വഴി പോവാന്‍ ഉദ്ദേശിച്ചിരുന്നില്ല.
ബോട്ട് ജെട്ടിയില്‍ നിന്ന് ബോട്ട് കയറി
ഫോര്‍ട്ട് കൊച്ചിയിലിറങ്ങാമെന്ന് കരുതിയിരുന്നു
കായലിന്റെ മണമോര്‍ത്ത് ഒാക്കാനിച്ച നേരത്ത്
അവിടേക്ക് തിരിയാതെ കോണ്‍വെന്റ് ജംഗ്ഷനിലെത്തി.
ബിരിയാണിയിലെ രണ്ടാമത്തെ പീസ്
തൊണ്ട വിട്ടിറങ്ങിയപ്പോഴാണ്
ഇവിടിപ്പോള്‍ എന്തിനാണ് വന്നതെന്ന് തികട്ടിയത്.
നഗരത്തിന്റെ ഏത് മൂലയ്ക്കാണവന്‍
മുറിയെടുത്തിരിക്കുന്നതെന്ന് പരതി.
ആദ്യത്തെ അക്ഷരം ഒന്നായതിന്റെ പേരില്‍
കള്ളി മാറിക്കിടന്ന മെസ്സേജുകള്‍ക്കിടയിലൂടെ
നേരം തെറ്റി വന്ന ഉമ്മകള്‍ക്കിടയിലൂടെ
വിരലോട്ടമായി
ഹോട്ടല്‍ സ്റ്റാര്‍ റൂം നമ്പര്‍ ഇരുപത്തേഴെന്ന് കണ്ട്
ഇരുപത്തേഴിനപ്പുറത്ത് കടലായിരിക്കുമോന്ന്
വെറുതെ ഒാര്‍ത്തു.
കൈയും കാലും കൂട്ടിമുട്ടി നല്ല തിരക്കായി
അവിടെ ചെന്ന് കയറുമ്പോള്‍
അവനെയല്ല കാണുന്നതെങ്കില്‍
അവനെന്ന് തോന്നിപ്പിക്കുന്ന മറ്റാരെങ്കിലുമാണെങ്കില്‍
സ്മിര്‍നോഫിന് പകരം കിങ്ഫിഷറാണെങ്കില്‍
കായലിന് പകരം കടലാണെങ്കില്‍
ഇരുപത്തേഴാം നമ്പര്‍ മുറി അവന്റെ വീടാണെങ്കില്‍
വാതില്‍ തുറക്കുന്നത് അവന്റെ ഭാര്യയാണെങ്കില്‍
ഞങ്ങളങ്ങനെ മുറി തുറന്ന് മുറി അടച്ച്
ബോയിങ് ബോയിങ് കളിച്ചെങ്കില്‍
പെങ്ങളാണ്/ഭാര്യയാണ്/ഞാനാണ് എന്നൊക്കെ
അങ്ങോട്ടുമിങ്ങോട്ടും തപ്പിതടഞ്ഞെങ്കില്‍
പുറത്ത് ഇരപ്പിച്ച് നിര്‍ത്തിയ ബസ്സിന്റെ
നാലാമത്തെ സീറ്റിലെ ആ തല എന്റെ അമ്മാവന്റേതാണെങ്കില്‍
ഞാന്‍ നില്ക്കുന്ന ഈ നഗരം എന്റേത് തന്നെയാണെങ്കില്‍
ഇരുപത്തേഴാം നമ്പര്‍ മുറിയിലുള്ളത് ഞാനല്ലെങ്കില്‍
ഉറപ്പിക്കാം
ആ തിരക്കില്‍ പുറത്ത് തട്ടിയിട്ട്
‘അയ്യോ ആളു മാറി പോയി ‘എന്ന് തിരിഞ്ഞ് നടന്നത്
എന്റെ ജീവിതം തന്നെയാണ്.
അതിപ്പോള്‍ ആരുടെ മുതുകത്താണാവോ കയറുന്നത്!


 

Comments

comments