രാമായണത്തെപ്പറ്റി ഉള്ള ഒരു പ്രധാനപ്പെട്ട ചോദ്യം ആരുടേതാണ് രാമായണം എന്നതാണ്. എന്തു വകയിലാണ് നിങ്ങൾ ഇതു വായിക്കുന്നത്? എന്തു വകയിലാണ് നിങ്ങൾ ഇത് ആസ്വദിക്കുന്നത്? എന്തു വകയിലാണ് നിങ്ങൾ ഇതു വിലയിരുത്തുന്നത്? സത്യം പറഞ്ഞാൽ ഇത് ഒരു പുതിയ ചോദ്യമാണ്. നൂറ്റാണ്ടുകളായി നമ്മൾ ചോദിക്കാത്ത, ചോദിക്കാൻ പാടില്ലാത്ത ഒരു ചോദ്യമാണ്. കാരണം രാമായണം വലിയ അളവിൽ ഭക്തിഗ്രന്ഥം ആയിരിക്കുന്ന പോലെ, വേറെ അളവിൽ രാഷ്ടീയഗ്രന്ഥം ആയിരിക്കുന്ന പോലെ, സാഹിത്യഗ്രന്ഥം കൂടിയാണ്. അടിസ്ഥാനപരമായി അതൊരു സാഹിത്യകൃതിയാണ്. വാല്മീകി മഹർഷിയുടെ ഭാവനയിൽ നിന്ന് ഉത്ഭൂതമായ ഒന്നാണ്. എന്നു വച്ചാൽ അതിന് വേറെ കണക്കുകൾ ആവശ്യമില്ല.
എനിക്ക് ഓർമ്മ വരുന്നത് ആൻഡമാൻ ദ്വീപിന്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിലെ ദിലാനിപ്പൂർ എന്നൊരുചെറിയ സ്ഥലത്തെ കഥയാണ്. അവിടത്തെ ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠ വാല്മീകിയാണ്. ഒരു പ്രതിഷ്ഠയുടെ മുമ്പിലും ഞാൻ ജീവിതത്തിൽ തൊഴുതിട്ടില്ല. പക്ഷേ അവിടെ ഞാൻ തൊഴുതു; എന്റെ ഗവേഷണത്തിന്റെ ഭാഗമായി ആൻഡമാനിൽ പോയതാണ്. എനിക്ക് വലിയ അഭിമാനം തോന്നി, അവിടുത്തെ ആളുകളെപ്പറ്റി. കാരണം അവതാരപുരുഷൻമാരെന്നു പറഞ്ഞ് ദൈവപുത്രൻമാർ എന്നു പറഞ്ഞു പ്രതിഷ്ഠകളും അമ്പലങ്ങളും ഉണ്ടാക്കുന്ന ഒരു നാട്ടിൽ ഒരു കവിയെ പ്രതിഷ്ഠിച്ച് ഒരു അമ്പലം ഉണ്ടാക്കി.യിരിക്കുന്നു. അത് ചെറിയ കാര്യമല്ല.
ഗാന്ധി ജീവിച്ചിരുന്നപ്പോൾ ആന്ധ്രയിൽ ഒരു ഗാന്ധിക്ഷേത്രം ഉണ്ടാക്കി. വാർത്ത വന്നപ്പോൾ അദ്ദേഹം തന്റെ പത്രത്തിൽ എഴുതി, കാണിച്ചത് അന്യായമാണെന്നും ആ പ്രതിമ അവിടെ നിന്നും നീക്കിക്കളയേണ്ടതാണെന്നും ആ കെട്ടിടം ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യാലയമായി ഉപയോഗിക്കണമെന്നും. അവർ വാസ്തവത്തിൽ ഗാന്ധിഭക്തരായതിനാൽ അവരങ്ങിനെ ചെയ്തു.
തമിഴ് നാട്ടിൽ ഒരു ഗാന്ധി ക്ഷേത്രമുണ്ട്. അവിടത്തെ പ്രധാന പണി രാവിലെയും വൈകിട്ടും ഗാന്ധിപ്രതിമയിൽ പാലഭിഷേകം നടത്തുക എന്നതാണ്. പശുവിൻ പാൽ ഒഴിവാക്കി ആട്ടിൻപാൽ കുടിച്ച ആളാണ് ഗാന്ധി. എന്നിട്ട് ഇപ്പോൾ അദ്ദേഹത്തിന്റെ പ്രതിമയിൽ പശുവിൻ പാല് അഭിഷേകം നടത്തുന്നതിന്റെ ചിത്രങ്ങൾ ഞാൻ ഫെയ്‌സ് ബുക്കിലും മറ്റും കണ്ടിട്ടുണ്ട്.
നമ്മുടെ രാഷ്ടീയത്തിൽ രാമന് വലിയ മേൽവിലാസം ഉണ്ടാക്കിക്കൊടുത്തത് ഗാന്ധിയാണ്. അദ്ദേഹം ‘രാമരാജ്യം’ എന്നൊരു വാക്ക് പറഞ്ഞിരുന്നു. അദ്ദേഹം ‘ഹേ റാം’ എന്ന് ഉച്ചരിച്ച് മരിച്ചു വീണു എന്നൊരു കഥയുണ്ട്. അത് സത്യമല്ല. ഗാന്ധിയെ കൊല്ലാൻ വേണ്ടി ഒരു പ്രധാനപ്പെട്ട ശ്രമം നടന്നത് 1948 ജനുവരി 20-നാണ്. അന്ന് ബോംബെറിഞ്ഞത് പൊട്ടിയില്ല. വീണത് ബോംബാണെന്നും അത് പൊട്ടിയില്ല എന്നും അവിടത്തെ കാര്യങ്ങൾ നോക്കിയിരുന്ന തമിഴനായ ഡി..വൈ.എസ്.പി മനുവിനോട് പറഞ്ഞു. ഒരു ബോംബെറിഞ്ഞു അത് പൊട്ടിയില്ല എന്ന് ഗാന്ധിയോട് പറയണം എന്ന് മനുവിനെ പറഞ്ഞേൽപിച്ചു. അന്നു രാത്രി മനു ഗാന്ധിയോട് സംസാരിക്കുന്നുണ്ട്. അതിന് ഗാന്ധി മറുപടി പറഞ്ഞു: ‘എന്റെ നേരെ ഒരു വെടിയുണ്ട ചീറി വരികയും ഞാൻ വിരിമാറ് കാണിച്ച് ‘ഹേ റാം’ എന്നുച്ചരിച്ച് മരിച്ചു വീഴുകയും ചെയ്താൽ നീ ആളുകളോട് പറയണം, ബാപ്പുവിനെപ്പറ്റി നമ്മൾ പറഞ്ഞ ചിലതെല്ലാം ശരിയാണ്. അല്ല; ശരീരം ജീർണ്ണിച്ച് എതെങ്കിലും പായിലോ കട്ടിലിലോ കിടന്ന് ഞാൻ മരിച്ചു പോയാൽ നീ ആളുകളോട് പറയണം ബാപ്പുവിനെപ്പറ്റി നമ്മൾ പറഞ്ഞിരുന്ന പലതും ശരിയായിരുന്നില്ല എന്ന്.’ ഇതാണ് സംഭവം. ജനുവരി 30-ന് നാഥുറാം ഗോഡ്‌സെ ഗാന്ധിയെ ആദ്യം നമസ്‌കരിച്ചു, പിന്നെ മൂന്ന് വെടിവച്ചു. വെടികൊണ്ട് ഗാന്ധി വീഴുമ്പോൾ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന, തമിഴൻ തന്നെയായ, ഇപ്പോഴും ജീവിച്ചിരിക്കുന്ന, കല്ല്യാണസുന്ദരം തൊട്ടടുത്ത് തന്നെയുണ്ട്. മരിച്ചു വീഴുമ്പോൾ അദ്ദേഹം മിണ്ടിയിട്ടില്ല എന്ന് കല്ല്യാണസുന്ദരം പറയും. സ്റ്റോറി ആണ് പലപ്പോഴും നമ്മൾ ഹിസ്റ്ററിയായി പറയുന്നത് എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം.
അതുപോലെ രാമായണം ഒരു സ്റ്റോറി ആണ്. നമ്മൾ പറയുന്നത് അത് ഹിസ്റ്ററിയാണെന്നാണ്. ഉൽപ്പത്തി പുസ്തകം നിവർത്തിവച്ചിട്ട് അത് ഹിസ്റ്ററിയാണെന്നാണ് സയണിസ്റ്റുകൾ പറയുക, സ്റ്റോറി ആണെന്നല്ല. ക്രിസ്തുവിനെപ്പറ്റിയും മുഹമ്മദിനെപ്പറ്റിയും ധാരാളം സ്റ്റോറികൾ ഉണ്ടാകും, അതെല്ലാം ഹിസ്റ്ററി ആണെന്ന് പറയുകയും ചരിത്രമാണെന്ന് വിശ്വസിക്കുകയും ചെയ്യുക. അത് രാഷ്ടീയമായ ആവശ്യം കൊണ്ട് സംഭവിക്കുന്നതാണ്.
പത്ത് മുപ്പത് വർഷം മുമ്പ് എന്റെ ഗവേഷണത്തിന്റെ ഭാഗമായി ‘മാപ്പിള രാമായണം ‘ എന്ന ഒരു കൃതിയുണ്ട് എന്ന് കണ്ടെത്തിയതിന്റെ ദുരിതം എനിക്ക് ഇപ്പോൾ ഓർമ്മ വരുന്നു. അന്ന് രണ്ട് ചോദ്യമാണ് ഉണ്ടായത്. ഒന്ന് – മാപ്പിളമാർക്ക് എന്തിനാ രാമായണം? രണ്ട് – രാമായണത്തിനെന്തിനാ മാപ്പിളമാർ?
ഇതിൽ ആദ്യത്തെ ചോദ്യം ഇസ്ലാം മതമൗലികവാദികളും രണ്ടാമത്തെ ചോദ്യം ഹിന്ദുമത മൗലിക വാദികളുമാണ് ചോദിക്കുന്നത്.
രാമായണം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രമാണ് എന്നു പറയുന്നത് തീർച്ചയായും മനുഷ്യസമൂഹത്തോടും സംസ്‌ക്കാരത്തോടും കാണിക്കുന്ന വലിയ അന്യായമാണ്. എന്നോട് ചോദിച്ചാൽ ഞാൻ പറയും ‘ഞാനൊരു ഇന്ത്യക്കാരനാണ്; മനുഷ്യനാണ്; രാമായണത്തിൽ എനിക്ക് അവകാശമുണ്ട് ‘ എന്ന്.
ചരിത്രത്തിന്റെ മഹാ പ്രവാഹത്തിലെ ചില തുടിപ്പുകൾ, ചില പച്ചപ്പുകൾ – അതാണ് ബുദ്ധനും ക്രിസ്തുവും മുഹമ്മദും മാർക്‌സും ഒക്കെ. അതിൽ എല്ലാ മനുഷ്യർക്കും അവകാശമുണ്ട്. അങ്ങനെയാണ് നമ്മൊളൊക്കെ ജീവിക്കുന്നത്. ക്രിസ്തു മരിച്ചുപോയി എന്നു പറഞ്ഞാൽ നമുക്ക് ജീവിതമില്ലാതായി എന്ന് കരുതുമ്പോഴാണ് മൂന്നാം പക്കം ഉയർത്തെഴുന്നേറ്റു എന്നൊരു കഥയുണ്ടാകുന്നത്. അത് ചരിത്രമാണ് എന്ന് ചിലർ പറയും; അവർ പറയട്ടെ. ചരിത്രമല്ല, കഥയാണ് എന്ന് ഞാൻ പറയും. രണ്ടിലും തെറ്റില്ല.
രാമായണം എത്രയുണ്ട് എന്ന് പ്രധാനമായും പഠിച്ചത് ഒരു ഇറ്റാലിയൻ പ്രീസ്റ്റ് ആണ്. കാമിൽ ബുൽകെ. അദ്ദേഹം വലിയ ഹിന്ദി പണ്ഡിതനായിരുന്നു. ഹിന്ദിയിലാണ് അദ്ദേഹത്തിന്റെ തീസ്സിസ് വന്നതും. അഭയദേവ് അത് പരിഭാഷപ്പെടുത്തുകയും കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അനേകമനേകം രാമായണങ്ങൾ! അതിൽ എഴുത്തച്ഛനു കിട്ടിയത് കേവലം ഒരു പാരഗ്രാഫാണ്! ലോകത്തിന്റെ പല ഭാഗത്തുള്ള പലേ രാമായണങ്ങൾ. അതിൽ ജാതി, മതം, ദേശം, ഭാഷ – അങ്ങനെയുള്ള ഒരു വ്യത്യാസവുമില്ല. അതിൽ കാണാത്ത ഒരു രാമായണം ഞാൻ പറയാം: അത് അറബിരാമായണമാണ്. ഓർക്കുക: നേരത്തേ പ്രശ്‌നം വന്നത് മാപ്പിളപ്പാട്ടിൽ രാമായണം ഉണ്ട് എന്നു പറഞ്ഞതിനാണ്. ഇപ്പോൾ ഞാൻ പറയുന്നു – അറബിയിൽ രാമായണം ഉണ്ട്. ഈജിപ്തിലുണ്ടായിരുന്ന അറബി പണ്ഡിതനായ കാമിൽ കൈലാനിയാണ് അത് എഴുതിയത്. ‘ഫീഗാബ്ബത്തിശ്ശയാത്തീൻ’ എന്ന പേരിൽ (പിശാചുക്കളുടെ മഹാവനത്തിൽ എന്നർത്ഥം). ആ പുസ്തകത്തിന് മലയാള പരിഭാഷയുണ്ട്. ആ പുസ്തകം കാലിക്കറ്റ് യൂണിവേർസിറ്റിയിൽ അറബി ബി.എ.യ്ക്ക് പാഠപുസ്തകവുമായിരുന്നു – 1984 ൽ. നമ്മൾ ഇത് ഓർക്കുന്നില്ല. കാമിൽ ബുൽക്കെക്ക് എത്താവുന്ന ദൂരത്തായിരുന്നില്ല അറബി പുസ്തകം.
ഇനി, ആ അറബി രാമായണത്തിലെ ഒരു കഥ ഞാൻ പറയാം. എത്ര വലിയ രാമഭക്തനും വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ളതാണ് ബാലി വധം. ബാലിയുടെ ‘എന്നെ എന്തിനാണ് അങ്ങ് ഒളിയമ്പ് എയ്ത് കൊന്നത് ?’ എന്ന ചോദ്യത്തിന് രാമന് കൃത്യമായ ഉത്തരമില്ല. രാമായണകഥയുടെ വിപരീതമാണ് അറബിരാമായണത്തിൽ. അവിടെ ബാലി അനിയന്റെ ഭാര്യയെ അന്യായമായി തട്ടിയെടുത്തവനാണ്; തിരിച്ചല്ല. അധർമ്മിയായ അന്യായക്കാരനായ ഒരാളാണ് അറബിരാമായണത്തിൽ ബാലി. അയാളെകൊല്ലുന്നതിൽ തെറ്റില്ല. ഷേക്‌സ്പിയറെ അറബി ബാലലോകത്തിന് പരിചയപ്പെടുത്തിയത് പോലെ വാല്മീകിയേയും ഈ ഈജിപ്ഷ്യൻ പണ്ഡിതൻ പരിചയപ്പെടുത്തുന്നു. ശംബൂകവധം എന്ന സന്ദർഭം അറബി രാമായണത്തിൽ ഇല്ല. ഒരു തെറ്റുകുറ്റങ്ങളും ഇല്ലാത്ത ശുദ്ധമായ ക്ലീൻ ഇമേജോടെയാണ് അറബിയിലെ രാമൻ ജീവിക്കുന്നത്. എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്, മലേഷ്യ, സിംഗപ്പൂർ തുടങ്ങി പലയിടത്തും മുസ്ലീം സമൂഹങ്ങളിൽ പലേ തരത്തിലുള്ള രാമായണങ്ങൾ ഉണ്ട് എന്നത്. അറബിരാമായണം അത്ര അറിയപ്പെട്ടിരുന്നില്ല പത്ത് പതിനഞ്ച് കൊല്ലം മുമ്പ് മാതൃഭൂമി വാരാന്തപ്പതിപ്പിൽ ഞാൻ അതേക്കുറിച്ച് ലേഖനം എഴുതിയപ്പോൾ ആളുകൾ അത്ഭുതപ്പെട്ടിരുന്നു. വളരെ ലളിതമായി പറഞ്ഞാൽ ഇതൊരു അന്തർദേശീയ പ്രാധാന്യമുള്ള കഥയാണ്. ഒരു ഭാഗത്ത് ദൈവത്തിന്റെയും അവതാരത്തിന്റെയും ഒക്കെ കഥ, വേറെ ഭാഗത്ത് മനുഷ്യന്റെ കഥ.
രാമായണത്തിൽ എന്നെ ആകർഷിക്കുന്ന ഭാഗം അതിന്റെ മനുഷ്യ ഹൃദയജ്ഞാനമാണ്. എത്ര അഗാധമായി മനുഷ്യഹൃദയത്തെ അത് ചിത്രീകരിക്കുന്നു എന്നത് നമ്മെ അമ്പരപ്പിക്കും . തമാശ തോന്നുന്ന. ഒരു രംഗം ഞാൻ പറയട്ടെ.
രാമലക്ഷ്മണരും വാനരസൈന്യവും മുഴുവൻ ലങ്കയിൽ തമ്പടിച്ചിരിക്കുകയാണ്. അപ്പോൾ ചാരൻമാർ വിവരം കൊടുത്തു – രാവണസഹോദരനായ വിഭീഷണൻ എന്ന ഒരാൾ രാമനെ കാണാൻ വരുന്നുണ്ട്. അപ്പോൾ സുഗ്രീവൻ പറയും. സ്വന്തം ജേൃഷ്ഠൻ ലങ്കാരാജൻ രാവണനെ വഞ്ചിച്ചാണ് വിഭീഷണൻ വരുന്നത്. അയാളെ സൂക്ഷിക്കണം. ഈ പറയുന്നത് ജേൃഷ്ഠനെ രാമനെക്കൊണ്ട് കൊല്ലിച്ച സുഗ്രീവനാണ്! അങ്ങിനെ ഒന്ന് സംഭവിച്ചിട്ടേയില്ല എന്ന ഭാവത്തിൽ.! രാമൻ മറുപടി പറയും: ‘നോക്കാം’.
സീതയെപ്പറ്റി വിവേകാനന്ദൻ പറയും, ആയിരം രാമൻമാർക്ക് തുല്യമാണ് ഒരു സീത എന്ന്. ആരാണ് സീത? ഭൂമിയുടെ പുത്രി. ജനകമഹാരാജാവിന്റെ വളർത്തുപുത്രി- ജാനകി. രാമപത്‌നി. ദശരഥന്റെ ആദരിക്കപ്പെടുന്ന മരുമകൾ. രാമസന്നിധിയില്ലാതെ മറ്റൊന്നും വേണ്ടാത്ത സീതയ്ക്ക് സ്വർണ്ണരൂപത്തിൽ വരുന്ന മാരീചനെക്കണ്ട് എന്തിന് മോഹം തോന്നി? താളം തെറ്റുന്നു. അതിനേക്കാൾ വലിയ താളം തെറ്റൽ പിന്നാലെ വരുന്നു. മാരീചനെ കൊല്ലുമ്പോൾ മായാവിയായ ആ രാക്ഷസൻ രാമശബ്ദത്തിൽ നിലവിളിക്കുന്നു. സീത താൻ നിർബ്ബന്ധിച്ചിട്ടും രാമനെ രക്ഷിക്കാൻ ചെല്ലാതിരുന്ന ലക്ഷ്മണനോട് പറയും, എന്റെ ഉടൽ മോഹിച്ചാണ് നീ വന്നതെങ്കിൽ രാമന്റെ പിറ്റേന്ന് ഞാനും ജീവിച്ചിരിക്കില്ല. അതിന് ലക്ഷ്മണൻ പറയുന്ന മറുപടി ‘ഒരു താപസിയും പറയാൻ പാടില്ലാത്തതാണ് നീ പറഞ്ഞത്; ഇതിന് എല്ലാ വനവാസികളും സാക്ഷിയാകട്ടെ’ എന്നാണ്. ‘നിനക്കാണ് കാവൽ വേണ്ടത്, രാമന്നല്ല’ എന്നു ശഠിച്ച ലക്ഷ്മണൻ സീത നിർബന്ധിച്ചിട്ടാണ് രാമസന്നിധിയിലേക്ക് പോകുന്നത്. കുട്ടികൃഷ്ണമാരാര് ചോദിക്കുന്നുണ്ട്: എങ്ങിനെയാണ് സീതക്ക് ഈ ദുർഗതി വന്നത്? സ്ത്രീത്വവിരുദ്ധമായ ഈ ഒരു വാക്ക് തന്നിൽ നിന്ന് പുറപ്പെട്ടതുകൊണ്ടാണ് സീതക്ക് ഈ ദുർഗതി വന്നത് എന്ന് മാരാര് വിശദീകരിക്കുന്നു.
ആശാന്റെ സീതാകാവ്യത്തിലെ എറ്റവും മസൃണമായ വരികളാണ് കനിവാർന്നനുജാ പൊറുക്ക ഞാൻ നിനയാതോതിയ കൊള്‌ളിവാക്കുകൾ അനിയന്ത്രിതമായ് ചിലപ്പോഴീ മനമോടാത്ത കുമാർഗമില്ലെടോ എന്നത്. സീതാ പരിത്യാഗസമയത്ത് സീത ലക്ഷ്മണനോട് പറയും. ‘എന്തു പറ്റി ? എന്റെ മുഖത്തു നോക്കി പറയൂ’. അപ്പോൾ ലക്ഷ്മണന്റെ മറുപടി: ‘ഈ വിജനമായ കാനനമദ്ധ്യത്തിൽ വെച്ച് നിന്റെ മുഖത്ത് നോക്കാൻ പറയുന്നോ’ എന്നാണ്. സീത ഞെട്ടുന്ന ഒരു സന്ദർഭം.
പുഷ്പകവിമാനത്തിൽ നിന്ന് സീത രാവണൻ കാണാതെ തന്റെ ആഭരണങ്ങൾ വലിച്ചെറിഞ്ഞത് വാനരപ്പടക്ക് കിട്ടുമ്പോൾ ലക്ഷ്മണൻ ആകെ തിരിച്ചറിയുന്നത് അതിൽ പാദസരം മാത്രമാണ്. തോൾവളകൾ, കാതില – ഒന്നും തിരിച്ചറിയുന്നില്ല കാരണം അതൊന്നും ലക്ഷ്മണൻ കണ്ടിട്ടില്ല. നിത്യവും വന്ദിക്കുന്ന കാലിലെ പാദസരങ്ങൾ മാത്രമാണ് ലക്ഷ്മണൻ തിരിച്ചറിയുന്നത്. ഈ തോൾ വളകൾ വച്ചിട്ടാണ് സംഘാലിയ രാമായണത്തിന്റെ കാലഗണന നടത്തുന്നത്. പഴയ പാട്ടിൽ ലക്ഷ്മണന്റെ ഗുണമായി പറയുന്നത് ഊണ് ഉറക്കം ഉപേക്ഷിപ്പാൻ ലക്ഷ്മണൻ നല്ലൂ എന്നാണല്ലോ. കാവലാളാണല്ലോ ലക്ഷ്മണൻ. ഈ ലക്ഷ്മണനോടാണ് സീത കടുവാക്ക് പറയുന്നത്.
ലക്ഷ്മണന്റെ മറ്റൊരുപേര് സുമിത്രാനന്ദവർദ്ധനൻ എന്നാണ്. അമ്മയ്ക്ക് ആനന്ദം വർദ്ധിപ്പിക്കുന്ന മകൻ യാത്ര പറയാൻ ചെന്നപ്പോൾ സുമിത്ര അനുഗ്രഹിക്കുന്നത് രാമനെ അച്ഛനായും സീതയെ ഞാനായും വനത്തെ അയോദ്ധ്യയായുംഅറിയുക എന്നാണ്.
രാമം ദശരഥം വിദ്ധിമാം വിദ്ധിജനകാത്മജാം അയോധ്യാം അടവിം വിദ്ധിഗച്ഛതാത! യഥാസുഖം.
കുട്ടികൃഷ്ണ മാരാര് പറയുന്ന ഒരു പ്രധാനകാര്യം സഹോദരൻമാരുടെ കഥയാണ് രാമായണം എന്നാണ് മനുഷ്യ സഹോദരൻമാരായ രാമ -ലക്ഷ്മണൻമാർ, രാക്ഷസസഹോദരൻമാരായ, രാവണ-വിഭീഷണൻമാർ, പക്ഷി സഹോദരൻമാർ സമ്പാതി-ജഡായുക്കൾ, പിന്നെ വാനര സഹോദരന്മാരായ ബാലി -സുഗ്രീവന്മാർ. ഇതിൽ ഏറ്റവും മേലെ നിൽക്കുന്നത് പക്ഷി സഹോദരന്മാർ ആണെന്നും മാരാര് പറഞ്ഞിട്ടുണ്ട്. സൂര്യനിലേക്ക് പറന്നുപോകുമ്പോൾ അനുജന് ചൂട് ഏൽക്കാതിരിക്കാൻ ജ്യേഷ്ഠനായ പക്ഷി ചിറക് വിരിക്കുകയും ചിറക് കരിഞ്ഞ് വീഴുകയും ചെയ്യുന്നു. ത്യാഗമാണ് ജീവിതം എന്നു കാണിക്കുന്ന പുസ്തകമാണ് രാമായണം. ഭോഗങ്ങളിലല്ല അത് ജീവിക്കന്നത്. ജീവിതത്തിന്റെ മൂല്യം ത്യാഗത്തിലാണെന്ന് അത് കാണിക്കുന്നു.
കുട്ടികൃഷ്ണ മാരാരുടെ പ്രസിദ്ധമായ ലേഖനമുണ്ട് ‘വാല്മീകിയുടെ രാമൻ’. ആദ്യന്തം രാമനെ നിർത്തിപ്പൊരിക്കുന്ന ലേഖനമാണത്. ഇന്നു കേട്ടാൽ ആളുകൾ ബേജാറാകുന്ന വാക്യം ‘അങ്ങനെ രാമൻ രാമായണ കാവ്യം നിലനിൽക്കുന്ന കാലത്തോളം തീരാത്ത ദുര്യശസ്സിന് പാത്രമായി ചമഞ്ഞു’. അപ്പോഴും ആരബ്ധയൗവ്വനനായ രാമൻ അധികാരം ഉപേക്ഷിച്ച് 14 കൊല്ലം വനവാസത്തിന് പോകാൻ തയ്യാറായത് തുല്യതയില്ലാത്ത ത്യാഗമാണെന്നും മാരാര് പറയുന്നുണ്ട്. രാമനെ വിചാരണ ചെയ്യുന്ന പ്രധാനപ്പെട്ട കൃതി ചിന്താവിഷ്ടയായ സീതയാണ്. അതിൽ ഒരു ഘട്ടത്തിൽ, സീതപറയുന്ന#ുണ്ട്ഛ അതിവിസ്തൃത കാലദേശ സ്ഥിതിയാൽ നീതി വിഭിന്നമാകുമ്പോഴും രാമൻ പരാർത്ഥജീവികൾക്ക് എതിരില്ലാത്ത നിദർശ്ശനമാണ്. രാമന് കുറ്റമില്ല എന്നാരും പറയില്ല. കുറ്റങ്ങളും കുറവുകളും ഇല്ലാത്ത ഒരു അവതാരവുമില്ല. അത് ചൂണ്ടിപ്പറയുന്നിടത്താണ് ആദികാവ്യത്തിന്റെ മേന്മ എന്ന് ഞാൻ വിചാരിക്കുന്നു.
രാഷ്ടീയക്കാർ ഇപ്പോൾ പറയുന്നത് ഉത്തരകാണ്ഡം വേണ്ട അദ്ധ്യാത്മ രാമായണം മാത്രം മതി എന്നാണ്. ലങ്കയിൽ ചെന്ന് രാവണനെ തോൽപ്പിച്ച് സീതയെ വീണ്ടെടുത്ത് രാജാവായി അഭിഷേകം ചെയ്യുന്ന രാമൻ ചിരകാലം സുഖമായി നാടുവാണു. അവിടെ രാമായണം തീർന്നു. ഭക്തർക്ക് അതുമതി. പൂജിക്കാൻ ബാക്കിയുള്ളതൊന്നും വേണ്ട, പുച്ഛിക്കാനും വേണ്ട. കേശവദേവ് പറഞ്ഞല്ലോ ‘ഇനി രാമായണത്തിന് തീ കൊളുത്തുക’ എന്ന്. എം.എൻ.വിജയൻമാഷ് പിന്നീട് പറയും: അങ്ങിനെയാണ് കേശവദേവ് രാമായണത്തിന്റെ പുതിയ പതിപ്പ് ‘പ്രകാശനം’ ചെയ്തത് എന്ന്. ശ്രീരാമചന്ദ്രജയ എന്ന് പറഞ്ഞ് പൂജിക്കുന്ന ഒരു വഴിയും ജാതിയുടേയും അധികാരത്തിന്റേയും പ്രതീകമാണ് എന്ന് പറഞ്ഞ് പുച്ഛിക്കുന്ന വേറെ ഒരു വഴിയും – ഇങ്ങനെ രണ്ടു വഴികൾ. ഇതിന്റ നടുവിലാണ് കല, സാഹിത്യം, സംസ്‌കാരം എന്നിവയുടെ വഴി. എന്തൊക്കെ പൂജാർഹമാണ്, എന്തൊക്കെ പരിമിതികളുണ്ട് എന്ന് രണ്ടും കാണുന്ന രീതി.
വാല്മീകി അക്രമത്തിനെതിരായിട്ടാണ് കാവ്യം തുടങ്ങുന്നത് – ‘അരുത് കാട്ടാള’ എന്ന് പറഞ്ഞിട്ട് ക്രൗഞ്ച മിഥുനങ്ങളിൽ ഒന്ന് അമ്പേറ്റ് വീണപ്പോൾ എങ്ങനെയാണ് സ്ത്രീ ഹൃദയം വേദനിക്കുന്നത് എന്ന് മുനിക്ക് മനസ്സിലായി. ഈ കവിയെപ്പറ്റിയാണ് പിന്നീട് കാളിദാസൻ പറയുന്നത്. രഘുവംശം 14-ാം സർഗ്ഗത്തിൽ. കൊട്ടാരത്തിൽ കാനനവാസം ചിത്രീകരിച്ച ചിത്രങ്ങൾ കാണുന്ന ഗർഭിണിയായ സീതയോട് രാമൻ ചോദിച്ചു, എന്താണ് ഇപ്പോൾ നിന്റെ മനസ്സിലെ ആഗ്രഹം? അതിന് സീത പറയുന്ന മറുപടി “പണ്ട് വനജീവിതത്തിലെ നമ്മുടെ ദുഃഖങ്ങളും കഷ്ടപ്പാടുകളും എനിക്കിന്ന് ഓർമ്മയിൽ സുഖമായി തോന്നുന്നു. അതെല്ലാം വീണ്ടും കാണുവാൻതോന്നുന്നു.” അതുപയോഗപ്പെടുത്തിയാണ് രാമൻ ലക്ഷ്മണനോട് സീതയെ കാട്ടിലുപേക്ഷിക്കാൻ പറയുന്നത്. അതനുസരിച്ച് ലക്ഷ്മണൻ സീതയെ കാട്ടിലുപേക്ഷിച്ച് തിരികെപ്പോന്നു. നിലവിളിക്കുന്ന സീതയുടെ കരച്ചിൽ വാല്മീകി കേൾക്കും. രത്‌നാകരൻ എന്ന കാട്ടാളൻ മുനിയേ ആയിട്ടുള്ളു. കവി ആയിട്ടില്ല. സന്ധ്യാവന്ദനത്തിനു പോകുന്ന വാല്മീകി സീതയുടെ കരച്ചിലിനു പിന്നാലെ പോകുന്നു. തന്റെ പർണ്ണശാലയിൽ അഭയം നൽകുന്നു. ജനകമഹാരാജാവിന്റെ സുഹൃത്താണ്. പിതൃഭവനത്തിൽ എത്തി എന്ന് കരുതുക എന്നാണ് സീതയോട് പറയുന്നത്. കരച്ചിലിനു പിറകെ പോകുന്നവൻ, ‘രുദിതാനുസാരി കവി’ എന്നാണ് കാളിദാസൻ പറയുന്നത്.
രാമായണകാവ്യം എന്തിനെഴുതി എന്ന് ഇതിലെ കഥാപാത്രം കൂടിയായ വാല്മീകി പറയും. വ്യാസൻ മഹാഭാരതത്തിൽ ഉടനീളംകഥാപാത്രമാണല്ലോ. ഗീതയിൽ കൃഷ്ണൻ അർജുനന് സ്വരൂപം വെളിപ്പെടുത്തി കൊടുക്കുമ്പോൾ പറയുന്നത് മുനിമാരിൽ ഞാൻ വ്യാസനാണ് എന്നാണ്, ഇതെഴുന്നതും വ്യാസനാണ് എന്നോർക്കുക. കാളിദാസൻ പറയുന്നത് രാമായണകാവ്യം രചിച്ചത് രാമനെ വിചാരണ ചെയ്യാനാണ് എന്നാണ്. മൂന്നു ലോകങ്ങളുടേയും ദഃഖം നശിപ്പിക്കുന്നവൻ, സത്യവാക്ക്, മേനിപറയാത്തവൻ – പക്ഷേ ഇങ്ങിനെയൊക്കെയുള്ള രാമൻ നിന്നിൽ കാലുഷ്യം പ്രവർത്തിച്ചു ആ ഭരതജ്യേഷ്ഠനിൽ ഞാനെന്റെ കോപം വീഴ്ത്തുന്നു എന്ന് മുനി സീതയോട് പറഞ്ഞതായി കാളിദാസൻ എഴുതുന്നുണ്ട്.
രാമകഥ മനുഷ്യകഥയാണ്. എല്ലാ യോഗ്യതയും രാമനുണ്ട്. അതിലാർക്കും തർക്കമില്ല. അന്യർക്ക് വേണ്ടി ജീവിക്കുന്നതിന്റെ ഉദാഹരണമാണ് രാമൻ. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലുള്ള ഒരു സംഭവമുണ്ട്. സ്‌പെൻസർ പ്രഭു ഒരു സാധാരണക്കാരിയായ പെൺകുട്ടിയെ പ്രേമിച്ചു. കല്ല്യാണം കഴിക്കാൻ ആലോചിച്ചപ്പോൾ രാജകുടുംബവും, അവിടത്തെ ജനസഭയും അത് വിലക്കി. തിരുരക്തം ഇല്ലാത്ത ഒരു പെണ്ണിനെ കെട്ടാൻ പാടില്ല എന്നു പറഞ്ഞു. പക്ഷേ ആ കാമുകൻ രാജപദവി ഉപേക്ഷിച്ച് ആ പെൺകുട്ടിയെ വിവാഹം കഴിച്ചു. നമ്മുടെ സ്റ്റോറിയും പടിഞ്ഞാറിന്റെ ഹിസ്റ്ററിയും താരതമ്യം ചെയ്ത് മാരാര് ചോദിക്കും ഇംഗ്ലീഷ് രാജകുമാരന് ആകാമെങ്കിൽ എന്തുകൊണ്ട് ദൈവത്തിന്റെ അവതാരപുരുഷന് രാജാധികാരം വേണ്ട, എനിക്കീ പെൺകുട്ടി മതി എന്ന് തീരുമാനിക്കാൻ കഴിഞ്ഞില്ല എന്ന്. ദേശമംഗലത്ത് വാര്യരുടെ സുദീർഘമായ ലേഖനം വഴിയാണ് മാരാര് ഈ തരത്തിലുള്ള നിരൂപണത്തിലേക്ക് വരുന്നത്.
ഒരു കാര്യം നാം ഓർക്കേണ്ടത് വിമർശ്ശനം എന്ന ഒരു കാര്യത്തിൽ ഇവിടെ ആർക്കും ഒരു ബേജാറും ഉണ്ടായിരുന്നില്ല എന്നതാണ്. ഇവിടത്തെ രണ്ട പ്രധാനപ്പെട്ട വിമർശ്ശനഗ്രന്ഥങ്ങൾ ഒന്ന് രാമായണവും മറ്റൊന്ന് മഹാഭാരതവുമാണ്. മഹാഭാരതത്തിൽ സ്ത്രീപർവ്വം വിലാപ പർവ്വമാണ്. മലയാളികൾക്കെല്ലാം കാണാപ്പാഠമായ വരികൾ. കൃഷ്ണനെ നോക്കി ഗാന്ധാരി വിലപിക്കുന്ന സന്ദർഭം. ദുര്യോധനെക്കണ്ട് കരയുന്നപോലെ തന്റെ മക്കളുടെ ശത്രുവായ അർജ്ജുനന്റെ പുത്രനെ കണ്ടും വിലപിക്കുന്ന ഗാന്ധാരി ‘കൊല്ലിക്കയത്രെ നിനക്ക് രസമെടോ’ എന്ന് കൃഷ്ണനെ ചീത്ത പറയും. അവതാരമായ കൃഷ്ണനെ ശപിക്കും. കൃഷ്ണൻ അത് അംഗീകരിക്കും. ദൈവത്തെ ശപിക്കുക, ചീത്ത പറയുക, വിമർശ്ശിക്കുക ഇതിലൊന്നും കൂസലില്ലാത്ത രാജ്യമാണ് ഇൻഡ്യ. കൃഷ്ണന്റെ വലിയ ഭക്തനായ വി.കെ.ജി – വി.കെ.ഗോവിന്ദൻ നായരുടെ ഒരു ശ്ലോകം നോക്കൂ. കൃഷ്ണൻ ഒരു വൃക്ഷത്തിന്റെ മുകളിൽ കയറി ഇരിക്കുമ്പോൾ വേടൻ അമ്പെയ്താണല്ലോ അദ്ദേഹം മരിക്കുന്നത്. അതില്ലായിരുന്നു എങ്കിൽ എന്ത് നാണക്കേടായേനേ!. കൃഷ്ണൻ കെട്ടിതൂങ്ങിച്ചത്തു എന്ന് നമ്മൾ പറയേണ്ടിവരില്ലേ എന്തൊരു നാണക്കേടാണ് എന്നാണ് ഗോവിന്ദൻ നായർ ചോദിക്കുന്നത്. ഇത് ഭക്തിയുടെ തന്നെ വേറെ ഒരു രൂപമാണ്. കൃഷ്ണനെ എങ്ങനെ ആരാധിക്കാം എന്ന് ഓരോരുത്തർക്കും സ്വയം തീരുമാനിക്കാം.
‘കാലത്തിന്റെ കണ്ണാടി’ എന്ന പുസ്തകത്തിൽ മുണ്ടശ്ശേരി മാഷ് കാളിദാസനും കാലത്തിന്റെ ദാസൻ എന്നു പറഞ്ഞിട്ടുണ്ട്. ദുഷ്യന്ത മഹാരാജാവിനെ വെള്ളപൂശിക്കാണിക്കാനാണ് ദുർവ്വാസാവിന്റെ ശാപകഥ കൊണ്ടുവന്നത് എന്ന്. മുണ്ടശ്ശേരി ദൈവത്തെ, രാജാവിനെ ന്യായീകരിക്കാൻ നിൽക്കണ്ട, ചെയ്തത് ചെയ്തപോലെ പറഞ്ഞാൽ മതി എന്നു പറയും. ഇതാണ് നമ്മുടെ പാരമ്പര്യം. നമ്മുടെ രണ്ട് ഇതിഹാസങ്ങളും പുരുഷൻമാർ സ്ത്രീകളോട് കാണിച്ച അന്യായത്തെ എതിർക്കാൻ വേണ്ടി എഴുതിയതാണ് എന്ന് ഞാൻ പറയും. സ്ത്രീപക്ഷമാണ് രണ്ടും. മഹാഭാരത യുദ്ധത്തിൽ ബാക്കിയായത് 5 പേർ ഒരു പക്ഷത്ത,് 3 പേർ മറുപക്ഷത്ത്. ആരുജയിച്ചു, ആരു തോറ്റു എന്ന് എങ്ങനെ പറയും? ജയിച്ച ധർമ്മ പുത്രർ പറയും: ‘ഈ വിജയം പരാജയം തന്നെ’. 1947-ലെ ലഹള കണ്ടിട്ടാണ് കുട്ടികൃഷ്ണമാരാര് ‘ഭാരതപര്യടന’ത്തിലെ ഒരധ്യായം സോദരർ തമ്മിൽ എന്ന പേരിൽ എഴുതിയത് എന്നാണ് ഞാൻ കരുതുന്നത്. 1950 ലാണ് ആ പുസ്തകം വരുന്നത്. മഹാഭാരതത്തെ വ്യാഖ്യാനിക്കുന്നതിൽ കൂടുതൽ അത് അന്നത്തെ ഇൻഡ്യയെ വ്യാഖ്യാനിക്കുന്നു.
രാമായണത്തിൽ സീതയെ വീണ്ടെടുത്ത രാമൻ പറയുന്നത് എന്റെ കുലത്തിന്റെ, വംശത്തിന്റെ മഹിമയ്ക് വേണ്ടിയാണ് ഞാൻ നിന്നെ വീണ്ടടുത്തത്, അല്ലാതെ നിനക്കു വേണ്ടിയല്ല എന്നാണ്. അപ്പോൾ സീത ലക്ഷ്മണനോട് ചിത കൂട്ടാൻ പറയുകയും അതിൽ ചാടി അഗ്‌നിശുദ്ധയായി തിരിച്ചു വരികയും ചെയ്യുന്നുണ്ട്. പിന്നീട് ഒരു രജകന്റെ വാക്കു കേട്ടിട്ടാണ് രാമൻ സീതയെ ഉപേക്ഷിക്കുന്നത്. അത് തെറ്റായി എന്ന് രാമന്റെ മുഖത്ത നോക്കി പറയുന്നത് വാല്മീകീയാണ്. ലവകുശൻമാർ പാടി നടന്നിട്ടാണ് ആ കഥ നാട്ടിൽ പാട്ടാകുന്നത് അത് പ്രതിഷേധത്തിന്റേയും പ്രതിരോധത്തിന്റേയും പാട്ടാണ്. രാജകൊട്ടാരത്തിലേക്ക് പോകുന്ന ലവകുശൻമാരോട് പറയുന്നത് വാല്മീകീശിഷ്യൻമാരാണ് എന്ന് പറഞ്ഞാൽ മതി എന്നാണ്. വാല്മീകീ രാജകൊട്ടാരത്തിൽ രാമനോട് പറയും: ആയിരത്താണ്ടുകളുടെ എന്റെ തപശ്ശക്തി ഞാൻ പണയംവെയ്ക്കാം, സീത പതിതയാണോ എന്ന് അങ്ങ് പറയൂ. രാമൻ കവിയോട് മാപ്പു ചോദിക്കുന്നു. വൈലോപ്പിള്ളി പറഞ്ഞപോലെ, കവികൾ എപ്പോഴും പ്രതിപക്ഷത്താണ്.
രാമന്റെ അധികാരം, കുടുംബജീവിതം, വ്യക്തിജീവിതം എന്നിവയെ വിചാരണ ചെയ്യുന്ന കൃതിയായാണ് രാമായണം പിറവികൊണ്ടത്. രാമനെപ്പറ്റി ഞാൻ കേട്ട ഒരു കഥ പറയാം: വിഭീഷണന്റെ അഭിക്ഷേകത്തിനുശേഷം രാമ ലക്ഷ്മണൻമാർക്ക് ആ രാക്ഷസരാജാവ് ഒരു വിരുന്നു കൊടുക്കും.അതിന് പുറപ്പെടുമ്പോൾ രാമൻ അനുജനോട് പറയുന്നുണ്ട്: ലങ്ക സമ്പന്നമാണ്, സമൃദ്ധമാണ് പക്ഷേ നമുക്ക് വേഗം മടങ്ങണം അയോദ്ധ്യയും അമ്മമാരും നമ്മളെ കാത്തിരിക്കുന്നുണ്ട് അമ്മയും അമ്മനാടും മാതൃത്വത്തെ പൂജിക്കാത്ത ഏത് സംസ്‌ക്കാരമുണ്ട്? അമ്മമാരെയാണ് നാം വേദനിപ്പിക്കുന്നത്. നാൽക്കാലികളെ നടതള്ളിയിരുന്ന ഗുരുവായൂരിൽ അമ്മമാരെ നടതള്ളുന്നു. രാമായണം അമ്മമാരുടെ പുസ്തകമാണ് എന്ന് ഞാൻ പറയും. വാല്മീകീ പറഞ്ഞത് രാമൻ എന്നു പറഞ്ഞാൽ ലോകത്തെ രമിപ്പിക്കുന്നവൻ എന്നാണ്. രാമായണത്തിൽ നിന്ന് എന്ത് പഠിക്കുന്നു എന്ന് ചോദിച്ചാൽ എല്ലാറ്റിനും മേലെ അമ്മയാണ് മാതൃത്വത്തിന്റെ മഹിമ പഠിപ്പിക്കുന്ന പുസ്തകമാണ് രാമായണം എന്നു ഞാൻ പറയും. ഏത് മൂല്ല്യബോധത്തിന്റയും അടിസ്ഥാനം മാതൃത്വമാണ് എന്ന് രാമായണത്തിൽ കാണാം. ചില സന്ദർഭങ്ങളിൽ ത്യാഗത്തിന്റെ മൂർത്തിയായി, മൂല്ല്യവാനായി ലക്ഷ്മണനെ വളർത്തിയത് സുമിത്രയാണ് സുമിത്രാനന്ദവർദ്ധനൻ എന്നാണ് ലക്ഷ്മണനെ വാല്മീകീ വിളിക്കുന്നത്. രാമായണത്തിലൂടെ നമ്മുടെ മക്കൾ സുമിത്രയെ, അമ്മമാരെ ആനന്ദിപ്പിക്കാൻ പഠിക്കട്ടെ !
(കേരള സാഹിത്യ അക്കാദമി തൃശ്ശൂരിൽ സംഘടിപ്പിച്ച രാമായണ പ്രഭാഷണപരമ്പരയിലെ പ്രഭാഷണത്തിന്റെ ലിഖിതരൂപം. ഏകോപനം വി എന്‍ ഹരിദാസ്)
Be the first to write a comment.