സംബന്ധ തിയറ്ററിന്റെ തൊട്ടപ്പൻ സാമുവൽ ബക്കറ്റിന്റെ ക്രാപ്സ് ലാസ്റ്റ് ടേപ്പ് പ്രൊഫ. വി.സി. ഹാരിസ് മലയാളത്തിലേക്ക് വിവർത്തനം നടത്തിയതിനു
ശേഷമായിരിക്കണം മലയാള സർവ്വകലാശാലയുടെ വിവർത്തന സെമിനാറിൽ വെച്ച് അദ്ദേഹം ഇങ്ങിനെ പ്രഖ്യാപിച്ചു. “വിവർത്തനം സാധ്യമല്ല ” അതിന്റെ കാരണമായി ഹാരിസ് പറഞ്ഞത് “എ വർക് ഈസ് ആൾറഡി ട്രാൻസ്സ്ലേറ്റഡ് ഫ്രം ദ ഓഥർ ” പിന്നെങ്ങിനെ അത് മറ്റൊരാൾക്ക് വിവർത്തനം നിർവ്വഹിക്കാൻ സാധിക്കും?

സാമുവൽ ബക്കറ്റിന്റെ ആത്മാംശം ഉൾച്ചേർന്ന ക്രാപിനെ ഹാരിസ് സത്യത്തിൽ വിവർത്തനം ചെയ്യാൻ ശ്രമിച്ചത് അതിന്റെ രംഗഭാഷ്യത്തിലാണ്. തന്റെ തന്നെ ഉള്ളിലെ അബ്സേർഡിറ്റിയിൽ ഉരുകി കലഹിക്കുന്ന ക്രോപിനെ;
ഏകാംഗാഭിനേതാവായി സ്വജീവിത പരകായ പ്രവേശം നടത്തുന്ന ഭാഷ്യമാണത്. ഈ ഭാഷ്യത്തിലെ രസകരമായ സംഗതി ആസ്വദിക്കുന്നത് വൻ അസംബന്ധ തമാശയാണ്.
ഏകാംഗ നാടകം ആരംഭിച്ച് കുറെ കഴിയുമ്പോൾ നടൻ കാണികൾക്കിടയിൽ ഇറങ്ങിയിരുന്നു രംഗം വീക്ഷിക്കുന്നു! ഈ തമാശയുടെ അബ്സർഡിറ്റിയും അന്യവൽക്കരണവും അജു നാരായണൻ സാക്ഷാത്കരിച്ച ക്രാപും കുറുപ്പും എന്ന
ഹ്രസ്വ ചലചിത്രഭാഷ്യത്തിലുണ്ട്. നാടകം കണ്ടു കൊണ്ടിരിക്കെ സ്വത്വപ്രതിസന്ധിയിൽ അകപ്പെട്ട് കാണികൾക്കിടയിൽ നിന്ന് ഇറങ്ങിപ്പോയ കുറുപ്പ്
ക്രാപായ ഹാരിസിനെ തേടി അയാളുടെ മുറിയിലെത്തുന്നു. ഹാരിസ് തിരക്കഭിനയിച്ച് സ്ഥിരം കൊണ്ടു നടക്കാറുള്ള കോളേജ് പിള്ളേരുടെ ബാഗുമെടുത്ത് പുറത്തിട്ട്
കുറുപ്പിനെ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്നു!
ഹാരിസിനുള്ള ഒരു വലിയ സൗകര്യം കേരളീയമല്ലാത്ത അയാളുടെ മുഖവും ശരീരവുമായിരുന്നു. പനങ്കുല പോലെ ചുരുണ്ട മുടി ഒന്ന് മുകളിലേക്ക് വിടർത്തിയാൽ
ഏത് ക്രാപിനും പിന്നെ കണ്ണാടി വേണ്ട. താടി ഒട്ടൊന്നു വിടർത്തിയാൽ മാർക്സിന്റെ ക്ളോണിങ് എന്ന് കബളിപ്പിക്കാം. ഹയർസെക്കണ്ടറി വിദ്യാർത്ഥി ആയാൽ ഹാരിസിനെ ഇക്കാരണം കൊണ്ട് വേണേൽ പോലീസുകാർക്ക് ഇടിച്ച് സൂപ്പെടുക്കാം. മാഷൻമാർക്കും ടീച്ചർമാർക്കും വെയിലത്ത് നിർത്താം. രണ്ടു മൂന്നു മാസം മുമ്പ് എം.ജി. സർവ്വകലാശാലയുടെ ഭരണ സമിതി ഹാരിസിനെ ലെറ്റേഴ്സിന്റെ
ഡയരക്ടർ സ്ഥാനത്തു നിന്നും പുറത്താക്കി. ഇതറിഞ്ഞ ഞാൻ വിവരം തിരക്കാൻ ഹാരിസിന്റെ പ്രിയ ശിഷ്യനായ അൻവർ അബ്ദുള്ളയെ വിളിച്ചപ്പോ അയാൾ സ്ഥിരം തമാശമട്ടിൽ പറഞ്ഞു. പുറത്താക്കിയ അധികാര ബോർഡിൽ അയാളും അംഗമാണ്. എന്നാൽ ഹാരിസ് ആ വിവരം അറിഞ്ഞത് ഏഷ്യാനെറ്റിൽ നിന്നോ മറ്റോ വിളിച്ചന്വേഷിച്ചപ്പോഴാണത്രെ!
പെട്ടെന്ന് തമാശ തോന്നിയ ഞാൻ ഓർത്തത് ഹാരിസിനെ പുറത്താക്കാൻ കൂടിയ കമ്മറ്റിയിൽ തീരുമാനമെടുക്കുമ്പോൾ ഹാരിസ് എന്തെടുക്കുകയായിരുന്നിരിക്കണം ?എന്നാണ് !
ക്രാപ്പ് രംഗാവതരണത്തിനിടെ സദസ്സിൽ രംഗം വീക്ഷിക്കാൻ ചെന്നിരുന്ന പോലെ തീരുമാനങ്ങൾ കേൾക്കാൻ പോയിരുന്ന സന്ദർഭത്തിലായിരിക്കണം കാര്യങ്ങൾ പെട്ടെന്ന് തീരുമാനിച്ചു കളഞ്ഞത്! പിറ്റെ ദിവസം പതിവുപോലെ ലെറ്റേഴ്സിന്റെ
ഡയരക്ടർ കസേരയിൽ ഇരിക്കുമ്പോൾ ഫ്ളക്സൊക്കെ എഴുതി ഡയരക്ടറെ പുറത്താക്കിയതിനെതിരെ വിദ്യാർത്ഥികൾ സമരം വിളിച്ച് ഡയരക്ടർക്ക് നോട്ടീസ് കൊടുക്കുന്നത് ഞാൻ ഭാവനയിൽ കണ്ടു. ഈ അസംബന്ധ യുക്തി വെച്ച് അടുത്ത
മാസമാദ്യം ഹാരിസ് രാവിലെ ലെറ്റേഴ്സിന്റെ ഡയരക്ടർ സ്ഥാനത്ത് വീണ്ടും വന്നിരുന്നു കൂടായ്കയില്ല! ശമ്പളം വാങ്ങാനും തന്നെ രംഗത്തു നിന്നും പുറത്താക്കിയ ഉത്തരവ് കൈപ്പറ്റാനും സമരം ചെയ്യാൻ സാധ്യതയുള്ള
വിദ്യാർത്ഥികളെ അനുനയിപ്പിക്കാനും അയാൾക്ക് വന്നല്ലെ പറ്റു!

കുട്ടികൾക്കൊപ്പം നാടകം കളിച്ചു നടക്കുന്ന ഹാരിസ് എന്നത് ഒരു കഥാപാത്രസ്ഥാനമല്ല. അപുർവ്വമായി ഫ്ളാഷ് പതിഞ്ഞ ഒറ്റ സ്നാപ്പുകൾ അതിന്റെ ചില സാക്ഷ്യങ്ങളാണ്‌. മാതൃഭൂമിയിലെ പി.കെ. ശ്രീകുമാർ ഒരു ഫോട്ടോ എഫ് ബി യിൽ ഇട്ടിട്ടുണ്ട്. ഹാരിസ് നിലത്തിരിക്കുന്നു. ഡി. വിനയചന്ദ്രൻ രണ്ട് കൈയും വീശി എന്തോ പറഞ്ഞ് പറക്കാനൊരുങ്ങുന്നു. ശിഷ്യർ കസേരകളിൽ ഉൻമത്തരായും. ഹാരിസിന്റെ വലിയ ഒരു വ്യതിരിക്തത അധ്യാപക വിദ്യാർത്ഥി ബന്ധത്തിന്റെ
സാംസ്കാരിക പരിസരത്തെ ഡി -കൺസ്ട്രക്റ്റ് ചെയ്തു എന്നതാണ് എന്ന് ചിലപ്പോൾ തോന്നാറുണ്ട്. പാരമ്പര്യ അധികാര ബന്ധത്തെ പല പുതിയ രൂപത്തിലും കാത്ത്
സൂക്ഷിക്കുന്ന അധ്യാപകരിൽ നിന്നും വ്യത്യസ്തനായിരുന്നു
ഹാരിസ്.മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഹാരിസ് ഒരു മാഷായിരുന്നില്ല. അദ്ദേഹത്തെ ശിഷ്യർ വിളിച്ചിരുന്നത് ഹാരിസ് എന്നായിരുന്നു! അത് വെറുതെ ഭംഗിവാക്ക്
വിളിച്ചതല്ല. മറിച്ച് സമശീർഷരായി അവരെ കാണുകയും സംസാരിക്കുകയും ചെയ്തതു കൊണ്ട് കൂടി സംഭവിച്ചതാണ്.
എന്തുകൊണ്ടായിരിക്കും സർവ്വകലാശാലക്ക് ഇടക്കിടെ ഹാരിസിനോട് കലഹിക്കേണ്ടി വന്നത്? മുമ്പൊരിക്കൽ രണ്ടു വർഷത്തോളം ഹാരിസിന്റെ ശമ്പളം മുടക്കിക്കളഞ്ഞിട്ടുണ്ട് ആ സ്ഥാപനം! പുറത്താക്കാൻ തീരുമാനിച്ചതിന്റെ ഒരു
കാരണം ലറ്റേഴ്സിനു സമീപം പുതുതായി നിർമിക്കുന്ന കെട്ടിടത്തിൽ തിയറ്ററും സിനിമാ പാoശാലയും വേണമെന്നു പറഞ്ഞതിന്നാണത്രെ! മഹത്തായ ആശയങ്ങളുടെ ശവപ്പറമ്പുകളാണ് സർവ്വകലാശാലകൾ എന്ന് കേസരി
ബാലകൃഷ്ണപ്പിള്ള പറഞ്ഞത് ഹാരിസിന് അറിയാത്തതായിരിക്കില്ല! അധികാര സ്ഥാപനങ്ങളുടെ വ്യവസ്ഥക്കും വെള്ളിയാഴ്ചക്കും വഴങ്ങിക്കൊടുത്ത്
മെരുങ്ങിക്കഴിയുമ്പോൾ ഇടക്കിങ്ങനെ ഉള്ളിലൊരാളിരുന്ന് കലഹിക്കുകയും ആ കഥാപാത്രം പ്രശ്നമുണ്ടാക്കി തിരികെ പോവുന്നതുമാണത്! തന്റെ തന്നെ ഉള്ളിൽ സ്വയം വഹിക്കുന്ന ആ അപരസ്വത്വത്തെ പൂർണ്ണമായി ഇല്ലാതാക്കാൻ
സാധിക്കാതെ വരുന്നതോ വ്യവസ്ഥകൾക്കകത്ത് സ്വയമില്ലാതായിപ്പോവുമോ എന്ന സിനിസിസത്തിന്റെ ലാഞ്ജനയോ ഒക്കെയാണത് ! ഹാരിസിന്റെ പരകായ
പ്രവേശങ്ങളിൽ ഒന്ന് അനാർക്കിസമായിരുന്നു.

സമാധാനപൂർണമായ സാമൂഹികജീവിതത്തിനു ഭരണകൂടം എന്നല്ല നിയമങ്ങളോ അവ നടപ്പാക്കാനുള്ള സ്ഥാപനങ്ങളോ പോലും ആവശ്യമില്ല. അതിനു പരസ്പരധാരണ മതിയാകും. ഈ ധാരണ വ്യക്തികൾ തമ്മിലും സംഘങ്ങൾ തമ്മിലും
തനിയേ ഉണ്ടായിക്കൊള്ളും. അരാജകത്വവാദം ഒരു വക “ഉട്ടോപ്യനിസ “മാണ്. മറ്റുള്ളവയെപ്പോലെ അരാജകത്വവാദവും ഭാഗികമായി ഒരു മാനസികാവസ്ഥയാണ്; ഭാഗികമായി ഒരു  നിശ്ചിതസിദ്ധാന്തവും. എല്ലാ വ്യക്തികളിലും അല്പസ്വല്പം
അരാജകത്വപ്രവണത കുടികൊള്ളുന്നു എന്നത് ഒരു സാമൂഹികസത്യമാണ്. അധികാരകേന്ദ്രത്തെ അനുസരിക്കാൻ സാമാന്യേന എല്ലാവരും സന്നദ്ധരാണ്. എന്നാൽ നിബന്ധനകളാൽ നിയന്ത്രിക്കപ്പെടാതിരുന്നെങ്കിൽ താൻ
എന്താകുമായിരുന്നു എന്ന് ജീവിതത്തിലൊരിക്കലെങ്കിലും
ചിന്തിച്ചുപോകാത്തവരായി ആരുമുണ്ടായിരിക്കയില്ല. ഗവൺമെന്റിടപെടലുകളെ പ്രതിഷേധിക്കുന്ന ബിസിനസുകാരനും, മാനേജ്മെന്റിന്റെ നിയമങ്ങളെ
നിഷേധിക്കുന്ന തൊഴിലാളിയും, പാർട്ടിത്തീരുമാനങ്ങൾക്കു മുന്നിൽ നിസ്സഹായനായി നില്ക്കുന്ന സാധാരണ അംഗവും, അധികൃതരുടെ ചട്ടങ്ങൾക്കു വിധേയനാകുന്ന വിദ്യാർഥിയും സ്വതന്ത്രമായും സ്വച്ഛന്ദമായും പ്രവർത്തിക്കുവാൻ യഥാർഥത്തിൽ ആഗ്രഹമുള്ളവരാണ്. എന്നാൽ പ്രത്യക്ഷവും
പരോക്ഷവുമായ അനേകം സാമൂഹിക സ്ഥാപനങ്ങൾ തങ്ങൾക്കുതകുന്ന വിധത്തിൽ വ്യക്തികളെ നിരന്തരം മെരുക്കി പരുവപ്പെടുത്തിയെടുക്കുന്നു.

ഹാരിസിനെ അവസാനം കണ്ടത് എൻ.ഐ.ടി. രാഗം ഫെസ്റ്റിവെലിൽ സംസാരിച്ച് തിരികെയുള്ള യാത്രയിലാണ്. അന്ന് അജുവിനോടും എന്നോടും കാറിൽ വെച്ച് പറഞ്ഞത്
എൻഐടിയിലെ സെക്യൂരിറ്റി സിസ്റ്റത്തെ പറ്റിയായിരുന്നു. ഹാരിസ് പോയ കാർ തടഞ്ഞ് വെച്ച് പെർമിഷൻ എടുത്താലേ അകത്തേക്കു വിടു എന്ന് സെക്യൂരിറ്റി പറഞ്ഞതും വിദ്യാർത്ഥികൾ വന്ന് സോറി പറഞ്ഞ് അകത്തേക്ക് കൊണ്ടു പോയതും പറഞ്ഞു. വേദിയിൽ വെച്ച് സംസാരിച്ചത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിർത്തേണ്ട സ്വാതന്ത്രത്തെ കുറിച്ചായിരുന്നത്രെ. കാവൽക്കാരും
പരിശോധനയും ഒന്നും നല്ല ലക്ഷണമല്ല എന്ന് പ്രസ്താവിച്ചപ്പോൾ എൻ. ഐ.ടി വിദ്യാർത്ഥികൾ കൈയടിച്ചതിനെ പറ്റിയൊക്കെ പറഞ്ഞു. മതിലുകളും സംരക്ഷകരും അധികാര ബന്ധങ്ങളുമൊന്നും ഇല്ലാത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വപ്നം കണ്ട് ഈ ഉട്ടോപ്യയിൽ അകപ്പെട്ട് ഒഴുകുന്നതിനിടയിൽ ഭൗതിക യാഥാർത്ഥ്യങ്ങളുമായി ഇടഞ്ഞ് ശമ്പളമില്ലാതാക്കാൻ മറ്റൊരു ഹാരിസ് ഇനി സർവ്വകലാശാലകളിൽ അധികം പിറക്കാൻ സാധ്യത കുറവ്. ആ അർത്ഥത്തിൽ
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന എതിനിസിറ്റി കൂടിയായിരുന്നു ജീവിച്ചിരുന്ന ഹാരിസിന്റെത്.

ഉത്തരാധുനിക സിദ്ധാന്തങ്ങളുടെ സീരിസ് ഡി.സി.ബുക്സ് മലയാളത്തിൽ ഇറക്കിയപ്പോൾ അതിന്റെ ജനറൽ എഡിറ്റർ ആയിരുന്നു വി.സി. ഹാരിസ്. ദറീദയായിരുന്നു ഹാരിസിന്റെ ഹൈലൈറ്റ്. മാർക്സ് വായനകൾ കോഴിക്കോട്ട് അളകാപുരിയിൽ വെച്ച് പ്രകാശനം ചെയ്തപ്പോൾ ഹാരിസ് ” മാർക്സ് ഇൻ സോഹോ
എന്ന തിയറ്റർ അവതരിപ്പിച്ചു. ഏകാംഗ നാടകമായിരുന്നു അത്. ഒരു വർഷം മുമ്പ് ഈ തിയറ്റർ ചെയ്യാൻ മലയാള സർവകലാശാലയിലേക്ക് ഹാരിസ് വന്നിരുന്നു. പനങ്കുല
പോലെ ഉള്ള മുടി ഒന്നുയർത്തി ഗ്ളാസ് വെക്കുന്നതോടെ ഹാരിസ് മാർക്സ് ആയി പരകായപ്രവേശം ചെയ്യപ്പെട്ടു. സർവകലാശാലയിൽ എത്തുന്നതിനു മുമ്പ്
മാർക്സിന് വേദിയിൽ ഉപയോഗിക്കാൻ ഫോറിൻ ബിയർ വാങ്ങി വെക്കണമെന്ന് ഹാരിസ് ആവശ്യപ്പെട്ടിരുന്നു. കൊള്ളാവുന്ന ബിയർ പബ്ബുകളൊന്നും ഇല്ലാത്ത
തിരൂരിൽ നിന്നും ഇന്ത്യൻ ബിയർ ആയ കല്യാണി മാത്രമെ ഞങ്ങൾക്ക് ലഭിച്ചുള്ളു. ഹാരിസ് രംഗത്തു വെച്ച് മാർക്സിന്റെ പുകപൈപ്പ് കടിച്ചു പിടിച്ച് നാടകീയ മട്ടിൽ ഇങ്ങിനെ ഒരു ഡയലോഗ്.

എന്താ ചെയ്യ? പൈപ്പിലിടാൻ ടുബാക്കോ ഇനി വളരെ കുറച്ചെ ബാക്കിയുള്ളു ! ഉം. അത് ലെനിൻ തരുമായിരിക്കും!
ബിയർ തീരെ നിലവാരമില്ലാത്തത്! ഇതേ ഇപ്പോ കിട്ടാനുള്ളു!”

ഹാരിസ് ഈയിടെ പറഞ്ഞു കൊണ്ടിരുന്ന ഒരു കാര്യം ഇന്ത്യ പ്രി-കൊളോണിയൽ ഹാങ് ഓവറിൽ നിന്നും ഒരു കാലത്തും മുക്തി പ്രാപിക്കില്ല എന്നതു കൂടിയായിരുന്നു.
കുറെ കാലമായി ഹാരിസ് പ്രത്യേകിച്ച് ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല. സെമിനാറുകളിൽ സീരിയസ് ആയി ഒന്നും സംസാരിച്ചു കണ്ടിരുന്നില്ല. ഐ.എഫ് എഫ്
കെ വേദികളിലും സജീവമായിരുന്നില്ല. ഓപ്പൺ ഫോറത്തിന്റെ തുടക്കകാലം മുതൽ അതിന്റെ ചുമതലക്കാരനായിരുന്ന ഹാരിസ് ഇടക്കാലത്ത് അത് നിന്നു പോയതിനു ശേഷം സംവാദങ്ങൾ ഒന്നൊന്നായി പിൻവാങ്ങിക്കൊണ്ടിരുന്ന കാലത്തിന്റെ വരൾച്ചയിൽ
ദു:ഖിതനായിരിക്കും. ആരോഗ്യകരമായ തർക്കങ്ങളും ഡയലോഗും ഡിബേറ്റുകളുമെല്ലാം പിൻവാങ്ങുകയും തൽസ്ഥാനത്ത് രൂപപ്പെടുന്ന പുതിയ വെർച്വൽ സ്പേസിന്റെ
ലോകവും ഹാരിസിനെ മടുപ്പിച്ചിരിക്കും. അവസാന കാലത്ത് ഹാരിസ് ഇടപെട്ട ഒരു മനുഷ്യാവകാശ പ്രശ്നം മതം മാറ്റവുമായി ബന്ധപ്പെട്ട ഹാദിയയുടെ പ്രശ്നമായിരുന്നു. എന്നാൽ ലിബറൽ ഫെമിനിസ്റ്റുകളുടെ കാ പട്യത്തെ
പൂർണ്ണമായും പിന്തുണക്കാൻ ഹാരിസ് തയ്യാറായില്ല. സംഘ് മുസ്ലിങ്ങൾ ഇതിൽ ഇടപ്പെട്ടത് ഹാരിസ് തിരിച്ചറിഞ്ഞത് പിന്നീടായിരിക്കും. അശോകന്റെ മനുഷ്യാവകാശത്തെപ്പറ്റി സണ്ണി കപിക്കാടിനൊപ്പം നിലകൊള്ളുകയാണ് ഹാരിസ്
ചെയ്തത്. ഇനി തനിക്ക് കാര്യമായി ഒന്നും ചെയ്യാൻ പറ്റാത്ത ഒരു കാലം കൂടിയാണിത് എന്ന തോന്നൽ ഹാരിസിനെ കാര്യമായി ബാധിച്ചിട്ടുണ്ടോ എന്ന് കഴിഞ്ഞ ഐ എഫ് എഫ്
കെ ക്ക് എടുത്ത നിലപാട് കണ്ടപ്പോ തോന്നിയിരുന്നു. ദേശീയ ഗാനം നടക്കുമ്പോൾ എഴുന്നേറ്റ് നിന്നില്ല എന്ന് ആരോപിച്ച് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ,തിയറ്ററിൽ ഇരിപ്പ് സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് അജ്ഞാതമായ കാരണത്താൽ അവസാന നിമിഷം പിൻ വാങ്ങിക്കളഞ്ഞു ഹാരിസ് !

സംവാദം സാധ്യമല്ലാത്ത ഒരു കാലത്ത് തനിക്കിനി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല, മധുപാനത്തിന്റെ ആത്മവിനാശകരമായ അഹത്തെ സ്വയം പേറി
ഒഴുകലല്ലാതെ എന്നങ്ങ് പോയ് കളഞ്ഞു ഹാരിസ് !

Comments

comments