടാഞ്ചേരിയിലെ ജീവിത്തിന്റെ നടുവിലേക്ക് പൊടുന്നനെ കൂട്ടികൊണ്ടു പോകുന്നു. സിനിമയിൽ ഉടനീളം സ്ഥലത്തെ അടയാളപ്പെടുത്താൻ വേണ്ടി മാത്രമായ വൈഡ് ഷോട്ടുകളില്ല. ചെറിയ ചെറിയ ദൃശ്യങ്ങളിലൂടെ സ്ഥലത്തെ അതിന്റെ ഇടുക്കത്തെ കാണിക്കുന്നു. മനുഷ്യർ കടന്നു വരാത്ത ഫ്രെയിമുകൾ ചിത്രത്തിൽ ദുർലഭമാണ്. സാധാരണക്കാരായ മനുഷ്യർ, പൊതു ഇടങ്ങൾ, ക്ലബ് ഒക്കെ ജീവിതത്തിന്റെ അനക്കവും താളവും രേഖപ്പെടുത്തുന്നു. ഒപ്പം മട്ടാഞ്ചേരി ഭാഷയും സംസ്കാരവും മുദ്രിതമായ പലതലമുറയിൽപ്പെട്ട മനുഷ്യരും. ഫ്രെയിമുകളിലെ മനുഷ്യർക്കൊപ്പം  ചേർന്നു നിൽക്കുന്ന തരത്തിൽ സ്വാഭാവികമായ, ഒട്ടുമേ മുഴച്ചു നിൽക്കാത്ത സംഭാഷണങ്ങളും സംസാരരീതിയും ചിത്രത്തെ ജീവിതത്തോട്  അടുപ്പിച്ച് നിർത്തുന്നു. പശ്ചാത്തലസംഗീതവും അതിനു പിന്തുണയായെത്തുന്നു. parava-v3-1

ഇച്ചാപ്പി, ഹസീബ് എന്നീ ബാലൻമാരുടെ പ്രാവുവളർത്തൽ കമ്പം അവർ അതിനോട് ഇടപെടുന്നതിലെ വൈകാരികത, അതിന്റെ സൂക്ഷ്മവിശദാംശങ്ങൾ, പ്രാദേശിക ഭാഷയുടെ ചോരത്തനിമ തീർച്ചയായും ‘പറവ’ എന്ന ചിത്രത്തിന്റെ മാത്രം മുഖമുദ്രയായി അടയാളപ്പെടും. ഈ കുട്ടികളുടെ പ്രകടനത്തിൽ, അവരെ തികച്ചും സ്വാഭാവികമായി അഭിനയിപ്പിക്കുന്നതിൽ കാണിച്ച കൃതഹസ്തതയ്ക്ക് നൂറു മാർക്ക്. നിറത്തിലും രൂപത്തിലും മണ്ണിൽ തൊട്ട കാസ്റ്റിംഗ്.

ഇച്ചാപ്പിയുടേയും ഹസീബിനേറെയും പഠന കാര്യത്തിലുള്ള ഉഴപ്പും സ്കൂൾ തുറക്കുമ്പോഴുള്ള വിജയപരാജയങ്ങളും  കൗമാര പ്രണയവും രതികല്പനകളും തികഞ്ഞ നിയന്ത്രണത്തിലും രസകരമായും സൗബിനിലെ സംവിധായകൻ ആവിഷ്ക്കരിക്കുന്നുണ്ട്. ഈ സീക്വൻസുകൾ ചിരിയും കളിയും നിറയുന്നു. ധ്വനി ഭംഗിയും കാവ്യാത്മകമായൊരു രംഗം, ഇച്ചാപ്പിയുടെ ഓട്ടമത്സരവും വിജയവും റെഡ് റിബൺ തൊടലും അവന്റെ ഇഷ്ട കൂട്ടുകാരിയുടെ പ്രായപൂർത്തിയാവലും കോർത്തിണക്കിയതിലെ ക്ലാസ്, ഗംഭീരം. ദൃശ്യങ്ങൾ വാചാലമായി സംസാരിക്കുന്ന ഏറ്റവും മികച്ച രംഗം. ഈ തലം പ്രതിക്ഷാനിർഭരതയുടേയും കൗമാരത്തിന്റെ സ്വപ്നചിന്തകളുടെ പറക്കലുകളുടേതുമാണ്.

ഇച്ചാപ്പിയുടെ സഹോദരൻ ഷെയിൻ, അവരുടെ കൂട്ടുകാർ, അവർക്കിടയിലെ സൗഹൃദം / സംഘർഷം എന്നിവ മറ്റൊരു തലത്തിലൂടെയാണ് കഥയിൽ പറയുന്നത്. തുറമുഖ നഗരത്തിലെ ചെറുപ്പക്കാരുടെ ഈഗോ, അപകർഷത, ഉത്തരവാദിത്തമില്ലായ്മ, ലഹരിദാഹം അങ്ങനെ എല്ലാം കടന്നു വരുന്ന ഈ ആഖ്യാനതലം ‘ക്ലീഷേയിൽ’ നിന്ന് മുക്തമാക്കാമായിരുന്നു എന്ന് തോന്നി.

വാണിജ്യ സിനിമകൾ കൊട്ടേഷൻകാരായി / സമൂഹ വിരുദ്ധരായി കാണിക്കാറുള്ള ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി യുവതയുടെ നിഴൽ ഈ കഥാപാത്രങ്ങളിൽ  ഉണ്ട്. ഇത് ആരും ആരോപിക്കുന്നതല്ല, ഈ ചിത്രത്തിൽ. അവരിൽ ലീനമായുള്ളത് സന്ദർഭാനുസരണം പ്രകടനസ്വഭാവമാകുന്നു. ഇടയ്ക്കെങ്കിലും രാക്ഷസീയവും ഹിംസാത്മകവുമാവുന്നു. Vulnerable ആയ ഒരു കൂട്ടം ചെറുപ്പക്കാർ, പ്രത്യേകിച്ചും ഷെയിൻ. ആന്തരികമായി ‘അന്നയും റസൂലും’ കാണിച്ചു തന്ന ക്ഷുഭിത യൗവനത്തിന്റെ  എക്സ്റ്റെൻഷൻ ഉണ്ട് ഈ കഥാപാത്രത്തിന്. സ്വാഭാവികമായ അഭിനയത്തിൽ ഈ ചെറുപ്പക്കാർ എല്ലാവരും തിരശ്ശീലയിൽ തങ്ങളുടെ പ്രകടനം നന്നാക്കി, ഒട്ടും മടുപ്പുളവാക്കാതെ തന്നെ.

ഇച്ചാപ്പിയുടെ സഹോദൻ കൂടിയായ ഷെയിൻ സിനിമയുടെ തുടക്കത്തിൽ  വളരെ നിശബ്ദനും വിഷാദവാനുമാണ്. അതിന്റെ പിന്നിലെ ഭൂതകാലം / കഥ ഇച്ചാപ്പിയുടെ തന്നെ ഓർമ്മയിലാണ് അവതരിപ്പിക്കുന്നത്. അതാണ് ചിത്രത്തിന്റെ ആകാംക്ഷ / സസ്പെൻസ്. ഫ്ലാഷ് ബാക്കിലേക്ക് പോകാൻ റിവേഴ്സ് മൂവ്മെന്റ് ഉപയോഗപ്പെടുത്തി തന്റെ ക്രാഫ്റ്റിനെ വെളിപ്പെടുത്തുന്നുണ്ട് സൗബിൻ.

തികച്ചും വ്യത്യസ്ത രൂപത്തിൽ എത്തുന്ന ദുൽഖറിന്റെ ഇമ്രാൻ, ഈ നടന്റെ റേഞ്ച് വ്യക്തമാക്കുന്നുണ്ട്. അഭിനയത്തിലും സംസാരരീതിയിലുമെല്ലാം ദുൽഖർ മറ്റൊരാളാവുന്നു. അതും ബോധപൂർവ്വമായ ശ്രമമാണെന്ന് പ്രേക്ഷകനെ തോന്നിപ്പിക്കാതെ തന്നെ. ഈ സൂക്ഷ്മാഭിനയ മികവ് ദുർഖറിനെ ഉയരങ്ങളിലെത്തിക്കുമെന്നത് തീർച്ച.

ഇമ്രാന്റെ  രൂപഭാവങ്ങളിൽ പ്രകടമായ മുസ്ലിം വ്യക്തിത്വം സംവിധായകൻ കാണിച്ചുതരുന്നു. വളരെ ഉത്സാഹിയായ, കൂട്ടുകാരെ നേർവഴിക്കു നയിക്കുന്ന, ദീനിയായ ചെറുപ്പക്കാരൻ. നമ്മുടെ സിനിമ 90-കളുടെ അവസാനത്തോടെ തുടങ്ങി വച്ച സവർണ്ണ ഹിന്ദുത്വത്തോടുള്ള ചായ്യ്വിൽ ഗുണ്ടയായും, അപരിഷ്കൃതരായും,parava-dulq1 വിദ്യാഭാസമില്ലാത്തവരായും തീവ്രമതബോധത്താൽ അന്ധരായവരായും വരച്ചിട്ട മുസ്ലിം സമുദായത്തിന്റെ പ്രതിപാഠമായി വായിക്കാവുന്ന കഥാപാത്രങ്ങളാണ് ഇമ്രാനും കൂട്ടുകാരും എന്നു വായിക്കാവുന്നതാണ്. പക്ഷേ അത്തരത്തിലുള്ള ആസൂത്രിത പൊലിപ്പിക്കലുകൾ ഈ ചിത്രത്തിൽ ഇല്ല. അതേ സമയം ‘ബീഫ്” ആഹരിക്കുന്ന ദൃശ്യം അതിന്റെ സൂക്ഷ്മ രാഷ്ട്രീയധ്വനികളോടെ ചിത്രത്തിൽ കടന്നു വരുന്നുമുണ്ട്. 30-ഓളം സങ്കര ഭാഷാന്യൂനപക്ഷങ്ങൾ പാർക്കുന്ന പൈതൃക സ്ഥലമാണ് മട്ടാഞ്ചേരി. അത്തരം ആളുകളുടെ അഭാവം ചിത്രത്തിൽ ഉണ്ട്. ചെറിയ സ്ഥല പരിധിയിൽ കഥ നടക്കുന്നു എന്ന ധാരണയോടെ അതു വിട്ടുകളയാം.

പ്രാവു വളർത്തൽ തൊഴിലായി, കടുത്ത മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്ന ഷൈൻ ടോം ചാക്കോയുടെ നേതൃത്വത്തിൽ ഉള്ള ഒരു സംഘവും മയക്കുമരുന്നു ലഹരിയിൽ മുഴുകി ജീവിക്കുന്ന സൗബിനും ശ്രീനാഥ് ഭാസിയുമടങ്ങുന്ന സംഘവും യുവതലമുറയുടെ ഈ ആഖ്യാനതലത്തെ സംഘർഷഭരിതമാക്കുന്നു.

സിദ്ദിഖ്, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി എന്നിവർ പ്രതിനിധീകരിക്കുന്ന വിശ്രമ ജീവിതത്തിലേക്ക് കാലൂന്നിയ ഒരു തലമുറ കൂടിയുണ്ട് ചിത്രത്തിൽ. യുവാക്കളെ മനസ്സിലാകാത്ത, അവരുമായി ആശയവിനിമയം പോലും തകർന്ന ഒരു തലമുറ.

സ്ത്രീ കഥാപാത്രങ്ങളുടെ വ്യക്തിത്വം അടയാളപ്പെടുത്തുന്നതിൽ ഭയാനകമാം വിധം പിന്നോട്ടു പോയി ‘പറവ’ എന്നത് ചിന്തിപ്പിക്കുന്ന ഒന്നാണ്. സ്ക്രീൻ സ്പേസിലും സ്ത്രീകൾക്ക് കിട്ടുന്ന ഇടം കുറവാണ്. ഇച്ചാപ്പിയുടെ നൈമിഷിക പ്രണയിനി, അവളുടെ മുതിർച്ച, അവളുടെ കൗമാര വിവാഹം – ആ അർത്ഥത്തിൽ പെണ്ണിനോടുള്ള സമുദായത്തിന്റെ സമൂഹത്തിന്റെ അടഞ്ഞ/ അടിച്ചമർത്തൽ മനസ്ഥിതി വെളിവാക്കാൻ ശ്രമിക്കുന്നുണ്ട്. ഈ പരിണതികളോട് നിർവികാരയായി ആ പെൺകുട്ടി പ്രതികരിക്കുന്നത് ആ കഥാപാത്രത്തിന്റെ മിഴിവ് ചോർത്തിക്കളഞ്ഞു. ഷെയിൻ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് വരുന്ന പെൺകുട്ടിക്കും ഇതുപോലെ പശ്ചാത്തലത്തിൽ വന്നു പോകുന്നതരം ഒതുക്കൽ/സൈഡ് ലൈൻ നടന്നു. മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്യുന്ന സൃന്ദയുടെ കഥാപാത്രവും തൊഴിൽ ചൂഷണത്തിന് ഇരയാവുകയാണ്. അല്പമെങ്കിലും ഇടം കിട്ടിയത് ഇച്ചാപ്പിയുടേയും ഷെയിനിനേറെയും അമ്മ കഥാപാത്രത്തിനാണ്. സുനിത നന്നായി ചെയ്തു. സ്നേഹവും ശാസനയും ഒക്കെ ശരീരഭാഷയിൽ തന്നെ വ്യക്തമാവുന്ന കഥാപാത്രം.

ചിത്രം ആത്യന്തികമായി ആൺപ്രേക്ഷകരെ ലക്ഷ്യം വച്ചുതന്നെയാണ് എന്നതുകൊണ്ടാണ് ഈ ഒതുക്കൽ എടുത്തു പറയേണ്ടി വരുന്നത്. ഇച്ചാപ്പി മുതൽ ഷെയ്ൻ, ദുൽഖറിന്റെ ഇമ്രാൻ, സിദ്ദിഖിന്റെ മാമ, സൗബിന്റെയും ശ്രീനാഥിന്റെയും ബാഡ് ഗൈസ് ഇവരെല്ലാവരും ഹീറോയിക് ആയി തന്നെ ഈ ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നു. സ്ലോമോഷൻ, ലോ ആംഗിൾ കോംപോസിഷൻ, പ്രണയ/സംഘട്ടന രംഗങ്ങളിലെ നാടകീയതയുടെ മാറ്റുകൂട്ടൽ എന്നിവയിലൂടെ അത് ആവർത്തിച്ചുറപ്പിക്കുന്നു.

എലിമാളങ്ങൾ പോലെയോ കെണിപോലെയോ  ‘ബേർഡ് വ്യൂവിൽ ‘ മട്ടാഞ്ചേരിയുടെ ജനവാസ മേഖല നമുക്കു തോന്നും. അടഞ്ഞ ആ ലോകത്തു നിന്നുള്ള സ്വപ്ന ചിറകടിയായി പ്രാവു വളർത്തൽ എന്ന വിനോദം തോന്നാം.

പറവയിൽ പ്രാവുകളുടെ മുട്ടയിടൽ, പിറവി, വളർച്ച, കൂട്ടുകൂടൽ, ഈണചേരൽ എന്നിങ്ങനെ ജീവിത ഘട്ടങ്ങളുടെ അടുത്തു നിന്നുള്ള വീക്ഷണമുണ്ട്. വിസ്മയകരവും ശ്രമകരവുമായ ഈ ദൃശ്യങ്ങൾ തിരശ്ശീലയിൽ സൃഷ്ടിക്കുന്ന പുതുമയാർന്ന അനുഭവ ലോകം കണ്ടു തന്നെ അറിയണം. ആകാശത്തു വട്ടമിട്ടു പറക്കുന്ന പ്രാവുകളുടെ ദൃഷ്ടിയിലുള്ള ഷോട്ടുകൾ നിരവധിയുണ്ട് ചിത്രത്തിൽ. അടുക്കളയിൽ ഇടവും വലവും കണ്ണുവെട്ടിച്ച് നോക്കുന്ന പ്രാവിന്റെ പോയിന്റ് ഓഫ് വ്യൂ യിൽ  ഇച്ചാപ്പിയുടെ അമ്മയെ കാണിക്കുന്ന ഷോട്ട് കലയുടേയും / സാങ്കേതികതയുടേയും മികച്ച മിശ്രണമായിത്തീരുന്നു. ഈ പറവകളുടെ ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്നതിൽ അണിയറ പ്രവർത്തകർ കാണിച്ച ക്ഷമയ്ക്കും ശ്രമത്തിനും ഹാറ്റ്സ് ഓഫ്.

ആദ്യ ചിത്രം എന്ന നിലയിൽ സൗബിന് സിനിമയുടെ ക്രാഫ്റ്റിലുള്ള അറിവ് / മാധ്യമ ബോധം ഈ ചിത്രം കാണിച്ചുതരുന്നുണ്ട്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലെ സൂക്ഷ്മത, അതിൽ തന്നെ സാമ്പ്രദായിക വാണിജ്യ രീതികളിൽ നിൽക്കാതെ തന്നെ  പുതിവഴികൾ തേടാനുള്ള ആർജവം സൗബിനുണ്ട്. പക്ഷേ എകാഗ്രമായ വിഷ്വൽ നറേറ്റീവ് ഒരുക്കുന്നതിൽ, തിരക്കഥ ഒരുക്കുന്നതിൽ, ഈ ചിത്രത്തിന് സ്വഭാവം നഷ്ടപ്പെടുന്നുണ്ട്. റിയലിസ്റ്റിക് ആയി തുടങ്ങിയ ചിത്രം ഇടയ്ക്ക് സ്റ്റൈലൈസേഷനൊടൊപ്പമാവുന്നു. അവസാന രംഗത്തിന്റെ നാടകീയത വർദ്ധിപ്പിക്കാൻ ഉപയോഗിച്ച മഴയും ഷോട്ട് കോമ്പോസിഷനും ചിത്രത്തെ ക്ലീഷെയിൽ കൊണ്ടെത്തിച്ചു. എത്രയോ സിനിമകളിൽ കണ്ടു മടുത്ത ക്ലൈമാക്സ് രംഗത്തിന്റെ ആവർത്തനമായി അത് മാറുന്നു.

ഈ പശ്ചാത്തലവും മുമ്പ് കണ്ട് ശീലിച്ചതാണ്. പ്രാവു പറത്തൽ മത്സരത്തിന്റെ ആവേശം മുറ്റിയ ഒരു ക്ലൈമാക്സിന്റെ ഉദ്യേഗ്വം പ്രേക്ഷകർ ചിത്രത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. അത്രയ്ക്കും മനസ്സിൽ പതിഞ്ഞുപോകുന്നുണ്ട് മത്സര പ്രാവുകളുടെ രൂപവും പറക്കലും. അതിൽ നിന്ന് ശ്രദ്ധ പതിവ് സംഘട്ടനത്തിലേക്ക് പോയത് ന്യൂനത തന്നെ.

ചലനാത്മകമായ ചെറു ചെറു ഷോട്ടുകളാണ് ചിത്രത്തിലെ വാക്കുകൾ. നല്ല പേസിൽ കഥ പറയാനുള്ള ബോധപൂർവ്വമായ ശ്രമം പല സ്ഥലത്തും വൈകാരികത ചോർത്തി കളയുന്നുണ്ട്. സ്കൂൾ രംഗങ്ങൾ അതിന്റെ സ്വാഭാവിക താളത്തിൽ അനുഭവവേദ്യമാക്കുന്നുണ്ടെങ്കിലും റിയലിസ്റ്റ് ആയ പശ്ചാത്തലത്തിൽ ജീവിക്കുന്ന മനുഷ്യരുടെ ജീവിതക്രമത്തിന്റെ താളത്തിനെ മനപൂർവ്വം ‘മാനിപുലേറ്റ്’ ചെയ്യുന്നതിന്റെ പ്രകടനപരത രസക്കേടുണ്ടാക്കുന്നുണ്ട്. പ്രേക്ഷകന് ലാഗ് അനുഭവപ്പെടുമോ എന്ന ആധി ചിത്രസംയോജകനെ ബോധപൂർവ്വം നയിക്കുന്നത് പോലെ. നിരവധി മേൽ, കീഴ്ക്കോണുകൾ, പല വ്യൂ പോയിന്റുകൾ ഒക്കെ കൂടി സിനിമയുടെ നോട്ട സാധ്യതകൾ പരമാവധി ഉപയോഗിച്ച ചിത്രം കൂടിയാണിത്. omni present ആയ നരേഷന്  സംഭവങ്ങളെ അകലെ നിന്ന് കാണുന്നതിനേക്കാൾ  അടുത്ത് കൂട്ടത്തിൽ ഒരാളായി അനുഭവങ്ങളെ പകർത്തുന്ന സ്വഭാവമാണ്. സൗബിന് ഏറെ പരിചിതമായ ഒരിടവും ജീവിതവുമായതുകൊണ്ടാവാം അത്ര വേഗത്തിൽ അദ്ദേഹത്തിന് കാര്യങ്ങൾ വിനിമയം ചെയ്യപ്പെടും. പക്ഷേ അത്രയും പേസ് പ്രേക്ഷകരെ വേഗത്തിൽ നിർബന്ധിച്ച് ഓടിക്കുമ്പോലെ തന്നെയാണ്. കാര്യങ്ങൾ മനസ്സിലാക്കാനുള്ള സാധാരണാമായ ഒരു മിനിമം വേഗതയുണ്ട്. അതു അനുഭവിക്കാനുള്ള പ്രേക്ഷകന്റെ സാവകാശം നിഷേധിക്കപ്പെടുന്ന പോലെ തോന്നി പലയിടത്തും.കൂടാതെ സമയത്തെ കുറയ്ക്കാൻ ഫാസ്റ്റ് ഫോർവേർഡ്കളും.ചിത്രം നിറയെ പറവകളുടെ ജീവിതക്രമം / മട്ടാഞ്ചേരിയുടെ ജീവിത ചിത്രങ്ങൾ എഡിറ്റർ പ്രവീൺ പ്രഭാകർ ഭംഗിയായി ചേർത്ത് വെച്ചിട്ടുണ്ട്. ഇത് ആകെത്തുകെ ചിത്രത്തിന്റെ ബാഹ്യമായ ഘടനയ്ക്ക് പുതുമയും ഊന്നലുകളും നല്കിയിട്ടുണ്ട്.

കഥ നടക്കുന്ന കാലം സമകാലീനമാണ്. പക്ഷേ മൊബൈൽ ഫോൺ വളരെ പരിമിതപ്പെടുത്തിയിരിക്കുന്നു.

ചിത്രം കഴിഞ്ഞിറങ്ങുമ്പോൾ ചില മുഹൂർത്തങ്ങൾ മനസ്സിൽ മായാതെ കിടക്കുന്നു. അതേ സമയം ഉളളിൽ കൊളുത്തി വലിക്കുന്ന ആഴത്തിലുള്ള സ്പർശമില്ല. ചിന്തയിൽ പുനർചിന്തയ്ക്ക് സാധ്യതയുള്ള രാഷ്ടീയ ബോധ്യങ്ങളുമില്ല. മറിച്ച് ചിത്രീകരണത്തിനു പിന്നിലെ സാങ്കേതികത, കഠിനത എന്നിവ ഓർമ വരികയും ചെയ്യുന്നു. സംവിധായകന്റെ മികച്ച  ക്രാഫ്റ്റിന്, കാഴ്ച്ചയുടെ നല്ല രസാനുഭവത്തിന്, വിനോദത്തിനു, അഭിനന്ദനം നല്കുമ്പോൾ തന്നെ ഉള്ളടക്കത്തിൽ, സ്ത്രീ കഥാപാത്രാവിഷ്കാരത്തിൽ, പറവയ്ക്ക് മേലെയും മലയാളസിനിമയും സൗബിനും പറക്കട്ടെ  എന്ന ചിന്ത പങ്കുവക്കുന്നു.

Comments

comments